Monday, July 31, 2006

ശ്രദ്ധിക്കപ്പെടേണ്ട ചില ബ്ലോഗുകള്‍

ബൂലോഗം വളരുകയാണ്‌.

മുന്‍പാരോ പറഞ്ഞ പോലെ എക്സ്‌പൊണെന്‍ഷ്യലി. ഈ കൊല്ലത്തിന്റെ ആദ്യത്തെ 5 മാസങ്ങളില്‍ ബി.എസ്‌.ഇ. ഇന്‍ഡക്സ്‌ വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ്‌ ഇപ്പോള്‍ ബൂലോഗത്തിലെ അംഗങ്ങളും, പുതിയ പോസ്റ്റുകളും പിന്‍മൊഴി വഴിയെത്തുന്ന കമന്റുകളും വളരുന്നത്‌. ഇടക്ക്‌ നടന്ന കേരളാ, ബാംഗളൂര്‍, യു.എ.ഇ. സംഗമങ്ങളും അവക്കു കിട്ടിയ മാധ്യമ കവറേജും ഈ വളര്‍ച്ചക്ക്‌ ആക്കം കൂട്ടുകയും ചെയ്തു. പല പുതിയ പുലികളും ശിങ്കങ്ങളും നമ്മോടൊപ്പം ചേര്‍ന്നു. ഒരുപാട്‌ പേര്‍ വളരെ ആക്റ്റീവ്‌ ആയി പോസ്റ്റുകയും കമന്റുകയും ചെയ്യുന്നുമുണ്ട്‌.

ഇതിനിടക്ക്‌ എപ്പോഴോ നമ്മള്‍ ഡയറിക്കുറിപ്പുകള്‍ എന്നതിലുപരി ബ്ലോഗ്ഗിംഗിന്‌ ആശയവിനിമയത്തിലുള്ള സാധ്യതകളെപ്പറ്റിയും, പാരമ്പര്യ മാധ്യമങ്ങള്‍ക്കു മുകളില്‍ വസ്തുതകളെ അവലോകനം ചെയ്യാനുള്ള two-way interaction-ന്റെ മേന്മകളെപ്പറ്റിയും സംസാരിച്ചു. ബൂലോഗത്തിന്റെ ഇപ്പോഴത്തെ ഈ രൂപമാറ്റത്തിനു മുന്‍പേ, പൊതുവേ നമ്മള്‍ കണ്ടിരുന്നത്‌ നര്‍മ്മത്തില്‍ ചാലിച്ച അനുഭവ കഥകളുടേയും, കുറിപ്പുകളുടേയും ആവിഷ്കാരങ്ങളായിരുന്നു. നന്നായിരിക്കുന്നു അല്ലെങ്കില്‍ മെച്ചപ്പെടുത്താമായിരുന്നു എന്നതില്‍ കവിഞ്ഞ്‌ ഒരു ഇടപെടല്‍ വായനക്കാരന്റെ ഭാഗത്തു നിന്ന് സൃഷ്ടികളില്‍ ഉണ്ടായിരുന്നത്‌ വളരെ അപൂര്‍വമായ ഒരു കാര്യമായിരുന്നു. ബൂലോഗം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക്‌ -- ഗൌരവപരമായ ആശയവിനിമയത്തിലേക്ക്‌ - ചുവടു വെക്കുന്ന ഈ ഘട്ടത്തില്‍ അതിനു പ്ലാറ്റ്‌ഫോം ആയേക്കാവുന്ന കുറേ നല്ല ബ്ലോഗുകളിലേക്ക്‌ ബൂലോഗരുടെ ശ്രദ്ധ തിരിക്കാനും, നമ്മുടെ സജീവമായ പങ്കാളിത്തത്തിലൂടെ അത്തരം ബ്ലോഗുകള്‍ക്ക്‌ അവ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാനുമുള്ള ഒരു ശ്രമമാണ്‌ എന്റെ ഈ പോസ്റ്റ്‌. സാഹിത്യത്തില്‍ മാത്രമല്ല, സമകാലിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലും ബ്ലോഗര്‍മാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കേണ്ടതല്ലേ? എങ്കിലല്ലേ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക്‌ ഒരു complementary ആയി ബ്ലോഗുകളെ ഉയര്‍ത്തിക്കാട്ടാനുള്ള നമ്മുടെ ശ്രമം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ എത്തുകയുള്ളൂ?

ഒന്നുകൂടി -- ഓടിച്ചുള്ള വായനയില്‍ കണ്ണില്‍പ്പെട്ട ചില ബ്ലോഗുകളാണ്‌ ഞാന്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്‌. കാണാതെ പോയവ തീര്‍ച്ചയായും ഉണ്ടാവും. മറ്റുള്ളവര്‍ കൂട്ടിച്ചേര്‍ക്കുമല്ലോ.


1. ഈ വിഭാഗത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ബ്ലോഗുകളില്‍ ഒന്നാണ്‌ കല്ലേച്ചിയുടെ ബ്ലോഗ്‌. ഒരു പഴയ കാല ബ്ലോഗര്‍ ആയതിനാല്‍ കല്ലേച്ചിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. വിഷയങ്ങളിലുള്ള വൈവിധ്യവും, മറ്റാരും കാണാത്ത ഒരു വീക്ഷണകോണില്‍ നിന്നുള്ള നിരീക്ഷണങ്ങളും ആണ്‌ ഈ ബ്ലോഗിനെ പ്രസക്തമാക്കുന്നത്‌. സമകാലിക സാമൂഹ്യ പ്രശ്നങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന വ്യക്തിപരമായ കാര്യങ്ങളാണ്‌ പലപ്പോഴും കല്ലേച്ചിയുടെ പ്രതിപാദ്യ വിഷയം. എന്തു കൊണ്ടോ, പലപ്പോഴും കല്ലേച്ചി ഉയര്‍ത്തുന്ന വിഷയങ്ങള്‍ ബൂലോഗത്തിന്റെ ശ്രദ്ധ നേടാതെ പോവുന്നു.

2. മറ്റുള്ള ബ്ലോഗുകളിലെ കമന്റുകളും, കൊച്ചി മീറ്റിലെ സാന്നിധ്യവും വഴി പ്രതീഷ്‌ പ്രകാശ്‌ എന്ന ഞാന്‍കുട്ടിയുടെ ബ്ലോഗ്‌ എല്ലാരും കണ്ടിരിക്കുമെങ്കിലും പലപ്പോഴും ഞാന്‍കുട്ടിയുടെ ശാസ്ത്ര-സാങ്കേതിക മേഖലയിലുള്ള ലേഖനങ്ങള്‍ അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോയിട്ടുണ്ട്‌. ഹൈഡ്രജനേപ്പറ്റിയും ജൈവ ഇന്ധനങ്ങളെപ്പറ്റിയും ഒക്കെ ഞാന്‍കുട്ടിയുടെ വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും, ഈ രംഗങ്ങളില്‍ പ്രഗത്‌ഭര്‍ ആയിട്ടുള്ളവരുടെ ശ്രദ്ധ പതിയേണ്ടതും ആണെന്ന കാര്യത്തില്‍ സംശയമില്ല.


3. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആയ ശ്രീ. എന്‍.പി. രാജേന്ദ്രന്‍, സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകള്‍ അതിന്റെ ഉള്‍ക്കാഴ്ച്ച കൊണ്ടും കാലിക പ്രാധാന്യം കൊണ്ടുമാണ്‌ ശ്രദ്ധേയമാവുന്നത്‌. ഇവിടെ ബൂലോഗത്തിന്റെ സജീവമായ ഇടപെടലുകള്‍ കുറയുന്നത്‌ നമുക്കോരോരുത്തര്‍ക്കും എന്‍.പി.ആറിന്റെ അനുഭവ സമ്പത്ത്‌ പകര്‍ന്നു തരേണ്ട വിജ്ഞാനം നഷ്ടമാവാനാണ്‌ കാരണമാവുന്നത്‌.

4. രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങളിലുള്ള വിവാദങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന കിരണ്‍ തോമസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ബ്ലോഗ്‌, ഈ ബ്ലോഗര്‍ സംവാദത്തിനായി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ കൊണ്ടാണ്‌ വേറിട്ടതാവുന്നത്‌. മറ്റുള്ള ബ്ലോഗര്‍മാരെ അപേക്ഷിച്ച്‌ സ്വന്തം കാഴ്ച്ചപ്പാടുകള്‍ കിരണ്‍ അധികം ഉയര്‍ത്തിക്കാട്ടുന്നില്ല എന്നത്‌ ഈ ബ്ലോഗിന്റെ ഒരു ന്യൂനതയാണ്‌. എന്നിരുന്നാലും കിരണ്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങളിലുള്ള സംവാദങ്ങള്‍ പ്രസക്തം തന്നെ.


5. മയ്യഴി എന്ന ബ്ലോഗറുടെ പൊതുയോഗം എന്ന ബ്ലോഗും നാം ചിന്തിക്കേണ്ട കുറേ വിഷയങ്ങള്‍ വരച്ചിടുന്നു. മലയാള ലിപിയുടെ സംരക്ഷണം കൂടി, ബൂലോഗത്തിന്റെ ദൌത്യങ്ങളില്‍ ഒന്നാണെന്നിരിക്കേ, ഈ വിഷയത്തില്‍ മയ്യഴി ചൂണ്ടിക്കാണിച്ച ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌.

6. സുന്ദരവും ലളിതവുമായ ഭാഷയില്‍ അത്ര മാധ്യമ ശ്രദ്ധ കടന്നു ചെല്ലാത്ത വിഷയങ്ങളില്‍ സ്വന്തം നിരീക്ഷണങ്ങള്‍ കുറിച്ചിടുന്നു കുമാരപുരത്തിന്റെ ആന്ധ്രാക്കത്തില്‍. വളരെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഈ ബ്ലോഗറുടെ രണ്ടു ലേഖനങ്ങള്‍ ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

7. അച്ചടിമാധ്യമങ്ങളില്‍ വരുന്ന, വിവാദങ്ങളല്ലാത്ത എന്നാല്‍ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളുടെ ചക്കാത്തുവായനയാണ്‌ ഓസിന്റെ വേര്‍ഡ്പ്രസ്സ്‌ ബ്ലോഗില്‍ ഉള്ളത്‌. ഈ ബ്ലോഗര്‍ എല്ലാവര്‍ക്കും സുപരിചിതന്‍ ആണെങ്കിലും അദ്ദേഹത്തിന്റെ ഈ സംരഭം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? ( ഇതേ ആശയത്തില്‍ കലേഷ്‌ ചെയ്യുന്ന സാംസ്കാരികം ബ്ലോഗിനെ മറക്കുന്നില്ല. അവിടേയും ബൂലോഗത്തിന്റെ പാര്‍ട്ടിസിപ്പേഷന്‍ കുറവു തന്നെ.)

8. ഒട്ടും പ്രാധാന്യം കുറയാത്ത ഒരു സേവനമാണ്‌ കവികളേയും കവിതകളേയും പരിചയപ്പെടുത്തുന്ന കാവ്യനര്‍ത്തകിയുടെ ബ്ലോഗില്‍ ഉള്ളത്‌. എസ്‌.ജോസഫിനെപ്പോലുള്ള അത്ര പ്രശസ്തരല്ലാത്ത കവികളേയും, കെ.ജി. ശങ്കരപ്പിള്ളയെപ്പോലുള്ള അതികായരുടേയും കവിതകള്‍ യാതൊരു മുന്‍വിധികളും പക്ഷം പിടിക്കലും ഇല്ലാതെ പരിചയപ്പെടുത്തുന്ന ഈ ബ്ലോഗ്‌, സാഹിത്യകുതുകികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌.

9. ആരും അധികം ശ്രദ്ധിക്കാത്ത ചെറിയ വലിയ തെറ്റുകളും ശരികളും സരസമായ ഭാഷയില്‍ പറഞ്ഞു തരികയാണ്‌ ഡോ.ശ്രീകാന്ത്‌ തന്റെ നന്‍മയും തിന്‍മയും എന്ന ബ്ലോഗില്‍. തമിഴ്‌ സാഹിത്യത്തിലും പാണ്ഡിത്യമുള്ള ശ്രീകാന്തിന്റെ വിജ്ഞാനം നമുക്കും പകര്‍ന്നു തരാനുള്ള ഒരു ശ്രമമാണ്‌ ഇത്‌. വെറുതേ ഓരോന്ന് എന്ന ബ്ലോഗിലാവട്ടെ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങള്‍ പങ്കു വെക്കുന്നു.

10. ജിയോ കുര്യന്റെ രചനകളിലൂടെ എന്ന ബ്ലോഗ്‌ യുനീകോഡിലല്ലാത്ത ഇന്റര്‍നെറ്റ്‌ രചനകളുടെ ഒരു സമാഹാരമാണ്‌. ഇതില്‍ എന്തെങ്കിലും കോപ്പിറൈറ്റ്‌ പ്രശ്നങ്ങള്‍ ഉണ്ടോ എന്നുള്ളത്‌ ആരെങ്കിലും അദ്ദേഹത്തിന്‌ പറഞ്ഞു കൊടുക്കുമല്ലോ


ഇവയില്‍ പല ബ്ലോഗുകളും പിന്‍മൊഴികളില്‍ വരുന്നില്ല എന്നതും ബ്ലോഗര്‍മാര്‍ മറ്റു ബ്ലോഗുകളില്‍ സജീവമല്ല എന്നതുമാണ്‌ ഇവിടങ്ങളിലെ അലസതക്ക്‌ ഒരു കാരണമായി എനിക്ക്‌ തോന്നുന്നത്‌. ബൂലോഗത്തിലെ അംഗസംഖ്യയുടെ വളര്‍ച്ചക്കൊപ്പം നമ്മുടെയൊക്കെ വ്യക്തിപരമായ വളര്‍ച്ചക്കും ഇടവരുത്തുന്ന സൃഷ്ടിപരമായ സംവാദങ്ങള്‍ കാണാന്‍ ഇടവരുമെന്ന് പ്രതീക്ഷിക്കട്ടെ.

11 comments:

കണ്ണൂസ്‌ said...

ആശയദാരിദ്ര്യം ബാധിച്ചാല്‍ ഇങ്ങനേയും ചിലത്‌ ചെയ്യാം. :-)

സു | Su said...

ഇതൊക്കെ, അല്ലെങ്കില്‍ ചിലതെങ്കിലും എല്ലാവരും വായിക്കുന്നുണ്ടാവും എന്നാണ് തോന്നുന്നത്. ഗൌരവമായ വിഷയങ്ങള്‍ ഉള്ളിടത്ത് പോയി എന്തെങ്കിലും ഒരു കമന്റ് വെച്ച് പോരേണ്ട എന്ന് കരുതിയാവും കമന്റടിയില്‍ ആരും ശ്രദ്ധിക്കാത്തത്. അതുകൊണ്ട് ഇതൊന്നും ആരും വായിക്കുന്നില്ല എന്ന് കരുതാതെ തുടര്‍ന്നും ഈ ബ്ലോഗന്മാരൊക്കെ രചന തുടരുക.

ദേവന്‍ said...

കണ്ണൂസേ
ഇന്നത്തെ സൈസ്‌ വച്ചു നോക്കുമ്പോള്‍ ഒരാളിനും ബൂലോഗം വായിച്ച്‌ തീര്‍ക്കാന്‍ (കമന്റടക്കം) പറ്റില്ല. എനിക്കു തോന്നുന്നത്‌
1. ഇത്രേം വായിക്കാന്‍ ആളുകളില്ലാത്ത സാഹചര്യത്തില്‍ ഉള്ളവര്‍ പല സ്പെഷ്യലൈേഷന്‍ നടത്തി പല ഗ്രൂപ്പായി പോകാനോ മറ്റോ ശ്രമിക്കാറായി

2. എഴുത്തുകാരെക്കാള്‍ കൂടുതല്‍ വായനക്കാര്‍ എന്ന ഐഡിയല്‍ പ്രിന്റ്‌ മീഡിയാ സിറ്റുവേഷം ബ്ലോഗില്‍ ഇല്ല. മലയാളം ബ്ലോഗില്‍ അതു സാധാരണയില്‍ കൂടിയ അളവിലുണ്ടെങ്കിലും അത്ര പോലും മതിയാവുന്നില്ല. ഒരു മാസിക 10 പേര്‍ എഴുതും 50000 പേര്‍ വായിക്കും. ബൂലോഗം 300 പേരാണ്‌ എഴുതുന്നതെന്ന് വിചാരിക്കുക, മിനിമം ഒരു 5000 വായനക്കാരെങ്കിലും വേണം , ഇപ്പോ പരമാവധി ഒരഞ്ഞൂറേ കാണു.

3. ഓഫീസില്‍ നിന്നും വായിക്കുന്നവര്‍ മിക്കവരും ഓടി വന്ന് കോമഡീം പറഞ്ഞു ഓടിപ്പോകാന്‍ ഇഷ്ടപ്പെടുന്നു, കാരണം മനസ്സിനെ ഇന്വോള്‍വ്‌ ചെയ്യിച്ച്‌ കാര്യങ്ങള്‍ ചെയ്യാനുള്ള സമയമോ ക്ഷമയോ ഒളിബ്ലോഗനില്ല

4. ചില ടോപ്പിക്കുകള്‍ ക്രൌഡ്‌ പുള്ളിംഗ്‌ സാധനങ്ങളാണ്‌, ഉദാ. തമാശക്കഥകള്‍, ഇലക്ഷന്‍, ഫുട്ട്ബാള്‍. മിക്കവരും ഉള്ള സമയം ഇതിനൊക്കെ നീക്കി വച്ചു പോകുന്നു.


ഇതെല്ലാം ബാലപീഢകളാണെന്നും വളരെ വളരെ സ്വയം പരിഹരിക്കപ്പെടുമെന്നും ഞാന്‍ വിശ്വസിക്കുന്നു. മുകളിലെ
1. ബൂലോഗം ഒരു അളവില്‍ വളര്‍ന്നാല്‍ തന്നെ ഡീസ്കൂളിംഗ്‌ നടക്കും
2. വളരെ നല്ലതും ഡൈവേര്‍സ്‌
ആയതുമായ കൃതികള്‍ സ്ഥിരമായി വന്നാല്‍ മാസികവായനപോലെ ബ്ലോഗ്‌ വായന ശീലമാക്കുന്നവര്‍ (എഴുത്തല്ല, വായന മാത്രം) തനിയേ ഉണ്ടാകും
3. കോമഡിയെ മാറ്റി നിറുത്തേണ്ട കാര്യമില്ല, എല്ലാ കാര്യങ്ങളും സീരിയസ്സ്‌ ആകണമെന്നില്ലല്ലോ

4. ശക്തമായ എഴുത്തുകള്‍, അതേതു ടോപ്പിക്കായാലും, ചുറ്റും ക്രൌഡിനെ കാലം കൊണ്ട്‌ നിര്‍മ്മിക്കും, കുറച്ചു കാക്കണമെന്നേയുള്ളു.

അപ്പോ മംഗളം, അടുത്താഴ്ച്ച വീണ്ടുമൊപ്പിടാം.

ദില്‍ബാസുരന്‍ said...

കണ്ണൂസ്,
വളരെ ഉപകാരപ്രദം. എന്റെ കണ്ണില്‍ പെടാത്ത ചില നല്ല ബ്ലോഗുകളെ പരിചയപ്പെടുത്തിയതിന് നന്ദി.

ഷാജുദീന്‍ said...

ദേവന്‍ പറഞ്ഞതാണ് സത്യം. വായിച്ച് ഒരിടത്തും എത്താന്‍ പറ്റുന്നില്ല

പെരിങ്ങോടന്‍ said...

കണ്ണൂസേ ഇതെഴുതാനുള്ളത്ര സമയം മേല്‍പ്പറഞ്ഞ ബൂലോഗരെ പരിചയപ്പെടുത്തുന്നതിനു വേണ്ടി നീക്കിവച്ചുവെന്നുള്ളതു വളരെ നല്ല കാര്യം. ബ്ലോഗുകളുടെയും കമന്റുകളുടേയും ആധിക്യത്തില്‍ മുങ്ങിപ്പോകുന്ന നല്ല പോസ്റ്റുകളെ സ്വരുക്കൂട്ടി വയ്ക്കുവാനും പല ശ്രമങ്ങളും നടന്നു കാണുന്നുണ്ടു്, എന്നാലും ഇത്തരം കുറിപ്പുകള്‍ കൂടുതല്‍ വായനക്കാരെ ‘വിട്ടുപോകാന്‍’ പാടില്ലാത്ത ചില നല്ല ബ്ലോഗുകളിലേയ്ക്കെത്തിക്കുന്നു. അഭിനന്ദനങ്ങള്‍.

ദേവന്‍ അഭിപ്രായപ്പെടുന്നതുപോലെയുള്ള മാറ്റങ്ങള്‍ ഞാനും പ്രതീക്ഷിക്കുന്നു.

സ്നേഹിതന്‍ said...

ഏതൊരു സംരംഭവും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കൂടി കടന്നു പോകുമ്പോള്‍ സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ തന്നെ ബൂലോഗത്തിലും കാണുന്നു.

കണ്ണൂസിന്റെ ഈ പോസ്റ്റ് തികച്ചും ഒരു സത്കര്‍മ്മം.

കണ്ണൂസ്‌ said...

സൂ, പറഞ്ഞത്‌ വളരെ ശരിയാണ്‌. നമ്മളില്‍ പലരും ഈ ബ്ലോഗുകള്‍ സ്ഥിരമായി വായിക്കാറുണ്ട്‌. എന്നിട്ടും (ഞാനടക്കം) എല്ലാവരും അവിടെ കമന്റ്‌ ഒന്നും വെക്കാതെ മടങ്ങുകയാണ്‌ പലപ്പോഴും പതിവ്‌. ദേവന്‍ പറഞ്ഞ പോലെ, ഒരു പക്ഷേ പലരും ഓഫീസില്‍ നിന്ന് വായിക്കുന്നവരായതിനാല്‍ സീരിയസ്‌ ആയി ചിന്തിച്ച്‌ ഒരു മറുപടി എഴുതാനുള്ള സാഹചര്യം ഇല്ല എന്നതായിരിക്കാം ഒരു കാരണം. പക്ഷേ, എന്റെ അഭിപ്രായത്തില്‍ അപ്പോല്‍ തോന്നുന്ന ഒറ്റവരി കമന്റ്‌ ആണെങ്കില്‍ പോലും എഴുതിയിട്ടാല്‍ അത്‌ ഇത്തരം സബ്‌ജക്റ്റുകളില്‍ ഉള്ള താത്‌പര്യം കൂട്ടുമെന്ന് തോന്നുന്നു.

കഥ / കവിത / നര്‍മ്മ ഭാവനകള്‍ക്കും, ഇത്തരം ലേഖനങ്ങള്‍ക്കും തമ്മില്‍ കാതലായ ഒരു വ്യത്യാസമുണ്ട്‌. ഒരു കഥ വായിച്ച്‌ കഴിഞ്ഞാല്‍ അത്‌ നന്നായി എന്ന് പറയാം, അല്ലെങ്കില്‍ അടുത്ത കഥ മെച്ചപ്പെടുത്താന്‍ കഥാകൃത്തിന്‌ എന്തെങ്കിലും ടിപ്സ്‌ കൊടുക്കാം. അത്രയേ അതില്‍ ചെയ്യാനുള്ളു. പക്ഷേ, ഒരാള്‍ ഒരു ലേഖനം എഴുതുമ്പോള്‍ അയാള്‍ തന്നെ ഉദ്ദേശിച്ച ആശയങ്ങളുടെ ഒരു ഭാഗം മാത്രമേ വെളിച്ചത്ത്‌ വരുകയുള്ളൂ എന്നാണ്‌ എന്റെ നിരീക്ഷണം. അത്‌ വായിക്കുന്നവരുടെ അഭിപ്രായങ്ങളിലും വീക്ഷണങ്ങളിലും കൂടിയാണ്‌ ആ ലേഖനം രണ്ടു തലങ്ങളില്‍ കൂടി വായിക്കപ്പെടുക. ചിലപ്പോള്‍, ഒരു കമന്റ്‌, ആ ലേഖകനു തന്നെ നേരത്തെ express ചെയ്യാന്‍ കഴിയാതിരുന്ന ഒരു ആശയത്തിന്റെ spark കൊടുത്തുവെന്നും വരാം. (സംവരണം, അഭിമന്യു എന്നീ വിഷയങ്ങളിലൊക്കെ സംവാദം എത്ര ലൈവ്‌ലി ആയിരുന്നു എന്ന് നമ്മള്‍ കണ്ടതാണ്‌.)

ദേവാ, വിഷയങ്ങള്‍ നന്നായി അവതരിപ്പിച്ചാല്‍ ശ്രദ്ധ താനെ വന്നുകൊള്ളും എന്ന അഭിപ്രായത്തോട്‌ എനിക്ക്‌ വലിയ യോജിപ്പില്ല. അങ്ങിനെയല്ല എന്നാണ്‌ ഏറ്റവും കുറഞ്ഞത്‌ കല്ലേച്ചിയുടെ ബ്ലോഗിലുള്ള റെസ്പോണ്‍സ്‌ കാണിക്കുന്നത്‌. മറ്റൊന്ന് 10 എഴുത്തുകാര്‍ക്ക്‌ 5000 വായനക്കാര്‍ എന്ന രീതിയിലുള്ള അനുപാതം ഒരു പക്ഷേ പത്രങ്ങള്‍ക്ക്‌ ചേര്‍ന്നതായിരിക്കാം. പക്ഷേ, നമ്മള്‍ ബ്ലോഗുകളില്‍ നിന്ന് അതല്ലല്ലോ പ്രതീക്ഷിക്കുന്നത്‌. അഭിപ്രായ വിനിമയം നടക്കുമ്പോള്‍ മാത്രമല്ലേ ബ്ലോഗുകള്‍, അവ അഡ്രസ്സ്‌ ചെയ്യുന്ന വിഷയങ്ങളില്‍ സാധാരണ പത്ര മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമാവുള്ളൂ? അല്ലെങ്കില്‍, ഒരു വിഷയത്തില്‍, ഒരു വ്യക്തിയുടെ നിരീക്ഷണം എന്ന പ്രാധാന്യം മാത്രമല്ലേ ഒരു ബ്ലോഗിന്‌ ഉണ്ടാവുള്ളൂ? (കലേഷുമായിട്ടുള്ള അഭിമുഖത്തില്‍ വില്‍സണ്‍ ചൂണ്ടിക്കാണിച്ച അതേ കാര്യം ആണ്‌ ഞാന്‍ പറയുന്നത്‌.)

ഒരു കാര്യം ശരിയാണ്‌, നമ്മള്‍ വളര്‍ച്ചയുടെ ഒരു ഫേസ്‌ ചേഞ്ചിലാണ്‌. അതു കൊണ്ട്‌ തന്നെ കുറേയധികം ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. പക്ഷേ, ആ അശ്രദ്ധ നമ്മള്‍ മനപൂര്‍വം സൃഷ്ടിക്കുന്നതാവരുത്‌ എന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌.

കണ്ണൂസ്‌ said...

രണ്ടു ബ്ലോഗുകള്‍ കൂടി ഉള്‍പ്പെടുത്തി ഇത്‌ അപ്ഡേറ്റ്‌ ചെയ്യുന്നു. ഈ പോസ്റ്റ്‌ പബ്‌ളീഷ്‌ ചെയ്തതിനു ശേഷം ഇതില്‍ പറയപ്പെട്ട ചില ബ്ലോഗുകളുടെ എങ്കിലും ഹിറ്റ്‌ റേറ്റ്‌ കൂടി എന്നത്‌ സന്തോഷമുണ്ടാക്കുന്നു.

ഫാര്‍സി said...

‘ നന്നായിരിക്കുന്നു അല്ലെങ്കില്‍ മെച്ചപ്പെടുത്താമായിരുന്നു എന്നതില്‍ കവിഞ്ഞ്‌ ഒരു ഇടപെടല്‍ വായനക്കാരന്റെ ഭാഗത്തു നിന്ന് സൃഷ്ടികളില്‍ ഉണ്ടായിരുന്നത്‌ വളരെ അപൂര്‍വമായ ഒരു കാര്യമായിരുന്നു‘---ഞാനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു വിചാരിച്ചെ ഒരു മിനിട്ട് മുമ്പ് വരെ. പക്ഷെ നമ്മുടെ വായനക്കാര്‍ ഇതിലേറേ ഉയര്‍ന്നിരിക്കുന്നു.ഒരു വായനക്കാരന്‍റെ വിലയേറിയ കമന്‍റ്സ് വായിച്ചു ആ ബ്ലോഗ് അപ്പടി ഡിലീറ്റ് ചെയ്യേണ്ടി വന്നു.മറ്റു പലരും നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ഒരു അനോനിമസ് വന്നെഴുതിയ കമന്‍റ് എനിക്കു നിങ്ങളുടെ മുന്നില്‍ പറയാന്‍ പറ്റില്ല.അയാളുടെ ഭാഷയ്ക്ക് എന്‍റെ ഡിക്ഷനറിയിലില്ലാത്ത വാക്കുകള്‍.അപ്പോ കരുതി ഈ പണി ഒഴിവാക്കാനായി എന്നു.
മലയാളീസ് എത്രത്തോളം വിദ്യാഭ്യാസ പരമായി മുന്നോട്ടു പോയാലും അയാള്‍ തന്‍റെ തനി(തറ സ്വഭാവം) സ്വഭാവമെ എവിടെയും കാണിക്കൂ.അവര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു.ഇതൊരു രോഗമാണോ?. ഇവമ്മാരെപ്പോലുള്ളവരാണു(സംസ്കാര ശൂന്യര്‍?)മലയാളീസിന്‍റെ പേര് കേടാക്കുന്നേ....

bodhappayi said...

കണ്ണൂസിന്‍റെ ലിസ്റ്റില്‍ ഒന്നു കൂടി ചേര്‍ക്കാമോ, കുടിയന്‍റെ ബ്ലോഗ്: http://anamgari.blogspot.com. ഈ ബ്ലോഗ്ഗര്‍ ആലപിച്ചിരിക്കുന്ന കവിതകളാണ് അതിലുള്ളത്‌. പേരു ഒരു ക്രൌഡ് റിപ്പെല്ലര്‍ ആണെങ്കിലും പുള്ളിക്കാരന്‍ ആലപിച്ചിരിക്കുന്ന കവിതകള്‍ വളരേ നിലവാരം ഉള്ളവയാണ്.

ബിരിയാണിയുടെ പോസ്റ്റില്‍ നിന്നും കവിത ചൊല്ലിക്കേള്‍ക്കാന്‍ ഇഷ്ടപെടുന്നവര്‍ വളരെ ഒണ്ടെന്നു വേണം മനസ്സിലാക്കാന്‍. അക്കണക്കിനു ഇദ്ദേഹത്തിന്‍റെ ബ്ലോഗ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.

കാവ്യനര്‍ത്തകിയും കുടിയനും ചേര്‍ന്നിരുന്നെങ്കില്‍ നമ്മുക്കു കേള്‍ക്കാന്‍ നല്ല കുറച്ചു കവിതകള്‍ കേള്‍ക്കാന്‍ കിട്ടുമായിരുന്നു.