Monday, February 19, 2007

വൈദ്യശാസ്ത്ര സര്‍വ്വകലാശാല

വ്യക്തവും കാര്യക്ഷമവുമായ ഒരു ആരോഗ്യനയം രൂപീകരിക്കുക, സര്‍ക്കാരിന്റെ അഞ്ചും സഹകരണമേഖലയിലേതും സ്വാശ്രയമേഖലയിലേതുമായ ഇരുപതോളവും മെഡിക്കല്‍ കോളേജുകളെയും ഡെന്റല്‍ നഴ്സിംഗ്‌ ഫാര്‍മസി പഠന കേന്ദ്രങ്ങളേയും ഒരു ഏകീകൃത മെഡിക്കല്‍ സര്‍വ്വകലാശാലക്കു കീഴില്‍ കൊണ്ടുവന്ന് പഠനവും ആരോഗ്യപരിപാലനവും ഉന്നത നിലവാരത്തിലെത്തിക്കുക എന്നീ കാര്യങ്ങള്‍ക്കായി ഡോ. ഇക്ബാല്‍ ചെയര്‍മാനായും മെഡിക്കല്‍-വിദ്യാഭ്യാസരംഗത്തെ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ അംഗങ്ങളായും ഒരു കമ്മിറ്റി കേരള സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്‌.

വേണ്ടത്ര പ്ലാനിങ്ങും തയ്യാറെടുപ്പുമില്ലാതെ നടത്തുന്ന ശ്രമങ്ങള്‍ എവിടെയും എത്തില്ല എന്ന സര്‍ക്കാരിന്റെ തിരിച്ചറിവു തന്നെ നല്ലൊരു കാല്‍വയ്പ്പാണെന്ന് പറയേണ്ടതില്ലല്ലോ. പൊതുജനാരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനുകളില്‍ ഏറെക്കുറെ കാര്യക്ഷമമായി പോകുന്നത്‌ ICDS (അംഗന്‍ വാടി മുതലായവയുടെ ചുമതലയുള്ള പ്രോജക്റ്റ്‌) എന്നതു തന്നെ പ്ലാനിങ്ങിന്റെയും ദീര്‍ഖ വീക്ഷണത്തിന്റെയും ഉദാഹരണമായും സ്വാശ്രയ കോളെജ്‌ പ്രശ്നം ഇഷ്യൂ ബേസ്ഡ്‌ ഡിസിഷന്‍ മേക്കിംഗ്‌ സമ്പ്രദായം സ്വീകരിച്ചതില്‍ സര്‍ക്കാരിനു സംഭവിച്ച പരാജയമായും നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളു.

മേല്‍ പറഞ്ഞ മെഡിക്കല്‍ കമ്മീഷന്‌ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കാര്യങ്ങളില്‍ വിശദമായൊരു പ്രോജക്റ്റ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വൈദ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പ്ലാനിംഗ്‌, പ്രോജക്റ്റ്‌ മാനേജ്‌മന്റ്‌ മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുടെയും സാമ്പത്തിക വിദഗ്ദ്ധര്‍, ഗവേഷകര്‍ എന്നിവരുടെയും മുതല്‍ വൈദ്യത്തിന്റെ സാധാരണ ഉപഭോക്താക്കളുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും മാദ്ധ്യമ പ്രവര്‍ത്തകരുടേതുമടക്കം സകലരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അത്യാവശ്യമാണ്‌.


പത്രങ്ങള്‍ പിണറായിയുടെ വെടിയുണ്ടക്കു പിറകേ നടന്നോട്ടെ. ടെലിവിഷന്‍ സീരിയലും കാട്ടിക്കോണ്ടിരുന്നോട്ടെ. നമുക്ക്‌ ക്രിയാത്മകമായി പ്രതികരിക്കാനുള്ള അവസരമായി ഇതിനെ കാണാമല്ലോ? ബൂലോഗത്തുള്ളവര്‍ അവരവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെയെഴുതി ഒടുക്കം ഒരു കണ്‍സോളിഡേറ്റഡ്‌ ഫയല്‍ ആക്കിയോ അല്ലെങ്കില്‍ medicalcommission@gmail.com എന്ന വിലാസത്തില്‍ കമ്മീഷനെ നേരിട്ടോ അറിയിക്കാവുന്നതാണ്‌.

9 comments:

ദേവന്‍ said...

നമുക്ക്‌ ക്രിയാത്മകമായി പ്രതികരിക്കാനുള്ള അവസരമായി ഇതിനെ കാണാമല്ലോ? ബൂലോഗത്തുള്ളവര്‍ അവരവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെയെഴുതി ഒടുക്കം ഒരു കണ്‍സോളിഡേറ്റഡ്‌ ഫയല്‍ ആക്കിയോ അല്ലെങ്കില്‍ medicalcommission@gmail.com എന്ന വിലാസത്തില്‍ കമ്മീഷനെ നേരിട്ടോ അറിയിക്കാവുന്നതാണ്‌.

സു | Su said...

മെഡിക്കല്‍ രംഗം മുഴുവന്‍, ഒന്നിച്ചുകൂട്ടി, ഒരൊറ്റ സര്‍വകലാശാല ഉണ്ടാക്കി, അതിനുള്ളിരുന്ന് തീരുമാനം എടുത്ത് നടപ്പിലാക്കുക എന്നത്, ചിതറിക്കിടന്ന്, അതെന്ത്, ഇതെന്ത് എന്നറിയാതെ നടത്തുന്ന പരീക്ഷണങ്ങളേക്കാളും, നവീകരണങ്ങളേക്കാളും നല്ലതാണ്. പല തീരുമാനവും നടപ്പിലാക്കാനും, പുതിയ, പരിപാടികള്‍ എളുപ്പം നടപ്പിലാക്കാനും ഒക്കെ ഒരു ഏകീകൃതസര്‍വകലാശാലയുണ്ടായാല്‍ എളുപ്പമാവും എന്ന് എന്റെ അഭിപ്രായം. ഒരിടത്ത് ഒരു നയം, മറ്റൊരിടത്ത് മറ്റൊരു നയം എന്ന രീതിയും മാറും.

Unknown said...

സര്‍ക്കാരിന്റേത് തീര്‍ത്തും നല്ലൊരു ചുവടുവയ്പ് തന്നെ.പഠനവും ആരോഗ്യപരിപാലനവും മാത്രമല്ല,വൈദ്യശാസ്ത്ര ഗവേഷണരംഗത്തുകൂടി ശ്രദ്ധ പതിപ്പിക്കാനും നേട്ടങ്ങള്‍ കൈവരിക്കാനും ഭാവിതലമുറയെ പ്രാപ്തരാക്കാന്‍ കൂടി ഇത്തരമൊരു പ്രസ്ഥാനം അനിവാര്യമാണ് .


ഓ.ടോ. ഈ പോസ്റ്റിലൂടെ കാലികപ്രധാനമാ‍യ ഈ വിഷയം ബൂലോകത്തെത്തിച്ച് ഒരഭിപ്രായസമന്വയത്തിന് വേണ്ടി നിലകൊള്ളുന്ന ദേവന്റെ സാമൂഹ്യപ്രതിബദ്ധതയെ വലിയൊരു പുണ്യപ്രവര്‍ത്തിയായിക്കാണേണ്ടിയിരിക്കുന്നു.

നന്ദു said...

സര്‍ക്കാരിന്റെ ശ്രമത്തേക്കാളും മുന്നേ അഭിനന്ദിക്കേണ്ടത് ദേവന്റെ ഈ ശ്രമത്തെയാണ്. ബൂലോകത്തു ക്രിയാത്മകമായ ഒരു ചര്‍ച്ചയ്ക്കു ഇതു തുടക്കം കുറിക്കുമെന്നു പ്രത്യാശിക്കാം.

ദേവന്‍, സര്‍ക്കാരിന്റെ ഉദ്യമം നല്ലതു തന്നെ. ഏകീകൃത മെഡിക്കല്‍ സര്‍വ്വകലാശാലക്കു കീഴില്‍ ഉന്നത വിദ്യാഭ്യാസവും ആരോഗ്യ പരിപാ‍ലനവും കൊണ്ടു വരികയും അതിലൂടെ ഒരു ഏകജാലക സംവിധാനം നിലനിര്‍ത്തുകയും ചെയ്യുക എന്നതു മഹത്താ‍യ കാര്യമാണ്. പക്ഷെ കേരളത്തിലെലുതും ചെറുതുമായ വിവിധ രാഷ്ട്രീയ കക്ഷികളുടെയും, മത സ്ഥാപനങ്ങളുടെയും ഇടപെടലുകള്‍ ഈ സദുദ്യമത്തെ എത്രത്തോളം പുറകോട്ടുവലിക്കും എന്നു ഇപ്പോള്‍ പറയാനാവില്ല. ഇന്നു വരെ നാം കണ്ടിട്ടൂള്ള കമ്മീഷനുകളുടെയൊക്കെ സ്ഥിതി വച്ചു നോക്കുമ്പോള്‍ ഡോ. ഇക് ബാലിനും ഇക്കാര്യത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതു കണ്ടറിയേണ്ട കാര്യമാണ്.
ഒരു മുന്‍ വിധിയും കൂടാതെയുള്ള പ്രവര്‍ത്തനങ്ങളാ‍ണ് (പ്പ്ലാനിങും ലക്ഷ്യവും ഇല്ലയ്മ) ഇന്നോളവും പല കമ്മീഷനുകളുടെയും എങ്ങുമെത്താത്ത അവസ്ഥയ്ക്കു കാരണം. ലക്ഷ്യത്തെക്കുറിച്ചൂള്ള അവബോധമില്ലായ്മ മുതല്‍ ഏകോപനമില്ലായ്മ തുടങ്ങി നിരവധി കാര്യങ്ങള്‍ തുടക്കത്തിലേ പരിഹരിച്ചു നീങ്ങിയാല്‍ കമ്മീഷന് അതിന്റെ പൂര്‍ണ്ണ വിജയത്തിലെത്താന്‍ കഴിയും. കഴിയുന്നതും രാഷ്ട്രീയക്കാരെയും മത സ്ഥാപനങ്ങളെയും അകറ്റി നിര്‍ത്തിയാല്‍ വിജയം സുനിശ്ചിതം!!.

keralafarmer said...

കമ്മിഷന്‍ അപ്പോഴപ്പോഴെടുക്കുന്ന തീരുമാനങ്ങളും, ചര്‍ച്ചകളും ഇന്റെര്‍നെറ്റിലൂടെ ഏവര്‍ക്കും പ്രാപ്തമാകത്തക്ക രീതിയില്‍ പ്രസിദ്ധീകരിക്കണം എന്ന ഒരഭിപ്രായം എനിക്കുണ്ട്‌. ഇവിടെ പലതും രഹസ്യ സ്വഭാവമുള്ളതായും രഹസ്യ ചര്‍ച്ചകളായും മാത്രം ഒതുങ്ങീതിരുന്നാല്‍ കൊള്ളാം. ദേവന്‍ നല്ലൊരു തുടക്കം കുറിച്ചിരിക്കുന്നു.

Radheyan said...

ആരോഗ്യ നയത്തെ കുറിച്ചാണെങ്കില്‍ ചിലത് പറയാം.പലതും മുന്‍പ് പലരും പറഞ്ഞിട്ടുള്ളതാവാം.മൌലികമെന്ന് അവകാശപ്പെടുന്നില്ല.ഒരു ഓര്‍മ്മപ്പെടുത്തലായി കണ്ടാല്‍ മതി.(മെഡിക്കല്‍ വിദ്യാഭ്യാസത്തെ കുറിച്ച് ഒന്നും പറയാനുള്ള അറിവില്ല,മാത്രമല്ല അത് ഒരുമാതിരി കുത്തഴിഞ്ഞ കൌപീനം പോലെ കിടക്കുകയല്ലേ)

1.ആരോഗ്യമേഖല വികേന്ദ്രീകരിക്കുക.ആളുകള്‍ ജലദോഷത്തീനും മെഡിക്കല്‍കോളേജിലേക്ക് തള്ളി കയറുന്നത് ഒഴിവാക്കുക.അതാത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളെ അതിന്റെ നടത്തിപ്പ് ഏല്‍പ്പിക്കുക.മിതമായ സൊകര്യങ്ങള്‍ പഞ്ചായത്ത് തലത്തിലും കുറച്ച് കൂടി സൌകരങ്ങള്‍ ബ്ലോക്ക്/താലൂക്ക് തലത്തിലും ഒരു മാതിരി എല്ലാ സൌകരങ്ങളും ജില്ലാ തലത്തിലും ഏര്‍പ്പെടുത്തുക.
2.സ്വകാര്യ പ്രാക്ടീസ് നിരോധിക്കുക. അതിന് പകരം സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന് പേക്ലിനിക്കുകള്‍ തുടങ്ങുക.രാവിലെ ഒ.പി.യില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് ഉച്ചക്ക് ശേഷം പേക്ലിനിക്കുകളില്‍ ചികിത്സിക്കവുന്നതാണ്.അതിലെ വരുമാനത്തിന്റെ സിംഹഭാഗം റ്റാക്സബിള്‍ വരുമാനമായി ഡോക്ടര്‍ക്ക് നല്‍കുക.കൂടുതല്‍ പരിചരണം ആവശ്യമെന്ന് തോന്നുന്ന മധ്യ-ഉപരി മധ്യ വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് അവിടെ നിന്നും ചികിത്സ ലഭിക്കുമ്പോള്‍ സാധാരണക്കാരന് ഒ.പി.യില്‍ സൌജന്യ ചികിത്സ ലഭിക്കും.
3.ദരിദ്രര്‍ക്ക് മരുന്നുകള്‍ സൌജന്യമായി കിട്ടാനുള്ള വഴി ഉണ്ടാവണം.അല്ലാത്തവര്‍ക്ക് സബ്സിഡിയില്‍ മരുന്നും മറ്റും നല്‍കുക.എമര്‍ജന്‍സികള്‍ പൂര്‍ണ്ണമായും സൌജന്യമാക്കുക.
4.മരുന്നുകള്‍ പൊതുമേഖലയില്‍ ഉല്‍പ്പാദിപ്പിക്കുക.കലവൂരിലെ K.S.D.P ഒരു മാതൃകാ സങ്കല്‍പ്പമായിരുന്നു.പരമാവധി പൊതു മേഖലയില്‍ നിന്നും മാത്രം മരുന്നുകള്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുക.ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ കൈയ്യില്‍ നിന്നും അധികമായി ചിലവാക്കുന്ന പണം ഈടാക്കുക.

5.പഠിക്കുന്നത് സര്‍ക്കാര്‍ കോളേജിലോ സ്വകാര്യ കോളേജിലോ ആവട്ടെ,5 വര്‍ഷം സര്‍ക്കാര്‍ സേവനം നിര്‍ബന്ധമാക്കുക.ഇതിനുള്ള ബോണ്ട് ഓരോ വിദ്യാര്‍ഥിയുടെ കൈയ്യില്‍ നിന്നും ആദ്യം തന്നെ വാങ്ങുക.അല്ലെങ്കില്‍ തുല്യത വാദവുമായി കോടതികളെത്തി സര്‍ക്കാറിന്റെ നല്ല നീക്കങ്ങളെ സമ്പന്ന ലോബികള്‍ക്ക് വേണ്ടി അട്ടിമറിക്കും.

6.സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു വില വിവര പട്ടിക നിശ്ചയിക്കുക(കച്ചവടമല്ലേ,ഒരു നേരും നെറിയുമിരിക്കട്ടേ).അത് ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കുക.അത് പോലെ അവരുടെ വെബ്സൈറ്റിലും.ആശുപത്രികളെ ശ്രേണികളായി തിരിച്ച് ഓരോ ശ്രേണിയിലെയും നിരക്കുകള്‍ ഏകീകരിക്കുക.ഇതിനായി ഒരു ഉന്നതാധികാര കമ്മിറ്റി വേണം.

സജിത്ത്|Sajith VK said...

മെഡിക്കല്‍ സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാല തുടങ്ങി, വിഷയബന്ധിത സര്‍വ്വകലാശാലകള്‍, സര്‍വ്വകലാശാല എന്ന പേരിന് തന്നെ യോജിക്കുന്നില്ല. എങ്കിലും ഇന്നത്തെ പരിതസ്ഥിതിയില്‍ ആരോഗ്യമേഖലയുടെ ഉന്നമനത്തിന് ഇത് നല്ലതാണെന്ന് തോന്നുന്നു.
ആയുര്‍വേദം, ഹോമിയോപതി തുടങ്ങിയവയെ ഇപ്പോള്‍ മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്, ഇത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.
രണ്ട് വകുപ്പുകള്‍ക്ക്, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ക്ക്, മെഡിക്കല്‍ സര്‍വ്വകലാശാലയുമായി ബന്ധമുണ്ട് എന്നത് ചില ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നതായി തോന്നിയിട്ടുണ്ട്. അവ നീക്കണം....

കൈയൊപ്പ്‌ said...

ഹോമിയോപതിയെ ഒഴിവാക്കിയത് യുക്തിപൂര്‍വമാണു. അതൊരു കപടശാസ്ത്രമാണു.

പിപ്പിള്‍സ്‌ ഫോറം. said...

മമ്മുട്ടി ഡിഫിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍.ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌ " അഴകിയ രാവണനിലെ വേദനിക്കുന്ന കോടീശ്വരന്‍" പത്മശ്രി ശ്രി മമ്മുട്ടിയാണ്‌.ഡിഫിയില്‍ ഇന്ന് ചെഗുവേരയുടെ സ്ഥാനമാണ്‌ അവര്‍ മമ്മുട്ടിക്ക്‌ നല്‍കിയിരിക്കുന്നത്‌.ഗുജറാത്തില്‍ ഡി വൈ എഫ്‌ ഐ ശക്തമായിരുന്നുവെങ്കില്‍ വംശഹത്യ നടക്കുമായിരുന്നില്ലായെന്നുള്ള മമ്മുട്ടിയുടെ വിലയിരുത്തല്‍ ശരിയല്ല. കേരളത്തില്‍ സി പി എം ഭരണത്തില്‍ വന്നതിന്ന് ശേഷം കാരളത്തിലെ ഡി വൈ എഫ്‌ ഐ ക്കാരെ കണ്ടവ്‌അരുണ്ടോയെന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലായിരിക്കുന്നു. പാര്‍ട്ടി സിന്‍ഡിക്കേറ്റിന്റെ നക്കാപ്പിച്ചകള്‍ക്ക്‌ വാലാട്ടുന്നവരായി ഡി. വൈ. എഫ്‌ ഐ ഇന്ന് മാറിയിരിക്കുന്നു.