Sunday, March 19, 2006

പിതൃദര്‍ശനം.

ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ പോലും ഇന്‍ജെന്യുവിറ്റ്യോടെ "ഒന്നേന്നടിച്ചു തുടങ്ങാന്‍"ഉള്ള കല്ലേച്ചി യുടെ അസാധാരാണമായ കഴിവ്‌ ഞാന്‍ നേരത്തേ തന്നെ ശ്രദ്ധിച്ചിരുന്നതാണ്‌. നല്ലൊരു ശതമാനം ഗള്‍ഫ്‌ പ്രവാസിയും, 11 മാസം അവിവാഹിതനും 1 മാസം കുടുംബസ്ഥനുമായാണ്‌ ജീവിതത്തിന്റെ നല്ലൊരു ഭാഗവും നയിക്കുന്നതെന്നതിന്റെ സമൂഹ്യ വശങ്ങളെക്കുറിച്ച്‌ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നാട്ടില്‍ വളരുന്ന "ഗള്‍ഫുകുട്ടി"യെക്കുറിച്ച്‌ ആരും ഇതുവരെ ഉറക്കെയൊന്നു ചിന്തിക്കുന്നതു കേള്‍ക്കാനായിട്ടില്ല.


സിംഗിള്‍ പേരന്റ്‌ഹുഡ്‌ (മിക്കവാറും ഇതിനു അപ്പനില്ലാതെ വളരല്‍ എന്നു തന്നെ അര്‍ത്ഥം) പാശ്ചാത്യര്‍ക്ക്‌ സാമൂഹ്യമായ പ്രശ്നങ്ങളില്‍ നിന്നുരുത്തിരിയുന്നതാണെങ്കില്‍ തെക്കേ ഏഷ്യക്കാര്‍ക്കത്‌ സാമ്പത്തികമായപരാധീനതയാലെ ഗൃഹനായകന്‍ വന്‍ നഗരങ്ങളിലേക്ക്‌ ഒറ്റക്കു ജോലി തിരക്കിപ്പോകേണ്ടിവരുന്നതിനാല്‍ സംജാതമാകുന്നതുമാണ്‌. കുറഞ്ഞപക്ഷം തെക്കേയിന്ത്യയിലെങ്കിലും. ഇതൊരു പുതിയ പ്രശ്നമല്ലെന്നാണ്‌ എന്റെ വിശ്വാസം .സംഘത്തമിഴ്‌ കവിതകളില്‍‍ കുറിഞ്ഞി, പാലൈ മുതലായ ചിട്ടകളിലെ വിപ്രലംഭം മിക്കതും തൊഴില്‍ തേടി നഗരത്തിലും കടല്‍ കടന്നും പോയ നായകനും അവനെ കാത്തിരിക്കുന്ന നായികയും അനുഭവിക്കുന്ന വിരഹമായിട്ടാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌ (രാക്ഷസ്സനും യക്ഷനും ആശ്ചര്യകിണുങ്ങാമണിയുമൊക്കെയുള്ള രാജകീയ വിരഹത്തെക്കാള്‍ എന്റെ ഹൃദയമുരുക്കാന്‍ ഈ കൊച്ചു പാലൈവനങ്ങള്‍ക്ക്‌ കഴിയാറുമുണ്ട്‌- എതോ കാലത്തെ യക്ഷന്‍ പിരിച്ച യോദ്ധാവിനെക്കാള്‍ എനിക്കു താദാദ്മ്യം പ്രാപിക്കാനെളുപ്പം നഗരത്തില്‍ കോട്ട കെട്ടിനു വേല ചെയ്ത്‌ കൂലി വാങ്ങി കുഞ്ഞിനു തള വാങ്ങാമെന്നു മോഹിച്ച്‌ യാത്ര പുറപ്പെടുന്ന ദരിദ്രദ്രാവിഡനോടല്ലേ)

തന്തയില്ലായ്മയെ പക്ഷേ ഞാന്‍ തന്തയെന്നതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ (പഞ്ചപിതാക്കന്മാരെന്നാല്‍ സൃഷ്ടിച്ചവന്‍, വളര്‍ത്തിയവന്‍, വിദ്യ പറഞ്ഞു കൊടുത്തവന്‍, ഭയപ്പാടില്‍ നിന്നു രക്ഷിക്കുന്നവന്‍, സ്നേഹം കൊണ്ട്‌ മകനെപ്പോലെ കാണുന്ന മുതിര്‍ന്നവന്‍ എന്നിവരത്രേ)കാണാനിഷ്ടപ്പെടുന്നു. "തന്തയില്ലാത്തവന്‍" എന്നു പറയുന്നതിനു സ്വയംഭൂവായവനെന്നര്‍ത്ഥം വരില്ലല്ലോ, അരക്ഷിതനായവന്‍, വിദ്യയഭ്യസിക്കാത്തവന്‍ ആരാലും സ്നേഹിക്കപ്പെടാതെ സമൂഹത്തിലൊറ്റപ്പെട്ടവന്‍ എന്നൊക്കെയല്ലേ അതിനര്ത്ഥം വരൂ. പഞ്ചപിതൃത്വവും ജൈവപിതാവിലൊതുങ്ങുന്ന ആധുനികലോകത്ത്‌ തന്തയില്ലായ്മ എളുപ്പം സംഭവിക്കുന്നുവെന്നു പറയാം.

കുട്ടി ജനിക്കുന്നത്‌ മാതാവിന്റെയൊരു ഭാഗമായിട്ടാണെന്നതിനാല്‍ മാതൃത്വത്തെ പ്രത്യേകിച്ചനുഭവിച്ചറിയേണ്ടതില്ല. എന്നാല്‍ പിതാവിനെ അവനു കണ്ടെത്തേണ്ടതായിട്ടു വരുമെന്ന കല്ലേച്ചിയുടെ നിരീക്ഷണം 100 ശതമാനം ശരിവയ്ക്കുന്നു എങ്കിലും ശാരീരികമായി വീട്ടിലില്ലാതിരിക്കുന്ന പിതാവിനെക്കാള്‍ കുട്ടിക്കു ദോഷം ചെയ്യും മാനസികമായി വീട്ടിലില്ലാതെ ഇരിക്കുന്ന അച്ഛനമ്മമാരാല്‍ വളര്‍ത്തപ്പെടുന്നത് എന്നെനിക്കു തോന്നാറുണ്ട്. അതിനെക്കാള്‍ ദയനീയമല്ലേ അനുകരിക്കാന്‍ മാത്രം ആകര്‍ഷകമായി യാതൊന്നുമില്ലാത്ത ഒരു പിതാവുണ്ടായിരിക്കുന്നത്?

എന്നും ഞാന്‍ അമ്മയുടെ ഭാഗമായിരിക്കുന്നെന്നതിനാല്‍ അമ്മയോടടുക്കാനോ അമ്മയില്‍ നിന്നകലാനോ കഴിയില്ല- ഞാന്‍ അമ്മ തന്നെ. എന്റെ പതിനാലു വയസ്സില്‍ അച്ഛന്‌ ഇഹലോകജീവിതം മതിയാക്കേണ്ടി വന്നു. പക്ഷേ അച്ഛനെ ഞാന്‍ പിരിഞ്ഞെന്നു തോന്നിയിട്ടില്ല. ഭയപ്പാടില്‍ എനിക്കു പിടിക്കാവുന്ന ഒരു വിരല്‍ത്തുമ്പായി, അഗമ്യവീഥികളെയൊഴിവാക്കുന്ന ചൂണ്ടുപലകയായി, അനാശ്യാസ്യതയൊഴിവാക്കാനുതകുന്ന സദാചാരാവലിയായി, പ്രതിസന്ധികളിലുണരുന്ന അതീന്ദ്രിയബോധശോഭയായി, എനിക്കുനേരേയുയര്‍ന്ന പാതകശ്രമങ്ങളെ പൊറുക്കാനുള്ള മനശ്ശക്തിദാതാവായി, ഞാന്‍ സ്വയം കൽപ്പിക്കുന്ന വിലയെ നിരന്തരമുയര്‍ത്തുന്ന ആത്മബോധത്തിന്റെ നിത്യസ്രോതസ്സായി അച്ഛനെയോര്‍മ്മകള്‍ എന്നും എന്നോടൊപ്പം സഞ്ചരിക്കുന്നു. അച്ഛനില്‍ നിന്നും ഈശ്വരനിലേക്കുള്ള ദൂരം എനിക്കു വളരെ ചെറുതായതിനാല്‍ അച്ഛന്റെ ദേഹവിയോയം ഒരു വേര്‍പാടായി തോന്നിയിട്ടുമില്ല- ഈശ്വര സാന്നിധ്യവും ഞാന്‍ കൈകൊണ്ട് തൊട്ടല്ലല്ലോ അറിഞ്ഞത്‌.

No comments: