Thursday, April 27, 2006

പില്‍ക്കാലത്ത് പറഞ്ഞു കേട്ടതാണ്. സുരേഷ് കുറുപ്പ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം. പഞ്ചാബ് മോഡല്‍ ബാലകൃഷ്ണപിള്ള എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി പ്രചാരണത്തിനെത്തുന്നു.

പ്രസംഗത്തിനിടെ ‘സുരേഷ് കുറുപ്പിന്റെ അച്ഛന്‍ കറുത്തിട്ടാണെങ്കിലും മകന്‍ എങ്ങനെ വെളുത്തവനായി?’ എന്നൊക്കെ പരാമര്‍ശിച്ചിരുന്നു പോലും. വോട്ടുനേടാന്‍
എന്തു പറയാം, എന്തു പറയാന്‍ പാടില്ല എന്നൊന്നും ഇല്ല എന്നാവണം പ്രമാണം.

ഇന്നലെ പാലക്കാട്ടെ ഒരു സ്ഥാനാര്‍ത്ഥി ശ്രീ.ഓ.രാജഗോപാലിനൊപ്പം നടന്ന ചാനല്‍
കാമറകള്‍ക്കും കിട്ടി ഒരു മൂല്യാധിഷ്ഠിത ഡയലോഗ്. എതിര്‍ സ്ഥാനാര്‍ത്ഥികളിലൊരാളെപ്പറ്റിയാണ്.

“...ബ്രാഹ്മണനെന്നുകരുതി ഇവിടുള്ളവരുടെ വോട്ടു കിട്ടുമെന്നു കരുതണ്ട. അദ്ദേഹം നമ്പൂതിരി
വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവിടുള്ളവരെല്ലാം തമിഴ് ബ്രാഹ്മണരും. പറയാന്‍ ബ്രാഹ്മണനെങ്കിലും ആ വാദം ഇവിടെ വിലപ്പോവില്ല. ഇരു വിഭാഗങ്ങളും തമ്മില്‍ ആജന്മശത്രുതയാണുള്ളത്. ആരും വോട്ടുകൊടുക്കില്ല...”

ഈ വിധത്തില്‍ കത്തിക്കയറിപ്പറഞ്ഞതൊക്കെ നാളെക്കഴിഞ്ഞു മറ്റന്നാള്‍ മാറ്റിപ്പറയാനും പൌരന്മാര്‍ക്കൊക്കെ ജാതിമത പരിഗണന കൂടാതെ നീതി കൊടുക്കുമെന്നു പ്രതിജ്ഞചെയ്യാനും ഇത്തരം നേതാക്കന്മാര്‍ക്കു കഴിയുമെന്നു പ്രത്യാശിക്കാനെങ്കിലും വോട്ടര്‍മാര്‍ക്ക് തല്‍ക്കാലം കഴിയട്ടെ.

3 comments:

Unknown said...

ഞാ‍നും കേട്ടു ആ ചാനല്‍ സംഭാഷണം. ഭ.ജ.പ-യില്‍ നിന്നും ഞാനത് പ്രതീക്ഷിച്ചെങ്കിലും, ഒ.രാജഗോപാല്‍ജിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. ഇതിവിറ്റെ ബ്ലോഗില്‍ വരുമെന്നും പ്രതീഷിച്ചില്ല. :)

myexperimentsandme said...

ഇതിലിത്ര അത്‌ഭുതപ്പെടാനൊന്നുമില്ലാ എന്നു തോന്നുന്നു. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയസമയത്തും വോട്ടുകിട്ടല്‍-പോകല്‍ ചര്‍ച്ചാവേളയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോഫീസിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയോഫീസിലും, ബി.ജെ.പിയുടെ ഓഫീസിലുമൊക്കെ പച്ചയായി നടക്കുന്ന സംഭാഷണങ്ങളൊക്കെത്തന്നെ. എല്ലാ പാര്‍ട്ടിയും ഇക്കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചം. അല്ലെങ്കില്‍ അവര്‍ നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥികളെ നോക്കിക്കോ. മതത്തിന്റെയും ജാതിയുടേയും ഉപജാതിയുടേയും ഒക്കെ നിറവും കളറും നോക്കി മാത്രമേ അവരെല്ലാവരും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തൂ. വോട്ട് ചോദിക്കുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും അവര്‍ ഇക്കാര്യം ആള്‍ക്കാരെ ബോധ്യപ്പെടുത്തും. ഇവരുടെയൊക്കെ ശരിയായ മുഖം കാണണമെങ്കില്‍ ഇല‌ക്ഷന്റെ തൊട്ടുമുമ്പുള്ള ദിവസം ഇവരുടെകൂടെയൊക്കെ നടന്നാല്‍ മതി.

കഴിവിന്റെ അടിസ്ഥനത്തിലാണ് എല്‍.ഡി.എഫും, യു.ഡി.എഫും ബി.ജെ.പിയുമൊക്കെ സ്ഥനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നതെങ്കില്‍ കേരളത്തില്‍ കഴിവ് സാമുദായികാടിസ്ഥനത്തില്‍ ലോക്കലൈസ്‌ഡ് ചെയ്യപ്പെട്ടിരിക്കുകയാണോ എന്നും തോന്നും. ഒരു പാര്‍ട്ടിയും അതിനൊരു മാറ്റം വരുത്താനോ ഏതെങ്കിലും പ്രത്യേകസമുദായം കൂടുതലുള്ള പ്രദേശത്ത് നല്ല കഴിവുള്ള മറ്റൊരു സമുദായക്കാരനെ നിര്‍ത്തി വിജയിപ്പിക്കാന്‍ പറ്റുമോ എന്നൊന്നും ഇതുവരെ നോക്കിയിട്ടില്ല-കാലാകാലങ്ങളായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമുള്‍പ്പടെ. മതേതരത്തത്തെപ്പറ്റിയൊക്കെ ഘോരഘോരം പ്രസംഗിക്കുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ കാണാം ഇവരുടെയെല്ലാം കളികള്‍.

പക്ഷേ ഇവരെയെല്ലാം ഇങ്ങിനെയാക്കിയതിന് നമ്മള്‍ പാവങ്ങള്‍ വോട്ടര്‍മാര്‍ക്കുള്ള പങ്ക് വിസ്മരിച്ചാല്‍ അത് നന്ദികേടാകും. സമുദായപ്രമാണിയും വളരെ നല്ല കഴിവുള്ള എതിര്‍ സമുദായക്കാരനും നിന്നാല്‍ നാട്ടിലെ പല ഭാഗങ്ങളിലും സമുദായപ്രമാണിയേ ജയിക്കൂ. എന്തൊക്കെയാണെങ്കിലും അയാള്‍ നമ്മുടെ ജാതിയല്ലേ, മതമല്ലേ എന്നൊക്കെയുള്ള ചിന്തകളില്‍നിന്നും മുക്തരല്ലല്ലോ, നമ്മളില്‍ പലരും ഇപ്പോഴും. അപ്പോള്‍ പിന്നെ നമ്മുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പരിശ്രമിക്കുന്ന ഈ പാര്‍ട്ടികളേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇനി ഒരു പാര്‍ട്ടി മാത്രമായി നന്നാവാന്‍ നോക്കിയിട്ടും കാര്യമില്ല. നന്നാകേണ്ടത് നമ്മള്‍ തന്നെ. കഴിവുള്ളവനേ വോട്ടുള്ളൂ എന്നുള്ള തീരുമാനം നമ്മള്‍ ഒറ്റക്കെട്ടായി എടുത്താല്‍ കഴിവുള്ളവരെയേ അവര്‍ നിര്‍ത്തൂ. അതാണല്ലോ ജനാധിപത്യം. എല്ലാ പാര്‍ട്ടിയും നമ്മളും ഇക്കാര്യത്തില്‍ ഒരുപോലെ കുറ്റക്കാര്‍.

പക്ഷേ, മറ്റേതുകാര്യത്തിലുമെന്നപോലെ ഇക്കാര്യത്തിലും രഹസ്യമായി എല്ലാം ചെയ്ത് പരസ്യമായി ചിരിച്ചുകാണിക്കുന്നവരെ കൊള്ളാം എന്നു വിളിക്കുകയും അറിഞ്ഞോ അറിയാതെയോ അത്തരത്തിലുള്ള എന്തെങ്കിലും പരസ്യമായി ചെയ്‌താല്‍ അയ്യേ എന്നു പറയുകയും ചെയ്യുന്ന ഒരു വികാരമേ ഇക്കാര്യത്തിലും നമുക്ക് തോന്നിയിട്ടുള്ളൂ എന്ന് തോന്നുന്നു.

പക്ഷേ ഈ പരസ്യരഹസ്യ കലാപരിപാടിയില്‍ സ്വല്പമെങ്കിലും വ്യത്യസ്ഥത പുലര്‍ത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്ന് തോന്നുന്നു. എം.പിമാര്‍ ചോദ്യം ചോദിക്കാന്‍ രഹസ്യമായി പണം വാങ്ങിച്ചപ്പോള്‍ ഞങ്ങളിലാരും അങ്ങിനെയൊന്നും ചെയ്യില്ല, കാരണം, ഞങ്ങള്‍ക്ക് അങ്ങിനെ ചെയ്യാന്‍ ആവില്ല എന്നൊക്കെ അവര്‍ പറഞ്ഞു. പക്ഷേ, ഭരണഘടനാലംഘനമായ ആപ്പീസ് ഓഫ് പ്രോഫിറ്റിലിരുന്ന് കാലാകാലങ്ങളിലായി സ്പീക്കറുള്‍പ്പെടെ (ഭരണഘടന അരിച്ചു പെറുക്കുന്ന ആളാണെന്നോര്‍ക്കണം) ഈ പാര്‍ട്ടിയിലെ പലരും പരസ്യമായി ഭരണഘടനാലംഘനം നടത്തുകയും കാശുണ്ടാക്കുകയുമായിരുന്നു. ബംഗാളില്‍ ഒമ്പതോ പത്തോ എം.പിമാര്‍ അങ്ങിനെയുള്ളവരാണത്രേ. പരസ്യമായി ചെയ്യാന്‍ പറ്റുമ്പോള്‍ പിന്നെ രഹസ്യമായി എന്തിന് ചെയ്യണമെന്നുള്ള ചിന്തയായിരുന്നിരിക്കും അവരെ നയിച്ചത്.

Salil said...

വക്കാരിച്ചേട്ടാ ഈ കഴിവെന്നൊക്കെ പറയുന്നത്‌ ഒരു കണക്കില്‍ relatvie അല്ലേ .. നമ്മള്‍ കാണുന്ന കഴിവാകില്ല 'സാദാ ജനം' കാണുന്നത്‌ .. അല്ലെങ്കിലും വിദ്യാഭ്യാസം എന്നത്‌ മാത്രം പൊതുഭരണത്തിന്‌ ഒരു മാനദണ്ഡം അല്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌ .. പിന്നെ എന്താണ്‌ .. ജനാധിപത്യത്തില്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ്‌ വരേണ്ടുന്ന ഒരു സംഗതിയാണിത്‌ ..