Wednesday, May 17, 2006

മലയാളം ബ്ലോഗുകള്‍

എന്താണു ബ്ലോഗുകള്‍?

ബ്ലോഗ് എന്ന പദം ഒരു പക്ഷെ ഇപ്പോള്‍ ഏവര്‍ക്കും സുപരിചിതമായിരിക്കും. ബ്ലോഗുകള്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെക്കുറെ സാര്‍വ്വജനികവുമായിരിക്കുന്നു. വെബ് ലോഗ് എന്നതിന്റെ ചുരുക്കെഴുത്തായ ബ്ലോഗ് ഒരു ഇലക്ട്രോണിക് മാധ്യമമാണു്. ഒരു വ്യക്തിയുടെയോ, ഒരു സംഘം വ്യക്തികളുടെയോ, അല്ലെങ്കില്‍ ഒരു സംഘടനയുടെയോ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാന്‍/പ്രസിദ്ധപ്പെടുത്തുവാന്‍ ഉപകരിക്കുന്ന ഒരു മാധ്യമം എന്ന നിലയിലാണു് ബ്ലോഗുകള്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതു്. ഇപ്രകാരം ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാന്‍ ഒട്ടനവധി മാധ്യമങ്ങള്‍ മുമ്പും ഉണ്ടായിരുന്നു, വെബ് സൈറ്റുകളും, ന്യൂസ് ഗ്രൂപ്പുകളും, ഡിസ്കഷന്‍ ബോര്‍ഡുകളും അവയില്‍ ചിലതാണു്, ഇവയെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടു്. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ബ്ലോഗുകള്‍ ശ്രദ്ധയാകര്‍ഷിക്കുവാന്‍ കാരണം ബ്ലോഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിലുള്ള ലാളിത്യവും, ബ്ലോഗുകള്‍ വായിക്കുവാന്‍ എഴുതുവാനും ലഭ്യമായിട്ടുള്ള സംവിധാനങ്ങളുടെ വെര്‍സാറ്റിലിറ്റിയുമാണു്. ഏതൊരു Web-based മാധ്യമത്തിനും പ്രദര്‍ശിപ്പിക്കുവാന്‍ കഴിയുന്ന Digital Content വളരെ എളുപ്പത്തിലും, സൌകര്യത്തിലും സൃഷ്ടിക്കുവാന്‍ കഴിയുന്ന വിധത്തിലാണു് ബ്ലോഗുകളുടെ നിര്‍മ്മിതി. ഇതിനെല്ലാം പുറമെ ആവിഷ്കാരസ്വാതന്ത്ര്യം, വായനക്കാരുമായി നേരിട്ടു് ഇടപെടുവാനുള്ള സൌകര്യങ്ങള്‍ എന്നിവ ബ്ലോഗുകളെ കൂടുതല്‍ സ്വീകാര്യവുമാക്കുന്നു.

ബ്ലോഗുകള്‍ സര്‍വ്വസാധാരണമാണെന്നു പറഞ്ഞുവല്ലോ, യുദ്ധകാലത്തെ ഇറാഖില്‍ നിന്നുള്ള ബ്ലോഗുകളും അമേരിക്കന്‍ രാഷ്ട്രീയ ബ്ലോഗുകളും ലോകശ്രദ്ധനേടിയതാണു്. വൈവിധ്യമേറിയ ഒരുപാടു വിഷയങ്ങളില്‍ പലഭാഷകളിലായി പരസഹസ്രം ബ്ലോഗുകളുണ്ടു്. മലയാളത്തിലും എകദേശം ഇരുന്നൂറോളം ബ്ലോഗുകളുണ്ടു്. ടീവിയിലും സിനിമയിലും വല്ലപ്പോഴുമുള്ള പത്രം വായനയിലും മാത്രമായി പല മലയാളികളും ഒതുക്കി നിര്‍ത്തുന്ന മലയാളം ഭാഷയെ ഏറെ ക്രിയാത്മകമായി അവതരിപ്പിക്കുന്നു എന്നതാണു് മലയാളം ബ്ലോഗുകളുടെ പ്രസക്തി. പ്രവാസത്തിന്റെയും ഇലക്ട്രോണിക് യുഗത്തിന്റെ കാലഘട്ടത്തില്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുള്ള ഒരു ഭാഷയോടുള്ള അഗാധസ്നേഹം എന്നും ഇതിനെ മറ്റൊരു തരത്തില്‍ വായിക്കാം.

മലയാളം ബ്ലോഗിലെ വിശേഷങ്ങള്‍?

ആരൊക്കെ മലയാളം ബ്ലോഗെഴുതുന്നു എന്നാണു ചോദ്യമെങ്കില്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷകനാ‍യ ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ മുതല്‍ അമേരിക്കയില്‍ മൈക്രോസോഫ്റ്റിനു വേണ്ടി ജോലി ചെയ്യുന്ന സന്തോഷ് പിള്ള വരെ മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുന്നുണ്ടു്. പത്രപ്രവര്‍ത്തകരും, സാഹിത്യകാരന്മാരും, ഐ.ടി മേഖലയിലെ പ്രൊഫഷണലുകളും, ചിത്രകാരന്മാരും, മിതമായ രീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ അറിയുന്ന മറ്റുപല തരക്കാരും മലയാളത്തില്‍ എഴുതുന്നുണ്ടു്. ഭാഷാതല്പരരായ ഏവര്‍ക്കും ഒരു അനുഗ്രഹമെന്നോണം, കഴിഞ്ഞ ചില കൊല്ലങ്ങളില്‍‍ വികസിച്ചു വന്ന ലാംഗ്വേജ് ടെക്നോളജിയായ യൂണികോഡിനു നന്ദി.

എന്തിനെ കുറിച്ചെഴുതുന്നു എന്നാണു ചോദ്യമെങ്കില്‍, ഒരുപാടു കാര്യങ്ങളെ കുറിച്ചു് എന്നു പറയുകയാവും ഏറ്റവും എളുപ്പം. നേരത്തെ സൂചിപ്പിച്ചതുപോലെ ബ്ലോഗുകള്‍ ഏതെങ്കിലും നിശ്ചിതവിഷയത്തെ കുറിച്ചു മാത്രം എഴുതുവാനുള്ളതല്ല. സ്വകാര്യവും സാമൂഹികവും രാഷ്ട്രീയവും സംഘടനാപരവും ടെക്നിക്കലും ശാസ്ത്രീയവും എന്നിങ്ങനെയെല്ലാം പല വിഷയങ്ങളെ കുറിച്ചും എഴുതാവുന്നതാണു്. നിങ്ങളുടേതായ ഒരു ആശയം അല്ലെങ്കില്‍ അഭിപ്രായം ആരെങ്കിലുമൊത്തു പങ്കുവയ്ക്കുവാനുണ്ടോ? എങ്കില്‍ ബ്ലോഗുകളാവും ഏറ്റവും എളുപ്പമുള്ള മാധ്യമം. മലയാളം ബ്ലോഗുകളുടെ ലോകത്തേയ്ക്കു വരുമ്പോള്‍ (ഞങ്ങള്‍ ബൂലോഗം എന്നു സൌകര്യപൂര്‍വ്വം വിളിച്ചുപോരുന്നു) ഇവിടെ ഒരുപാടു വിഷയങ്ങളുണ്ടു്. ദുബായില്‍ നിന്നുള്ള ദേവന്‍‍ ആരോഗ്യപരിപാലനത്തിനുള്ള കുറിപ്പുകളാണു് മലയാളത്തില്‍ എഴുതുന്നതു്. സ്വന്തം കഥകള്‍ക്കു ചിത്രങ്ങള്‍ വരച്ചു സ്വയം പ്രസിദ്ധീകരിക്കുന്ന രാജീവും യൂ.ഏ.യീയില്‍ നിന്നു തന്നെ. സചിത്രലേഖനങ്ങള്‍ എഴുതുന്ന തുളസിയും കുമാറും കേരളത്തില്‍ നിന്നുള്ളവരാണു്. അക്ഷരശ്ലോകം, ഭാരതീയഗണിതം, ജ്യോതിശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം എഴുതുന്ന ഉമേഷ് അമേരിക്കയില്‍ ഐ.ടി പ്രൊഫഷനലാണു്. കേരളത്തിന്റെ കാര്‍ഷികപ്രശ്നങ്ങളെ കുറിച്ചു വിദഗ്ദമായ കാഴ്ചപ്പാടുകളുള്ള ചന്ദ്രശേഖരന്‍ നായര്‍ കേരളത്തില്‍ നിന്നാണു്. സ്മാര്‍ട്ട് സിറ്റിയെ കുറിച്ചു ഈയിടെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച സംവാദം ചെന്നൈയില്‍ നിന്നുള്ള ബെന്നി അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്കായി തയ്യാറാക്കിയതായിരുന്നു. ലിനക്സ്, ഭാഷാശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, കാര്‍ട്ടൂണുകള്‍, കവിതകള്‍, കഥകള്‍, നര്‍മ്മം, ഓര്‍മ്മക്കുറിപ്പുകള്‍, ഫോട്ടോഗ്രാഫി, മലയാളം ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വളരെ വൈവിധ്യമേറിയതാണു്. പൊതുവെ മലയാളം ബ്ലോഗുകളെ, സാമൂഹിക ബ്ലോഗുകള്‍ (പ്രവാസികളുടെ Virtual സമൂഹങ്ങള്‍ സൃഷ്ടിക്കുന്നവ‍), സാംസ്കാരിക ബ്ലോഗുകള്‍ (പോപ്പുലര്‍ കള്‍ച്ചര്‍, സിനിമ, സംഗീതം), ഓഡിയോ ബ്ലോഗുകള്‍, Topical ബ്ലോഗുകള്‍ (ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചുമാത്രം പ്രതിപാദിക്കുന്ന ബ്ലോഗുകള്‍, ആരോഗ്യം, സാമൂഹികം, ചരിത്രം, രാഷ്ട്രീയം, സമകാലികം, സാഹിത്യം, വാര്‍ത്താധിഷ്ഠിതം, മതപരം, വ്യക്തിപരം എന്നിങ്ങനെയെല്ലാം) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവയാണു്.

കമ്പ്യൂട്ടര്‍ പരിജ്ഞാനം?

ഒരു കാലത്തു് ഇ-മെയിലും, ഇന്‍സ്റ്റന്റ് മെസഞ്ചറുമെല്ലാം കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍മാത്രം ഉപയോഗിച്ചു പോന്നിരിന്നു. ഇപ്പോഴത്തെ കാര്യം നോക്കൂ, ജോലി സംബന്ധമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ പോലും വളരെ എളുപ്പം ഇതെല്ലാം ചെയ്തുപോരുന്നു. ബ്ലോഗിങ് വളരെ എളുപ്പമാണു്, മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുന്നതും ആയാസരഹിതം തന്നെ. http://vfaq.blogspot.com എന്ന ബ്ലോഗ്, മലയാളം ഉപയോഗിക്കുന്നതില്‍ താങ്കള്‍ക്കു സഹായകരമായേക്കാവുന്ന ഒരുപാടു വസ്തുതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുണ്ടെങ്കില്‍, അഥവാ സംശയങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണു്, ഇപ്പോള്‍ മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുന്ന ആരെങ്കിലും താങ്കളുടെ സഹായത്തിനു ലഭ്യമായിരിക്കും.

Wednesday, May 10, 2006

അപരാജിതയായ ശംഖുപുഷ്പച്ചെടി.





തരങ്ങള്‍

നീല ശംഖുപുഷ്പമാണ്‌ എറ്റവും സാധാരണമെങ്കിലും വെള്ള പൂവുള്ളയിനം ഇത്തിരി ഭംഗി കുറഞ്ഞ ശംഖുപുഷ്പവും കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നു. മറ്റു നാടുകളില്‍ പിങ്ക്‌ നിറത്തിലും ഈ പൂവ്‌ പ്രത്യക്ഷപ്പെടാറുണ്ട്‌.

പേരുകള്

‍ഇംഗ്ലീഷില്‍ വെണ്ണപ്പയര്‍ (butter pea) എന്നു വിളിക്കുന്ന ഇതിന്റെ ശാസ്ത്ര നാമം Clitoria Ternatea എന്നാണ്‌ . എഷ്യന്‍ വന്‍ കരയി മൊത്തത്തിലും കരീബിയന്‍ പസിഫിക്‌ ദ്വീപുകളിലും ശംഖുപുഷ്പം കണ്ടുവരുന്നു. മലയാളം ഇതിനെ ശംഖിനോടുപമിക്കുമ്പോള്‍ അമരഭാഷ ഈ അമരപ്പയറിനെ അപരാജിത എന്നും വിഷ്ണുക്രാന്ത എന്നു പേര്‍ വിളിക്കുന്നു.

ഉപയോഗം

fabaceae എന്ന പയര്‍ വര്‍ഗ്ഗച്ചെടിയാണ്‌- എന്നുവച്ചാല്‍ നൈട്രജന്‍ ഫിക്സേഷന്‍ വഴി ഈ നമ്മളൊക്കെ ഈ ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ ചെറുതല്ലാത്ത ഒരു പങ്കു വഹിക്കുന്നു ഈ ചെടി.

ആസ്ത്രേലിയയിലെ ക്വീന്‍സ്‌ ലാന്‍ഡില്‍ ഈ ദശാബ്ദത്തിന്റെ തുടക്കം മുതല്‍ ശംഖുപുഷ്പത്തെ കന്നുകാലിത്തീറ്റയായി വന്‍ തോതില്‍ കൃഷി ചെയ്തു വരുന്നു. (മറ്റു വള്ളിപ്പയറുകള്‍ പോലെ ശംഖുപുഷ്പവും വളര്‍ത്താവുന്നതാണ്‌)ഇതിലെ ഫ്ലാവനോയിഡുകളും മറ്റു മരുന്നുകളും കാലികള്‍ക്ക്‌ വര്‍ദ്ധിച്ച പ്രതിരോധശേഷി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

ആയുവേദികള്‍ അപരാജിത മൂലം മരുന്നായി മലബന്ധം, നേത്രരോഗങ്ങള്‍, വലിവ്‌ എന്നിവക്കു മരുന്നിനും ഇതിന്‍ഫെ പയര്‍മണി രക്താതിസമ്മര്‍ദ്ദത്തിനും ആന്റി ഇന്‍ഫ്ലമന്റ്‌ ആയിട്ടും ഉപയോഗിച്ചുവരുന്നു.

ഔഷധഗുണം

വേരുകളില്‍ അടങ്ങിയിരിക്കുന്ന ഫ്ലവനോയിടുകളും സപോനിന്‍, ട്രൈറ്റെര്‍പിനൊിഡുകളും അതിശക്തമായ ആന്റി ഓക്സിഡന്റുകളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നതിനാല്‍ പ്രമേഹത്തിനെതിരേ ശംഖുപുഷ്പത്തില്‍ നിന്നെടുക്കുന്ന ഡബബെറ്റിക്കുകള്‍ക്കുള്ള മരുന്ന് നിര്‍മ്മിക്കാന്‍ ശ്രമം നടന്നുവരുന്നുണ്ട്‌. ഹൃദ്രോഗത്തിനും ഒരുപക്ഷേ ഈ ചെടി ആശ്വാസം നല്‍കിയേക്കാം.

ചിത്രത്തിന്റെ സോര്ഴ്സ്‌: ബ്ലോഗ്ഗര്‍ തുളസി

മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സോര്ഴ്സ്‌: യശ ശരീരനായ കരുണാകരന്‍ പിള്ള - വേരിഫൈ @ അദ്ദേഹത്തിന്റെ മകന്‍ കുണ്ടറയില്‍ പാരമ്പര്യ ചികിത്സകന്‍ ആണ്‌ വിലാസം അറിയിക്കാം.

ബൊട്ടാണിക്കല്‍ ഇന്‍ഫര്‍മേഷന്‍ സോര്ഴ്സ്‌: NC A&T State University, NC, USA ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗം ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതും അതുപോലെ തന്നെ ആധികാരികമായ മറ്റു പ്രസിദ്ധീകരണങ്ങളും.

കെമിക്കല്‍ ഇന്‍ഫര്‍മേഷന്‍ സോര്ഴ്സ്‌: Boominathan R.; B. Parimaladevi & Subhash C. Mandal; Sauris Panda, Department of Pharmaceutical Technology, Jadavpur University, India.

Monday, May 08, 2006

പഴയ കഥകള്‍

ഉണ്ടന്റേയും ഉണ്ടിയുടേയും കഥയില്ലേ? അതു പൊലെയുള്ള മുത്തശ്ശിക്കഥകള്‍ അറിയുന്നവര്‍, ഓര്‍മ്മയുളവര്‍ ഉള്ളപോലെ പറഞുതരുമോ?
വെറുതേ ഓര്‍മ്മിക്കാന്‍...