Thursday, December 21, 2006

ഗള്‍ഫുപണവും കേരളവും

[ഒരു ലേഖനമായി എഴുതാന്‍ സമയവും സാവകാശവും കിട്ടുന്നില്ല. കമന്റു വീണ്‌ ഇത്‌ സമ്പുഷ്ടമായിക്കോളുമെന്ന അത്യാഗ്രഹത്താല്‍ ചില്ലറ വരികള്‍ കുത്തിക്കുറിക്കുന്നെന്നേയുള്ളൂ. ടൈപ്പിംഗ്‌ വിരല്ലാലെ കുത്തിക്കുത്തിയല്ലേ]

ഈയിടെ ബ്ലോഗില്‍ നടന്ന ചില കശപിശകള്‍ കണ്ടപ്പോള്‍ പലര്‍ക്കും എന്താണ്‌ കേരളത്തിന്റെ സമ്പത്ത്‌ വ്യവസ്ഥയും വല്ല നാട്ടിലും കൂലിപ്പണി ചെയ്തിട്ട്‌ കൂളിംഗ്‌ ഗ്ലാസ്സും വച്ച്‌ റോത്ത്മാനും വലിച്ച്‌ നാട്ടില്‍ അഴകിയ രാവണന്‍ ചമയുന്ന ഗള്‍ഫുകാരനും തമ്മില്‍ ബന്ധമെന്ന് ആര്‍ക്കും വലിയ പിടിപാടില്ലെന്ന് തോന്നി.

അമേരിക്കന്‍ യൂണിവേര്‍സിറ്റി ഓഫ്‌ വാഷിങ്ങ്ടണില്‍ റാഡിക്കല്‍ പൊളിറ്റിക്കല്‍ എക്കണോമിക്സിന്റെ ഭീഷ്മാചാര്യന്‍ ഡോക്ടര്‍ ജോണ്‍ വിലോബി ഗള്‍ഫിലെ പുറം നാടന്‍ തൊഴിലാളികളെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പകുതിയോളം കേരളത്തിന്റെ എക്കോണമിയില്‍ ഗള്‍ഫുപണം വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചാണ്‌. അത്ര ശ്രദ്ധേയമായവും വിചിത്രവുമായൊന്നാണത്‌.

ഒന്നാം ചുവട്‌- ഒഴിവ്‌
തുടങ്ങും മൂന്നേ ഒരു എക്സ്ക്ലൂഷന്‍. എഴുപതുകള്‍ വരെ ഈജിപ്റ്റ്‌ സിറിയ എന്നിവിടങ്ങളില്‍ നിന്നും, ശേഷം പാകിസ്ഥാനില്‍ നിന്നും ആളെ ജോലിക്കെടുത്തിരുന്ന അറേബ്യന്‍ രാജ്യങ്ങള്‍ മലയാളിയെന്ന അല്ലെങ്കില്‍ ഇന്ത്യക്കാരനെ low cost high productivity സാധനത്തിനു ചായക്കടക്കും അപ്പുറത്ത്‌ ഉപയോഗമുണ്ടെന്ന് കണ്ടെത്തിയത്‌ അവനോട്‌ സ്നേഹം മൂത്തിട്ടൊന്നുമല്ല, അവര്‍ക്ക്‌ പ്രയോജനമുള്ളതുകൊണ്ടാണ്‌. നമുക്കും അതു പ്രയോജനമായെന്നേയുള്ളു.

ഗള്‍ഫുകാരനു ജോലിയുണ്ടെങ്കില്‍ അവന്റെ വീട്ടുകാര്‍ക്ക്‌ കൊള്ളാം
ഇതല്ലേ ആദ്യം മനസ്സില്‍ വന്നത്‌? തെറ്റ്‌. ഒരുത്തന്‍ നാട്ടില്‍ എന്തു ചിലവു ചെയ്താലും അത്‌ ഏതെങ്കിലും രീതിയില്‍ സമൂഹത്തിലേക്കൊഴുകുന്നു. അവന്‍ വീടുവയ്ക്കുമ്പോള്‍ ഇക്കാസിനു സിമിന്റ്‌ ചിലവാകുന്നു, സോമന്‍ മേശിരിക്ക്‌ ശമ്പളം കിട്ടുന്നു, സിമിന്റ്‌ കമ്പനിക്ക്‌ കച്ചവടം നടക്കുന്നു, അവിടത്തെ തൊഴിലാളികള്‍ക്ക്‌ ബോണസ്‌ ലഭിക്കുന്നു, അതിന്റെ മുന്നിലുള്ള പച്ചക്കറിക്കടയില്‍ ചേന കൂടുതല്‍ വില്‍ക്കുന്നു, വണ്ടന്‍ മേട്ടില്‍ ചേനകൃഷി നടത്തുന്ന തൊമ്മിച്ചനു ലാഭമുണ്ടാകുന്നു, അയാള്‍ വളം വാങ്ങുന്ന മോനച്ചനു കച്ചവടം നടക്കുന്നു മോനച്ചന്റെ കടയുടെ മുതലാളിക്ക്‌ വാടക കിട്ടുന്നു. ഒരുത്തന്‍ പട്ടയടിക്കുമ്പോള്‍ സര്‍ക്കാരിനു വന്‍ നികുതി കിട്ടുന്നു, ബാര്‍മാനു ശമ്പളം കിട്ടുന്നു, അവന്‍ അതുകൊണ്ട്‌ മുണ്ടു വാങ്ങിക്കുമ്പോള്‍ ബാലരാമപുരത്ത്‌ കൈത്തറികള്‍ കൂടുതല്‍ ഓടുന്നു അങ്ങനെ എന്തു ചിലവിനും തുടക്കമിട്ടാല്‍ അതൊരു അന്തമില്ലാത്ത പ്രയോജന ശൃഖലയിലൂടെ സമൂഹത്തിനു മൊത്തത്തില്‍ പ്രയോജനം ചെയ്യുന്നു.

വരവു ചെലവ്‌
തലയെണ്ണി ആളിന്റെ വരുമാനവും ചിലവും എടുക്കുമ്പോള്‍ പ്രതിശീര്‍ഷ വരുമാനത്തിനെക്കാള്‍ പ്രതിശീര്‍ഷ ചിലവ്‌ നടത്തുന്ന
വിചിത്ര സംസ്ഥാനമാണ്‌ കേരളം. (കട. കെ സി സക്കറിയാ സ്റ്റഡി) ഈ മാജിക്കിന്റെ മുഖ്യ കാരണം 299 ലക്ഷം ആളുകള്‍ ചിലവിടുന്നത്‌ 313 ലക്ഷം പേരുടെ വരവാണെന്നതാണ്‌ .14 ലക്ഷം മലയാളികള്‍ പുറത്ത്‌ ജോലിയെടുത്ത്‌ കേരളത്തിലേക്ക്‌ പണമയക്കുന്നവരാണ്‌. ഇതില്‍ 12 ലക്ഷവും ഗള്‍ഫില്‍ തന്നെ. (അമേരിക്കയില്‍ നിന്നും അരലക്ഷം ആളുകളേ ഇതു ചെയ്യുന്നുള്ളു,അവര്‍ തന്നെ അവിടെ പണം ചെലവിടാനും സ്ഥിരതാമസമാക്കാനും താല്‍പ്പര്യപ്പെടുന്നവരാണ്‌.) പ്രതിശീര്‍ഷ വരുമാനത്തെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം കേരളത്തില്‍ ഉള്ളതിനു സാക്ഷരതാദി കാര്യങ്ങളോടൊപ്പം ഇതും തീര്‍ച്ചയായും പങ്കു വഹിക്കുന്നു.

കൈ നനയാതെ കിട്ടുന്ന മീന്‍
മറ്റു രാജ്യങ്ങളിലേക്ക്‌ കുടിയേറുന്നവര്‍ ബ്രെയിന്‍ ഡ്രെയിന്‍ ഉണ്ടാക്കുക കൂടി ചെയ്യുമ്പോള്‍ ഗള്‍ഫിലേക്ക്‌ വരുന്നവരില്‍ മൂന്നില്‍ രണ്ടുപേരും വൈദഗ്ദ്ധ്യമുള്ള തൊഴിലോ ബിരുദത്തിനപ്പുറം പഠിപ്പോ ഉള്ളവരല്ല. അതിനാല്‍ തൊഴിലില്ലായ്മ മൂലം നാടിനു ബാദ്ധ്യതയാകുന്നവരില്‍ നല്ലൊരു ശതമാനം പടിയിറങ്ങുന്നെന്നല്ലാതെ വലിയ തോതില്‍ ബ്രെയിന്‍ ഡ്രെയിന്‍ വരുത്തുന്നില്ല ഗള്‍ഫുകാരന്‍.

വന്‍കിട എക്സ്‌പോര്‍ട്ട്‌ ചരക്കായ മാന്‍പവര്‍!
ജില്ലാതലത്തില്‍ മലപ്പുറത്തിന്റെ പ്രതിശീര്‍ഷ ചെലവ്‌ GDPയുടെ 169 ശതമാനമാണ്‌! ( മേല്‍ പറഞ്ഞവിലോബി പഠനത്തില്‍ നിന്ന്‌).

പല തുള്ളി പെരുവെള്ളം!
2200 കോടി രൂപാ മേല്‍പ്പറഞ്ഞ 14 ലക്ഷം ഗള്‍ഫ്‌ മലയാളികള്‍ കേരളത്തിലേക്ക്‌ ഒഴുക്കുന്നു (കട. ബാങ്കിംഗ്‌ ഫ്രോണ്ടിയേര്‍സ്‌ മാസിക) ഇത്‌ ആദ്യം വിവരിച്ചതുപോലെ കേരളത്തിന്റെ വാണിജ്യ ചെയിനിന്റെ വലിയൊരു താങ്ങായി വര്‍ത്തിക്കുന്നു.

കാകതാലീയം
ഈ പറഞ്ഞതിനൊന്നും കേരളത്തിന്റെ നല്ല ഭാവിക്കായി എല്ലാം ഉപേക്ഷിച്ച്‌ ആളുകള്‍ ഗള്‍ഫിലോട്ട്‌ തിരിക്കുന്നു എന്ന് വ്യംഗ്യം പോലുമില്ല. പോകുന്നത്‌ അവനവന്റെ ആവശ്യത്തിനു തന്നെ. "കാക്കവന്നു, പനമ്പഴം വീണു" എന്നു പറഞ്ഞാല്‍ നമുക്കൊരു പനം പഴം കുലുക്കിയിട്ടു തരാനായി അത്‌ കൊമ്പു പിടിച്ചു കുലുക്കുന്നെന്നാണിവന്‍ വാദിക്കുന്നതെന്ന് ആരും വായിക്കരുതെന്നപേക്ഷ.

Tuesday, October 03, 2006

ചിക്കണും ചിക്കുന്‍‌ഗുന്യയും

വാര്‍ത്ത
ഇന്നു രാവിലെ ഗള്‍ഫിലെ ഒരു എഫ്.എം റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള വാര്‍ത്താബുള്ളറ്റിനില്‍ കേട്ട വരികള്‍: ‘കേരളത്തില്‍ ആദ്യം കോഴിപ്പനി പടര്‍ന്നു, എല്ലാവരും കോഴിയിറച്ചി ഉപേക്ഷിച്ചു മാട്ടിറച്ചി വാങ്ങുവാന്‍ തുടങ്ങി. ആന്ത്രാക്സിനെ കുറിച്ചുള്ള ഭീതി പടര്‍ന്നപ്പോള്‍ മാട്ടിറച്ചി ഉപേക്ഷിച്ചു ജനം കോഴിയിറച്ചിയിലേയ്ക്കു മടങ്ങി. അപ്പോഴതാ ചിക്കണ്‍ ഗുനിയയും!’

ചിക്കണും ചിക്കുന്‍‌ഗുന്യയും തമ്മിലെന്തു ബന്ധം?
ചിക്കുന്‍‌ഗുന്യ എന്ന നാമം ആഫ്രിക്കയിലെ മക്കോണ്ടേ വംശജരുടെ മക്കോണ്ടേ ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞതാണു്, ആ ഭാഷയില്‍ ഈ വാക്ക് അര്‍ഥമാക്കുന്നതു് ‘വളഞ്ഞുനിലക്കുന്നതു്’ എന്നാണു്. ചിക്കുന്‍‌ഗുന്യ വൈറസ് ബാധയാല്‍ മനുഷ്യരില്‍ കണ്ടേയ്ക്കാവുന്ന വാതസമാനമാ‍യ രോഗലക്ഷണങ്ങളില്‍ നിന്നാണു് ഈ പേര്‍ ഉത്ഭവിച്ചിരിക്കുന്നതു്. ചിക്കുന്‍‌ഗുന്യ എന്ന നാമം പലപ്പോഴും ചിക്കണ്‍ ഗുനിയ എന്ന ഉച്ചരിക്കപ്പെടുന്നതു കാരണം കോഴി/കോഴിയിറച്ചി സംബന്ധിയായ ഏതോ രോഗമാണെന്നു പലരും കരുതിപ്പോരുന്നു.

ചിക്കുന്‍‌ഗുന്യ എന്ന പകര്‍ച്ചവ്യാധി
ആല്‍ഫാവൈറസ് എന്ന ജനുസ്സില്‍ പെടുന്ന ചിക്കുന്‍‌ഗുന്യ വൈറസ് മനുഷ്യരില്‍ ബാധിക്കുന്നതു മൂലമുണ്ടാകുന്ന ജ്വരവും സന്ധിവേദനയുമാണു (arthralgia) ചിക്കുന്‍‌ഗുന്യ എന്ന രോഗനാമത്താല്‍ വിശേഷിപ്പിക്കപ്പെടുന്നതു്. ഈ വൈറസ് വാഹകരാകട്ടെ കൊതുകുകളും. Aedes aegypti എന്ന കുപ്രസിദ്ധ കൊതുകുവംശത്തിന്റെ കടിയിലൂടെ പകരാവുന്ന ഒരു രോഗമാണു ചിക്കുന്‍‌ഗുന്യയും (ഈ കൊതുകു പരത്തുന്ന മറ്റു രോഗങ്ങള്‍ ഡെങ്കിപ്പനി, യെല്ലോഫീവര്‍ എന്നിവയാണു്). ഈയടുത്തു പാരീസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന ചില ഗവേഷണങ്ങള്‍ ചിക്കുന്‍‌ഗുന്യ വൈറസിനു ചില മ്യൂട്ടേഷനുകള്‍ സംഭവിച്ചെന്നും ഇതുമൂലം ഇവയ്ക്കിപ്പോള്‍ ഏഷ്യയിലെ തീരദേശങ്ങളില്‍ കാണപ്പെടുന്ന ഏഷ്യന്‍ ടൈഗര്‍ കൊതുകുകള്‍ (Aedes Albopictus) എന്ന വംശത്തിലൂടെ പകരാനാകുന്നുണ്ടെന്നും കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരദേശങ്ങളിലും മെഡിറ്ററേനിയന്‍ തീരത്തും ചിക്കുന്‍‌ഗുന്യ പടരുവാനുള്ള കാരണമായി ശാസ്ത്രജ്ഞര്‍ കരുതുന്നതും പ്രസ്തുത വൈറസ്സിനു സംഭവിച്ചിരിക്കുന്ന ഈ മ്യൂട്ടേഷന്‍ തന്നെയാണു്. ഇതെഴുതുമ്പോള്‍ കേരളതീരത്തു തന്നെ ചിക്കുന്‍‌ഗുന്യ ബാധിച്ചു മരിച്ചവരുടെ എണ്ണം 61 ആയിരിക്കുന്നു.

രോഗവും രോഗലക്ഷണങ്ങളും
ചിക്കന്‍‌ഗുന്യ മാരകമായ ഒരു അസുഖമല്ല, എങ്കിലും 2005-06 -ല്‍ ഇന്ത്യയിലെ പലപ്രദേശത്തും ചിക്കുന്‍‌ഗുന്യ ബാധയാല്‍ മരണം സംഭവിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രാജസ്ഥാനില്‍ സെപ്റ്റംബര്‍ 2006 വെള്ളപ്പൊക്കം ബാധിച്ച ചില ജില്ലകളിലും ചിക്കുന്‍‌ഗുന്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍:‍ 39 ഡിഗ്രി സെല്‍‌ഷ്യസ് (102.2 F) വരെ വളര്‍ന്നേക്കാവുന്ന ജ്വരം, മണ്ണന്‍ (അഞ്ചാം‌പനി) ബാധിക്കുമ്പോള്‍ കണ്ടുവരുന്ന തരത്തിലുള്ള കുരുക്കള്‍ (maculopapular rashes), സന്ധികള്‍ക്കു ബലക്ഷയം വരുത്തുന്ന സന്ധിവേദന, ഫോട്ടോഫോബിയ (പ്രകാശമുള്ള സ്ഥലങ്ങളോടുള്ള പേടി) എന്നിവയാണു്. ഇന്ത്യയില്‍ ഈ അസുഖം പടര്‍ന്നുപിടിച്ച സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം രോഗികളില്‍ കലശലായ തലവേദനയും, നിദ്രാഹാനിയും, തളര്‍ച്ചയും കണ്ടുവരുന്നു.

പ്രതിരോധവിധികള്‍
ചിക്കുന്‍‌ഗുന്യ വൈറസ് ബാധയ്ക്കു പ്രത്യേകം ചികിത്സകളൊന്നും പ്രതിപാദിക്കപ്പെട്ടിട്ടില്ല. വൈറസ് ബാധ നിര്‍ണ്ണയിക്കുന്നതിനു ബ്ലഡ് സെറം ടെസ്റ്റ് ഉപയോഗിക്കുന്നു. രോഗാവസ്ഥയെ നേരിടുന്നതിനും വൈറസ് ബാധ ചെറുക്കുന്നതിനും Chloroquine (മലേറിയയ്ക്കെതിരെയുള്ള ഔഷധം) ഉപയോഗിക്കുന്നുണ്ടു്, വേദനാസംഹാരിയെന്ന നിലയില്‍ ആസ്പിരിനും ഉപയോഗിക്കപ്പെടുന്നു. രോഗബാധിതര്‍ കൊതുകുകളുടെ കടിയേല്‍ക്കാതെ പരിപാലിക്കപ്പെടുന്നതു വൈറസ് പകര്‍ച്ച നേരിടുന്നതിനു ഫലപ്രദമായേക്കും. രോഗത്തിന്റെ വാതസമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന രോഗപീഡയ്ക്കു ശമനമായി മിതമായ തോതില്‍ സന്ധിബന്ധങ്ങള്‍ ഇളക്കിക്കൊണ്ടുള്ള വ്യായാമങ്ങളും ആരോഗ്യരംഗത്തെ വൈജ്ഞാനികര്‍ നിഷ്കര്‍ക്കുന്നു.

ചിക്കുന്‍‌ഗുന്യയും ആവാസവ്യവസ്ഥിതിയും
ചിക്കുന്‍‌ഗുന്യ കൊതുകുകളിലൂടെ പകരുന്ന രോഗമായതിനാല്‍ ആവാസവ്യവസ്ഥിതിയിലെ ശുചിത്വമാണു് രോഗം പടരുന്നതു തടയുവാന്‍ അവശ്യമായ മുന്‍‌കരുതല്‍. കെട്ടിനില്‍ക്കുന്ന ജലം ഒഴിഞ്ഞുപോകുവാന്‍ അവസരമുണ്ടാക്കുക, കൊതുകുകടിയേല്‍ക്കാത്ത വിധത്തില്‍ വസ്ത്രംധരിക്കുക (കൊച്ചിയില്‍ ഒരു ഹെല്‍മറ്റും ആവാം) എന്നിവ ഗുണം വരുത്തും.

Monday, September 11, 2006

ജനാധിപത്യം?

അമേരിക്കയിലെ ജനാധിപത്യ വിശ്വാസങ്ങളേയും മൂല്യങ്ങളേയും പറ്റി എനിക്കു വലിയ ധാരണയൊന്നുമില്ല. എങ്കിലും, ഇന്ത്യന്‍ ജനാധിപത്യത്തേയും, രാഷ്ട്രീയ നേതൃത്വത്തേയും പല അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും പുച്ഛമാണെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലായിട്ടുണ്ട്‌. പക്ഷേ, ഒരു രാഷ്ട്രത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച്‌ യുദ്ധത്തിലേക്ക്‌ നയിക്കുകയും, പ്രത്യക്ഷമായും പരോക്ഷമായും പതിനായിരക്കണക്കിന്‌ ജനങ്ങളുടെ മരണത്തിന്‌ കാരണക്കാരനാവുകയും ചെയ്തുവെന്ന് ഒരു JPC ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പറ്റി റിപ്പോര്‍ട്ട്‌ ചെയ്താല്‍, അദ്ദേഹത്തിന്‌ പിന്നീട്‌ അധികാരത്തില്‍ തുടരാനാവില്ലെന്ന് എനിക്ക്‌ നല്ല നിശ്ചയമുണ്ട്‌. അത്‌ ഒരു ജനാധിപത്യ മര്യാദയാണെന്നാണ്‌ എന്റെ വിശ്വാസം. അമേരിക്കക്കാര്‍ക്ക്‌ അങ്ങിനെ തോന്നുന്നുവോ ആവോ?

ഇറാഖ്‌ യുദ്ധത്തിനു മുന്‍പു അതിന്‌ CIAയും ഭരണകൂടവും നിരത്തിയ ന്യായീകരണങ്ങളും. യുദ്ധത്തിനു ശേഷം അതു സംബന്ധമായ തെളിവുകളും വിശകലനം ചെയ്ത US Senate Select Committee of Intelligence-ഇന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള Conclusions ആണ്‌ താഴെയുള്ള ചിത്രങ്ങളില്‍. മുഴുവന്‍ റിപ്പോര്‍ട്ട്‌ നിങ്ങള്‍ക്ക്‌ ഇവിടെ നിന്ന് ഡൌണ്‍ലോഡ്‌ ചെയ്യാം.






ഞാന്‍ അറിയാഞ്ഞിട്ട്‌ ചോദിക്കുകയാണ്‌. ബുഷ്‌ രാജിവെക്കണം എന്ന് അമേരിക്കയില്‍ ആരും ആവശ്യപ്പെടുന്നില്ലേ? അതോ, ഇനി എന്നെപ്പോലുള്ളവരുടെ ജനാധിപത്യ സങ്കല്‍പ്പങ്ങളിലാണോ തെറ്റ്‌?


ഫോട്ടോ അപ്‌ലോഡിംഗ്‌ എന്തുകൊണ്ടോ ശരിയാവുന്നില്ല. ഇമേജുകള്‍ നിങ്ങള്‍ക്ക്‌ ഇവിടെ കാണാമെന്ന് വിശ്വസിക്കുന്നു.


http://i15.photobucket.com/albums/a380/kannus1/1-2.jpg
http://i15.photobucket.com/albums/a380/kannus1/1-3.jpg

Friday, August 25, 2006

പിച്ചവെക്കുന്ന ബൂലോഗസ്വപ്നങ്ങള്‍

വളരെയൊന്നും പഴയതല്ലാത്ത ഒരു കാലത്ത് അഞ്ചോ പത്തോ ബ്ലോഗുകളില്‍ പരസ്പരം നാം സംവദിച്ചിരുന്നു. ആ അഞ്ചുപത്തുപേരല്ലാതെ മാദ്ധ്യമങ്ങളും നമ്മുടെ തന്നെ സുഹൃത്തുക്കളും അടക്കം പുറത്തുള്ള ലോകം ഇങ്ങനെയൊരു സംഭവം നടന്നുപോവുന്നത് അറിഞ്ഞിരുന്നതേ ഇല്ല.

ആ കാലം മാറിക്കൊണ്ടിരിക്കുന്നു. കൊച്ചുകൂട്ടായ്മക്കാരുടെ ചെറിയ സന്തുഷ്ടകുടുംബം വലിയൊരു കൂട്ടുകുടുംബമോ ഗ്രാമമോ ആയിത്തീര്‍ന്നിരിക്കുന്നു.


എല്ലാ ഘടകങ്ങളും ഒത്തുവന്നിരിക്കുന്നു ഇപ്പോള്‍. എന്റെ തോന്നലില്‍ ഇനി കുറച്ചുകാലത്തേക്ക് മലയാളം ബ്ലോഗുകളുടെ എണ്ണത്തില്‍ അതിശയകരമായ വളര്‍ച്ചയുണ്ടാവും. പലവിധത്തിലും തരത്തിലുമുള്ള ഉള്ളടക്കങ്ങള്‍ ഇവിടെയുണ്ടാവും. അതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വയോധികന്മാര്‍ വരെയാവാം. ഏറ്റവും അപ്രാപ്യമായ ഗ്രാമങ്ങളില്‍ നിന്നും പരിഷ്കൃതലോകത്തിന്റെ അങ്ങേയറ്റത്തുള്ള ദന്തഗോപുരങ്ങളില്‍ നിന്നും ഇനി മലയാളത്തില്‍ ബ്ലോഗുന്നവരുണ്ടാവാം.

എങ്കിലും ഇപ്പോള്‍ കാണുന്ന പുതുമഴയത്തെ തളിരുകള്‍ എല്ലാമൊന്നും പന്തലിച്ചുവളരണമെന്നില്ല. വെറുമൊരു കൌതുകത്തിന്റെ പുറത്തു തുടങ്ങിവെക്കുന്ന കുറേയധികം ബ്ലോഗുകള്‍ ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടു പോയെന്നു വരും. എന്നിട്ടും ചിലതൊക്കെ നിലനില്‍ക്കുകയും ചെയ്യും.

കുറച്ചു വര്‍ഷം കൂടി കഴിയുമ്പോള്‍ ബൂലോഗം എങ്ങനെയിരിക്കും എന്ന് ആലോചിക്കാറുണ്ട്.

ചില സാദ്ധ്യതകള്‍:

1. കര്‍മ്മനിരതമായി, പതിവായി പോസ്റ്റുകള്‍ വെക്കുന്ന കുറേ ഒറ്റയാള്‍ ബ്ലോഗുകള്‍ കാണും. ഇരുപതുമുതല്‍ നൂറുവരെയാവാം ഇവയുടെ എണ്ണം.

2. വല്ലപ്പോഴും മാത്രം പോസ്റ്റുകള്‍ ഇടുന്ന, പക്ഷേ വളരെ ഗൌരവമുള്ള വിഷയങ്ങളുമായി മറ്റൊരു രണ്ടോ നാലോ ഡസന്‍ ഒറ്റയാള്‍ബ്ലോഗുകളും ഉണ്ടാവും.

3. സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, മാദ്ധ്യമങ്ങള്‍, രാഷ്ട്രീയ-മത-സാംസ്കാരികസംഘടനകള്‍, ഇവയുടെ ഒക്കെ പ്രതിനിധികള്‍ തുടങ്ങിയവരുടെ ബ്ലോഗുകള്‍ ഉണ്ടാവും. ഇവ മിക്കവാറും ആനുകാലികാടിസ്ഥാനത്തില്‍ പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാം.

4.കവിത, കഥ, സംഗീതം തുടങ്ങിയ മണ്ഡലങ്ങളില്‍ മികവ് പുലര്‍ത്തുക എന്ന ഉത്തരവാദിത്തം എഴുതുന്നവര്‍ക്കു കൂടിക്കൊണ്ടിരിക്കും. അതനുസരിച്ച് ‘കൊള്ളില്ല’ എന്നു സ്വയം ബോദ്ധ്യമുള്ള കൃതികള്‍ സ്വയം പിന്‍‌വലിഞ്ഞുനില്‍ക്കും. ഒരു പരിധിവരെ ഫോട്ടോബ്ലോഗുകളിലും ഇങ്ങനെയുണ്ടാവും. മൊത്തത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കൃതികള്‍ ഏറും. അച്ചടിമാസികകള്‍ക്കും മറ്റും ഈ കൃതികളേയും എഴുത്തുകാരേയും അവഗണിക്കാനാവാതെ വരും.

5. ബ്ലോഗുകൂട്ടങ്ങള്‍ പല വഴികളായി സ്വയം തിരിഞ്ഞുമാറും. അതില്‍ തമാശക്കൂട്ടങ്ങളും ചര്‍ച്ചാവേദികളും വിജ്ഞാനവേദികളും തനതായ കൂട്ടായ്മകള്‍ കണ്ടെത്തും. സയന്‍സ്, സാങ്കേതികം, ഹോബികള്‍, സിനിമ തുടങ്ങി ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കി ഉണ്ടാകുന്ന ബ്ലോഗുകള്‍ കൂടുതല്‍ ഉരുത്തിരിയും. പ്രത്യേക കൂറുള്ള ഒരു സ്ഥിരം പറ്റം വായനക്കാര്‍ ആ ബ്ലോഗുകളില്‍ പതിവായി ഇടപെടും.

6. ‘ആരെയും മുഷിപ്പിക്കാതെ’ എന്ന ഇപ്പോഴത്തെ അവസ്ഥ മാറി സ്ഥാപിതമായ അഭിപ്രായങ്ങളിലും വാദങ്ങളിലും ഊന്നിക്കൊണ്ടുള്ള ബ്ലോഗുകള്‍ വരും. രാഷ്ട്രീയം, മതം, പ്രദേശം എന്നീ തുറകളില്‍ എഡിറ്റോറിയല്‍ സ്വഭാവമുള്ള ബ്ലോഗുകള്‍ വന്നെന്നു വരാം.

7. തുടക്കത്തില്‍ തന്നെയോ പാതിവഴിയിലോ ഉപേക്ഷിക്കപ്പെട്ടുപോകുന്ന ഒരു വലിയ എണ്ണം ബ്ലോഗുകള്‍ എവിടെയെങ്കിലുമൊക്കെ അവശേഷിച്ചുകിടക്കും.


മാറിവരുന്ന സൌകര്യങ്ങള്‍ (ഉദാഹരണം ബ്ലോഗര്‍ സര്‍വീസ് ഫീച്ചറുകള്‍, പുതിയ തരം യൂസർ ഇന്റർഫേസുകൾ..) ഈ സാദ്ധ്യതകളെ നന്നായോ മോശമായോ വല്ലാതെ ഉലച്ചുകളഞ്ഞെന്നു വരാം.

എങ്കിലും, എല്ലാത്തിനുമൊടുവില്‍ ബ്ലോഗുകളുടേതായ ഈ ചരിത്രഘട്ടം നല്‍കുന്ന കുറച്ചുനേട്ടങ്ങള്‍ ബാക്കി നില്‍ക്കും:

ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ എഴുത്തും വായനയും പ്രയോഗിക്കുന്നവരുടെ എണ്ണം തീരെയൊന്നും കുറഞ്ഞുപോകാതെ (കേരളത്തിലെ നഗരങ്ങളിലും കേരളത്തിനു പുറത്തും) നില്‍ക്കും.

ആശയപ്രകടനത്തിന് ഇങ്ങനെയുമൊരു വേദിയുള്ളത് നമ്മുടെ സമൂഹത്തിലെ ഭരണം,വാണിജ്യം, സാംസ്കാരികം, മാദ്ധ്യമം തുടങ്ങിയ തുറകളെ സ്വല്പമെങ്കിലും ഉത്തരവാദിത്തമുള്ളവരാക്കും.അവര്‍ ചെയ്യുന്ന അരുതായ്കകള്‍ സ്വതന്ത്രമായി വിളിച്ചുപറയാന്‍ ഇരകള്‍ക്ക് ഇതുപോലൊരവസരം മുന്‍പ് കിട്ടിയിട്ടില്ല.

ഇന്റര്‍നെറ്റില്‍ മൊത്തം മലയാളം content വളരെയേറെ വര്‍ദ്ധിക്കും. ബോധപൂര്‍വ്വമോ അല്ലാതെയോ ഒട്ടുമിക്ക മലയാളികളും അവരുടെ കമ്പ്യൂട്ടറുകളില്‍ മലയാളം വാക്കുകളില്‍ ചെന്നു മുട്ടും. കമ്പ്യൂട്ടറുകളില്‍ തന്നെ ഒരു ഭൂരിപക്ഷം ശരിയായ മലയാളം വായിക്കുവാന്‍ സജ്ജമാകും. യുണികോഡില്‍ അധിഷ്ഠിതമായ മലയാളമായിരിക്കും ഇതെന്നു പറയേണ്ടതില്ലല്ലോ.

ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ ശ്രദ്ധ നമ്മുടെ ഭാഷകളിലേക്ക് ഇനിയും വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കും മലയാളവാക്കുകളുടെ ഇത്തരം പ്രസാരണം. അവരെത്തുടര്‍ന്ന് അഡോബ് പോലുള്ള മറ്റു സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍ക്കും ഇന്‍ഡിക് ഭാഷകള്‍ അവഗണിക്കാനാവാത്ത ഒരു മേഖലയായി മാറും.

കൂടുതല്‍ മലയാളികള്‍ യുണികോഡുമായി പരിചയപ്പെട്ടുവരുമ്പോള്‍ ഗവണ്മെന്റിനും ഓണ്‍-ലൈന്‍ മാദ്ധ്യമങ്ങള്‍ക്കും യുണികോഡ് വ്യവസ്ഥയിലേക്കുള്ള പരിണാമം ഒഴിച്ചുകൂടാനാവാത്തതായി വരും. അവരുടെ തന്നെ ആളുകള്‍ search, sort എന്നീ ജോലികളില്‍ യുണികോഡിനുള്ള മെച്ചം തിരിച്ചറിയുകയും ചെയ്യും. മലയാളം യുണികോഡ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡാറ്റാബേസ് സംഹിതകള്‍ക്ക് കൂടുതല്‍ പ്രചാരവും പ്രയുക്തതയും ലഭിക്കും.

ടെലഫോണ്‍ ഡയറക്റ്ററി, എലക്ട്രോറല്‍ പട്ടികകള്‍, സമയവിവരപ്പട്ടികകള്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ യുണികോഡിലേക്കു മാറുകയും അവയുടെ ഉപയുക്തത പതിന്മടങ്ങേറുകയും ചെയ്യും.

OCR, Speech-to-Text, Text-to-Speech തുടങ്ങിയ പുതിയ വിദ്യകളില്‍ മലയാളത്തിനെ കൂട്ടിയിണക്കാന്‍ താരതമ്യേന എളുപ്പമാവും.അതനുസരിച്ച് ഒറ്റയ്ക്കും കൂട്ടായും പുതിയ സോഫ്റ്റ്വെയറുകള്‍/ മോഡ്യൂളുകള്‍ പലയിടങ്ങളില്‍നിന്നുമായി ഉണ്ടാവും.

പ്രാചീനവും ആനുകാലികവുമായ ഒട്ടനവധി മലയാളലിഖിതസമ്പത്ത് ഇന്റര്‍നെറ്റില്‍ ലഭ്യമാവും. OCR പോലുള്ള വിദ്യകള്‍ ഇതു ത്വരിതപ്പെടുത്തും. ആര്‍ജ്ജിതവിദ്യയും അക്കാഡമിക് ജ്ഞാനവും ഒത്തുനോക്കി നെല്ലും പതിരും വേര്‍തിരിക്കാന്‍ കൂടുതല്‍ എളുപ്പമാവും.

മറ്റ് ഇന്‍ഡിക് ഭാഷകളുമായും പ്രത്യേകിച്ച് ദ്രാവിഡഭാഷകളുമായും inter-indic transliteration സൌകര്യമുപയോഗിച്ച് കൂടുതല്‍ എളുപ്പത്തില്‍ സംവദിക്കാന്‍ മലയാളത്തിനാവും. ഉദാഹരണത്തിന് ഹിന്ദി നന്നായി വായിക്കാനറിയുന്ന (എന്നാല്‍ മലയാളം വായിക്കാനറിയാത്ത, സംസാരിക്കാനറിയാവുന്ന) ഒരു വടക്കേ ഇന്ത്യന്‍ മലയാളിപ്രവാസിക്കുട്ടിക്ക് ഒരു മലയാളം ചലച്ചിത്രഗാനം എളുപ്പത്തില്‍ ഹിന്ദിയിലാക്കി വായിക്കാന്‍ പറ്റും.


മൊബൈല്‍ ഫോണ്‍, കൌണ്ടര്‍ ക്യൂ മാനേജ്‌മെന്റ്, ആശുപത്രികള്‍, തെരഞ്ഞെടുപ്പുജോലികള്‍, റെയില്‍‌വേ സ്റ്റേഷനിലെ ഇലക്ട്രോണിക് സമയവിവരപ്രദര്‍ശിനികള്‍, ക്യാഷ് രെജിസ്റ്ററുകള്‍ തുടങ്ങി സാധാരണകമ്പ്യൂട്ടറുമായി നേരിട്ടു ബന്ധമില്ലെങ്കിലും ജനങ്ങളുമായി ഇടപഴകുന്ന യന്ത്രസംവിധാനങ്ങളില്‍ മലയാളം ലാഭകരമായിത്തന്നെ പ്രവര്‍ത്തനസജ്ജമാവും.

ID tags, CDDB, searchable video subtitles, RFID തുടങ്ങിയ സൌകര്യങ്ങളില്‍ മലയാളത്തിനു സുഗമമായി പങ്കുപറ്റാനാവും.

പ്രചാരമേറിയും വിലകുറഞ്ഞും വരുന്ന കമ്പ്യൂട്ടറുകളും  മൊബൈൽ ഫോണുകളും താഴെത്തട്ടിലുള്ള ജനങ്ങളും തമ്മിലുള്ള അകലം ഇനിയുമിനിയും ചുരുങ്ങിവരും. അടിച്ചമര്‍ത്തപ്പെട്ടുപോയ മാനുഷികതയ്ക്ക് സമൂഹവുമായി നേരിട്ട് സംവദിക്കാന്‍ കൂടുതല്‍ അവസരം വരും.

ഈ സ്വപ്നങ്ങളില്‍നിന്നും ഒരു പിടിയെങ്കിലും അക്കാലം കൊണ്ട് സാക്ഷാത്കാരത്തിലേക്കു പിച്ചവെക്കുമെന്നാണെന്റെ പ്രതീക്ഷ!

Monday, July 31, 2006

ശ്രദ്ധിക്കപ്പെടേണ്ട ചില ബ്ലോഗുകള്‍

ബൂലോഗം വളരുകയാണ്‌.

മുന്‍പാരോ പറഞ്ഞ പോലെ എക്സ്‌പൊണെന്‍ഷ്യലി. ഈ കൊല്ലത്തിന്റെ ആദ്യത്തെ 5 മാസങ്ങളില്‍ ബി.എസ്‌.ഇ. ഇന്‍ഡക്സ്‌ വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ്‌ ഇപ്പോള്‍ ബൂലോഗത്തിലെ അംഗങ്ങളും, പുതിയ പോസ്റ്റുകളും പിന്‍മൊഴി വഴിയെത്തുന്ന കമന്റുകളും വളരുന്നത്‌. ഇടക്ക്‌ നടന്ന കേരളാ, ബാംഗളൂര്‍, യു.എ.ഇ. സംഗമങ്ങളും അവക്കു കിട്ടിയ മാധ്യമ കവറേജും ഈ വളര്‍ച്ചക്ക്‌ ആക്കം കൂട്ടുകയും ചെയ്തു. പല പുതിയ പുലികളും ശിങ്കങ്ങളും നമ്മോടൊപ്പം ചേര്‍ന്നു. ഒരുപാട്‌ പേര്‍ വളരെ ആക്റ്റീവ്‌ ആയി പോസ്റ്റുകയും കമന്റുകയും ചെയ്യുന്നുമുണ്ട്‌.

ഇതിനിടക്ക്‌ എപ്പോഴോ നമ്മള്‍ ഡയറിക്കുറിപ്പുകള്‍ എന്നതിലുപരി ബ്ലോഗ്ഗിംഗിന്‌ ആശയവിനിമയത്തിലുള്ള സാധ്യതകളെപ്പറ്റിയും, പാരമ്പര്യ മാധ്യമങ്ങള്‍ക്കു മുകളില്‍ വസ്തുതകളെ അവലോകനം ചെയ്യാനുള്ള two-way interaction-ന്റെ മേന്മകളെപ്പറ്റിയും സംസാരിച്ചു. ബൂലോഗത്തിന്റെ ഇപ്പോഴത്തെ ഈ രൂപമാറ്റത്തിനു മുന്‍പേ, പൊതുവേ നമ്മള്‍ കണ്ടിരുന്നത്‌ നര്‍മ്മത്തില്‍ ചാലിച്ച അനുഭവ കഥകളുടേയും, കുറിപ്പുകളുടേയും ആവിഷ്കാരങ്ങളായിരുന്നു. നന്നായിരിക്കുന്നു അല്ലെങ്കില്‍ മെച്ചപ്പെടുത്താമായിരുന്നു എന്നതില്‍ കവിഞ്ഞ്‌ ഒരു ഇടപെടല്‍ വായനക്കാരന്റെ ഭാഗത്തു നിന്ന് സൃഷ്ടികളില്‍ ഉണ്ടായിരുന്നത്‌ വളരെ അപൂര്‍വമായ ഒരു കാര്യമായിരുന്നു. ബൂലോഗം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക്‌ -- ഗൌരവപരമായ ആശയവിനിമയത്തിലേക്ക്‌ - ചുവടു വെക്കുന്ന ഈ ഘട്ടത്തില്‍ അതിനു പ്ലാറ്റ്‌ഫോം ആയേക്കാവുന്ന കുറേ നല്ല ബ്ലോഗുകളിലേക്ക്‌ ബൂലോഗരുടെ ശ്രദ്ധ തിരിക്കാനും, നമ്മുടെ സജീവമായ പങ്കാളിത്തത്തിലൂടെ അത്തരം ബ്ലോഗുകള്‍ക്ക്‌ അവ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാനുമുള്ള ഒരു ശ്രമമാണ്‌ എന്റെ ഈ പോസ്റ്റ്‌. സാഹിത്യത്തില്‍ മാത്രമല്ല, സമകാലിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലും ബ്ലോഗര്‍മാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കേണ്ടതല്ലേ? എങ്കിലല്ലേ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക്‌ ഒരു complementary ആയി ബ്ലോഗുകളെ ഉയര്‍ത്തിക്കാട്ടാനുള്ള നമ്മുടെ ശ്രമം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ എത്തുകയുള്ളൂ?

ഒന്നുകൂടി -- ഓടിച്ചുള്ള വായനയില്‍ കണ്ണില്‍പ്പെട്ട ചില ബ്ലോഗുകളാണ്‌ ഞാന്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്‌. കാണാതെ പോയവ തീര്‍ച്ചയായും ഉണ്ടാവും. മറ്റുള്ളവര്‍ കൂട്ടിച്ചേര്‍ക്കുമല്ലോ.


1. ഈ വിഭാഗത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ബ്ലോഗുകളില്‍ ഒന്നാണ്‌ കല്ലേച്ചിയുടെ ബ്ലോഗ്‌. ഒരു പഴയ കാല ബ്ലോഗര്‍ ആയതിനാല്‍ കല്ലേച്ചിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. വിഷയങ്ങളിലുള്ള വൈവിധ്യവും, മറ്റാരും കാണാത്ത ഒരു വീക്ഷണകോണില്‍ നിന്നുള്ള നിരീക്ഷണങ്ങളും ആണ്‌ ഈ ബ്ലോഗിനെ പ്രസക്തമാക്കുന്നത്‌. സമകാലിക സാമൂഹ്യ പ്രശ്നങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന വ്യക്തിപരമായ കാര്യങ്ങളാണ്‌ പലപ്പോഴും കല്ലേച്ചിയുടെ പ്രതിപാദ്യ വിഷയം. എന്തു കൊണ്ടോ, പലപ്പോഴും കല്ലേച്ചി ഉയര്‍ത്തുന്ന വിഷയങ്ങള്‍ ബൂലോഗത്തിന്റെ ശ്രദ്ധ നേടാതെ പോവുന്നു.

2. മറ്റുള്ള ബ്ലോഗുകളിലെ കമന്റുകളും, കൊച്ചി മീറ്റിലെ സാന്നിധ്യവും വഴി പ്രതീഷ്‌ പ്രകാശ്‌ എന്ന ഞാന്‍കുട്ടിയുടെ ബ്ലോഗ്‌ എല്ലാരും കണ്ടിരിക്കുമെങ്കിലും പലപ്പോഴും ഞാന്‍കുട്ടിയുടെ ശാസ്ത്ര-സാങ്കേതിക മേഖലയിലുള്ള ലേഖനങ്ങള്‍ അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോയിട്ടുണ്ട്‌. ഹൈഡ്രജനേപ്പറ്റിയും ജൈവ ഇന്ധനങ്ങളെപ്പറ്റിയും ഒക്കെ ഞാന്‍കുട്ടിയുടെ വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും, ഈ രംഗങ്ങളില്‍ പ്രഗത്‌ഭര്‍ ആയിട്ടുള്ളവരുടെ ശ്രദ്ധ പതിയേണ്ടതും ആണെന്ന കാര്യത്തില്‍ സംശയമില്ല.


3. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആയ ശ്രീ. എന്‍.പി. രാജേന്ദ്രന്‍, സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകള്‍ അതിന്റെ ഉള്‍ക്കാഴ്ച്ച കൊണ്ടും കാലിക പ്രാധാന്യം കൊണ്ടുമാണ്‌ ശ്രദ്ധേയമാവുന്നത്‌. ഇവിടെ ബൂലോഗത്തിന്റെ സജീവമായ ഇടപെടലുകള്‍ കുറയുന്നത്‌ നമുക്കോരോരുത്തര്‍ക്കും എന്‍.പി.ആറിന്റെ അനുഭവ സമ്പത്ത്‌ പകര്‍ന്നു തരേണ്ട വിജ്ഞാനം നഷ്ടമാവാനാണ്‌ കാരണമാവുന്നത്‌.

4. രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങളിലുള്ള വിവാദങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന കിരണ്‍ തോമസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ബ്ലോഗ്‌, ഈ ബ്ലോഗര്‍ സംവാദത്തിനായി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ കൊണ്ടാണ്‌ വേറിട്ടതാവുന്നത്‌. മറ്റുള്ള ബ്ലോഗര്‍മാരെ അപേക്ഷിച്ച്‌ സ്വന്തം കാഴ്ച്ചപ്പാടുകള്‍ കിരണ്‍ അധികം ഉയര്‍ത്തിക്കാട്ടുന്നില്ല എന്നത്‌ ഈ ബ്ലോഗിന്റെ ഒരു ന്യൂനതയാണ്‌. എന്നിരുന്നാലും കിരണ്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങളിലുള്ള സംവാദങ്ങള്‍ പ്രസക്തം തന്നെ.


5. മയ്യഴി എന്ന ബ്ലോഗറുടെ പൊതുയോഗം എന്ന ബ്ലോഗും നാം ചിന്തിക്കേണ്ട കുറേ വിഷയങ്ങള്‍ വരച്ചിടുന്നു. മലയാള ലിപിയുടെ സംരക്ഷണം കൂടി, ബൂലോഗത്തിന്റെ ദൌത്യങ്ങളില്‍ ഒന്നാണെന്നിരിക്കേ, ഈ വിഷയത്തില്‍ മയ്യഴി ചൂണ്ടിക്കാണിച്ച ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌.

6. സുന്ദരവും ലളിതവുമായ ഭാഷയില്‍ അത്ര മാധ്യമ ശ്രദ്ധ കടന്നു ചെല്ലാത്ത വിഷയങ്ങളില്‍ സ്വന്തം നിരീക്ഷണങ്ങള്‍ കുറിച്ചിടുന്നു കുമാരപുരത്തിന്റെ ആന്ധ്രാക്കത്തില്‍. വളരെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഈ ബ്ലോഗറുടെ രണ്ടു ലേഖനങ്ങള്‍ ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

7. അച്ചടിമാധ്യമങ്ങളില്‍ വരുന്ന, വിവാദങ്ങളല്ലാത്ത എന്നാല്‍ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളുടെ ചക്കാത്തുവായനയാണ്‌ ഓസിന്റെ വേര്‍ഡ്പ്രസ്സ്‌ ബ്ലോഗില്‍ ഉള്ളത്‌. ഈ ബ്ലോഗര്‍ എല്ലാവര്‍ക്കും സുപരിചിതന്‍ ആണെങ്കിലും അദ്ദേഹത്തിന്റെ ഈ സംരഭം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? ( ഇതേ ആശയത്തില്‍ കലേഷ്‌ ചെയ്യുന്ന സാംസ്കാരികം ബ്ലോഗിനെ മറക്കുന്നില്ല. അവിടേയും ബൂലോഗത്തിന്റെ പാര്‍ട്ടിസിപ്പേഷന്‍ കുറവു തന്നെ.)

8. ഒട്ടും പ്രാധാന്യം കുറയാത്ത ഒരു സേവനമാണ്‌ കവികളേയും കവിതകളേയും പരിചയപ്പെടുത്തുന്ന കാവ്യനര്‍ത്തകിയുടെ ബ്ലോഗില്‍ ഉള്ളത്‌. എസ്‌.ജോസഫിനെപ്പോലുള്ള അത്ര പ്രശസ്തരല്ലാത്ത കവികളേയും, കെ.ജി. ശങ്കരപ്പിള്ളയെപ്പോലുള്ള അതികായരുടേയും കവിതകള്‍ യാതൊരു മുന്‍വിധികളും പക്ഷം പിടിക്കലും ഇല്ലാതെ പരിചയപ്പെടുത്തുന്ന ഈ ബ്ലോഗ്‌, സാഹിത്യകുതുകികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌.

9. ആരും അധികം ശ്രദ്ധിക്കാത്ത ചെറിയ വലിയ തെറ്റുകളും ശരികളും സരസമായ ഭാഷയില്‍ പറഞ്ഞു തരികയാണ്‌ ഡോ.ശ്രീകാന്ത്‌ തന്റെ നന്‍മയും തിന്‍മയും എന്ന ബ്ലോഗില്‍. തമിഴ്‌ സാഹിത്യത്തിലും പാണ്ഡിത്യമുള്ള ശ്രീകാന്തിന്റെ വിജ്ഞാനം നമുക്കും പകര്‍ന്നു തരാനുള്ള ഒരു ശ്രമമാണ്‌ ഇത്‌. വെറുതേ ഓരോന്ന് എന്ന ബ്ലോഗിലാവട്ടെ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങള്‍ പങ്കു വെക്കുന്നു.

10. ജിയോ കുര്യന്റെ രചനകളിലൂടെ എന്ന ബ്ലോഗ്‌ യുനീകോഡിലല്ലാത്ത ഇന്റര്‍നെറ്റ്‌ രചനകളുടെ ഒരു സമാഹാരമാണ്‌. ഇതില്‍ എന്തെങ്കിലും കോപ്പിറൈറ്റ്‌ പ്രശ്നങ്ങള്‍ ഉണ്ടോ എന്നുള്ളത്‌ ആരെങ്കിലും അദ്ദേഹത്തിന്‌ പറഞ്ഞു കൊടുക്കുമല്ലോ


ഇവയില്‍ പല ബ്ലോഗുകളും പിന്‍മൊഴികളില്‍ വരുന്നില്ല എന്നതും ബ്ലോഗര്‍മാര്‍ മറ്റു ബ്ലോഗുകളില്‍ സജീവമല്ല എന്നതുമാണ്‌ ഇവിടങ്ങളിലെ അലസതക്ക്‌ ഒരു കാരണമായി എനിക്ക്‌ തോന്നുന്നത്‌. ബൂലോഗത്തിലെ അംഗസംഖ്യയുടെ വളര്‍ച്ചക്കൊപ്പം നമ്മുടെയൊക്കെ വ്യക്തിപരമായ വളര്‍ച്ചക്കും ഇടവരുത്തുന്ന സൃഷ്ടിപരമായ സംവാദങ്ങള്‍ കാണാന്‍ ഇടവരുമെന്ന് പ്രതീക്ഷിക്കട്ടെ.