Thursday, June 22, 2006

ഭാഷാസംക്രമണം

(സുധീറിന്റെ ലേഖനത്തിന്‌ ഒരടിക്കുറിപ്പ്‌)

എല്ലാ നാടിനും പല കാലങ്ങളിലായി തദ്ദേശീയ മനുഷ്യഭാഷകള്‍ മെല്ലെ രൂപപ്പെട്ടു വന്നു, തലമുറതോറും പരിഷ്കരിക്കപ്പെട്ടും വന്നു. ഒരു പുതിയ കാഴ്ച കാണുമ്പോള്‍ അതു കാണിച്ചു തന്നവന്‍ പറയുന്ന പേര്‍ കേള്‍ക്കുന്നവന്റെ ഭാഷയിലെ പുതിയൊരു വാക്കാവുന്നത്‌ സ്വാഭാവികം (ഉദാ: കക്കൂസ്‌ എന്ന ഡച്ച്‌ പദം - ലന്തന്‍ ബത്തേരിയില്‍ നിന്ന്. കണ്ട തോട്ടുവരമ്പില്‍ ശോധന നടത്തിക്കൊണ്ടിരുന്ന മലയാളിക്ക്‌ ഡച്ചുകാരന്‍ കാട്ടിക്കൊടുത്ത ശൌചഗേഹത്തിന്‌ ഡച്ച്‌ ഭാഷയിലല്ലേ പേര്‍ വരൂ)

എന്നാല്‍ ശക്തമായി ഒരു ഭാഷ തദ്ദേശീയ ഭാഷയില്‍ കടന്നു കയറണമെങ്കില്‍ മറ്റെന്തെങ്കിലും തരം ഒരധിനിവേശവും കൂടി വേണമെന്ന് തോന്നുന്നു. മറ്റാരു വരുന്നതിലും മുന്നേ ചൈനക്കാര്‍ നമ്മുടെ കേരളത്തില്‍ സ്ഥിരം കച്ചവടക്കാര്‍ ആയിരുന്നെങ്കിലും ഇംഗ്ലീഷ്‌ വാക്കുകളുടെ നൂറിലൊന്ന് ചൈനീസ്‌ വാക്കുകള്‍ നമുക്കില്ല. കാരണം ഭരണം ബ്രിട്ടീഷുകാരന്‍ ഭരണം കയ്യാളി അത്‌ ഇംഗ്ലീഷില്‍ നടത്തി എന്നതാണ്‌.

കേരളത്തിന്റെ തദ്ദേശീയ ഭാഷ ഏതാണെന്ന് എനിക്കറിവില്ല. ആദി ദ്രാവിഡന്റെ ഭാഷയായ സംഘത്തമിഴ്‌ പോലും എവിടെ നിന്നെങ്കിലും വന്നതായിരിക്കാം. വിവരങ്ങളില്ലാത്തതു മൂലം സംഘത്തമിഴ്‌ ആയിരുന്നു കേരളത്തിന്റെ തനത്‌ ഭാഷ എന്ന് അനുമാനിക്കാം (അതിനു മുന്നേയുള്ള കണ്ണികള്‍ അഥവാ ഉണ്ടെങ്കില്‍ തന്നെ പില്‍ക്കാലത്തെ assimilation നില്‍ അതു പ്രസക്തവുമല്ല.)

ബ്രഹ്മി കോലെഴുത്തും പിന്നെ വട്ടെഴുത്തുമായി നമ്മുടെ സംഘത്തമിഴ്‌ ഭാഷ പുരോഗമിക്കവേ ദൈവത്തിന്റെ കണ്‍സൈന്‍മന്റ്‌ ഏജെന്റ്‌ എന്ന് അവകാശപ്പെട്ട്‌ നമ്പൂരിശ്ശനും ആയുധവ്യാപാരി നായരും ബൌദ്ധധര്‍മ്മ മോക്ഷദായകര്‍ ഈഴവരും പലദിക്കില്‍ നിന്നും പലകാലത്ത്‌ എത്തി. ഈ കടന്നുകയറ്റക്കാര്‍ക്കാര്‍ക്കും സംസ്കൃതത്തിന്റെ വേരിയന്റുകളല്ലാതെ വട്ടെഴുത്തിന്റെ ഭാഷ അറിയില്ലായിരുന്നു. സംസ്കാരത്തിന്റെയും, അറിവിന്റെയും, അവകാശത്തിന്റെയും അടിച്ചേല്‍പ്പിക്കലിനൊപ്പം സംഘത്തമിഴും ബലാത്സംഗം ചെയ്യപ്പെട്ട്‌ മലയാളമെന്ന സങ്കര ശിശുവിന്റെ അമ്മയായി.

[അധിനിവേശം എന്നും ബലാത്സംഗമായിരുന്നു. ഭാഷയൂം , സംസ്കാരത്തിന്റെയും, ജീവിത രീതിയുടെയും, അവകാശങ്ങളുടേയും, തത്വശാസ്ത്രങ്ങളുടേയും, മത/ദൈവ വിശാസങ്ങളുടേയുമൊപ്പം വിസമ്മതാവസ്ഥയില്‍ വഴങ്ങി. രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യം- മംഗോള്‍- നിരന്തര ബലാത്സംഗത്തിലൂടെ നേടിയതാണ്‌. പതിനാറു മില്ല്യണ്‍ കൊച്ചുമക്കളുമായി ജെങ്കിസ്‌ ഖാന്‍ ലോകം കണ്ട ഏറ്റവും വലിയ ആല്‍ഫാമെയില്‍
ആയിഭവിച്ചു.]

കടന്നു കയറ്റത്തിന്റെ അനുസരിച്ച്‌ ഭാഷാമാറ്റത്തിന്റെയും തോത്‌ മാറുന്നു എന്ന് ഞാന്‍ വിശ്വസിക്കാനിഷ്ടപ്പെടുന്നു. പുത്തന്‍ മതവും, വിദ്യയും ഭരണവുമായി വന്ന ആര്യന്‍ ഹാരപ്പന്‍ ഹാരപ്പന്‍ ഭാഷയെ സംസ്കൃതവും, ഇതേ അജെന്‍ഡയുമായി പിന്നെ വന്ന അറബി/കാബൂളി അധിനിവേശകര്‍ള്‍ സംസ്കൃതത്തെ urdu/ഹിന്ദിയും, ബ്രാഹ്മണന്‍ ഗോത്രങ്ങളില്‍ നടത്തിയ അധിനിവേശം പ്രാദേശിക ഭാഷകളെ വലിയൊരു പരിധിവരെ സംസ്കൃതസമവും ആക്കിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നീടുള്ള അധിനിവേശങ്ങള്‍ ഭാഗികമായിരുന്നു. അതില്‍ ഏറ്റവും വലിയത്‌-ബ്രിട്ടീഷ്‌ അധിനിവേശം- പോലും ഭരണാവകാശങ്ങള്‍ പിടിച്ചെടുത്ത്‌ നമ്മെ കോളനികള്‍ ആക്കിയെന്നല്ലാതെ നശിപ്പിച്ച്‌ മറ്റൊന്നാക്കാന്‍ ശ്രമിച്ചിട്ടില്ലാത്തതിനാല്‍ ഇംഗ്ലീഷിന്‌ മറ്റൊരു ഉറുദുവോ സംസ്കൃതമോ ആകാന്‍ കഴിഞ്ഞില്ല.

സ്വാംശീകരണമെന്നും നടന്നിരുന്നു. ഒരു പ്രത്യയശാസ്ത്രം മാറുമ്പോള്‍ കമ്യൂണിസ്റ്റിനേയും ഒരു പ്രതിഷേധമുറ മാറുമ്പോള്‍ അത്‌ ഇങ്ക്വിലാബിനെയും, ഒരു അധികാരി മാറുമ്പോള്‍ മദാമ്മയേയും കാര്‍ഷിക രീതി മാറുമ്പോള്‍ കൊപ്രയും മലയാളത്തിനു ലഭിച്ചു. സാങ്കേതികമായ വാക്കുകള്‍ മലയാളിക്കെനും ആധുനിക ജീവിതം ആദ്യം കാട്ടിത്തന്ന സായിപ്പിന്‍ന്റേതാണ്‌, മൊബൈലും കാറും കമ്പ്യൂട്ടറും കാല്‍ക്കുലേറ്ററുമെല്ലാം.

(താഴെക്കാണുന്ന കമന്റുമായി ബന്ധപ്പെട്ട ചിത്രം പിന്നീട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌)

ഇന്ത്യന്‍ ഭാഷാലിപികളുടെ ഉല്‍പ്പത്തി
(ഓര്‍മ്മയില്‍ നിന്നും വരക്കുന്നത്‌;‌ പിശകുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക)

Photobucket - Video and Image Hosting

22 comments:

evuraan said...

ദേവഗുരോ,

നന്നായിട്ടുണ്ട്.

activevoid said...

Enjoyed reading.

Murari

കലേഷ്‌ കുമാര്‍ said...

ഞാനിത് രാവിലെ ഒന്ന് ഓടിച്ച് വായിച്ചു. ഇപ്പഴ് ഒന്ന് മനസ്സിരുത്തി വായിച്ചു. എന്നിട്ടിതാ കമന്റുന്നു!

ദേവേട്ടാ, ക്ലാസ്സ് സാധനം.

പെരിങ്ങോടന്‍ said...

സമകാലികത്തില്‍ നല്ലൊരു ലേഖനം വന്നിട്ടു നാളുകുറെയായി. ദേവാ ഒരു അടിക്കുറിപ്പില്‍ ഒതുക്കാതെ ഈ വിഷയത്തില്‍ കുറച്ചുകൂടി വിശദമായ പഠനം നടത്തിക്കൂടെ?

കുറുമാന്‍ said...

ഞാന്‍ പ്രിന്റ് എടുത്തു, വീട്ടില്‍ പോയിട്ട് വായിച്ച് വിവരം വര്‍ദ്ധിപ്പിച്ചിട്ട കമന്റിടാംട്ടോ ദേവഗുരൂ.

കൂമന്‍ said...

ദേവാ, തന്റെ നര്‍മ്മവും സാരവുമുള്ള കമന്റുകളും എഴുത്തുകളും വായിയ്ക്കാന്‍ സുഖമുണ്ട്. അറിയാത്ത പല കാര്യങ്ങളും അറിയാനും കഴിയുന്നു. കക്കൂസ് എന്നത് ഡച്ചാണെന്നത് ഒരു പുതു വിവരം. ചൈനക്കാര്‍ വന്നിട്ടും അവരുടെ ഭാഷ എന്തെ സംക്രമിച്ചില്ല എന്നത് വളരെ ചിന്തോദ്ദീപകം. അറബികള്‍ വന്നത് വക്കീലായും വക്കാലത്തായും കച്ചേരിപ്പടിയായും മലയാളത്തില്‍ വിലസിക്കുന്നെങ്കീലും, ചൈനാക്കര്‍ വന്ന് കളരിയും മര്‍മ്മാണിവിദ്യയും പഠിച്ച്, ചീനഭരണിയും തന്ന് കടന്നു കളഞ്ഞു.

മഹാകവി വള്ളത്തോള്‍ ദ്രമിളം എന്ന പൊതു വായ്മൊഴിയില്‍ നിന്നാണ് മലയാളവും, തമിഴുമടക്കം തെക്കേ ഇന്ത്യന്‍ ഭാഷകളുണ്ടായതെന്ന് പറയുന്നു. അതല്ല ചെറു ചെറു ഗോത്ര ഭാഷകള്‍ നിലനിന്നിരുന്നെന്നും, അവ കൂടിക്കലര്‍ന്ന്, നീര്‍ച്ചാലുകളില്‍ നിന്ന് വന്‍ നദി പോലെ പ്രധാന ഭാഷകളുണ്ടായെന്നും, മലയാളം (വായ്മൊഴി) തമിഴ്(വായ്മൊഴി) ഭാഷയോളം പഴക്കമുള്ളതാണെന്നും ഇടതു പക്ഷ ചരിത്രകാരനായ കെ. ദാമോദരന്‍ സമര്‍ഥിച്ചതായി ഓര്‍ക്കുന്നു. എന്നാല്‍ വരമൊഴിയുടെ കാര്യമെത്തുമ്പോള്‍ മലയാളം ഏറെ പിന്നിലായി.

ചോദ്യങ്ങള്‍:
1. ബ്രഹ്മി സംസ്കൃതത്തേക്കാള്‍ പഴയതാണെന്നു തോന്നുന്നു. ശരിയൊ?
2. ഈഴവര്‍ ബുദ്ധ മതത്തിന്റെ ഭാഗമായി വന്നവരോ? എവിടെ നിന്ന്? ശ്രീലങ്കയില്‍ നിന്നാണെന്നുള്ള ഊഹങ്ങള്‍ക്ക് സാഹചര്യത്തെളിവിനപ്പുറം എന്തെങ്കിലുമുണ്ടോ?
3. ഈഴവര്‍ ജാതീയമായി ബ്രാഹ്മണ്യത്തിന് അടിപ്പെടാനുണ്ടായ സാമൂഹ്യ സാഹചര്യത്തിന് ബുദ്ധമതത്തെ തെറിപ്പാട്ടും മൃഗബലിയും പുരാണങ്ങളുടെ പുനരാവിഷ്കരണവും വഴി തുടച്ചു മാറ്റപ്പെട്ടതുമായി ബന്ധമുണ്ടോ?

കുറുമാന്‍ said...

ദേവോ, ദേവോ, ഏയ് എന്തായ്യിള് വിളി കേള്‍ക്കാത്തേ.......

ദെവോ, ദേവ്വ്വോ,,,ദേവോ.......ദേ കൂമന്‍ വിളിക്കണ്, അല്ല കൂമന്‍ കണ്ണുരുട്ടി കാട്ട്ണ്.

ദേവാദി ദേവോ, കൂമന്മാര്‍ രാത്രിഞ്ചരന്മാരാണ്, താങ്കള്‍ തൂങ്കിയിട്ടില്ലാന്നെനിക്കറിയാം.......ഉത്തരിച്ചാലും ഗുരോ

എനിക്കും വേണ്ടേ ഒരു സമയം പോക്ക്. പുതിയ പോസ്റ്റ് കാല്‍ ഭാഗം എഴുതി പിന്നെ നിറുത്തി......ഇനി പുലര്‍ച്ചക്കേഴരവെളുപ്പിനെഴുതിയാലെ, ഫലിക്കൂന്നാ വിസ്ക്കിമ്പറമ്പില്‍ തന്ത്രി പറഞ്ഞിരിക്കണേ

പെരിങ്ങോടന്‍ said...

സുധീര്‍,
എനിക്കറിയാവുന്ന ഉത്തരം പറയാം.
1.ബ്രഹ്മി ഒരു ഭാഷയല്ല, സ്ക്രിപ്റ്റ്, ലിപി മാത്രമാണു്. ആദിമ ദ്രാവിഡര്‍ എഴുതിയിരുന്നതു ക്യൂണിഫോം പോലുള്ള ഏതോ ലിപി ഉപയോഗിച്ചാണു്. പ്രോട്ടോ-ദ്രവീഡിയന്‍ ലിപികള്‍ ഡെസിഫര്‍ ചെയ്തിട്ടുമില്ല. ഇറാനില്‍ നിന്നുള്ള പഹ്‌ലവരുടെ ഗ്രന്ഥലിപിയും ഒരുകാലത്തു് ദ്രാവിഡമൂല ഭാഷകള്‍ എഴുതുവാന്‍ ഉപയോഗിച്ചിരുന്നു.
2.ലങ്കാപര്‍വ്വം എന്ന നോവലില്‍ ടി.ദാമു ഈഴവരുടെ പൈതൃകത്തെ കുറിച്ചു ചില പരാമര്‍ശങ്ങള്‍ നടത്തിക്കാണുന്നുണ്ടു്. ലങ്കയുടെ പഴയ പേരായ ഈഴത്തില്‍ നിന്നാവണം ഈഴവര്‍ വന്നതെന്നു് ഒരുകൂട്ടര്‍ അനുമാനിക്കുമ്പോള്‍ ദാമു തിയ്യര്‍ എന്ന ജനക്കൂട്ടം തിയ മലനിരകളില്‍ നിന്നാണു് വന്നതെന്നും പറഞ്ഞുപോകുന്നു. എന്തു തന്നെയായാലും അശോകന്റെ മകള്‍ സംഘമിത്ര അടക്കമുള്ള ബുദ്ധസന്യാസികള്‍ ശ്രീലങ്കയില്‍ എത്തിയെന്നും ബുദ്ധമതം പ്രചരിപ്പിച്ചുവെന്നും ചരിത്രം പറയുന്നു. തമിഴ് ദേശങ്ങളുമായി നല്ല ബന്ധത്തിലായിരുന്ന ലങ്കയില്‍ നിന്നും ബുദ്ധമതസ്വാധീനമുള്ള ഈഴവര്‍ വന്നിരിക്കുവാന്‍ സാധ്യതയുണ്ടു്.
3. ഇതുകുറേകൂടി പ്രസക്തമായ ചോദ്യമാണു്. പക്ഷെ ബ്രാഹ്മണ്യത്തിന്റെ പ്രഖ്യാപിത ശത്രു ബുദ്ധരായിരുന്നു, ഒരു പക്ഷെ അന്നത്തെ മലനാട്ടില്‍ “പുറംനാട്ടുകാരായ” ഈഴവര്‍ വിധേയത്വങ്ങളില്‍ നിന്നു രക്ഷനേടാനായും മതസ്വാതന്ത്ര്യങ്ങള്‍ക്കായും ബുദ്ധമതത്തിലേയ്ക്കു ആകര്‍ഷിക്കപ്പെട്ടിരിക്കാം, അതു ന്യായമായും ബ്രാഹ്മണ്യത്തെ ചൊടിപ്പിച്ചിരിക്കാം, ഈഴവപ്പാടുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കാം

ദേവന്‍ said...

എവൂരാനെ, മുരാരീ, കലേഷേ. നാനി നാനി.

പുലിമാനേ,
ആ നേരം ഉറങ്ങീല്ലാ എന്നതു നേര്‌. പക്ഷേ ഇതു കണാതെ പോയി.. ചുമ്മാ ജീമെയിലില്‍ വന്നു വെളിവുകേടും പറഞ്ഞ്‌ കിടന്നുറങ്ങി.

രാജേ,
എഴുതണം. ക്രിസ്തുവിന്റെ ജനനനശേശമുള്ള കാര്യങ്ങള്‍ ഏതാണ്ട്‌ ഭംഗിയായി ഇളംകുളം സാറും ശിവശങ്കരന്‍ നായരുമൊക്കെ എഴുതിയിട്ടുണ്ട്‌. അതിനു മുന്‍പുള്ള കാര്യങ്ങളിലേക്കാണ്‌ തപ്പി പോകുന്നതെന്നതിനാല്‍ വലിയ പ്രയാസങ്ങള്‍ നേരിടുന്നു. പതിറ്റുപത്ത്‌ കാര്യമെന്തൊക്കെ പറഞ്ഞാലും ഒരു ഫിക്ഷന്‍ ആണ്‌. അതു വിശ്വസിച്ച്‌ ഒരുപാടൊന്നും അനുമാനിക്കാന്‍ പറ്റില്ലല്ലോ.

പഴയ ഭാഷാക്ഷരമാല (വട്ടെഴുത്തും കോലെഴുത്തും) എഴുത്തും വായനയും പഠിക്കാനായി ചൂണ്ടി മാറ്റി വച്ചിട്ടുള്ളത്‌ ഇങ്ങോട്ടു വരുന്ന തിരക്കില്‍ നാട്ടില്‍ തന്നെ ഇട്ടിട്ടു പോന്നു (ഇനി അടുത്ത വെക്കേഷന്‍ തൊട്ട്‌ ഭാഷയില്‍ കയ്യാങ്കളി നടത്താമെന്നു കരുതി ഇരിക്കുകയായിരുന്നു).

(ഒരു ഹിസ്റ്ററിയും 100% ശരിയല്ല എന്നതു വേറേയും. വേലായുധന്‍ നായരുടേ വേണാടിന്റെ ചരിത്രം കൊല്ലത്തിന്റെ കുരക്കേണി തങ്കശ്ശേരിയാണെന്ന് നിസ്സംശയം പറയുന്നു. തങ്കശ്ശേരിയില്‍ കഴിഞ്ഞ പത്തയ്യായിരം വര്‍ഷത്തിനിറ്റയില്‍ കരയായിരുന്നെന്ന് വിശ്വസിക്കാ ബുദ്ധിമുട്ട്‌, എന്നാല്‍ തിരുമുല്ലവാരത്തിന്‌ ആ ലക്ഷണം നല്ലപോലെ ഉണ്ടു താനും)

സുധീറേ,
മിക്കവാറുമെല്ലാം രാജ്‌ വിശദീകരിച്ചു
കഴിഞ്ഞു.

1. സിന്ധൂനദീതട സംസ്കാരകാലത്തെ ഭാഷയുടെ സ്ക്രിപ്റ്റും എല്ലാ തെക്കേ ഏഷ്യന്‍ ഭാഷകളുടേയും അമ്മയും ബ്രഹ്മി ആണെന്നു വിശ്വസിക്കപ്പെടുന്നു. അതില്‍ നിന്നും മലയളം വരെയുള്ള സ്ക്രിപ്റ്റുകളെ വരച്ചത്‌ ഒറിജിനല്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌. വട്ടെഴുത്തു ലിപിയുടെ കാലത്താണ്‌ സംഘത്തമിഴ്‌ തമിഴും മലയാളവും ഭാഷകള്‍ ആയി വിഭജിച്ചതെന്നാണ്‌ കാണാന്‍ കഴിയുന്നത്‌.

2. ഈഴവര്‍ ഈഴത്തുനിന്നും വന്നവരാണെന്നും അവര്‍ ബുദ്ധമതവുമായി വന്നതാണെന്നും ഒരുപാട്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. വടക്കന്‍ പാട്ടില്‍ ആരോമല്‍ ചേകവന്റെ പൂര്‍വ്വികര്‍ ലങ്കയില്‍ വലിയ പ്രമാണിമാര്‍ ആണെന്നു പരാമര്‍ശിക്കുന്നെന്ന് എവിടെയോ ഈയിടെ വായിച്ചു.

3. ബുദ്ധമതം വീണുപോയത്‌ ശങ്കരാചാര്യരുടെ ദിഗ്വിജയ കാലത്തായിരുന്നെങ്കിലും എതാണ്ട്‌ ചേരമാന്‍ പെരുമാളിനെ കാലം വരെ ബൌദ്ധര്‍ വലിയ തോതില്‍ കേരളത്തിലുണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു (അവര്‍ സവര്‍ണ്ണരെന്ന് കരുതിപ്പോന്നിട്ടുണ്ടാവണം. വിഹാരങ്ങള്‍ എന്നും അധ:കൃതരില്‍ നിന്നും ഒഴിഞ്ഞു നിന്നു. താണജാതികള്‍ തീണ്ടിയ പള്ളികള്‍ ബുദ്ധര്‍ ഒഴിഞ്ഞു പോയിട്ടുണ്ട്‌) എന്നാല്‍ ഹിന്ദു മതത്തിനു പുറത്തുള്‍ലവരെയെല്ലാം അത്‌ മ്ലേച്ഛരായാണ്‌ കണ്ടത്‌. ബുദ്ധവിശ്വാസികള്‍ ഹിന്ദുമതത്തില്‍ ലയിച്ചപ്പോള്‍ സ്വാബ്ഭാവികമായും സവര്‍ണ്ണര്‍ അവരെ താണവരായി കണ്ടു.

കൂമന്‍ said...

ദേവാ, ലിപികളുടെ ഈ ചിത്രം ബ്ലോഗറിന്ല് തന്നെ ഹോസ്റ്റ് ചെയ്യാമോ? ലിപികളിടെ timeline അറിയാമെങ്കില്‍ അതും. പെരിങ്ങോടരേ. കമന്റു ഗഹനമായിട്ടുണ്ട്. അത് മനസ്സിരുത്തി ഒന്നൂടെ വായിച്ച്, അല്പം ഹോംവര്‍ക്ക് ഒക്കെ ചെയ്ത് ചില മണ്ടത്തരങ്ങളുമായി (ശ്രീജിത്തേ, എന്നെ കേസ്സിലോന്നും കുടുക്കല്ലേ) ഞാന്‍ തിരികെ വരാം.

സൂഫി said...

ദേവേട്ടാ.. മലയാണ്മ എന്നൊരു ഭാഷാസങ്കരത്തെക്കുറിച്ചു ഞാന്‍ കേട്ടിട്ടുണ്ട്‌. അത്‌ എന്തിന്റെ വക ഭേദമായിട്ടു വരും?

പെരിങ്ങോടന്‍ said...

ദേവാ, സിന്ധുനദീതടസംസ്കൃതിയില്‍ ബ്രഹ്മി ആയിരുന്നില്ല ഉപയോഗിച്ചിരുന്നതെന്നു തോന്നുന്നു, അത്ര പഴക്കം ബ്രഹ്മിക്കില്ല. അശോകന്റെ കാലത്തിനടുത്തായിരുന്നു ബ്രഹ്മി ഇന്ത്യന്‍ ഉപഭൂകണ്ഡത്തില്‍ പ്രചാരത്തില്‍ വന്നതു്. അതുപോലെ തന്നെ ദേവന്റെ ലിപി-രേഖാചിത്രത്തില്‍ പഹ്‌ലവഗ്രന്ഥം കാണിച്ചിട്ടില്ല, കേരളത്തില്‍ നിന്നും ലഭിച്ച ഏറ്റവും പുരാതനമായ ലിഖിതം (വാഴപ്പിള്ളി ലിഖിതം) പഹ്‌ലവ ഗ്രന്ഥയിലുള്ളതായിരുന്നു. രണ്ടു തരം ഗ്രന്ഥലിപികളിലുള്ളതിലൊന്നാണു പിന്നീട് വട്ടെഴുത്തും കോലെഴുത്തുമായി പിന്നെയും മലയാളവും തമിഴുമൊക്കെയായി പിരിഞ്ഞതു്. ബ്രഹ്മിയെ പറ്റിയുള്ള ഈ വിക്കിപീഡിയ ലേഖനം കൂടി വായിച്ചുനോക്കൂ.

സൂഫി മലയാണ്മ ഒരു നാടിന്റെ ഒരു ഭാഷയുടേയും കൂടി പേരായിരുന്നു. മലയാളം വിക്കിയിലെ ഈ ലേഖനം ഒന്നു വായിച്ചുനോക്കൂ.

ദേവന്‍ said...

ബ്ലോഗ്ഗര്‍ പടം ഹോസ്റ്റിംഗ്‌ ഇടഞ്ഞു നില്‍ക്കുകയാ മാഷേ, പറ്റുന്നില്ല.

പടം ഞെക്കിത്തുറക്കല്‍ ഫോര്‍മാറ്റില്‍ ആക്കിയിട്ടുണ്ട്‌. ഇല്ലെങ്കില്‍ യൂവാറെല്‍ ഇതാ.
http://i23.photobucket.com/albums/b394/devanand/dedication/script.jpg

റ്റൈം ലൈന്‍ ഇടാന്‍ ശ്രമിക്കാം ബ്രഹ്മി ന്ധുച്ചേച്ചിയുടെ കാലത്തും ഏ ഡി ആയിരം വരെ കോലെഴുത്തും ശേഷം ആയിരത്തി അഞ്ഞൂറൂ വരെ വട്ടെഴുത്തും (51 അക്ഷ്രമുള്ള മലയാളം സ്റ്റൈല്‍ എഴുത്തു എഴുത്തച്ഛന്‍ അവിടെ തുടക്കമിട്ടെങ്കിലും പത്തിരുന്നൂരു വര്‍ഷം ഒരു സങ്കര മലയാളം ആയിരുന്നു. വസാനത്തെ ഇരുന്നൂറു-മുന്നൂറു വര്‍ഷം മലയാളം പ്രോപ്പര്‍. ചുരുക്കി പറഞ്ഞാല്‍ കമ്പ്യൂട്ടറിന്റെ ascii ടെ നാലിരട്ടി പ്രായമേ ലിപിയില്‍ മലയാളത്തിനുള്ളു!
സമയത്തില്‍ വലിയ പിടിപാടില്ല. ഗൂഗിളേല്‍ വല്ലോം തടഞ്ഞാല്‍ പടം മാറ്റാം.

ദേവന്‍ said...

വിക്കിയില്‍ തന്നെ ഇന്‍ഡസ്‌ സ്ക്രിപ്റ്റ്‌ ശുദ്ധി ചെയ്തതാണ്‌ ബ്രഹ്മിയെന്നും കാണുന്നല്ലോ? ദാണ്ടെ:
http://en.wikipedia.org/wiki/Indus_script

ഗ്രന്ഥ സ്ക്രിപ്റ്റ്‌ മലയാണ്മയ്ക്കടക്കം ഒരുപാട്‌ ഭാഷകള്‍ക്കു ലിപി ഗ്രന്ഥയും വേരിയന്റുകളുമാണെന്ന് എവിടെയോ വായിച്ചിരുന്നു. രണ്ടു ഗ്രന്ഥ ലിപിയേ ഉള്ളോ എന്ന് നിശ്ചയമില്ല, ഉണ്ടെങ്കില്‍ തന്നെ രണ്ടിന്റെയും വെവ്വേറേ പേരും അറിയില്ലാത്തതുകൊണ്ട്‌ ഓര്‍ത്തതൊകെക്‌ വരച്ചു. വിക്കിയില്‍ കാണുമ്പോലെ ഗ്രന്ഥയെ വെട്ടി രണ്ടാക്കട്ടോ?

വിക്കി മൊത്തം വായിക്കണം. ഇത്രേമുണ്ടെന്ന് അറിഞ്ഞാല്‍ ലിങ്കി തീര്‍ക്കാവുന്നതേയുള്ളായിരുന്നു ആ പടം.

പെരിങ്ങോടന്‍ said...

ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: ബ്രഹ്മി, കൃസ്തുവിനു മുമ്പ് 7-8‌ാ‍ം നൂറ്റാണ്ടിലെപ്പോഴോ സെമറ്റിക് വണിക്കുകളുടെ Aramaic ലിപിയുടെ സ്വാധീനത്താല്‍ ഇന്ത്യയില്‍ രൂപപ്പെട്ട ലിപിവ്യവസ്ഥിതി. (സിന്ധുനദീതട സംസ്കാരം 2500-1700 BC വരെയുള്ള കാലഘട്ടമായിരുന്നു, ക്യൂണിഫോമിന്റെ ആദിമരൂപമായിരുന്നു അവരുടെ ലിപിയും) ബ്രഹ്മി ലിപികളുടെ ഒരു പ്രത്യേകത അവ വ്യജ്ഞനങ്ങളെ ‘അ’ എന്ന ശബ്ദത്തോടുകൂടി അവസാനിപ്പിക്കുന്ന രീതിയിലാണു് എഴുതുന്നതു് (സിബുവിന്റെ വരമൊഴില്‍ ബ്ലോഗില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടേയ്ക്കും)

ബുദ്ധമതസ്വാധീനത്താല്‍ അശോകന്റെ കാലത്തെ ബ്രഹ്മി ഉപയോഗിച്ചാണു് ദക്ഷിണഭാരത്തില്‍ 250 BC -യോടെ എഴുത്തു തുടങ്ങിയതു്. പിന്നീടത്തു് ചാലൂക്യന്മാരുടെയും പല്ലവന്മാരുടെയും കാലത്തു് (ഏ.ഡീ 5‌ാ‍ം നൂറ്റാണ്ടിനു ശേഷം) ഗ്രന്ഥലിപിയും സൃഷ്ടിക്കപ്പെട്ടു. ഇതില്‍ തന്നെ എട്ടാം നൂറ്റാണ്ടിലെ ഗ്രന്ഥലിപിയാണു് തുളു-മലയാളം ലിപിയായി വളര്‍ന്നുവന്നതത്രെ.

ഷിജു അലക്സ്‌‌: :Shiju Alex said...

പെരിങ്ങൊടാ,
"ഴ" ദ്രാവിഡഭാഷകളില്‍ മലയാളത്തില്‍ മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണു എന്ന്‌ വിക്കിയിലെ ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്‌ തെറ്റാണെന്നാണ്‌ എന്റെ അഭിപ്രായം. എന്ന അക്ഷരം തമിഴ്‌ എന്ന വാക്കില്‍ തന്നെ ഉണ്ട്‌. ഉള്ള വളരെയധീകം വാക്കുകള്‍ തമിഴില്‍ ഉണ്ട്‌. പക്ഷെ സംസാരിക്കുമ്പോള്‍ തമിഴര്‍ യുടെ സ്ഥാനത്ത്‌ കൂടുതലും ആണ്‌ ഉപയോഗിക്കുന്നത്‌ എന്ന് മാത്രം.

അതിനാല്‍ "ഴ" ദ്രാവിഡഭാഷകളില്‍ മലയളത്തിലും തമിഴിലും മാത്രം.... എന്നോ മറ്റോ മാറ്റിയെഴുതേണ്ടി വരും.

Anonymous said...

അതെ ‘ഴ’ തമിഴില്‍ തന്നെ ഉണ്ടു. സെന്തമിഴില്‍ ആണു ശ്രീലങ്ക, പിന്നെ ഓള്‍ഡ് പട്ടന്മാര്‍ ഒക്കെ സംസാരിക്കുന്നതു. അതു ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ശുദ്ധിയില്ലാത്ത തമിഴല്ല.സെന്തിമഴും മലയളവും തമ്മില്‍ വളരെ വളരെ സാമ്യം ഉണ്ടു.

ദേവന്‍ said...

ഇന്‍ഡസ്‌ സ്ക്രിപ്റ്റുകളും സെമിറ്റിക്‌ സ്ക്രിപ്റ്റുകളുമായി സാമ്യമുണ്ടെന്നും ബ്രഹ്മിയും സെമിറ്റിക്‌ സ്ക്രിപ്റ്റുമായും സാമ്യയുണ്ടെന്നും പറയുന്നു. ഇതിലെല്ലാം കൂടി അല്ലേ? അപ്പോ സിന്ധുച്ചേച്ചിയും ബ്രഹ്മിക്കുട്ടിയുമായി ബന്ധമില്ലേ?

കണ്ണിങ്ങ്‌ഹാം സായിപ്പൊറ്റയൊരാള്‍ മാത്രമാണ്‌ സിന്ധുവും ബ്രഹ്മിയും കണക്ഷനില്ലെന്നു പറഞ്ഞതെന്നും കണ്ടു വിക്കിയില്‍?

ഉമേഷ്::Umesh said...

ആകെ കണ്‍ഫ്യൂ‍ഷ്യസ് ലാവോട്സെ ആയല്ലോ.. ഒന്നുകൂടി വായിക്കട്ടേ...
ദേവരാജന്മാരേ, നന്ദി.

ദേവന്‍ said...

അല്ലാ, കാലത്തെപറ്റിയല്ലേ ഗോഗ്വാദം നടക്കുന്നുള്ളു, സ്ക്രിപ്റ്റിന്റെ മൂലത്തെക്കുറിച്ച് തര്‍ക്കോവ്സ്കി ഇല്ലല്ലോ. പടത്തിന്റെ വീയെസ്ഡീ ഫയല്‍ രാജിനു അയക്കാം, ഗ്രന്ഥം രണ്ടാക്കി ഇവിടിടട്ട്.
(ഗുരുക്കളേ ഗ്രന്ഥം മൂന്നു പകര്‍ത്തുമ്പോള്‍ മുഹൂര്‍ത്തന്‍ എന്നെന്നവോ ആയിപ്പോച്ച് എന്ന് ഒരു (ചെക്കോ) ശ്ലോവാക്യ ഇല്ലേ?

പെരിങ്ങോടന്‍ said...

അതെ ദേവാ, കാലത്തെ പറ്റിയാണു വാദം, ബ്രഹ്മിയുടെ പരിണാമത്തില്‍ സിന്ധുവിന്റെ തീരത്തെ ആദിമദ്രാവിഡര്‍ ഉപയോഗിച്ചുപോന്ന ലിപി കാര്യമായി സ്വാധീനം ചെലുത്തിക്കാണും. എങ്കിലും ബ്രഹ്മി തന്നെയാണു സിന്ധുനദീതടസംസ്കാരത്തിലെ ലിപിയെന്നു പറയുവാന്‍ കഴിയില്ല. ഗമ്പ്യൂട്ടറില്‍ 2-3 ജീബി ഫ്രീസ്പേസുണ്ടെങ്കില്‍ സൊല്ലണ്ണാ, ബ്രിട്ടാനിക്ക ഡീവീഡി തരാം, വിക്കിയെ ഞാന്‍ എല്ലായ്പ്പോഴും കണ്ണടച്ചു വിശ്വസിക്കാറില്ല. ഒരു സെക്കന്‍ഡ് ഒപ്പീനിയനും റിസേര്‍ച്ചിനും ഗുണമായേക്കും, എന്നാലും സംഭവം വിക്കിയുടെയത്ര ഫ്ലെക്സിബിള്‍ അല്ലെന്നാ അനുഭവം.

ദേവന്‍ said...

രണ്ടുമൂന്നല്ല, ഇരുപത്‌ മുപ്പത്‌ ജീബി ആളുതാമസമില്ലാതെ മരുഭൂമിയായി കിടപ്പുണ്ട്‌, പക്ഷേ സീഡി ഡ്രൈവ്‌ ഡീവീഡി വായിക്കുകേല. റ്റീവിയുടെ ഡീവീഡി പ്ലേയരില്‍ വിന്‍ഡോസ്‌ എക്സ്പീ എന്നൊക്കെ എഴുതീട്ടുണ്ട്‌ ഇവനെ പക്ഷേ യൂയെസ്ബീില്‍ കണക്റ്റാനുള്ള സംവിധാനം ഇല്ല.

വരമൊഴി ബ്ലോഗില്‍ ഉണ്ടെന്ന് പറഞ്ഞത്‌ vfaq ബ്ലോഗ്‌ ആണോ? ആര്‍ക്കൈവില്‍ പോയെന്ന് തോന്നുന്നു.


സുധീറേ,
കാലം തിരിക്കാന്‍ പറ്റുന്നില്ല. നോക്കാനോ കാണാനോ ഒരു കിത്താബും കയ്യിലില്ല. രാജിനു കഴിയുന്നത്ര മാറ്റങ്ങള്‍ വരുത്തട്ടെ.

(ഐവ! ഷിജു & എല്‍ജീ.
കണ്ണുക്ക്‌ മയ്യഴക്‌, കവിതൈക്ക്‌ പൊയ്യഴക്‌ .... എന്ന പാട്ടു കെട്ടിട്ടുണ്ടോ? അതില്‍ തമിഴുക്ക്‌ "ഴ" അഴക്‌ എന്നാണ്‌)