Saturday, March 26, 2005

തുടക്കം

മലയാളിയുടെ ബ്ലോഗ്ഗിംഗ്‌ ശീലങ്ങളെ കുറിച്ച്‌:

സിബുവാണത്‌ പറഞ്ഞത്‌, "ഗള്‍ഫുകാര്‍ സ്വന്തം ജീവിതത്തെ കുറിച്ച്‌ ഒന്നുമെഴുതുന്നില്ലെന്ന്‌." ഞാന്‍ മറിച്ചു ചിന്തിച്ചു, "ഗള്‍ഫുകാരന്‌ എഴുതാനായിട്ടെന്തുണ്ട്‌?"

ദുബായില്‍ നിന്ന്‌ ഒമാനിലെ സലാലയിലേക്ക്‌ കാറോടിച്ച്‌ ഒരു വീക്കെന്റ്‌ ആഘോഷിയ്ക്കുവാന്‍ പോയാല്‍ പോലും ഗള്‍ഫുകാരന്‍ ഒന്നുമെഴുതില്ല. തൊട്ടപ്പുറത്തെ സ്റ്റേറ്റിലേക്ക്‌ ഒന്ന്‌ എത്തി നോക്കിയാല്‍ പോലും അതിനെ കുറിച്ചെഴുതുന്ന അമേരിക്കന്‍ പ്രവാസികളെ കാണാം. ഒരു കുഞ്ഞ്‌ iPOD വാങ്ങിയാല്‍ അമേരിക്കന്‍ മലയാളി ബ്ലോഗ്ഗും, ഒരു കാറ്‌ വാങ്ങിയാലും ഗള്‍ഫുകാരന്‍ വായതുറക്കില്ല.

രാഷ്ട്രീയത്തെ കുറിച്ചും, സിനിമയെ കുറിച്ചും വാചാലരാകുന്ന നൂറുകണക്കിന്‌ മലയാളികളെ (ഗള്‍ഫ്‌) വെബ്‌ഫോറംസിലും ബ്ലോഗുകളിലും കാണാം. എന്നാല്‍ "ഷേക്ക്‌ സയദ്‌ റോഡിലെ ട്രാഫിക്കിനെ കുറിച്ചോ, പെപ്സിയുടെ ഹോര്‍ഡിങ്ങിലെ വളയിട്ട ബ്രിട്ട്നി സ്പിയേഴ്സിനെ കുറിച്ചോ അവന്‍ ബ്ലോഗുകയില്ല." ഒന്നും വേണ്ട, ഒപ്പമിരുത്തുവാന്‍ കൊള്ളാവുന്ന "കള്ളു മഹാസഭയിലെ" മാന്യദേഹങ്ങളുടെ സാന്നിദ്ധ്യത്തില്‍ പാംബീച്ച്‌ തട്ടുകടയിലിരുന്ന്‌ "രണ്ടു ലാര്‍ജ്‌" റെമി മാര്‍ട്ടിന്‍ വിഴുങ്ങി, ലോകം മുഴുവന്‍ കേള്‍ക്കെ "പക്കാ" മലയാളി സ്വരത്തില്‍ വെടി പറഞ്ഞതിനെ കുറിച്ചും അവന്‍ ഒന്നും എഴുതില്ല.

മോഹന്‍ലാല്‍ "കഥയാടി" തകര്‍ത്തതിനെ കുറിച്ചോ, ദിനംപ്രതി നടക്കുന്ന, ഫിലിം ഫെസ്റ്റിവല്‍, ഫുഡ്‌ ഫെസ്റ്റിവല്‍, ആ ഫെസ്റ്റിവല്‍, ഈ ഫെസ്റ്റിവല്‍, ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ എന്നീ "സംഭവങ്ങളെ" കുറിച്ചോ ഗള്‍ഫുകാരന്‍ എഴുതില്ല. ഗള്‍ഫ്‌ മലയാളിക്കെഴുതാന്‍, "ഗൃഹാതുരതയുടെ നൊമ്പരവും", "മണല്‍കാറ്റിന്റെ ചൂടും" മാത്രമാണുള്ളത്‌.

ആഴ്ചയിലെ ഏക ഒഴിവു ദിനം, ഉറക്കത്തിനുമാത്രമായി നീക്കിവയ്ക്കുന്ന എനിക്കും ഒന്നും എഴുതുവാനില്ല.

27 comments:

സു | Su said...

Peringodaaaaaaa gulf-neppatti enthelum okke ezhuthuuuu.urangi samayam kalayathe. nattilirikkunna njangalkkum ariyende?

Kalesh Kumar said...

ബ്ലോഗ്‌ അസ്സലായിട്ടുണ്ട്‌ !

ഗള്‍ഫിലെ വിശേഷങ്ങളില്‍ കൂടുതലും നൊമ്പരങ്ങളാണ്‌. അമേരിക്കന്‍ പ്രവാസവും ഗള്‍ഫ്‌ പ്രവാസവും തമ്മില്‍ രാപകല്‍ വ്യത്യാസമുണ്ട്‌-സാഹചര്യങ്ങളിലും മറ്റും....

ഗള്‍ഫില്‍ നിന്നു കൂടുതല്‍ ബ്ലോഗുകള്‍ ഉണ്ടാകട്ടെ!

ദേവന്‍ said...

"എന്തുകാണാനാണ്‌ നിങ്ങള്‍ മരുഭൂമിയില്‍ പോയത്‌? കാറ്റിലാടുന്ന ഞാങ്ങണയോ?" - ലൂക്ക്‌ - 7

സാമ്പത്തികമോ സാമൂഹ്യമോ ആയ ഏതോ കാരണത്താല്‍ വരിക്കുന്ന ഒരു ഷണ്ഡതയാണ്‌ മിക്കവരുടെയും "ഗള്‍ഫ്‌" വാസം. പത്തോ അമ്പതോ വര്‍ഷം മരുഭൂമിയില്‍ ജീവിച്ചാലും മറ്റൊരു നാട്ടുകാരനു ഇവിടം സ്വന്തമെന്നു തോന്നാന്‍ പ്രയാസമാണ്‌. അമേരിക്കയിലോ സിംഗപ്പൂരോ ആസ്റ്റ്രേെലിയയിലോ പിറന്ന കുട്ടിയെപ്പോലെ ജനിച്ച മണ്ണീന്റെ ഭാഗമാകുന്നില്ല ഗള്‍ഫ്‌ "മല്ലു"ക്കുട്ടി. അവനും നാട്‌ വര്‍ഷത്തില്‍ രണ്ടാഴ്ച്ചകാണുന്ന കേരളം തന്നെ. ഇന്ന് എന്നൊന്നില്ലാത്ത ജനതയാണ്‌ ഗള്‍ഫ്‌ മലയാളികള്‍. ഇന്നലത്തെ നാട്ടുവിശേഷം. അല്ലെങ്കില്‍ നാളെ നാട്ടില്‍ പോകുന്നെന്ന വിശേഷം. വേറെന്തെഴുതാന്‍.

Kalesh Kumar said...

പ്രിയ ദേവരാഗം,

അമേരിക്കയിലോട്ടായാലും ഗൾഫിലോട്ടായാലും ചന്ദ്രനിലോട്ടായാലും ശരി മലയാളി നാടും വീടും വിട്ട് പ്രവാസത്തിനു പോകുന്നത് തപസ്സ് ചെയ്ത് ആത്മസായൂജ്യമടയാനോ നിർവാണമടയാനോ ഒന്നും അല്ല. അതിന് വല്ല ഹിമാലയത്തിലും പോയാൽ പോരേ? ഷണ്ഡത എന്ന വാക്ക് ഗൾഫുകാരന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാതിരിക്കുക.

ഞാൻ മനസ്സിലാക്കിയിടത്തോളം ഗൾഫ് രാജ്യത്തെ സിറ്റിസൺ ആകാൻ വേണ്ടിയല്ല “മല്ലു“ ഗൾഫു‌കാരനാകുന്നത്. വീട്ടിലെ പട്ടിണി മാറ്റാനും പുരനിറഞ്ഞ് നിൽക്കുന്ന പെങ്ങേമ്മാരെ കെട്ടിച്ചുവിടാനും വേണ്ടി ഒക്കെയാണ്. ഈ അമേരിക്കയിലും ആസ്ത്രേലിയയിലും ഒക്കെ വളരെ കഷ്ടപ്പെട്ട് സിറ്റിസൺഷിപ്പ് കിട്ടിയിട്ട് എന്താ പ്രയോജനം? അവിടെ പിറന്ന് ജനിച്ച മണ്ണിന്റെ ഭാഗമായാലും രണ്ടാം തരം പൌരനായി മാത്രമേ ഈ “മല്ലു”വിനെ അവിടുത്തുകാർ കാണു. അല്ലെന്ന് പറയാമോ? “കളേർഡ് പീപ്പിൾ“ എന്നും കളേർഡ് പീപ്പിൾ തന്നെ. അല്ലാതെ സായിപ്പാകില്ല. അന്യദേശത്തെ രണ്ടാംതരക്കാരനാകുന്നതിലും നല്ലത് സ്വന്തം നാട്ടിൽ സ്വന്തം മണ്ണിൽ ഇന്ത്യൻ പൌരനായി തന്നെ തുടരുന്നതല്ലേ? അമേരിക്കയിലും ആസ്തരേലിയയിലും ഒക്കെ വളരുന്ന “മല്ലു“ കുട്ടികളെക്കാൾ നന്നായി പാവപ്പെട്ട ഗൾഫുകാരന്റെ മല്ലുകുട്ടി അവന്റെ മാതൃഭാഷ സംസാരിക്കും എന്ന് എനിക്ക് നെഞ്ചിൽ കൈവച്ച് പറയാൻ സാധിക്കും. ഒരാൾ പിറന്നനാട് വിട്ട് അന്യനാട്ടിൽ പോയാൽ അന്യനാട് എന്നു പറയുന്നത് എന്നും അന്യനാട് തന്നെയായിരിക്കും. അതൊരിക്കലും സ്വന്തം നാട് ആകില്ല.

പിന്നെ, ഗൾഫുകാരൻ ഏത് പരദേശിയെക്കാളും കൂടുതൽ കേരളവുമായി അടുപ്പം പുലർത്തുന്നു. ഇവിടെ ഗൾഫിൽ മൂന്ന് മലയാളം റേഡിയോ സ്റ്റേഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. 3 മലയാളം ദിനപത്രങ്ങൾ ഈ മണ്ണിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. കേരളത്തിലിറങ്ങുന്ന എല്ലാ പത്രങ്ങളും ചൂടാറും മുൻപ് (രാവിലെ 9 മണിക്ക് മുൻപ്) ഇവിടെ കിട്ടുന്നു. സകല മലയാളം ചാനലുകളും ‘പേ’ അല്ലാതെ ഇവിടെ കിട്ടും. നാട്ടിൻപുറത്തുള്ള ചായക്കടകൾ പോലെ ഇവിടെ കഫറ്റേരിയകൾ ഉണ്ട് - പാവം “മല്ലു”മാർ നടത്തുന്നത്. കേരളത്തിലെ ചായക്കടകളിലും ഹോട്ടലുകളിലും എന്തൊക്കെ തിന്നാൻ കിട്ടുമോ, അതൊക്കെ ന്യായ വിലയ്ക്ക് ഇവിടെ കിട്ടും. പുതിയതായി റിലീസ് ചെയ്യുന്ന മലയാളം സിനിമകൾ അപ്പഴ് തന്നെ ഇവിടുത്തെ തീയേറ്ററുകളിൽ (സൌദി ഒഴിച്ച്) റിലീസ് ചെയ്യും. നാട്ടിൽ കിട്ടുന്ന സകല പച്ചക്കറികൾ, മസാലകൾ, മറ്റു ഭക്ഷണസാധനങ്ങൾ എന്നിവ മായം ചേർക്കാതെ ഇവിടെ കിട്ടും. നാട്ടിലെ സകല തുണിത്തരങ്ങളും ഇവിടെ കിട്ടും. നാട്ടിലെ കാര്യങ്ങൾ വളരെ സ്വതന്ത്രമായി ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. ഇവിടെ ആരാധനാ സ്വാതന്ത്ര്യം ഉണ്ട് (സൌദി ഒഴിച്ച്). കുടുംബമായി “കേരള”ത്തിൽ കഴിയുന്നതിലും സുരക്ഷിതമായും സൌകര്യമായും ഇവിടെ കഴിയാം(ജീവനും സ്വത്തിനും സംരക്ഷണം). സ്വന്തമായി വീടും സ്ഥലവും മേടിച്ച് ആജീവനാന്തം താ‍മസിക്കണമെന്നുള്ളവന് അതിനും കഴിയും. ഇനി, മലയാളമല്ലാതെ മറ്റ് ഭാഷയൊന്നും അറിയില്ലെങ്കിലും വല്യ പ്രശ്നമില്ല. 4 പേര് കൂടി നിന്നാൽ അതിലൊന്ന് ഒരു മലയാളിയായിരിക്കും. മലയാളിക്ക് മലയാളിയായി ജീവിക്കാൻ വേറെ എന്തൊക്കെയാ വേണ്ടത്?

മലയാളം മരിക്കുന്നു എന്ന് വിലപിക്കുന്നവർ തന്നെ അത് ഗൾഫിൽ വളരുന്നുവെന്നും പരിപാലിക്കപ്പെടുന്നു എന്നും പറയുന്നുണ്ടല്ലോ, അതെന്താ? ആസ്ത്രേലിയയിലും അമേരിക്കയിലും മറ്റും വളരുന്നെന്നോ പരിപാലിക്കപ്പെടുന്നുവെന്നോ ഒന്നും ആരും പറയാത്തതെന്താ?

ഗൾഫുകാരന് ഇന്ന് തീർച്ഛയായും ഉണ്ട്. അത് ഇതെകുറിച്ച് സംസാരിച്ചപ്പോൾ എന്റെ സുഹൃത്ത് അനിലേട്ടൻ എന്നോടു പറഞ്ഞതുപോലെ വ്യത്യസ്തമായ ഒരു ഇന്നാണ്. ആ ഇന്ന് മറ്റ് പ്രവാസികളുടെ ഇന്നിനെക്കാളും മികച്ച ഒരു ഇന്നാണ്. പാവപ്പെട്ട ഗൾഫുകാരുടെ ബ്ലോഗുകൾ വായിച്ച് നോക്ക് - ഗൾഫുകാരന്റെ ഇന്നിനെ കുറിച്ച് ചില ഐഡിയകളൊക്കെ കിട്ടും.

തനി മലയാളിയാ‍യ ഒരാൾക്ക് അമേരിക്ക സ്വന്തമെന്ന് തോന്നുമോ? ആസ്ത്രേലിയയും സിംഗപ്പൂരും യൂറോപ്പും സ്വന്തമെന്നു തോന്നുമോ? എന്തിന് ഇന്ത്യയിലെ തന്നെ മറ്റു നഗരങ്ങൾ - ബോംബേ, കൽക്കട്ട, മദ്രാസ് - ഒക്കെ സ്വന്തമെന്നു തോന്നുമോ? നാട്ടിലെ ആറടി മണ്ണിൽ ഒടുങ്ങാനല്ലേ അവൻ ആഗ്രഹിക്കൂ? പിന്നെന്തിനാ ഈ സിറ്റിസൺഷിപ്പ്?
ഗൾഫ് അനുഭവങ്ങളുടെ ഒരു തീച്ചൂളയാണ്. ജീവിതാനുഭവങ്ങൾ എഴുതാൻ തുടങ്ങുകയാണേൽ മറ്റു പ്രവാസികളെക്കാളും ഒരു വരി കൂടുതൽ ഗൾഫുകാരന് എഴുതാൻ കഴിയും. സംശയമുണ്ടോ?
ഈ വിവരത്തിന്,
ഒരു പാവം ഗൾഫുകാ‍രൻ.

ദേവന്‍ said...

പ്രിയ കലേഷ്‌,
ഗള്‍ഫുകാരെ ആക്ഷേപിച്ചെഴുതിയതല്ല.
മറ്റേതുനാടിനെക്കാളും കൂടുതല്‍ ഗള്‍ഫില്‍ ജീവിച്ചയാളാണൂ ഞാന്‍, ഇതാ ഇപ്പോഴും ഇവിടേത്തന്നെ.

പ്രവാസത്തിന്റെ മറ്റേതു മുഖത്തെക്കാളും ഭീകരമായ ഒരു വശം മരുഭൂവാസത്തിനുണ്ട്‌. ഗള്‍ഫിലുള്ളയാളെന്ന നിലക്ക്‌ താങ്കള്‍ അതു തീര്‍ച്ചയായും കണ്ടിട്ടുമുണ്ടാവണം.

ഒരു നേഴ്സിനെ കല്യാണം കഴിച്ചോ അപ്പാപ്പന്റെ റബര്‍ തോട്ടം വിറ്റു എഫ്‌ ആര്‍ സി എസ്‌ എടുത്തിട്ടോ വിദേശ വാസം തുടങ്ങുന്നവനുമായി ഒരു സാമ്യവുമില്ല കള്ളുകുടിയന്‍ പിതാശ്രീ വരുത്തിവച കടം വീട്ടാന്‍ വീടിന്റെ ആധാരമെടുത്തു ഭൂപണയ ബാങ്കില്‍ കൊടുത്തിട്ട്‌ ഗള്‍ഫിലേക്ക്‌ വിമാനം കയറുന്ന്നവന്‌. അവനു സ്വന്തമായി ഒരു വിസ പോലും ഉണ്ടാവാറില്ല പലപ്പൊഴും ബ്ലോക്‌ ഓഫ്‌ 250 മേസണ്‍സ്‌ എന്നൊക്കെ ഒരു പറ്റം മാടുകളെപ്പോലെയാണു സഞ്ചാരം. സ്വന്തം നാട്ടില്‍ അഭിപ്രായ-സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക സ്വാതന്ത്ര്യമുള്ളതെല്ലാം ഉപേക്ഷിച്ച്‌ ഒരു ബാധ്യതയാല്‍ സ്വീകരിക്കേണ്ടീ വരുന്ന ഈ ജീവിതത്തിനെ അടുത്തറിയാവുന്നാ ആളെന്ന നിലക്കു ഞാന്‍ ഉറപ്പിച്ചു തന്നെ പറയും, അതു ദൈന്യതകൊണ്ട്‌ സ്വീകരിച്ച ഷണ്ഡതയാണ്‌. ഒരു സുഖജീവിതവും സ്വപ്നം കണ്ടൂ കപ്പല്‍ കയറുന്ന പറുദീസ സഞ്ചാരിയല്ലാത്ത പാവം നിര്‍മ്മാണത്തൊഴിലാളിയെ അറ്റ്‌ലസ്‌ രാമചന്ദ്രന്റെ കഷണ്ടിത്തലയുടെ തിളക്കത്തില്‍
കണ്ടില്ലെന്നുണ്ടോ?

പിന്ന്നെ രണ്ടാം തലമുറയുടെ കഥ. ന്യൂനപക്ഷം എവിടെയും അവഹേളിക്കപ്പെടും. കറുത്തവനെന്നോ പതിതനെന്നോ അവനെന്തെങ്കിലും പേരും ഉണ്ടാവും. പക്ഷേ അമേരിക്ക, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി ഒരുപാടു നാടുകളില്‍. ഐ ഹാവ്‌ കേരേളാ ബ്ലഡ്‌ സം വേര്‍ ഇന്‍ ആന്‍സെസ്റ്റ്രി എന്നല്ലാതെ നാട്ടില്‍ ഒരിക്കലൂം പോയിട്ടില്ലാത്ത മലയ്യാളം ഒരിക്കള്‍ പോലും കേട്ടിട്ടില്ലാത്ത പുത്തന്‍ തലമുറയാണ്‌ മഹാ ഭൂരിപക്ഷം. ഗള്‍ഫുകാരന്റെ ഒഴിച്ച്‌ മറ്റൊരു പ്രവാസിയുടെയും രണ്ടാം തലമുറക്കാരന്‍ മലയാളം എഴുതിയൊ പ്രസംഗിച്ചോ കേട്ടിട്ടുണ്ടോ?

തനി മലയാളിക്ക്‌ അമേരിക്ക സ്വന്തേന്നു തോന്നും അവരില്‍ മഹാഭൂരിപക്ഷവും ആ നാടിനെ ഇഷ്ടപ്പെട്ടു അവിടെ ജീവിക്കാന്‍ കേരളം വിട്ടുപോയവര്‍ ആണ്‌. നാടോ മലേഷ്യയോ ഇഷ്ടം എന്നു നൂറോളം പേരോട്‌ ചോദിച്ചിട്ട്‌ ഒരാള്‍ക്കു പോലും നാട്‌ വലുതാണെന്നു തോന്നിക്കണ്ടില്ല. നാടും ഇഷ്ടം ഇവിടവും ഇഷ്ടം എന്നിങ്ങനെ രണ്ടും കെട്ട മറുപടിയേ കേട്ടുള്ളൂ.. ഇനി കലേഷ്‌ അടുത്തുള്ളവരോട്‌ ഈ ചോദ്യം ചോദിക്കൂ..

ഒന്നാന്തരം സാഹിത്യമെഴുതുന്നെന്ന കാര്യത്തില്‍ വലിയ സംശയമുണ്ടെനിക്ക്‌. ശിഹാബുദീന്‍ പൊയ്തും കടവുമുതല്‍ ബാബു ഭരദ്വാജ്‌ വരെ, ഇതാ ഇന്നലെ ദുബായില്‍ "നാം ഒരു തോറ്റ ജനത" എന്ന പുസ്തകം പ്രകാശനം ചെയ്ത ബഷീര്‍ കക്കാട്‌ വരെ ഓരോരുത്തരും ഇന്നലെയെക്കുറിച്ചു മാത്രമെഴുതി. ഇന്നെവിടെ?


ഇവിടെ പട്ടിണി സഹിക്കാതെ തൊഴില്‍ മത്രാലയത്തില്‍ അഭയം പ്രാപിച്ചവരെക്കുറിച്ചെഴുതട്ടെ ഗള്‍ഫ്‌ പ്രവാസി. ഇവിടെ വേശ്യാലയങ്ങളില്‍ കുടുങ്ങിയ മലയാളി നേഴ്നുമാരെക്കുരിചെഴുതട്ടെ. വീട്ടുവേലക്കു നില്‍ക്കുന്നവരെക്കുറിച്ച്‌. പിന്നെ നാടുവിറ്റു കീശയിലാക്കിയ രാഷ്ട്രീയ ഹിജിടകളുടെ ബിനാമിയായി ഇവിടെ റ്റീവീയിലും സ്റ്റേജിലും വിലസുന്നവരെക്കുറിച്ചും എഴുതട്ടെ. അപ്പോള്‍ പ്രവാസിയുടെ അക്ഷരത്തിനു ഭംഗിയും കരുത്തും വരും.. ഇന്നലെയെന്നുയ്‌ വിലപിച്ചും നാളെയെന്നു സ്വപ്നം കണ്ടും എഴുതിയാല്‍ ഇനി ഭംഗിയാവില്ല. ഈ നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീരബല മലയാളത്തെ താങ്ങി നിര്‍ത്തുമോ? എത്രകാലം??

രാജ് said...

ചില നഗ്നസത്യങ്ങള്‍ - പൊടുന്നനെ തുണിയഴിച്ചിടുന്നതിന്റെ അമ്പരപ്പില്ല, ക്രൂരമായ ഒരു തമാശപോലെ ഉള്ളിലേക്കത് ഇറങ്ങി വരുന്നു - ഗള്‍ഫുകാരില്‍ അവഗണിക്കപ്പെടുന്നവര്‍ക്ക് വേണ്ടി ഇന്നലെകളിലും ഇന്നും ഒരു പക്ഷെ ഇനി നാളെയും ആരും ഒന്നും എഴുതിയെന്ന് വരില്ല. ദേവ് സൂചിപ്പിച്ച ഷണ്ഡത്വം പേറുന്നവരാണ് മിക്ക ഗള്‍ഫുകാരുമെന്ന തോന്നലാണ് എനിക്കും.

ഗള്‍ഫുകാരന്‍:
അവന്‍ കണ്ണടച്ചിരിക്കുന്നു.
അവന്‍ കാതുകള്‍ മൂടിയിരിക്കുന്നു.
അവന്‍ വായ തുറക്കുന്നതുമില്ല.
അവന്‍ കുറച്ചധികം സ്വപ്നങ്ങള്‍ കാണുന്നു.

അതുല്യ said...

മലയാള ഭാഷയിലെ എല്ലാ അക്ഷരവും എഴുതാൻ അറിയാം എന്നുള്ളതു കൊണ്ടു മാത്രം, ഭാഷ വഴങ്ങില്ല ചിലർക്കു, അതുകൊണ്ടാണു,
"ഷണ്ഡത"എന്ന വാക്കു ഉപയോഗിച്ചതു ചിലർ ഗൾഫ്‌ കാരെ പറ്റി. ക്ഷമിക്കാം അല്ലെ?? ചിലപ്പൊ വേറേെ ആരൊ എഴുതിയതു കണ്ടു പകർത്തി എഴുതിയതാവും, അർത്ഥം അറിയാതെ, ഷെയ്‌വിംഗ്‌ ക്രീം എടുത്തു തലയിൽ തേച്ച പോലെ.


പിന്നെ നാട്ടിലെ റോഡിലെ, ഒരോ കല്ലും എണ്ണി തിട്ടപെടുത്തി, ഒരു മലയാളി ഇരുന്നാ മതിയോ? കുട്ടികളുണ്ടവുമ്പോൾ നാട്ടിലെ റേഷൻ കാർഡിൽ പേരുചേർത്താ മാത്രം ഒരുവൻ "ഷണ്ഡത" ഇല്ലാത്തവൻ ആവുമോ? ആ റേഷൻ കാർഡ്‌ കൊണ്ടുപോയീ അരി വാങ്ങാൻ ചില്ലറ വേണ്ടെ? ബിരുധവും, ഉന്നത ബിരുധവും അതിൽ അപ്പുറവും ഉള്ളവരെ കൊണ്ടു വഴിയിൽ ഇറങ്ങി നടക്കാൻ മേല നാട്ടിൽ.

എവർക്കൊക്കെ ഒരു ജോലി കസേര കൊടുക്കാൻ ഇപ്പൊ നാട്ടിൽ ഇരുന്നു "ഷണ്ഡന്മർ" എന്നു നമ്മളെ വിളിക്കുന്ന ആൾകാർക്കു ആവുമൊ?? നാട്ടിലെ കുട്ടികൽ പിസ്സ ഹട്ടു തേടി വൈകുന്നെരം പോവുമ്പൊ, മൊബൈൽ ഫോണിൽ എസ്‌.എം.എസ്‌ വിടുമ്പോ, ഈ മണലാരണ്യത്തിലെ എത്രയോ കുഞ്ഞുങ്ങൾ വൈകുന്നെരം പ്രാർത്ഥന ചൊല്ലി സഹസ്രനാമം വയിച്ചു, മൃദഗം പഠിച്ചു, കീർത്തനം ചൊല്ലി ഇരിക്കുന്നു എന്നു അവർ അറിയുന്നുണ്ടോ?

പണ്ട്‌ കേരളത്തീന്നു 10 കഴിഞ്ഞ ഒരുമാതിരിപെട്ടവർ എല്ലാം ഒരു ട്രെയിൻ ടിക്കറ്റ്‌ എടുത്തു ബോംബെയിൽ എത്തിപെട്ടിരുന്നു. അന്നും കുറെ പേർ ഇതു പോലെ പറഞ്ഞു, "തെണ്ടിത്തരം കാരണം നാറ്റിൽ നിക്കൻ മേല,ഇനി ഇപ്പ്പോ ബോംബെ പോയീെ തെണ്ടട്ടെ ന്നു."ഒന്നൊ രണ്ടോ കൊല്ലം കഴിഞ്ഞു അവൻ അവധിക്കു കുറെ പച്ച നോട്ടുമായീ തിരിച്ചു വന്നപ്പോ, ഒല മേഞ്ഞ ഉമ്മറം സിമന്റ്‌ ഇട്ടപ്പൊ, ഇപ്പറഞ്ഞവർ പിന്നെ മാറ്റി മൊഴിഞ്ഞു," ദേ, , ശ്രീനീടെ 10 ഈ ഏപ്രിലിൽ കഴിയും, എന്തെങ്കിലും നീ ഒന്നു ആവുമെങ്കിൽ ചെയ്യ്ന്ന്"

അങ്ങനെ ഒരുപാടുൊരുപാടു വീട്ടിലെ അടുപ്പെരിഞ്ഞു, ഒരു പാടു "ശ്രീനീകൾ" ഉണ്ടായി. അന്നും ആരെങ്കിലും പറഞ്ഞോ ബോംബൈക്കു കുടിയെറിയവർക്കു നാടറിയില്ലാന്നു? അവൻ കഴിഞ്ഞ അവധിയെ കുറിച്ചോ, വറാൻ പോകുന്ന അവന്റെ അവധിയെ കുറിച്ചൊ പറഞ്ഞു നടന്നോ? അവന്റെ സന്തതിയെ പിന്നെ നാട്ടിലെ പെൺകുട്ടികൾക്കു കെട്ടി കൊടുത്തില്ലേ?


അങ്ങനെ ഉണ്ടായിപെട്ട, അല്ലെങ്കിൽ മലായാളി, കുടുംബം പോറ്റാൻ കണ്ടു പിടിച്ച മറ്റൊരു മുംബൊയാണു ഗൾഫും. തമ്പ്രാൻ നെല്ലു അളന്നു ഇട്ട ചാക്കു നിറഞ്ഞാൽ, അടിയൻ, മറ്റോരു ചാക്കു കാട്ടില്ലേ? അല്ലാ ബാക്കി നെല്ലു അവൻ, തിണ്ണയിൽ കമത്തി പോയി പട്ടിണി കിടന്നോ? അതുപോലെ മറ്റൊരു ചാക്കാണു മലയാളിയുടെ ഈ ഗൾഫ്‌ എന്ന്, എന്നാണു നിങ്ങൾ അറിയുക?.

ഇവിടെ എത്തി പെട്ട മലയാളി എന്നും മണ്ണിന്റെ ഗന്ധം കൊതിക്കുന്നു, മലയാളം കൊതിക്കുന്നു. നാട്ടിൽ നിൽക്കുന്ന എത്ര മക്കളുണ്ട്‌, രണ്ടു ബസ്സ്‌ സ്റ്റോപ്‌ താണ്ടി അമ്മയെ കാണാൻ പോകുന്നവർ? സ്വന്തം ജനിചു വലർന്ന സ്തലം ലീവെടുത്തു പൊകുന്നവർ? ഒരു പക്ഷെ കൊല്ലങ്ങളോളം പോകാതെ ഇരിക്കുന്നവരും ഉണ്ടാവും, പല കാരണങ്ങളാൽ. പക്ഷെ ഗൾഫിലെ മലയാളി, ഭൂരിഭാഗവും നാട്ടിലേക്കു ഓടി എത്തുന്നവർ ആണു.അല്ലെങ്കിൽ രാവിലെ മുതുൽ രാത്രി വരെ നാട്ടിലെ വിശേഷങ്ങൾ കൈമാറുന്നവർ ആണു. ഇതു "ഷണ്ഡതരം" അല്ല, അവന്റെ തിരിച്ചറിവാണു, നിങ്ങൾ നാട്ടിൽ ഉള്ളവർക്കു ഇല്ലാത്തത്‌.

ഇപ്പോ നാട്ടിൽ ഉള്ളവർ അനുഭവിക്കുന്ന സുഖ സമൃധി ഒരു പരിധി വരെ, ഈ ഗൾഫിൽ എത്തിപെട്ട മലയാളിയുടെ വിയർപ്പല്ലെ?? സുനാമിയുടെ കണക്കിൽ, എടുത്താ പൊന്താത്ത ഒരു അക്കം ഗൾഫുകാരന്റെ വക ഇല്ലെ?? അന്തർ ദേശീയ വിമാനത്താവളങ്ങൾ വഴി ഒരു പാടു കാശു രാജ്യത്തിനും, കുറെ ജോലിയും നാട്ടിൽ ഉള്ളവർക്കു കിട്ടിയില്ലേ? അല്ല അതൊക്കെ, സ്വന്തം നാടില്ലാത്തവന്റെ എന്നു കരുതി, ആരെങ്കിലും വേണ്ടാന്നു പറഞ്ഞോ? അല്ലാ പിന്നെ പറച്ചെറിഞ്ഞൊ?


അവധിക്കു നാട്ടിൽ വരുന്ന ഏതു ഗൾഫുകാരനെയും, ഏതെങ്കിലും ഒരു പിതാവെങ്കിലും, സമീപിച്ചിണ്ടുണ്ടാവും, ഒരു വിസക്കു വേണ്ടിയൊ അല്ലെങ്ങിൽ "ശോഭക്കു" ആലോചന ഒക്കെ ഒത്തു വരുന്നുണ്ടു, നിങ്ങൾ ഒക്കെയുണ്ടു എന്നതാണു ഒരു സമാധാനം എന്ന വക്കും കൊണ്ടു?? അല്ലാ സ്വന്തം മണ്ണു മറന്നു ഗൾഫിൽ പോയവന്റെ പൈസ നമ്മുക്കു വേണ്ടന്നു കരുതി മിണ്ടാതിരുന്നുവോ??


കമന്റിൽ പറഞ്ഞ പോലെ അവധി, രണ്ടാഴ്ചത്തെയെങ്കിലും,ആ അവധികൊണ്ടു ഒരു ജന്മം മുഴുവനും ആ കാലയളവിൽ ആവാഹിച്ചെടുക്കുന്നു ഞങ്ങൾ. മുണ്ടുടുത്തു, തലയിൽ തോർത്തു കെട്ടി നടക്കുന്നു, പുഴകൾ തേടി പോകുന്നു, ചെറുമിയെ കാണുന്നു, അൽപം സ്തലം കിട്ടിയാ, കൃഷി ഇറക്കാമോ എന്നു ആലോചിക്കുന്നു,അലഞ്ഞു നടക്കുന്നു, അമ്പലങ്ങൾ നവീകരിക്കുന്നു, പള്ളികൾ പണിയുന്നു, യതീൻ ഘാന ഉണ്ടാക്കുന്നു അവൻ.


നാട്ടിലുള്ള നിങ്ങൾ മണ്ണുള്ള മുറ്റം, സിമന്റ്‌ ഇട്ടു, രാവിലെ ടൂബു വച്ചൂ വെള്ളം ചീറ്റി കുട്ടികൾക്കു കളിക്കാൻ പാകമാക്കുന്നു. മണ്ണൊക്കെ കാലിൽ ആവുന്നതതു വൃത്തികേടല്ലേ?. ഞങ്ങൾ അബദ്ധത്തിനു മേടിച്ച അര നിക്കർ പിന്നെ നിങ്ങൾ ദേശീയ വസ്ത്രം ആക്കി ചന്താകടവിൽ പോകുന്നു. അങ്ങനെ പലതതിന്റെയും ഉപയൊഗത്തിനു നിങ്ങൾ ഞങ്ങളെക്കാളും അടിമയാകുന്നു. ആരു വരുമ്പോഴും രണ്ടു ജില്ലെറ്റ്‌ ബ്ലേഡ്‌ സെറ്റ്‌ വേണമ്മെന്ന്!! , അത്‌ ശീലമായീ പോലും. എന്തേ 5 രുപയക്കു കിട്ടുന്ന 7 ഓ ക്ലോക്ക്‌ ബ്ലേഡ്‌ കമ്പനി പൂട്ടിയോ? ഇതൊക്കെ ആയീട്ടു ഇങ്ങടു കയറണ്ടാന്നു ആരെങ്കിലും പറഞ്ഞോ? ഇതൊക്കെ ഒക്കെ ഇല്ലെങ്കിൽ വരണ്ടാ എന്നല്ലേ "തമാശ" രൂപേണ പറഞ്ഞു മനസ്സിലാക്കിയത്‌? പിന്നെയും തുടന്നു പറഞ്ഞതും, അടുത്ത തവണ വരുമ്പൊ................................ ബുദ്ധിമുട്ടാണെങ്കിൽ വേണ്ടാാട്ടൊ.... എന്നായിരുന്നീല്ലേ??

നാടു ഭരിച്ചു കുട്ടിചവറാക്കി,ചാണക വണ്ടി പോകുന്ന പരിസരം പോലെ. ആ വഴിക്കു മനുഷ്യർക്കു വരാൻ കഴിയാതെയായീ. പിന്നെ ശാപമായീ, "ഗൾഫ്‌ റിട്ടെൺ" എന്ന ലേബലും. നാടിന്റെ മക്കളായ ഞങ്ങളോടു, "ഇത്രയും കാലം ഞങ്ങളെ പോറ്റിയതല്ലേ, നിങ്ങൾക്കിനി, ഞങ്ങൾ, കോഴയില്ലാതെ , റേഷൻ കാർഡും, റേഷൻ അരിയും, മക്കൾക്കു വിദ്യഭ്യാസവും വെറുതെ താരാംന്നോ, ഞങ്ങള്ളാൽ ആവുന്നതു ചെയ്യാംന്നോ ഒക്കെ, ഔസ്റ്റ്രൈലിയ ഭരണാധികളും, അമേരിക്കാ ഭരണാധികളും, കാനഡ ഭരണാധികളും, പറയുന്ന പോലെ പറഞ്ഞാൽ ,തീർച്ചയായും ജനിച മണ്ണിന്റെ മക്കളായീ ഈ 45 താപ ഡിഗ്രിയുള്ളചൂടിൽ നിന്നു, എന്നും വരവിന്റെ പകുതി കാശു നാട്ടിലെക്കു ഫോൺ വിളിച്ചു , വേവലാതിപെട്ടു കളയാതെ, നാളെ തന്നെ, ഞങ്ങൾ എല്ലാം അങ്ങടു കേറി വരാം.


പൊറുതി മുട്ടി, വീട്ടിലെ അടുപ്പിൽ പുക ഉയരാനും, പെങ്ങളെ കെട്ടിക്കാനും, ഞങ്ങളെ പെറ്റ പുണ്യം ചെയ്തവരേ പോറ്റാനും ആയി കെട്ടു കെട്ടി പോന്നവരാണു എന്നു മനസ്സില്ലക്കുക, പിന്നെ ഞങ്ങൾ സുഖിയ്ക്കുകയല്ല, നാട്ടിലെ ഒരുപാടു പേരെ സുഖിപിക്കുകയാണു കൂട്ടുകാരാ.

ഇതു നാടായിട്ടുകാണാൻ ബുദ്ധിമുട്ടല്ലേന്നു ചോദിച്ചാ, നാടുവേണം എന്നു ശഠിച്ചാ മതിയോ? നാട്ടിൽ എതെങ്കിലും വേണ്ടേ?? മണ്ണും മരവും മാത്രം കാട്ടി കൊടുത്താ മക്കൾക്കു വയറു നിറയുമോ? അമ്മയേ തൂക്കി കൊല്ലണോ, വെടിവച്ചു കൊല്ലണോന്നു ദയവായി ചോദിക്കരുതു.


പിന്നെ ഏതൊരു കാര്യവും, "നിന്റെ അന്നം, ചിലപ്പോ എന്റെ വിഷം ആവുന്ന " പോലെയാണു. ചിലർ ലഡു ഇഷ്ടപെടുമ്പോൾ, ചിലർ സമ്പാർ കുടിക്കുന്നു അത്ര തന്നെ.


പിന്നെ, നാട്ടിലെ " ഓ അവന്മാരോക്കെ ഗൾഫുകാരല്ലേ, ഒരു പാടു കാശു കാണും, ഇങ്ങു പോരട്ടെ, ഇത്തിരി തന്നാലെന്താ" എന്നൊക്കെ കേക്കുമ്പൊ, പ്രതികരിക്കൻ അറിയാഞ്ഞിട്ടല്ല, തലക്കു മീതെ ആകശമുള്ളപ്പൊൾ, ഒരു പാടു കിളികൾ വട്ടമിട്ടുപറക്കും, എല്ലാത്തീനെയും ഓടിച്ചു കളഞ്ഞു മാനം കാണാംന്നു കരുതിയാ നടക്കില്ലാന്നു കരുതിയാണു മിണ്ടാതിരിക്കുന്നത്‌. പക്ഷെ അവയൊക്കെ വന്നു, ഈ പറഞ്ഞ കമന്റ്‌ പോലേ, പാവപെട്ട ഗൾഫുകാരന്റെ തലക്കു മീതെയ്‌, കൂടു കൂട്ടി ചിക്കി ചികഞ്ഞു കുളംതോണ്ടി കാഷ്ടിക്കുകയും, , " ഷണ്ഡത" പോലെയുള്ള വാക്കുകൾ ഒക്കെ ഉപയോഗിക്കുകയും ചെയ്താൽ, ആ കിളിയെ ഇതു പോലെ വെടി വച്ചു കൊല്ലുകയേ നിവർത്തിള്ളു

ഇതു വരെ വായിച്കതിൽ, ഒരു പാടു കടുത്ത വാക്കുകൾ പെട്ടന്നുണ്ടായ അഭിമാനക്ഷതമൂലം ഉപയോഗിച്ചു കാണും, ക്ഷമിക്കുക.

Kalesh Kumar said...

അതുല്യ ചേച്ചീ, ഞാൻ പറയാൻ ബാക്കി വച്ചത് അതിശക്തമായും സുന്ദരമായും പറഞ്ഞതിനു നന്ദി!

പ്രിയ ദേവരാഗമേ, നിങ്ങളെയും എന്നെയും പോലെ ഒരു ഗൾഫുകാരി എഴുതിയതാണ് ദാ ഈ കമന്റ്- “മണ്ണും മരവും മാത്രം കാട്ടി കൊടുത്താ മക്കൾക്കു വയറു നിറയുമോ?“ “അമ്മയേ തൂക്കി കൊല്ലണോ, വെടിവച്ചു കൊല്ലണോന്നു ദയവായി ചോദിക്കരുത്”. ഈ വാക്കുകളിൽ ശക്തിയില്ലേ , കരുത്തില്ലേ? ഇതുപോലെ അല്ലേൽ ഇതിനെക്കാളും മനോഹരമായി എഴുതാൻ കഴിയുന്നവർ നമ്മുക്കിടയിലുണ്ട്. ഇതുവരെ ആരും വന്നില്ലെന്നു പറഞ്ഞ് ഇനി ആരും വരില്ല എന്നു പറയാമോ? പലരും എഴുതാത്തത് സാഹചര്യങ്ങൾ ഇല്ലാത്തമൂലമായിരിക്കില്ലേ? പിന്നെ പരിമിതികൾ മൂലവും. അല്ലേ? ഒരു ജീവിതം തന്ന ഈ ദേശത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നത് ഷണ്ഡതയാണോ?

ശമ്പളം കിട്ടാതെ തൊഴിൽ മന്ത്രാലയത്തെ അഭയം പ്രാപിച്ചവർ ഇവിടെ ഗൾഫിൽ മാത്രമേയുള്ളോ? വേശ്യാ‍ലയങ്ങളിൽ കുടുങ്ങിയ മലയാളി നേഴ്സുമാർ ഇവിടെ ഗൾഫിൽ മാത്രമേയുള്ളോ?വീട്ടുവേല ചെയ്യുന്ന മലയാളികൾ ഇവിടെ ഗൾഫിൽ മാത്രമേയുള്ളോ?ഇതൊക്കെ ലോകത്തെല്ലായിടത്തും നടക്കുന്ന പ്രശ്നങ്ങളല്ലേ? ഈ കാര്യങ്ങൾ മാത്രമേയുള്ളോ ഗൾഫിൽ? ഈ കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ലേ ഗൾഫുകാരനെഴുതാൻ? “മൂന്നാമിടം”
ഓൺലൈൻ എഡിഷനിൽ ഒരു പ്രവാസി തന്റെ അനുഭവക്കുറിപ്പുകൾ എഴുതിയിരുന്നു. അത് വാ‍യിച്ചിട്ടുള്ളവർക്കറിയാം അതിന്റെ സൌന്ദര്യവും തീഷ്ണതയും. നിർഭാഗ്യവശാൽ മൂന്നാമിടം ഓൺലൈൻ എഡിഷൻ ഇപ്പോൾ ഇല്ല. അല്ലായിരുന്നെങ്കിൽ ആ ലിങ്ക് ഞാൻ തരാമായിരുന്നു.

രാജ് said...

ഷണ്ഡത്വം എന്ന വാക്ക് വാച്യാര്‍ത്ഥത്തില്‍ ശരീരത്തെ സംബന്ധിക്കുന്നതാവും. സാമ്പത്തികമോ സാമൂഹികമോ ആയ ഷണ്ഡതയാണു് ദശവര്‍ഷങ്ങളോളം ഗള്‍ഫ് നാടുകളില്‍ താമസിച്ചാലും ഗള്‍ഫുകാരന്‍ നേടുന്നതെന്നുള്ള കമന്റില്‍ എന്താണിത്ര നോവാനുള്ളത്? ഇവിടെ ഇരുപതുകൊല്ലം ജോലി ചെയ്താലും കലേഷോ അതുല്യയോ നേടുന്നതിന്റെ 3-4 ഇരട്ടി ശമ്പളം അതേ ജോലി ചെയ്യുന്ന അറബിയ്ക്കും വെള്ളക്കാരനും ലഭിക്കും. മറുത്തൊന്നും പറയാതെ നിങ്ങളത് വാങ്ങി തുടര്‍ന്നും ജീവിക്കും. മറുത്ത് പറയാത്തതെന്തേ? സാമ്പത്തിക ഷണ്ഡത്വം എന്ന് ദേവ് അതിനെ വിളിക്കുന്നതില്‍ അപാകതയുണ്ടോ?

നിങ്ങള്‍ ആത്യന്തികമായി ഒരു രാജ്യത്തിന്റെ ഉന്നമനത്തിനുവേണ്ടി (പ്രതിഫലേച്ഛയോടുകൂടി തന്നെ) പ്രവര്‍ത്തിക്കുന്നു. പകരം ആ രാജ്യം നിങ്ങള്‍ക്കെന്ത് മടക്കി തരുന്നു? മാനുഷികമായ പരിഗണനകള്‍ പോലും നിങ്ങളോട് തിരികെ കാട്ടുന്നില്ലെന്നാവുമ്പോള്‍? എങ്കിലും നിങ്ങള്‍ പ്രതികരിക്കുകയില്ല.

ഗള്‍ഫ് സ്റ്റേറ്റുകളുടെ സ്വഭാവം ഈവിധമല്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇവിടുത്തെ പട്ടിണിപ്പാവങ്ങളായ തൊഴിലാളികളെ കണ്ടിട്ടില്ല, സ്വരുക്കൂട്ടിയുണ്ടാക്കുന്നതെല്ലാം ഈയിടങ്ങളില്‍ തന്നെ ചിലവാക്കേണ്ടി വരുത്തുന്ന മുതലാളിത്ത ഭരണകൂടങ്ങളെപ്പറ്റി നിങ്ങള്‍ ബോധവാന്മാരല്ല. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ ഭരണകൂടത്തിനു് അക്ഷരാത്ഥര്‍ത്തില്‍ നിങ്ങളോട് യാതൊരു സാമൂഹിക പ്രതിബന്ധതയുമില്ലെങ്കില്‍, നിങ്ങളതറിഞ്ഞിട്ടും നിങ്ങള്‍ പ്രതികരണശേഷിയില്ലാത്തവരാണെങ്കില്‍ അതിനെ സാമൂഹിക ഷണ്ഡത്വം എന്ന് അതനുഭവിക്കുന്ന മറ്റൊരാള്‍ പറയുന്നത് കേട്ട് രോഷം കൊള്ളുന്നതില്‍ എന്താണിരിക്കുന്നത്?

Kumar Neelakandan © (Kumar NM) said...

പോസ്റ്റുകളേക്കാൾ കമന്റുകൾ നീളുന്നു...

വാദങ്ങളെക്കാൾ പ്രതിവാദങ്ങൾ നീളുന്നു...

പരസ്പരം ഗൾഫുകാരും നാട്ടുകാരും എന്ന രണ്ടുകണ്ണിൽ കാണുന്നു...

എവിടെയൊക്കെയോ എന്തൊക്കെയോ തകിടം മറിയുന്നു...

ഗ്വാ ഗ്വാ വിളികൾ ഒഴിവാക്കാം നമുക്ക്...
നമുക്ക് രണ്ടുനാട്ടുകാർ അല്ലാതാവാം.

നമുക്ക് ചിരിക്കാം. കരയാം. കലഹിക്കാതിരിക്കാം.
എല്ലാത്തിലുമുപരി നമുക്കു ജീവിക്കാം.

aneel kumar said...

“സാമ്പത്തികമോ സാമൂഹ്യമോ ആയ ഏതോ കാരണത്താല്‍ വരിക്കുന്ന ഒരു ഷണ്ഡതയാണ്‌ മിക്കവരുടെയും ഗള്‍ഫ്‌ വാസം“ എന്നതിൽ ഇത്രമാത്രം പ്രകോപനപരമായി എന്തെങ്കിലും ഉണ്ടോ?
പ്രത്യേകിച്ചും ദേവരാഗം(?) അതേക്കുറിച്ച് വീണ്ടും വിശദമാക്കിയശേഷവും?
ദേവരാഗത്തിന്റെയും കലേഷ് ചേതന പെരിങ്ങോടൻ എന്നിവരുടെയും കമന്റുകൾ ഒക്കെ ഒത്തുവച്ചു നോക്കിയിട്ടും എനിക്കിപ്പോഴും പ്രകോപനത്തിന്റെ ആ വശം മാത്രം മനസിലാക്കാൻ കഴിയുന്നില്ല.
“ ഷണ്ഡത“ എന്ന വാക്ക് ആണ് പ്രകോപനമാകുന്നതെന്നാണ് തോന്നുന്നത്.
എല്ലാവരും കാര്യങ്ങൾ തനതു വീക്ഷണങ്ങളിൽ പറഞ്ഞു എന്നു മാത്രം.
ഒരു നിരീക്ഷണമുണ്ട്, നേരിൽ ദൈനംദിനം കാണാനും ഭാഗമാകാനും കഴിയുന്ന നേര്.
മലയാളികളിലെയും മറ്റുരാജ്യങ്ങളിലെയും (ഗൾഫിൽ ജോലിചെയ്യുന്നവരിലെ) മഹാഭൂരിപക്ഷത്തിനും ശബ്ദമില്ല, ഉള്ളത് ചില സംഘടനകൾക്കും ബിസിനസ് വമ്പന്മാർക്കും മാത്രം. അവർ പറയുന്നതിന്റെയും പ്രവർത്തിക്കുന്നതിന്റെയും അലയൊലികൾ മാത്രമേ കാറ്റ് കൈമാറുന്നുള്ളൂ.

പാപ്പാന്‍‌/mahout said...

അനിൽ പറഞ്ഞതു തന്നെ.

ഈ കമന്റുകൾ മുഴുവൻ വായിച്ചപ്പോൾ എനിക്കു തോന്നുന്നതു വാസ്തവത്തിൽ ദേവനും, അതുല്യയും ഏകദേശം ഒരേ അഭിപ്രായങ്ങൾ തന്നെയാണെഴുതുന്നതെന്നാണ്. ജീവിക്കാൻ ഒരു പഴുതുനേടി ഉലകം ചുറ്റേണ്ടി വരുന്ന മലയാളിയുടെ തലയിലെഴുത്ത്. “സാമ്പത്തികമോ സാമൂഹ്യമോ ആയ ഏതോ കാരണത്താല്‍ വരിക്കുന്ന ഒരു ഷണ്ഡത“ എന്നല്ലേ ദേവൻ എഴുതിയത്. അതിൽ കുറ്റപ്പെടുത്തലല്ല, മറിച്ച് നിവൃത്തികേടാണു നിഴലിക്കുന്നത്. അച്ഛന്റെ വാർദ്ധക്യം ഏറ്റുവാങ്ങാൻ നിർബ്ബന്ധിതനായ പൂരുവിനെയാണ്, അല്ലാതെ ജന്മനാ ഷണ്ഡനായ പാണ്ഡുവിനെയല്ല, ഞാനതിൽ വായിച്ചത്. അതുല്യ എഴുതിയതിനെപ്പറ്റി, ഗൾഫിന്റെ പണം ഗള്ഫിലല്ലാത്ത മലയാളിക്കു ചെയ്യുന്ന ഉപകാരത്തെപ്പറ്റി, ദേവനുൾപ്പെടെ ആർക്കെൻകിലും എതിരഭിപ്രായമുണ്ടാകുമെന്നു തോന്നുന്നില്ല.

അമേരിക്കൻ മലയാളിയെപ്പറ്റി സ്വന്തം അനുഭവത്തിൽ നിന്നെഴുതണമുണ്ട്. സമയക്കുറവിനാൽ അതു പിന്നെയാകട്ടെ.

(കുമാറിന്, ഈ വാഗ്വാദങ്ങളല്ലേ ഇവിടത്തെ രസം? എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും “ആഹാ, കൊള്ളാം” എന്നു മാത്രം പറയുമ്പോഴുള്ള ഏകതാനത അസഹ്യം. “സോദരർ തമ്മിലെ പോരൊരു പോരല്ല, സൌഹൃദത്തിന്റെ കലങ്ങിമറിയലാം” എന്നോ മറ്റോ അല്ലേ പ്രമാണം?)

Anonymous said...

"ഏറ്റുവാങ്ങാൻ നിർബ്ബന്ധിതനായ പൂരു" anganeyaaNO? alla ennaaNente abhipraayam. gulfil vanna aadyathalamuRayepatiyaaNenkil ee paRanjathokke kuReyERe sathyam. ippO iviTutthe sthhithi aRinjiTTum iviTe varaan thOnnunnath~ lOTTari eTukkaan thOnnunnapOleyallE? oru vyaamOham? -S-

അതുല്യ said...

ഗൾഫ്‌ മലയാളികളെ കുറിച്ചു പറയുമ്പോൾ, തിളക്കുന്ന ചോര കണുന്നതിലും, അതു കമന്റ്സ്‌ ആയിട്ടു കയറി വരുന്നതിലും എനിക്കു അഭിമാനം തോന്നുന്നു.

പക്ഷെ, മി. ദേവരാഗം തുടക്കം കുറിച്ച "ഷണ്ഡത " കുറിപ്പിൽ, "ഞാനടക്കം ഉള്ളവർ കാണിച്ച "ഷണ്ഡത " എന്നു എഴുതിയിരുന്നെങ്കിൽ"" ഓഫീസിൽ ഇരുന്നു ബ്ലോഗ്‌ എഴുതിയവരുടെ കുറെ ഓഫീസ്‌ പണി തീർനു കിട്ടിയേനെ ഇല്ലെ? കണ്ണുള്ള നമ്മൾ, ഒരു അന്ധൻ മതിലിനു അപ്പുറത്തെ വിശേഷം പറയുന്നതു കേട്ടു തല കുലുക്കുന്നതു ശരിയല്ലാ എന്നു തോന്നിയതു കൊണ്ടാണു, ഇവിടുത്തെ ചുറ്റുപാടുകളെ കുറിച്ചു കൂടുതൽ പറഞ്ഞതു ഞാൻ ഇന്നലേ. നിങ്ങൾ ഒരു പ്രവാസി ആണെന്നു വൈകി എങ്കിലും അറിഞ്ഞതിൽ സന്തൊഷം.

പക്ഷെ, ഇനി ദയവായി സോദരൻ ആരോടും, ഒരു പ്രവാസിയോടും "നാടു വേണോ, അതോ, ഇവിടം മതിയോ എന്ന സർവേ ചോദ്യവുമായീ സമീപിക്കരുതു. അമ്മയില്ലാ കുഞ്ഞുങ്ങളൊട്‌, "അമ്മയുണ്ടായീരുന്നെങ്കിൽ, ആ മാറിലെ ചൂടിനു എന്തു സുഖം, സൊൌഖ്യം, അതു നിങ്ങൾ അറിയാൻ ഭാഗ്യമുണ്ടായീല്ലോ, സങ്കടമാണു നിങ്ങളുടെ കാര്യം" എന്നു പറയുന്നതു പോലെ ആവും. അപ്പോ, അവർ, അമ്മ ഉണ്ടെങ്കിൽ നന്നു, അല്ലെങ്കിൽ, "ഈ അനാധാലയം നന്നു എന്നു" പേടിച്ചു പറഞ്ഞു പോകുന്നു. സഹതാപം നമുക്ക്‌ ഒരു പാടു വേദന കൂട്ടുന്നു എന്നു, എന്നാണു നിങ്ങൾ അറിയുക?


പിന്നെ പെരിങ്ങൊടർ അവർകളെ, ഇവിടെ എത്തിപെട്ട നമ്മൾക്കു, തതുല്യ വേതനമോ, മറ്റു അടിസ്താന സൌകര്യങ്ങളൊ ഒക്കെ നൽകാൻ ഭരണാധികാരികൾ കൂട്ടാക്കുന്നില്ല, അല്ലെങ്കിൽ നമ്മൾ അതു ശിരസ്സാ നമിച്ചു വാങ്ങുന്നു എന്നു എഴുതി കണ്ടു. ആ സ്തിതിവിശെഷം ഉണ്ടക്കിയതു നമ്മൾ തന്നെ അല്ലെ? എം.ബി.എ ഒ, എം.സി.എ ഒക്കെ പഠിച്ചവർ എക്സ്‌-പറ്റട്‌ സാലറി എന്നു ഏമാൻ ചോദിക്കുമ്പോൾ, ഞാൻ "ഇത്ര.... കിട്ടിയാലെ വരൂ"" എന്നു എന്തു കൊണ്ടു പറയുന്നില്ല? വിസ മതി സാറെ, ശമ്പളം വേണ്ടാന്നു വരെ പറയുന്നു ചിലർ ഇല്ലെ?

നാട്ടിലെ പോലെ, ആക്രി കടയിൽ നിന്ന ഉദയകുമാറിനെ പിടിചു കൊണ്ടു പോയീ ഉരുട്ടുകൊയൊ, സഹോദരന്റെയോ,മകന്റെയോ, കണ്മുമ്പിൽ അമ്മ പെങ്ങമാരെ നഗ്ന ആകുന്ന സ്തിതിവിശേഷമോ, പെറ്റ്രൊൾ പമ്പിൽ പെറ്റ്രൊൾ അടിചു നിന്ന സാബുവിനെ വെട്ടി വീഴുതുകയോ ഒരു മലയാളി ചെയ്യുന്നില്ല. ഇവിടുത്തെ ഭരണകൂടത്തിലും അവർ തുടരുന്ന നിയമത്തിലും വിശ്വാസം കുറവെങ്കിലും, ഭയം ഉണ്ട്‌ ഇവിടുത്തെയ്‌ നാട്ടുകാർ, ഇന്ത്യക്കാരുടെ ഭാര്യാമാരെ കേറി പിടിച്ചതായീ അറിവില്ല. സമ്മതത്തോടെ എന്തൊക്കയൊ അരുതാത്തതു നടക്കുന്നുണ്ടാവും. അതു വിഷയമാക്കണ്ട കാര്യം നമുക്കില്ലലോ.


പിന്നെ ഈ ഭൂലോകത്തു എവിടെ ആയാലും കിട്ടുന്ന ജോലിയും, അതിനു കിട്ടുന്ന കൂലിയും ഒക്കെ തലയിലെഴുതിന്റെ ഭാഗം അല്ലെ? 10 പഠിക്കാത്ത ഒരു മലയാളി ഒരുവൻ ഇവിടുത്തെയ്‌ എയർപ്പൊർട്ടിലെ ഏതൊ വകുപ്പിന്റെ മേലാളൻ ആണു, മാസം എകദേശം 25,000 ദിർഹംസ്‌ (നാട്ടിലെ 3 ലക്ഷം) ശമ്പളം ഉണ്ടാവും. അറബി അറിഞ്ഞു വച്ചതാ 30 കൊല്ലം മുമ്പു. എം.സി.ഏ കാരൻ നിലവിളിചിട്ടു കാര്യമുണ്ടൊ? അതു പോലെ അറബികൾ, ഇവിടുത്തെ ഇറാനിയൻ മാർകെറ്റിൽ ഉരുവിൽ നിന്നു ചുമടു എടുക്കുന്നതും മലയാളിയിൽ നിന്നു കൂലി വങ്ങുന്നതും കാണാം. ലുലുവോ അറ്റ്ല്ലസ്സോ പോലെ ആസ്തിയുള്ള അറബികൾ എത്ര കാണും?


റിലയൻസ്‌ അംബാനിടെ മക്കൾ, ഒരു പുലരിയിൽ കസേരയിൽ കയറി ഇരുന്നു ഭരിക്കുന്നില്ലെ? അവിടെ 30 കൊല്ലം ആയി കവറിൽ ഷെയർ ബ്രോച്ചർ ഇട്ടു സ്റ്റാമ്പ്‌ ഒട്ടിക്കുന്നവൻ ഇതു കണ്ടു അലറി വിളിചിട്ടു കാര്യമുണ്ടോ? ഇന്ദിരാ ഗാന്ധി മരിച്ചിട്ടു, ചോര ചൂടാറുന്നതിനു മുമ്പു, രാജീവ്‌ ഗാന്ധി കസേരയിൽ കയറി ഇരുന്നു. പി.സി. അലക്സാണ്ടർ ഒരു ബുക്കിൽ പറഞ്ഞതോ ഇത്‌. പ്രെസിഡന്റിനോടു പോലും വേണ്ടവണ്ണം ആലോചിച്ചില്ലന്നു?? കോൺഗ്രസ്സ്‌ അണികളെ ഒന്നു നേരാംവണ്ണം കോട്ടു വായ വിടുവാൻ പോലും വായ തുറക്കാൻ നേതാക്കന്മാർ സമ്മതിച്ചില്ലാ. വെയിലു കൊണ്ടു ജാധ നടത്തിയ കുട്ടി നേതാവു കൂകി വിളിച്ചു തൊണ്ട പൊട്ടിയതു മിച്ചമായില്ലേ? അപ്പൊ, ചിലരൊക്കെ
ജനിച്ച സമയത്തിന്റെയും തലയിലെ വരയുടെയും ഒക്കെ ബലത്തിൽ പല വിധമായി തീരുന്നു.


ഒരു ചേരും പടി ചേർക്കൽ മനസ്സിൽ ഉണ്ടായാൽ, മനസ്സിൽ ചേർക്കപെട്ടു എന്നു വരും , പക്ഷെ, പോക്കറ്റിലോട്ടു ഒന്നും വീഴില്ല. എത്ര തട്ടിയാലും "ഇരുമ്പു" "തങ്കമായ" ചരിത്രമുണ്ടൊ?? ബ്ലോഗിൽ എഴുതുന്നതു ഒഴിച്ചു, എല്ലാത്തിനും, ഒരു പരിധി ഉണ്ട്‌. അത്രക്കേ അതു മാറ്റപ്പെടൂ.

പിന്നെ, ഗൾഫുകാരന്റെ "നാളെ" യെ കുറിച്ചു ഇവിടെ പറഞ്ഞു കേട്ടു. ആർക്കു, ഇവിടെയാണു ഒരു "നാളെ"യുള്ളതു? എപ്പോഴും "ഇടി" നിൽക്കാവുന്ന് ഒരു ഹൃദയമല്ലേ എല്ലാർക്കും ഉള്ളതു? അല്ലാ, വല്ല, എക്സ്പയറി ഡേറ്റുമായീ ജനിച്ച വല്ലവരെയും ആരെങ്കിലും ഈയിടക്കു കണ്ടുവോ? ഇന്നു ഈ നിമിഷം മാത്രം അല്ലെങ്കിൽ, കഴിഞ്ഞ കാലം മാത്രമാണു എല്ലാരുടെയും സ്വന്തം എന്നു ആരെങ്കിലും മനസ്സിലാക്കുന്നുവോ?


പ്രിയൻ : എന്റെ വാക്കുകൾ മുദ്രവക്യം ആക്കി, അലറി വിളിക്കുമ്പോ, റോയൽറ്റീടെ കാര്യം മറക്കണ്ടാട്ടൊ.

ദേവന്‍ said...
This comment has been removed by a blog administrator.
ദേവന്‍ said...

എന്റെ ബർ-ദുബായി ശിവനേ!!
പ്രൊഫൈലിൽ സ്ഥലമുള്ളതുകൊണ്ട് ആദ്യം പറയാൻ വിട്ടതായിരുന്നു എന്റെ മരുഭൂവാസം. അതു കുഴപ്പമായെന്നു കണ്ടിട്ടാണ് കലേഷിനോട് ഞാനും പ്രവാസിയാണെന്നു പറഞ്ഞത്. അതു പോട്ടെ, എനിക്കുമാത്രമല്ല ഏതു സി ബി ഐ ക്കാരനും പത്തിരുപത് അബദ്ധമൊക്കെ പറ്റും (നാളെ പറ്റാവുന്നതിനും കൂടി ഇടം ഇട്ടു പറഞതാണ്)

പെരിങ്ങോടന്റെ “ഗൾഫ് ബ്ലോഗ്ഗർ“ എന്ന ക്യാൻ‍വാസിൽ നിന്നും പുറത്തേക്കു കമന്റുകളെ തിരിക്കേണ്ടെന്നു കരുതി മുങ്ങാൻ തുടങ്ങുകയായിരുന്നു. എന്നാലും എല്ലാവരെയും ചൊടിപ്പിച്ച “പ്രവാസമെന്ന ഷണ്ഡത“യെക്കുറിച്ച് – ഞാൻ അടങ്ങുന്ന, ഞാനും ഭാഗഭുക്കായ പ്രവാസിയുടെ ഷണ്ഡതയെപ്പറ്റി കൂടുതൽ പറയാതെ വയ്യാ. ഞാൻ കാണാത്ത, ഞാൻ നേരിട്ടു പരിശോധിച്ച് ബോധ്യം വരാത്ത കാര്യങ്ങൾ ഒന്നും പറയുന്നില്ല ഇവിടെ.

ഷണ്ഡത്വം എന്ന വാക്ക് ഒഴിവാക്കി, മനപ്പൂർവ്വം ഷണ്ഡത എന്നെഴുതിയതാണ് ഞാൻ, അന്ധത എന്നപോലെ എന്തോ ഒരു വിശേഷം ഇല്ലാത്ത അവസ്ഥയാണ് ഞാൻ കാണുന്നത് എനിക്കു ചുറ്റും.

ഷണ്ഡതയെന്നാൽ നപുംസകമായിരിക്കുന്ന – പുരുഷനും സ്ത്രീയും അല്ലാതെ ആയ- അവസ്ഥയെന്ന് അർത്ഥം.

1. കേരളം കഴിഞാൽ ഏറ്റവും കൂടുതൽ മലയാളികൾ ജീവിക്കുന്നത് അറേബ്യൻ ഗൾഫിലാണ്. ഞാൻ താമസിക്കുന്ന എമിറേറ്റിലെ ഏറ്റവും വലിയ ജനവിഭാഗമാണ് മലയാളി. എന്നാൽ, പൊതുധാരകളിൽ മലയാളിയെ കാണാനില്ല. ജുമൈരാ ബീച്ചിലെ അഴുക്കൊന്നു അടിച്ചുവാരാൻ ഒറ്റ മലയാളി പോലും വന്നില്ല, സായിപ്പും കറുമ്പനും സർദാറും അറബിയും ആണും പെണ്ണൂം കുഞ്ഞുമായി വന്നു. (ഏതോ ഒരുത്തന്റെ നാട്, എനിക്കെന്റെ പാട്)

2. എന്റെ ട്രെയിനി അറബി പയ്യന്റെ നിരീക്ഷണം – “ എന്റെ കാറു കരണം മറിഞ്ഞ് ഞാൻ റോഡിൽ വീണ് നിലവിളിച്ച് അപേക്ഷിച്ചാൽ കണ്ടില്ലെന്നു നടിച്ച് ആരെൻകിലും പോയാൽ ഉറപ്പിച്ചു പറയാം അത് ഒരു മലബാറി ആണെന്ന് ( ഗൾഫുകാർ അല്ലാത്തവർക്ക്- മലബാറി എന്നാൽ മലയാളി എന്നേ അറബികൽ ഉദ്ദേശിക്കാറുള്ളൂ.)

3. അടുത്ത വീട്ടിൽ നിന്നൊരിക്കൽ ജോലിക്കാരി സ്ത്രീ വീട്ടുകാരിയുടെ തല്ലു സഹിക്കവയ്യാതെ ഇറങ്ങിയോടി എന്റെ വീട്ടിൽ കയറി . തല്ല്ലിയവളും കൊണ്ടവളും മലയാളി. തല്ലിന്റെ തുടക്കമോ “ ഐ വാസ് ഇൻ അ ഹൊറിബിൾ മൂട് ആഫ്റ്റെർ മൈ ഡയറക്‍റ്റർ ഷൌട്ട്ഡ് അറ്റ് മി” – സായിപ്പിനെ കണ്ടാൽ-ഏതു വെള്ളപ്പാണ്ട് പിടിച്ചവനെ ആയാലും- പഞ്ച്പുശ്ച്മടക്കുകയും കണ്ടപാവത്തിനോടൊക്കെ അരിശം തീർക്കുകയും ചെയ്യുന്നത് പൌരുഷമോ സ്ത്രൈണതയോ അതൊ മറ്റെന്തെൻകിലുമോ?

4. ഇരുനൂറോളം അംഗീകൃത മലയാളി സംഘടനകൾ ദുബായിൽ ഉണ്ടെന്നാണ് അറിവ്. സ്വർഗ്ഗരാജ്യം കൈപ്പറ്റാനായി ചില്ലറ ചാരിറ്റി കളക്ഷൻ, പിന്നെ കൂട്ടുകൂടി കുടിക്കാനും ആഭരണവും പട്ടുസാരിയും പ്രദർശിപ്പിക്കാനുമല്ലാതെ ആരെൻകിലും ഒത്തുകൂടിയിട്ടുണ്ടോ?

5. സ്വതം, പൌരുഷം, സ്ത്രൈണത എന്നൊക്കെ അഭിമാനത്തിൽ പറയാൻ ഓരോ നാട്ടിലെയും മലയാളിക്കു കുറച്ചെൻകിലും ഉണ്ടാവും. അറ്റ്ലസും ആലൂക്കാസും കണ്ടാൽ നമ്മൾ അഭിമാനിക്കണോ അതോ നാട്ടെലെ ഊപ്പ യെമ്മെല്ലെയെയും കാത്ത് രാവിലെ തന്നെ ഏയർപ്പോർട്ടിൽ വന്നു കുത്തിയിരിക്കുന്ന അതിന്റെ ഉടമയെ കണ്ടിട്ടും വെറുതേ ഇരിക്കേണ്ടി വന്ന പൌരുഷമില്ലാത്ത അവസ്ഥയെപറ്റി ലജ്ജിക്കണോ എന്ന കാര്യം പോകട്ടെ.


6. വേശ്യാലയങളിൽ കുടുങ്ങിയ നെഴ്സുമാരെ പോലീസ് അറിഞ്ഞു ജയിലിൽ പോയി മാനവും നാട്ടിൽ ജീവിക്കാനുള്ള സാഹചര്യമില്ലാതെയാകാതെ മോചിപ്പിച്ച് തിരിച്ചയക്കാൻ ഒന്നോ രണ്ടോ മലയാളി ഒഴിച്ചാൽ ആരും പോയില്ല. നമ്മൾ വിവരം കെട്ടവെന്നു വിളിച്ചാക്ഷേപിക്കുന്ന പലരും വന്നു.
പെട്ടുപോയ പാവം സ്ത്രീകൾഎ കണ്ടിലെന്നു നടിച്ച് ഓണസദ്യക്കു കസവുമുണ്ടുമുടുത്ത് അൽ നാസർ ലെഷർ ലാന്റിലേക്ക് പോയവരെ കണ്ടാഅൽ എന്തു തോന്നണം?

എഴുതാനും വായിക്കാനും അറിയാവുന്നവനും എഴുതാൻ സമയവും സാവകാശവും ഉള്ളവർ ഇല്ലാത്തതുകൊണ്ടാണോ കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികളുള ഗൾഫിൽ ആൾക്കൂട്ടം പോലെ ഒരു പ്രവാസ നോവെലൊ പോട്ടെ കൊള്ളാവുന്ന ഒരു വാരികയോ ഇറങ്ങാത്തത്? (കലേഷ് പറഞ്ഞ സംഭവം ഞാൻ കണ്ടിട്ടില്ല, കടയിൽ ഗൾഫ് മലയാളി, നേർവഴി, പെരുവഴി, പ്രവാസി എന്നൊക്കെ ഓരോന്നു കാണാറുണ്ട്)

പ്രവാസിയായതിൽ അഭിമാനിക്കാവുന്ന പല സമൂഹ്യ പ്രവർത്തനങ്ങളും സിഖ് മതക്കാരും പാകിസ്ഥാനികളും ചെയ്യുന്നുണ്ടിവിടെ. അവരെക്കാൾ എന്താണാവോ നമുക്കു കുറവ്? അംഗബലമോ അർത്ഥബലമോ ആത്മാർത്ഥതയോ കഴിവോ?

സിംഗപ്പൂരിനു ചെങ്ങറവീട്ടിൽ ദേവൻ നായർ പ്രസിഡന്റാകാം. നെല്ലിയാട്ടെ മനോജിനു ഹോളിവൂഡിൽ തിളങ്ങാം, കടവൂർക്കാരൻ വിശ്വനാഥനു പാരീസ് കലാഗ്രാമത്തലവനാകാം, കുഞനന്തൻ നായർക്കു ബെർലിനിൽ ചെമ്പട നയിക്കാം, ഗൾഫുകാരനു എന്നും പത്തേമാരിയിൽ തണ്ടുവലിക്കാരനായി കൂടി പേർഷ്യൻ കടപ്പുറത്ത് ചായക്കട നടത്തിയ കാക്കാന്റെ അന്തസ്സു മതിയെന്നോ? എനിക്കത് പോരാ. ഒട്ടും പോരാ. വലിയ തത്വചിന്തകർ വേണം, എഴുത്തുകാർ വേണം, ഈ നാടിന്റെ പ്രഗത്ഭ വാഗ്മികളും, മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകരും, ചിത്രകാരന്മാരും, സാമൂഹ്യ പരിഷ്കർത്താക്കളും മാറ്റത്തിന്റെ തേരാളികളുമൊക്കെയാകണം മലയാളി. കഴിയില്ലെന്നുണ്ടോ ഈ കണ്ട ദശലക്ഷത്ത്തിൽ ഒരു മനുഷ്യനും ഇതൊന്നുമാകാൻ?

(N B അതുല്യ പറഞ്ഞ 25000 ദിർഹക്കാരൻ എയർപോർട്ട് മേധാവിയെ ഞാനിന്നു രാവിലെ കണ്ടിരുന്നു. ലോകം എത്ര ചെറുതാണ്! )

Visala Manaskan said...

ഒരു സംശയം. എന്താണ്‌ ചർച്ചാവിഷയം?? ഷണ്ടത്തം ആണോ?? അത്‌ വേണോ?? (ശരിക്കുള്ള 'ണ്ട' കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല. ക്ഷമി)

ഇതുപോലുള്ള ചർച്ചകൾ എല്ലാം സാധാരണക്കാരന്‌ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെയാണ്‌. ഒരാൾ പറയുമ്പോൾ അതാണ്‌ കേമമെന്നും മറ്റയാൾ പറയുമ്പോൾ അതാണെന്നും തോന്നും. കുടമാറ്റം കഴിഞ്ഞാൽ എല്ലാം മറക്കുകയും ചെയ്യും.

നരസിംഹം സിനിമയിലെ നായകൻ മോഹൻലാലല്ല, 'അവന്റെ അച്ഛന്റെ പിണ്ടം' (ണ്ട എഗൈൻ ക്രിയേറ്റിംഗ്‌ പ്രോബ്ലംസ്‌) ആണെന്ന് പറഞ്ഞപോലെ, ഇവിടെ ഷണ്ടത്തത്തെ(ഓ..എഗൈൻ 'ണ്ട') ഹീറോയാക്കല്ലേ...പ്ലീസ്‌.

വേറൊരു രസം, ദേവനും അതുല്യയും എഴുതുന്നത്‌ കൂട്ടി വായിക്കുമ്പോൾ എനിക്ക്‌ കൺഫൂഷൻ ആവുന്നു.... ഒരാൾ തന്നെയാണോ ഇതെഴുതുന്നത്‌ ന്ന്.

അതുല്യ said...

ഒരുവനെ പോലെ വേറെ ഒരുവനില്ലാന്നു ആരോ പറഞ്ഞതു ഒാർമ്മ വരുന്നു. സഹായം ആവശ്യപെട്ടവന്റെ അടുത്തു പോയവനോ, കൂടെ നിന്നു ഫോട്ടോ ഇടുത്തവനോ മാത്രമാണോ ശരിക്കും സഹായിച്ചവർ എന്നു ധരിച്ചുവശാക്കാമോ? ഈടെയായീ ഒരു സമയദോഷം കൊണ്ട്‌ ഇവിടെ എത്തിപെട്ടു, വേശ്യാവൃത്തിയിൽ കഴിയേണ്ടി വരുകയും, പിന്നീടു കണ്ണു രണ്ടും എതോ മറ്റവൻ കൊടുത്ത മരുന്നു കൊണ്ടു കാണാതെയാവുകയും ചെയ്ത സ്ത്രീക്കു, ഞങ്ങൾ ഒാഫീസിൽ നിന്നു പിരിവെടുത്തു കൊണ്ടുപോയി കൊടുക്കുകയുണ്ടായീ. പിരിവു കൊടുത്തവർ മുഴുവനും സ്റ്റാഫും പോകാത്തതു കൊണ്ട്‌, കൊടുക്കാൻ പോയവർ മാത്രമാണോ സഹായിച്ച രണ്ട്‌ മലയാളിൽകളുടെ പട്ടികയിൽ വരുക? മനുഷ്യൻ എത്താത്ത സ്തലത്തു, ഒരുപക്ഷെ അവന്റെ മനസ്സോ, പണമോ എത്തിയിട്ടുണ്ടാവില്ലേ?


പിന്നെ നിങ്ങൾ പറഞ്ഞപോലെ, മലയാളി ആരോക്കെയോ ആവുന്നു, പല രാജ്യത്തിൽ. പക്ഷെ, ആ രാജ്യത്തിലെ, നിയമമോ, വാഴ്ചയോ അതിനു അനുകൂലിക്കപെടുന്നു. പക്ഷെ ഈ ഗൾഫിൽ നമ്മൾക്കു പരിമിതികൾ ഇല്ലേ? മലായാളി ഇവിടെ വന്നു പോരാടി, റുലെർസ്‌ കൌർറ്റ്ന്റെ ചുമരിൽ അറബിക്കൊപ്പം പേരു വരണം എന്നു ശഠിച്ചാൽ എന്താവും ഗതി? സുഹ്ത്തിന്റെ ഒരു ലീവ്‌ എങ്കിലും ശുപാർശ ചെയ്യിക്കാൻ കൂടെയുള്ള മലയാളിക്കു ആവുമോ? അങ്ങനെ എന്തെങ്കിലും ഒന്നു ഉണ്ടായാൽ, അന്നു, അവന്റെയും ചീട്ടു കീറില്ലേ? നാട്ടിൽ എങ്കിൽ, പിറ്റേ ദിവസം ഒരു യൂണിയൻ ഇടപെട്ടു, സംഗതി,ജെനുവിൻ എങ്കിൽ, കാര്യം നടക്കില്ലേ? അതാണു ഞാൻ പരിതി എന്നു ഉദ്ദെശിച്ചതു. ചില കാര്യങ്ങൾ നമ്മൾ ചെയ്യാംന്നു കരുതിയാലും, സാഹചര്യം നമ്മളെ കൊണ്ട്‌ ചെയ്യിക്കുന്നില്ലാ. നേരം വെളുത്തു ഓഫീസിൽ എത്തുമ്പോ, ജി.എം ന്റെ അളിയനു വേണ്ടി എന്റെ സുഹൃത്തിന്റെ കസേര പോയ കാഴ്ച ഞാൻ കണ്ടിട്ടുണ്ടു. ചോര തിളച്ച മറ്റു മലയാളിക്കു എന്തു ചെയ്യാൻ കഴിഞ്ഞു?


പിന്നെ കൂട്ടായ എന്തു പ്രവർത്തനത്തിനും ഞാൻ തയ്യാറാണു, ഒരു പരിതി വരെ എത്തി പെടാറുമുണ്ടു. പക്ഷെ, വീട്ടിലെ മുറ്റം അടിച്ചിട്ട്‌, അയൽ-വക്കത്തെ ചവർ വാരുന്നതല്ലേ ശരി? സമയകുറവു ആരെയും പോലെ, നമ്മളെയും ബാധിക്കുന്നില്ലേ? 12 മണിക്കൂറും അതിൽ അപ്പുറവും ഷിഫ്റ്റ്‌ അടിസ്താനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന മലയാളിക്കു, എത്ര സമയം ചാരിറ്റിക്കു വേണ്ടി നീക്കി വൈക്കാൻ പറ്റും? അജ്മാനിൽ താമസിക്കുന്നവർ, ജുമെരെയിലെ ബീചിൽ ചവറു വാരാൻ വൈകുന്നേരം എത്തിപെടണം എന്നു നമ്മൾ ശഠിക്കുന്നതു ശരിയാണോ?


പിന്നെ മനസ്സിൽ നന്മ്‌ ബാക്കിയുള്ളവർ, അല്ലെൻങ്കിൽ നന്മ ഇന്നതാണു എന്നു ചിന്തിക്കാൻ കഴിവുള്ളവർ, നമ്മുടെ കൂട്ടത്തിൽ ഇനിയുമുണ്ട്‌ എന്നു ഈ ബ്ലോഗിൽ കൂടി നമുക്കു ഒരുപാടു പേർക്ക്‌ അറിയാൻ കഴിഞ്ഞതു ഒരു വലിയ നേട്ടം തന്നെ. കമന്റ്‌ എഴുതിയതോ, കടുത്ത വാക്കുകൾ കൊണ്ട്‌ തർക്കുത്തരം പറഞ്ഞതോ ഒക്കെ, മലായാളി എന്ന ഒരു കൂട്ടായ്മയെ കൂടുതൽ ശക്തിപെടുത്തും എന്നു ഞാൻ ആശിക്കുന്നതിൽ തെറ്റുണ്ടോ?

Kalesh Kumar said...

പ്രിയ ദേവരാഗം,

താങ്കൾ അവകാശപ്പെടുന്ന ഷണ്ഡത എന്ന അവസ്ഥ ഗൾഫ് മലയാളിക്ക് ഉണ്ടെങ്കിൽ അത് എങ്ങനെ വന്നു?

പാരീസ് വിശ്വനാഥനെ പോലത്തെ ആളുകൾ ഇവിടെ എന്തുകൊണ്ടുണ്ടാകുന്നില്ല എന്നു ചോദിച്ചാൽ, പാരീസിലേതുപോലെ ഒരു കലാഗ്രാമം ഉണ്ടോ ഇവിടെ? മലയാളിക്ക് ഇവിടെ പരിമിതികളില്ലേ? മനുഷ്യാവകാശ-പരിസ്ഥിതി-വിപ്ലവ പ്രവർത്തനം-സാമൂഹിക പരിഷ്കരണം - ഇതൊക്കെ ഗൾഫിൽ മലയാളിക്ക് നടത്താൻ കഴിയുമോ പ്രിയ സുഹൃത്തേ? മലയാളി ഈ പരിമിതികൾക്കുള്ളിൽ നിന്നും അവനാൽ കഴിയുന്ന രീതിയിൽ ഇവിടുത്തെ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഇവിടെ തിളങ്ങുന്നുണ്ട്. ഈ രാജ്യത്തെ രാജകുടുംബാംഗങ്ങളുടെ പെഴ്സണൽ സ്റ്റാ‍ഫിൽ മുന്തിയ സ്ഥാ‍നങ്ങളിൽ എത്ര മലയാളികളുണ്ടെന്നറിയാമോ? പക്ഷേ, അവരാരും മുന്നിലേക്ക് വരുന്നില്ല. ഇവിടെ ചെങ്ങറവീട്ടിൽ ദേവൻ നായരുടെ കാര്യം പറഞ്ഞിട്ടെന്ത് കാര്യം?

ഇവിടെ സ്വസ്ഥമായും സമാധാനമായും കുടുംബമായി ജീവിക്കാനും ജോലി ചെയ്യാനും സമ്പാദിക്കുന്ന പൈസ നാട്ടിലേക്കയക്കാനും നിറത്തിന്റെ പേരിൽ വിവേചനമില്ലാതെ പുറത്തിറങ്ങി നടക്കാനുമുള്ള സ്വാതന്ത്ര്യം ഈ നാട്ടിലെ ഭരണകർത്താക്കൾ തന്നിട്ടുണ്ട്. അതിനനുസരിച്ച് ജീവിക്കുന്നത് ഷണ്ഡതയാണോ പ്രിയ സുഹൃത്തേ?

അറബി പയ്യന്റെ നിരീക്ഷണം ശരിയാ. പക്ഷേ അത് ഇവിടെ മാത്രമേ നടക്കുന്നുള്ളോ? നാട്ടിൽ നടുറോഡിൽ ആക്സിഡന്റ് നടന്നിട്ട് ആരും തിരിഞ്ഞുനോക്കാതെ ചോരവാർന്ന് എത്രപേർ മരിക്കുന്നു?

നാട്ടിലെ സകല വാരികകളും ഇവിടെ കിട്ടുന്നില്ലേ? പിന്നെ സംഘടനകളെ അടച്ചാക്ഷേപിക്കല്ലേ. നല്ലതും ചീത്തയും എവിടെയുമില്ലേ? എല്ലാ‍ മലയാളി സംഘടനകളും പൊങ്ങച്ചക്ലബ്ബുകൾ ആണെന്നു പറഞ്ഞാൽ അതിനോട് എനിക്ക് വിയോജിപ്പാണ്. ഞാൻ ഇവിടെ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന എമിരേറ്റായ ഉം അൽ കുവൈനിൽ ആണ്. 150ഓളം പേർ അംഗങ്ങളായ ഒരു സംഘടനയിൽ ഞാൻ അംഗമാണ് (ഈ 150ൽ 75% പേരും മാസം 700-800 ദിറഹം ശമ്പളം മേടിക്കുന്നവരാണ്). കഴിഞ്ഞ ഒന്നര വർഷത്തിനകത്ത് സുനാമിപ്പിരിവ് അല്ലാതെ ഞങ്ങൾ 2 ലക്ഷത്തിൽ പരം രൂപയുടെ ചാരിറ്റി ചെയ്തു.സുനാമിക്ക് 1 1/2 ലക്ഷം രൂപ സംഭാവന ചെയ്തു. ഈ കൊച്ച് ഉം അൽ കുവൈനിൽ ഇരുന്നോണ്ടാണിതൊക്കെ ചെയ്തത് എന്നും കൂടെ ഇതിന്റെ കൂടെ കൂട്ടി വായിക്കണം. കൂടുതൽ വിവരങ്ങൾ അതെ കുറിച്ച് അറിയണമെങ്കിൽ രാജിനെ ഇനി കാണുമ്പോൾ ചോദിച്ചാൽ എന്റെ ഫോൺ നമ്പർ തരും. എന്നെ വിളിക്കാം. സർദാർ ചെയ്യുന്നതിലും പച്ചകൾ ചെയുന്നതിലും നന്നായി ജീവകാരുണ്യ പ്രവർത്തനം ഞാൻ ഉൾപ്പെടുന്ന സംഘടന ചെയ്യുന്നുണ്ട്.

ചില്ലറ കാര്യങ്ങൾ ഊതിവീർപ്പിച്ചു കാണിച്ചിട്ട് വല്ല കാര്യവുമുണ്ടോ പ്രിയ സുഹൃത്തേ? ദയവായി കാര്യങ്ങളുടെ നല്ല വശം കാ‍ണൂ! മറ്റു രാജ്യങ്ങളിലെ മലയാളി പ്രവാസികളുമായി ഞാനും താങ്കളുമുൾപ്പെടുന്ന പാവം ഗൾഫുകാരനെ താരതംയപ്പെടുത്താതിരിക്കൂ....

ദുബൈയിലെ “പോഷ്” ഏരിയയായ ജുമൈര ഭാഗത്ത് സാധാരണക്കാരായ എത്ര മലയാളികൾ താമസിക്കുന്നുണ്ട്? അവിടെ താമസിക്കുന്ന ചിലരെ എനിക്ക് അറിയാം. ഉദാ: ശ്രീ.സണ്ണി വർക്കി - വർക്കീ ഗ്രൂപ്പ് ചെയർമാൻ. പുള്ളിക്കാരനെപ്പോലെയുള്ള ആളുകൾ ചവറു വാരാ‍ൻ പോകുമോ? :)

നമ്മുക്കീ യാതൊരു അർത്ഥവുമില്ലാത്ത ചർച്ച ഇവിടെ അവസാനിപ്പിക്കാം.

Kalesh Kumar said...

700-800 ദിറഹംസ് ശമ്പളം മേടിക്കുന്നവർ എന്ന് തിരുത്തി വായിക്കണം

viswaprabha വിശ്വപ്രഭ said...

വ്യക്തിപരമായ കുറ്റപ്പെടുത്തലുകളിലേക്ക്‌ ഒട്ടും വഴുതിവീഴാതെ ഈ ക്രിയാത്മകമായ സംവാദത്തെ നമുക്കെല്ലാവർക്കും കൂടി രക്ഷിക്കേണ്ടതുണ്ട്. പോറ്റി വളർത്തേണ്ടതുമുണ്ട്.

അതുല്യ പറയുന്നതു ശരിയാണ്.
ദേവരാഗം പറയുന്നതും ശരിയാണ്.
കലേഷ് പറയുന്നതും ശരിയാണ്.
പിന്നെ എന്നെപ്പോലെ ഒട്ടനവധി ഗൾഫന്മാർ മനസ്സിലിട്ടുരുട്ടി വായിലേക്കെടുത്ത് തുപ്പാനാവാതെ വയറ്റിലേക്കു വിഴുങ്ങിയിറക്കുന്ന ഒരുപാടു ശരികളും കൂടെയുണ്ട്.

അക്കമിട്ട് അക്കമിട്ട് പറയാം നിങ്ങളുടെ ഓരോ വാചകങ്ങളും ശരിയാണ്.

അതെങ്ങനെ പറ്റും?
പറ്റും. അതാണ് ഗൾഫ്.

അതാണ് ഗൾഫിന്റെ ശാപവും അനുഗ്രഹവും!
രണ്ടുമൂന്നുദിവസമായി ഞാൻ ഇവിടെ പേജുകളോളം കമന്റുകൾ എഴുതുകയും വെട്ടുകയും തിരുത്തുകയും ചെയ്തുകൊണ്ടിരിക്കയാണ്.
ഈറ്റുനോവുണ്ടെങ്കിലും പെറാൻ വയ്യ.
അതാണ് ഗൾഫന്റെ ഗതികേട്!

പക്ഷേ നമുക്കീ ഭർത്സനങ്ങൾ നിറുത്തേണ്ട.
ബൂലോഗക്കവല ( blogspot) ഒടുങ്ങുന്ന കാലത്തോളം ഈ കമന്റുകൾ ഇവിടെ ഇങ്ങനെത്തന്നെ കിടന്നോട്ടെ. ഒരൊറ്റ വാക്കും വെട്ടിക്കളയാനില്ല.
ഒന്നിലും അപഭ്രംശവുമില്ല.

നമുക്കീ കോതപ്പാട്ടുകൾ തുടരാം.
കണ്ണുള്ളവർ എന്നെങ്കിലും കാണട്ടെ.
ചെവിയുള്ളവർ എന്നെങ്കിലും കേൾക്കട്ടെ.

വയനാടൻ കൊതുകുകൾക്കും ശ്രീലങ്കൻ അട്ടകൾക്കും ബർമ്മയിലെ പീരങ്കികൾക്കും ഊറ്റിക്കൊടുത്തതിനുശേഷം നാം കുറേ ആത്മാക്കൾ ഇത്തിരി ചോര ഇവിടെ മണൽക്കൂനകളിലും ഇറ്റിച്ചിരുന്നുവെന്ന് എന്നെങ്കിലും ഒരിക്കൽ ഏതെങ്കിലും മനുഷ്യകഥാനുഗാഥകളിൽ രണ്ടു വരി കിടന്നോട്ടെ.

Kalesh Kumar said...

വിശ്വേട്ടൻ എന്താ മൌനം പാലിക്കുന്നതെന്ന് ഞാൻ ആലോചിക്കാതിരുന്നില്ല! :)

SunilKumar Elamkulam Muthukurussi said...

GULF means not UAE alone, there are other countries also. In Saudi, there are more malayalees than in any other part of the Gulf. "pravasi"yEyum angane UAEkkaar dattheTukkaan vaRatte. Stop this. -S-

aneel kumar said...

ഓണത്തിനിടെ ഈ ചെറിയ ഒരു പുട്ട് ഇവിടെ വിറ്റോട്ടെ.
വീയെമ്മിനാണ്.
NDa=ണ്ഡ

aneel kumar said...

Mozhi Transliteration Scheme:
http://varamozhi.sourceforge.net/quickref.html

കണ്ണൂസ്‌ said...

“ Keralamennu kettalo thilakkanam chora namukku njarambukalil” ennu Vallathol paranjathinethrayo dashaabdangal munpundaaya “veendem vishnulokam” “ deepasthambam mahaascharyam, namukkum kittanam panam” ennokkeyulla chollukal alle practical??

Enthu malayali? Enthu keralam? Enthu Gulf? Ividam vittal vere oru sthalam….Avidam vittal mattonnu… naattil poyirunnal enthu kittum, avaganana allathe? “HOME” nalloru yaatharthyam aane.. But HOMESICKNESS is the most useless concept!!!

സു | Su said...

ഈശ്വരാ... ആദ്യം തന്നെ വായിച്ച് ഒരു കമന്റു വെച്ചൂന്നുള്ളൊരു കാര്യം മാത്രേ ഞാൻ ഇവിടെ ചെയ്തിട്ടുള്ളൂ. എല്ലാ ഗൾഫരും കൂടെ ഇവിടെക്കിടന്ന് ഉന്തും തള്ളും ആവുമെന്ന് ഞാൻ വിചാരിച്ചില്ല. സത്യം പറയ്യാ ഞാൻ. പാസ്പ്പോർട്ടില്ലാതെ അങ്ങോട്ടുവന്ന് എല്ലാത്തിനും ഞാൻ എന്തെങ്കിലും തരും. പറഞ്ഞില്ലാന്നു വേണ്ട.

കണ്ണൂസേ എന്തു കേരളം, എന്ത് മലയാളി എന്നൊക്കെ ചോദിച്ചാൽ നമ്മൾ തമ്മിൽ വല്യ വഴക്കാകും പറഞ്ഞേക്കാം. ഞാ‍ൻ ഈ കേരളത്തിലെ ഒരു മലയാളി ആണ്.

മതി. ഇനി ഇവിടെ ഒറ്റ കമന്റും വേണ്ട. ഇതിന്റെയൊക്കെ മറുപടി ഞാൻ ഗൾഫിൽ വരുമ്പോൾ തരാം.

(ഈശ്വരാ മലയാളികൾ തമ്മിലടിച്ചാൽ കാലന് വേറെ ജോലി നോക്കേണ്ടിവരുമല്ലോ)