Sunday, May 15, 2005

സിനിമയിലെ അക്ഷരഗുരു

UNICODE MALAYALAM:
(From Mathrubhumi Weekend edition: Converted for the UnicodeMalayalam Readers)
____________________________________________________
"സിനിമയുടെ മായികകവാടത്തിന്‌ മുന്‍പില്‍ അത്ഭുതത്തോടെ അറച്ചുനില്‍ക്കാന്‍ മാത്രം അവസരം കിട്ടിയിട്ടുള്ള എന്റെ സമീപത്ത്‌ മലയാള സിനിമയുടെ 'തലതൊട്ടപ്പന്‍' നിര്‍വികാരനായി, നിസ്സംഗനായി ഇരിപ്പുറപ്പിച്ചിട്ട്‌ നേരം കുറേയായിരിക്കുന്നു. ഏതോ നിയോഗമാവാം എന്റെ മുമ്പില്‍ അദ്ദേഹത്തെ കൊണ്ടുവന്നിരുത്തിയത്‌. സിനിമയുടെ ലോകത്തേക്ക്‌ കടക്കുന്നത്‌ ഈ പൂര്‍വസൂരിയെ കണ്ടുകൊണ്ട്‌ തന്നെയാവുക എന്നത്‌ ഒരപൂര്‍വ അനുഭവമാവും" പ്രശസ്ത സംവിധായകന്‍ കമല്‍ മലയാള ചലച്ചിത്രാചാര്യനായിരുന്ന മുതുകുളം രാഘവന്‍പിള്ളയെ ഓര്‍ക്കുന്നു: _________________________________________________


ജൂണ്‍ മാസത്തിനൊടുവിലെ വേനല്‍ച്ചൂടില്‍ മദിരാശി നഗരം വെന്തുരുകുകയാണ്‌. ആ മധ്യാഹ്നക്കാഴ്ചയില്‍ നഗരം വലിയൊരു വറചട്ടിയില്‍ വീണെരിയുന്നതുപോലെ. 'കത്തിരി' എന്ന്‌ തമിഴ്‌നാട്ടുകാര്‍ പറയുന്ന താപം ഏറ്റവും കൂടുതല്‍ ഉയരുന്ന ആണ്ടിലെ വേനല്‍പ്പകലുകളിലൊന്ന്‌. ഇപ്പോള്‍ നാട്ടില്‍ മഴ തകര്‍ക്കുകയാവും. പെയ്തുനിറഞ്ഞ പാടങ്ങളിലും കുളങ്ങളിലും കുണ്ടനിടവഴികളിലുമിരുന്ന്‌ പോക്കാച്ചിത്തവളകള്‍ പാടുന്നുണ്ടാവും. കുളിരുള്ള പ്രഭാതങ്ങളില്‍ നനഞ്ഞൊട്ടിയ പുത്തനുടുപ്പുകളുമായി കുട്ടികള്‍ സ്കൂളുകളിലേക്ക്‌ ഓടിക്കയറുന്നുണ്ടാവും. കറന്റ്‌ പോയ രാത്രികളില്‍ ജനലിലൂടെ ഇടവിട്ടു വീഴുന്ന ഇടിമിന്നലിന്റെ വെളിച്ചത്തില്‍ എനിക്ക്‌ പ്രിയപ്പെട്ടവരൊക്കെ മൂടിപ്പുതച്ച്‌ കിടന്നുറങ്ങുന്നുണ്ടാവും. എന്റെ പ്രിയപ്പെട്ട മഴ ഉപേക്ഷിച്ച്‌ ഈ മഹാനഗരത്തിന്റെ വറച്ചട്ടിയില്‍ ഒരു കടുകുമണിപോലെ കിടന്ന്‌ തിളയ്ക്കുവാന്‍ എന്തിനാണ്‌ ഞാന്‍ വന്നത്‌...? ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ആദ്യമായാണീ അപരിചിത നഗരത്തില്‍ വരുന്നത്‌. രണ്ടു മൂന്നു മാസങ്ങള്‍ക്ക്‌ മുമ്പൊരു പ്രഭാതത്തില്‍ ഒറ്റയ്ക്ക്‌ തീവണ്ടിയില്‍ വന്നിറങ്ങുമ്പോള്‍ ഒരിരുപതുകാരനുണ്ടാകേണ്ടതിലും കൂടുതല്‍ പക്വതയും ആത്മവിശ്വാസവും സ്വയം ആര്‍ജിച്ചിരുന്നു. ഇപ്പോള്‍ കോടമ്പാക്കം റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഈ പോസ്റ്റോഫീസിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അറിയാതെ ചഞ്ചലപ്പെടുകയാണ്‌ മനസ്സ്‌. എനിക്കൊന്നും സംഭവിച്ചിട്ടില്ലല്ലോയെന്ന്‌ വീണ്ടും വീണ്ടും പറഞ്ഞുനോക്കി. മുമ്പിലെ റോഡിലൂടെ റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള ആളുകളുടെ തിരക്ക്‌. ഒരു പരിചിതമുഖംപോലും എത്ര തിരഞ്ഞിട്ടും അക്കൂട്ടത്തില്‍ കണ്ടില്ല. ആരോടെങ്കിലും ഒന്നു മിണ്ടണമെന്നെനിക്കു തോന്നി. കടന്നുപോയ മുഖങ്ങളിലൊക്കെ എന്തോ ദുരന്തം സംഭവിച്ചതിന്റെ അങ്കലാപ്പുപോലെ. എന്റെ തോന്നലാവും. പിന്നെയും ഞാനോര്‍ത്തു: എനിക്കൊന്നും പറ്റിയിട്ടില്ലല്ലോ. എന്നിട്ടും എന്തിനാണിങ്ങനെ ആകുലപ്പെടാന്‍? ഒരു മണിക്കൂറാകുന്നു ഈ നില്‍പ്‌ തുടങ്ങിയിട്ട്‌. പോക്കറ്റില്‍ അവശേഷിക്കുന്ന അഞ്ചുരൂപ അവിടെത്തന്നെയുണ്ടെന്ന്‌ ഉറപ്പുവരുത്തി. അതുകൊണ്ട്‌ ഉച്ചയൂണ്‌ തരപ്പെടുത്താം. അത്‌ കഴിഞ്ഞാല്‍...? താമസിക്കുന്ന ഉമാലോഡ്ജില്‍ അതിനോടകം പരിചയക്കാരായിക്കഴിഞ്ഞ ചിലരുണ്ട്‌. അവരോട്‌ കടം വാങ്ങാം. പക്ഷേ, അതൊരു കുറച്ചിലാണ്‌. വേണ്ട, അതിന്റെ ആവശ്യം വരില്ല. ഇന്നെന്തായാലും മണിയോര്‍ഡര്‍ വരും. വീട്ടിലേക്കുള്ള കഴിഞ്ഞ കത്തില്‍ പണം തീരാറായി എന്ന കാര്യം സൂചിപ്പിച്ചിരുന്നതാണ്‌. രാവിലെ കറക്കം കഴിഞ്ഞ്‌ ലോഡ്ജില്‍ മടങ്ങിയെത്തുമ്പോള്‍ പോസ്റ്റ്‌മാന്‍ വന്നുപോയെന്ന്‌ പറഞ്ഞു. അതുകൊണ്ട്‌ ഇങ്ങോട്ട്‌ അന്വേഷിച്ചുവന്നതാണ്‌.

പക്ഷേ, അയാള്‍ തിരിച്ചെത്തിയിരുന്നില്ല. എത്തുന്നതുവരെ കാത്തുനില്‍ക്കുകതന്നെ. വന്നിട്ട്‌ രണ്ടുമാസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂവെങ്കിലും മണിയോര്‍ഡര്‍ നാലു പ്രാവശ്യം വന്നുകഴിഞ്ഞു. ഇനി മുതല്‍ ചെലവുകള്‍ അല്‍പം നിയന്ത്രിക്കണം, തിന്നും കുടിച്ചും നടക്കാനല്ല ഇവിടെ വന്നത്‌, ജീവിതം കരുപ്പിടിപ്പിക്കാനാണ്‌ എന്ന ബോധം വേണമെന്ന്‌ സ്വയം പറഞ്ഞു. അന്ന്‌ മദിരാശിയില്‍ ട്രെയിനിറങ്ങി ആദ്യം പോയത്‌ നാട്ടുകാരനും ബന്ധുവുമായ ബഹദൂറിന്റെ വീട്ടിലേക്കാണ്‌. കോളേജ്‌ കഴിഞ്ഞപാടേ (അദ്ദേഹത്തിന്റെ ഭാഷയില്‍ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍) പെട്ടിയും തൂക്കി നേരെ സിനിമയില്‍ ചേരാന്‍ ഇറങ്ങിപ്പുറപ്പെട്ടതില്‍ അദ്ദേഹം ആദ്യം കുറേ ശകാരിച്ചു. എന്റെ അമ്മാവനായ പടിയന്‍ (അഷ്‌റഫ്‌ പടിയത്ത്‌) നിര്‍മിച്ച്‌ സംവിധാനം ചെയ്ത 'ത്രാസം' എന്ന ഒരു സിനിമയ്ക്ക്‌ കഥയെഴുതിയിട്ടുണ്ടെന്നും അതില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതിന്റെ ഷൂട്ടിങ്ങ്‌ കഴിഞ്ഞിട്ടാണ്‌ വരുന്നതെന്നും അപ്പോള്‍ ബഹദൂറിനോട്‌ പറയാന്‍ തോന്നിയില്ല. അന്നത്തെ രാത്രിവണ്ടിക്ക്‌ തന്നെ എന്നെ തിരിച്ച്‌ നാട്ടിലേക്ക്‌ കയറ്റിവിടാന്‍ അദ്ദേഹം അളിയനായ അമീറിനെ ചട്ടംകെട്ടി. പക്ഷേ, ഞാന്‍ വഴങ്ങിയില്ല. സിനിമയില്‍ എന്തെങ്കിലുമായിട്ടേ തിരിച്ചുപോകുന്നുള്ളൂവെന്ന്‌ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നു തണുത്തു. അന്നദ്ദേഹം ഏതോ ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനു പോകാന്‍ പുറപ്പെടുന്ന തിരക്കിലായിരുന്നു. തിരിച്ചുവരുന്നതുവരെ അവിടെ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പറഞ്ഞു. എന്തുകൊണ്ടോ അന്നേരമെന്റെ ആത്മാഭിമാനം ഉണര്‍ന്നു. ലോഡ്ജില്‍ മുറിയെടുത്ത്‌ താമസിക്കാനുള്ള തയ്യാറെടുപ്പോടെയാണ്‌ വന്നിരിക്കുന്നതെന്നും ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനുള്ള ആത്മവിശ്വാസമുണ്ടെന്നും ഞാന്‍ പറഞ്ഞപ്പോള്‍ മലയാളസിനിമയിലെ ആ ചിരിയുടെ സുല്‍ത്താന്‍ എന്നെ ഒന്ന്‌ ഇരുത്തിനോക്കി. ആ മുഖത്ത്‌ അപ്പോള്‍ വിരിഞ്ഞ സ്നേഹമസൃണമായ ഒരു പുഞ്ചിരിയില്‍ പുതിയൊരു ഊര്‍ജം ലഭിച്ചപോലെ എനിക്കു തോന്നി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അളിയന്‍ അമീര്‍ എനിക്ക്‌ ഉമാ ലോഡ്ജില്‍ മുറി ഏര്‍പ്പാടാക്കിത്തന്നു. പിന്നെ മലയാളസിനിമയുടെ സ്വര്‍ഗവാതില്‍ തുറക്കുന്നതും നോക്കി ചൂടിന്റെ രാപ്പകലുകളില്‍ സ്വപ്നംകണ്ട്‌ നടക്കാന്‍ തുടങ്ങി. കൊടുംവെയിലില്‍ തൊണ്ട വരണ്ടുണങ്ങി. വീണ്ടും ഞാന്‍ പോക്കറ്റില്‍ തപ്പിനോക്കി. വിയര്‍പ്പില്‍ അഞ്ചുരൂപയുടെ നോട്ട്‌ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു. ഊണ്‌ കഴിച്ചില്ലെങ്കിലും സാരമില്ല. ദാഹം സഹിക്കാന്‍ വയ്യ. അടുത്തുകണ്ട ജ്യൂസ്‌ കടയില്‍നിന്ന്‌ ലെസ്സി വാങ്ങിക്കുടിച്ചു. ബാക്കി കിട്ടിയ ചില്ലറത്തുട്ടുകള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഭദ്രമായി നിക്ഷേപിച്ച്‌ പോസ്റ്റോഫീസിന്റെ വരാന്തയില്‍ കിടന്ന സിമന്റ്‌ ബെഞ്ചിന്റെ ഒരറ്റത്ത്ചെന്നിരുന്നു. മറ്റേ അറ്റത്ത്‌ ഒരു വൃദ്ധന്‍ കൂനിക്കൂടിയിരിക്കുന്നു. നീണ്ടുമെലിഞ്ഞ്‌, കാഴ്ചയില്‍ അവശനായ ആ മനുഷ്യന്‍ ഇടയ്ക്കിടെ ശക്തിയായി ചുമയ്ക്കുന്നുണ്ട്‌. തളര്‍ന്ന കണ്ണുകളോടെ റോഡിലേക്ക്‌ തന്നെ നോക്കിയിരുന്ന അയാള്‍ ആരെയോ പ്രതീക്ഷിക്കുന്നപോലെ. എവിടെയോ കണ്ട്‌ പരിചയമുള്ളമുഖം. ഞാനാമനുഷ്യനെ സൂക്ഷിച്ചുനോക്കി പെട്ടെന്ന്‌ തന്നെ ആളെ തിരിച്ചറിഞ്ഞു. മലയാളത്തിലെ ആദ്യകാല സിനിമാ നടന്മാരില്‍ പ്രമുഖനായ മുതുകുളം രാഘവന്‍ പിള്ളയായിരുന്നു അത്‌. നൂറിലേറെ സിനിമകളില്‍ ഹാസ്യനടനായും സ്വഭാവനടനായും അഭിനയിച്ചു എന്നതിലുപരി മലയാളത്തിന്റെ ആദ്യശബ്ദചിത്രമായ 'ബാലന്റെ' തിരക്കഥാകൃത്തും ഗാനരചയിതാവും. സിനിമയുടെ മായിക കവാടത്തിന്‌ മുന്‍പില്‍ അത്ഭുതത്തോടെ അറച്ചു നില്‍ക്കാന്‍ മാത്രം അവസരം കിട്ടിയിട്ടുള്ള എന്റെ സമീപത്ത്‌ മലയാള സിനിമയുടെ 'തലതൊട്ടപ്പന്‍' നിര്‍വികാരനായി, നിസ്സംഗനായി ഇരിപ്പുറപ്പിച്ചിട്ട്‌ നേരം കുറേയായിരിക്കുന്നു. ഏതോ നിയോഗമാവാം എന്റെ മുമ്പില്‍ അദ്ദേഹത്തെ കൊണ്ടുവന്നിരുത്തിയത്‌. സിനിമയുടെ ലോകത്തേക്ക്‌ കടക്കുന്നത്‌ ഈ പൂര്‍വസൂരിയെ കണ്ടുകൊണ്ട്‌ തന്നെയാവുക എന്നത്‌ ഒരപൂര്‍വ അനുഭവമാവും. അതുകൊണ്ട്‌ അദ്ദേഹത്തെ ഒന്ന്‌ പരിചയപ്പെടുക തന്നെയെന്ന്‌ ഞാന്‍ തീരുമാനിച്ചു.

ഇടവിട്ടുള്ള ചുമയ്ക്കിടയിലൂടെ ഒന്നെന്നെ നോക്കിയപ്പോള്‍ ഞാന്‍ ചോദിച്ചു "മുതുകുളം സാറല്ലേ?" ഒരുനേര്‍ത്ത ചിരിയിലൂടെ 'അതെ'യെന്നദ്ദേഹം തലയാട്ടി. "എന്താ ഇവിടെയിരിക്കുന്നത്‌?" എന്ന എന്റെ ആകുലതയ്ക്ക്‌ ദീര്‍ഘമായ ഒരു ചുമയായിരുന്നു മറുപടി. പിന്നെ നീണ്ട്‌ ശോഷിച്ച കൈകളില്‍ വിറയ്ക്കുന്ന ദേഹം താങ്ങി പ്രയാസപ്പെട്ട്‌ ശ്വാസമെടുത്തശേഷം പതുക്കെ അദ്ദേഹം പറഞ്ഞു. "അവശകലാകാരന്മാര്‍ക്കുള്ള ഗവണ്മെന്റിന്റെ പെന്‍ഷന്‌ വേണ്ടി കാത്തിരിക്കുവാ.... ഇന്നുവരും, നാളെ വരുമെന്ന്‌ കരുതിയേച്ച്‌ ഇപ്പാം ഒരാഴ്ചയാവുകാ... സര്‍ക്കാര്‌ കാര്യമല്ലിയോ.... ഇന്നു വരുമായിരിക്കും, മണിയോര്‍ഡറ്‌....... ഇരുനൂറ്റമ്പത്‌ രൂപയാണ്‌ കിട്ടുകാ.... മരുന്നു തീര്‍ന്നിട്ട്‌ മൂന്നാല്‌ ദിവസമായി... അതാ ഈ ചൊമേം വലിവും. വാടകയ്ക്കും മരുന്നിനും ഒന്നും തികയത്തില്ല..... എന്നാലും അതെങ്കിലും മുടങ്ങാതെ കിട്ടിയിരുന്നെങ്കി...." ഞാനാ വൃദ്ധനെ അവിശ്വസനീയതയോടെ തുറിച്ചു നോക്കി. വെള്ളിത്തിരയില്‍ മലയാളഭാഷ നാം ആദ്യം കേള്‍ക്കുന്നത്‌ എന്റെ മുമ്പിലിരിക്കുന്ന ഈ മനുഷ്യന്റെ വിറയ്ക്കുന്ന വിരല്‍ത്തുമ്പുകളില്‍ നിന്നുതിര്‍ന്നു വീണ അക്ഷരങ്ങളിലൂടെയാണ്‌. (ബാലന്‍ എന്ന സിനിമയിലെ ആദ്യ സംഭാഷണം ആലേഖനം ചെയ്തത്‌ "Good luck to everybody" എന്ന ഇംഗ്ലീഷ്‌ വാചകമായിരുന്നുവെന്നുള്ളത്‌ വിചിത്രമായൊരു സത്യം) എം.ടി.യും പത്മരാജനും തോപ്പില്‍ഭാസിയും ലോഹിതദാസുമൊക്കെ പിന്‍മുറക്കാരായുള്ള ആ ഗുരുവര്യന്‍ സര്‍ക്കാറിന്റെ പിച്ചക്കാശും കാത്ത്‌ ഈ സിമന്റ്‌ ബെഞ്ചില്‍ തളര്‍ന്നിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഈ അത്ഭുതകലയ്ക്ക്‌ നമ്മുടെ ഭാഷ നല്‍കിയ ആദ്യത്തെ 'ജീവിക്കുന്ന സ്മാരകം'. പ്രിയഗുരോ, അങ്ങേക്കാശ്വസിക്കാം. ഈ അത്ഭുത കല കണ്ടുപിടിച്ച ലൂമിയര്‍ സഹോദരന്മാരുടെ നാട്ടിലെ സിമന്റ്‌ ബെഞ്ചില്‍ ഇതുപോലെ തളര്‍ന്ന്‌ ഇരുന്ന ഒരു മഹാപ്രതിഭ അങ്ങേക്ക്‌ മുന്‍ഗാമിയായുണ്ട്‌. ചലച്ചിത്രമെന്ന ഈ സാങ്കേതിക കലയ്ക്ക്‌ വ്യാകരണം കണ്ടുപിടിച്ച, 'ചലച്ചിത്ര ഭാഷ' എന്ന സങ്കല്‍പത്തിന്റെ ഉപജ്ഞാതാവ്‌, long shot, midshot എന്നു തുടങ്ങിയ വിഭജനങ്ങളിലൂടെ ദൃശ്യങ്ങളെ ക്രമപ്പെടുത്തിയ, , close up എന്ന സങ്കേതം സിനിമയില്‍ ആദ്യമായി പരീക്ഷിച്ച മഹാനായ ചലച്ചിത്രകാരന്‍ ഗ്രിഫിത്ത്‌, തന്റെ ജീവിത സായാഹ്നത്തില്‍ ഹോളിവുഡിന്റെ തെരുവോരത്തെ സിമന്റ്‌ ബെഞ്ചില്‍ , ഇതുപോലെ അശരണനായി ഏകാകിയായി ഇരുന്ന ഒരു കഥകേട്ടിട്ടുണ്ട്‌. പോള്‍ മുനിയേയും മര്‍ലിന്‍ ബ്രാന്‍ഡോയേയും പോലുള്ള ഹോളിവുഡ്ഡിലെ മുടിചൂടാമന്നന്മാര്‍ വിലകൂടിയ കാറുകളില്‍ കടന്നുപോകുമ്പോള്‍ തെരുവുതെണ്ടികള്‍ക്കിടയിലിരുന്ന്‌ നിസ്സംഗതയോടെ, നിരര്‍ഥകമായ ഒരു ചിരി ആ മഹാനുഭാവനും സമ്മാനിച്ചിരിക്കും. അങ്ങയെപ്പോലെ.


ചുമയുടെ താളം മന്ദഗതിയിലായി. ഒരു മയക്കത്തിലേക്ക്‌ അദ്ദേഹം മെല്ലെ ആണ്ടിറങ്ങുമ്പോള്‍, നഗരക്കാഴ്ചയിലേക്ക്‌ ഞാന്‍ കണ്ണുകള്‍ പായിച്ചു. അപ്പോള്‍ 'വറചട്ടി' യില്‍ നിന്ന്‌ പോസ്റ്റ്‌മാന്‍ വരാന്തയിലേക്ക്‌ കയറിവന്നു. പ്രതീക്ഷയോടെ ഞാന്‍ ചാടിയെണീറ്റു. ഒപ്പം ഒച്ചയനക്കം കേട്ട്‌ അദ്ദേഹവും. പോസ്റ്റ്‌ മാന്റെ വരവില്‍ ഞാനദ്ദേഹത്തിന്‌ വഴിമാറിക്കൊടുത്തു. "മണിയോര്‍ഡറുണ്ടോ?" എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ മുമ്പില്‍ പുച്ഛഭാവത്തില്‍ ചിരിച്ചിട്ട്‌ പോസ്റ്റ്‌ മാന്‍ "നാളേയ്ക്ക്‌ വന്ത്‌ പാര്‍ങ്കോ പെരിയവരെ" എന്ന്‌ പ്രതിവചിച്ചു. ആ ദൈന്യമുഖത്തെപ്രതികരണം എന്തെന്ന്‌ ശ്രദ്ധിക്കാതെ, ഒരു നിമിഷം ഞാനദ്ദേഹത്തെ മറന്ന്‌ പോസ്റ്റ്‌ മാന്റെ പിറകെ ചെന്നു. ഞാന്‍ ചോദിച്ചു. "എനിക്കുണ്ടോ മണിയോര്‍ഡര്‍ സാര്‍...?" ഒന്ന്‌ നിന്ന്‌ എന്നെ സംശയഭാവത്തില്‍ നോക്കി അയാള്‍ "ഉന്‍ പേരെന്നാ...?" ഞാന്‍ പേരു പറഞ്ഞു. ഒരു കടലാസെടുത്ത്‌ നീട്ടി, ഒരിടത്തേക്ക്‌ വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു "ഇങ്കെ ഒപ്പ്‌ പോട്‌." എനിക്ക്‌ ആശ്വാസമായി. അയാള്‍ നീട്ടിയ മൂന്ന്‌ നൂറ്‌രൂപ നോട്ടുകള്‍ എണ്ണിവാങ്ങി തിരിച്ചു നടക്കുമ്പോള്‍ എന്റെ മുന്നിലെ സിമന്റ്‌ ബെഞ്ചില്‍ അദ്ദേഹമില്ല. ചുറ്റും നോക്കി ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍, പോസ്റ്റാഫീസിന്റെ മുമ്പിലെ റോഡിന്റെ വെയില്‍ ചൂളയിലേക്ക്‌ ഇറങ്ങാന്‍ തുടങ്ങുകയാണ്‌ ആ വ്രണിത മനുഷ്യന്‍. നടന്ന്‌ ഒപ്പമെത്തി. എന്നെ ഒന്ന്‌ നോക്കി നിശ്ശബ്ദനായി വീണ്ടും നടക്കാന്‍ തുടങ്ങവെ ഞാന്‍ മടിച്ച്‌ മടിച്ചു ചോദിച്ചു. "ഞാന്‍ വാങ്ങിത്തരട്ടെ മരുന്ന്‌? എനിക്ക്‌ മണിയോര്‍ഡര്‍ കിട്ടി." ഒരു നിമിഷം എന്നെത്തന്നെ സൂക്ഷിച്ചുനോക്കി വേണ്ടെന്നര്‍ഥത്തില്‍ അദ്ദേഹം തലയാട്ടി, പിന്നെ വിറയാര്‍ന്ന ശബ്ദത്തില്‍ എന്നോട്‌ "കുഞ്ഞെന്ത്‌ ചെയ്യുകയാ ഈ മദിരാശീല്‌?"- പെട്ടെന്നാ ചോദ്യത്തിന്‌ മുമ്പില്‍ ഉത്തരത്തിന്‌ ഞാനൊന്ന്‌ പതറി. "സിനിമയില്‍ ചേരാന്‍ വന്നതാ" എന്ന എന്റെ ഉത്തരം കേട്ട്‌ അദ്ദേഹം കണ്ണുകള്‍ ഒന്ന്‌ ചിമ്മിത്തുറന്നു. പിന്നെ ആ മുഖത്ത്‌ വിടര്‍ന്ന 'നിരര്‍ഥകമായ ഒരു ചിരി.' ഞാനിപ്പോഴും ഓര്‍ക്കുന്നു. സിനിമയില്‍ നിന്നും എനിക്ക്‌ കിട്ടിയ ഏറ്റവും വിലപ്പെട്ട ആ 'സമ്മാനം' ഇന്നും ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. ഒന്നും പറയാതെ നഗരത്തിന്റെ വറചട്ടിയിലേക്ക്‌ വേച്ചുവേച്ചു നടന്നു പോയ ആ വയോവൃദ്ധനെ, മലയാളസിനിമയുടെ അക്ഷരഗുരുവിനെ കണ്ണില്‍ നിന്ന്‌ മറയുന്നത്‌വരെ അന്ന്‌ ഞാന്‍ നോക്കിനിന്നു. പിന്നെ രണ്ട്‌ മാസങ്ങള്‍ കഴിഞ്ഞ്‌ 1979 ആഗസ്ത്‌ 7-ാ‍ം തിയ്യതി മലയാള സിനിമ മറന്ന ആ ഏകാന്തപഥികന്‍ കാലയവനികയ്ക്കുള്ളിലെ ഏതോ സിമന്റ്‌ ബെഞ്ചില്‍ , മുമ്പേപോയി ഇടം പിടിച്ച ഗ്രിഫ്ത്തിനരികില്‍ ചെന്നിരുന്ന്‌ നിരര്‍ഥകമായ ആ ചിരി വീണ്ടും ചിരിച്ചത്‌ ഇന്നത്തെ മലയാള സിനിമയെ നോക്കിയാവുമോ..?