വാര്‍ത്ത
ഇന്നു രാവിലെ ഗള്‍ഫിലെ ഒരു എഫ്.എം റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള വാര്‍ത്താബുള്ളറ്റിനില്‍ കേട്ട വരികള്‍: ‘കേരളത്തില്‍ ആദ്യം കോഴിപ്പനി പടര്‍ന്നു, എല്ലാവരും കോഴിയിറച്ചി ഉപേക്ഷിച്ചു മാട്ടിറച്ചി വാങ്ങുവാന്‍ തുടങ്ങി. ആന്ത്രാക്സിനെ കുറിച്ചുള്ള ഭീതി പടര്‍ന്നപ്പോള്‍ മാട്ടിറച്ചി ഉപേക്ഷിച്ചു ജനം കോഴിയിറച്ചിയിലേയ്ക്കു മടങ്ങി. അപ്പോഴതാ ചിക്കണ്‍ ഗുനിയയും!’
ചിക്കണും ചിക്കുന്‍ഗുന്യയും തമ്മിലെന്തു ബന്ധം?
ചിക്കുന്‍ഗുന്യ എന്ന നാമം ആഫ്രിക്കയിലെ മക്കോണ്ടേ വംശജരുടെ മക്കോണ്ടേ ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞതാണു്, ആ ഭാഷയില്‍ ഈ വാക്ക് അര്‍ഥമാക്കുന്നതു് ‘വളഞ്ഞുനിലക്കുന്നതു്’ എന്നാണു്. ചിക്കുന്‍ഗുന്യ വൈറസ് ബാധയാല്‍ മനുഷ്യരില്‍ കണ്ടേയ്ക്കാവുന്ന വാതസമാനമായ രോഗലക്ഷണങ്ങളില്‍ നിന്നാണു് ഈ പേര്‍ ഉത്ഭവിച്ചിരിക്കുന്നതു്. ചിക്കുന്‍ഗുന്യ എന്ന നാമം പലപ്പോഴും ചിക്കണ്‍ ഗുനിയ എന്ന ഉച്ചരിക്കപ്പെടുന്നതു കാരണം കോഴി/കോഴിയിറച്ചി സംബന്ധിയായ ഏതോ രോഗമാണെന്നു പലരും കരുതിപ്പോരുന്നു.
ചിക്കുന്‍ഗുന്യ എന്ന പകര്‍ച്ചവ്യാധി
ആല്‍ഫാവൈറസ് എന്ന ജനുസ്സില്‍ പെടുന്ന ചിക്കുന്‍ഗുന്യ വൈറസ് മനുഷ്യരില്‍ ബാധിക്കുന്നതു മൂലമുണ്ടാകുന്ന ജ്വരവും സന്ധിവേദനയുമാണു (arthralgia) ചിക്കുന്‍ഗുന്യ എന്ന രോഗനാമത്താല്‍ വിശേഷിപ്പിക്കപ്പെടുന്നതു്. ഈ വൈറസ് വാഹകരാകട്ടെ കൊതുകുകളും. Aedes aegypti എന്ന കുപ്രസിദ്ധ കൊതുകുവംശത്തിന്റെ കടിയിലൂടെ പകരാവുന്ന ഒരു രോഗമാണു ചിക്കുന്‍ഗുന്യയും (ഈ കൊതുകു പരത്തുന്ന മറ്റു രോഗങ്ങള്‍ ഡെങ്കിപ്പനി, യെല്ലോഫീവര്‍ എന്നിവയാണു്). ഈയടുത്തു പാരീസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന ചില ഗവേഷണങ്ങള്‍ ചിക്കുന്‍ഗുന്യ വൈറസിനു ചില മ്യൂട്ടേഷനുകള്‍ സംഭവിച്ചെന്നും ഇതുമൂലം ഇവയ്ക്കിപ്പോള്‍ ഏഷ്യയിലെ തീരദേശങ്ങളില്‍ കാണപ്പെടുന്ന ഏഷ്യന്‍ ടൈഗര്‍ കൊതുകുകള്‍ (Aedes Albopictus) എന്ന വംശത്തിലൂടെ പകരാനാകുന്നുണ്ടെന്നും കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരദേശങ്ങളിലും മെഡിറ്ററേനിയന്‍ തീരത്തും ചിക്കുന്‍ഗുന്യ പടരുവാനുള്ള കാരണമായി ശാസ്ത്രജ്ഞര്‍ കരുതുന്നതും പ്രസ്തുത വൈറസ്സിനു സംഭവിച്ചിരിക്കുന്ന ഈ മ്യൂട്ടേഷന്‍ തന്നെയാണു്. ഇതെഴുതുമ്പോള്‍ കേരളതീരത്തു തന്നെ ചിക്കുന്‍ഗുന്യ ബാധിച്ചു മരിച്ചവരുടെ എണ്ണം 61 ആയിരിക്കുന്നു.
രോഗവും രോഗലക്ഷണങ്ങളും
ചിക്കന്‍ഗുന്യ മാരകമായ ഒരു അസുഖമല്ല, എങ്കിലും 2005-06 -ല്‍ ഇന്ത്യയിലെ പലപ്രദേശത്തും ചിക്കുന്‍ഗുന്യ ബാധയാല്‍ മരണം സംഭവിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രാജസ്ഥാനില്‍ സെപ്റ്റംബര്‍ 2006 വെള്ളപ്പൊക്കം ബാധിച്ച ചില ജില്ലകളിലും ചിക്കുന്‍ഗുന്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍: 39 ഡിഗ്രി സെല്‍ഷ്യസ് (102.2 F) വരെ വളര്‍ന്നേക്കാവുന്ന ജ്വരം, മണ്ണന്‍ (അഞ്ചാംപനി) ബാധിക്കുമ്പോള്‍ കണ്ടുവരുന്ന തരത്തിലുള്ള കുരുക്കള്‍ (maculopapular rashes), സന്ധികള്‍ക്കു ബലക്ഷയം വരുത്തുന്ന സന്ധിവേദന, ഫോട്ടോഫോബിയ (പ്രകാശമുള്ള സ്ഥലങ്ങളോടുള്ള പേടി) എന്നിവയാണു്. ഇന്ത്യയില്‍ ഈ അസുഖം പടര്‍ന്നുപിടിച്ച സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം രോഗികളില്‍ കലശലായ തലവേദനയും, നിദ്രാഹാനിയും, തളര്‍ച്ചയും കണ്ടുവരുന്നു.
പ്രതിരോധവിധികള്‍
ചിക്കുന്‍ഗുന്യ വൈറസ് ബാധയ്ക്കു പ്രത്യേകം ചികിത്സകളൊന്നും പ്രതിപാദിക്കപ്പെട്ടിട്ടില്ല. വൈറസ് ബാധ നിര്‍ണ്ണയിക്കുന്നതിനു ബ്ലഡ് സെറം ടെസ്റ്റ് ഉപയോഗിക്കുന്നു. രോഗാവസ്ഥയെ നേരിടുന്നതിനും വൈറസ് ബാധ ചെറുക്കുന്നതിനും Chloroquine (മലേറിയയ്ക്കെതിരെയുള്ള ഔഷധം) ഉപയോഗിക്കുന്നുണ്ടു്, വേദനാസംഹാരിയെന്ന നിലയില്‍ ആസ്പിരിനും ഉപയോഗിക്കപ്പെടുന്നു. രോഗബാധിതര്‍ കൊതുകുകളുടെ കടിയേല്‍ക്കാതെ പരിപാലിക്കപ്പെടുന്നതു വൈറസ് പകര്‍ച്ച നേരിടുന്നതിനു ഫലപ്രദമായേക്കും. രോഗത്തിന്റെ വാതസമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന രോഗപീഡയ്ക്കു ശമനമായി മിതമായ തോതില്‍ സന്ധിബന്ധങ്ങള്‍ ഇളക്കിക്കൊണ്ടുള്ള വ്യായാമങ്ങളും ആരോഗ്യരംഗത്തെ വൈജ്ഞാനികര്‍ നിഷ്കര്‍ക്കുന്നു.
ചിക്കുന്‍ഗുന്യയും ആവാസവ്യവസ്ഥിതിയും
ചിക്കുന്‍ഗുന്യ കൊതുകുകളിലൂടെ പകരുന്ന രോഗമായതിനാല്‍ ആവാസവ്യവസ്ഥിതിയിലെ ശുചിത്വമാണു് രോഗം പടരുന്നതു തടയുവാന്‍ അവശ്യമായ മുന്‍കരുതല്‍. കെട്ടിനില്‍ക്കുന്ന ജലം ഒഴിഞ്ഞുപോകുവാന്‍ അവസരമുണ്ടാക്കുക, കൊതുകുകടിയേല്‍ക്കാത്ത വിധത്തില്‍ വസ്ത്രംധരിക്കുക (കൊച്ചിയില്‍ ഒരു ഹെല്‍മറ്റും ആവാം) എന്നിവ ഗുണം വരുത്തും.
Tuesday, October 03, 2006
Subscribe to:
Posts (Atom)