Tuesday, October 03, 2006

ചിക്കണും ചിക്കുന്‍‌ഗുന്യയും

വാര്‍ത്ത
ഇന്നു രാവിലെ ഗള്‍ഫിലെ ഒരു എഫ്.എം റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള വാര്‍ത്താബുള്ളറ്റിനില്‍ കേട്ട വരികള്‍: ‘കേരളത്തില്‍ ആദ്യം കോഴിപ്പനി പടര്‍ന്നു, എല്ലാവരും കോഴിയിറച്ചി ഉപേക്ഷിച്ചു മാട്ടിറച്ചി വാങ്ങുവാന്‍ തുടങ്ങി. ആന്ത്രാക്സിനെ കുറിച്ചുള്ള ഭീതി പടര്‍ന്നപ്പോള്‍ മാട്ടിറച്ചി ഉപേക്ഷിച്ചു ജനം കോഴിയിറച്ചിയിലേയ്ക്കു മടങ്ങി. അപ്പോഴതാ ചിക്കണ്‍ ഗുനിയയും!’

ചിക്കണും ചിക്കുന്‍‌ഗുന്യയും തമ്മിലെന്തു ബന്ധം?
ചിക്കുന്‍‌ഗുന്യ എന്ന നാമം ആഫ്രിക്കയിലെ മക്കോണ്ടേ വംശജരുടെ മക്കോണ്ടേ ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞതാണു്, ആ ഭാഷയില്‍ ഈ വാക്ക് അര്‍ഥമാക്കുന്നതു് ‘വളഞ്ഞുനിലക്കുന്നതു്’ എന്നാണു്. ചിക്കുന്‍‌ഗുന്യ വൈറസ് ബാധയാല്‍ മനുഷ്യരില്‍ കണ്ടേയ്ക്കാവുന്ന വാതസമാനമാ‍യ രോഗലക്ഷണങ്ങളില്‍ നിന്നാണു് ഈ പേര്‍ ഉത്ഭവിച്ചിരിക്കുന്നതു്. ചിക്കുന്‍‌ഗുന്യ എന്ന നാമം പലപ്പോഴും ചിക്കണ്‍ ഗുനിയ എന്ന ഉച്ചരിക്കപ്പെടുന്നതു കാരണം കോഴി/കോഴിയിറച്ചി സംബന്ധിയായ ഏതോ രോഗമാണെന്നു പലരും കരുതിപ്പോരുന്നു.

ചിക്കുന്‍‌ഗുന്യ എന്ന പകര്‍ച്ചവ്യാധി
ആല്‍ഫാവൈറസ് എന്ന ജനുസ്സില്‍ പെടുന്ന ചിക്കുന്‍‌ഗുന്യ വൈറസ് മനുഷ്യരില്‍ ബാധിക്കുന്നതു മൂലമുണ്ടാകുന്ന ജ്വരവും സന്ധിവേദനയുമാണു (arthralgia) ചിക്കുന്‍‌ഗുന്യ എന്ന രോഗനാമത്താല്‍ വിശേഷിപ്പിക്കപ്പെടുന്നതു്. ഈ വൈറസ് വാഹകരാകട്ടെ കൊതുകുകളും. Aedes aegypti എന്ന കുപ്രസിദ്ധ കൊതുകുവംശത്തിന്റെ കടിയിലൂടെ പകരാവുന്ന ഒരു രോഗമാണു ചിക്കുന്‍‌ഗുന്യയും (ഈ കൊതുകു പരത്തുന്ന മറ്റു രോഗങ്ങള്‍ ഡെങ്കിപ്പനി, യെല്ലോഫീവര്‍ എന്നിവയാണു്). ഈയടുത്തു പാരീസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന ചില ഗവേഷണങ്ങള്‍ ചിക്കുന്‍‌ഗുന്യ വൈറസിനു ചില മ്യൂട്ടേഷനുകള്‍ സംഭവിച്ചെന്നും ഇതുമൂലം ഇവയ്ക്കിപ്പോള്‍ ഏഷ്യയിലെ തീരദേശങ്ങളില്‍ കാണപ്പെടുന്ന ഏഷ്യന്‍ ടൈഗര്‍ കൊതുകുകള്‍ (Aedes Albopictus) എന്ന വംശത്തിലൂടെ പകരാനാകുന്നുണ്ടെന്നും കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരദേശങ്ങളിലും മെഡിറ്ററേനിയന്‍ തീരത്തും ചിക്കുന്‍‌ഗുന്യ പടരുവാനുള്ള കാരണമായി ശാസ്ത്രജ്ഞര്‍ കരുതുന്നതും പ്രസ്തുത വൈറസ്സിനു സംഭവിച്ചിരിക്കുന്ന ഈ മ്യൂട്ടേഷന്‍ തന്നെയാണു്. ഇതെഴുതുമ്പോള്‍ കേരളതീരത്തു തന്നെ ചിക്കുന്‍‌ഗുന്യ ബാധിച്ചു മരിച്ചവരുടെ എണ്ണം 61 ആയിരിക്കുന്നു.

രോഗവും രോഗലക്ഷണങ്ങളും
ചിക്കന്‍‌ഗുന്യ മാരകമായ ഒരു അസുഖമല്ല, എങ്കിലും 2005-06 -ല്‍ ഇന്ത്യയിലെ പലപ്രദേശത്തും ചിക്കുന്‍‌ഗുന്യ ബാധയാല്‍ മരണം സംഭവിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രാജസ്ഥാനില്‍ സെപ്റ്റംബര്‍ 2006 വെള്ളപ്പൊക്കം ബാധിച്ച ചില ജില്ലകളിലും ചിക്കുന്‍‌ഗുന്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍:‍ 39 ഡിഗ്രി സെല്‍‌ഷ്യസ് (102.2 F) വരെ വളര്‍ന്നേക്കാവുന്ന ജ്വരം, മണ്ണന്‍ (അഞ്ചാം‌പനി) ബാധിക്കുമ്പോള്‍ കണ്ടുവരുന്ന തരത്തിലുള്ള കുരുക്കള്‍ (maculopapular rashes), സന്ധികള്‍ക്കു ബലക്ഷയം വരുത്തുന്ന സന്ധിവേദന, ഫോട്ടോഫോബിയ (പ്രകാശമുള്ള സ്ഥലങ്ങളോടുള്ള പേടി) എന്നിവയാണു്. ഇന്ത്യയില്‍ ഈ അസുഖം പടര്‍ന്നുപിടിച്ച സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം രോഗികളില്‍ കലശലായ തലവേദനയും, നിദ്രാഹാനിയും, തളര്‍ച്ചയും കണ്ടുവരുന്നു.

പ്രതിരോധവിധികള്‍
ചിക്കുന്‍‌ഗുന്യ വൈറസ് ബാധയ്ക്കു പ്രത്യേകം ചികിത്സകളൊന്നും പ്രതിപാദിക്കപ്പെട്ടിട്ടില്ല. വൈറസ് ബാധ നിര്‍ണ്ണയിക്കുന്നതിനു ബ്ലഡ് സെറം ടെസ്റ്റ് ഉപയോഗിക്കുന്നു. രോഗാവസ്ഥയെ നേരിടുന്നതിനും വൈറസ് ബാധ ചെറുക്കുന്നതിനും Chloroquine (മലേറിയയ്ക്കെതിരെയുള്ള ഔഷധം) ഉപയോഗിക്കുന്നുണ്ടു്, വേദനാസംഹാരിയെന്ന നിലയില്‍ ആസ്പിരിനും ഉപയോഗിക്കപ്പെടുന്നു. രോഗബാധിതര്‍ കൊതുകുകളുടെ കടിയേല്‍ക്കാതെ പരിപാലിക്കപ്പെടുന്നതു വൈറസ് പകര്‍ച്ച നേരിടുന്നതിനു ഫലപ്രദമായേക്കും. രോഗത്തിന്റെ വാതസമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന രോഗപീഡയ്ക്കു ശമനമായി മിതമായ തോതില്‍ സന്ധിബന്ധങ്ങള്‍ ഇളക്കിക്കൊണ്ടുള്ള വ്യായാമങ്ങളും ആരോഗ്യരംഗത്തെ വൈജ്ഞാനികര്‍ നിഷ്കര്‍ക്കുന്നു.

ചിക്കുന്‍‌ഗുന്യയും ആവാസവ്യവസ്ഥിതിയും
ചിക്കുന്‍‌ഗുന്യ കൊതുകുകളിലൂടെ പകരുന്ന രോഗമായതിനാല്‍ ആവാസവ്യവസ്ഥിതിയിലെ ശുചിത്വമാണു് രോഗം പടരുന്നതു തടയുവാന്‍ അവശ്യമായ മുന്‍‌കരുതല്‍. കെട്ടിനില്‍ക്കുന്ന ജലം ഒഴിഞ്ഞുപോകുവാന്‍ അവസരമുണ്ടാക്കുക, കൊതുകുകടിയേല്‍ക്കാത്ത വിധത്തില്‍ വസ്ത്രംധരിക്കുക (കൊച്ചിയില്‍ ഒരു ഹെല്‍മറ്റും ആവാം) എന്നിവ ഗുണം വരുത്തും.

36 comments:

രാജ് said...

ചിക്കുന്‍‌ഗുന്യ കൊതുകുകളിലൂടെ പകരുന്ന രോഗമായതിനാല്‍ ആവാസവ്യവസ്ഥിതിയിലെ ശുചിത്വമാണു് രോഗം പടരുന്നതു തടയുവാന്‍ അവശ്യമായ മുന്‍‌കരുതല്‍. കെട്ടിനില്‍ക്കുന്ന ജലം ഒഴിഞ്ഞുപോകുവാന്‍ അവസരമുണ്ടാക്കുക, കൊതുകുകടിയേല്‍ക്കാത്ത വിധത്തില്‍ വസ്ത്രംധരിക്കുക (കൊച്ചിയില്‍ ഒരു ഹെല്‍മറ്റും ആവാം) എന്നിവ ഗുണം വരുത്തും.

ദേവന്‍ said...

ബിംഗോ. ചിക്കുന്‍ ഗുനിയ (പറഞ്ഞു പറഞ്ഞ്‌ സായിപ്പ്‌ ചിക്കന്‍ ഗയാന വരെ ആക്കി അതിനെ. പക്ഷേ എഫ്‌ എം കാരന്‍ അതിനെ ചിക്കന്‍ മജ്‌ബൂരി ആക്കിയത്‌ കലക്കി രാജേ.)യെപറ്റി എഴുതിക്കൊണ്ടിരിക്കുക്കയായിരുന്നു ഞാനും.

അഡെസ്‌ കുലത്തിലെ കൊതുകുകള്‍ ഉണ്ടാകാന്‍ ഫ്ലഡ്‌ വാട്ടര്‍ (ഒഴുകി വന്ന മലിനജലം ഒഴുകാനാവാതെ കെട്ടിക്കിടക്കല്‍) അത്യാവശ്യമാണ്‌. ഇക്കാരണത്താല്‍ മറ്റു വര്‍ഗ്ഗ കൊതുകളെ അപേക്ഷിച്ച്‌ ഇതിന്റെ നിവാരണം എളുപ്പവുമാണ്‌, നഗരത്തിലെ ഓടകള്‍ ഒക്കെ ഒന്നു തുറന്നു വിട്ടാല്‍ മതി ഒട്ടുമുക്കാലും നശിക്കും..

കണ്ണൂരാന്‍ - KANNURAN said...

നമ്മുടെ ആരോഗ്യവകുപ്പ് മേലാളര്‍ ഇതു വായിച്ചെങ്കില്‍....

Durga said...

ഹിഹി.... എന്റെ വീട്ടില്‍ വന്നു താമസിച്ചു പണിയെടുക്കുന്ന രണ്ട് ഒറീസ്സക്കാര്‍ സിറ്റൌട്ടില്‍ കമ്പികള്‍ വളച്ചു വെച്ചു കഷ്ടപ്പെട്ട് കൊതുകുവലയൊക്കെ ഇട്ടാണ് കിടക്കുന്നത്- കൊച്ചിയില്‍ നിന്നു പത്തുനാല്പതു കിലോമീറ്റര്‍ ദൂരെയാണെങ്കിലും.

കൊള്ളാം പെരിങ്ങോടാ! പ്രസക്തമായ ഒന്ന്.
(തൊപ്പി മാറ്റുന്നു.)

Anonymous said...

ചിക്കന്‍ ഗുനിയയെ കുറിച്ച് ഒരു ചെറുഅന്വേഷണം തന്നെ നടത്തിട്ടുണ്ട് ഞാന്‍. പത്രവാര്‍ത്തകള്‍ പറയുന്നത് ഇത് വരെ 55 ഓളം പേര്‍ മരിച്ചുവെന്നാണ്. അവിശ്വനീയമായി തോന്നുന്നു. ചിക്കന്‍ ഗുനിയ മരണകാരണമാകുന്ന രോഗമല്ല. എന്നിട്ടും ഇത്ത്രയേറെ പേര്‍ മരിക്കുന്നതിന്‍റെ കാരണം മനസ്സിലാകുന്നുമില്ല. മരണകാരണമാകത്തക്ക രീതിയില്‍ ചിക്കന്‍ ഗുനിയ അപകടകാരിയല്ല എന്നതാണ് വാസ്തവം. എങ്കില്‍ ഇതെങ്ങനെ സഭവിക്കുന്നു. എനിക്കൊന്നും മനസ്സിലാവുന്നില്ല. മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണോ?

രാജ് said...

കാളിയാ ഈ ലിങ്ക് കൂടിയൊന്നു നോക്കൂ. വാര്‍ത്താശ്രോതസ്സുകളിലേയ്ക്കുള്ള ലിങ്കുകളും ആ ലേഖനത്തിലുണ്ടു്.

ദേവന്‍ said...

കാളിയാ,
ആരോഗ്യമുള്ള ഒരാളിനെ കൊല്ലാന്‍ കഴിയുന്ന രോഗമല്ല ചിക്കുന്‍ ഗുനിയ എന്നാണ്‌ മരണഹേതുവാകാറില്ല എന്ന പ്രസ്താവനകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മറ്റു തരം അവശതകളുള്ളവര്‍ക്ക്‌ ഉന്തിന്റെ മുകളില്‍ തള്ളെന്ന നിലക്ക്‌ ചിക്കുന്‍ ഗുനിയ മാരകമാകുന്നു. കേരളത്തില്‍ മരിച്ചവരുടെ കണക്കെടുത്താല്‍ ഏറെയും വൃദ്ധരാണ്‌.

ചിക്കുന്‍ ഗുനിയക്കു പകരം അതിന്റെ വളരെ സാമ്യമുള്ള റിഫ്റ്റ്‌ വാലി പനി ആയിരുന്നു പൊട്ടിപ്പുറപ്പെട്ടതെങ്കില്‍ ലക്ഷങ്ങള്‍ മരിച്ചേനെ കേരളത്തില്‍, കാരണം ആരോഗ്യമുള്ള ആളിനെ കൊല്ലാന്‍ റിഫ്റ്റ്‌ വാലി വൈറസിനു കരുത്തുണ്ട്‌. ദൈവത്തിനു നന്ദി പറയുക നാം, ഇന്നും ജീവിച്ചിരിക്കുന്നതിന്‌.

[പ്രസാധകന്‍ ഒളിവില്‍. :) ലേഖനം ഒരാഴ്ച്ചക്കകം എത്തിക്കാം]

കേരളീയന്‍ said...

ഇതുപോലെയെത്ര പകര്‍ച്ചവ്യാധികള്‍ പടര്‍ന്നാലും പരിസരശുചിത്വത്തിന്റെ ആവശ്യകതയെപ്പറ്റി മലയാളി ബോധവാനാകുന്ന ലക്ഷണമില്ല. അതവിടെ നില്ക്കട്ടെ. കേരളത്തില്‍ കാണപ്പെട്ട വൈറസ് പ്രാദേശികമായ ഏതെങ്കിലും മാരക മ്യൂട്ടേഷനുകള്‍ക്ക് വിധേയമായിട്ടുണ്ടോ എന്ന് ഇനിയും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കുപ്രസിദ്ധമായ ഈ വൈറസിന്റെ മ്യൂട്ടേഷനുകളെ കണ്ടുപിടിക്കാന്‍ പോയിട്ട്, ഇതിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ പോലുമുള്ള സംവിധാനം കേരളത്തിലില്ല. ഇവിടെ എന്തിനാണ്‍ മെഡിക്കല്‍ കോളേജും, ബയോ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമൊക്കെ നടത്തുന്നത്?

പുള്ളി said...

പെരിങ്ങൊടാ.. അവസരോചിതമായ ലേഖനം ഇതു വായിക്കുന്നതിനു മുന്‍പാണു ആ റേഡിയോ പരിപാടി കേട്ടിരുന്നതെങ്കില്‍ ഞാന്‍ അതു കോഴിവസന്ത പോലെ എന്തോ ആണെന്നു ധരിച്ചേനെ....

Radheyan said...

സംഗതി ഞാനും കേട്ടു.ഏതായലും ലവന്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ടുമായി അധികം മുന്നോട്ട് പോയില്ല.അല്ലേല്‍ ബാചിലേഴ്സിന്റെ സമീകൃതാഹാരമായ ചിക്കന്‍ ബഹിഷ്കൃതമായേനേ.(ആന്ത്രാക്സ് വാര്‍ത്തയെ തുടര്‍ന്ന് ദുബാ‍യില്‍ ഇന്ത്യന്‍ മട്ടണ്‍ കിട്ടാനില്ല എന്നൊരു വാര്‍ത്ത കേട്ടു)
ഈ കൊതുക് ചേര്‍ത്തലയില്‍ എത്തിയത് തമിഴ്നാട്ടില്‍ നിന്നും കയറുണ്ടാക്കാന്‍ കൊണ്ടുവന്ന ചകിരി ലോഡിന്റെ കൂടെ ആണ് എന്നു പറയുന്നതില്‍ സത്യമുണ്ടോ?

ആലപ്പുഴയുടെ ഒരു ഭൂപ്രകൃതി വെച്ച് കൊതുകു നിര്‍മ്മാര്‍ജനം വചനകൌപീനധാരണം പോലെ അത്ര എളുപ്പമല്ല.ശ്രീമതിയക്ക തോനെ വെള്ളങ്ങള്‍ കുടിക്കും.ചതുപ്പുകളും വെള്ളക്കെട്ടുകളും ധാരാളമുള്ള മേഖലയാണ്.
സര്‍ക്കാര്‍ മെഷ്യനറിയെ കുറ്റം പറഞ്ഞിരിക്കുകയോ പ്രതീക്ഷിരിക്കുകയോ ചെയ്യതെ യൂത്തതില്‍ മൂത്തതായ അനിലണ്ണനും ഡിഫിയുടെ പ്രദീപണ്ണനും അനുയായികളെയും കൂട്ടി ചവറുവാരുകയും ചിരട്ട കമത്തുകയും ഒക്കെ ചെയ്താല്‍ നന്നായേനെ.വല്ല പണിയും ചെയ്യുമ്പോളെങ്കിലും നാക്ക് റെസ്റ്റെടുത്തേനെ എന്ന ഗുണം നാട്ടുകാര്‍ക്ക് വേറെ

അതുല്യ said...

കൊച്ചിയേ കുറിച്ച്‌ മാത്രമേ എനിക്ക്‌ പറയാനറിയൂ.

ഒന്നും ചെയ്യാന്‍ കഴിയില്ല. മുക്കിനുനു മുക്കിനു തട്ടു കടകളും,കുടാതെ ഹോട്ടലുകാര്‍ എക്സെന്‍ഷനെടുത്ത്‌ നടത്തുന്ന ഫാസ്റ്റ്‌ ഫുഡു കൗണ്ടററുകളും, ഒഴുക്കില്ലാതെ മണ്ണ്‍ കുത്തി നിറച്ച സര്‍വ ഓടകളും, കുടി വെള്ളപ്രശ്നം കാരണം ചെടിച്ചെട്ടികളില്‍ പോലും പ്ലാസ്റ്റിക്‌ വിരിച്ച്‌ വെള്ള ശേഖരണവും ഒക്കെ ഏത്‌ പകര്‍ച്ചവ്യാധിയ്കും ടൂറിസം വാരോഘോഷം പോലയാണു. ചിക്കന്‍ ഗുനിയ ചിലപ്പോ ഒരു കാലാവധികഴിഞ്ഞ ഇല്ലാണ്ടാവും, പകരം കോളറ മാറി ക്യാന്‍സര്‍ വന്ന അവസ്ഥയില്‍ മറ്റൊന്ന് വരും.

രാധെയന്‍ പറഞ്ഞതാണെനിക്കും പറയാനുള്ളത്‌, മുന്‍സിപ്പാലിറ്റികളെ കാത്തിരിയ്കാതെ, ആരോഗ്യ ശ്രീമതിയുടെ ഉത്തരവ്‌ കാക്കാതെ, (15 പ്രതിരോധ കിറ്റുകള്‍ അടിയന്തരമായി എത്തിച്ചു പോലും!) പൊതുജനങ്ങളും, പാര്‍ട്ടി വ്യക്താക്കളും ഗ്രൂപ്പായി തിരിഞ്ഞ്‌ ഒരു മാസം ബാധിത പ്രദേശനങ്ങളില്‍ സേവന വാരം പ്രഖ്യാപിയ്കുക. എല്ലാരും പങ്കാളികളാകുക. മരണം അവരവരുടെ തോളില്‍ കൈ വയ്കുമ്പോഴുള്ള വേദനയ്ക്‌ കാത്തിരിയ്കാതിരിയ്കുക.

ദേവന്‍ said...

കേരളീയാ,
വൈറല്‍ ഇന്‍ഫക്ഷനു തല്‍ക്കാലം വാക്സിനോ മരുന്നോ ഇല്ലാത്തതിനാല്‍ അേരേയൊന്നും ഗവേഷണം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കേണ്ടാ. സ്പോണ്‍സര്‍ ഇല്ലാതെ രോഗ ഗവേഷണം വലുതായൊന്നും നടക്കാറില്ല. സ്പോണ്‍സര്‍ എന്നു വച്ചാല്‍ മരുന്നുകമ്പനിയുടെ കാശാണു മിക്കപ്പോഴും. ഇനിയിപ്പോ മൈക്രോസോഫ്റ്റോ ജെനെര്റല്‍ ഇലക്ട്രിക്കോ മറ്റോ പിച്ചയെറിഞ്ഞ വല്ല ഫണ്ടുമുണ്ടേല്‍
[ഇപ്പോ വക്കാരി എന്നെ അടിക്കാന്‍ വരും] ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ എന്തോ ചെയ്യുന്നുണ്ട്‌.

മ്യൂട്ടേഷന്‍ ഏറ്റവും ദ്രുതഗതിയില്‍ സംഭ്വിക്കുന്നത്‌ വൈറസുകള്‍ക്കാണ്‌. കേരളത്തില്‍ പടര്‍ന്നത്‌ മ്യൂട്ടേഷന്‍ സംഭവിച്ച്‌ കുറച്ചുകൂടി വേഗം പടരുന്ന ചിക്കുന്‍ ഗുനിയ ആണെന്നാണ്‌ പത്രത്തില്‍ വായിച്ചത്‌. [പത്രം വിശ്വസിച്ചെന്നു പറഞ്ഞാല്‍ ആളുകള്‍ ചിരിക്കും ഇക്കാലത്‌]

രാധേയാ
ചിക്കുന്‍ ഗുനിയ എന്നു ആദ്യം കേട്ടപ്പോല്‍ എന്താണെന്നു മനസ്സിലാകാതെ
കൊതുകു ഗവേഷകരുടെ കുലപതി ആന്‍ഡ്രൂ സ്പീല്‍മാന്‍ മറ്റൊരാളിനൊറ്റ്‌ ചേര്‍ന്ന് എഴുതിയ "മാന്‍'സ്‌ മോസ്റ്റ്‌ പെര്‍സിസ്റ്റന്റ്‌ ആന്‍ഡ്‌ ഡെഡ്ലി ഫോ" എന്ന പുസ്തകം ആമസോണീന്നു വാങ്ങി. മൂപ്പരുടെ കണക്കനുസരിച്ച്‌ കൊതുക്ക്‌ ഒന്നാന്തരം സഞ്ചാരിയാണ്‌, അങ്ങു മെക്സിക്കോയില്‍ നിന്നും വണ്ടിയില്‍ ഒളിച്ചിരുന്നും പറന്നും മുട്ടയിട്ടും ചത്തും തുലഞ്ഞും അവള്‍ പോളില്‍ ചെന്ന് പോളാര്‍ ബെയറിനെ കുത്തും. വിമാനത്തിലും കപ്പലിലും മഹാസമുദ്രങ്ങള്‍ താണ്ടും. അപ്പോളോയില്‍ കയറി
ഇവളുമാര്‍ ശൂന്യാകാശത്തും പോയിട്ടുണ്ട്‌.
ഓ ടോ
ആന്ത്രാക്സ്‌, കുളമ്പു ദീനം, ഭ്രാന്തിപ്പശുരോഗം, ഏവിയന്‍ ഫ്ലൂ, വസന്ത, പന്നിപ്പനി. പക്ഷേ ഭ്രാന്തന്‍ കുമ്പളങ്ങായോ വെള്ളരിക്കാദീനമോ മത്തങ്ങാപ്പനിയോ ഇല്ല.

ലിഡിയ said...

ദെല്‍ഹിയില്‍ മുഴുവന്‍ ഡെങ്കു ഫീവര്‍ റിപ്പൊര്‍ട്ട് ചെയ്യുന്നു,അതിനെ പറ്റിയും ഒന്നെഴുതാമോ?

എനിക്ക് വീട് നന്നാക്കി തരുന്ന ഒരു കുട്ടിയുണ്ട്,അവള്‍ക്ക് പനിപിടീച്ചു,എന്നിട്ടും വരുന്നുണ്ട് രാവിലെ,കഷ്ടം തോന്നും,മരുന്ന് വാങ്ങാതിരിക്കുവാ,അതിനേ തികയൂ ഒരു വര്‍ഷത്തെ ശമ്പളം.

:-(

-പാര്‍വതി.

Radheyan said...

കൊതുക് പേടിച്ച് ശൂന്യാകാശ്ത്തു ചെന്നാല്‍
അവിടെയും കേള്‍ക്കുന്നു ശൂ ശൂ
(കൊതുകിന്റ്റെ മ്യൂസിക്ക് ഒരു പ്രാസത്തില്‍ കച്ചിയതാണ്)

asdfasdf asfdasdf said...

പാര്‍വതി അപ്പൊ എഴുത്തു മാത്രേ ഉള്ളൂ ല്യോ.. ആ കുട്ടിയെ ഒന്ന് സഹായിച്ചുകൂടേ..
ചികുന്‍ഗുന്യ ഒരു സീസണല്‍ ഡീസീസാണൊ ?
more on chicunguya http://en.wikipedia.org/wiki/Chikungunya

ദേവന്‍ said...

പാര്‍വതീ
ഡെങ്കിപ്പനിക്കും പ്രത്യേകിച്ച്‌ ചികിത്സയൊന്നുമില്ല, പക്ഷേ ഒരുപാട്‌ ജലം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. വൈറല്‍ ഇമ്യൂണിറ്റി കുറച്ചു ശക്തമാക്കാന്‍ വിറ്റാമിന്‍ സി, കോഡ്‌ ലിവര്‍ ഓയില്‍ (വൈറ്റമിന്‍ എ, ഡി, ഇ) എന്നിവക്ക്‌ കഴിയും, പക്ഷേ മരുന്നിനും പൈസയില്ലാത്തവര്‍ക്ക്‌ ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത്‌ റൊട്ടിയില്ലെങ്കില്‍ കേക്ക്‌ കഴിക്കാന്‍ രാജ്ഞി പറഞ്ഞതുപോലെ അല്ലേ.

ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി എന്നിവ രണ്ടും അഡെസ്‌ കൊതുകുകള്‍ (മിക്കവാറും അഡെസ്‌ ഈജിപ്റ്റി കൊതുക്‌) ആണൂ പരത്തുന്നത്‌. ഇവ കര്‍ശ്ശനമായും സൂര്യോദയത്തിലും സൂര്യാസ്തമനത്തിലും മാത്രം ഇര തേടുന്നവയാണ്‌. അതിനാല്‍ ഡെങ്കി, ചിക്കന്‍ ഗുനിയ എന്നീ പനികളുടെ ഭീഷണിയുള്ളപ്പോള്‍ രാവിലെയും വൈകുന്നേരവും യാത്ര ഒഴിവാക്കുന്നതും കൊതുകിന്റെ കടിയേല്‍ക്കാതെ നോക്കുന്നതും വളരെ വലിയ തോതില്‍ സംരക്ഷണം തരും. ഇക്കാര്യം ഡോക്റ്റര്‍മാര്‍ പോലും പറഞ്ഞു കേള്‍ക്കുന്നില്ല.. ആശ്ചര്യം തന്നെ.

ഡെങ്കി മൂര്‍ഛിച്ചാല്‍ മരണം വരെ സംഭവിക്കാം, ആ സ്ത്രീ പൂര്‍ണ്ണമായി വിശ്രമിക്കാന്‍ പറയു. ശരീരം അതിന്റെ എല്ലാ റിസോര്‍സും രോഗപ്രതിരോധത്തിനെടുത്തോട്ടെ
മേനോനേ ലിങ്ക്‌ വായിച്ചില്ല, ചി. ഗു, പെരെനിയലും സീസണലും ഉണ്ട്‌. ഒരിക്കല്‍ വന്നാല്‍ വളരെക്കാലം ഇമ്യൂണിറ്റി ഉണ്ടാകുമെന്നതിനാല്‍ വന്നവര്‍ക്ക്‌ വീണ്ടും വരാന്‍ (സ്വഭാവം മൊത്തതില്‍ മ്യൂട്ടേറ്റ്‌ ചെയ്ത വൈറസ്‌ ജനിച്ചില്ലെങ്കില്‍) സാദ്ധ്യതതും കുറവാണ്‌

ലിഡിയ said...

അയ്യോ മേന്ന്യനേ..ഞാന്‍ എന്താ ചെയ്യണ്ടേ..ഞാന്‍ പനി തുടങ്ങീന്ന് പറഞ്ഞതേ കയ്യിലുണ്ടായിരുന്ന പാരസിറ്റാമോള്‍ കൊടുത്തു..പിന്നെ കഴിഞ്ഞ 3-4 ദിവസം ചുട്ടിയായിരുന്നു.പിന്നെ ഞാന്‍ എവിറ്റെയോ വായിച്ചു ഈതോ പനിക്ക് അനാസിന്‍ കഴിക്കരുത്,അത് കേടാണെന്ന്..(ഏതാന്നൊന്നും ഓര്‍മ്മയില്ല)..

അത് കൊണ്ടാണ് പേടി,കൊതുക് കടിക്കരുത്,ചൂട് വള്ളമേ കുടിക്കാവൂന്നൊക്കെ ചേരീല് താമസിക്കുന്ന അവളോട് പറഞ്ഞാല്‍ അത് ക്രൂരമായ ഫലിതമാവും.

ഞാന്‍ അതിനെ പറ്റി കൂടുതല്‍ വിവരം അറിയാനായാണ് ചോദിച്ചത്,ഇവിടെ അപ്പോളോയില്‍ 4-5 മരണം ആയീന്ന് പറയുന്നു,ഡെങ്കു കാരണം.

ആരെങ്കിലും എഴുതി ഇട് കേട്ടൊ..

-പാര്‍വതി.

ശാലിനി said...

പെരിങ്ങോടാ, ലേഖനം അവസരോചിതമായി. നന്നായി വിശദീകരിച്ചിരിക്കുന്നു.

ചില നേരത്ത്.. said...

അവസരോചിതമായ ലേഖനം.
ഇന്നലെ ചിക്കന്‍ ഫ്രൈ കഴിച്ചോണ്ടിരിക്കുമ്പോള്‍ റൂമിലൊരുത്തന്‍ ചിക്കന്‍ ഗുനിയയെ പറ്റി പറഞ്ഞോണ്ടിരുന്നു. ചിക്കുന്‍ ഗുനിയയാണെന്നും ചിക്കനുമായി ബന്ധമില്ലാ എന്നും അറിയുന്നത് കൊണ്ട്, അവനെ സംസാരത്തില്‍ ബന്ധിപ്പിക്കാനും എനിക്ക് സുഖമമായി ചിക്കന്‍ കഴിക്കാനുമായി.
കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ (കുളം,ഒഴുക്ക് നിലച്ച തോടുകള്‍) എന്നിവയില്‍ കൊതുകു കൂത്താടികളെ തിന്നുന്ന ചെറിയ തരം മത്സ്യത്തെ (ഗപ്പിയെന്നോ മറ്റോ ആയിരുന്നു പേര്‍) വളര്‍ത്തിയാല്‍ മതിയെന്നൊരു ഉപദേശം വായിച്ചിരുന്നു. അസ്തമയ സമയത്ത് കുന്തിരിക്കം പുകയ്ക്കുന്നതും കൊതുകുകളെ തുരത്താന്‍ സഹായിക്കും.

Unknown said...

പെരിങ്സ്,
ആര് പറഞ്ഞു ബന്ധമില്ലെന്ന്? കടലയും കടലാടിയും തമ്മില്‍ നിലനില്‍ക്കുന്നതായി പറയപ്പെടുന്ന ആ ബന്ധം തന്നെയല്ലേ കോഴിയിറച്ചിയും ചിക്കുന്‍ ഗുന്യയും തമ്മിലുള്ളത് എന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. :-)

(ഓടോ: എന്റെ അമ്മയോട് ചോദിച്ചാല്‍ കറക്റ്റ് റിലേഷന്‍ അറിയാം. ആ കുവൈറ്റിലെ ഗൌതമേട്ടന്‍ എന്നൊക്കെ പറഞ്ഞാല്‍ അപ്പൊ നിന്റെ അഛന്‍ വഴീ അമ്മായിയുടെ മകന്‍ എന്നൊക്കെ ബന്ധം കണ്ടു പിടിക്കും അമ്മ.)

ഉത്സവം : Ulsavam said...

44000 പേര്‍ ആശുപത്രിയില്‍ എന്നു കൌമുദി പറയുന്നു. ജനങ്ങള്‍ നാടു വിട്ടു പോകുന്നുവത്രേ...
(സത്യാമാണോ ഈശ്വരാ..)
നമ്മുടെ നാട്ടില്‍ ഒന്നും വരില്ലാ എന്ന് വിശ്വസിച്ചു ഇരിക്കുന്നതിന്റെ ഫലം അല്ലാതെന്താ.

രണ്ടു കക്ഷികള്‍ക്കും ഇതു വരെ തമ്മിത്തല്ലാനല്ലതെ ഒരു കൊതുകിനെ എങ്കിലും അടിച്ചു കൊല്ലാന്‍ സാധിച്ചോ..?

കൊച്ചിയില്‍ ഇപ്പറഞ്ഞ വേഷം ഒന്നും മതിയകില്ലാ പെരിങ്ങോടരേ, സ്പൈഡറ്മാന്‍ ധരിക്കുന്ന പോലത്തെ കൊതുകിന്റെ കൊമ്പ് കേറാത്ത ഫുള്ള്സ്യുട്ട് (ഡബ്ബിള്‍ ലെയറ്) വേണം.


ജനങ്ങള്‍ നാടു വിട്ടു പോകുന്നുവെന്നു പറയുന്നു ഇവരൊക്കെ എവിടെ വരെ പോകും...ചത്താലും വേണ്ടില്ല ചവറു വാരാനും, കൊതുകിനെ കൊല്ലാനും ഞങ്ങളെ കിട്ടില്ലാ... അതു തന്നെ കുഴപ്പം...

ഗാന്ധി ജയന്തിയല്ലേ സേവനവാരം പൊടിപൊടിക്കട്ടെ..

കേരളീയന്‍ said...

ദേവാ,
ഈ രോഗത്തിനു വാക്സിനില്ല എന്നതു നേര് തന്നെ. 2000-ല്‍ ലോകാരോഗ്യസംഘടനക്ക് ഇതിനുള്ള ഫണ്ട് തീര്‍ന്നത്രേ. ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് ഇതു വരെ തിരിച്ചറിയാനാകാത്ത, മാരകമായ എന്തെങ്കിലും മ്യൂട്ടേഷന്‍ ഈ വൈറസിന്‍ കേരളത്തില്‍ സംഭവിച്ചിട്ടൂണ്ടൊ എന്നു തിരിച്ചറിയണമെന്നാണ്‍. (മറ്റൊരിടത്തും ഇതു പോലെ മരണങ്ങള്‍ റിപ്പോര്‍ട് ചെയ്തിട്ടില്ല.)അതിനുള്ള റ്റെക്‍നോളജി ലഭ്യമാണ്‍(RNA mapping). ഇന്റര്‍നെറ്റില്‍ വാങ്ങാന്‍ കിട്ടുന്ന ചിക്കുന്‍‌ഗുന്യ ഡിറ്റക്ഷന്‍ കിറ്റ് പോലുമില്ലാതെ നമ്മുടെ ഡോക്റ്റര്‍മാര്‍ ഇരുട്ടില്‍ തപ്പുകയല്ലേ?

sreeni sreedharan said...

ചത്താലും വേണ്ടില്ല ചവറു വാരാനും, കൊതുകിനെ കൊല്ലാനും ഞങ്ങളെ കിട്ടില്ലാ... അതു തന്നെ കുഴപ്പം...
അങ്ങിനെയല്ലാ ഉത്സവം...
നിന്ന് തിരിയാന്‍ ഇടമില്ലാതായിട്ടുണ്ട് കൊച്ചിയില്‍, മിക്കവരുടേയും വീടുകള്‍ക്ക് ചുറ്റുമുള്ള മുറ്റവും മറ്റും കോണ്‍ക്രീറ്റ് ചെയ്തു വച്ചേക്കുവാ..
ചവറ് കുഴിച്ചിടാന്‍ പറ്റില്ലാ
ആളികള്‍ കാണകളില്‍ അവരവരെ കൊണ്ട് സാധിക്കുന്നത്ചെയ്യുന്നുണ്ട് കൊതികിന്‍റെ ശല്യം ഇല്ലാതാക്കാന്‍.
മിക്കവാറും റസിഡന്‍സ് അസ്സോസിയേഷനുകളും വെയ്സ്റ്റ് മാനേജ്മെന്‍റ് ഇപ്പോള്‍ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. പിന്നെ ചികുന്‍ ഗുനിയ പരത്തുന്ന കൊതുകിന് വെറും പതിനഞ്ച് മില്ലി ലിറ്റര്‍ ശുദ്ധജലം മതി അടുത്ത ജനറേഷനെ ഉണ്ടാക്കാന്‍,അതായത് ഒരു മഴ പെയ്താല്‍ മരത്തിന്‍റെയോ, ചേമ്പിലയുടെയൊ ഇടയില്‍ തങ്ങി നില്‍ക്കുന്ന സ്വല്പം ജലം മതി എന്നര്‍ത്ഥം. അതിന്‍റെ മുട്ട മുപ്പത് ദിവസത്തിലധികം കേടുകൂടാതെ നില്‍ക്കും(വെള്ളവും വേണ്ടാ)

പിന്നെ മുന്‍സിപാലിറ്റിയും, കോര്‍പ്പറേഷനും കരം പിരിക്കാന്‍ മാത്രമാണോ ശുഷ്കാന്തി കാണിക്കേണ്ടത്??

എവിടെയോ വായിച്ചു, വെറും ഇരുപതു ലക്ഷത്തില്‍ താഴെ രൂപ മതി കൊച്ചിയില്ലെ കൊതുകിനെ ഇല്ലായ്മചെയ്യാന്‍, പക്ഷേ അത് എങ്ങിനെ നടക്കും? (ഇവിടെ ഓരൊ ദിവസവും നടക്കുന്നത് കോടികളുടെ കൊതുകുതിരി ബിസിനസ്സാണ്...യേത്??)

അനംഗാരി said...

പെരിങ്ങോടാ ലേഖനം നന്ന്. ചേര്‍ത്തലയില്‍ ആണ് മരണം കുടുതല്‍. കാരണം അവിടം കൊതുകുകളുടെ ഒരു കേന്ദ്രം ആണെന്നതുതന്നെ.

Anonymous said...

പെരിങ്ങ്സിന് മനസ്സു വായിക്കാന്‍ കഴിവുണ്ടോ ഞാന്‍ ദേവേട്ടനോട് ഇതിനെക്കുറിച്ച് എഴുതാന്‍ പറയണമെന്ന് വിചാരിച്ചിട്ട് മൂന്നാലു ദിവസായി.

വളരെ നല്ല അവസരോചിതമായ (അമ്മേ!)ലേഖനം.

ബിന്ദു said...

ഇന്നലെ ഈ രോഗം ബാധിച്ച് കുറേ പേരു മരിച്ചെന്നും ഗര്‍ഭിണികല്‍ അകലെയുള്ള ബന്ധുവീടുകളിലേക്കു പോവുന്നു എന്നൊക്കെ പത്രത്തില്‍ വായിച്ച് ആകെ ടെന്‍ഷന്‍ അടിച്ചിരിക്കുകയാണ്. എന്തു ചെയ്യാന്‍? ലേഖനം അവസരോചിതം.

ചന്തു said...

തായ് ലന്റില്‍ ഈ പേരില്‍ ഒരു മരമുണ്ടെന്നും,കാറ്റടിക്കുമ്പോള്‍ അതിന്റെ ശിഖരങ്ങള്‍ വളഞ്ഞ് നിലത്തുകുത്തുമെന്നും,അതു പോലെ ഈപനിബാധിച്ചവര്‍ സന്ധിവേദന കാരണം വളയുമെന്നും അതുകൊണ്ടാണ് ഈ പനിയ്ക്കു ചിക്കുന്‍ ഗുനിയ എന്ന് പേര് വന്നത് എന്നു എവിടെയോവായിച്ചു.ശരിയാണോ പെരിങ്സ്?

ദേവന്‍ said...

കേരളീയാ
ചിക്കുന്‍ ഗുനിയ ഉണ്ടോ ഇല്ലയോ എന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആയി തര്‍ക്കം ഇടക്കുണ്ടായിരുന്നു എന്നതിനാലെ തന്നെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍ണ്ണയം ആയിരുന്നു കേരളത്തില്‍ എന്നു തോന്നുന്നു. [ആരോ പറഞ്ഞു, ചിക്കുന്‍ ഗുനിയ ആവില്ല മരണങ്ങള്‍ക്കു കാരണം - causa proxima of the deaths may not be chikungunya itself എന്ന ആരുടെയോ പ്രസ്ഥാവന കേട്ട്‌ അസുഖം ചി ഗു അല്ലയെന്ന് ശ്രീമതി റ്റീച്ചര്‍ തെറ്റിദ്ധരിച്ചതാണെന്ന് .

മ്യൂട്ടേഷന്‍ സംഭവിച്ച വൈറസാണ്‌ തമിഴ്നാട്‌ വഴി കേരളത്തിലെത്തിയതെന്നും പത്രവാര്‍ത്ത കണ്ടതലല്ലതെ എനിക്കറിയില്ല. RNA മാപ്പിംഗ്‌ നടത്താനുള്ള സംവിധാനം ആലപ്പുഴ മെഡിക്കല്‍ കോളേജിനു താഴെ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ്‌ വൈറോളജി ഇന്‍സ്റ്റിറ്റ്യൂറ്റ്‌ ദാദ്രിദ്ര്യത്തില്‍ മൂക്കു മുങ്ങി നില്‍ക്കുന്നതിനാല്‍ 40 ബ്ലഡ്‌ സാമ്പിള്‍ എടുത്ത്‌ ബാംഗ്ലൂരിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനയച്ചെന്നും ആര്‍ എന്‍ ഏ മാപ്പിങ്ങില്‍ 40 പനിബാധിതരില്‍ 9 പേര്‍ക്ക്‌ മാത്രമേ ചിക്കുങ്ങുനിയ വൈറസ്‌ ഉണ്ടായിരുന്നുള്ളു എന്നും മഹാഭൂരിപക്ഷവും വേറെ അസുഖക്കാരായിരുന്നെന്നും കഴിഞ്ഞയാഴ്ച്ച ഹിന്ദു പത്രം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു [വീണ്ടും പത്രത്തെ വിശ്വസിക്കണോ എന്ന വക്കാരിച്ചോദ്യം ഉയരുന്നു]

ഓ ടോ
സ്റ്റേറ്റ്‌ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആലപ്പുഴ കൊതുകു പഠനം
ഏല്‍പ്പിച്ചത്‌ അഞ്ചാറുവര്‍ഷം മുന്നേയാണ്‌. അന്നു തുടങ്ങി ഇന്നു വരെ, ഫണ്ട്‌ വേണം, സ്വന്തമായി ഒരോഫീസും ലാബും വേണം, എന്നിങ്ങനെയുള്ള ആവശ്യങ്ങളുമുരുവിട്ട്‌ ആ സ്ഥാപനം വളരെയൊന്നും ചെയ്യാന്‍ കഴിവില്ലാതെ മെഡിക്കല്‍ കോളീജു വളപ്പില്‍ ഇരിപ്പാണ്‌. [കേരളീയന്‍ പറഞ്ഞതു കേട്ട്‌ biocompare.com ഇല്‍ പോയി 96 വെല്‍ ബ്ലഡ്‌ ആര്‍ എന്‍ അേ മാപ്പിംഗ്‌ കിറ്റിന്റെ വില നോക്കി- 300 ഡോളറില്‍ തുടങ്ങും. തന്ത്രിക്കും മന്ത്രിക്കും സെക്യൂരിക്കു ഒരു ദിവസം ചിലവാകുന്ന പണം മതിയാവും?]

ബിന്ദൂ എല്ലാ വിധ കൊതുകു പനികളും പനികളും പ്രത്യേകിച്ച്‌ ഡെങ്കി, യെല്ലോ ഫീവര്‍, മലമ്പനി, എന്നിവ ഗര്‍ഭസ്ഥ ശിശുവിനു വലിയ ഭീഷണിയാണ്‌ എന്നതിനാല്‍ ഗര്‍ഭിണികള്‍ അസുഖബാധിത പ്രദേശം ഒഴിയാന്‍ കഴിയുമെങ്കില്‍ അതു തന്നെയാണ്‌ നല്ലത്‌.


ചന്തൂ
ഈ വാക്ക്‌ തായ്‌ അല്ല, മക്കോണ്ടെ ഗോത്രഭാഷയിലേതാണെന്ന് രാജിന്റെ ലേഖനത്തില്‍ തന്നെ ഉണ്ട്‌. മുളംങ്കൂട്ടം കാറ്റിലാടി വളയുന്നതിനെ ചിക്കുന്‍ ഗുനിയ എന്ന് മക്കോണ്ടെക്കാര്‍ പറയാറുണ്ടെന്നും എതോ പത്രത്തില്‍ വായിച്ചു, ഇത്‌ ശരിയോ തെറ്റോ, ആ വാക്ക്‌ തായ്‌ അല്ല.

രാജ് said...

ദേവാ, ഒറിജിനല്‍ ചിക്കുന്‍‌ഗുന്യ വൈറസിനു മ്യൂട്ടേഷന്‍ സംഭവിച്ചതു കാരണമാണത്രെ ഈജിപ്തി കൊതുകിനെ കൂടാതെ വൈറസ് കടുവാക്കൊതുവിനെ കൂടി സില്‍ബന്തിയാക്കിയത്. കടുവാക്കൊതു പോപ്പുലര്‍ ആയ സ്ഥലത്തെല്ലാം (ഇന്ത്യന്‍ സമുദ്രതീരത്തും മെഡിറ്ററേനിയന്റെ തീരത്തും) ചിക്കുന്‍‌ഗുന്യ പടരുവാന്‍ കാരണം ഈ മ്യൂട്ടേഷനാകുമെന്നാണു വൈജ്ഞാനികരുടെ നിരീക്ഷണം. അതിനുശേഷം തമിഴ്‌നാട്ടില്‍ വച്ചെന്തെങ്കിലും വേറെ മ്യൂട്ടേഷന്‍ നടന്നുവോ ആവോ!

(ഏതോ തലതിരിഞ്ഞ കടുവാക്കൊതു ഈജിപ്തി കൊതുകിനോട് കൂട്ടുകൂടാന്‍ പോയതാ എല്ലാറ്റിനും കാരണം)

Anonymous said...

Dear friends,

Let me appologize for spamming some of your bloggs . I have been an avid reader of the

malayalam blogs for a while.

The reason I have decided to go ahead and spam some of the well read blogs today is that I

would like to share an important idea I have, without delay, so as to help our brethren in

kerala. I would have posted this in my own blog if it could wait till I have built it.....

which I am trying to start soon.

Also, the option to send 'anony' comments to 'pinmozhi' has also been disabled. So you see my

friends, I have no choice but spam a few of you good hearts out there , who I am sure will

forgive me, when they realize that atleast my intention is harmless.... :)

I did read about that boy who wanted to be a chess player, and was inspired by how many

helping hands are out there..

As you know by now, the chikungunya is spreading like wild fire in kerala. I am really

impressed by 'devaragam's ' post regarding this. He has given tips regarding how to protect

yourself from mosqitoes. There is more regarding that in the following link

http://www.epa.gov/pesticides/health/mosquitoes/index.htm


I do not have the language expertise to translate this, maybe one of you can translate it,

so that it can be published in a few news papers. ( I remember how Inji was the key player in

getting the story of that med student's tragic death published in news papers)

I am not sure about the brand of mosquito repellents currently available in India. But the

cheapest brand seems to be 'tortoise coils' price at about Rs.20/- and each pack has about 30

coils in it. I propose we all chip in some money to buy these coils( or any other repellents

acceptable to u), atleast as a temporary measure and distribute it at the Cherthala thaluk

office.

If one of you currently based in kerala, who is well known to us in this forum, who also was

an organizer of the 'boologa meet' ( so that his credentials and identity is well known)

could take the responsibility and the burden to open a 'paypal' account in his name , I am

sure many of us are willing to pledge some money for this cause.

An alternative would be , to request the leading newspapers to start a 'fund collection'

(similar to the 'tsunami' and other tragedies), with the money being pledged for this cause.

Stress upon them that the option of 'pay pal' or other online payment methods is important as

most NRI's find it convenient.

I am willing to raise money at my work place for this, as well as try to get help from 'All

Kerala Medical Associaton Graduates in USA' http://www.akmg.org/ and the 'American

association of Physicians of Indian Origin' http://www.aapiusa.org/

The toughest part is not raising the money but to channelize it, which is why I think an

efficient leader based in kerala should come forward, or request the help of news papers.

Please discuss this and express your thoughts.

.......................................................

I appologize again for the 'off topic' and for spamming. Please delete this message if you

feel that I have encroached your space. My only excuse is that I believe this epidemic needs

to be contained before it reaches an exponential phase.

thanks

SN


btw , if you find any spelling errors or grammatical mistakes, Congraats! you can keep them

:)

aneel kumar said...

‘ചിക്കന്‍ ഗുനിയ’ എന്നു തന്നെയാണ് മറ്റൊരു ഗള്‍ഫ് ചാനലിലെ വാര്‍ത്ത വായിക്കുന്ന ഒരു സുഹൃത്ത് ഇന്നലെ ഉച്ചയ്ക്കും പറഞ്ഞത്.
മാധ്യമങ്ങള്‍ ഇങ്ങനത്തെ അവസരങ്ങളില്‍ വാര്‍ത്തയ്ക്കും വിവാദത്തിനും വേണ്ടി പായുന്നതിനേക്കാളേറെ ദേവന്‍ പറഞ്ഞതുപോലെ കൊതുകുനിവാരണത്തിനും പരിസരശുചീകരണത്തിനും ചികിത്സയ്ക്കും ഉതകുന്ന നുറുങ്ങുകള്‍ എന്തുകൊണ്ട് ഓരോ അരമണിക്കൂറും ജനങ്ങളോടു പറഞ്ഞുകൊടുക്കുന്നില്ല?
വോട്ടെണ്ണല്‍, യുദ്ധം, മറ്റു ദുരന്തങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവുമ്പോള്‍ അവര്‍ ചെയ്യാറുള്ളത് ഇക്കാര്യത്തിലും ചെയ്തെങ്കില്‍ ബോധവല്‍ക്കരണത്തിന്റെ അഭാവത്താലുണ്ടായേക്കാവുന്ന (ദുരന്തത്തിന്റെ) വ്യാപനം വളരെ കൂടിയ അളവില്‍ ഒഴിവാക്കാനായേക്കും.

aneel kumar said...

ഒരു ഭീകരന്റെ ചിത്രം

ആനക്കൂടന്‍ said...

ഏറെ പ്രസക്തമായ വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്ന ലേഖനം. ദേവന്റെ വിശദീകരീണവും കൂടിയായപ്പോള്‍ കുറേക്കൂടി വ്യക്തമായി.

രാധേയനും അതുല്യയും പറയുന്നതിനോട് യോജിക്കുന്നു. പരിസര ശുചീകരണത്തിന്റെ കാര്യത്തില്‍ സങ്കുചിത മനസ്ഥിതി അവസാ‍നിപ്പിക്കുകയണ് മലയാളി ആദ്യം ചേയ്യണ്ടത്. സ്വന്തം വീട്ടിലെ ഭക്ഷണ മാലിന്യം അടുത്ത റോഡില്‍ കൊണ്ടിട്ട് അല്ലെങ്കില്‍ പറമ്പിലേക്ക് വലിച്ചെറിഞ്ഞ് ഗേറ്റ് കടന്നാല്‍ നാം ശുചിത്വ പ്രസംഗങ്ങള്‍ തുടങ്ങും.
യാത്ര പോകുമ്പോള്‍ വണ്ടിയിലിരുന്ന് ഭക്ഷണം കഴിക്കുകയും കാലി ബോട്ടിലുകളും അവശിഷ്ടങ്ങളും റോഡിലേക്ക് വലിച്ചെറിയുകയും തുടങ്ങി എത്രയെത്ര പരിസ്ഥിതി ദ്രോഹങ്ങള്‍ നമ്മള്‍ ചെയ്യുന്നുണ്ട്. മുട്ടായി കഴിച്ച് കടലാസ് റോഡിലേക്ക് വലിച്ചെറിയുന്നതില്‍ തുടങ്ങുന്നു ഇതില്‍ നമുക്കുള്ള പ്രാഥമിക വിദ്യാഭ്യാസം.

വിദ്യാലയങ്ങളില്‍ നിന്ന് തന്നെ തുടങ്ങണം പരിസര ശുചീകകരണത്തിന്റെ ആദ്യ പാഠം. അത് പാഠ പുസ്തകത്തില്‍ വായിച്ച് പഠിച്ച് പരീക്ഷയ്ക്ക് അമ്പതില്‍ അമ്പത് മാര്‍ക്കും നേടാവുന്ന വിധത്തിലാവരുത്. മാസത്തില്‍ ഒരു ദിവസം എല്ലാ സ്കൂളിലേയും കുട്ടികള്‍ നിര്‍ബന്ധമായും പരിസര ശുചീകരണത്തിനായി ഇറങ്ങട്ടെ. അതാത് പ്രദേശങ്ങളിലെ പരിസര ശുചീകരണ ബോധവല്‍ക്കരണത്തിനായുള്ള അംബാസഡര്‍മാരായി കുട്ടികളെ നിയോഗിക്കുകയും ചെയ്യുക. ഈ നാട് എന്റെ വീടാണെന്നും, ഇതിന്റെ ശുചീകരണം എന്റെ കൂടി ചുമതലയാണെന്നും അറിഞ്ഞ് അവര്‍ വളരട്ടെ. പഠിത്തം, പിന്നെ ട്യൂഷന്‍, പിന്നെ കമ്പ്യൂട്ടറിനു മുന്നില്‍, ഇങ്ങനെ സങ്കുചിത മനസ്ഥിതിയിലേക്ക് കുടുങ്ങി പോകുന്ന കുട്ടികളില്‍ വിശാലമായ സാമൂഹ്യ കഴ്ചപ്പാട് സൃഷ്ടിക്കാനും ഇതിലൂടെ കഴിയും. ഈ ആശയം തന്നെയാണ് ഗാന്ധിജി വിഭാവനം ചെയ്തത്.

ഇതേ ആശയമാണ് ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് വന്ന ഉടന്‍ തന്നെ ചെന്നൈയില്‍ പ്രാവര്‍ത്തികമാക്കിയത്. ആദ്യ ബോധവല്‍ക്കരണം സ്കൂളുകളില്‍ നടന്നു. പിന്നീട് കുട്ടികളെ അതാത് പ്രദേശത്തെ ബോധവല്‍ക്കരണത്തിനായി അംബാസഡര്‍മാരായി പ്രഖ്യാപിച്ചു.

ഇത്തരം നീക്കങ്ങളെ കുറിച്ചുള്ള ചിന്തകള്‍ നൂറു ശതമാനം സാക്ഷരരായ നമുക്കുണ്ടായില്ല. നമ്മുടെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കളികള്‍ തുടരുകയാണ്. രാഷ്ട്രീയക്കാര്‍ മാത്രമല്ല പത്രങ്ങളും.

ദേവന്‍ said...

തര്‍ജ്ജനി ഒക്റ്റോബര്‍ ലക്കത്തില്‍ ഞാന്‍ നേരത്തേ സൂചിപ്പിച്ചിരുന്ന് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ഇവിടെ പറഞ്ഞ കാര്യങ്ങള്‍ വെറുതേ ആവര്‍ത്തിക്കേണ്ടെന്ന് കരുതി ഓവര്‍ലാപ്പ്‌ ഉണ്ടായിരുന്ന കുറച്ച്‌ ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ്‌ ഞാന്‍ ഇവിടേക്ക്‌ ഒരു ലിങ്ക്‌ കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളു.

അനോണി, താങ്കള്‍ തന്ന ലിങ്കുകള്‍ ഇപ്പോള്‍ മാത്രമേ കണ്ടുള്ളു. ആരെങ്കിലും തര്‍ജ്ജിമ ചെയ്യുന്നുണ്ടോ എന്ന് തിരക്കട്ടെ ഞാന്‍. എറണാകുളത്തെ കൊതു ശല്യം അകറ്റാനുള്ള വഴികളെക്കുറിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച്‌ കൌണ്‍സില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട്‌ IMRC വെബ്‌ പേജില്‍ ലഭ്യമാണ്‌. 4 കോടി രൂപയുടെ പാക്കേജ്‌ നാലഞ്ചു വര്‍ഷം മുന്നേ അവര്‍ സമര്‍പ്പിച്ചിരുന്നു. അതിനു പകരം ഫോഗ്ഗിംഗ്‌ നടത്താനുള്ള വണ്ടി വാങ്ങാനാണ്‌ കൊച്ചി "നരകസഭ" തീരുമാനിച്ചതെന്നാണോര്‍മ്മ.
[റിപ്പല്ലന്റുകളെക്കുറിച്ച്‌ എന്റെ ലേഖനത്തിലുണ്ട്‌]

ആനക്കൂടന്റെ നിരീക്ഷണങ്ങളോട്‌ നൂറു ശതമാനം യോജിക്കുന്നു. ചീഫ്‌ സിയാറ്റിലിന്റെ വാക്കുകള്‍ കടമെടുത്താല്‍. "ഈ ലോകം നമ്മുടെ കിടക്കയാണെന്നു കരുതൂ, അതില്‍ മുഴുവന്‍ തുപ്പിയും ശര്‍ദ്ദിച്ചും ചവറുവാരിയിട്ടും മലിനമാക്കിയാല്‍ നമ്മള്‍ അതില്‍പ്പെട്ട്‌ പുഴുത്ത്‌ മരിക്കുകയില്ലേ? എന്താണീ മനുഷ്യര്‍ ചെയ്യുന്നത്‌!"

പാച്ചു said...

ആലപ്പുഴക്കാരനായ ഞാന്‍ പറയുന്നു ..

"ചിക്കന്‍ വയറു മുട്ടെ കഴിച്ചിട്ടു കുനിയാന്‍ വയ്യാതാവുന്ന അവസ്ഥയെയാണ്‌ ഈ ചിക്കന്‍ ഗുനിയാ,ചിക്കന്‍ ഗുനിയാ എന്നു പറയുന്നത്‌ .. ."

ദേവന്‍ said...

ബിജു സി പി ഇത്തവണത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ നല്ലൊരു ലേഖനം എഴുതിയിട്ടുണ്ട്‌. പ്രത്യേകിച്ചും ചേര്‍ത്തലയിലും ആലപ്പുഴയിലും പടരുന്ന പനികളെ നേരിടാന്‍ ചുമതലയുള്ള ആലപ്പി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശമ്പളം പോലും കൊടുക്കുന്നില്ലെന്നും പകര്‍ച്ച വ്യാധികള്‍ തടയാനുള്ള സംവിധാനമൊന്നും തന്നെ നമുക്കില്ലെന്നും മറ്റുമുള്ള ചിക്കുന്‍ ഗുന്യാ ബഹള റിപ്പോര്‍ട്ടിങ്ങിനിടക്ക്‌ മാദ്ധ്യമങ്ങള്‍ മറന്നു പോയ പല കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചത്‌ നന്നായി.
ഇവിടെ കൊല്ലത്തുകാര്‍ ആരെങ്കിലുമുണ്ടോ? ഇരുമ്പുപാലം മുതല്‍ പള്ളിത്തോട്ടം വരെ കൊല്ലം തോട്‌ സകലമാന പകര്‍ച്ച വ്യാധികളും സമ്മാനിക്കാന്‍ തയ്യാറായി കിടപ്പുണ്ട്‌. ഒഴുകുന്നു എന്ന് എഴുതാന്‍ വന്നതാണ്‌, ആ വാക്കു കളഞ്ഞു. നല്ല ഗ്രീസ്‌ പരുവത്തില്‍ കിടക്കുന്ന ഇത്‌ എങ്ങോട്ട്‌ ഒഴുകുനുന്നെന്നാ. (ബാക്കിയൊന്നും ഭീഷണിയല്ലെന്നല്ല) ഇതിനു പരിഹാരമില്ലാത്തിടത്തോളം കൊല്ലം നഗരം റിസ്കിലാണ്‌.