Saturday, March 26, 2005

ഭാഷ മരിയ്ക്കുമ്പോള്‍

ഇവിടെ ദുബായിലൊരു മലയാളം എഫ്‌.എം ചാനലുണ്ട്‌ (ഇവര്‍ക്കറിയുന്ന ഭാഷ മല്യാളമാണ്‌; മലയാളമല്ല.) ഇത്രയും മോശമായി മലയാളം സംസാരിയ്ക്കുന്ന ഒരു കൂട്ടരെ ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഏതൊരു മലയാളം ടിവി ചാനല്‍ നോക്കുമ്പോഴും, "മലയാളം ഇംഗ്ലീഷ്‌ പോലെ" സംസാരിയ്ക്കുന്ന കുറെ അവതാരകരെ കാണുവാനാകും. മലയാളം റേഡിയോ/ചാനല്‍ മലയാളം ഭാഷ മാത്രമേ ഉപയോഗിയ്ക്കാവൂ എന്ന കടുംപിടുത്തമൊന്നും നമുക്കുണ്ടാവേണ്ട കാര്യമില്ല. പക്ഷെ ഉപയോഗിയ്ക്കുന്ന ഭാഷ മലയാളമായാലും ഇംഗ്ലീഷായാലും ശുദ്ധമായിരിയ്ക്കണം.

"ഇഷ്ടമില്ലാത്ത പരിപാടികള്‍ കാണാതിരിയ്ക്കുക/കേള്‍ക്കാതിരിയ്ക്കുക" എന്ന രീതിയിലുള്ളതാണ്‌ പലരുടെയും ഇത്തരക്കാരോടുള്ള പ്രതികരണം. സത്യത്തില്‍ അങ്ങിനെയൊരു സമീപനം മതിയാകുമോ?

ഓഡിയോ-വിഷ്വല്‍ മീഡിയയുടെ ഇന്നത്തെ പ്രചാരം കണക്കിലെടുക്കുമ്പോള്‍, ഭാഷയെ സ്നേഹിയ്ക്കുന്ന ഏതൊരാളും, ഭാഷയോടുള്ള റേഡിയോ/ചാനലുകാരുടെ സമീപനത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട്‌. എം. കൃഷ്ണന്‍ നായരെ പോലെയുള്ള ഒരു "മീഡിയാ വാച്ച്ഡോഗിന്റെ" അസാന്നിദ്ധ്യം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിയ്ക്കേണ്ടതും നമ്മള്‍ തന്നെയാണ്‌.

സ്വന്തം ഭാഷയുടെ, സംസ്കാരത്തിന്റെ, ദേശത്തിന്റെ, ജനതയുടെ "നല്ല" കാവല്‍ക്കാരനായിരിയ്ക്കുകയെന്നതാണ്‌ യഥാര്‍ത്ഥ മാനവികത. മലയാളി മറന്നു പോകുന്നതും അതു തന്നെ.

തുടക്കം

മലയാളിയുടെ ബ്ലോഗ്ഗിംഗ്‌ ശീലങ്ങളെ കുറിച്ച്‌:

സിബുവാണത്‌ പറഞ്ഞത്‌, "ഗള്‍ഫുകാര്‍ സ്വന്തം ജീവിതത്തെ കുറിച്ച്‌ ഒന്നുമെഴുതുന്നില്ലെന്ന്‌." ഞാന്‍ മറിച്ചു ചിന്തിച്ചു, "ഗള്‍ഫുകാരന്‌ എഴുതാനായിട്ടെന്തുണ്ട്‌?"

ദുബായില്‍ നിന്ന്‌ ഒമാനിലെ സലാലയിലേക്ക്‌ കാറോടിച്ച്‌ ഒരു വീക്കെന്റ്‌ ആഘോഷിയ്ക്കുവാന്‍ പോയാല്‍ പോലും ഗള്‍ഫുകാരന്‍ ഒന്നുമെഴുതില്ല. തൊട്ടപ്പുറത്തെ സ്റ്റേറ്റിലേക്ക്‌ ഒന്ന്‌ എത്തി നോക്കിയാല്‍ പോലും അതിനെ കുറിച്ചെഴുതുന്ന അമേരിക്കന്‍ പ്രവാസികളെ കാണാം. ഒരു കുഞ്ഞ്‌ iPOD വാങ്ങിയാല്‍ അമേരിക്കന്‍ മലയാളി ബ്ലോഗ്ഗും, ഒരു കാറ്‌ വാങ്ങിയാലും ഗള്‍ഫുകാരന്‍ വായതുറക്കില്ല.

രാഷ്ട്രീയത്തെ കുറിച്ചും, സിനിമയെ കുറിച്ചും വാചാലരാകുന്ന നൂറുകണക്കിന്‌ മലയാളികളെ (ഗള്‍ഫ്‌) വെബ്‌ഫോറംസിലും ബ്ലോഗുകളിലും കാണാം. എന്നാല്‍ "ഷേക്ക്‌ സയദ്‌ റോഡിലെ ട്രാഫിക്കിനെ കുറിച്ചോ, പെപ്സിയുടെ ഹോര്‍ഡിങ്ങിലെ വളയിട്ട ബ്രിട്ട്നി സ്പിയേഴ്സിനെ കുറിച്ചോ അവന്‍ ബ്ലോഗുകയില്ല." ഒന്നും വേണ്ട, ഒപ്പമിരുത്തുവാന്‍ കൊള്ളാവുന്ന "കള്ളു മഹാസഭയിലെ" മാന്യദേഹങ്ങളുടെ സാന്നിദ്ധ്യത്തില്‍ പാംബീച്ച്‌ തട്ടുകടയിലിരുന്ന്‌ "രണ്ടു ലാര്‍ജ്‌" റെമി മാര്‍ട്ടിന്‍ വിഴുങ്ങി, ലോകം മുഴുവന്‍ കേള്‍ക്കെ "പക്കാ" മലയാളി സ്വരത്തില്‍ വെടി പറഞ്ഞതിനെ കുറിച്ചും അവന്‍ ഒന്നും എഴുതില്ല.

മോഹന്‍ലാല്‍ "കഥയാടി" തകര്‍ത്തതിനെ കുറിച്ചോ, ദിനംപ്രതി നടക്കുന്ന, ഫിലിം ഫെസ്റ്റിവല്‍, ഫുഡ്‌ ഫെസ്റ്റിവല്‍, ആ ഫെസ്റ്റിവല്‍, ഈ ഫെസ്റ്റിവല്‍, ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ എന്നീ "സംഭവങ്ങളെ" കുറിച്ചോ ഗള്‍ഫുകാരന്‍ എഴുതില്ല. ഗള്‍ഫ്‌ മലയാളിക്കെഴുതാന്‍, "ഗൃഹാതുരതയുടെ നൊമ്പരവും", "മണല്‍കാറ്റിന്റെ ചൂടും" മാത്രമാണുള്ളത്‌.

ആഴ്ചയിലെ ഏക ഒഴിവു ദിനം, ഉറക്കത്തിനുമാത്രമായി നീക്കിവയ്ക്കുന്ന എനിക്കും ഒന്നും എഴുതുവാനില്ല.