Wednesday, May 17, 2006

മലയാളം ബ്ലോഗുകള്‍

എന്താണു ബ്ലോഗുകള്‍?

ബ്ലോഗ് എന്ന പദം ഒരു പക്ഷെ ഇപ്പോള്‍ ഏവര്‍ക്കും സുപരിചിതമായിരിക്കും. ബ്ലോഗുകള്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെക്കുറെ സാര്‍വ്വജനികവുമായിരിക്കുന്നു. വെബ് ലോഗ് എന്നതിന്റെ ചുരുക്കെഴുത്തായ ബ്ലോഗ് ഒരു ഇലക്ട്രോണിക് മാധ്യമമാണു്. ഒരു വ്യക്തിയുടെയോ, ഒരു സംഘം വ്യക്തികളുടെയോ, അല്ലെങ്കില്‍ ഒരു സംഘടനയുടെയോ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാന്‍/പ്രസിദ്ധപ്പെടുത്തുവാന്‍ ഉപകരിക്കുന്ന ഒരു മാധ്യമം എന്ന നിലയിലാണു് ബ്ലോഗുകള്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതു്. ഇപ്രകാരം ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാന്‍ ഒട്ടനവധി മാധ്യമങ്ങള്‍ മുമ്പും ഉണ്ടായിരുന്നു, വെബ് സൈറ്റുകളും, ന്യൂസ് ഗ്രൂപ്പുകളും, ഡിസ്കഷന്‍ ബോര്‍ഡുകളും അവയില്‍ ചിലതാണു്, ഇവയെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടു്. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ബ്ലോഗുകള്‍ ശ്രദ്ധയാകര്‍ഷിക്കുവാന്‍ കാരണം ബ്ലോഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിലുള്ള ലാളിത്യവും, ബ്ലോഗുകള്‍ വായിക്കുവാന്‍ എഴുതുവാനും ലഭ്യമായിട്ടുള്ള സംവിധാനങ്ങളുടെ വെര്‍സാറ്റിലിറ്റിയുമാണു്. ഏതൊരു Web-based മാധ്യമത്തിനും പ്രദര്‍ശിപ്പിക്കുവാന്‍ കഴിയുന്ന Digital Content വളരെ എളുപ്പത്തിലും, സൌകര്യത്തിലും സൃഷ്ടിക്കുവാന്‍ കഴിയുന്ന വിധത്തിലാണു് ബ്ലോഗുകളുടെ നിര്‍മ്മിതി. ഇതിനെല്ലാം പുറമെ ആവിഷ്കാരസ്വാതന്ത്ര്യം, വായനക്കാരുമായി നേരിട്ടു് ഇടപെടുവാനുള്ള സൌകര്യങ്ങള്‍ എന്നിവ ബ്ലോഗുകളെ കൂടുതല്‍ സ്വീകാര്യവുമാക്കുന്നു.

ബ്ലോഗുകള്‍ സര്‍വ്വസാധാരണമാണെന്നു പറഞ്ഞുവല്ലോ, യുദ്ധകാലത്തെ ഇറാഖില്‍ നിന്നുള്ള ബ്ലോഗുകളും അമേരിക്കന്‍ രാഷ്ട്രീയ ബ്ലോഗുകളും ലോകശ്രദ്ധനേടിയതാണു്. വൈവിധ്യമേറിയ ഒരുപാടു വിഷയങ്ങളില്‍ പലഭാഷകളിലായി പരസഹസ്രം ബ്ലോഗുകളുണ്ടു്. മലയാളത്തിലും എകദേശം ഇരുന്നൂറോളം ബ്ലോഗുകളുണ്ടു്. ടീവിയിലും സിനിമയിലും വല്ലപ്പോഴുമുള്ള പത്രം വായനയിലും മാത്രമായി പല മലയാളികളും ഒതുക്കി നിര്‍ത്തുന്ന മലയാളം ഭാഷയെ ഏറെ ക്രിയാത്മകമായി അവതരിപ്പിക്കുന്നു എന്നതാണു് മലയാളം ബ്ലോഗുകളുടെ പ്രസക്തി. പ്രവാസത്തിന്റെയും ഇലക്ട്രോണിക് യുഗത്തിന്റെ കാലഘട്ടത്തില്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുള്ള ഒരു ഭാഷയോടുള്ള അഗാധസ്നേഹം എന്നും ഇതിനെ മറ്റൊരു തരത്തില്‍ വായിക്കാം.

മലയാളം ബ്ലോഗിലെ വിശേഷങ്ങള്‍?

ആരൊക്കെ മലയാളം ബ്ലോഗെഴുതുന്നു എന്നാണു ചോദ്യമെങ്കില്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷകനാ‍യ ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ മുതല്‍ അമേരിക്കയില്‍ മൈക്രോസോഫ്റ്റിനു വേണ്ടി ജോലി ചെയ്യുന്ന സന്തോഷ് പിള്ള വരെ മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുന്നുണ്ടു്. പത്രപ്രവര്‍ത്തകരും, സാഹിത്യകാരന്മാരും, ഐ.ടി മേഖലയിലെ പ്രൊഫഷണലുകളും, ചിത്രകാരന്മാരും, മിതമായ രീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ അറിയുന്ന മറ്റുപല തരക്കാരും മലയാളത്തില്‍ എഴുതുന്നുണ്ടു്. ഭാഷാതല്പരരായ ഏവര്‍ക്കും ഒരു അനുഗ്രഹമെന്നോണം, കഴിഞ്ഞ ചില കൊല്ലങ്ങളില്‍‍ വികസിച്ചു വന്ന ലാംഗ്വേജ് ടെക്നോളജിയായ യൂണികോഡിനു നന്ദി.

എന്തിനെ കുറിച്ചെഴുതുന്നു എന്നാണു ചോദ്യമെങ്കില്‍, ഒരുപാടു കാര്യങ്ങളെ കുറിച്ചു് എന്നു പറയുകയാവും ഏറ്റവും എളുപ്പം. നേരത്തെ സൂചിപ്പിച്ചതുപോലെ ബ്ലോഗുകള്‍ ഏതെങ്കിലും നിശ്ചിതവിഷയത്തെ കുറിച്ചു മാത്രം എഴുതുവാനുള്ളതല്ല. സ്വകാര്യവും സാമൂഹികവും രാഷ്ട്രീയവും സംഘടനാപരവും ടെക്നിക്കലും ശാസ്ത്രീയവും എന്നിങ്ങനെയെല്ലാം പല വിഷയങ്ങളെ കുറിച്ചും എഴുതാവുന്നതാണു്. നിങ്ങളുടേതായ ഒരു ആശയം അല്ലെങ്കില്‍ അഭിപ്രായം ആരെങ്കിലുമൊത്തു പങ്കുവയ്ക്കുവാനുണ്ടോ? എങ്കില്‍ ബ്ലോഗുകളാവും ഏറ്റവും എളുപ്പമുള്ള മാധ്യമം. മലയാളം ബ്ലോഗുകളുടെ ലോകത്തേയ്ക്കു വരുമ്പോള്‍ (ഞങ്ങള്‍ ബൂലോഗം എന്നു സൌകര്യപൂര്‍വ്വം വിളിച്ചുപോരുന്നു) ഇവിടെ ഒരുപാടു വിഷയങ്ങളുണ്ടു്. ദുബായില്‍ നിന്നുള്ള ദേവന്‍‍ ആരോഗ്യപരിപാലനത്തിനുള്ള കുറിപ്പുകളാണു് മലയാളത്തില്‍ എഴുതുന്നതു്. സ്വന്തം കഥകള്‍ക്കു ചിത്രങ്ങള്‍ വരച്ചു സ്വയം പ്രസിദ്ധീകരിക്കുന്ന രാജീവും യൂ.ഏ.യീയില്‍ നിന്നു തന്നെ. സചിത്രലേഖനങ്ങള്‍ എഴുതുന്ന തുളസിയും കുമാറും കേരളത്തില്‍ നിന്നുള്ളവരാണു്. അക്ഷരശ്ലോകം, ഭാരതീയഗണിതം, ജ്യോതിശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം എഴുതുന്ന ഉമേഷ് അമേരിക്കയില്‍ ഐ.ടി പ്രൊഫഷനലാണു്. കേരളത്തിന്റെ കാര്‍ഷികപ്രശ്നങ്ങളെ കുറിച്ചു വിദഗ്ദമായ കാഴ്ചപ്പാടുകളുള്ള ചന്ദ്രശേഖരന്‍ നായര്‍ കേരളത്തില്‍ നിന്നാണു്. സ്മാര്‍ട്ട് സിറ്റിയെ കുറിച്ചു ഈയിടെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച സംവാദം ചെന്നൈയില്‍ നിന്നുള്ള ബെന്നി അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്കായി തയ്യാറാക്കിയതായിരുന്നു. ലിനക്സ്, ഭാഷാശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, കാര്‍ട്ടൂണുകള്‍, കവിതകള്‍, കഥകള്‍, നര്‍മ്മം, ഓര്‍മ്മക്കുറിപ്പുകള്‍, ഫോട്ടോഗ്രാഫി, മലയാളം ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വളരെ വൈവിധ്യമേറിയതാണു്. പൊതുവെ മലയാളം ബ്ലോഗുകളെ, സാമൂഹിക ബ്ലോഗുകള്‍ (പ്രവാസികളുടെ Virtual സമൂഹങ്ങള്‍ സൃഷ്ടിക്കുന്നവ‍), സാംസ്കാരിക ബ്ലോഗുകള്‍ (പോപ്പുലര്‍ കള്‍ച്ചര്‍, സിനിമ, സംഗീതം), ഓഡിയോ ബ്ലോഗുകള്‍, Topical ബ്ലോഗുകള്‍ (ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചുമാത്രം പ്രതിപാദിക്കുന്ന ബ്ലോഗുകള്‍, ആരോഗ്യം, സാമൂഹികം, ചരിത്രം, രാഷ്ട്രീയം, സമകാലികം, സാഹിത്യം, വാര്‍ത്താധിഷ്ഠിതം, മതപരം, വ്യക്തിപരം എന്നിങ്ങനെയെല്ലാം) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവയാണു്.

കമ്പ്യൂട്ടര്‍ പരിജ്ഞാനം?

ഒരു കാലത്തു് ഇ-മെയിലും, ഇന്‍സ്റ്റന്റ് മെസഞ്ചറുമെല്ലാം കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍മാത്രം ഉപയോഗിച്ചു പോന്നിരിന്നു. ഇപ്പോഴത്തെ കാര്യം നോക്കൂ, ജോലി സംബന്ധമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ പോലും വളരെ എളുപ്പം ഇതെല്ലാം ചെയ്തുപോരുന്നു. ബ്ലോഗിങ് വളരെ എളുപ്പമാണു്, മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുന്നതും ആയാസരഹിതം തന്നെ. http://vfaq.blogspot.com എന്ന ബ്ലോഗ്, മലയാളം ഉപയോഗിക്കുന്നതില്‍ താങ്കള്‍ക്കു സഹായകരമായേക്കാവുന്ന ഒരുപാടു വസ്തുതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുണ്ടെങ്കില്‍, അഥവാ സംശയങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണു്, ഇപ്പോള്‍ മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുന്ന ആരെങ്കിലും താങ്കളുടെ സഹായത്തിനു ലഭ്യമായിരിക്കും.

16 comments:

Thulasi said...

പെരിങ്ങോടരെ, നന്നായി. ഇത്‌ വായനയില്‍ (www.vayana.com)പ്രസിദ്ധീകരിക്കാന്‍ പറ്റുമോന്ന്‌ ഞാനൊന്ന്‌ ശ്രമിച്ചോട്ടേ?

അരവിന്ദ് :: aravind said...

ലേഖനം പൂര്‍ണ്ണമല്ലേ...

ആരെ വിട്ടു പോയാലും
സിബു, ദേവ് ജി, വിശാലന്‍ , എവൂര്‍സ്, പെരി(സ്വന്തം എങ്ങിന്യാ അല്ലേ),സൂഫി, ഇബ്രു (അപ്പോ കണ്ണൂസും, സിഡ്ഡും മറ്റും മറ്റുമോ) ഇവരെയൊക്കെ പേരെടുത്ത് പരാമര്‍ശ്ശിക്കണം.
പിന്നെ സ്ത്രീ പ്രാതിനിദ്ധ്യവും വേണം.

(അപ്പോ ഇനി സീരിയസ്സായി വല്ല ഗാട്ട് കരാറോ, തമിഴ് പുലി പ്രശ്നമോ, വെനിസ്വേലയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കുറിച്ചോ ഒക്കെ എഴുതാം..ലേഖനങ്ങളില്‍ പേരൊക്കെ വരണ്ടേ..;-) )

പെരിങ്ങ്‌സിന് രഹസ്യം - പെരീ..അടുത്ത നവോദയ പോസ്റ്റില്‍ മലമ്പുഴ, പുലികള്‍..ഒറപ്പ്. അപ്പോ എന്റെ കാര്യം..


തമാശയാണേ...

Anonymous said...

വിശ്വപ്രഭയും...
he is one of the driving forces of boologam as far as i know.

aravind

പെരിങ്ങോടന്‍ said...

കാണാന്‍ പോകുന്ന പൂരം എന്തിനാ അരവിന്ദോ പറഞ്ഞറിയിക്കുന്നതു്. ലേഖനത്തിലെ ഉദാഹരണങ്ങള്‍, ഉദാഹരണങ്ങള്‍ മാത്രമാണു് :) സഹകരിക്കൂ!

എല്ലാവരുടെ ബ്ലോഗും കാറ്റഗറൈസ് ചെയ്തു നമുക്ക് എവിടെയെങ്കിലും കൊടുക്കാം ആവശ്യമുള്ളവര്‍ അതും പ്രസിദ്ധീകരിക്കട്ടെ.

അരവിന്ദ് :: aravind said...

സഹകരിച്ചൂ പെരിങ്ങോടരേ..:-)

ഞാനൊരു അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ...

ഏറ്റം പിന്നിലത്തെ ബഞ്ചിലിരുന്ന് എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്ന പണ്ടത്തെ ആ ഒരു ഓര്‍മ്മക്ക്...

താര said...

പെരിങ്ങോടരെ, നന്ദി..വളരെ വിജ്ഞാനപ്രദമായിട്ടുണ്ട്..
തുളസീ..www.vaayana.com ആണോ ഉദ്ദേശിച്ചത്? www.vayana.com തപ്പിപ്പോയപ്പൊ മനുഷ്യനു മനസ്സിലാകാത്ത ഭാഷയിലൊരു സൈറ്റ് കണ്ടു..പിന്നെ ഗൂഗിളിന്റെ പിന്നാലെ പോയിട്ടാണ് ഇത് കിട്ടിയത്. സംഭവം ഇത് തന്നെയോ??

Thulasi said...

താരേ, url മാറിപോയത, അതു തന്നെ. പുതിയ മലയാളം മാഗസിന്‍ ആണു.

കണ്ണൂസ്‌ said...

പെരിങ്ങ്‌സേ, നല്ല നിരീക്ഷണങ്ങള്‍.

ഇത്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടിനു വേണ്ടി തയ്യാറാക്കിയതോ മറ്റോ ആണോ?

സു | Su said...

രാജ് :) ലേഖനം നന്നായി.

ഒന്നു രണ്ട് അക്ഷരത്തെറ്റുകള്‍ ഉണ്ട്. തിരുത്തുമല്ലോ.

“മാധമ്യം“, ഒട്ടനവധി മാധമ്യങ്ങള്‍, ഉപയോഗിച്ചു പോന്നിരിന്നു. തുടങ്ങിയവ.

സുനില്‍ said...

പെരിങ്സേ, നമുക്ക്‌ തല്ലൂടാന്‍ മാത്ര്മായി ഒരു ബ്ലോഗ് തുടങിയാലോ? പിന്മൊഴി ബ്ലോഗ് പോലെ അല്ലെങ്കില്‍ പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പ് പോലെ?

panikkar said...

അതിനിത്തിരി പുളിക്കും സുനിലേ.
അപ്പൊപ്പിന്നെ ഞാന്‍ ലക്ഷങ്ങള്‍ മുടക്കി പണിത ബ്ലോഗ് എന്തു ചെയ്യും.

ഉമേഷ്::Umesh said...

ദേവനെ മാത്രമെന്തേ പേരു പറയാതെ “ദുബായിയിലെ എന്റെ ഒരു സ്നേഹിതന്‍” എന്നു പറഞ്ഞു? പെരിങ്ങോടന്‍ എഴൂതുന്ന ഒരു ലേഖനത്തില്‍ കുഴപ്പമില്ല. പക്ഷേ സിബു ഇതെടുത്തു് വരമൊഴി വിക്കിയയിലിട്ടപ്പോള്‍ അതു കല്ലുകടിയായി.

നല്ല ലേഖനം, പെരിങ്ങോടരേ.

സുനില്‍ said...

“വായന.കൊം” ഓണ്‍‌ലൈനില്‍ ഒരു സുഖവുമില്ല വായിക്കാന്‍ തുളസീ. ഫ്ലാഷിലാണവര്‍ ഉണ്ടാക്കിയിരിക്കുന്നത്‌. സുന്ദര്‍ദാസിനോടും പറയൂ ബ്ലോഗാന്‍..-സു-

പെരിങ്ങോടന്‍ said...

ബ്ലോഗെന്നോ യൂണികോഡെന്നോ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആരെങ്കിലും എന്താ ബ്ലോഗെന്നു ചോദിച്ചാല്‍ എളുപ്പം ഒരു ഉത്തരം എന്ന രീതിയില്‍ എഴുതിയതാണു് ഈ കുറിപ്പ്. ദേവന്റെ പേര് മനഃപൂര്‍വ്വം ഒഴിവാക്കിയതല്ല, അതങ്ങിനെ എഴുതിപ്പോന്നൂന്ന് മാത്രം ;)

ബെന്നിയാണ് പിന്നെ ഇന്ത്യാടുഡെയിലേയ്ക്കു കൊടുത്തേയ്ക്കാം എന്നു പറഞ്ഞതു്, ഈ ലേഖനം കുറേകൂടി സിമ്പിളാക്കി എഴുതുവാന്‍ കഴിയുമെങ്കില്‍ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു സഹകരിക്കുക.

അരവിന്ദ് :: aravind said...

പെരിങ്ങോടരേ..
കൊറേ നേരായി ഞാന്‍ ശ്രമിക്കുണൂ..

ഇനി നേരെ വാ നേരെ പോ.

“ഇന്ത്യയില്‍ നിന്നാഫ്രിക്കയിലെത്തി, കാട് വെട്ടിത്തെളിച്ച്, മരത്തിന്റെ കുറ്റി തുരന്ന് വീട് പണിത് മൃഗങ്ങളെ വേട്ടയാടിയും മീന്‍ പിടിച്ചും, ഗുസ്തി പിടിച്ചും ജീവിക്കുന്നതിനിടയില്‍ അതി ഭയങ്കരമായ തമാശകള്‍ പടച്ചു വിട്ട് ബൂലോഗം മൊത്തം ചിരിപ്പിച്ചു കുളിപ്പിച്ചു കിടത്തിയുറക്കുന്ന അരവിന്ദന്‍ കുട്ടപ്പന്‍ നായര്‍ എന്ന മഹാനുഭാവന്‍ ഈ മലയാള ബ്ലോഗ് ലോകത്തിലെ ഭയങ്കരനായ മനുജനാകുന്നു. കുളത്തിലെ ഹിപ്പൊപ്പൊട്ടാമെസെന്നപോലെ വായ തുറന്നാല്‍ മാത്രം മതി, ലോകം മൊത്തം ആര്‍ത്തു ചിരിക്കുന്ന ഈ അതുല്യ പ്രതിഭയെ നേരില്‍ കാണാനോ ഇന്റര്‍വ്യൂ തരപ്പെടുത്താനോ നേരത്തെ ബുക്കിംഗ് അവശ്യ് ഹെ.
പിന്നെ ഒരു ഗ്ലാമറിന് എന്റെ ആ ആഫ്രിക്കന്‍ വേഷത്തിലുള്ള ഫോട്ടോയും-സ്ത്രീ ആരാധികമാര്‍ക്ക്”

ഇത്രയും അന്റെ ലേഖനത്തിലൊന്ന് വരുത്താന്‍ ഞാനെന്ത് ചെയ്യണം? പറഞ്ഞോ ധൈര്യായിറ്റ്, ഞാനല്ലേ ചോയ്ക്കണേ.

Lib-Info-Space said...

നല്ല ലേഖനം. മലയാളികളുകളുടെ ബ്ളോഗുകളെ ഒരുമിപ്പിക്കുന്ന മനോജിണ്റ്റെ കേരള ബ്ളൊഗ്‌ റോളിനെക്കുറിച്ചും ഒന്നും കണ്ടില്ല

www.cs.princeton.edu/~mp/malayalam/blogs/