Friday, October 28, 2005

പച്ചമീനിന്റെ പച്ചമലയാളം

കുറച്ചു മാസങ്ങള്‍ക്കുമുമ്പ്‌ ഒരു മീനിന്റെ ഇംഗ്ലീഷ്‌ പേരെന്തെന്ന് മലയാളവേദി ഫോറത്തില്‍ ആരോ തിരക്കി. ഒടുക്കം അതു കൂലംകഷമായ ഗവേഷണത്തിലും ഗവേഷണസ്ഥാപനങ്ങള്‍ക്ക്‌ കത്തയക്കലും വരെ എത്തി.

ഇന്നാണെങ്കിലോ? ചുമ്മാ ഗൂഗിള്‍ തുറന്നിട്ട്‌ നെത്തോലി എന്നു യൂണികോടിയാല്‍ മതി നെത്തോലിയെക്കുറിച്ച്‌ ആധികാരികമായ വിവരങ്ങളും ചിത്രങ്ങളും പൊങ്ങിവരും..

ഫിഷ്ബേസ്‌ എന്ന സൈറ്റില്‍ മീനുകളുടെ മലയാളം പേരുകള്‍ ചേര്‍ക്കുകയെന്ന ശ്രമകരമായ ദൌത്യം സ്വമേധയാ ഏറ്റെടുത്ത ഡോക്റ്റര്‍ എ. ഗോപാലകൃഷ്ണന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

Monday, October 10, 2005

ഛായാഗ്രഹി

മെമ്പറായിട്ട് എന്തേലും പോസ്റ്റിയില്ലേൽ മോശമല്ലേ..

15 ജൂൺ, 2005 ലെ കേരള കൌമുദി ഫ്രണ്ട് പേജിലെ ഫോട്ടൊ..

ഒടുവിൽ പിടിവിട്ട്‌ നിലത്തേക്ക്‌...ഇന്നലെ രാത്രി 10 മണി മുതൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളിൽ കയറി ആത്‌മഹത്യാ ഭീഷണി മുഴക്കിയ യുവാവ്‌ 12 മണിക്കുറിന്‌ ശേഷം പിടിവിട്ട്‌ നിലത്തേക്ക്‌ വീഴുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോട്ടോ: എസ്‌.എസ്‌.റാം
ഇതു കണ്ടപ്പോൾ പണ്ടെപ്പോഴോ ദേശാഭിമാനി വാരികയിൽ വായിച്ചയൊരു ബംഗാളി ചെറുകഥയോർമ്മവന്നു. പത്ത് നില കെട്ടിടത്തിന്റെ മുകളിലത്തെയേതോയൊരു വശം, പഴകിയയൊരു ബെൽറ്റിന്റെ ബലത്തിൽ തന്റെ വിശ്വാസമർപ്പിച്ചുകൊണ്ട് , ഛായം പൂശുന്നതിലേർപ്പെട്ടിരുന്ന അവശനായയൊരു വൃദ്ധന്റെ പതനം ക്യാമറയിൽ പകർത്താൻ കണ്ണിലെണ്ണയൊഴിച്ചു കാത്തുനിൽക്കുന്നയൊരു ഛായാഗ്രഹകന്റെ ആവലാതിയായിരുന്നു കഥയുടെ ഇതിവൃത്തം. ഛായാഗ്രഹകൻ തന്റെ വാർത്തയ്ക്കുവേണ്ടി കാംക്ഷിച്ചതാവൃദ്ധന്റെ വീഴ്ചയായിരുന്നുവെന്ന യാഥാർത്ഥ്യം നമ്മളിലുണ്ടാക്കുന്ന ഞെട്ടലിനെ തിരിച്ചറിയാതെപോകുന്നിടത്താണു വാർത്തയുടേയും, അതുവഴി മാധ്യമങ്ങളുടേയും വിജയം.
അതിശയോക്തിയും, അസാധാരണത്വവും ഒക്കെയുള്ളവാർത്തയ്ക്കുമാത്രമേ ഇന്നു നമ്മുടെ ശ്രദ്ധയെ ആകർഷിക്കാൻ കഴിയുന്നുള്ളൂവെന്ന് നമ്മുടെ മാധ്യമങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഛായാഗ്രഹണം എന്ന മാധ്യമവും ഇതിനൊരുപാധിയായി മാറുന്നതു വേദനാജനകമാണ്. ഒരു പക്ഷെ ഇതു നമ്മുടെ ജനിതക കോഡിലടങ്ങിയിരിക്കുന്ന സ്വാർത്ഥതയുടെ മൂർദ്ധഭാവമായിരിക്കാം, വർങ്ങളിലൂടെ നാം പടുത്തുയർത്തിയ സംസ്കാരത്തെ ഒറ്റനിമിഷം കൊണ്ടു നിഷ്ക്രീയമാക്കുന്ന രാക്ഷസഭാവം, അന്ധതയുടെ ദുഷ്പ്രഭ പരത്തുന്ന സ്വാർത്ഥതയുടെ താണ്ഡവം..