Wednesday, April 05, 2006

നിരുപാധികം

എതോ കമന്റില്‍ പെരിങ്ങോടന്‍ അണ്‍ കണ്‍ഡീഷണല്‍ പ്രണയത്തെക്കുറിച്ചു എഴുതാനുദ്ദേശിക്കുന്നെന്നു പറയുന്നു. എനിക്കും ഒന്നെഴുതാന്‍ തോന്നുന്നു.

നിരുപാധികമായ പ്രണയം? ഓക്സിമോറോണ്‍ കടന്നുകൂടിയല്ലോ. നിരുപാധികമായ സ്നേഹം എന്നാക്കിയാല്‍ മിക്ക ഉപാധികളും ഒഴിഞ്ഞു കഴിഞ്ഞു. ഉഡുരാജ മുഖിയാവണമെന്നത്‌, ലതെഴുതി പുസ്തകത്തിലിട്ടു കൊടുക്കാനോ എസ്‌ എം എസ്‌ അയക്കാനോ മാത്രമെങ്കിലും വിദ്യാഭ്യാസം വേണമെന്നത്‌, ജാതി മതം വംശം കുലം നിറം പ്രായം, ഹോമോ സേപ്പിയന്‍ ആണോ മരം ചാടിയാണോ, ജീവിച്ചിരിക്കുന്ന ഉരുപ്പടിയാണോ അതൊ മീസാന്‍ കല്ലിന്റെ അടിയില്‍ ആയോ.. ഇത്യാദി ഉപാധികളെല്ലാം ആ ഒറ്റ വേഡ്‌ സബ്സ്റ്റിറ്റ്യൂഷനാല്‍ പരിഹരിക്കാം. സ്നേഹം:- പകരമായി സ്നേഹം പോലും ഇച്ഛിക്കാത്ത സ്നേഹം. ചുമ്മാ സ്നേഹം. അതിനങ്ങനെ വകതിരിവൊന്നുമില്ല പ്രേമമെന്നോ കാമമെന്നോ ഭ്രാന്തെന്നോ സൂഫീലിയായെന്നോ പിഗ്മാലിയോണിസമെന്നോ നെക്രോമാനിയായെന്നോ എന്നോ .. ഇതൊക്കെ പ്രണയത്തിന്റെ മാത്രം വൈകൃതങ്ങള്‍..

എറണാകുളത്ത്‌ ജോലി ചെയ്യുന്ന ദിവസങ്ങളിലൊന്നില്‍ ഒരവധി ദിവസം ഓഫീസ്‌ ചാവി വാങ്ങാന്‍ എന്റെ മേലധികാരിയുടെ മറൈന്‍ ഡ്രൈവിലെ ബംഗളാവില്‍ പോയി. മൂപ്പരുടെ ഭാര്യ അസ്സലായി പാടും. അവരു ചലിയേ കുഞ്ജനെമോ എന്നൊക്കെ കീച്ചുമ്പോ പെരിക്കാര്‍ഡിയല്‍ ഇഫ്ലമേഷന്‍ വന്നപോലെ ഹൃദയം നിറഞ്ഞുപോകും.. ചുമ്മാ ഇരിക്കാണ്ടൊരു പാട്ടു പാടെന്നു വെറുതേ പറഞ്ഞതാ.. അവരു പാടി. ഞാനിരുന്നു കേട്ടു. പാട്ടു പകുതി ആയപ്പോ കര്‍ട്ടനിടയില്‍ ഒരു ജോടി നീലക്കണ്ണും അതിനെ മൂടുന്ന സ്വര്‍ണ്ണമുടിച്ചുരുളും. ഞാന്‍ അവളെ നോക്കി, അവളെന്നേയും. എനിക്കവളോട്‌ സ്നേഹം തോന്നി, അവള്‍ക്കെന്നോടും.

ആന്റി പാടിത്തീര്‍ന്നപ്പോള്‍ ഞാന്‍ അവരോട്‌ അവളെക്കുറിച്ച്‌ ചോദിച്ചു. അമ്മാളു എന്നാണവളുടെ പേര്‍. ആരോടും അടുക്കുന്ന പ്രകൃതമല്ല പോലും. പക്ഷേ ഞാനൊന്നു കൈ കാട്ടി വിളിച്ചതേയുള്ളു അവളോടിവന്നു എന്റെ മടിയില്‍ കയറിയിരുന്നു. അവള്‍ക്കെന്നെ അങ്ങു പിടിച്ചു, എന്താന്നറിയില്ല.

അമ്മാളു തിബത്തന്‍ ടെറിയര്‍വംശജയായൊരു കൃശഗാത്രിയാണ്‌. അതുകൊണ്ട്‌ തന്നെ ശുനകലക്ഷണമായി ഞാന്‍ കാണുന്നതൊന്നുമില്ലെന്നു മാത്രമല്ല എനിക്ക്‌ അസഹ്യമായ പോകറ്റ്‌ ബ്രീഡ്‌ കൊഞ്ചല്‍ ഉണ്ടു താനും. പക്ഷേ എനുക്കും അവളെ അങ്ങു പിടിച്ചു. കാരണമൊന്നുമില്ല.

ഞാന്‍ പോകുമ്പോള്‍ അവള്‍ പടി വരെ വന്നു. ബൈക്കിന്റെ ശബ്ദം പേടിയായിട്ടും അവള്‍ എന്റെ കൂടെ ഗേറ്റ്‌ വരെ ഓടി. ഞാന്‍ പോകുമ്പോള്‍ മോങ്ങി.

വൈകുന്നേരം ഞാന്‍ തിരിച്ചു മറൈന്‍ ഡ്രവിലൂടെ വന്നു. ഗേറ്റില്‍ നിറുത്താന്‍ തോന്നിയില്ല. ചുമ്മാ ഒരു രണ്ടു റൌണ്ട്‌ ചുറ്റിയപ്പോഴേക്ക്‌ അമ്മാളു പരശ്ശതം ഇരുചക്രവാഹനങ്ങളുടെ സന്നിപാതേ നിപഞ്ജമാമെന്‍ ശകടത്തിന്‍ ശബ്ദം തിരിച്ചറിഞ്ഞ്‌ ഓടി പടിക്കലെത്തി. ഞാന്‍ കൈ വീശി കടന്നു പോയി. നിറുത്തിയാല്‍ മോശമാണ്‌. ഒരു സ്ത്രീ മാത്രമുള്ള വീടിന്നു മുന്നില്‍..

അടുത്ത ദിവസം രാവിലെ ഉണര്‍ന്നത്‌ ആരോ മിഴിച്ചു നോക്കുന്നെന്ന ഒരു തോന്നലോടെയാണ്‌. കണ്ണു തുറന്നപ്പോള്‍ അമ്മാളുവുണ്ട്‌ എന്റെ കട്ടിലില്‍ കയറി നില്‍പ്പുണ്ട്‌. മൂന്നു കിലോമീറ്റര്‍ ഇപ്പുറത്തു താമസിക്കുന്ന എന്റെ വീട്‌ അവള്‍ എങ്ങനെ കണ്ടെത്തിയെന്നതിനെക്കാല്‍ ഇത്രയും ദൂരം അല്‍പ്പപ്രാണിയായ ഇവള്‍ ഒരു തെരുവുപട്ടിയും കടിച്ചു കീറാതെ ഇവളെങ്ങനെ എത്തി എന്നായിരുന്നു എന്റെയത്ഭുതം. അവളുടെ പേര്‍ഷ്യന്‍ കാര്‍പറ്റ്‌ പോലത്തെ മുടി നിറഞ്ഞ മൂക്കെന്റെ വീടിന്റെ ഗ്രില്ലില്‍ കൂടി ഞെരുങ്ങി കയറിയതിനാല്‍ മുറിഞ്ഞ്‌ ചോരയിറ്റുന്നുണ്ടായിരുന്നു. ഞാന്‍ ഉണരാതിരിക്കാന്‍ എന്റെ മുഖത്തേക്കു ശ്വാസം വിടാതെ അവള്‍ ശ്വാസം അടക്കി പിടിച്ചിരിക്കുകയായിരുന്നു. ഞാന്‍ കണ്ണു തുറന്നപ്പോള്‍ അവള്‍ സന്തോഷം സഹിക്കവയ്യാതെ നിലത്തു കിടന്നുരുണ്ടു.

കുറേ നേരം അവളോടൊപ്പമിരുന്നിട്ട്‌ ഞാന്‍ വീട്ടില്‍ കൊണ്ടാക്കി. വൈകുന്നേരം അവളെ നടത്തിക്കാന്‍ പെര്‍മിഷനും എടുത്തു. വീണ്ടും ചാടിപ്പുറപ്പെടാതിരിക്കാന്‍ രാത്രി അവളെ കൂട്ടിലിടാന്‍ നിര്‍ദ്ദേശവും കൊടുത്തു.

ഞാന്‍ എറണാകുളത്തു നിന്നും പോരുമ്പോള്‍ അവളെ കാണരുതെന്ന് കര്‍ശനമായും തീരുമാനിച്ചിരുന്നു. മിക്കവാരും നായകള്‍ക്ക്‌ മനസ്സു വായിക്കാന്‍ കഴിയും. ഞാന്‍ പോകുകയാണെന്നറിഞ്ഞാല്‍ അവള്‍ ചങ്കു പൊട്ടി ചത്തു പോകും.

ഒരിക്കലും അമ്മാളു മരിച്ചു പോയെന്ന് എന്നോട്‌ പറയരുതെന്ന് ആന്റിയോട്‌ ചട്ടവും കെട്ടി ഞാന്‍. എന്നാലും എനിക്കറിയാം അവളിപ്പോള്‍ പോയിട്ടുണ്ടാവും. തിബത്തര്‍ ടെറിയറുകള്‍ 10-12 വര്‍ഷമൊക്കേയേ ജീവിക്കൂ.

അമ്മാളുവിനു എന്നോട്‌ സ്നേഹമായിരുന്നു. അതിനു പ്രത്യേകിച്ച്‌ ഒരുപാധിയും ഇല്ല, ഞാന്‍ തിരിച്ചവളെ സ്നേഹിക്കണമെന്നു പോലും. അവള്‍ എന്നെ കല്യാണം കഴിക്കാനോ കൂടെ താമസിക്കാനോ ആഗ്രഹിച്ചല്ല സ്നേഹിച്ചത്‌.എനിക്കു ഇന്‍ഷുറന്‍സ്‌ പോളിസി വില്‍ക്കാനോ എന്നോട്‌ കടം വാങ്ങാനോ അവള്‍ക്കൊരു ജോലി തരപ്പെടുത്താനോ വേന്റിയല്ല അവള്‍ എന്നോറ്റ്‌ സ്നേഹമായി കൂടിയത്‌. അവള്‍ക്ക്‌ ഞാന്‍ ഒരു നേരം ഭക്ഷണം പോലും വാങ്ങിക്കൊടുത്തിട്ടില്ല. ഒരുദ്ദേശവും അവളുടെ സ്നേഹത്തിനില്ലായിരുന്നു. ഒരുപാധിയും. പിരിയരുതെന്നു പോലും.

29 comments:

അരവിന്ദ് :: aravind said...

ദേവ്‌ ജീ..
ഇവിടെ അമ്മാളുവിന്റെ സ്നേഹത്തിനെ അണ്‍ കണ്ടീഷണല്‍ ആയി സ്ഥിതീകരിക്കും മുന്നേ, ഒരു അളവുകോല്‍ കൂടി കണക്കിലെടുക്കണം. ടൈം.
എന്നിട്ടേ, അമ്മാളുവിന്റെ സ്നേഹത്തിനു പിറകില്‍ എന്തെന്ന് സ്ഥാപിക്കാന്‍ പറ്റൂ.
ഒരു വേള ആ സാധു ദേവ്‌ജിയുടെ കൂടെ 2 ദിനം തങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷേ അത് നിരാശയായി തിരിച്ചു പോയേക്കാം. അപ്പോളേ അറിയൂ അതിന്റെ സ്നേഹം കണ്ടീഷണല്‍ ആയിരുന്നു എന്നത്.
ഈ അണ്‍‌കന്റീഷണല്‍ പ്രേമത്തിനാണോ, സായിപ്പന്‍സ് ഇന്‍ഫാച്വേഷന്‍ എന്നു പറയുന്നത്? ആണെങ്കില്‍ ഇതും ആ ഒരു ടൈപ്പ് അല്ലേ?

പണ്ട് പണ്ട് ഒരു ട്രെയിനില്‍ ഒരു യാത്ര പോയപ്പോള്‍ രണ്ടു വരി സീറ്റിനപ്പുറം ഒരു സുന്ദരിക്കുട്ടി , അവളുടെ അച്ഛന്റെ കൂടെ. ഞാന്‍ വെറുതെ വായി നോക്കി ബ്യൂട്ടി ആസ്വദിച്ചു കൊണ്ടിരുന്നു. ഇടക്കിടെ അവളെന്നേയും ശ്രദ്ധിക്കുന്നുണ്ട്. ഒരാള് നോക്കുമ്പോ മറ്റേയാള്‍ മിഴി മാറ്റും. പട്ടാമ്പി എത്തിയപ്പോള്‍, അച്ഛ്ന്‍ ഊണ് കഴിക്കാന്‍ കൈ കഴുകാന്‍ പോയ നേരം അവളെന്നെ നോക്കി ഒരു പുഞ്ചിരി. ഒന്നു ഞെട്ടിയെങ്കിലും, ഞാനും ചിരിച്ചു. കുറ്റിപ്പുറത്ത് ഞാന്‍ ട്രയിനിറങ്ങും വരെ, ഞങ്ങളങ്ങനെ വെറുതെ ചിരിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ടിരുന്നു.
ഒരൊന്നൊന്നര മണിക്കൂര്‍ നീണ്ട ഒരു ചെറിയ ‘പ്രേമം‘. പേരറിയില്ല, നാടറിയില്ല, ഒന്നുമറിയില്ല-അണ്‍‌കണ്ടീഷണല്‍.

അരവിന്ദ് :: aravind said...

പറയുന്നത് സ്നേഹത്തെക്കുറിച്ചാണെങ്കില്‍,

ഈ ലോകത്ത് ഒരൊറ്റ സ്നേഹമേ അണ്‍കണ്ടീഷണല്‍ ആയിട്ടുള്ളൂ.
അമ്മയുടെ സ്നേഹം.

അഭയാര്‍ത്ഥി said...

യശശ്ശരീരനായ ഒരു പ്റശസ്ത്ത കഥാക്റുത്തിന്റെ മന്‍സ്സാക്ഷി സൂക്ഷിപ്പു കാരനായിരുന്നു ഞാന്‍ കുറേ കാലങ്ങള്‍ക്കു മുന്‍പേ. ഒര്‍പാടു ആരാധികമാരുടെ കത്തുകള്‍ അയാള്‍ക്കു ലഭിക്കുമായിരുന്നു. അടുത്തുള്ളവരും അകലത്തിലുള്ളവരും- നിരുപാധികമായ പ്റണയം തന്നെ വിഷയം .

പക്ഷേ എല്ലാ കത്തുകളിലേയും നിരുപാദികമായ ഉപാദി ഞാന്‍ കണ്ടതു കടുത്ത ഭോഗാസ്ക്തി. ആരാധിക്കുന്നവനില്‍ നിന്നു ഉണരുന്ന കാമം അവറ്‍ക്കു മഞ്ഞുകാലത്തെ കറുത്ത കരിമ്പടം പോലെ ആവശ്യമായിരുന്നു. മഴ, ചേറു, വെടിമരുന്നു മണം എന്ന ഒരേ സാമ്യമുള്ള സിംബലുക്കള്‍ അവരുപയോഗിച്ചിരുന്നു.

അതുകൊണ്ടു എവിടെയൊക്കെ നിരുപാദിക പ്റണയമുണ്ടോ അവിടെയെല്ലാം കാമം എന്ന ഹിഡന്‍ ഉപാധിയുണ്ടു എന്നെനിക്കു തോന്നുന്നു . ഇരുമ്പുകുടിച്ച വെള്ളം പോലെ, കടല്‍ വെള്ളത്തിലെ ഉപ്പു പോലെ.

ദേവന്‍ said...

കൂടെച്ചിലവിട്ടയത്രയും നേരം അവള്‍ക്ക്ക്‌ ഡിസപ്പോയില്ലായിരുന്നു എന്നാണു അരവിന്ദേ തോന്നുന്നത്‌.

സാധാരണ എല്ലാ സ്നേഹത്തിനുമുള്ള ഒരു കണ്ടീഷന്‍- തിരിച്ചും സ്നേഹം വേണമെന്നുള്ളത്‌ അമ്മയുടെ സ്നേഹത്തിനില്ലായെന്നത്‌ ശരി. പക്ഷേ സ്വന്തം മകനോട്‌, പ്രസവിച്ചതോ വഴീന്നു കിട്ടിയതൊ, വെറുതേ പുത്ര സ്ഥാനത്തു കാണുന്നവനോ എന്തായാലും, സ്വന്തം മോനോടേ അതുള്ളൂ എന്നൊരു കണ്ടീഷന്‍ അതിനുണ്ട്‌.

എറ്റവും ബുദ്ധിമുട്ടുള്ളതും എറ്റവും സാധാരണയുമായ കണ്ടീഷന്‍ ആനു in exchange of return of similiar feelings towards me തിരിച്ചു വേണം എന്നുള്ളത്‌. ബസ്സിലെ സുന്ദരിയോട്‌ തോന്നുന്നത്‌ നിര്‍ദ്ദോഷമായ ഒരു ഇഷ്ടം. പക്ഷേ എക്സ്ച്ചേഞ്ജ്‌ എന്ന കണ്ടീഷന്‍ ഉണ്ടായിരുന്നില്ലേ?? അവള്‍ ഒട്ടും മൈന്‍ഡ്‌ ചെയ്തില്ലെങ്കില്‍ സങ്കടം വരുമായിരുന്നോ? അപ്പോ കണ്ടീഷന്‍ ബ്രേക്ക്‌ ആകുന്നതുപോലേ?

ഗന്ധര്‍വ്വരേ,
എല്ലാ പെണ്ണും സാധാരണക്കാരനോടിണ ചേരുമ്പോഴും അമാനുഷനെ പ്രസവിക്കാനാഗ്രഹിക്കുന്നെന്നും ആ ആഗ്രഹം ആണു അസാമാന്യരോട്‌ ഐന്‍സ്റ്റീന്‍ മുതല്‍ ഒസാമ വരെയുള്ള അസാമാന്യരോട്‌ സ്ത്രീകള്‍ക്ക്‌ തോന്നുന്ന ആരാധന എന്നും എതൊ യൂങ്ങോ ചാങ്ങോ പറഞ്ഞിട്ടുണ്ട്‌.

അഭയാര്‍ത്ഥി said...


ദേവരാഗം ഒരു അമാനുഷനാകുന്നു ഈ കമന്റിനാല്‍.
ഗന്ധര്‍വ്വരേ,
എല്ലാ പെണ്ണും സാധാരണക്കാരനോടിണ ചേരുമ്പോഴും അമാനുഷനെ പ്രസവിക്കാനാഗ്രഹിക്കുന്നെന്നും ആ ആഗ്രഹം ആണു അസാമാന്യരോട്‌ ഐന്‍സ്റ്റീന്‍ മുതല്‍ ഒസാമ വരെയുള്ള അസാമാന്യരോട്‌ സ്ത്രീകള്‍ക്ക്‌ തോന്നുന്ന ആരാധന എന്നും എതൊ യൂങ്ങോ ചാങ്ങോ പറഞ്ഞിട്ടുണ്ട്‌


ഞാന്‍ അടുത്തിട വായിച്ചതില്‍ ഏറ്റവും ദാര്‍ശനികതയുള്ള വരികള്‍.

every visit to ur blog preach me something. I am indebted and I think all other bloggers as well having the same openion.

അതുല്യ said...

ദേവാ, പട്ടീടെ കാര്യമായിരുന്നല്ലേ?

പക്ഷെ ചിന്തിക്കാന്‍ മൃഗങ്ങളേക്കള്‍ കഴിവുള്ള മനുഷ്യര്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ ഈ വക അണ്‍കണ്ടീഷനാലിറ്റി ഇന്റ്ടക്ട്‌ ചെയ്യാന്‍ പറ്റുമോ എന്നാ കാര്യത്തില്‍ എനിക്കൊന്നാലോചിയ്കേണ്ടിയിരിയ്കുന്നു. അരവിന്ധന്‍ പറഞ്ഞ അമ്മ എന്നെ വ്യക്തിപോലും,മക്കളെക്കുറിച്ച്‌ ഒരു ഇന്‍-വെസ്റ്റ്‌മന്റ്‌ ചിന്താഗതിയാണു ഉള്‍കൊണ്ട്‌ പോരുന്നത്‌, വളരും വലുതാവും, താങ്ങാവും, തണലാവും അങ്ങനെ പലതും.

ഏതെങ്കിലും സുനാമിയ്കോ, ഭൂമികുലുക്കത്തിനോ മറ്റോ നാലു ചില്ല്വാനം കൊടുക്കുമ്പോ, അത്‌ ആരുടെ കൈയിലെത്തുന്നുവോ അവരുമായിട്ട്‌ പേരു ഊുരുറയാതെ ഒരുവനോടുള്ള അണ്‍കണ്ടിഷനല്‍ സ്നേഹം/കരുണ എന്നൊക്കെ ആയിട്ട്‌ പറയാം. അല്ലാതെ, മറ്റ്‌ എന്തും എതെങ്കിലും പരുവത്തിലുള്ള ഒരു ഗിവ്‌ ആന്‍ഡ്‌ ടൈക്ക്‌ ഫീസിബിലിറ്റിയുള്ള ഒരു ബന്ധം തന്നെ.

അരവിന്ധം പറഞ്ഞ സമയവും ഒരു പ്രധാന ഘടകം തന്നെ. 20 വര്‍ഷത്തിനു ശേഷവും ആഷ്‌ ന്ന് കൂകി വിളിച്ച പ്രതാപ്‌ തന്നെ ഒരു ലിവിംഗ്‌ എക്സാമ്പിള്‍ അല്ലേ? പ്രണയത്തിനു ഒരു കണ്ടീഷനോ/ഒരു സ്ഥിരമായ ഒരു ഗ്രാഫോ തച്ച്‌ കൂട്ടാന്‍ പ്രയാസം തന്നെ. അതുപോലെ തന്നെ ദുഖത്തിനും. ശ്മശാന ദുഖം പടിപ്പര വരെ, പിന്നെ സഞ്ചയനം, പിന്നെ അടിയന്തിരത്തിന്റെ തിരക്കില്‍, പിന്നെ ആളൊഴിയല്‍, പിന്നെ ഇന്‍ഷ്വറന്‍സ്‌ അപ്പീസ്‌ വരാന്ത, വയര്‍ എന്ന വില്ലന്‍ ഒക്കെ ഒക്കെ നമ്മളെ മരിച്ച അന്ന് ഉണ്ടായ ദുഖത്തില്‍ നിന്നു ഒരുപാടു ദൂരെ കൊണ്ടു പോകുന്നു. അപ്പോ കണ്മുമ്പില്‍ കഴുത്ത്‌ വെട്ടി കൊന്ന എബ്രഹാമിന്റെ ഭാര്യപോലും, ഇന്ന്, സായന്തരങ്ങളില്‍ ഒരു ചെയ്ഞ്ചിനായി ഏെതെങ്കിലും സീരിയലോ സിനിമയോ കണ്ട്‌ മനസ്സിനെ ദുഖത്തിന്ന് അകറ്റി നിര്‍ത്തുന്നു. അല്‍പം സമയത്തേയ്ക്കെങ്കിലും.

ഒന്നും സ്ഥിരമായ വികാരമല്ലാ എന്ന വിശ്വസിയ്കുവാന്‍ കഴിഞ്ഞാ പകുതി ജയിച്ച്കു.

ഗന്ധര്‍വന്‍ കറുപ്പിച്ച്‌ പറഞ്ഞത്‌ കൊണ്ട്‌, ദേവന്റെ കമന്റ്‌ അമാനുഷികമ്ന്ന് ഞാന്‍ പറയില്ലാ, കാരണം, ഇണചേരുമ്പോഴ്‌ ഒരു സ്ത്രീയും നിങ്ങള്‍ എനിക്ക്‌ ഒരു അസാധാരണ കുഞ്ഞിനെ തരണമ്ന്ന് പറഞ്ഞ്‌ കേഴാറില്ലാ, അതിനു ഒരു ഉറപ്പില്ലാ താനും. പിന്നെ ഇത്രയൊക്കെ പറഞ്ഞ ഗന്ധര്‍വനുമറിയാമല്ല്ലോ, ഇണ ചേരുന്നത്‌ കുഞ്ഞിനു വേണ്ടി മാത്രമല്ലാ എന്നും. യാങ്ങോ ഊുന്‍ങ്ഗോ ഒക്കെ പറഞ്ഞാതായത്‌ കൊണ്ട്‌ ഞാന്‍ ക്ഷമിച്ചു. ആരാധനാ പാത്രമാവാന്‍ അസാധാരണത്വം വേണമെന്ന തത്വം തികച്ചും പൊള്ളയാണു. വേണ്ടാ, ഞാനൊന്നും പറയണില്ലാ. ബെഞ്ചീന്ന് ഇറങ്ങാന്‍ സമയമില്ലാ, ഇനി ക്ലാസ്സിന്റെ പുറത്തായാ പൊല്ലാപ്പാവും, അടുത്ത മാര്‍ച്ചിലെങ്കിലും ശരിക്കോ, സര്‍ക്കാറിന്റെ പുതിയ 'സേ' (save an year) വകുപ്പോ ഒക്കെ എഴുതി പാസാവാന്‍ നോക്കട്ടെ.

അഭയാര്‍ത്ഥി said...

ഇതാണു പറഞ്ഞതു ഗൌരവമുള്ള ഒരു കാര്യത്തിനു ചൂരും ചൊടിയും വേണമെങ്കില്‍ അതുല്യ തന്നെ വേണമെന്നു.

ഞാന്‍ കണ്ടതും ഉപദേശിചു പോന്നതും എന്റെ ദ്റുഷ്ടിയിലൂടെ. അതു തെറ്റായി പോയൊ എന്നു ഞാന്‍ നോക്കിയിട്ടില്ല. ഒരു ആണ്‍ ഭാഷ്യം ഉണ്ടായല്‍ അതിശയിക്കേണ്ട.

പിന്നെ കാമം ഇണ ചേരല്‍ എന്നിവ നിക്റുഷ്ടമായ ഒന്നാണെന്നു ഒരിക്കലും ഞാന്‍ പറയില്ല. ജീവന്റെ ആധാരം തന്നെ അതാണു. പെയറിംഗ്‌ ടെന്റെന്‍സി ലീഡ്‌ ദിസ്‌ യൂണിവേറ്‍സ്‌. സത്യമായ കാര്യം. കത്തെഴുതിയവറ്‍ക്കു ഞാന്ധരിച്ച പോലെ വികാരം ഉണ്ടായിരുന്നെന്നാല്‍ അതൊരു തെറ്റായി ഞാന്‍ പറയില്ല.

ഗാന്ധി നിസ്സ്വാറ്‍തനായിരുന്നു എന്നു ഞാന്‍ സമ്മതിക്കില്ല. പിന്നെ അദ്ദേഹം എന്തിനു ഈ പെട പാടൊക്കെ ചെയ്തു. അതു പൊലെ തന്നെ ഇതും.


ഗന്ധറ്‍വനും നിസ്സ്വാറ്‍ത പ്റണയനി ഉണ്ടായിരുന്നു. ഗന്ധറ്‍വന്‍ പകരമായി ഒന്നും തിരിച്ചു കൊടുക്കാതെ ഒരു പാടു സ്നേഹവും , സാമഗ്രികളും ഒക്കെ തന്നിരുന്നു. ഗന്ധറ്‍വനു കൊടുക്കാനുള്ളതു എന്നും കുത്തു വാക്ക്ക്കൂ.
എന്നിട്ടും ഒരു കയ്യാല്‍ ഞാനെറിയുന്ന ചെളി മാറ്റി വീണ്ടും പുഞ്ചിരിയോടെ കാണാനുള്ള ആഗ്രഹത്തോടെ എത്താറുണ്ടായിരുന്നു. അതും നിസ്സാറ്‍ത്തമെന്നു ഗന്ധറ്‍വന്‍ സമ്മതിക്കില്ല. കാരണം എന്തോ ഒന്നില്‍ അവള്‍ ആനന്ദം കൊള്ളുന്നു. ഒരു പക്ഷെ ഗന്ധറ്‍വ പീഡ.
പിന്നെ, പ്റസവിക്കുന്ന കുഞ്ഞു വികലാംഗനാകന്‍ണമെന്നു ചിന്തിക്കാത്തതു പോലെ , മമ്മുട്ടിയുടെ രൂപം, രാജു നരായന സ്വാമിയുടെ തല, യെശുദാസിന്റെ സബ്ദം എന്നൊകെ ഇപ്പോള്‍ പ്റസവിക്കുന്ന അമ്മമാറ്‍ ആഗ്രഹിചിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.
അതും തെറ്റാണെന്നു പറയുന്നില്ല. മനുഷ്യമനസ്സിന്റെ ഘടന അതു.

അതെന്നും കടിഞ്ഞാണില്ലാത്ത കുതിര.

അഭയാര്‍ത്ഥി said...

വെറുതെ നെറ്റില്‍ കിടന്നിരുന്ന വയിറസ്സിനെ എടുത്തു സിസ്റ്റത്തില്‍ വച്ചു.
എന്റെ പണി ഇന്നു കുളമാക്കിയ ഈ ഡിസ്കഷനു ഒരു പാടു വാഴ്ത്തുക്കള്‍. എന്തായാലും എന്‍ജോയെട്‌

പോട്ടെ .
spelling mistakes in all my comments are very much regretted

അതുല്യ said...

വക്കാരിക്കു വച്ച്ക നെല്ലിക്കാതളം ഒപ്റ്റിക്ക്‌ ഫ്രൈബ്ര് കേബിള്‍ വഴി ഈ വഴിയ്കെത്തിച്ചാ ഗന്ധര്‍വനെത്തിക്കുന്ന കാര്യം ഞാനേറ്റു.

അപ്പോ അവളാണോ ആ ഇന്നലെ വിരലീന്ന് ഊര്‍ന്ന് പോയ്യീന്നൊക്കെ പറഞ്ഞ ഇവള്‍? ആവോ. ഏതായാലും ഉണ്ടായിരുന്നു എന്നല്ലേ,. ഇപ്പോ തലയീന്ന് പോയല്ലോ. സമാധാനം. കാര്യമായി വല്ലതും തടഞ്ഞോ? ചീക്കിലീടെ കാര്യമാട്ടോ.
\

ചോഴിയ കുടിമി ചുമ്മാ ആടില്ലാ, ആദായമില്ലാത്ത ചെട്ടിയാര്‍ ആറ്റിലിരങ്ങി കാലു നിനയ്കില്ലാന്നല്ലേ, എന്തേലും അവളു കണ്ടിരിയ്കും, ഇടയ്കിടയ്ക്‌ ആ ബാങ്ക്‌ സ്റ്റേറ്റമന്റ്‌ ഒക്കെ എടുത്തൊന്ന് നോക്കൂ. കുപ്പ്പൂസിനുള്ള വകയെങ്കിലും ബാക്കിയുണ്ടോന്ന്.

ചില നേരത്ത്.. said...

അണ്‍കണ്ടീഷനല്‍ പ്രണയമായിരുന്നെനിക്ക് എന്റെ മേല്‍നോട്ടത്തില്‍ പണി തീര്‍ത്ത കെട്ടിടങ്ങളോട്. ചിലവായ സിമന്റിന്റെ കണക്കും മണലിന്റെ കണക്കും കൂട്ടി ലാഭനഷ്ടത്തിന്റെ കണക്ക് കൂട്ടി പെയിന്റിന്റെ മണമാസ്വദിച്ച് പടിയിറങ്ങി പോരുമ്പോള്‍ സഹിക്കാനാവാത്ത വേര്‍പ്പാട് അനുഭവിക്കുമായിരുന്നു. ഇഷ്ടികയോടും formwork പലകകളോടും ആത്മബന്ധം സ്ഥാപിച്ച് എന്റെ സംതൃപ്തിയില്‍ പങ്കുചേര്‍ന്നവരായാണ് എനിക്ക് തോന്നിയിരുന്നത്. ഇതെന്തു വികാരം എന്ന് എനിക്കിപ്പോഴും തോന്നുന്നുണ്ട്. കൊടുത്തു തീര്‍ക്കുന്ന അക്കങ്ങളോട് കണക്കെഴുത്തുകാരനെന്തു പ്രേമം. ഞാനും പറയട്ടെ. എന്റെ കൈപാട് പതിഞ്ഞ സകലതിനോടും unconditional പ്രണയമാണെനിക്ക്.
ദേവേട്ടാ.. നല്ലൊരു ഓര്‍മ്മ കുറിപ്പാണിത്. വളരെ സന്തോഷം തോന്നുന്നു ഈ കുറിപ്പ് വായിച്ചിട്ട്.

അഭയാര്‍ത്ഥി said...

എന്നെ പണിയെടുക്കാന്‍ വിടില്ല അല്ലേ. കാലിക പ്റാധാന്യമില്ലാത്ത ഒന്നാണു അതു. ഇന്നലെ എഴുതിയതു അതു തന്നെ. കാലമെത്റയായാലും അതു തികട്ടിവരും അന്നു ഗന്ധറ്‍വന്‍ ദുഖിതനാകും.ഊഹം ശരിയാണൂ. കൊണ്ടു പോയതു ഒന്നു മാത്റം- മനസ്സു. ഇടക്കിടക്കു തിരിച്ചുകിട്ടാത്ത ആ മന്‍സ്സു ഞാന്‍ തേടുന്നു. എങ്ങാനുമെങ്ങാനും കണ്ടാല്‍ ആ മന്‍സ്സിനോടു പറയണേ.....

കളിയാക്കിയതാണെങ്ങിലും ഇന്നലത്തേതും ഇന്നത്തേതും ആയ കമെന്റുകള്‍ ഓറ്‍ത്തതിനു നന്ദി.
ഗന്ധറ്‍വന്‍ അന്നു പിച്ചൈ, ഇന്നു ഇരപ്പാളി- നഷ്ടപെടുവാന്‍ NH47 & some roads മാത്റം

അഭയാര്‍ത്ഥി said...

previous comment in സമകാലികം samarppanam to athulya-
sorry I left out to mention this

അതുല്യ said...

പ്രതികരിയ്കാന്‍ കഴിയാത്തവയോട്‌ എന്തു ചെയ്താലും അത്‌ അണ്‍കണ്ടീഷനല്ലല്ലേ ഇബ്രുവേ ?

ഹാള്‍മാര്‍ക്ക്‌ ഗ്രീറ്റിങ്ങസ്‌ മോഡല്‍ കമന്റെഴുതി രക്ഷപെടുന്ന നിക്ഷ്പക്ഷനായ ബലരാമന്റെ (നിങ്ങള്‍ അറിയുമോ ഞങ്ങടേ ബലരാമനേ?) റോളുള്ള ഇബ്രുവിനോട്‌ എന്തു പറയാന്‍ ഞാനിതില്‍ കൂടുതല്‍?

ദേവന്റെ സ്റ്റൊറിവെസ്സല്‍ പട്ടിയായത്‌ കൊണ്ടാ അല്ലേല്ലു കാണാമായിരുന്നു പുകിലു.

ദേവന്‍ said...

കല്യാണം കഴിഞ്ഞതുകൊണ്ട്‌ ഞാന്‍ പ്രേമത്തെക്കുറിച്ചു നാലു വരി എഴുതാനോ ശകലം പ്രേമിക്കാനോ ഭയപ്പെടുകയൊന്നുമില്ല അതുല്യേ. എന്റെ ഭാര്യയിതു വായിക്കുന്നുവെന്നുള്ളതുകൊണ്ട്മാത്രം ഒളിക്കേണ്ട രഹസ്യങ്ങളുമൊന്നുമെനിക്കില്ല. എന്നെക്കാള്‍ എന്റെ മനസ്സു തുറക്കുന്നത്‌ അവളുടെ മുന്നിലാണ്‌.

എനിക്കിപ്പോ ഒരു പ്രേമം തുടങ്ങി എന്നു പറഞ്ഞ്നാലും ദേവരാഗിണി ഞെട്ടാന്‍ പോണില്ല.. അതിലും വലുതൊക്കെ ആ എന്റെ വാമദേവി കണ്ടു കഴിഞ്ഞതാ.

അവനവന്റെ മനസ്സിനു സ്വാതന്ത്ര്യമില്ലാത്തതിനു ചിലര്‍ പെണ്ണു കെട്ടി ചങ്ങലയിലായി എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്‌.. പാവം പെണ്ണുങ്ങള്‍.

അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...


പൂക്കളൊടും പുഴകളോടും പുല്ലിനൊടും ജന്തുക്കളോടും എപ്പൊഴിതാ ബില്‍ഡിങ്കളോടും പ്റണയം തോന്നാം. നല്ലൊരു കാല്‍പനികനാണെങ്കില്‍. ഇബ്രു റൊമാന്റിക്‌ ആണു.
നിസ്വാറ്‍ത്ഥ പ്റണയത്തെ കുറിച്ചു പറഞ്ഞു ഗന്ധറ്‍വന്‍ കാടു കയറി പോയി. അതുല്യയുടെ നെല്ലിക്കാ തളം ഏറ്റു.

കഥ നന്നായിരിക്കുന്നു എന്ന നെടുങ്കന്‍ കമെന്റിട്ടു ഊരുന്നു

ഉമേഷ്::Umesh said...

കൊള്ളാം ദേവാ. പക്ഷേ ഇതിന്റെ സ്ഥാനം “സമകാലിക”ത്തിലാണോ എന്നൊരു സംശയം.

അതുല്യ said...

devan saare,

i do not say, u had some hidden ideas/issues behind this like a recent love, but, i said, rather reiterate, there are two-three factors to this unconditional love logic :-

(1) As Aravind said - the time
(2) Then, The ability for them to react to certain issues at a given point of time.
(3) If once you have tried aiming a stone at him, for a fun?
(4) The pace and the space.

marupadi and maru adi eni naale...

ദേവന്‍ said...

Umesh,
അടി നടക്കുന്നെങ്കില്‍ അതു നാല്‍ക്കവലയില്‍ ആയിക്കോട്ടേ ആരുടേം ഉമ്മറത്തു വേണ്ടാ എന്നുദ്ദേശിച്ചിട്ടാണേ ഈ ചവറു ഞാന്‍ പുറമ്പോക്കില്‍ കൊണ്ടു കൊട്ടിയിട്ടത്‌ :) :) :)

ദേവന്‍ said...

അതുല്യേ,
തിരിച്ചൊന്നും കിട്ടാനില്ലെന്നറിഞ്ഞുകൊണ്ട്‌ ജീവന്‍ പണയപ്പെടുത്തിയ അമ്മാളുവിന്റെ കാരിയ്ം പോട്ടെ.. താങ്കളോട്‌ സ്നേഹമുള്ള എതെങ്കിലും സാധാരണ പട്ടിയെ ഒന്നു തൊഴിച്ചു നോക്കുക. പിന്നെ അതേ തൊഴി ജീവനു തുല്യം സ്നേഹിക്കുന്നു എന്നൊക്കെ പറയുന്ന ഒരു മനുഷ്യനേയും... ആര്‍ക്കാണു ക്ഷമിക്കാന്‍ കഴിയുക എന്നറിയാമല്ലോ (ക്രെഡിറ്റ്‌ മന്ത്രി ബീര്‍ബല്‍നു)

അതുല്യ said...

ബെന്നിയേ ദുബായി റോടിന്റെ കിടപ്പറിയാലോ മണിയഞ്ചാകാറായി.

എന്നാലും കിഴുക്കുമ്പോ തലയാട്ടുകയെങ്കിലും വേണോലോ. പ്രതികരിയ്കാന്‍ കഴിയാത്തത്‌ ചിന്തിക്കാനുള്ള കഴിവില്ലായ്ം, അപ്പോ പിന്നെ അണ്‍കണ്ടീഷനെല്ല്ന്നോ, കണ്ടീഷനെന്നോ മറ്റു വേറെയൊരു ഇഷനും ഉണ്ടാവുമെന്ന് തോന്നുന്നുണ്ടോ? കോടാലി കൊണ്ട്‌ വെട്ടുമ്പോ മരത്തിനുണ്ടാവുന്ന അതെ രീതി. അപ്പോ ചെയ്യുന്നവര്‍ തന്നെ, ഒരപ്പീലുമില്ലാ ബെന്നി.

nalan::നളന്‍ said...

അണ്‍കണ്ടീഷണല്‍ പ്രണയവും നിസ്വാര്‍ത്ഥ പ്രണയവും ഒന്നാണോ?. സാധ്യമാണോ. കിട്ടില്ലെന്നുറപ്പുണ്ടെങ്കില്‍ അണ്‍കണ്ടീഷണലാവുമോ?
കാവ്യാ മാധവനെ ഞാന്‍ പ്രണയിച്ചാല്‍ അതു വണ്‍ വേ ആണെങ്കിലും അണ്‍കണ്ടീഷണല്‍ ആവുമോ എന്നുറപ്പിച്ചു പറയാന്‍ കഴിയില്ല. മറിച്ച് മരിച്ചുപോയ മോണിഷയെ ആണെങ്കില്‍ അണ്‍കണ്ടീഷണല്‍ ആവുമോ?..
ഇവിടേയും അണ്‍കണ്ടീഷണല്‍ ആണെന്നു തീര്‍ത്ത് പറയാന്‍ പറ്റില്ല.
എന്തോ ഒന്ന് തിരിച്ചു കിട്ടുന്നുണ്ട്. സന്തോഷം അല്ലേങ്കില്‍ വേറെന്തോ.
അണ്‍കണ്ടീഷണല്‍ ആയിട്ടോന്നുമില്ലെന്നേ അനുമാനിക്കാനാവുന്നുള്ളൂ

മനൂ‍ .:|:. Manoo said...

ദേവരാഗം,

ദേവരാഗം പറഞ്ഞതു പോലെ, ഉപാധികള്‍ ഇല്ലതിരുന്ന സ്നേഹമായിരുന്നെങ്കില്‍, അമ്മളു മറ്റെല്ലാവരേയും അതേ സ്നേഹത്തോടു കൂടി കാണേണ്ടിയിരുന്നില്ലേ എന്ന് സംശയം. അതുപോലെ തിരിച്ചും
അങ്ങനെ വരുമ്പോള്‍, സ്നേഹിച്ചുതുടങ്ങാന്‍ നമ്മളെല്ലാവരും, മൃഗങ്ങളും, എന്തൊക്കെയോ ഉപാധികള്‍ സൂക്ഷിക്കുന്നു എന്നും വരുന്നു.

ഇനി തുടങ്ങാന്‍ ഉപാധികള്‍ ഏറെ ഉണ്ടെങ്കിലും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നതാവുമോ ഈ പറഞ്ഞ unconditional എന്നതാണ്‌ സംവാദത്തിന്റെ കാതല്‍ എന്നു വരികില്‍, Angelina Jolie - യെ ഉപഭൂഖണ്ഢത്തിലിരുന്ന് സ്നേഹിക്കുന്നതിനേയും അങ്ങനെ വിളിക്കേണ്ടി വരുമെന്നു തോന്നുന്നു.

ഇവിടെ ഗന്ധര്‍വ്വന്റെ വാദങ്ങളോടുള്ള വിയോജിപ്പുകൂടി പറഞ്ഞു കൊള്ളട്ടേ. എല്ലാ താര, വീരാരാധനകളും കാമത്തില്‍ മാത്രം അധിഷ്ട്തിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ ദേവരാഗം പറഞ്ഞതു പോലെ, എല്ലാ സ്ത്രീകളും ഇണചേരുമ്പോഴെല്ലാം ഒരമാനുഷനെ പ്രസവിക്കന്‍ ആഗ്രഹിക്കുന്നു എന്നും.

അരവിന്ദന്റെ ഒരു വാദം, സമയം ഒരു ഘടകമാണെന്നുള്ളത്‌- സമയത്തെ, കാലത്തെ, അല്ലെങ്കില്‍ മാറ്റങ്ങളെ അതിജീവിക്കുന്നതു തന്നെയാവണം unconditional സ്നേഹം എന്നാണ്‌ ഇനിയും നിര്‍വ്വചിച്ചു കഴിഞ്ഞിട്ടില്ലാത്ത ആ വാക്കുകൊണ്ടുദ്ദേശിക്കുന്നത്‌ എന്നെനിക്കു തോന്നുന്നു. പിന്നെ അമ്മയുടെ സ്നേഹത്തെക്കുറിച്ച്‌, ദേവരാഗവും അതുല്യയും പറഞ്ഞതിനപ്പുറമൊന്നും എനിക്കുമില്ല പറയാന്‍.

വസ്തുക്കളോടുള്ള ഇഷ്ടത്തെ ഈ ഗണത്തില്‍ പെടുത്താമോ എന്നും സംശയങ്ങള്‍ മാത്രം ബാക്കി. വര്‍ഷം പലതു കഴിഞ്ഞിട്ടും, ഇനിയൊരു തിരിച്ചു വരവു പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെങ്കിലും, അവളുടെ കണ്മഷി പുരണ്ട തൂവാല ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്നതിനും എനിക്ക്‌ വിശദീകരണങ്ങള്‍ ഇല്ല. കാരണം, ഇബ്രു പറയുന്നതു പോലെ അതിനോടുള്ള സ്നേഹം unconditional ആണെന്നു പറയാന്‍ കഴിയുമോ? അങ്ങനെയെന്നാല്‍, ഇന്നു മറ്റൊരു പെണ്ണുണ്ടായിട്ടും, പഴയ സ്നേഹം മനസ്സിന്റെ ഒരു കോണില്‍ ആര്‍ക്കും ഒരു ഭാരമാകാതെ കൊണ്ടു നടക്കുന്നതും unconditional ആണോ?

ദേവരാഗം... ഞാന്‍ പിന്‍വാങ്ങുന്നു. കൂടുതല്‍ പറയാന്‍ മാത്രമുള്ള അവഗാഹം എനിക്കിതിലില്ല. പിന്നെ എല്ലാവരും പറയുന്നതു കേട്ടപ്പോള്‍, ഒരാവേശത്തിന്റെ പുറത്തു ചെയ്തു പോയതാണിത്‌.

അഭയാര്‍ത്ഥി said...

മഴനൂലുകള്‍... പറയുന്നതു ശരി വക്കുന്നു. പക്ഷേ ഒരു സ്ത്റീക്കു പുരുഷനോടു തോന്നുന്ന പ്റണയം ഒരിക്കലും നിസ്വാറ്‍ത്തമല്ല. കാമം അതിലുണ്ടായിരിക്കും അതു അവള്‍ പോലും അറിയാതെ ഉള്ളില്‍ ഉദ്ഭൂതമാകുന്നതു.

ഒന്നു ചിന്തിക്കു എന്താണു പ്റണയം. എന്തെങ്ങിലും പാറ്‍ടി നടത്തുന്നതോ?, സമ്മാനങ്ങള്‍ തരുന്നതോ?, ഒന്നിച്ചു സിനിമക്കു പോകുന്നതോ?. പാറ്‍ക്കിലിരിക്കുന്നതോ?. അല്ലേ അല്ല.
പെറ്‍ഫൂം ഡി മാന്‍ പെറ്‍ഫൂം ഡി വൊമന്‍. മദോന്‍മത്ത ഗന്ധം. രസ്നകളില്‍ സ്മരണയില്‍ ഊറുന്ന അതുമാത്റം. ഗന്ധം എന്നു സിംബോലിക്‌ ആയി പറഞ്ഞുവെന്നെ ഉള്ളു. ചുഴിഞ്ഞു ചിന്തിക്കു. ഒരേ ഒരു കാര്യം മാത്റം- കാമം മാത്റം തെളിയുന്നു. ഒരു ആശ്ളേഷത്തിനുള്ള ആഗ്രഹം, ഒരു സ്പര്‍ശനത്തിനുള്ള ആഗ്രഹം, ഒരു നോട്ടത്തിനുള്ള ആഗ്രഹം ഉണ്ടയിരുന്നാല്‍ അവ എന്റെ വാദത്തെ ന്യായീകരിക്കുന്നു.

ഞാന്‍ വീണ്ടും പറയട്ടെ പ്റേമം അഥവാ ആ ആകറ്‍ഷണം , ലളിതമായി പറഞ്ഞാല്‍ കാമം, എല്ലാ ജന്തുക്കളുടേയും വസ്തു വഹകളുടേയും ആധാരം, അടിസ്ഥാനം.

കെമികല്‍ റിയാക്ഷന്‍, ആറ്റം, പ്റോടോണ്‍, ഇലക്ട്റോണ്‍ - വേലെന്‍സി ,ഓറ്‍ബിറ്റിംഗ്‌, ഔടറ്‍ ഓറ്‍ബിറ്റ്‌.... അങ്ങിനെ ഒരു പാടു ശാസ്ത്റീയ വാദ ഗതികള്‍ ഉപൊല്‍ബലങ്ങളായി.. അവ പിന്നീടു

കണ്ണൂസ്‌ said...

1. എനിക്ക്‌ വിശക്കുന്നു.

2. പുതിയ ഒരു പാന്റും ഷര്‍ട്ടും വാങ്ങണം

3. മോള്‍ക്കായി എന്തെങ്കിലും കരുതി വെക്കണം.

4. ഹര ഹരോ ഹരഃ

അഭയാര്‍ത്ഥി said...

കണ്ണൂസേ , നേരം പോക്കിന്‌ ബോബനും മോളിയും പിന്നെ അസ്തിത്വാന്വേഷണവും. ഡെല്‍റ്റ-ടി യും ചിതറിയ ചിന്തകള്‍ ഉം,വാലിട്ടു കണ്ണെഴുതിയവര്‍ഉം പ്റസക്തമാകുന്നു അല്ലേ?.

മനൂ‍ .:|:. Manoo said...

ഗന്ധര്‍വ്വന്‍,

താങ്കള്‍ മുന്‍പു പറഞ്ഞിരുന്നതു പോലെതന്നെ, ഞാനും കാമം തെറ്റെന്നു ധരിയ്ക്കുന്നില്ല. ജീവന്റെ ആധാരങ്ങളില്‍ ഒന്നായും ഞാനതിനെ തിരിച്ചറിയുന്നു.

താങ്കളുടെ വാദം ശരിവയ്ക്കുന്നു ഞാന്‍. ആരാധകവൃന്ദത്തെ സ്ത്രീ എന്ന ഗണത്തില്‍ മാത്രം പെടുത്തിയല്ല അപ്പോള്‍ സംസാരിച്ചത്‌ എന്നതുകൊണ്ടുണ്ടായ വീക്ഷണവ്യതിയാനങ്ങളാവാം ആ സംഭവിച്ചതിന്നധാരം.

ഏതു പ്രണയവും അടിസ്ഥാനപരമായി കാമവുമായി ബന്ധപ്പെട്ടിരിക്കുന്നു; താങ്കള്‍ പറഞ്ഞതു പോലെ, പലപ്പോഴും അവര്‍ പോലും തിരിച്ചറിയാതെ...

..................

ദേവരാഗത്തിന്റെ സംവാദം തുടരട്ടേ... നമുക്കു വഴിമാറി നടക്കേണ്ട.

അതുല്യ said...

ബെസ്റ്റ്‌ കമന്റ്‌ അവാര്‍ഡ്‌ ഗോെസ്‌ ടു കണ്ണൂസ്സ്‌..... ശിരസാ നമാമി....

(ഒരു ദിവസം ഞാന്‍ ശര്‍മാജിയോട്‌ വളരുന്ന അപ്പുന്റെ അസഹ്യമായ കുറുമ്പും, ഗള്‍ഫ്‌ ജീവതം അവനു അന്യമാക്കുന്ന സംഗതികളും ഒക്കെ പറഞ്ഞ്‌ കൊണ്ടിരുന്നു.

ശര്‍മാജി ഇതു പോലെ ഒരു വര്‍ത്തമാനം പറഞ്ഞു :

കല്‍ കാ ബ്രേക്ക്‌ ഫാസ്റ്റ്‌ മേ ദോ സാന്റ്വിച്ച്‌ ജ്യാദാ രഖ്നാ.... ... )

ദേവന്‍ said...

ബെന്നി,
അസാമാന്യരെന്നു ഉദ്ദേശിച്ചത്‌ അസാമാന്യ സുന്ദരന്മാരെയൊ സുന്ദരികളേയോ മാത്രമല്ല ( കാവ്യാമാധവനും സാനിയാ മിര്‍സാക്കും ഐഷൂ റായിക്കും ഉള്ളതും ബിന്ദു പണിക്കര്‍ക്കും കൊനേരു ഹമ്പിക്കും കുഞ്ചലറാണിക്കും ഇല്ലാത്തതുമായ തരം ഫാന്‍സ്‌ എന്തിന്റെ ഫാന്‍സിയില്‍ നടക്കുന്ന ഫാന്‍സ്‌ ആണ്‌? ചാള്‍സ്‌ ശോഭാരാജനോടും ഓസ്സാന്‍ ബിന്‍ ലാടനോടും ഐന്‍സ്റ്റീനോടും ഇസ്രായേലില്‍ ചാകാന്‍ കിടക്കുന്ന ഇത്താകു ഷമ്മീര്‍ ചേട്ടനോടും തോന്നുന്ന ആരാധനക്കു ഖുശ്ബൂവിന്റെ അമ്പലവുമായി ബന്ധമില്ല. ഉണ്ടെങ്കില്‍ ആദ്യം മനോരമക്കല്ലേ പാണ്ടിച്ചെക്കന്മാര്‍ അമ്പലം കെട്ടേണ്ടത്‌?

പ്രേമിക്കുന്നവന്റെ/വള്‍ടെ മനസ്സിലാണു ഉപാധികള്‍ എന്നാണേ എനിക്കു തോന്നിയത്‌.


നളാ,
ചില കണ്ടീഷനുകള്‍ മാന്യതയും ചിലത്‌ പോക്രിത്തരവും ആകുന്നത്‌ എന്താണെന്നലോചിച്ചിട്ടു ഒരന്തവും കുന്തവും ഇല്ല. എന്നെ സ്നേഹിച്ചാല്‍ നിന്നെ സ്നേഹിക്കാം എന്ന കണ്ടീഷന്‍ അടിസ്ഥാനപരമായി സ്നേഹിക്കപ്പെടാനുള്ള എന്റെ ആഗ്രഹം നീ തീര്‍ത്തു തന്നാല്‍ നിന്റേതു ഞാനും തീര്‍ത്തു തരാം എന്നല്ലേ? അതു 50 രൂപായുടെ പ്രേമം താടീ പെണ്ണേ എന്നു പറയുന്നതു പോലെ തറ ഇടപാടല്ലേ? ഇതെങ്ങനെ ഒരു മാന്യമായ പ്രവൃത്തിയായി?

ഇബ്രൂ സ്വന്തം വര്‍ക്കിനെ പ്രണയിചത്‌ പിഗ്മാലിയോണിനെ പ്രേമിച്ചതു പോലെയോ അതോ ഈ വര്‍ക്കെല്ലാം നന്നായിട്ടു ചെയ്ത ഇബ്രുവിനെ തന്നെ വര്‍ക്ക്‌ ഒരു
കണ്ണാടിയാക്കി പ്രണയിക്കുകയായിരുന്നോ?

മഴനൂലുകളേ,
എല്ലാ സ്ത്രീകള്‍ക്കും ഒരതിമാനുഷന്റെ അമ്മയാകാനുള്ള ആഗ്രഹം കാമത്തിന്റെ കീടനില്‍ എവിടെയോ കിടപ്പുണ്ടെന്നത്‌ യൂങ്ങ്‌ പറഞ്ഞതാണെന്നാണ്‌ ഓര്‍മ്മ.. ശരിയോ തെറ്റോ എന്നറിഞ്ഞൂടാ.. മൂപ്പരുടെ പല തീയറിയും വിചിത്രമാണ്‌ പലതും ശരിയുമാണ്‌. പലതും അസംബന്ധവുമാണ്‌.
(എനിക്കും വലിയ മാസ്റ്ററി ഉള്ള മേഖലയൊന്നുമല്ലാന്നേ, ഒരു രസമല്ലേ എല്ലാവരും കൂടിയിരുന്ന് ഇങ്ങനെ കൊച്ചുവര്‍ത്തമാനം പറയാന്‍ എന്നു വിചാരിച്ച്‌ അങ്ങു തുടങ്ങി)

തുളസീ, ഒരു നിരുപാധിക പ്രണയമെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന ഒരു ബന്ധത്തിന്റെ ഉച്ചാന്തലക്കല്‍ ചവിട്ടി നില്‍ക്കുമ്പോള്‍ ഞാനെന്ന ജൂനിയര്‍ കോളേജ്‌ വിദ്യാര്‍ത്ഥി അര്‍ത്ഥരാത്രി പൂത്തുലഞ്ഞു നില്‍ക്കുന്ന കുരുക്കുത്തി മുല്ല പടര്‍ന്നു കിടക്കുന്ന കിളിമരത്തില്‍ വലിഞ്ഞു കയറി ചില്ലയില്‍ ഒരു അരിക്കേന്‍ ലാമ്പു വച്ച്‌ അതിന്റെ വെളിച്ചതില്‍ ഡയറിയില്‍ ഇങ്ങനെ എഴുതി
"ഒരുറവപോലെ എന്റെ ഹൃദയം നിറഞ്ഞ്‌ സ്നേഹം നാലുപാടേക്കും ചീറ്റുന്നു- ചെളിയിലും കുണ്ടിലും പൂവിലും ഭേദമെന്യേ, എതു രാജാവിന്റേയും നായുടേയും ദാഹം തീര്‍ക്കാന്‍ പോന്ന അമൃതു ചുരത്തുന്നു എന്റെ മനസ്സ്‌." നിറഞ്ഞു നീരുറവ പൊട്ടുന്ന മനസ്സ്‌ ചിലപ്പോ തുളസിയുടെ എഴുത്തില്‍ ഞാന്‍ കാണുമ്പോ പഴയ പ്രീഡിഗ്രീ ഡയറിയെ ഇത്തിരി ചമ്മലോടെയാണെങ്കിലും ഓര്‍ക്കാറുണ്ട്‌..

കണ്ണൂസേ, അപ്പോ കര്‍മ്മയോഗത്തില്‍ അടിയുറച്ച ജീവിതമാണല്ലേ, നന്നായി.. ഒരിക്കലും അതില്‍ ഖേദിക്കില്ലെന്നാ പ്രാപ്തരുടെ ആപ്തവാക്യം.