Saturday, April 23, 2005

രണ്ടു പുസ്തകം വാങ്ങിയ കഥ

ബഹുവര്‍ണ്ണ കവറുകളിലുള്ള മാഗസിനുകള്‍ നിരത്തി പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്ന വഴിയോരത്തെ ബുക്ക്സ്റ്റാള്‍ കം സ്റ്റേഷനറി കടയിലേയ്ക്ക് എത്തിനോക്കിയത് വലിയ മോഹങ്ങളൊന്നുമില്ലാതെയായിരുന്നു. മാതൃഭൂമി ആഴ്‍ചപ്പതിപ്പ് പഴയ ലക്കമെങ്കിലും ലഭിച്ചാല്‍ ഭാഗ്യം. ദക്ഷിണഭാരതത്തിലെ വീരാംഗനമാരുടെ (വീരത്വം എത്രയുണ്ടെന്ന്‍ ഈയുള്ളവനറിഞ്ഞുകൂട, ഈയിടെയായിട്ട് നാണമില്ലാത്തകൂട്ടരെയാണ്‌ വീരരെന്ന്‍ പറയുന്നതെന്ന്‍ കേട്ടു) പല പല പോസിലുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്ത വാരികകള്‍ കണ്ടു. മാതൃഭൂമിയില്ല, മരുഭൂമിയില്‍ മാതൃഭൂമി തേടിയ എന്നെ പറഞ്ഞാല്‍ മതിയല്ലോ!

"ഇനീപ്പൊ എന്താ?" ഒരു വള്ളുവനാടന്‍ കാരണവര്‍ പോസില്‍ നിന്നുകൊണ്ട് ഞാന്‍ പരിസരമൊക്കെയൊന്നു വീക്ഷിച്ചു. സ്വതവേ കാകദൃഷ്ടിയല്ലെങ്കിലും പാളിപ്പോയ ഒരു നോട്ടത്തില്‍ ഞാനൊരു "മദാലസയെ" കണ്ടു, തൊട്ടപ്പുറത്തതാ ഒരു "വഷളനും". ഹസ്തരേഖാശാസ്ത്രവും ഹിപ്‍നോട്ടിസവുമെല്ലാം (ഗള്‍ഫുക്കാര്‍ക്കെവിടെ വേറൊരാളെ ഹിപ്‍നോട്ടൈസ് ചെയ്യാനും, അപരന്റെ ഹസ്തം ഗ്രഹിച്ച് ചുളിവു നിവര്‍ത്തുവാനും നേരം - ഈ രണ്ടു വിദ്യകളും "സെല്‍ഫ് ഡിഫന്‍സിനും പറ്റുമെന്ന്‍ തോന്നുന്നില്ല) നിരത്തി വച്ചിരിയ്ക്കുന്നതിനപ്പുറത്ത് അതാ കാണുന്നു വേറൊരു വിസ്മയലോകം. എന്റെ "ആ വല്ലാത്ത നോട്ടം" കണ്ടിട്ടാകണം പ്രൊപ്രൈറ്റര്‍ വര്‍ദ്ധിച്ച ആഹ്ലാദത്തോടെ, ഒരു ഇരയെ അതും ഒരു ചെറുപ്പക്കാരനെ കിട്ടിയ സന്തോഷമൊട്ടും മറച്ചുവയ്ക്കാതെ എന്നെ ആ മൂലയിലേയ്ക്ക് ക്ഷണിച്ചു.

"ഭ്രാന്തുണ്ടോ?" വേറെയേതൊരു സ്ഥാപനത്തില്‍ ചെന്നു ആ ചോദ്യം ചോദിച്ചാലും അടിയുറപ്പാണ്‍, പുസ്തകശാലകളില്‍ ഒഴികെ. ഈ സ്ഥലത്താകട്ടെ ഭ്രാന്തുമാത്രമേ ഉള്ളുവെന്ന്‍ തോന്നി. മൊത്തം ഒരു "പമ്മന്‍" ഇഫക്റ്റ്, ചിലപ്പോളത് ഞാന്‍ പരിചയക്കാരാരും കാണേണ്ടെന്ന്‍ കരുതി പമ്മിപമ്മി നില്‌ക്കുന്നതുകൊണ്ടുമാവാം. അപ്പോഴാണത് ഞാന്‍ ശ്രദ്ധിച്ചത്, എവിടെയോ കണ്ടുമറന്നൊരു കവര്‍ചിത്രം. മദാലസയെ ഒരു കൈകൊണ്ട് താങ്ങി, വഷളനെ തട്ടിമാറ്റി പതിയെ പരിചയക്കാരനെ വലിച്ചു പുറത്തിട്ടു. തെറ്റിയില്ല, ഗോവര്‍ധന്‍ യാത്ര അവസാനിപ്പിയ്കകുന്നില്ലല്ലോ! ഗോവര്‍ധനെ ആദ്യം വായിച്ചത്, ഒട്ടും പക്വതയില്ലാത്ത പ്രായത്തിലാണെന്ന്‍ ഉറപ്പുള്ളതുകൊണ്ട് അമാന്തിയ്ക്കാതെ ആ ഗ്രന്ഥമെടുത്ത് കൈയില്‍പിടിച്ചു. ആനന്ദിനെ കണ്ട ഉണര്‍വ്വില്‍ നവവ്യാസനോട് വിനയപൂര്‍വ്വം അന്വേഷിച്ചു, "ചേട്ടാ ഖസാക്കുണ്ടോ?" കയ്യില്‍ കിട്ടിയ ഇര ഇമ്മാതിരി ചവറുകളാണല്ലോ വായിക്കുക എന്ന അരിശഭാവത്തോടെ പ്രൊപ്രൈറ്റര്‍ ചങ്ങാതി എന്നെയൊന്ന്‍ തുറിച്ചുനോക്കി, പിന്നെ പറഞ്ഞു: "ഖസാക്കില്ല."

"ഞാനൊന്നു നോക്കട്ടേ?" വെറുതെയൊരു പ്രതീക്ഷ. ഗ്രഹണിപിടിച്ചവന്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെയുള്ള പരാക്രമത്തിനിടയില്‍ മലയാറ്റൂരിന്റെ ബ്രിഗേഡിയറെ കണ്ടു. സക്കറിയ, ബഷീര്‍ , ടി. പത്മനാഭന്‍ , ഖസാക്കൊഴികെയുള്ള വിജയന്‍മാഷ്, എന്നീ മഹാന്മാരെല്ലാം പമ്മനു താഴെ സ്ഥാനം പിടിച്ചുകണ്ടു. മാധവിക്കുട്ടിയുടെ "ചന്ദനമരങ്ങള്‍" മാത്രമാണെന്നു തോന്നുന്നു, ഗള്‍ഫിലെ മലയാളിക്കിഷ്ടം. അവസാനം കൈയില്‍ കിട്ടിയതും പുനര്‍വായനയ്ക്ക് ഉതകുന്നതുമായ രണ്ടു പുസ്തകവുമെടുത്ത്, കാശും കൊടുത്ത് പമ്മനെ സാഷ്ടാഗം നമിച്ച് ഞാന്‍ എന്റെ ലോകത്തിലേയ്ക്ക് വിടകൊണ്ടു.

ഇനിയും എനിക്കവിടേയ്ക്ക് തിരികെ പോകാതിരിക്കുവാന്‍ കഴിയില്ല, കാരണം ഷാര്‍ജ്ജയെന്നു പേരുള്ളതും അനേകായിരം മലയാളികള്‍ വസിയ്ക്കുന്നതുമായ ആ നഗരത്തില്‍ ഞാന്‍ കണ്ട ഏക മലയാളം ബുക്ക്സ്റ്റാളാണത്.