Thursday, November 08, 2007

ഹിറ്റ് എഫ്.എം - മാറുന്ന മാധ്യമ പ്രവര്‍ത്തനം.

മാധ്യമ രംഗത്ത് സ്ഫോടനാത്മകമായ മാറ്റങ്ങളാണല്ലോ ലോകം കഴിഞ്ഞ കുറേ ദശകങ്ങളായി കണ്ടു വരുന്നത്. പത്രങ്ങളില്‍ നിന്ന് ടെലിവിഷനിലേക്കും ഉപഗ്രഹ വിവര വിനിമയത്തിലേക്കും ത‌ത്‌സമയ സം‌പ്രേക്ഷണങ്ങളിലേക്കും ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ബ്ലോഗ് എങ്ങിനെ ഒരു സമാന്തര മാധ്യമമാവുന്നു എന്നതിലേക്കുമൊക്കെ എത്തി നില്‍ക്കുകയാണ്‌ ഈ രംഗത്തെ വളര്‍ച്ച. ഇതിനിടയില്‍, എല്ലാവരും മറന്നു പോയ ഒരു പഴഞ്ചന്‍ വാര്‍ത്താ മാധ്യമം കൂടിയുണ്ട്. റേഡിയോ. ഇപ്പോഴത്തെ സ്വകാര്യ എഫ്.എം.ചാനലുകളുടെ വരവോടു കൂടി വന്‍‌നഗരങ്ങളില്‍ റേഡിയോ വീണ്ടും ഒരു തിരിച്ചു വരവു നടത്തുന്നുവെങ്കിലും, ഒരു നേരംകൊല്ലി വിനോദ മാധ്യമം എന്നതില്‍ കവിഞ്ഞ ഒരു ഇടപെടല്‍ ഈ മാധ്യമത്തിലൂടെ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നതല്ല. ഒരു ശരാശരി ഗള്‍ഫുകാരനെ സംബന്ധിച്ചിടത്തോളവും കാര്യങ്ങള്‍ അങ്ങിനെ തന്നെയായിരുന്നു. ദുബായിലേയും, ഷാര്‍ജയിലേയും ട്രാഫിക് കുരുക്കില്‍ മണിക്കൂറുകള്‍ ചെലവാക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ആ സമയത്ത് ഇഷ്ടപ്പെട്ട പാട്ടും,പലപ്പോഴും അവതാരകരുടെ കൊച്ചു വര്‍ത്തമാനവും കേള്‍ക്കാന്‍ ഒരു ശബ്ദപ്പെട്ടി - അത്ര തന്നെ.

ആരുടെ ഏതു ചെറിയ പ്രശ്നവും, പര്‍‌വതീകരിച്ച് അതില്‍ നിന്ന് വാര്‍ത്ത സൃഷ്ടിക്കാനും നേട്ടങ്ങളും കോട്ടങ്ങളും കൊയ്യാനും വാര്‍ത്താ മാധ്യമങ്ങള്‍ മത്‌സരിക്കുന്ന ഒരു കാലഘട്ടം കൂടിയാണ്‌ ഇത്. പക്ഷേ, പാവപ്പെട്ട ഗള്‍ഫുകാരന്‌ ഈ സൗഭാഗ്യവും (?) അന്യം തന്നെ. എന്തുകൊണ്ടോ, അവന്റെ വേദനകളും, സമരങ്ങളും, കഷ്ടപ്പാടുകളും ഇന്നും വെറും "വാര്‍ത്തകള്‍" മാത്രമാണ്‌. റിപ്പോര്‍ട്ടിംഗിലുപരി, ഒരു ഗള്‍ഫ് പ്രവാസിയുടെ ദൈനംദിന പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാനോ, ആവശ്യമുള്ളത്ര "സെന്‍സേഷണലൈസേഷന്‍" എങ്കിലും കൊടുക്കാനോ ഈ കാലം വരെ ഒരു തരത്തിലുള്ള വാര്‍ത്താ മാധ്യമങ്ങളും ശ്രമിച്ചിരുന്നില്ല എന്നതാണ്‌ സത്യം. (കൈരളിയുടെ "പ്രവാസഭൂമി" പോലുള്ള ചുരുക്കം ചില പരിപാടികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍). ഈ ഒരു സാഹചര്യത്തിലാണ്‌ അറേബ്യന്‍ റേഡിയോ നെറ്റ്വര്‍ക്കിനു കീഴിലുള്ള 96.7 ഹിറ്റ് എഫ്.എം. എന്ന മലയാളം ചാനലിന്റെ ചില ധീരമായ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്.

സാധാരണ എല്ലാ ചാനലുകള്‍ക്കുമുള്ള അവതരണത്തിന്റേയും ഉള്ളടക്കത്തിന്റേയും അപര്യാപ്തതകളും, വൈകല്യങ്ങളും മൂലം ബ്ലോഗില്‍ തന്നെ ദുബായിലെ ബ്ലോഗര്‍മാരുടെ വിമര്‍ശനം പലവട്ടം നേരിട്ട ഒരു ചാനല്‍ കൂടിയാണ്‌ ഇത്. പരിമിതികള്‍ പലതും ഇപ്പോഴും നിലനില്‍ക്കുന്നുവെങ്കിലും ഹിറ്റ് എഫ്.എമിന്റെ ന്യൂസ് ഡെസ്കിന്റേയും അതിന്റെ തലവന്‍ ഷാബുവിന്റേയും നേതൃത്വത്തിലാണ്‌ മാതൃകാ പരമായ പല പ്രവര്‍ത്തനങ്ങളും ഈ ചാനല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ ഹിറ്റ് എഫ്.എം. ഏറ്റെടുത്ത് വിജയിപ്പിച്ച ചില പ്രവര്‍ത്തനങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്.

അബുദാബിയില്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്ന ഷംസുദ്ദീന്‍ എന്ന ചെറുപ്പക്കാരന്‌ അക്ഷരാര്‍ത്ഥത്തില്‍ ജീവിതം തിരിച്ചു കൊടുത്ത ഒരു സത്‌പ്രവര്‍ത്തിയിലൂടെയാണ്‌ ഹിറ്റിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെന്ന് തോന്നുന്നു. ഒരപകടത്തില്‍ പെട്ട ഷംസുദ്ദീന്റെ വലതും കയ്യും കാലും നഷ്ടപ്പെടുകയായിരുന്നു. കൃത്രിമ അവയവങ്ങള്‍ക്കും ചികിത്‌സക്കുമായുള്ള ഭാരിച്ച തുക സഹായമന്യേ താങ്ങാന്‍ കഴിയില്ലായിരുന്ന ആ ചെറുപ്പക്കാരനു വേണ്ടി ഹിറ്റ് എഫ്.എം. നടത്തിയ ക്യാം‌പെയിന്‍ ശേഖരിച്ചത് 70000 ദിര്‍ഹം ആണ്‌‌. കൃത്രിമാവയവങ്ങള്‍ ചേര്‍ക്കപ്പെട്ട ഷംസുദ്ദീന്‍, ഇന്ന് നാട്ടില്‍ പോയി വിവാഹിതനായി സസന്തോഷം കഴിയുന്നു.

യു.എ.ഇ.യിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ തടവോ കൂടാതെ സ്വരാജ്യത്തേക്ക് മടങ്ങി പോവാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റിയുടെ കാലഘട്ടത്തിലാണ്‌ ഹിറ്റിന്റെ സജീവമായ ഇടപെടല്‍ വീണ്ടും ഉണ്ടായത്. ആം‌നസ്റ്റിയുടെ പുതിയ വിവരങ്ങളും നിയമവശങ്ങളും മറ്റും വിദഗ്ദരെ പങ്കെടുപ്പിച്ച് ചര്‍ച്ച ചെയ്ത് അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നു എന്നത് മാത്രമല്ല അവര്‍ ചെയ്തത്. ഔട്ട് പാസ് ലഭിച്ചെങ്കിലും, വിമാന ടിക്കറ്റിന്‌ പൈസ ഇല്ലാതെ എന്തു ചെയ്യണം എന്നറിയാതെ വലഞ്ഞ ഇന്ത്യക്കാര്‍ക്കായി ഹിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സഹായ നിധിയുടെ സംഭരണം ഒരു വന്‍‌വിജയമായിരുന്നു. പൂരം എന്ന സാംസ്കാരിക സംഘടന, ജോയ് ആലുക്കാസ് ഗ്രൂപ്പ്, ഓള്‍ കേരള കോളിജ് അലും‌നി ഫോറം എന്നിവരുടെ സഹായത്തോടെ ഏതാണ്ട് മൂന്നൂറ് പേര്‍ക്കാണ്‌ ഹിറ്റ് എഫ്.എം ടിക്കറ്റിനായുള്ള പൈസ നല്‍കിയത്.

ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷേഖ് മുഹമ്മദ് പ്രഖ്യാപിച്ച "ദുബായ് കെയെര്‍സ്" പദ്ധതിയിലുള്ള ക്രിയാത്‌മകമായ പ്രചരണം ആയിരുന്നു ഹിറ്റിന്റെ അടുത്ത പ്രവര്‍ത്തനം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള പാവം കുട്ടികള്‍ക്ക് സഹായമായി ദുബായ് ഒന്നാകെ അണിനിരന്നപ്പോള്‍ അതിന്‌ ഓരോ മണിക്കൂറിലും പ്രത്യേക കവറേജും പ്രചരണവും നല്‍കിക്കൊണ്ട് ഹിറ്റ് എഫ്.എം. മുന്‍പന്തിയില്‍ നിന്നു. വന്‍‌വിജയമാവുന്ന ഈ പദ്ധതി മലയാളികള്‍ക്കിടയിലും എത്തിക്കാന്‍ വഹിച്ച പങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.

പട്ടിയുടെ കൂടെ കെട്ടിയിടപ്പെട്ട ആരോമല്‍ എന്ന മൂന്ന് വയസ്സുകാരന്റെ കഥ നമ്മളെല്ലാം അറിഞ്ഞതാണ്‌. ആരോമലിനായി ഹിറ്റ് എഫ്.എം. ചെയ്ത സ്പെഷ്യല്‍ ന്യൂസും, ആരോമല്‍ ഇപ്പോള്‍ അന്തേവാസിയായിരിക്കുന്ന കരുണാലയത്തില്‍ നടത്തിയ ഫോളോ അപ്പും ചിലപ്പോള്‍ ആ ബാലന്റെ ജീവിതം കരുപ്പിടിക്കാനുള്ള അവസരമായേക്കാം. ഹിറ്റ് എഫ്.എമിന്റെ കവറേജ് കേട്ട് ഈ കാര്യത്തില്‍ താത്‌പര്യം പ്രകടിപ്പിച്ച സാജു ജോര്‍ജ്ജ് എന്നൊരു ശ്രോതാവ് ആരോമല്‍ പ്രായപൂര്‍ത്തിയാവ്ന്നതു വരെ അവനായി ഓരോ മാസവും നല്ലൊരു തുക ബാങ്കില്‍ നിക്ഷെപിക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്‌. അതു കൂടാതെ മറ്റു ചില സാമൂഹ്യ സംഘടനകളും ഹിറ്റ് എഫ്.എം. വഴി സഹായം എത്തിക്കാന്‍ തുനിയുന്നുണ്ട്.

ഇവയിലെല്ലാം ഉപരിയായി എനിക്ക് തോന്നിയതും, ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ഹിറ്റ് എഫ്.എം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ്‌. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സൗകര്യമില്ലായ്‌മയും, വിമാനങ്ങള്‍ അടിക്കടി ക്യാന്‍സല്‍ ചെയ്യപ്പെടുന്നതും, പുറപ്പെടുന്ന വിമാനങ്ങള്‍ തന്നെ സമയ നിഷ്ഠ പാലിക്കാത്തതും ഒട്ടൊന്നുമല്ല പ്രവാസി ഗള്‍ഫുകാരെ വലച്ചിരുന്നത്. രാഷ്ട്രീയക്കാരും ഭരണാധികാരികളും പലപ്പോഴും നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല ഓരോ ദിവസവും അവഗണനയുടെ ആഴം കൂടി വരികയും ചെയ്തിരുന്നു. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഒരുപോലെ അശ്രദ്ധരായിരുന്ന ഈ വിഷയത്തില്‍, കഴിഞ്ഞ പതിനഞ്ചോളം ദിവസങ്ങളായി ചാനല്‍ നടത്തി വരുന്ന പ്രവര്‍ത്തനം അത്‌ഭുതകരമായ ഫലങ്ങളാണുന്റാക്കിയിരിക്കുന്നത്. ഇതു വരെ പത്തോളം എം.പി.മാര്‍, മറ്റു രാഷ്ട്രീയ നേതാക്കള്‍‍, എയര്‍പോര്‍ട്ട് അധികൃതര്‍, വിമാനക്കമ്പനി പ്രതിനിധികള്‍ എന്നിവരെ ഓണ്‍-എയറില്‍ എടുത്ത് ഇവര്‍ നടത്തിയ അഭിമുഖങ്ങള്‍, നമ്മുടെ പല മുന്‍‌ധാരണകളേയും പൊളിച്ചെഴുതാന്‍ പോന്നതാണ്‌. അവിടവിടെയായി ചിതറിക്കിടന്നിരുന്ന പ്രതിഷേധങ്ങളേയും, സംഘടനകളേയും ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ടുവന്ന് ഒരു കൊടിക്കീഴില്‍ അണിനിരത്താന്‍ കഴിഞ്ഞു എന്നതാണ്‌ ഏറ്റവും വലിയ വിജയമായി തോന്നുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഫലമുണ്ടാക്കും എന്നതിന്റെ തെളിവായാവാം, ഇന്ത്യന്‍ എയര്‍ലൈന്‍സ് A300 എന്ന വിമാനത്തിന്‌ പകരം കൂടുതല്‍ വലുതും സൗകര്യപ്രദവുമായ A320 കോഴിക്കോട് സര്‍‌വീസിനുപയോഗിക്കും എന്ന് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായത്. ഏയര്‍ ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍ മനേജര്‍, ഒരു റിസര്‌വ് വിമാനം കരിപ്പൂരില്‍ നിര്‍ത്താം എന്ന് സമ്മതിച്ചിരിക്കുന്നു. വിമാനത്താവളത്തിന്റെ റണ്‍‌വേ, സമയ സ്ലോട്ടുകള്‍, ഐ.എല്‍.എസ്, എന്‍.എല്‍.എസ് എന്നിവ കൂടുതല്‍ വിമാനങ്ങളെ ഉപയോഗിക്കാന്‍ പ്രാപ്തമാണെന്ന് എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ തന്നെ പറഞ്ഞത്, ഒരുപാടു കാലമായി നിലനിന്നിരുന്ന മുടന്തന്‍ ന്യായങ്ങളാണ്‌ പൊളിച്ചു കളഞ്ഞത്. ചാനല്‍ പ്രവര്‍ത്തകര്‍ ഈ കാര്യത്തില്‍ നടത്തുന്ന ഫോളോ-അപ് പ്രവര്‍ത്തനങ്ങളും വളരെ ശ്രദ്ധേയം തന്നെ. ദിവസവും, സമയവും പറഞ്ഞ് വീണ്ടും വിളിക്കുമെന്ന് പറയുമ്പോള്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ജന പ്രതിനിധികള്‍ നിര്‍ബന്ധിതരാവുന്നതിന്റെ ലക്ഷണമായിത്തന്നെ ഈ നേട്ടങ്ങളെ കൂട്ടേണ്ടതുണ്ട്.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രശ്നം, സര്‍ക്കാരിന്റെ ഓപ്പന്‍ എയര്‍ നയം മുഴുവനായി കേരളത്തില്‍ നടപ്പാക്കാത്തതിലുള്ള പ്രതിഷേധം, ഗള്‍ഫ് സെക്റ്ററിലേക്കുള്ള അമിതമായ യാത്രക്കൂലി, ഗള്‍ഫ് യാത്രക്കാരോട് എയര്‍ലൈന്‍ / എയര്‍പോര്‍ട്ട് ജീവനക്കാരുടെ അവഗണന എന്നീ പ്രശ്നങ്ങളിലെല്ലാം അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാനായി ദുബായിലെ സബീല്‍ പാര്‍ക്കില്‍ ഒരു ലക്ഷം പേരുടെ കൈപ്പത്തി മുദ്രയുള്ളൊരു ബാനര്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍. അവര്‍ക്ക് (നമ്മള്‍ക്ക്) സകല വിധ ആശംസകളും നേരുന്നതിനൊപ്പം ഈ പ്രചരണത്തിന്റെ ഭാഗമാവാനും നമ്മളിലോരോരുത്തര്‍ക്കും കഴിയട്ടേ.

Monday, February 19, 2007

വൈദ്യശാസ്ത്ര സര്‍വ്വകലാശാല

വ്യക്തവും കാര്യക്ഷമവുമായ ഒരു ആരോഗ്യനയം രൂപീകരിക്കുക, സര്‍ക്കാരിന്റെ അഞ്ചും സഹകരണമേഖലയിലേതും സ്വാശ്രയമേഖലയിലേതുമായ ഇരുപതോളവും മെഡിക്കല്‍ കോളേജുകളെയും ഡെന്റല്‍ നഴ്സിംഗ്‌ ഫാര്‍മസി പഠന കേന്ദ്രങ്ങളേയും ഒരു ഏകീകൃത മെഡിക്കല്‍ സര്‍വ്വകലാശാലക്കു കീഴില്‍ കൊണ്ടുവന്ന് പഠനവും ആരോഗ്യപരിപാലനവും ഉന്നത നിലവാരത്തിലെത്തിക്കുക എന്നീ കാര്യങ്ങള്‍ക്കായി ഡോ. ഇക്ബാല്‍ ചെയര്‍മാനായും മെഡിക്കല്‍-വിദ്യാഭ്യാസരംഗത്തെ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ അംഗങ്ങളായും ഒരു കമ്മിറ്റി കേരള സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്‌.

വേണ്ടത്ര പ്ലാനിങ്ങും തയ്യാറെടുപ്പുമില്ലാതെ നടത്തുന്ന ശ്രമങ്ങള്‍ എവിടെയും എത്തില്ല എന്ന സര്‍ക്കാരിന്റെ തിരിച്ചറിവു തന്നെ നല്ലൊരു കാല്‍വയ്പ്പാണെന്ന് പറയേണ്ടതില്ലല്ലോ. പൊതുജനാരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനുകളില്‍ ഏറെക്കുറെ കാര്യക്ഷമമായി പോകുന്നത്‌ ICDS (അംഗന്‍ വാടി മുതലായവയുടെ ചുമതലയുള്ള പ്രോജക്റ്റ്‌) എന്നതു തന്നെ പ്ലാനിങ്ങിന്റെയും ദീര്‍ഖ വീക്ഷണത്തിന്റെയും ഉദാഹരണമായും സ്വാശ്രയ കോളെജ്‌ പ്രശ്നം ഇഷ്യൂ ബേസ്ഡ്‌ ഡിസിഷന്‍ മേക്കിംഗ്‌ സമ്പ്രദായം സ്വീകരിച്ചതില്‍ സര്‍ക്കാരിനു സംഭവിച്ച പരാജയമായും നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളു.

മേല്‍ പറഞ്ഞ മെഡിക്കല്‍ കമ്മീഷന്‌ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കാര്യങ്ങളില്‍ വിശദമായൊരു പ്രോജക്റ്റ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വൈദ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പ്ലാനിംഗ്‌, പ്രോജക്റ്റ്‌ മാനേജ്‌മന്റ്‌ മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുടെയും സാമ്പത്തിക വിദഗ്ദ്ധര്‍, ഗവേഷകര്‍ എന്നിവരുടെയും മുതല്‍ വൈദ്യത്തിന്റെ സാധാരണ ഉപഭോക്താക്കളുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും മാദ്ധ്യമ പ്രവര്‍ത്തകരുടേതുമടക്കം സകലരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അത്യാവശ്യമാണ്‌.


പത്രങ്ങള്‍ പിണറായിയുടെ വെടിയുണ്ടക്കു പിറകേ നടന്നോട്ടെ. ടെലിവിഷന്‍ സീരിയലും കാട്ടിക്കോണ്ടിരുന്നോട്ടെ. നമുക്ക്‌ ക്രിയാത്മകമായി പ്രതികരിക്കാനുള്ള അവസരമായി ഇതിനെ കാണാമല്ലോ? ബൂലോഗത്തുള്ളവര്‍ അവരവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെയെഴുതി ഒടുക്കം ഒരു കണ്‍സോളിഡേറ്റഡ്‌ ഫയല്‍ ആക്കിയോ അല്ലെങ്കില്‍ medicalcommission@gmail.com എന്ന വിലാസത്തില്‍ കമ്മീഷനെ നേരിട്ടോ അറിയിക്കാവുന്നതാണ്‌.