Saturday, December 31, 2005

മൊഴി - മറുമൊഴി.

കെ.പി. അപ്പന്‍:

മനുഷ്യന്‍ ഒന്നുകില്‍ മാര്‍ക്സിസ്റ്റ് മനോഭാവവുമായി ജനിക്കുന്നു. അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ മനോഭാവവുമായി ജനിക്കുന്നു. എന്റെ ബുദ്ധിയും ബോധവും രണ്ടാമത്തെ വകുപ്പില്‍ പെടുന്നു.
“അപ്പനു് ബുദ്ധിയും ബോധവും ഇല്ലെന്നു എന്തായാലും ഞാന്‍ പറയുന്നില്ല.”


ഇന്ദു മേനോന്‍:
മുരിങ്ങയുടെ കൊമ്പൊടിഞ്ഞതിനെ കുറിച്ചു വിലാപകഥ ചമയ്ക്കുന്ന കഥാകാരന്‍ ചായയ്ക്ക് ചൂടുകുറഞ്ഞതിനു ഭാര്യയുടെ കൈയുടെ അസ്ഥിയൊടിക്കുന്നതാണു് നമ്മുടെ സാഹിത്യലോകത്തിന്റെ വര്‍ത്തമാനം. അത്തരം ഷണ്ഢന്മാരുടെ ഒരു വരി പ്രശംസ കിട്ടാന്‍ വേണ്ടി വേണ്ടി കമിഴ്ന്നു വീഴുന്നതിനേക്കാള്‍ പിച്ചയെടുത്തു് ജീവിക്കുന്നതാണു് ഭേദമെന്നു ഞാന്‍ വിശ്വസിക്കുന്നു.
“ഭിക്ഷാടനം നിരോധിക്കപ്പെട്ടിരിക്കുന്നു. എഴുത്തു തുടര്‍ന്നോള്ളൂ.”


എം. കൃഷ്ണന്‍ നായര്‍:
വയലാര്‍ രാമവര്‍മ ജീവിച്ചിരിക്കുന്നതു വര്‍ഷം തോറുമുള്ള വയലാര്‍ അവാര്‍ഡും അതിനു യോജിച്ച ആഘോഷങ്ങളും കൊണ്ടാണു്. ആ കവിയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിയായ പി.കുഞ്ഞിരാമന്‍ നായര്‍ വിസ്മരിക്കപ്പെട്ടു വരുന്നു. ‘വരുമോ കുങ്കുമം തൊട്ട സാന്ധ്യശോഭ കണക്കവള്‍’ എന്ന പിയുടെ വരി പോലൊരു വരി രാമവര്‍മ എഴുതിയിട്ടില്ല, എഴുതാനൊട്ടു കഴിവുമില്ല.
“വാസ്തവം.”


ബാലചന്ദ്രന്‍ ചുള്ളിക്കാട്:
ഇന്നത്തെ അന്തരീക്ഷത്തില്‍ എഴുത്തുകാരനായിരിക്കാന്‍ എനിക്കു തെല്ലും താല്പര്യമില്ല. ഇന്നു് ആര്‍ക്കും കവിയാകാം. എന്തും എഴുതാം, എന്തും പ്രസിദ്ധീകരിക്കാം. ഞാന്‍ ആനുകാലികങ്ങള്‍ വായിക്കുന്നതു നിര്‍ത്തി.
ഇന്നു് ആര്‍ക്കും സീരിയല്‍ നടനാകാം. എന്തും അഭിനയിച്ചു തകര്‍ക്കാം, എത്ര എപ്പിസോഡിലും നിര്‍ത്താതെ ബോറടിപ്പിക്കാം. ഞാന്‍ ടി.വി സീരിയലുകള്‍ കാണുന്നതു് നിര്‍ത്തി.

Thursday, December 01, 2005

ഗള്‍ഫ് ഡയറി

ഗള്‍ഫ് രാജ്യങ്ങളിലെ ജനാധിപത്യവിശേഷങ്ങള്‍ (ജനാധിപത്യവും അതിന്റെ അഭാവവും ഒരു വിശേഷമാണല്ലോ) കുപ്രസിദ്ധമാണല്ലോ. ഭരണം മുതല്‍ ചവറു വാരുന്നതില്‍ വരെ ഏകാധിപത്യമാണു് മിക്ക ജി.സി.സി കളിലും. അതില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതു് ടെലികോം രംഗത്തെ മോണോപ്പൊളികളും (ഇവ വെറും തല്ലിപ്പൊളിയെന്നു് ചില കടുത്ത വിമര്‍ശകര്‍). ഈ ടെലികോം അതികായരുടെ നിത്യശത്രുവാണു് VoIP ഉപകരണങ്ങള്‍. “ഇന്റര്‍നെറ്റ് ഫോണ്‍കാര്‍ഡുകള്‍” എന്നു് 800 ദിര്‍ഹം ശമ്പളക്കാരന്‍ ഓമനിച്ചു് വിളിച്ചിരുന്ന VoIP സെര്‍വീസുകള്‍ മിക്കതും നിരോധിക്കപ്പെട്ടിരിക്കുന്നു. ഇന്‍സ്റ്റന്റ് മെസഞ്ചറിലെ voice facilities എന്നിരുന്നാലും മിക്ക ആളുകള്‍ക്കും ലഭ്യമായിരുന്നു. ഇപ്പോഴതിനെതിരെയും ടെലികോം കമ്പനികള്‍ രംഗത്തു് വന്നിരിക്കുന്നു. Skype ഇത്യാദി VoIP ഭീമന്‍‌മാരെയാണു് പേരെടുത്തു് പറഞ്ഞിട്ടുള്ളുവെങ്കിലും ഗൂഗിള്‍ ടാക്കും, യാഹൂ മെസഞ്ചറുമെല്ലാം വോയ്സ് ഡിസാബിള്‍ഡ് ആവുമെന്നാണു് സൂചനകള്‍. പകരം കുത്തക മുതലാളി സ്വന്തം VoIP സംവിധാനം ഏര്‍പ്പാടാക്കുന്നു, പൊതുജനം ബുദ്ധിമുട്ടരുതല്ലോ. എന്തൊരു ഉദാത്തമായ ഭരണം; ഭൂമിയിലെ സ്വര്‍ഗ്ഗം ഇതാ ഇവിടെ.