Thursday, April 27, 2006

പില്‍ക്കാലത്ത് പറഞ്ഞു കേട്ടതാണ്. സുരേഷ് കുറുപ്പ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം. പഞ്ചാബ് മോഡല്‍ ബാലകൃഷ്ണപിള്ള എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി പ്രചാരണത്തിനെത്തുന്നു.

പ്രസംഗത്തിനിടെ ‘സുരേഷ് കുറുപ്പിന്റെ അച്ഛന്‍ കറുത്തിട്ടാണെങ്കിലും മകന്‍ എങ്ങനെ വെളുത്തവനായി?’ എന്നൊക്കെ പരാമര്‍ശിച്ചിരുന്നു പോലും. വോട്ടുനേടാന്‍
എന്തു പറയാം, എന്തു പറയാന്‍ പാടില്ല എന്നൊന്നും ഇല്ല എന്നാവണം പ്രമാണം.

ഇന്നലെ പാലക്കാട്ടെ ഒരു സ്ഥാനാര്‍ത്ഥി ശ്രീ.ഓ.രാജഗോപാലിനൊപ്പം നടന്ന ചാനല്‍
കാമറകള്‍ക്കും കിട്ടി ഒരു മൂല്യാധിഷ്ഠിത ഡയലോഗ്. എതിര്‍ സ്ഥാനാര്‍ത്ഥികളിലൊരാളെപ്പറ്റിയാണ്.

“...ബ്രാഹ്മണനെന്നുകരുതി ഇവിടുള്ളവരുടെ വോട്ടു കിട്ടുമെന്നു കരുതണ്ട. അദ്ദേഹം നമ്പൂതിരി
വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവിടുള്ളവരെല്ലാം തമിഴ് ബ്രാഹ്മണരും. പറയാന്‍ ബ്രാഹ്മണനെങ്കിലും ആ വാദം ഇവിടെ വിലപ്പോവില്ല. ഇരു വിഭാഗങ്ങളും തമ്മില്‍ ആജന്മശത്രുതയാണുള്ളത്. ആരും വോട്ടുകൊടുക്കില്ല...”

ഈ വിധത്തില്‍ കത്തിക്കയറിപ്പറഞ്ഞതൊക്കെ നാളെക്കഴിഞ്ഞു മറ്റന്നാള്‍ മാറ്റിപ്പറയാനും പൌരന്മാര്‍ക്കൊക്കെ ജാതിമത പരിഗണന കൂടാതെ നീതി കൊടുക്കുമെന്നു പ്രതിജ്ഞചെയ്യാനും ഇത്തരം നേതാക്കന്മാര്‍ക്കു കഴിയുമെന്നു പ്രത്യാശിക്കാനെങ്കിലും വോട്ടര്‍മാര്‍ക്ക് തല്‍ക്കാലം കഴിയട്ടെ.

Sunday, April 23, 2006

സ്വല്‍പ്പം ഡി.ടി.പി.

സിഡാക്കിന്റെ സൈറ്റില്‍ ചോദ്യ്യോത്തരപംക്തിയില്‍, പേജ്‌മേക്കര്‍ 7.00-ല്‍ നിന്നും പി.ഡി.എഫിലേക്ക്‌ മാറ്റുമ്പോള്‍ ചിലപ്പോള്‍ ചില മലയാള അക്ഷരങള്‍ മിസ്സാകാന്‍ കാരണം പേജ്‌മേക്കര്‍ 7.00ഉം അഡോബിന്റെ തന്നെ ഡിസ്റ്റില്ലര്‍ 5.00 മുതല്‍ മുകളിലേക്കുള്ള വെര്‍ഷനുകാളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ആണെന്ന്‌ കണ്ടു. അതിനൊരു പരിഹാരം സിഡാക് തരാം എന്നുകണ്ടു. ഒരേ കമ്പനിയുടേ രണ്ട്‌ പ്രൊഡക്റ്റുകള്‍ തമ്മില്‍ പൊരുത്തക്കേട്‌! അതിന് പരിഹാരം മലയാളത്തിന്റെ പ്രശ്നമായതിനാല്‍ സിഡാക്ക് തരുന്നു!
കൂടാതെ ഡിസ്റ്റിലര്‍ 4.00 ഉപയോഗിക്ക്നുള്ള നിര്‍ദേശവും ഉണ്ട്‌.
ഐ.എസ്.എം. പ്രൊഡക്റ്റുകള്‍കുള്ള ചോദ്യോത്തര പംക്തിയിലാണ് ഇന്നലെ ഇതുകണ്ടത്, ഇന്ന് നോക്കിയപ്പോള്‍ കണ്ടില്ല, അതിനാല്‍ ലിങ്കില്ല.
ഡിസ്റ്റില്ലര്‍ 4.00 ഉണ്ടെങ്കില്‍ ഒന്ന്‌ നോക്കിപറയാമോ? എം.എല്‍.ടി.ടി.കാര്‍ത്തികയിലാണ് പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്നത്‌.

Wednesday, April 05, 2006

നിരുപാധികം

എതോ കമന്റില്‍ പെരിങ്ങോടന്‍ അണ്‍ കണ്‍ഡീഷണല്‍ പ്രണയത്തെക്കുറിച്ചു എഴുതാനുദ്ദേശിക്കുന്നെന്നു പറയുന്നു. എനിക്കും ഒന്നെഴുതാന്‍ തോന്നുന്നു.

നിരുപാധികമായ പ്രണയം? ഓക്സിമോറോണ്‍ കടന്നുകൂടിയല്ലോ. നിരുപാധികമായ സ്നേഹം എന്നാക്കിയാല്‍ മിക്ക ഉപാധികളും ഒഴിഞ്ഞു കഴിഞ്ഞു. ഉഡുരാജ മുഖിയാവണമെന്നത്‌, ലതെഴുതി പുസ്തകത്തിലിട്ടു കൊടുക്കാനോ എസ്‌ എം എസ്‌ അയക്കാനോ മാത്രമെങ്കിലും വിദ്യാഭ്യാസം വേണമെന്നത്‌, ജാതി മതം വംശം കുലം നിറം പ്രായം, ഹോമോ സേപ്പിയന്‍ ആണോ മരം ചാടിയാണോ, ജീവിച്ചിരിക്കുന്ന ഉരുപ്പടിയാണോ അതൊ മീസാന്‍ കല്ലിന്റെ അടിയില്‍ ആയോ.. ഇത്യാദി ഉപാധികളെല്ലാം ആ ഒറ്റ വേഡ്‌ സബ്സ്റ്റിറ്റ്യൂഷനാല്‍ പരിഹരിക്കാം. സ്നേഹം:- പകരമായി സ്നേഹം പോലും ഇച്ഛിക്കാത്ത സ്നേഹം. ചുമ്മാ സ്നേഹം. അതിനങ്ങനെ വകതിരിവൊന്നുമില്ല പ്രേമമെന്നോ കാമമെന്നോ ഭ്രാന്തെന്നോ സൂഫീലിയായെന്നോ പിഗ്മാലിയോണിസമെന്നോ നെക്രോമാനിയായെന്നോ എന്നോ .. ഇതൊക്കെ പ്രണയത്തിന്റെ മാത്രം വൈകൃതങ്ങള്‍..

എറണാകുളത്ത്‌ ജോലി ചെയ്യുന്ന ദിവസങ്ങളിലൊന്നില്‍ ഒരവധി ദിവസം ഓഫീസ്‌ ചാവി വാങ്ങാന്‍ എന്റെ മേലധികാരിയുടെ മറൈന്‍ ഡ്രൈവിലെ ബംഗളാവില്‍ പോയി. മൂപ്പരുടെ ഭാര്യ അസ്സലായി പാടും. അവരു ചലിയേ കുഞ്ജനെമോ എന്നൊക്കെ കീച്ചുമ്പോ പെരിക്കാര്‍ഡിയല്‍ ഇഫ്ലമേഷന്‍ വന്നപോലെ ഹൃദയം നിറഞ്ഞുപോകും.. ചുമ്മാ ഇരിക്കാണ്ടൊരു പാട്ടു പാടെന്നു വെറുതേ പറഞ്ഞതാ.. അവരു പാടി. ഞാനിരുന്നു കേട്ടു. പാട്ടു പകുതി ആയപ്പോ കര്‍ട്ടനിടയില്‍ ഒരു ജോടി നീലക്കണ്ണും അതിനെ മൂടുന്ന സ്വര്‍ണ്ണമുടിച്ചുരുളും. ഞാന്‍ അവളെ നോക്കി, അവളെന്നേയും. എനിക്കവളോട്‌ സ്നേഹം തോന്നി, അവള്‍ക്കെന്നോടും.

ആന്റി പാടിത്തീര്‍ന്നപ്പോള്‍ ഞാന്‍ അവരോട്‌ അവളെക്കുറിച്ച്‌ ചോദിച്ചു. അമ്മാളു എന്നാണവളുടെ പേര്‍. ആരോടും അടുക്കുന്ന പ്രകൃതമല്ല പോലും. പക്ഷേ ഞാനൊന്നു കൈ കാട്ടി വിളിച്ചതേയുള്ളു അവളോടിവന്നു എന്റെ മടിയില്‍ കയറിയിരുന്നു. അവള്‍ക്കെന്നെ അങ്ങു പിടിച്ചു, എന്താന്നറിയില്ല.

അമ്മാളു തിബത്തന്‍ ടെറിയര്‍വംശജയായൊരു കൃശഗാത്രിയാണ്‌. അതുകൊണ്ട്‌ തന്നെ ശുനകലക്ഷണമായി ഞാന്‍ കാണുന്നതൊന്നുമില്ലെന്നു മാത്രമല്ല എനിക്ക്‌ അസഹ്യമായ പോകറ്റ്‌ ബ്രീഡ്‌ കൊഞ്ചല്‍ ഉണ്ടു താനും. പക്ഷേ എനുക്കും അവളെ അങ്ങു പിടിച്ചു. കാരണമൊന്നുമില്ല.

ഞാന്‍ പോകുമ്പോള്‍ അവള്‍ പടി വരെ വന്നു. ബൈക്കിന്റെ ശബ്ദം പേടിയായിട്ടും അവള്‍ എന്റെ കൂടെ ഗേറ്റ്‌ വരെ ഓടി. ഞാന്‍ പോകുമ്പോള്‍ മോങ്ങി.

വൈകുന്നേരം ഞാന്‍ തിരിച്ചു മറൈന്‍ ഡ്രവിലൂടെ വന്നു. ഗേറ്റില്‍ നിറുത്താന്‍ തോന്നിയില്ല. ചുമ്മാ ഒരു രണ്ടു റൌണ്ട്‌ ചുറ്റിയപ്പോഴേക്ക്‌ അമ്മാളു പരശ്ശതം ഇരുചക്രവാഹനങ്ങളുടെ സന്നിപാതേ നിപഞ്ജമാമെന്‍ ശകടത്തിന്‍ ശബ്ദം തിരിച്ചറിഞ്ഞ്‌ ഓടി പടിക്കലെത്തി. ഞാന്‍ കൈ വീശി കടന്നു പോയി. നിറുത്തിയാല്‍ മോശമാണ്‌. ഒരു സ്ത്രീ മാത്രമുള്ള വീടിന്നു മുന്നില്‍..

അടുത്ത ദിവസം രാവിലെ ഉണര്‍ന്നത്‌ ആരോ മിഴിച്ചു നോക്കുന്നെന്ന ഒരു തോന്നലോടെയാണ്‌. കണ്ണു തുറന്നപ്പോള്‍ അമ്മാളുവുണ്ട്‌ എന്റെ കട്ടിലില്‍ കയറി നില്‍പ്പുണ്ട്‌. മൂന്നു കിലോമീറ്റര്‍ ഇപ്പുറത്തു താമസിക്കുന്ന എന്റെ വീട്‌ അവള്‍ എങ്ങനെ കണ്ടെത്തിയെന്നതിനെക്കാല്‍ ഇത്രയും ദൂരം അല്‍പ്പപ്രാണിയായ ഇവള്‍ ഒരു തെരുവുപട്ടിയും കടിച്ചു കീറാതെ ഇവളെങ്ങനെ എത്തി എന്നായിരുന്നു എന്റെയത്ഭുതം. അവളുടെ പേര്‍ഷ്യന്‍ കാര്‍പറ്റ്‌ പോലത്തെ മുടി നിറഞ്ഞ മൂക്കെന്റെ വീടിന്റെ ഗ്രില്ലില്‍ കൂടി ഞെരുങ്ങി കയറിയതിനാല്‍ മുറിഞ്ഞ്‌ ചോരയിറ്റുന്നുണ്ടായിരുന്നു. ഞാന്‍ ഉണരാതിരിക്കാന്‍ എന്റെ മുഖത്തേക്കു ശ്വാസം വിടാതെ അവള്‍ ശ്വാസം അടക്കി പിടിച്ചിരിക്കുകയായിരുന്നു. ഞാന്‍ കണ്ണു തുറന്നപ്പോള്‍ അവള്‍ സന്തോഷം സഹിക്കവയ്യാതെ നിലത്തു കിടന്നുരുണ്ടു.

കുറേ നേരം അവളോടൊപ്പമിരുന്നിട്ട്‌ ഞാന്‍ വീട്ടില്‍ കൊണ്ടാക്കി. വൈകുന്നേരം അവളെ നടത്തിക്കാന്‍ പെര്‍മിഷനും എടുത്തു. വീണ്ടും ചാടിപ്പുറപ്പെടാതിരിക്കാന്‍ രാത്രി അവളെ കൂട്ടിലിടാന്‍ നിര്‍ദ്ദേശവും കൊടുത്തു.

ഞാന്‍ എറണാകുളത്തു നിന്നും പോരുമ്പോള്‍ അവളെ കാണരുതെന്ന് കര്‍ശനമായും തീരുമാനിച്ചിരുന്നു. മിക്കവാരും നായകള്‍ക്ക്‌ മനസ്സു വായിക്കാന്‍ കഴിയും. ഞാന്‍ പോകുകയാണെന്നറിഞ്ഞാല്‍ അവള്‍ ചങ്കു പൊട്ടി ചത്തു പോകും.

ഒരിക്കലും അമ്മാളു മരിച്ചു പോയെന്ന് എന്നോട്‌ പറയരുതെന്ന് ആന്റിയോട്‌ ചട്ടവും കെട്ടി ഞാന്‍. എന്നാലും എനിക്കറിയാം അവളിപ്പോള്‍ പോയിട്ടുണ്ടാവും. തിബത്തര്‍ ടെറിയറുകള്‍ 10-12 വര്‍ഷമൊക്കേയേ ജീവിക്കൂ.

അമ്മാളുവിനു എന്നോട്‌ സ്നേഹമായിരുന്നു. അതിനു പ്രത്യേകിച്ച്‌ ഒരുപാധിയും ഇല്ല, ഞാന്‍ തിരിച്ചവളെ സ്നേഹിക്കണമെന്നു പോലും. അവള്‍ എന്നെ കല്യാണം കഴിക്കാനോ കൂടെ താമസിക്കാനോ ആഗ്രഹിച്ചല്ല സ്നേഹിച്ചത്‌.എനിക്കു ഇന്‍ഷുറന്‍സ്‌ പോളിസി വില്‍ക്കാനോ എന്നോട്‌ കടം വാങ്ങാനോ അവള്‍ക്കൊരു ജോലി തരപ്പെടുത്താനോ വേന്റിയല്ല അവള്‍ എന്നോറ്റ്‌ സ്നേഹമായി കൂടിയത്‌. അവള്‍ക്ക്‌ ഞാന്‍ ഒരു നേരം ഭക്ഷണം പോലും വാങ്ങിക്കൊടുത്തിട്ടില്ല. ഒരുദ്ദേശവും അവളുടെ സ്നേഹത്തിനില്ലായിരുന്നു. ഒരുപാധിയും. പിരിയരുതെന്നു പോലും.