[ഒരു ലേഖനമായി എഴുതാന്‍ സമയവും സാവകാശവും കിട്ടുന്നില്ല. കമന്റു വീണ് ഇത് സമ്പുഷ്ടമായിക്കോളുമെന്ന അത്യാഗ്രഹത്താല്‍ ചില്ലറ വരികള്‍ കുത്തിക്കുറിക്കുന്നെന്നേയുള്ളൂ. ടൈപ്പിംഗ് വിരല്ലാലെ കുത്തിക്കുത്തിയല്ലേ]
ഈയിടെ ബ്ലോഗില്‍ നടന്ന ചില കശപിശകള് കണ്ടപ്പോള്‍ പലര്‍ക്കും എന്താണ് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയും വല്ല നാട്ടിലും കൂലിപ്പണി ചെയ്തിട്ട് കൂളിംഗ് ഗ്ലാസ്സും വച്ച് റോത്ത്മാനും വലിച്ച് നാട്ടില്‍ അഴകിയ രാവണന് ചമയുന്ന ഗള്‍ഫുകാരനും തമ്മില്‍ ബന്ധമെന്ന് ആര്‍ക്കും വലിയ പിടിപാടില്ലെന്ന് തോന്നി.
അമേരിക്കന്‍ യൂണിവേര്സിറ്റി ഓഫ് വാഷിങ്ങ്ടണില്‍ റാഡിക്കല്‍ പൊളിറ്റിക്കല്‍ എക്കണോമിക്സിന്റെ ഭീഷ്മാചാര്യന് ഡോക്ടര്‍ ജോണ്‍ വിലോബി ഗള്‍ഫിലെ പുറം നാടന്‍ തൊഴിലാളികളെക്കുറിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പകുതിയോളം കേരളത്തിന്റെ എക്കോണമിയില്‍ ഗള്‍ഫുപണം വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചാണ്. അത്ര ശ്രദ്ധേയമായവും വിചിത്രവുമായൊന്നാണത്.
ഒന്നാം ചുവട്- ഒഴിവ്
തുടങ്ങും മൂന്നേ ഒരു എക്സ്ക്ലൂഷന്. എഴുപതുകള്‍ വരെ ഈജിപ്റ്റ് സിറിയ എന്നിവിടങ്ങളില്‍ നിന്നും, ശേഷം പാകിസ്ഥാനില്‍ നിന്നും ആളെ ജോലിക്കെടുത്തിരുന്ന അറേബ്യന്‍ രാജ്യങ്ങള്‍ മലയാളിയെന്ന അല്ലെങ്കില്‍ ഇന്ത്യക്കാരനെ low cost high productivity സാധനത്തിനു ചായക്കടക്കും അപ്പുറത്ത് ഉപയോഗമുണ്ടെന്ന് കണ്ടെത്തിയത് അവനോട് സ്നേഹം മൂത്തിട്ടൊന്നുമല്ല, അവര്‍ക്ക് പ്രയോജനമുള്ളതുകൊണ്ടാണ്. നമുക്കും അതു പ്രയോജനമായെന്നേയുള്ളു.
ഗള്‍ഫുകാരനു ജോലിയുണ്ടെങ്കില്‍ അവന്റെ വീട്ടുകാര്‍ക്ക് കൊള്ളാം
ഇതല്ലേ ആദ്യം മനസ്സില്‍ വന്നത്? തെറ്റ്. ഒരുത്തന് നാട്ടില്‍ എന്തു ചിലവു ചെയ്താലും അത് ഏതെങ്കിലും രീതിയില്‍ സമൂഹത്തിലേക്കൊഴുകുന്നു. അവന് വീടുവയ്ക്കുമ്പോള്‍ ഇക്കാസിനു സിമിന്റ് ചിലവാകുന്നു, സോമന് മേശിരിക്ക് ശമ്പളം കിട്ടുന്നു, സിമിന്റ് കമ്പനിക്ക് കച്ചവടം നടക്കുന്നു, അവിടത്തെ തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കുന്നു, അതിന്റെ മുന്നിലുള്ള പച്ചക്കറിക്കടയില്‍ ചേന കൂടുതല്‍ വില്‍ക്കുന്നു, വണ്ടന്‍ മേട്ടില്‍ ചേനകൃഷി നടത്തുന്ന തൊമ്മിച്ചനു ലാഭമുണ്ടാകുന്നു, അയാള്‍ വളം വാങ്ങുന്ന മോനച്ചനു കച്ചവടം നടക്കുന്നു മോനച്ചന്റെ കടയുടെ മുതലാളിക്ക് വാടക കിട്ടുന്നു. ഒരുത്തന് പട്ടയടിക്കുമ്പോള്‍ സര്‍ക്കാരിനു വന്‍ നികുതി കിട്ടുന്നു, ബാര്‍മാനു ശമ്പളം കിട്ടുന്നു, അവന് അതുകൊണ്ട് മുണ്ടു വാങ്ങിക്കുമ്പോള്‍ ബാലരാമപുരത്ത് കൈത്തറികള്‍ കൂടുതല്‍ ഓടുന്നു അങ്ങനെ എന്തു ചിലവിനും തുടക്കമിട്ടാല്‍ അതൊരു അന്തമില്ലാത്ത പ്രയോജന ശൃഖലയിലൂടെ സമൂഹത്തിനു മൊത്തത്തില്‍ പ്രയോജനം ചെയ്യുന്നു.
വരവു ചെലവ്
തലയെണ്ണി ആളിന്റെ വരുമാനവും ചിലവും എടുക്കുമ്പോള്‍ പ്രതിശീര്‍ഷ വരുമാനത്തിനെക്കാള്‍ പ്രതിശീര്‍ഷ ചിലവ് നടത്തുന്ന
വിചിത്ര സംസ്ഥാനമാണ് കേരളം. (കട. കെ സി സക്കറിയാ സ്റ്റഡി) ഈ മാജിക്കിന്റെ മുഖ്യ കാരണം 299 ലക്ഷം ആളുകള്‍ ചിലവിടുന്നത് 313 ലക്ഷം പേരുടെ വരവാണെന്നതാണ് .14 ലക്ഷം മലയാളികള്‍ പുറത്ത് ജോലിയെടുത്ത് കേരളത്തിലേക്ക് പണമയക്കുന്നവരാണ്. ഇതില്‍ 12 ലക്ഷവും ഗള്‍ഫില്‍ തന്നെ. (അമേരിക്കയില്‍ നിന്നും അരലക്ഷം ആളുകളേ ഇതു ചെയ്യുന്നുള്ളു,അവര്‍ തന്നെ അവിടെ പണം ചെലവിടാനും സ്ഥിരതാമസമാക്കാനും താല്‍പ്പര്യപ്പെടുന്നവരാണ്.) പ്രതിശീര്‍ഷ വരുമാനത്തെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം കേരളത്തില്‍ ഉള്ളതിനു സാക്ഷരതാദി കാര്യങ്ങളോടൊപ്പം ഇതും തീര്‍ച്ചയായും പങ്കു വഹിക്കുന്നു.
കൈ നനയാതെ കിട്ടുന്ന മീന്‍
മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ ബ്രെയിന്‍ ഡ്രെയിന്‍ ഉണ്ടാക്കുക കൂടി ചെയ്യുമ്പോള്‍ ഗള്‍ഫിലേക്ക് വരുന്നവരില്‍ മൂന്നില്‍ രണ്ടുപേരും വൈദഗ്ദ്ധ്യമുള്ള തൊഴിലോ ബിരുദത്തിനപ്പുറം പഠിപ്പോ ഉള്ളവരല്ല. അതിനാല്‍ തൊഴിലില്ലായ്മ മൂലം നാടിനു ബാദ്ധ്യതയാകുന്നവരില്‍ നല്ലൊരു ശതമാനം പടിയിറങ്ങുന്നെന്നല്ലാതെ വലിയ തോതില്‍ ബ്രെയിന്‍ ഡ്രെയിന്‍ വരുത്തുന്നില്ല ഗള്ഫുകാരന്.
വന്‍കിട എക്സ്പോര്‍ട്ട് ചരക്കായ മാന്‍പവര്‍!
ജില്ലാതലത്തില്‍ മലപ്പുറത്തിന്റെ പ്രതിശീര്‍ഷ ചെലവ് GDPയുടെ 169 ശതമാനമാണ്! ( മേല്‍ പറഞ്ഞവിലോബി പഠനത്തില്‍ നിന്ന്).
പല തുള്ളി പെരുവെള്ളം!
2200 കോടി രൂപാ മേല്‍പ്പറഞ്ഞ 14 ലക്ഷം ഗള്‍ഫ് മലയാളികള്‍ കേരളത്തിലേക്ക് ഒഴുക്കുന്നു (കട. ബാങ്കിംഗ് ഫ്രോണ്ടിയേര്‍സ് മാസിക) ഇത് ആദ്യം വിവരിച്ചതുപോലെ കേരളത്തിന്റെ വാണിജ്യ ചെയിനിന്റെ വലിയൊരു താങ്ങായി വര്‍ത്തിക്കുന്നു.
കാകതാലീയം
ഈ പറഞ്ഞതിനൊന്നും കേരളത്തിന്റെ നല്ല ഭാവിക്കായി എല്ലാം ഉപേക്ഷിച്ച് ആളുകള്‍ ഗള്ഫിലോട്ട് തിരിക്കുന്നു എന്ന് വ്യംഗ്യം പോലുമില്ല. പോകുന്നത് അവനവന്റെ ആവശ്യത്തിനു തന്നെ. "കാക്കവന്നു, പനമ്പഴം വീണു" എന്നു പറഞ്ഞാല്‍ നമുക്കൊരു പനം പഴം കുലുക്കിയിട്ടു തരാനായി അത് കൊമ്പു പിടിച്ചു കുലുക്കുന്നെന്നാണിവന്‍ വാദിക്കുന്നതെന്ന് ആരും വായിക്കരുതെന്നപേക്ഷ.
Thursday, December 21, 2006
Subscribe to:
Post Comments (Atom)
39 comments:
ദേവേട്ടാ,
പലര്‍ക്കും അറിയാമെങ്കിലും അടുക്കും ചിട്ടയുമായി അവതരിപ്പിക്കാന്‍, ചോദിക്കുന്നവര്‍ക്ക് മറുപടി കൊടുക്കാന്‍ പ്രയാസമുള്ള ഒരു ടോപിക്ക് തന്നെ ചര്‍ച്ചക്ക് തിരഞ്ഞെടുത്തത് നന്നായ്. ഇനി എല്ലാര്ക്കും ഈ ലിങ്ക് കൊടുത്താല്‍ മതിയല്ലൊ.
ഇവിടെ, ഒരുകാലത്ത് കേരള സമ്പത് വ്യവസ്ഥിതിയുടെ ആണിക്കല്ലായിരുന്ന തേങ്ങയുടക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു.
‘ഠേ.......’
സമകാലികം ഇവിടെ തുടങ്ങുന്നു.
-സുല്‍
ദേവേട്ടാ,
കൊട് കൈ. ഗള്ഫനെന്ന് പറഞ്ഞാല്‍ സില്‍ക് ജൂബ്ബയും മാള്ബറോസും പുത്തന്‍ പണത്തിന്റെ ഹുങ്ക് കാട്ടുന്ന പിള്ളേരുടെ തന്തയും മാത്രമായാണ് പലരും കാണുന്നത്. എങ്ങനെ ഗള്‍ഫ് പ്രവാസികള്‍ കേരളത്തിന് താങ്ങാവുന്നു (മറ്റേ താങ്ങല്ല) എന്ന് ചിന്തിയ്ക്കാറുണ്ടെങ്കിലും എഴുതി ഫലിപ്പിയ്ക്കാന്‍ എനിയ്ക്ക് ഈ ജന്മത്ത് പറ്റുമെന്ന് തോന്നിയിരുന്നില്ല.
ഈ നിരീക്ഷണപാടവവും വിശദീകരണചതുരതയും (കടുലകുടിലതയും.. അമ്മച്ചീ..)ബ്ലോഗില്‍ മാത്രമൊതുങ്ങേണ്ടതല്ല. കലക്കന്‍ പോസ്റ്റ് ദേവേട്ടാ. :-)
"ജില്ലാതലത്തില്‍ മലപ്പുറത്തിന്റെ പ്രതിശീര്‍ഷ ചെലവ് GDPയുടെ 169 ശതമാനമാണ്! "
GDP യുടെ? അതോ GDP അനുസരിച്ചുള്ള PCI യുടെ?
അയ്യോ എഴുതി തെറ്റിപ്പോയതാ, ഉദ്ദേശിച്ചത് ഇങ്ങനെ
"മലപ്പുറം ജില്ലയുടെ പ്രതിശീര്‍ഷ വരവ് GDPയുടെ 169 ശതമാനമാണ്}
ദേവോ
ഹൈ ബഡ്ജറ്റ് സിനിമകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ അവിടെ സംഭവിക്കുന്ന ധൂര്‍ത്തിനെപ്പറ്റി (അതു പോലെ ഒരുപാട് ഉദാഹരണങ്ങള്‍ എടുക്കാം)ബേജാറാവേണ്ട കാര്യമില്ല അല്ലേ. പലവഴിക്കുള്ള ശ്രംഗലകളിലൂടെ അതു വിതരണം ചെയ്യപ്പെടുന്നതു വഴി ഇക്കണോമിയെ സഹായിക്കുന്നു അല്ലേ ?
വടക്കേ ഇന്ത്യയിലൂടെ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ (മറ്റു സ്ഥലങ്ങളിലും), ആളുകള്‍ പുണ്യനദികളിലേക്കും മറ്റും വഴിപാടായി നാണയങ്ങള്‍ എറിയുന്നതു കാണാം.
ഇതു സാമ്പത്തികശാസ്ത്രമനുസരിച്ച് തെറ്റോ ശരിയോ?
മൊത്തം സമ്പദ്രംഗത്തിന് ഇതു ഗുണകരമോ ദോഷകരമോ?
ഒരാള്‍ ന്യായമായും അയാള്‍ക്കവകാശപ്പെട്ട, പെട്ടിക്കണക്കിന് ശേഖരിച്ചുവെച്ചിരുന്ന വിലകൂടിയ കുറേ കറന്‍സികള്‍ തീയിട്ടുകളഞ്ഞു. സര്‍ക്കാരിന് ഇതുകൊണ്ട് ലാഭമോ നഷ്ടമോ?
ഉത്സവങ്ങള്‍ക്കും മറ്റും കരിമരുന്നുപ്രയോഗങ്ങള്ക്ക് വാരിക്കോരി പണം ചെലവാക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില് ഇതുകൊണ്ടുണ്ടാവുന്ന യഥാര്ത്ഥസ്വത്തുനഷ്ടം എന്താണ്?
കള്ളപ്പണം അല്ലാത്ത പണം എങ്ങനെ ചിലവാക്കിയാലും അതിന് ഇക്കണോമിയെ സഹായിക്കാതിരിക്കാനാവില്ല. പണത്തിന്റെ ധൂര്‍ത്തിന് efficiency യുമായാണ് ബന്ധം. ധൂര്‍ത്തടിച്ചു എന്നു പറഞ്ഞാല്‍ efficient ആയി വിനിയോഗിച്ചില്ല എന്നാണ് അര്‍ത്ഥം.
അതുകൊണ്ട് മലയാളി കുഴി മടിയനായി... ഗള്‍ഫിലേക്ക് വിസയും കാത്ത് കലുങ്കില്‍ കുത്തിയിരിപ്പായി.
അതുകൊണ്ട് മലയാളി കടം കേറി മുടിഞ്ഞു.... ഗള്‍ഫ് വീടുകള്‍ക്കൊപ്പം, ഗള്‍ഫ് കല്യാണങ്ങള്ക്കൊപ്പം നില്ക്കാന് കടം വാങ്ങി വാങ്ങി മുടിഞ്ഞു.
അതുകൊണ്ട് മയാളി പഠിയ്ക്കാന്‍ മടിച്ചു... എന്തായാലും ഒരു വിസ കിട്ടുമെടാ... എന്ന് കൂളിംഗ് ഗ്ലാസും റോത്മാന്‍സും പുകച്ച് കാമ്പസില്‍ മണം പരത്തി.
പറഞ്ഞാല്‍ തീരത്തില്ലല്ലോ ദേവാ... ഗള്‍ഫ് കേരളത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ഈ വക കാര്യങ്ങള്‍ കൂടി എഴുതിയാല്‍ പോറ്റമ്മയെ ഒറ്റിയെന്ന് ഞങ്ങളാരും പറയില്ല!!!
നളാ, അതു തന്നെ. പണം രക്തം പോലെ തന്നെ സര്ക്കുലേഷനുള്ളതാണ്, എന്ന് അതിന്റെ ഓട്ടം നിലക്കുന്നോ ആ നിമിഷം അത് പാഴായി. സിനിമകള്‍ കൊണ്ട് മറ്റൊരു പ്രയോജനവുമുണ്ട്! പലപ്പോഴും പുറത്തെടുക്കാനാവാതെ മരിച്ചിരിക്കുന്ന കള്ളപ്പണം സിനിമയിലൂടെ വീണ്ടും സംക്രമണം തുടങ്ങുകയായി. ഇതിലും നല്ല വഴി ഉപയോഗിക്കാമായിരുന്നു എന്നു പറയന്നതില്‍ കാര്യമുണ്ട് എന്നാലും എന്തെങ്കിലും രീതിയില്‍ പണം കറങ്ങി നടക്കുന്നത് ഒന്നും ചെയ്യാത്തതിനെക്കാള്‍ എത്രയോ മടങ്ങ് നല്ലത്. പിന്നെ സിനിമായില്‍ മുടക്കുന്ന പണം എവിടെ നിന്നോ കറങ്ങി എത്തിയത് എവിടേക്കോ കറങ്ങി പോകുന്നെന്നേയുള്ളു, ഗള്‍ഫന്റെ പണം പുറത്തു നിന്നും സമൂഹത്തിലേക്ക് ഫ്രഷ് ആയി ഇഞ്ജെക്റ്റ് ചെയ്യപ്പെടുന്നതല്ലേ, അപ്പോല്‍ അത് പുതുതായി ഓട്ടം തുടങ്ങുന്ന പുതുചോര.
വിശ്വം മാഷേ,
(ചോദ്യത്തിന്റെ നേച്ചറില്‍ നിന്നും തന്നെ ഉത്തരം അറിഞ്ഞുകൊണ്ടും എഴുതാന്‍ മടിയായിട്ടും എന്നെക്കൊണ്ട് എഴുതിക്കുകയാണെന്ന് മനസ്സിലായി. "ലതെഴുതടേ" എന്നു പറഞ്ഞാലും മതിയായിരുന്നു!)
1. പണം നദിയിലെറിഞ്ഞു, പണം കത്തിച്ചു = അത്രേം സര്‍ക്കുലേഷനില്‍ നിന്നും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. ആ പണം പിച്ചക്കാരനു കൊടുത്തിരുന്നെങ്കില്‍ അരിക്കടയോ ചാരായക്കടയോ വഴി അതു വീണ്ടും എവിടെയൊക്കെ എത്തിയേനെ. അത് ചീത്ത വശം.
ചെറുതെങ്കിലും ഒരു നല്ല വശം കൂടെ. പണപ്പെരുപ്പം
എന്നാല്‍ സമൂഹത്തില്‍ കൂടുതല്‍ പണം അതിനുമാത്രം മൂല്യം- പ്രോഡക്റ്റ്- ഇല്ലാതെ കിടന്നു കറങ്ങുന്നതല്ലേ. ഉദാ. മൊത്തം ഇന്ത്യന്‍ കറന്‍സി 1200 രൂപയും മൊത്തം ഇന്ത്യക്കാരന്റെ ഉപഭോഗം 100 തേങ്ങാ മാത്രവും ആണെന്നു വയ്ക്കുക. എല്ലാവരും ചേര്‍ന്ന് 200 രൂപ സേവിങ്ങ്സ് വയ്ക്കുമെന്നും കൂട്ടാം. ചിലവാക്കാനുള്ള പണം 1000 രൂപ. വില്ക്കാന് 100 തേങ്ങാ. തേങ്ങാ ഒന്നിനു വില പത്തു രൂപാ. അതിനിടയിലാണ് കുറച്ചെണ്ണം ഭക്തി മൂത്ത് 100 രൂപാ ഗംഗാമാതാവില് ഒഴുക്കിയത്. സര്‍ക്കുലേഷനില്‍ 900 രൂപാ മിച്ചം, തേങ്ങായൊന്നിനു വില 9. ലവന്മാര്ക്ക് പ്രാന്തായോണ്ട് ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു.
2. കറ്റാനം കരുണന്റെ കരിപ്പടക്കങ്ങള്
നല്ല വശം:
നാട്ടുകാരില്‍ നിന്നും പിരിച്ച ഫണ്ടാണെങ്കില്‍ വലിയ കുഴപ്പമില്ല. വെടിക്കെട്ടുകാരന്റെ കൂലിയായി, കാക്ക അണ്ണാന് പറഞ്ഞു പഠിക്കേണ്ട പ്രായത്തില്‍ ശിവകാശിയില്‍ വെടിമരുന്നരക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ശമ്പളമായി, കമ്പക്കാരന്റെ ഭാര്യയുടെ തീറ്റക്കമ്പം മൂലം വീശുപൊറോട്ടയടിക്കുന്നവനു കാശായി, ഇറച്ചിക്കടക്കാരന്റെ ജീവിത മാര്‍ഗ്ഗമായി അതങ്ങു കറങ്ങി പോയിക്കോളും.
ചീത്ത വശം:
ദേവസ്വം ബോര്‍ഡിന്റെ പൈസയെടുത്താണ് വെടിവയ്പ്പ് നടത്തിയതെങ്കില്‍ അതിനു പകരം ഒരു റോഡ് കെട്ടാമായിരുന്നു. പടക്കം കത്തിപ്പോകുമ്പോള്‍ പ്രോഡക്റ്റ് പോയി, അതിന്റെ പണം മിച്ചമാവുകയും ചെയ്യുന്നു എന്നൊരു വാദമുണ്ട്, കഴമ്പു വലുതായില്ലന്നു തോന്നുന്നു ടെലിവിഷന്‍, സിനിമ, പാട്ടു കച്ചേരി, നാടകം കാണല്‍ ഒക്കെ പ്രോഡക്റ്റ് എരിഞ്ഞു തീര്‍ന്ന് കാശു മിച്ചമാവുന്ന സാധനങ്ങളുടെ വാല്യൂ പോലെ ഇതും സമൂഹത്തില്‍ എന്തെങ്കിലും രൂപത്തില്‍ തിരിച്ചു ചെല്ലുന്നു.
കണക്കില്‍പ്പെടുത്താതെ അഥവാ കള്ളപ്പണമായല്ലാതെ ചെലവാക്കുന്ന പണം ഏതെങ്കിലും തരത്തില്‍ ഇക്കോണമിയെ ബൂസ്റ്റ് ചെയ്യാതിരിക്കില്ല എന്ന് ജ്ജോജ്ജു പറഞ്ഞത് ശരിയാണ്. യു.എസ് ഇക്കോണമിയിലെ പ്രോപ്പര്‍ട്ടി ബൂം ബബിള്‍ എന്ന ഇപ്പോഴത്തെ പ്രതിഭാസം ഉദാഹരണമാവുമെന്ന് തോന്നുന്നു.
പൂഴ്ത്തിവെയ്ക്കപ്പെടാതെ ബാങ്കിലിട്ടോ (സ്വിസ് അല്ല)വെടിക്കെട്ട് നടത്തിയോ എട്ട് നിലയില്‍ പൊട്ടുന്ന പടമെടുത്തോ എങ്ങനെ ചെലവാക്കിയാലും അത് ഇക്കോണമിയുടെ പല തട്ടുകളിലേയ്ക്കെത്തും.
ഓവര്‍ റ്റു ദേവേട്ടന് :-)
ദേവേട്ടനിട്ട കമന്റ് കണ്ടിരുന്നില്ല. സോറി. That explains everything.
ഇടക്ക് രണ്ടു കമന്റ് വന്നത് കണ്ടില്ല:
ജോജു, ശരിയാണ്. കള്ളപ്പണം കെട്ടിക്കിടക്കുന്ന രക്തം. സര്‍ക്കുലേറ്റ് ചെയ്യില്ല, ചെയ്താല്‍ തന്നെ അത് മുഖ്യധാരയിലെത്തില്ല എന്നത് ശരി.
എഫിഷ്യന്റ് ഡിപ്ലോയ്മന്റ് എന്നത് ഒരു നൂലാമാലയാണ്, ഞാന്‍ ഇപ്പോല്‍ ചിലവാക്കുന്ന പണം, ഇന്റര്‍നെറ്റ്, വൈദ്യുതി, കമ്പ്യൂട്ടറിന്റെ ഡിപ്രിസിയേഷന്‍, ഞാന്‍ ജെനെറേറ്റ് ചെയ്യുന്ന പണത്തിന്റെ മോസ്റ്റ് എഫിഷ്യന്റ് സ്പെന്‍ഡിംഗ് ആണോ? ദൈവത്തിനറിയാം.
മലയാളി,
പോറ്റമ്മയല്ല പെറ്റമ്മയായാലും തെറ്റ് തെറ്റെന്നു തന്നെ പറയും, പിന്നെ പോട്ടെ അമ്മയല്ലേ എന്നു വച്ച് ക്ഷമിച്ചേക്കും എന്നാലും തെറ്റ് ശരിയെന്ന് പറഞ്ഞ് ശരിയുടെ വില കളയില്ല. പക്ഷേ വലിയ തെറ്റുകള്‍ കാണാന്‍ ഇതുവരെ പറ്റിയില്ല
പഠിക്കാതെ വിസ വരുമെന്ന് പറഞ്ഞു കുത്തിയിരുന്നവന്‍ പഠിച്ചിരുന്നെങ്കിലും എവിടെയും എത്തുകില്ലായിരുന്നു കാരണം അവന് കൊള്ളരുതാത്തവനാണ്, നാട്ടില്‍ നിന്നും ഒഴിഞ്ഞു പോയെങ്കില്‍ ഭാഗ്യം ഇല്ലെങ്കില്‍ തേരാപ്പാരാ നടന്ന് ബാദ്ധ്യതയായേനെ.
ധൂര്‍ത്ത് കല്യാണവും വീടുവയ്പ്പും നടത്തി മുടിഞ്ഞവരില് ഗള്‍ഫുകാരനും ധാരാളം അല്ലാത്തവനും ധാരാളം. ചെയ്തവന് മണ്ടന്‍, എതോ ആഭരണക്കടക്കാരനും സദ്യക്കാരനും ബില്‍ഡിംഗ് കോണ്ട്രാക്റ്ററുമൊക്കെ രക്ഷപ്പെട്ടു. അവരുടെ ടൈം.
ഗള്‍ഫ് പണം മൂലം ചെറിയ തോതില്‍ വിലക്കയറ്റം ഉണ്ടായിട്ടുണ്ട്, നേര്. പക്ഷേ സര്‍ക്കാരു കൊല്ലാകൊല്ലം കമ്മിപ്പണം
അടിച്ചും ഗവര്ന്മന്റ് മെഷീനറി എന്ന വെള്ളാനകളെ പോറ്റാന്‍ പല ചുങ്കങ്ങള്‍ പിരിച്ചും കൊള്ളരുതാത്ത വ്യവസായങ്ങള്‍ നടത്തിയും ഉണ്ടാക്കിയ വിലക്കയറ്റത്തിന്റെ എത്ര ശതമാനം വരും ഗള്‍ഫ് ഇമ്പാക്ട് എന്ന് കണക്കു നോക്കിയിട്ടുണ്ടോ? ഉത്തരമെനിക്കറിഞ്ഞുകൂടാ.
നാട്ടില്‍ കടം- കാര്‍ഷിക കടം മൂലം ആത്മഹത്യകള്‍ തുടങ്ങി പലതും നടക്കുന്നു. ഗള്‍ഫില്‍ ആരെങ്കിലും ആത്മഹത്യ ചെയ്തെന്ന് കേട്ടാല്‍ ഉടന്‍ ആളുകള്‍ പറയും "ഛീ ഈ മലയാളിയുടെ കാര്യം" മൊത്തം ഗള്‍ഫിലെ ആത്മഹത്യയില്‍ 75 ശതമാനം മലയാളിയാത്രേ. അതിലെയും ഗള്‍ഫ് ഇമ്പാക്റ്റ് എനിക്കറിയില്ല.
ങേ, ദില്‍ബു ഇവിടുണ്ടോ? എന്നാല്‍ പിന്നെ മൈക്ക് പിടിച്ചോ ഞാന്‍ ശകലം ച്വാറും കറീം ഉണ്ടാക്കട്ടെ.
മൈക്ക് പിടിച്ചിട്ടെന്ത് ചെയ്യാനാ ദേവേട്ടാ? ഞാന്‍ പറയുന്നതിന് ദേവേട്ടന് പറയുന്നതിന്റെ ആ ഒരു ആധികാരികത.കോം ഇല്ലല്ലോ. ചോറായാല്‍ പറയൂ ഞാന്‍ വരാം. ആധികാരികമായി ചില ക്രിയകള്‍ കാണിച്ച് തരാം. :-)
ഓ വേണ്ട ദില്‍ബാ..ചോറ് വെച്ച കുക്കര്‍ ദേവ്ജി തന്നെ കഴുകി വെച്ചോളും ന്നേ.
:-)
കമിംഗ് റ്റു ദി പോയന്റ്.....
മറ്റു രാജ്യങ്ങളിലെ മലയാളികളുമായി ഗള്‍ഫ് മലയാളിക്ക് ഒരു വലിയ വ്യത്യാസമുണ്ട്.
ജോലി പുറത്താണെങ്കിലും, കൂറ് അവര്‍ക്ക് നാട്ടില്‍ തന്നെ.
100% രാജ്യസ്നേഹമാണെന്നൊന്നും ഞാന്‍ പറയില്ല, ഗള്‍ഫില്‍ പെര്‍മെനന്റായി കൂടാനുള്ള ബുദ്ധിമുട്ടാകാം ഒരു കാരണം.
അതുകൊണ്ടെന്താ? ദേവഗുരു അരുള്‍ ചെയ്തതുപോലെ, അവരുടെ പണം പല പല ഇന്വെസ്റ്റ്മെന്റുകളിലായി നാട്ടിലേക്കൊഴുകുന്നു, നാട് വളരുന്നു. അവര്‍ അവരുടെ ലോകം കെട്ടിപ്പടുക്കുന്നത് നാട്ടില്‍ തന്നെയാണ്. ഒരു വലിയ വീടു വെച്ചാല്‍ മേസ്തിരി തൊട്ട്, ടൈത്സ് ഇടുന്നവനു വരെ ഗുണം ലഭിക്കുന്നു. ഒരു ബിസിനസ്സ് തുടങ്ങിയാല്‍ പലര്‍ക്കും നേരിട്ടോ അല്ലാതെയോ വരുമാനം ലഭിക്കുന്നു.
എന്തിന്, മലയാളത്തെ സ്നേഹിക്കുന്ന ഗള്ഫ്കാര് കാരണം പല മിമിക്സ്/ഡാന്‍സ്/പാട്ട് ട്രൂപ്പുകള്‍ വരെ അന്തസ്സായി ജീവിച്ചു പോകുന്നു!
എന്നാല്‍ മറ്റുള്ള സ്ഥലങ്ങളിലെ മലയാളികള്‍ വീടും പൊറുതിയും ബാക്കി ജീവിതവും ഒത്താല്‍ ആ രാജ്യത്താക്കുകയാണ് പതിവ്. (ഞാനടക്കം). അവരുടെ ഇന്‍വെസ്റ്റ്മെന്റ് കുടുംബസ്വത്തിന്റെ ഗുണം പോലെയിരിക്കും. അഥവാ സ്വത്ത് കിട്ടിയാല്‍ തന്നെ കുറേ നാള് നോക്കി നടത്തി വല്ലവര്‍ക്കും വില്‍ക്കും. നാടിന് ഗുണകരമായി പൈസ ഒഴുക്കുന്നത് വളരെ തുച്ഛമായായിരിക്കും.
ഒറ്റപ്പെട്ട അപവാദങ്ങള്‍ ഇല്ലെന്നല്ല.
ഈ രാജ്യസ്നേഹം എന്ന് പറയുന്നത് ഗള്ഫിലിരുന്നാലും അമേരിക്കയിലിരുന്നാലും ഇന്ത്യയിലിരുന്നാലും ഒക്കെ കണക്കല്ലേ?
ച്യൂവിംഗം ചവച്ച്, മൊത്തം നേരം ഇംഗ്ലീഷ് പാട്ടും കേട്ട്, സ്വന്തം സ്റ്റേറ്റിലെ മുഖ്യമന്ത്രി ആരാന്ന് പോലും അറിയാത്ത, വോടിങ്ങ് ബൂത്ത് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എത്രയോ ഇന്ത്യക്കാര്‍ ഉണ്ട്. അവര്‍ക്ക് ഭയങ്കര രാജ്യ സ്നേഹമാണൊ? നാട്ടിലിരുന്ന് വര്‍ഗ്ഗീയ ലഹളക്ക് തീ കൊടുക്കുന്നവര്‍ക്ക് ഭയങ്കര രാജ്യസ്നേഹമാണൊ? അതോണ്ട് വെളിയില്‍ പോയി എന്നും പറഞ്ഞ് രാജ്യസ്നേഹമില്ല പെറ്റമ്മ എന്നൊക്കെ ഡയലോഗ് കാച്ചരുത് പ്ലീസ്...
ഗാന്ധിജി വരെ സൌത് ആഫ്രിക്കായില് പോയിട്ടുണ്ട്..ഇപ്പൊ അരവിന്ദജിയും :-)
പിന്നെ ഗള്‍ഫിലെ ആളൊളുടെ പൊതുവേ ഒരു സ്റ്റീരിയോടയ്പ്പിങ്ങാണീ ബോബനും മോളിയുലും വന്നോണ്ടിരുന്ന ഗള്ഫന്മാര്. അത് പറഞ്ഞിട്ട് കാര്യമില്ല. മുഴു പട്ടിണിയില്‍ നിന്ന് ഒത്തിരി ആളുകള്‍ പെട്ടെന്ന് പണക്കാരാവുന്നറ്റിന്റെ സ്വഭാവ സവിശേഷതായാണ്.അതിനെ കളിയാക്കുന്നത് ഒരു തരം കുശുമ്പായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ..കാരണം, നമ്മുടെ നാട്ടില്‍ ഇപ്പോഴും “ന്റുപ്പാപ്പക്ക് ആനയുണ്ടാര്‍ന്നു” എന്ന് പറയാനാണിഷ്ടം..അല്ലാണ്ട് സ്വന്തമായി അവന് നാല് കാശുണ്ടാക്കി ജീവിക്കുന്നു എന്നതിനല്ല.
എത്ര പേര്, ഓ,പണ്ടവന് ഒന്നും ഉണ്ടായിരുന്നല്ല. ഇപ്പൊ ഏതോ ഗള്‍ഫില്‍ പോയി നാല് കാശുണ്ടാക്കിയേന്റെ നെഗളിപ്പാണെന്ന് പറഞ്ഞിട്ടുണ്ട്..അത് ശുദ്ധ കുശുമ്പാണ്..
കേരളത്തിന്റെ ഞെരുമ്പകളില് ഓടുന്ന ചോരക്ക് ഇത്രയും ഹീമോഗ്ലോബിന്‍ ഉണ്ടാവാന്‍ കാരണം തീര്‍ച്ചയായും ഗള്‍ഫ് മണിയാണ്. അത് വേണ്ട വിധം ഉപയോഗിച്ച് നല്ലൊരു ഇന്പ്രാസ്റ്റ്രക്കചര് പണിയാന്‍ നാട്ടിലാര്‍ക്കും പറ്റിയില്ല. ഈ കഷ്ടപ്പെട്ട് മരുഭൂമിയില്‍ കിടന്ന് ചോര നീരാക്കി അറബീന്റെ ആട്ടും തുപ്പു കേട്ട് അയക്കുന്ന പണം, നാട്ടാര് സുഭിക്ഷമായി ജീവിച്ച് തീര്‍ത്തു. അങ്ങോട്ടേക്കുള്ള പ്ലെയിന്‍ ടിക്കറ്റ് പോലും കുറക്കാനോ മറ്റും സമ്മതിക്കാതെ,അവരെ എപ്പ്പോഴും പുച്ഛിച്ചു തള്ളി നാട്ടാരാണ് ഗള്ഫന്മാരെ അറബികളേക്കാളും ചൂഷണം ചെയ്തിരിക്കുന്നത് എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും..
(ദില്‍ബൂസ്, അതെവിടെ വായിച്ചേ? അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് ബൂം ബ്ലാക്ക് മണി കൊണ്ടാണുണ്ടയേ എന്ന്? ലിങ്ക്?)
പിന്നെ ഇപ്പൊ ഗള്‍ഫില്‍ പ്രോപ്പര്‍ട്ടി ഒക്കെ മേടിക്കാലോ ല്ലെ? പണ്ടത്തെപ്പോലെയല്ലൊ..
ദേവേട്ടാ, ബ്ലോഗിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന പോസ്റ്റ്.
രണ്ടു തലങ്ങളിലാണ് നമ്മള്‍ക്ക് പിഴച്ചത് (എന്റെ സ്വന്തം അഭിപ്രായത്തില്‍!):
1. സ്വന്തം വരുമാനം എങ്ങനെ ഉപയോഗിക്കണമെന്നറിയാത്ത ഭൂരിപക്ഷം ഗള്‍ഫുകാരനും അവന്റെ പണം ദുരുപയോഗം ചെയ്തു
2. പ്രവാസികളില്‍ നിന്നും വരുന്ന ഈ പണം എങ്ങനെ കേരളത്തിന്റെ മൊത്തം ഗുണപരമായ കാര്യങ്ങള്‍ക്കുപയോഗിക്കാം എന്ന് തിരിച്ചരിവില്ലാത്ത ഒരു ഭരണകൂടം, ഗള്‍ഫുകാരനെ പിടിച്ചുപറിക്കാന്‍ മുന്നില്‍ നിന്നു!
കോര്‍ഡെലിയയുടെ ബ്ലോഗിലും ഇതു തന്നെയായിരുന്നു വിഷയം
ദേവേട്ടാ മാപ്പ് !
എന്തിനെന്നല്ലെ? ,
രണ്ട് നാള് മുമ്പ് ഒരാള്‍ ഗള്‍ഫ് മലയാളികളെക്കുറിച്ച് പറഞ്ഞപ്പോള്‍ ( അതും വളരെ മോശമായ ഭാഷയില്‍ , ), എനിക്ക് മറുപടി ഒന്നേ ഉണ്ടായിരുന്നുള്ളു ,
“ അതെ മാഷെ , ഞാന്‍ ഗള്‍ഫില്‍ വന്നില്ലായിരുന്നെങ്കില്‍ എന്റെ അടുപ്പില്‍ തീ പുകയില്ല , എന്നാല്‍ , നാട്ടില്‍ നിന്നാല്‍ നിങ്ങള്‍ തരുമായിരുന്നൊ ഒരു ജോലി “
പിന്നെ വേണ്ടെന്ന് വെച്ചു കാരണം , അയാള്‍ക്ക് മുഖമില്ലായിരുന്നു , ഒരു തരത്തില്‍ പറഞ്ഞാല്‍ അനൊണി എന്ന പേരിന് പകരം രണ്ടകഷരം മാത്രം.
മാത്രവുമല്ല , ഇത്തരമൊരു മറിപടിയേക്കാള് , എനിക്ക് തീരെ ദഹിക്കാത്ത ഇക്കണോമിക്സ് സ്വല്പം പഠിച്ച് വല്ലതും കാച്ചാം എന്നും കരുതി.
എന്നാല്‍
തറവാടീ..എന്ന് തുടങ്ങിയതുകൊണ്ടോ എന്തൊ , ഒരു ഗള്‍ഫനും പ്രതികരിക്കാത്തതിനാല്‍ സ്വല്പം നീരസം ഉണ്ടായി , പ്രത്യേകിച്ചും , പണ്ടിതന്‍ മാര്‍ പലരും ഉണ്ടായിട്ടും.
ദേവേട്ടനും ഒന്നും മിണ്ടാതിരുന്നപ്പോള്‍ ശരിക്കും........നൊന്തു , ശരി...അങ്ങിനെ വെച്ചു. ആ “ശരി” എന്ന ചീത്ത ചിന്ത ഈ ദിവസങ്ങളില്‍ ഉള്ളില്‍ നിന്നതിനാലാണ് മാപ്പ് ചോദിച്ചത്.
ദേവേട്ടാ , അപ്പോ , മിണ്ടാതിരുന്നത് ഇതിനായിരുന്നല്ലെ !!!
നന്നായി , ഞാന്‍ വല്ലതും കഷ്ടകാലത്തിന് എഴുതിയിരുന്നെങ്കില്‍ !!!!!!!!!!!!!
ആധികാരികമായെഴുതുമ്പൊള് എന്തിനും വിശ്വാസം ലഭിക്കുന്നതിനേക്കാള്‍
മനസ്സില്‍ മായാതങ്ങിനെ കിടക്കുമത്
നന്നായി , വളരെ വളരെ നന്നായി
അതേ ,
ഗള്‍ഫ് എന്ന മോഹന സ്വപ്നത്തില്‍ നിന്ന്` യുവത ഇനിയും ഉണരാത്തത് എന്തുകോണ്ടാണ്?
നമ്മളെ എന്തു അവിടെ ജോലിയും ചെയ്യാന്‍ പ്രാപ്തരാക്കുന്ന വികാരം എന്താണ്?
മലപ്പുറം, തൃശൂര്‍ ജില്ലകളുടെ സാമൂഹ്യാവസ്ഥകള്‍ അട്ടിമറിക്കപ്പെട്ടതില്‍ മധ്യപൂര്‍വ്വേഷ്യയിലേക്കുള്ള പ്രവാസതിന്റെ പങ്ക് എന്താണ്?
വിദേശ നാണ്യശേഖരത്തില്‍ ഗഫിന്റെ പങ്ക് സമ്മതിച്ചു പക്ഷേ..
നാട്ടില്‍ തൊഴില്‍ ദാതാക്കളാകാന്‍ ഗള്ഫുകാറ്കധികവും കഴിയാത്തത് എന്തു കൊണ്ടാണ്?
'ഗള്‍ഫ് സിന്‍ഡ്രോം ' എന്താണ്?
ഗള്‍ഫ് പണം നാട്ടിലെ economy ക്കു താങ്ങാകുന്നു...ശരിതന്നെ ഇതുനൊരു മറുപുറമില്ലെ? ഒരു കഥ കേട്ടിട്ടുണ്ടു..തമിഴന് ആന്റ് തെലുഗന് ഗള്‍ഫ് തൊഴിലാളികള്‍ നാട്ടില്‍ കോഴിഫാം അല്ലെങ്കില്‍ നിലം വാങ്ങുന്നു...മലയാളി
കള്‍ വലിയ വീടുവച്ചും കുട്ടികളേ പഠിപ്പിച്ചും കെട്ടിച്ചും പ്രരാബ്ധക്കരനായി തിരിച്ചുവരാനും നില്‍ക്കനും വയ്യാതെ കുഴങ്ങുന്നു . നാട്ടിലുള്ളവരെ ഒരു അല്ലലും ഒന്നും അറിയിക്കാതെ മണല്‍കാടു പോലെ ശൂന്യമായ ഭാവിയിലേക്കു നോക്കി വിഷാദമൂകനാകുന്നു...എന്നു ഒക്കെ..ഇതിനെന്തു പോംവഴി?
കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഘലയില്‍ വീദേശ പണം പലതരത്തിലുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിയിട്ടുന്റ്. ഒന്നാമതായി രാഷ്ടീയമായി കേരളം ഒരു സോഷ്യലിസ്റ്റു സ്റ്റേറ്റായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തിലെ വ്യക്തികളുടെ മനസില്‍ നിലനിന്നത് കാപ്പിറ്റലിസവുമാണ്. ഇത് ഉള്ളവന് കാപ്പിറ്റലിസ്റ്റും ഇല്ലാത്തവന് സോഷ്യലിസ്റ്റുമാണെന്നുള്ള ഒരു നിലയിലേക്കും വളര്‍ന്നു.കാപ്പിറ്റലിസ്റ്റുകള്‍ സമ്പത്ത് വളരുന്നതിലേക്കുള്ള ശ്രമങ്ങള്‍ നടത്തിയില്ല, അതിനു പകരം വീടുപണി,കല്യാണം,ഭൂമി, സ്വര്‍ണം ഇവയിലൊക്കെ നിക്ഷേപിച്ച് അതു ഡെഡ് മണിയായി.
ഗണ്മെന്റ് ഉള്ള കാശ് ജനങ്ങളുടെ വെല്ഫയറിനു വേണ്ടി ചിലവഴിച്ചു പാപ്പരായി. ആശ്രയത്വം വളര്‍ന്ന ജനം വിദേശത്തു പോയവരുടെ പണത്തില്‍ ആശ്രയിയ്ക്കുന്നതും ഒരുതരം വെല്ഫെയര്പരിപാടിയായി കണ്ടു.
ചുരുക്കം പറഞ്ഞാല്‍ ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഗവണ്മെന്റും ബന്ധുക്കളും വിദേശികളെ വളരെയധികം ആശ്രയിയ്ക്കുന്നുണ്ട്, നല്ല ഒരംശം ഇതു ചൂഷണത്തിലേക്കും വഴിയാകുന്നു.
ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിലും വിദേശി നിക്ഷേപത്തെക്കുറിച്ചല്ല അധികവും ചിന്തിയ്ക്കുന്നത്.ഉദ.പത്തു ലക്ഷം ചിലവഴിച്ച് പെങ്ങളെ കല്യാണം കഴിച്ചു കൊടുക്കുന്നു. അതിനു പകരം പത്തുലക്ഷം ചിലവഴിച്ച് ഒരു ബിസിനസിട്ട് പെങ്ങളു സ്വന്തം ജീവിതം കരുപ്പിടിപ്പിയ്ക് എന്നാരും പരയുന്നില്ല, ചെയ്യുന്നില്ല ഓ പെണ്ണിനു ബിസിനസു ചെയ്യാന്‍ പറ്റുവോ,അതെങ്ങാനും പറഞ്ഞുപോയാല്‍ പിന്നെ കാര്ന്നോന്മ്മാരു ജീവനോടെ വെച്ചേക്കുമോ?
പണം ഉണ്ടാക്കുന്നവര്‍ അതെങ്ങനെ ചിലവഴിയ്ക്കണം എന്നുള്ളതും ബുദ്ധി പൂര്‍വം ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. മാര്‍ക്കറ്റ്
എക്കോണമിയുടെ കാലത്തു പോലും ഒരു വ്യക്തിയെ എങ്ങനെ തന്റെ സമ്പാദ്യം സ്വയം നിക്ഷേപിയ്ക്കണമെന്നു പടിപ്പിയ്ക്കുന്ന ഒരു വിദ്യാഭ്യാസ രീതി നമുക്കുണ്ടോ? ആര്‍ക്കെങ്കിലും അറിയാമോ?
അതുകൊണ്ട് എത്ര വിദേശികളാണ് കണ്ണീരുമായി കഴിയൂന്നത്.
ഈ വിഷയം ഉല്ഭവിച്ചത് എന്റെ ഒരു പോസ്റ്റില്‍ ഗള്‍ഫ്കാരെ കുറിച്ച് വന്ന ചില ആരോപണളാണെന്ന് കരുതുന്നു.തറവാടി പറയും പോലെ അല്ല,അതിന് ഞാനൊരു ചെറു മറുപടിയും കൊടുത്തിരുന്നു.ഈ വിഷയത്തിനായി ചില മെറ്റീരിയത്സ് തപ്പുകയായിരുന്നു.പക്ഷേ വിഷയം സാമ്പത്തികമായത് കോണ്ട് ദേവേട്ടന് belligerent ആയി ഉണ്ടാവും എന്നുറപ്പായിരുന്നു.അവധി ദിവസം കൊച്ചിനെ നോട്ടം എന്ന ഭഗീരഥവൃത്തി ഉള്ളതിനാല്‍ കമ്പ്യൂട്ടര്‍ തൊടാനും ആയില്ല.
ഗള്‍ഫ് മണിയുടെ ചാക്രിക സ്വഭാവവും അതിന്റെ പ്രയോജനവും ദേവേട്ടന് വിവരിക്കുകയുണ്ടായി.പക്ഷേ ഇത് locally ചില inflatory properties പ്രകടിപ്പിക്കുന്നില്ലേ.ഉദാ: പണ്ട് കുറവന്തോട് ചന്തയില്‍ ഒരു നെയ്മീന് വന്നാല്‍ ആളുകള്‍ അത് നന്നായി വിലപേശി ന്യായമായ ഒരു വിലക്ക് വാങ്ങിയിരുന്നു.എന്നാല്‍ 80കളുടെ അവസാനത്തില്‍ ഏതെങ്കിലും ഒരു ഗള്ഫന് വന്ന് ചോദിച്ച കാശിനും മുകളില്‍ പണം നല്കി അത് വാങ്ങാന്‍ തുടങ്ങി.സ്വാഭാവികമായി വില വര്ധിക്കുകയായി.സമൂഹത്തിന്റെ മൊത്തം പര്‍ച്ചേസിങ്ങ് പവറിന് കാര്യമായ വ്യത്യാസം വന്നിട്ടില്ല എന്നോര്‍ക്കണം.ഈ inflatory സ്വഭാവം മേസ്തിരി, ആശാരി കൂലിയിലുള്ള വര്‍ധനയിലും പ്രകടമാകുന്നു .സ്വാഭാവികമായി കൂലി കുറവുള്ള തമിഴനും ബംഗാളിയും ചിത്രത്തിലെത്തുകയും കേരളത്തിന്റെ ഇക്കോണമിയില്‍ നിന്നും പണം ചംക്രമിക്കാതെ പണം ബഹിര്‍ഗമിക്കുകയും ചെയ്യില്ലേ.
മറ്റോന്ന് ഈ ഗള്‍ഫ് പണം ബാങ്കില്‍ നിക്ഷേപിച്ചാലും ഏതാണ്ട് സമാനമായ അവസ്ഥ ഉണ്ടാവും.നമ്മുടെ CDR (credit deposit ratio)വളരെ കുറവാണെന്ന് അറിയാമല്ലോ.അപ്പോള്‍ നമ്മുടെ ഈ അധികപണം വായ്പയായി വിതരണം ചെയ്യപ്പെടുന്നത് നമ്മുടെ സംസ്ഥാനത്തല്ല, മറിച്ച് പുറത്താണ്.അവിടെയും ഈ ചംക്രമണ പ്രയോജനം നമ്മുക്ക് നഷ്ടമാവിന്നില്ലേ?
അരവിന്ദേ
ശരിയാണ് ഇവിടെയുള്ളവരില്‍ മഹാ ഭൂരിപക്ഷവും ഒരുകാല് ഗള്‍ഫിലും ഒരുകാല് കേരളത്തിലും ചവിട്ടി നില്ക്കുന്നെന്നതാണ് ഈ കാശെല്ലാം നാട്ടിലോട്ട് തന്നെ പോകുന്നതിന്റെ കാര്യം.
ആഹാ ഇഞ്ചിയുടെ എരിവുള്ള വാക്കുകള്‍! (എന്റെ ഗള്ഫുമാനസം കുളിര്‍ത്തു)
ദേശസ്നേഹമില്ലാത്തതുകൊണ്ട് നാടു വിട്ടെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ഞാന്‍ നാടു വിട്ടതുകൊണ്ട് അവിടെ ഞാന്‍ എടുക്കുമായിരുന്ന ജോലി വേറാര്‍ക്കോ കിട്ടി അത്രതന്നേ കരുതുന്നുള്ളു. ശരാശരി ഗള്ഫന് ഒരു കറവപ്പശുവാണ് ഇഞ്ച്യാരേ അപ്പനും അമ്മക്കും അവന് പെന്ഷന് പ്ലാന്‍, ( ഒരു അയലോക്കക്കാരന് ഗള്‍ഫനെ കെട്ടിക്കണ്ടേ എന്നു ചോദിച്ചപ്പോള്‍ അവന്റെ അമ്മച്ചി "മാസാമാസം പതിനായിരം രൂപാ ഞങ്ങള്‍ക്ക് മുടങ്ങാതെ അയച്ചിട്ട് ബാക്കി വച്ച് ഫാമിലിയും നടത്താനുള്ള വരുമാനമൊക്കെ ആയോ അവന്" എന്നു ചോദിച്ചു എന്നോട്) ഭാര്യക്കവന്‍ വര്‍ഷാവര്‍ഷം ഒരിക്കല്‍ നായരു ചൂട്ടും കത്തിച്ച് വന്ന് ഒരാണ്ടത്തേക്കുള്ള വീട്ടുസാധനം എത്തിക്കുന്ന സംബന്ധക്കാരന്, മക്കള്‍ക്ക് തന്തപ്പിടി എന്നാല്‍ രണ്ടുനാട്ടിലെ ചാപ്പ കുത്തി വരുന്ന ലക്കോട്ടിലെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്. അയലോക്കക്കാരന് അവന് റേ ബാന്‍ കണ്ണട തരുന്ന ക്രിസ്തുമസ്സ് അപ്പൂപ്പന്, പരിചയക്കാര്‍ക്ക് രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഓസിനടിക്കാവുന്ന സ്കോച്ച്.
ഗള്‍ഫില്‍ ചില സ്ഥലങ്ങളില്‍ പ്രോപ്പര്‍ട്ടി വാങ്ങാം , പക്ഷേ തൊഴിലെടുത്തു
ജീവിക്കുന്നവനു പറ്റില്ല, മോഹന്‍ലാലിനു ഒരു കുടുസ്സു ഫ്ലാറ്റിനു ഒരു മില്ല്യണ്‍ ഡോളര്‍ മുടക്കാം. അതുമല്ല ഇവിടെയാര്‍ക്കും ജോലിയില്ലാതെ താമസിക്കാനാവില്ല, അത്ര ജീവിത ചെലവ്, ഇന്നല്ലെങ്കില്‍ നാളെ പോയേ മതിയാവൂ. അത് റിട്ടയര്‍ ചെയ്യുകയുമാവില്ല മിക്കവരും ഒന്നുകില്‍ തൊഴിലുടമയോട് പോടാ പുല്ലേ എന്നു പറഞ്ഞ് ഇറങ്ങുന്നു, അല്ലെങ്കില്‍ തൊഴില്‍ സ്ഥാപനം നമ്മോട് "ഇറങ്ങിപ്പോടാ" പറയുന്നു. ചിലപ്പോ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു.
തറവാടിയേ,
ഇത് അന്ന് കമന്റ് ആയി അടിച്ചതായിരുന്നു. നീളം കണ്ടപ്പോ പരിഷ്കരിച്ച് പോസ്റ്റ് ആക്കാമെന്ന് കരുതി. പരിഷ്കാരമൊന്നും നടന്നില്ല, ഒടുക്കം അതുപോലെ തന്നെ ഇവിടെയിട്ടു.
സതീഷേ,
ഗള്‍ഫുപണം ദുര്‍വിനിയോഗം ചെയ്താലും അത് സമൂഹത്തില്‍ തന്നെ കറങ്ങിക്കോളും, കാശു ചിലവിട്ട ഗള്‍ഫനു പ്രയോജനമൊന്നും കിട്ടില്ലന്നേയുള്ളു (ഉദാ, വീടുവയ്പ്പ്)
സര്‍ക്കാരിനു ഒരു ഉപദേഷ്ടാവായി വര്ത്തിക്കാമെന്നല്ലാതെ ഈ പണത്തിനു മുകളില്‍ വളരെയൊന്നുംസ് സ്വാധീനിക്കാനാവുന്നില്ല .
ഒട്ട പരിഹാരനായി ഞാന്‍ കാണുന്നത് KeraLa State NRI ബോണ്ടുകള്‍ ഇറക്കി ട്രെഷറിയില്‍ ഈ പണം എത്തിക്കാനാവണം. ഏ ഡി ബി വായ്പ്പ പോലെ നിസ്സാര പണിയല്ല അത്, എന്തിനു ബുദ്ധിമുട്ടണം ആ കാശു തുലയട്ടെ എന്നു വിചാരിച്ചോളും ധനകാര്യ വകുപ്പ്.
മംസി,
ഗള്‍ഫ് ഇനിയൊരു മോഹനസ്വപ്നമായി കൊണ്ടു നടക്കേണ്ടതില്ല, ആ മാന്‍പവര്‍
മാര്‍ക്കറ്റ് വളരെ വേഗം മരിക്കുകയാണ്.
ഹോട്ടല്‍ വിളമ്പുകാരനോ ഓഫീസ് പ്യൂണോ ഡ്രൈവറോ ആയി നാട്ടില്‍ ജോലി ചെയ്താല്‍ മൂന്നു നേരം ഉണ്ട് ജീവിക്കാമെന്നല്ലാതെ പ്രയോജനമൊന്നുമില്ലാത്തതുകൊണ്ടും പിന്നെ നാട്ടില്‍ ഈ തൊഴില്‍ ചെയ്താല്‍ നാട്ടുകാര്‍ തന്നെ പുച്ഛിച്ചു തള്ളുമെന്നതുകൊണ്ടും ചെറിയ ജോലി ചെയ്യുന്നവര്‍ ഗള്‍ഫിലേക്ക് പോകാന്‍ താല്‍പ്പര്യപ്പെടുന്നു. എക്സിക്യൂട്ടീവ് ക്ലാസ് ഗള്‍ഫിലോ നാട്ടിലോ യൂറോപ്പിലോ അമേരിക്കയിലോ പോകണമെന്ന സ്വപ്നവുമായി പഠിച്ചിറങ്ങാറില്ല (ഐ ടി കാര്‍ ചെറിയൊരു അപവാദം) കൊള്ളാവുന്ന പ്ലേസ്മന്റ് കിട്ടുന്നയിടം വിഷ്ണുലോകമാക്കി ജീവിക്കുന്നു, ഇന്നു നാട്ടില്‍ നാളെ ഗള്‍ഫില്‍ മറ്റന്നാള്‍ ഒരുപക്ഷേ വീണ്ടും നാട്ടില്‍ അല്ലെങ്കില്‍ വേറൊരു രാജ്യം.
ശരാശരി ഗള്‍ഫനു കുറച്ചു കാശ് മിച്ചം പിടിച്ച് ചാവക്കാട്ടോ തലശ്ശേരിയിലോ വലിയൊരു വീടുവച്ച് അതെല്ലാം തുലക്കാമെന്നല്ലാതെ എം കെ യൂസഫ് അലിയെപ്പോലെയോ ഗള്ഫാറിനെപ്പോലെയൊ വലിയൊരു സാമ്പത്തിക ബലമൊന്നുമില്ല. അതുകൊണ്ട് അവനു പ്രത്യേകിച്ച് ഒന്നും ചെയ്യാനുമാവില്ല. തലശ്ശേരിയിലെ പോലെ കോ - ഓപ്പറേറ്റീവ് മൂവ്മന്റ് വല്ലതും നടത്താമെന്നല്ലാതെ നാട്ടില്‍ ഒറ്റക്ക് ഒരു സ്ഥാപനം നടത്താന്‍ മാത്രം സമ്പാദ്യവും കെല്‍പ്പുമുള്ള ഗള്ഫുകാര് അധികമില്ലെന്നതാണു സത്യം.
പ്രിയംവദ,
മലയാളി ഗള്ഫന് കുറേയൊക്കെ പുരോഗമിക്കുന്നുണ്ട്, പക്ഷേ അപ്പോഴേക്കും ഗള്‍ഫെന്ന ജോലിസ്ഥലം
മെല്ലെ അടയുകയാണ്. തമിഴന് ഗള്‍ഫിലായാലും ചെന്നെയിലായാലും മുകളില്‍ പറഞ്ഞതുപോലെ കാമധേനുവാകുന്നില്ല. അവനവന്റെ പാടുനോക്കി ജീവിക്കും. 75000 ഗള്‍ഫ് റിട്ടേണീസ് നാട്ടില്‍ ഉണ്ട് മിക്കവരും ചുമ്മാ കുത്തിയിര്പ്പാണ്, നല്ലൊരു ശതമാനവും സാമ്പതിക ഞെരുക്കത്തിലുമാണ്.
മാവേലി,
ഗള്ഫുകാരന് എത്ര എയറു പിടിച്ചാലും കൂളിംഗ് ഗ്ലാസ്സ് വച്ചാലും അവന്റെ കാശ് സ്മാള്‍ സേവിങ്ങ്സ് എന്ന പരിധിയില്‍ നിന്നും വളരെയൊന്നും ഉയരത്തിലല്ല. അതായത് ഒരു വീടു വച്ചാലോ മോളെ കെട്ടിച്ചാലോ ചെറുക്കനു ക്യാപിറ്റേഷന്‍ ഫീ കൊടുത്താലോ തീരുന്നയത്രയേ ഉള്ളു എന്നു ചുരുക്കം. "സ്മാള്‍" സേവ ഉള്ളയാളാണെങ്കില്‍ ഇതൊന്നും ചെയ്യാതെ തന്നെ സ്മാള്‍ സേവിങ്ങ്സ് അഞ്ചു കൊല്ലം കൊണ്ട് നോ സേവിംഗ് ആയിക്കോളും.
എസ് എസ് ഇന്‍വെസ്റ്റ് ചെയ്യാനും ആ കാശു മുടിയാതെ കൊള്ളാവുന്ന എന്തെങ്കിലും ചെയ്യാനും നേരത്തെ പറഞ്ഞതുപോലെ ഇന്ദിരാവികാസ് പത്രയുടെ അര ശതമാനം പലിശ കൂടുതലുള്ള ബോണ്ട് ഇഷ്യൂ ചെയ്യാം കേരള സര്‍ക്കാരിന്, ഗള്‍ഫില്‍ പോയി ഒരു കൊല്ലം ആവുന്നവനെ ഒരു കൌണ്സിലിംഗ് കൊടുക്കാം നോര്‍ക്കക്ക്.
വിദ്യാഭ്യാസം- എതു ഡീപ്പീയീപ്പി ആയാലും ശരി ഇന്റഗ്രല്‍ കാല്‍ക്കുലസ് അല്ലാതെ പണിയെടുത്ത് എങ്ങനെ ജീവിക്കാം എന്നു പഠിപ്പിക്കാറില്ല. നമുക്ക് എന്തു ചെയ്യാന്‍ പറ്റും? നമുക്ക് ബ്ലോഗേല് സ്മാള്‍ സേവിങ്ങ്സ് സ്കീമുകളെപറ്റിയും നേര്ത്തേ ആരാണ്ടും പറഞ്ഞതുപോലെ എഫക്റ്റീവ്
സ്പെന്‍ഡിംഗ് - വെളിവുള്ള ചിലവ് നെ പറ്റിയും എഴുതിയിടാം, ഒരാളെങ്കിലും നന്നാവട്ടെ.
അടുത്ത കമന്റ് രാധേയന് സ്പെഷ്യല്‍.
രാധേയാ,
ഗള്‍ഫ് പണം റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഒരു sectoral pull ഇന്‍ഫ്ലേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്, എന്നാല്‍ കള്ളപ്പണം- ബിനാമി വഴി വടക്കേയിന്ത്യന്‍ സംസ്ഥാനത്തു നിന്നും മന്ത്രിയിടുന്നത് മുതല്‍ seconds വിറ്റ അബ്കാരി ഇടുന്നതുവരെ ഉണ്ടാക്കുന്നതിന്റെ അത്ര വലിയതാണോ അതെന്ന് സംശയം.
എണ്പതു രൂപയുടെ ആവോലിക്ക് നൂറു രൂപ കൊടുത്തിട്ട് ബാക്കി നീ ടിപ്പ് വച്ചോ എന്നു പറയുന്ന മ. ബു. ജാഡക്കാരന്‍ ഗള്‍ഫു (ഇപ്പോഴും ഉണ്ടോ മൂപ്പര്?) വിചാരിച്ചാല്‍ മീനിന്റെ വിലയില്‍ ഒരു കുലുക്കവും വരുത്താനാവില്ല. മീനിന്റെ മാര്‍ക്കറ്റ് വളരെ ബലത്തതാണ്. വിശദീകരിക്കാം.
ഹൈവേ വഴി യാത്ര ചെയ്യുന്നവര്‍ ഇനി നാവായിക്കുളത്തും തോട്ടപ്പള്ളിയിലും എത്തുമ്പോള്‍ വഴിയില്‍ ഒരു കസേരയും നോട്ടുബുക്കും (മടിപ്പുറമല്ല, കിത്താബ്) മൊബൈല്‍ ഫോണുമായി ഇരിക്കുന്ന മച്ചാനെ തിരിച്ചറിയുക. ഇദ്ദേഹം മീന്‍ ഡയറക്റ്റര്‍. പല ഹാര്‍ബറിലായി ലേലം കൊള്ളുന്ന മീന്‍ വണ്ടികളെല്ലാം മീന്‍ ഡയറക്റ്ററുടെ അടുത്തെത്തുന്നു. പുള്ളി നോട്ടുബുക്ക് നോക്കി "നീ കിളിമാനൂര്‍ വഴി തെക്കേ ചന്തക്ക് പോ" "അയാള്‍ മുള്ളുവിള വഴി അയത്തിലോട്ട് പോകട്ടെ" എന്നിങ്ങനെ ലോജിസ്റ്റില് സപ്പോര്‍ട്ട് കൊടുക്കും. വണ്ടിയൊന്നിനു പത്തുരൂപയോ മറ്റോ കിട്ടും. മീനിന്റെ ക്രമവില (അക്രമവിലയാണ് ഇക്കാലത്ത്) ഇങ്ങനെയാണ് നിലനിര്‍ത്തുന്നത്. അതായത് അഞ്ചു വണ്ടി മീന്‍ അവിചാരിതമായി ഒരു
ഏരിയയിലെത്തി എല്ലാവനും തെണ്ടിപ്പോകില്ലെന്ന് ചുരുക്കം. ഒരു സമയം ശരാശരി ഒരു ലക്ഷം ഗള്ഫന് നാട്ടിലുണ്ടെന്നും അതില്‍ അമ്പതിനായിരം പേര് മീന്‍ വാങ്ങിയെന്നും അതില്‍ പതിനായിരം പേര് "ടിപ്പു" സുല്‍ത്താന്‍ ചമയുന്നെന്നും വയ്ക്കുക, ലവന്മാര് വിചാരിച്ചാല്‍ മീനിന്റെ മൊത്തത്തിലുള്ള വിലയില്‍ അഞ്ചിന്റെ തുട്ടു പോലും കൂടില്ല, കാരണം ഈ ഇന്‍ഫോ മീന്‍ ഡയറക്റ്റര്‍ സൂക്ഷിക്കുന്നില്ല ഉണ്ടെങ്കില്‍ തന്നെ പത്തമ്പതിനായിരം ചന്ത നാട്ടില്‍ ഇല്ലേ ഒരുത്തന് പത്തു മീന്‍ വാങ്ങിയാല്‍ എന്തു മാറ്റം വരാനാ.
തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് കെട്ടിട നിര്‍മ്മാണത്തൊഴിലാളികളും അവിദഗ്ദ്ധത്തൊഴിലുകള് ചെയ്യുന്നവരും വരുന്നതിന്റെ പ്രധാന കാരണം നാട്ടില്‍ ആവശ്യത്തിനു തൊഴിലാളികള്‍ ഈ മേഖലകളില്‍ ഇല്ലാത്തതാണ്. സ്വന്തം പരിസരത്ത് ഇരുപതു വര്‍ഷം മുന്നേ എത്ര മേസ്തിരിമാര്‍ ഉണ്ടായിരുന്നു, എത്ര പറമ്പുപണിക്കാര് ഉണ്ടായിരുന്നു ഇന്ന് എത്രയുണ്ടെന്ന് നോക്കിയാല്‍ സപ്ലേ ഷോര്‍ട്ടേജ് മനസ്സിലാവും. അങ്ങനെ മലയാളിക്കു ഗള്ഫെന്നപോലായി പാണ്ടിക്കു കേരളം! മേസ്തിരിയെക്കാള് നല്ല ജോലി കിട്ട മലയാളി ഉണ്ടാക്കിയ വേക്കന്റ് സീറ്റ് ആകുമല്ലോ അത്, ആര്‍ക്കെങ്കിലും പ്രയോജനം ചെയ്യട്ടെ. ഗള്‍ഫ് പണം വന്നാലും ഇല്ലെങ്കില്‍ സര്‍ക്കുലേഷനില്‍ നിന്നും പണം സഹ്യപര്‍വ്വതം ചാടി അപ്പുറത്തേക്ക് പൊയിക്കൊണ്ടേയിരിക്കും. ഒരു ബീഡി വാങ്ങിയാല്‍ കാശ്
നാഗര്‍കോവിലില്‍ പോയി, ഒരു തീപ്പെട്ടി വാങ്ങിയാല്‍ ശിവകാശിക്കു പോയി, പെമ്പ്രന്നോരു ഒരു മുഴം മുല്ലപ്പൂ വാങ്ങിയാല്‍ കാശു തോവാളയില്‍ പോയി, അരിവാങ്ങിയാല്‍ നന്ദ്യാലക്ക് പോയി, എന്തെടുത്ത് നമ്മള് എവിടെ മുടക്കും നാട്ടില്‍?
CDR കുറഞ്ഞുപോയത് കൊള്ളാവുന്ന -ക്രെഡിറ്റ് വര്‍ത്തി - പ്രൊപ്പോസലുകള്‍ നാട്ടില്‍ ഇല്ലാത്തതുകൊണ്ടാണ്. ബാങ്കെന്നാല്‍ ഐ ആര് ഡി പീ ലോണെടുത്ത് വെള്ളമടിക്കാനും, വീടോ ബൈക്കോ വാങ്ങാന്‍ ഹയര്‍ പര്ചേസിനും പിന്നെ കടം കയറി മുടിയുമ്പോള്‍ ജ്യുവലറി പ്ലെഡ്ജാനും മാത്രമല്ലേ മലയാളിക്ക്? കൊള്ളാവുന്ന തമിഴനും തെലുങ്കനും മാര്വാര്ഡിയും ക്രെഡിറ്റ് എടുത്തു, അവന് അതുകൊണ്ട് കാശുകാരനായി. നമ്മള് നാട്ടില്‍ എന്നോ ഇന്റര്‍നെറ്റ് സിറ്റി വരുമെന്നും എഴിമലയില്‍ ഒരു നാവിക അക്കാഡമി വന്നാല്‍ പിന്നെ ഓടയിലൂടെ പാലും തേനും ഒഴുകുമെന്നും പറഞ്ഞുകൊണ്ട് ചാരുകസേരയില്‍ കിടപ്പുണ്ട്.
മ്മഡെ കേരളാ ധനകാര്യ വകുപ്പ് വിചാരിച്ചാല്‍ റിസര്‍വ്വ് ബാങ്ക് NRI ബോണ്ടോ മറ്റോ തുടങ്ങാന്‍ സമ്മതം തരാതിരിക്കുമോ? CDR പ്രശ്നം അതോടെ തീര്‍ന്നില്ലേ? തലശ്ശേരിക്കാര് ചെയ്തതുപോലെ ചാവക്കാട്ടും പൊന്നാനിയിലും കുറേ എന്‍ ആര് ഐ കോ ഓപ്പറേറ്റീവ് സ്ഥാപനം തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടോ? ആളുകള്‍ക്ക് മിനക്കെടാന്‍ വയ്യാ, ആറെസ്സെസ്സും ഐയ്യെസ്സെസ്സും ഉണ്ടാക്കാന്‍ തന്നെ നേരം തികയുന്നില്ല, പിന്നെ സീരിയലോ?
ഒനു ചിന്തിച്ചാല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് ഒഴുകിയെത്തിയ പണപ്രവാഹം, അതിനു തോന്നിയ കൈവഴികളിലൂടെയും, ഊടുവഴികളിലൂടെയും ഇനി വഴികളില്ലാത്തിടത്തൂടെയുമെല്ലാം ഒഴുകിപ്പരന്ന് അസ്സലാകപ്പാടെ നോക്കിയാല്‍ ഒരു മഹാഭൂരിപക്ഷത്തിനും ഉപകാരപ്രദമല്ലാത്തരീതിയില് വറ്റിപ്പോകുകയാാണെന്നും പറയാം. ഇതിനെ ചനലൈസ്ചെയ്ത് ഒരു കോമണ്‍ പൂളില്‍ കൊണ്ട് വന്ന് ഉപയോഗപ്രദമായ കനാലുകളിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതികളല്ലേ നമുക്കു വേണ്ടത്?
ദേവേട്ടാ,
കിടിലന്‍!
നരി ബോണ്ട് 007 ഇറക്കാം എന്ന ഐഡിയ കൊള്ളാം. പക്ഷേ ചാരുകസേരയില്‍ നിന്നെഴുന്നെല്ക്കുന്നതാലോചിക്കുമ്പഴാ.. :-)
പ്യിന്നേയ്... ഫൈസലു വീട്ടിലേയ്ക്, ആ മോസൈക്ക് മാറ്റി, എല്ലാ മുറീലും ഗ്രാനൈറ്റ് ഇട് എന്ന് പറഞ്ഞ് പൈസ അയച്ചിട്ട്, അത് കോമണ്‍ പൂളിലൂടെ നിങ്ങള്ടെ ബീവി എടുത്ത് കുടുംബശ്രീയ്ക് കൊടുത്താ ഫൈസലു സമ്മതിയ്കുമോ?
മിണ്ടാണ്ടെ.. ഇരുന്നോ അവിടെ... കോമണ്‍ പൂളും.. സ്വിമ്മിംഗ് പൂളും... ഒക്കേനും എട്ടിലേ പശുവാ..... കരടും കറണ്ടും ഒക്കെ അടിയ്കാത്ത കുറെ രേഖകളു നമ്മടെ കേരള ഗവമ്നെന്റിന്റെ അടുത്തിരുപ്പുണ്ട്... എന്തായി? പണ്ടോരു ഗള്‍ഫാറില്‍ ഒരു ഇന്‍വസ്റ്റ്മന്റ് മീറ്റി നടത്തീ.... എന്തായി? (മീറ്റ് നടത്തിയ കാശുണ്ടായെങ്കില്, കൊച്ചീലെ മാലിന്യ കുമ്പാരം മാറ്റായിരുന്നു, അത് മാറ്റാം കൂടിയ കൊച്ചീലെ മേയര്‍ടെ അപ്പീസിലു അതിലും വലിയ മാലിന്യം കൊട്ടി മറയ്കുന്ന തെറി തര്‍ക്കമാണുണ്ടായത്). അതോണ്ട് നമ്മടെ അവിടെ ഒന്നൂം നടക്കൂല്ലാ.. ഒരു കായം കൊച്ചൂണ്ണീ വരാതെ...
അതേ..അതു തന്നെ പ്രശ്നം! നമ്മടെ നാട്ടില്‍ ഒന്നും നടക്കൂലാന്നും പറഞ്ഞ് ദേവരാഗം പറഞ്ഞ ചാരുകസേരേല് കിടക്കുന്നതു തന്നെ പ്രശ്നം. വരുന്ന വരുന്ന തിരഞ്ഞെട്പ്പിനൊക്കെ അടയാളം കുത്തി വീട്ടീപ്പോയി പുതച്ചു മൂടിക്കിടന്നാ തീരുന്ന രാജ്യസ്നേഹം!ബാക്കിയെല്ലാം പിന്നെ അവന്മാരു ചെയ്തോളുമല്ലോ (ഓവ്വൊവ്വ!) അറ്റ് ലീസ്റ്റ് ഒരു 10 പ്രവാസികള്‍ വിചാരിച്ചാ ഇങ്ങനെ മിച്ചം പൂള് ചെയ്യാന്‍ പറ്റും. അത് വേണ്ടവിധം ചനലൈസ് ചെയ്താല്‍ അതിന്റെ ഉടമകള്‍ക്കും പിന്നെ ഒരു ചെറിയ വിഭാഗം ആള്‍ക്കാര്‍ക്കും അതിന്റെ പ്രയോജനം വരും. അങ്ങിനെ ഒരു 100 ഗ്രൂപ്പുകള്‍ ആയാല്‍....? അല്ലാണ്ടെ കായം കുളം കൊച്ചുണ്ണിയേം പ്രതീക്ഷിച്ചിരുന്നോ..വരും!
ഫൈസലേ.. പഞ്ചായത്തീന്ന് ഇത് പോലെ കാശു പിരിച്ച്, കുടുംബശ്രീക്ക് കൊടുത്ത് കുറെ ജാനമ്മയും, ശ്രീലതയും ഒക്കേനും കൂടി മുറുക്കും ഉണ്ടയും ഒക്കെ ഉണ്ടാക്കി വീടുകളില്‍ കൊടുക്കുമ്പോ അത് മേടിയ്കാണ്ടേ, വര്‍ക്കീസും, ഇവീസീന്നുമൊക്കെ മേടിയ്കാന്‍ കാണിയ്കുന്ന ആ മെരുക്കന്‍ സ്വഭാവോം കൊണ്ട് നടന്നാ ഈ പറയുന്ന ഗ്രൂപ്പുകള്‍ ഉണ്ടാവുമോ? അവനവന് 4000 സ്വ.ഫീറ്റിലും 5 നിലയിലും വീട് വയ്കമ്പോ അപ്പറത്തെ കുടിലിലുള്ളവനു, ഓല വാങ്ങി കൊടുക്കണ്ട പോട്ട്, അല്പം വഴി ചോദിച്ചാലിവന് ഗള്ഫന് കൊടുക്കുല്ലാ.. പിന്നെയാ ഗ്രുപ്പീടീല്... ഈ വക ഒക്കെ ചെയ്യാന്‍ വോട്ട് ചെയ്യാനും പുതച്ച് മൂടാനും, ചാരിക്കിടക്കാനും ഒന്നും പോണ്ടാ, ചുമ്മ ചെയ്താ മതി.
ഒരു ഇടി ഈ സമകാലികത്തില്‍ ഞാനും ദേവനുംകൂടീ നടന്നതാ, അതാ ഞാനിത്രേമ്മ് മിണ്ടാതെ ഇരുന്നത്.
നമിച്ചിരിക്കുന്നപ്പാ,എം.പി.നാരായണപിള്ള പുനര്ജനിച്ചോ ദേവേട്ടാ.
ഞാന്‍ ചില പ്രശ്നങ്ങളിലേക്ക് നയിച്ചു എന്നെ ഉള്ളൂ.എനിക്കറിയാം ദേവേട്ടന് ചുട്ട മറുപടി തരുമെന്ന്.പണം സര്‍ക്കുലേഷനില്‍ നിന്ന് പുരഠു പോകുന്നു എന്നത് നമ്മള് 2 പേരും അംഗീകരിക്കുന്നു എന്ന് തോന്നുന്നു.
CDR പ്രശ്നം ലളിതമാണ്.പക്ഷെ അത് വലിയ പ്രശ്നം തന്നെയാണ്.ബാങ്ക് തുടങ്ങാനോ ബോണ്ട് ഇറക്കാനോ RBI അനുമതി തന്നാല്‍ പ്രശനം പകുതി തീര്‍ന്നു.അത്തരമൊരു സാഹചര്യത്തില്‍ ADB loan പോലും ആവശ്യമില്ല.8-10 % പലിശ കിട്ടിയാല്‍ ആളുകള്‍ പൈസ നിക്ഷേപിക്കും.പക്ഷേ RBI അനുമതി കിട്ടില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നം.അതാണ് നമ്മുടെ ഫെഡറലിസത്തിന്റെ ഒരു പോരായ്മയും.സംസ്ഥാനത്തിന്റെ വരുമാന ശ്രോതസ്സുകള്‍ മാന്താന്‍ നടക്കുന്ന കേന്ദ്രം.
അതുല്യാ...അദന്നെ പോയന്റ്. നമ്മള് ഗള്‍ഫുകാരില്‍ പലര്‍ക്കുമുള്ള (എല്ലാവരും എന്നു ഞാന്‍ പറഞ്ഞില്ലാ) ആ ഒരു മനോഭാവം മാറാതെ ചുമ്മാ ബാക്കിയുള്ലോരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാന്ന്! രാധേയന് പറഞ്ഞ കാര്യങ്ങള്‍ അസഹിഷ്ണുത ആയിട്ടല്ല കാണേണ്ടത്. കിട്ടുന്ന കാശ് നാട്ടിലേക്കയച്ചുകൊട്ത്താല് തീര്‍ന്നു എല്ലാം എന്നു കരുതിയിരിക്കുന്ന നാം ഗള്‍ഫുകാരുടെ മനോഭാവമാണ് മാറേണ്ടത്.
ഇത്ര പൈസ മിച്ചം വന്നാലും ഭാവി ഭാവി എന്ന ഒരു ഭൂതം നമ്മടെ തലമണ്ടേലു ഇരിയ്കണുണ്ട്. അതോണ്ട് ഒരു കൂട്ടം, ഭയങ്കര ബുദ്ധിയുള്ള പൊന്മാന് പോയി സിനിമ പിടിയ്കും (50 ഇരട്ടി ലാഭാന്ന് ഏതോ ഒരു ശത്രു പറയൂം ഒക്കേനും ഭും! ചിലപ്പോ), മറ്റേ കൂട്ടം പോയി പൊന്നും വിലയ്ക് ആ പരിസരത്തെ മണ്ണൊക്കെ മേടിച്ച് മതിലു കെട്ടി,ഇവിടെ ചപ്പ് ചവറു നിക്ഷേപിയ്കരുതെന്ന് ഒരു ബോര്‍ഡും വയ്കും. അതോടെ അവന് ചാരു കസേരയിലേയ്ക് മറയും.
അതോണ്ട് ആ ഭാവി എന്ന ഭൂതത്തിനെ കുറിച്ചുള്ള പേടി പോവാത, മിഡില്‍ ക്ലാസ്സ്, പഠിപ്പില്യാത്തവന്റെ സമ്പാദ്യം മതിലു കെട്ടി ബോര്‍ഡു വച്ച് തന്നെ തീരും. കാശും ബുദ്ധിയും (സരസ്വതീം ലക്ഷ്മീം രണ്ടും പെണ്ണല്ലേ ജാതി...) ഒക്കെ ഒരുമിച്ച് എത്രയാളുടെ കൈയ്യിലു കാണും ഫൈസലേ?
ഫൈസലേ,
കൊച്ചി വിമാനത്താവളവും, ഇടതു ചായ്വുണ്ടെങ്കില്ക്കൂടി തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലും ഷോപ്പിംഗ് കോമ്പ്ലക്സും എല്ലാം എന്‍ ആര് ഐ ഫണ്ട് മൊബിലൈസ് ചെയ്ത് ഉണ്ടാക്കിയതാണ്.
വല്ല നാട്ടിലും കിടക്കുന്ന നമ്മള്‍ക്ക് നാട്ടിലെ ബിസിനസ്സ് നിലവാരം അറിയാത്തതുകാരണം ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയോ മറ്റോ കൊള്ളാവുന്ന രീതിയില്‍ നടത്താന്‍ പറ്റുന്ന ബിസിനസ്സ് ഗ്രൂപ്പിനെ ഏല്പ്പിക്കലാവും ഒരു വഴി. അംഗങ്ങള്‍ ആയിരം ഇന്ത്യന്‍ രൂപയുടെ ഓരോ ഷെയര്‍ എടുത്താല്‍ മതി, ഒരഞ്ചുകോടി മുടക്കുള്ള സ്ഥാപനം തുടങ്ങി കിട്ടും.
നേരിട്ടു നടത്താല്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ഡബില്‍ കോള ഇറക്കിയതുപോലെ ആകുമെന്ന് ഭയമുള്ളതുകൊണ്ടാണെന്ന് വയ്ക്കാം. ഒരു മാസം ഇന്റര്‍നെറ്റ് കണക്ഷനു കൊടുക്കുന്ന കാശല്ലേയുള്ളു ആയിരം പോനാല്‍ പോഹട്ടും എന്ന് റിസ്ക് ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മന്റ് നടത്തിയാലും തരക്കേടില്ല.
അതുല്യാമ്മേ, കാശുള്ളവന് ബുദ്ധി വാടകക്കെടുക്കും, ബുദ്ധിയുള്ളവന് കാശിനതു വില്‍ക്കും. ഈ പലതുള്ളിയെ ഒരു പെരുവെള്ളം ആക്കുകയേ വേണ്ടു. റിസോര്‍സ് പൂളിംഗ് വല്യ കാര്യമല്ല ഇക്കാലത്ത്.
രാധേയാ,
നാണപ്പന് ചേട്ടന് പോയി, ഇനി വരില്ല.
8% NRI ടാക്സ് സേവറുമായി ഇലനക്കിപ്പട്ടിയുടെ ചിറിനക്കി പട്ടിയായി കേന്ദ്രേട്ടന് ഇരിപ്പുണ്ട് പാരയായി, അതുകൊണ്ട് 10% ബോണ്ട് സമ്മതിക്കില്ലായിരിക്കും, പക്ഷേ നമ്മള് 8% ഇറക്കും, പോട്ടെ 7.5 ആയാലും മതില്ലോ ആളുവരും.
എന്താ സമ്മതിക്കാതെ? ആന്ധ്ര പ്രദേശം ഇക്കണ്ട ഇന്‍ഫോ പാര്‍ക്കെല്ലാം കെട്ടിയത് ദുബായിലെ ഇന്റര്‍നെറ്റ് സിറ്റിക്ക് പുരയിടം എഴുതി കൊടുത്ത് വേറൊന്നും തുറക്കൂല്ലെന്ന് അടിയറവും പറഞ്ഞിട്ടല്ലല്ലോ, 8% NRI ബോണ്ട് കൊടുത്തിട്ടല്ലേ, തെലുങ്കന്മാരുടെ പാലം വലിക്കാത്ത RBI ഭയങ്കര പുലി ധനത്തിനുമേല്‍ ഇരിക്കുന്ന കേരളത്തിനിട്ട് പാര താങ്ങുമോ? തലേക്കെട്ടുകാര്‍ ഒറ്റക്കിയാല് നമ്മളു പ്രകാശ് കാരാട്ടിനെ കൊണ്ട് വിരട്ടൂല്ലേ (എന്തോന്ന് ആട്ടോണമി ആര് ബി ഐക്ക്, കേന്ദ്രന് തന്നെ ലവനും) പശ്ചാത്തലത്തില്‍ (ആറ് എം എല്‍ ഏ മാരെക്കൊണ്ട് അഞ്ഞൂറാന് പറയിച്ചു ഈ കല്യാണം നടന്നാല്‍ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന്. ഒടുക്കം മന്ത്രിസഭ വീഴുമെന്നായപ്പോ...
8% നു പുറത്ത് ROI ഉള്ള വല്ലതും സര്‍ക്കാരിനു നടത്തി ശീലമുണ്ടോ എന്നതാണു വേറൊരു പ്രശ്നം. നാട്ടിലാണ് ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്തതെങ്കില്‍ രാധേയനറിയാമായിരിക്കുമല്ലോ, ഒരുമാതിരി ബിസിനസ്സ് ഉള്ള ഏതു പെട്ടിക്കടക്കും, ടെക്സ്റ്റൈത്സിനും ഹോട്ടലിനും 15-25% ROI ഉണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്ലാന്റേഷന് കോര്പ്പറേഷന് ഒഴികെ (അതു വേറൊന്നുമല്ല റബ്ബര്‍ പാല് ചുരത്തുന്ന കാമധേനുവായിട്ടാ) ഒരു കുന്തവും 10% ഇല് പുറത്ത് റിട്ടേണ്‍ തരുന്നില്ല. ട്രഷറിയുടെ പൂളില്‍ ഇട്ട് നമ്മളെ ഫൂള്‍ ആക്കാതെ വല്ല ആണത്തവും അറിവും ഉള്ള ബോണ്ട് ട്രസ്റ്റിയെ വച്ച് ഐശ്വര്യമായി നടത്തണം(പെന്ഷന് പറ്റി കോഞ്ഞാട്ടയായ
ജഡ്ജിയെയും ഐ ഏ സ് തമ്പുരാനെയും ഗ്രൂപ്പുകളി ഒതുക്കാന്‍ ചെയര്‍മാനാക്കിയ കുട്ടി നേതാവിനെയും വേണ്ടാന്നു ചുരുക്കം). നാലു ചക്രം കൂടുതല്‍ ഖജനാവിലും പോകും, എന്‍ ആര് ഐക്കും ചില്ലറ കിട്ടും, കാശവിടെ സുരക്ഷിതമായി കിടക്കുകയും ചെയ്യും.
ഇത് ഗള്ഫന്റേ കാശാന്ന് നാലു പേരഞ്ഞാമതി, പിറ്റേ ദിവസം എപ്പോ പൂട്ടീന്ന് ചോദിച്ചാ മതി, ജോയിന്റ് സ്റ്റോക്ക്. വിശദ വിവരം ഞാന്‍ പറഞ്ഞ് തരാം. പണ്ട് ഞാനും ഒരാളും കൂടി ഒരു മറൈന്‍ കമ്പനി തുടങ്ങി, വില്ല്ഗ്ട്ടണ് ഐലന്‍ഡില്‍. ഒരു ഫോര്ഫേഡിംഗ് ക്ലിയറിംഗ് മണ്ണ് വാരലൊക്കെ മിക്സ് ചെയ്ത് ഒരു കമ്പനി. മ്മ് മ്മ് ജോയിന്റ് തന്നെ. പിന്നേം അറിഞ്ഞ് ആളു കൂടി. എന്റേം 1000 എന്റേം 1000... വേണ്ട, ന്യൂ ഇയറായിട്ട് എന്റേ മണ്ട അല്ലേലേ പുകഞ്ഞിരിയ്കുവാ. ചുമ്മാ ഒഴുകി പോയതൊക്കെ പിന്നേം പൊറുക്കാന്‍ നിന്നാ... ബി.പി കൂടും.
ഞാന്‍ നാണപ്പെട്ടന്റെ വലിയ ഫാന്‍ ആണ്.പുള്ളിയുടെ ഇക്കണോമിക്സണ് ഇക്കൊണോമിക്സ്.ദേവേട്ടാ,ഞാനിടക്ക് പ്രകോപിപ്പിക്കാം.ദേവേട്ടനും അതിനടുത്തൊക്കെ പിടിക്കാം.
ദേവേട്ടന് പറഞ്ഞത് ശരിയാണ്.ROI(Return on Investment)ഉള്ള സര്‍ക്കാര്‍ സ്ഥാപനം തന്നെ കുറവാണ്.പിന്നല്ലേ 12-15 റേഞ്ച്.പക്ഷേ നമ്മുടെ നാടിന്റെ സാമ്പത്തികഭൂപടം(അതെന്ത് പടം)നോക്കിയാല്‍ ആളുകള്‍ക്ക് ഉല്പ്പാദനസ്വഭാവമുള്ള സംരംഭങ്ങള്‍ക്ക് മൂലധനമിറക്കുന്ന പതിവില്ല.സേവനമേഖലയാണ് പഥ്യം,ബ്ലേഡ്,ആശുപത്രീ,വിദ്യാഭ്യാസം,മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ പോകും പ്രഥമ പരിഗണനകള്‍. ട്രേഡിങ്ങ് പിന്നെയും കുഴപ്പമില്ല.പക്ഷേ പ്രൊഡക്ടീവായ സംരംഭങ്ങള്‍ തീരെ ഇല്ല.നാട്ടിലെ വ്യവസ്ഥിതിയെ കുറ്റം പറയുമെങ്കിലും സംരഭകത്വത്തിന്റെ അഭാവമണതിനു കാരണം എന്നെനിക്ക് തോന്നറുണ്ട്.ഒരു പെട്ടിക്കട വിജയിച്ചാല്‍ അടുത്തൊരണ്ണം കൂടി തുടങ്ങി ആദ്യത്തേത് പൂട്ടിക്കുന്നതില്‍ ഒതുങ്ങി നില്ക്കുന്നു നമ്മുടെ നാട്ടിലെ entrepreneurship.
പിന്നെ NRI joint ventureകള്‍.ചിന്തിക്കേണ്ട വിഷയമാണ്.സര്‍ക്കാര്‍ മാത്രമല്ല നമ്മളും.ഒന്നാം ഗള്‍ഫ് യുദ്ധത്തിനു സമാനമായതോ അതിനേക്കാള്‍ ഭീകരമായതോ ആയ ഒരു കുടിയിറക്ക് എന്നും പ്രതീക്ഷിച്ച് വേണം ഓരൊ ഗള്‍ഫനും കഴിയാന്‍.ഞെട്ടറ്റാല്‍ ചുവട്ടില്‍ എന്നല്ലേ പ്രമാണം.
ദേവരാഗം.. വളരെ നല്ല ഒരു പോസ്റ്റ്. പോസ്റ്റ് ഇന്നലെ വായിച്ചതാണെങ്കിലും അതിനുശേഷമുള്ള കമന്റുകളും മറുപടികളുമാണ് കൂടുതല്‍ നന്നായത്.
ഗള്‍ഫുകാരന്റെ വിയര്‍പ്പിന്റെ വില അവിടെയും ഇവിടെയുമായി ഒഴുകിപോകുന്നതും, ചിലരൊക്കെ അവിടെയും ഇവിടെയും ഒന്നുമൊന്നും ആവാതെപോകുന്നതും വിശദമായി വിവരിച്ചത് ഒരു കണ്ണുതുറപ്പിലാണ്. റിസോര്‍സ് പൂള് ചെയ്യുന്നത് ഒരു നല്ല ഐഡിയ തന്നെയാണ്, അതുകൊണ്ട് ഉപകാരപ്രദമായ സംരംഭങ്ങളും തുടങ്ങട്ടെ.
(ഓ.ടോ: ദേവരാഗം, ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തമായി വസ്തു വാങ്ങിക്കാനോ, കച്ചവടം നടത്താനൊ സാധിക്കില്ലെന്നു പറഞ്ഞല്ലോ.. അത് ഒരു വിദേശ രാജ്യം.. എന്നാല്‍ ഇന്ത്യയില്‍ നമ്മുടെ സ്വന്തം മാതൃരാജ്യത്തിലെ ചില സംസ്ഥാനങ്ങളില്‍ പ്രവേശിക്കുന്നതിന് പോലും, ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ പോലും സാധ്യമല്ല. ഈ സര്‍ക്കാരുകള്‍ ഇഷ്യൂ ചെയ്യുന്ന ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വേണം. ഒരു തരം വിസ പോലെ. ഈ സംസ്ഥാനങ്ങളില്‍ സ്വന്തമായി ഭൂമി വാങ്ങിക്കുന്നതിനോ,കെട്ടിടം പണിയുന്നതിനോ, കച്ചവടം നടത്തുന്നതിനോ സാധ്യമല്ല. ഒരു രണ്ടാം തരം പൗരന്മാരെപ്പോലെ കഴിയാം. കാരണമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സംസ്ഥാനത്തിനു വെളിയില്‍ കടത്താം. ഗള്‍ഫ് മലയാളികളുടെ കാര്യം പറഞ്ഞപ്പോള്‍, ഇന്ത്യക്കകത്തും ചിലയിടങ്ങളില്‍ ഇതുപോലെ നിയമങ്ങളുണ്ടെന്ന് അറിയാനായി എഴുതിയെന്ന് മാത്രം)
കൃഷ് | krish
എല്ലാ ബ്ലോഗേര്സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു
ഇങനെ ഒന്നും നടക്കത്തില്ല എന്നു പറയുന്നതു കഴിഞ്ഞ അനുഭവം. എന്നാലും ഇനിയെന്തു ചെയ്യണം എന്നള്ളത് ഒരു പുതിയ മനസ്സോടെ ചിന്തിയ്ക്കാം. ഒരു പക്ഷെ മലയാളിയ്ക്കു ഈ പരാജയ സിന്‍ഡ്രോം ഒന്നു മാറ്റിയെറ്റുക്കാനുള്ള മാര്‍ഗ്ഗം സ്വന്തം സംരംഭത്തില്‍ ജയിയ്കാന്‍ കഴുമെന്നുള്ള ബോധമുണ്ടായാല്‍ കുറയുമെന്നൊരു തോന്നല്‍.
അതുകോണ്ട്, കേരളത്തില്‍ നടത്താന്‍ കഴിയാവുന്ന എതെങ്കിലും ബിസിനസ് പ്രൊപ്പോസലുമായി മുന്നോട്ടു വരാന്‍ ആരെങ്കിലും ശ്രമിയ്ക്കട്ടെ. ബിസിനസ്സെന്നു പറഞ്ഞാല്‍ ഇന്‍ വെസ്റ്റുമെന്റു മത്രമല്ല്, അതിന്റെ പ്രോഡക്റ്റെ വില്‍ക്കാനുള്ള പുതുമയുള്ള ആശയങ്ങള്‍ ഉണ്ടക്കുന്നു എന്നുള്ളതാണ്.
കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഇമിഗ്രന്‍ റ്റ്സിന്റെ അവശ്യമനുസരിച്ച് വിദേശ ബാങ്കുകള്‍ രംഗത്തെത്തുന്നു എന്ന്. അതായതെ റെമിറ്റന്‍സ്, ICIC വഴി റമിറ്റന്‍സ് അയച്ചാല്‍ അതു സ്വീകരിയ്ക്കുന്നവനു നാട്ടില്‍ സമ്മനങള് കൊടുക്കുന്നു തുടങിയവ. കസ്റ്റമേഴ്സിനെക്കുറിച്ചുള്ള ശ്രധയാണ് വിദേശ ഇന്‍ വെസ്റ്റുമെന്റിന്റെ കാതല്‍.
ലിബറലിസം മാര്‍കറ്റ് എക്കോണമി എന്നു പറയുന്നതു തന്നെ ക്രിയേറ്റിവിറ്റിയൂം ആവശ്യവുമനുസരിച്ച് എങ്ങനെ ബിസിനസു ചെയ്യാം എന്നുള്ളതാണ്. പക്ഷെ നമ്മ്ലിപ്പോഴും ബിസിനസ്സിനു അദ്ധ്വാനിച്ചു കശൊണ്ടാക്കിയുട്ട്, പിന്നെ രാഷ്ട്രീയക്കാരന്റെ പുറകെ നടക്കുന്നു. നമ്മുടെ അഞത്യാണ് അവരുടെ ബലം
അതുകോന്ണ്ട് താല്പര്യമുള്ളവര് സ്വന്തമായ ബിസിനസു പ്രൊപ്പോസല്‍ നടത്തുക. സാധ്യതകള്‍ പുറത്തു വരട്ടെ. ഏതു ബിസിനസും ആദ്യമൊരാശയമാണല്ലോ
കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ് മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ് ബ്യുറോ മെമ്പറുമായ സ: വി എസ് അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ് ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ് 7 നാണ് കണ്ണൂരില്‍ വച്ച് വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്.
സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ് അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന് , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന് പങ്കെടുക്കുന്നത്.
സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.
കമ്മ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന് ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ് ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം.
പിപ്പിള്‍സ് ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട് പി.സി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
May 3, 2007 4:36 AM
Post a Comment