Sunday, January 29, 2006

ജനുവരിയിലെ ബ്ലോഗുകള്‍ (തുടര്‍ച്ച)

ബ്ലോഗുകള്‍ പലപ്പോഴും ഇതര സാഹിത്യരൂപങ്ങളില്‍ നിന്നു് വേറിട്ടു നില്‍ക്കുന്നതു വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും സാഹിത്യശൈലിയും എഴുത്തുകാര്‍ കാണിക്കുന്ന രചനാവൈദഗ്ദ്യങ്ങളിലൂടെയാണു്. ഒരു ബ്ലോഗില്‍ തന്നെ വ്യത്യസ്ത ആശയങ്ങളും രചനാശൈലികളും ഇടവിട്ടു കാണുന്നതു സ്വാഭാവികമാണു്. ചിന്തകള്‍ ആവിഷ്കരിക്കുന്നതിലാകട്ടെ ഓരോ എഴുത്തുകാരനും പുതുമയാര്‍ന്ന രീതീകള്‍ എളുപ്പം കണ്ടെത്തുകയും ചെയ്യുന്നു. ഈ ഒരു വസ്തുത തന്നെയാണു് ബ്ലോഗുകളെ ആകര്‍ഷകമാക്കുന്നതും; പറയുവാനുള്ള കാര്യങ്ങള്‍ ഒരു എഴുത്തുകാരന്‍ പറഞ്ഞുപോകുന്നതു് നമ്മള്‍ ഇതുവരെ കാണാതിരുന്ന ദൃശ്യവിസ്മയങ്ങളിലൂടെയും, വാക്ചാതുര്യത്തോടെയുമാകുന്നു.

പ്രത്യേകതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചില പുതിയ ബ്ലോഗുകള്‍:

സമൂഹജീവിയെന്ന നിലയില്‍ നേരിടുന്ന അസ്യാസ്ഥങ്ങളെ കുറിച്ചുള്ള സാധാരണ പരിവേദനങ്ങളാണു് മരീചിക എന്ന ബ്ലോഗില്‍. ഈ സാധാരണത്വമാണു ഈ ബ്ലോഗിനെ പ്രത്യേകതയുള്ളതാക്കുന്നതും. ലേഖകന്റെ നാമം ബ്ലോഗിലെ യൂസര്‍‌നെയിമില്‍ നിന്നു് ഊഹിക്കാന്‍ കഴിഞ്ഞില്ല (അത് തികച്ചും സാധാരണമായ ഒരു കാര്യവുമാണു്) എങ്കിലും അദ്ദേഹം സിനിമയെന്ന മാധ്യമത്തെ അവലോകനം ചെയ്തുകൊണ്ടു് എഴുതുന്നു:
സാഹചര്യങ്ങളല്ല സ്വര്‍ത്ഥയാണ്‌ യതാര്‍ത്ഥ പ്രതിയെന്ന മറക്കാന്‍ ശ്രമിക്കുന്ന സത്യം സിനിമ ആസ്വദിക്കാന്‍ വേണ്ടി തിയേറ്ററില്‍ വരുന്ന ഞങ്ങളെ ഒാര്‍മ്മിപ്പിക്കുന്നതൊക്കെ മോശമല്ലെ? നമുക്ക്‌ ബണ്‌ടി ഓര്‍ ബബ്‌ലിയും, സലാം നമസ്തേയും ഒക്കെ മതി. രാജ്‌ കിരണെ പോലെയുള്ള നടന്മാരെ നമുക്ക്‌ സൌകര്യപൂര്‍വ്വം മറന്ന് നമുക്ക്‌ സൈഫ്‌ അലി ഖാന്മാരെ ആദരിക്കാം.
അടുത്തത് കുറേകൂടി രസകരമായ ബ്ലോഗാണു്. ഇവിടെയും ലേഖകന്റെ പേര് ഊഹിക്കുക എന്ന പരിപാടി ഞാന്‍ റദ്ദാക്കി. ആമുഖത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഈയടത്തു വായിച്ചതില്‍ ഏറ്റവും വ്യത്യസ്തതയുള്ള ബ്ലോഗാണു് http://marapatti.blogspot.com/

എന്റെ പുണ്യാളച്ചോ എന്നു കുറിക്കുകൊള്ളുന്ന തലക്കെട്ടുള്ള ലേഖനത്തില്‍ നിന്നു്:
എറണാകുളത്തു നിന്നും കളമശ്ശേരി ഭാഗത്തേക്കു പോകുമ്പോള്‍ കലൂരും ഇടപ്പള്ളിയിലും രണ്ടു പള്ളികളുണ്ട്. കലൂരുള്ളത് സെബസ്ത്യാനോസ് പുണ്യാളന്റേയും, ഇടപ്പള്ളിയില്‍ ഉള്ളതു ഗീവര്‍ഗ്ഗിസ് പുണ്യാളന്റേയും. ഭക്തരുടെ എണ്ണത്തില്‍ രണ്ടു പേരും അത്ര മോശമല്ല.
രസകരങ്ങളായ nickname/username മലയാളികളുടെ ഇന്റര്‍നെറ്റ് ലോകത്ത് സര്‍വ്വസാധാരണമാണു്. ഈയടുത്ത കാലത്തു സമയക്കുറവുമൂലം എഴുതാതെയിരിക്കുന്നുവെങ്കിലും ഒരേ സമയം രസകരവും കാര്യഗൌരവമേറിയതുമായ ലേഖനങ്ങള്‍ ‘പാപ്പാന്‍’ എന്ന പേരില്‍ എഴുതിയിരുന്ന മലയാളം ബ്ലോഗറെ ഇപ്പോഴും മിക്കവരും ഓര്‍ക്കുന്നുണ്ടാവണം. ‘നക്സല്‍‌വാസു’ അതേ ഗണത്തില്‍ പെടുത്താവുന്ന മറ്റൊരു മലയാളം ബ്ലോഗറാണു്. “നക്സലിസം ബൂലോഗത്തില്‍” എന്ന നയം വ്യക്തമാക്കുന്ന പോസ്റ്റില്‍ വാസു ഇപ്രകാരം എഴുതുന്നു:

കഴുത്തറുപ്പന്‍ തൊഴിലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും പാവപ്പെട്ട മുതലാളിമാരെ രക്ഷിക്കുവാന്‍ ഇതാ ഞങ്ങള്‍ വരുന്നു. സംഘടിക്കുവിന്‍ മുതലാളിമാരെ! നഷ്ടപ്പെടാന്‍ ഒന്നുമില്ല നമുക്ക്‌, കുറെ കൈമടക്കുകളല്ലാതെ! ശ്ശെ! തെറ്റിപ്പോയി! ഓ പോട്ട്‌! അല്ലെങ്കിലും ഇതും ശരി തന്ന്! അല്ലടെ അപ്പി! നിങ്ങളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ...!
കവിതയില്‍ തുടങ്ങി, ഓര്‍മ്മക്കുറിപ്പുകളിലൂടെ, ജീവിത നിരീക്ഷണങ്ങളിലേക്ക് തൂലിക ചലിപ്പിക്കുന്നതു “ശനിയന്‍” എന്ന തൂലികനാമത്തില്‍ എഴുതുന്ന മറ്റൊരു മലയാളം ബ്ലോഗറാണു്. അദ്ദേഹത്തിന്റെ കവിത തുളുമ്പുന്ന വരികളില്‍ നിന്നു്:

വെറുതേയിരുന്നു ചിരിക്കുന്ന രാത്രി..
ഉറക്കമൊഴിക്കുന്ന വഴിവിളക്കുകള്‍..
ഞാനിവിടെ എന്താണു ചെയ്യുന്നത്‌?
ഞാന്‍ എവിടേക്കാണു പോവുന്നത്‌?
ലക്ഷ്യമില്ലാത്ത എന്റെ മനോരഥത്തിന്റെ
ചക്രമുരുളുന്ന വഴിനോക്കി നില്‍ക്കുന്നതാരാണ്‌?
എന്തിനാണു ഞാനിവിടെ വന്നത്‌?
മലയാളം ബ്ലോഗുകളില്‍ പുതുമകള്‍ കാഴ്ച വയ്ക്കുന്നവരാണു് മേല്‍പ്പറഞ്ഞ എഴുത്തുകാരെല്ലാം തന്നെ. സത്യത്തില്‍ മലയാളം ബ്ലോഗുകളിലൂടെ ഒന്നു സഞ്ചരിച്ചാല്‍ പെട്ടെന്നു മനസിലാവുന്ന ഒരു വസ്തുതയുണ്ടു്, ഒരു എഴുത്തുകാരനെയും ഒരു പ്രത്യേക വിഭാഗത്തില്‍ തളച്ചിടുവാന്‍ കഴിയില്ലെന്നു്. അവരുടെ ചിന്താമണ്ഡലങ്ങള്‍ മാറിയും മറഞ്ഞും കാണപ്പെടുന്നു, ഒരേ സമയം ആര്‍ദ്രമായും തീഷ്ണമായും അവരുടെ വരികള്‍ മലയാളത്തില്‍ പിറന്നുവീഴുന്നു. തോഴരെ, നിങ്ങള്‍ക്ക് സര്‍വ്വമംഗളങ്ങളും നേരുന്നു.

Wednesday, January 25, 2006

ജനുവരിയിലെ ബ്ലോഗുകള്‍

വര്‍ഷാദ്യത്തില്‍ മലയാളത്തില്‍ പുതിയ ചില ബ്ലോഗുകള്‍ കൂടി പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു.
അക്ഷരശ്ലോകം ഗ്രൂപ്പില്‍ നിന്നുള്ള രാജേഷ് വര്‍മ്മ, ജനുവരി 6 മുതല്‍ മലയാളത്തില്‍ ബ്ലോഗെഴുതി തുടങ്ങിയിരിക്കുന്നു. രാജേഷിന്റെ തന്നെ കഥകള്‍ സ്വയം‌പ്രകാശനം ചെയ്യുന്നതിനുംകൂടിയുള്ള ഒരു വേദിയാണു നെല്ലിക്ക എന്ന ബ്ലോഗ്.

മൈക്രൊസോഫ്റ്റിനു വേണ്ടി ജോലി ചെയ്യുന്ന സന്തോഷ് പിള്ള, ശേഷം ചിന്ത്യം എന്ന പേരില്‍ മലയാളത്തിലൊരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു. സന്തോഷ് എഴുതുന്നു:

മറ്റേമ്മയുടെ ചെരുവെ ചുരുണ്ടുകൂടിയിരുന്ന്, ഭീതിയോടെ, പരമുവാശാന്‍റെ വിറയ്ക്കുന്ന കൈകളിലേയ്ക്കും ജപിക്കുന്ന ചുണ്ടിലേയ്ക്കും നോക്കിയിരിക്കുമായിരുന്ന നാള്‍ മുതലേ ശേഷം ചിന്ത്യം എന്ന അവസാനവാക്കുകള്‍ ഭീതിയുടേയും ഉത്കണ്ഠയുടേയും അനിശ്ചിതത്വത്തിന്‍റേയും പര്യായമായി മനസ്സിലുറച്ചിരുന്നു. പറഞ്ഞാലും എഴുതിയാലും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങള്‍ക്ക് ഇപ്പോഴും ശേഷം ചിന്ത്യം എന്നാണ് പേര്.

സ്വന്തം അനുഭവങ്ങളിലെ ചൂടും ചൂരും ഒപ്പിയെടുത്തുകൊണ്ട് സൂഫി തുടര്‍ക്കഥയെഴുതുന്നു. മലയാളസാഹിത്യത്തിനു ബ്ലോഗുകള്‍ക്ക് (ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിനു പൊതുവായും) നല്‍കാവുന്ന സൌഭാഗ്യങ്ങളാവും ഇത്തരം സാഹിതീയങ്ങള്‍. ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാവുന്ന സൂഫിയുടെ വരികളില്‍ നിന്നു്:
ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു.
"ന്റെ ശുന്നത്ത്‌ കല്യാണാ".

"കണ്ടില്ലേ ചെറുക്കനു പേടിയില്ല". കാര്‍ന്നോന്മാര്‍ ചിരിച്ചു.

എന്തിനാണ്‌ പേടിക്കുന്നതെന്നു സിറാജിനു ഒരു എത്തും പിടിയും കിട്ടിയില്ല.

വെബ്‌ലോകം പോര്‍ട്ടലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ ബെന്നി മിക്കവര്‍ക്കും പരിചിതനായിരിക്കും. തനതായ സാഹിത്യവിചാരങ്ങള്‍ പങ്കുവച്ചുകൊണ്ടു്; നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുകയും, ലഘുവായ ഭാഷയില്‍ ആകര്‍ഷകങ്ങളായ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന ബെന്നി മലയാളം വായനക്കാര്‍ക്ക് വായനയുടെ പുതിയ ലോകം തുറന്നുകൊടുക്കുന്നു. ശുദ്ധഹാസ്യത്തിന്റെ മേമ്പൊടിയോടെ ബെന്നി മലയാളത്തിലെ ആധുനിക കവികളെ പരിഹസിക്കുന്നു:
സമയോചിതം പിള്ളയെയും സഹായികളെയും, പിന്നെ എന്റെ സമകാലിക കവികളെയും മനസ്സില്‍ ധ്യാനിച്ച് ഞാനും ഒരു പുതുക്കവിത എഴുതട്ടെ.

ദ് ന്തൂട്ട്‌ണ് കാട്ട്‌ണെ നീ ക്ടാവെ,*
ഒറ്റവലിക്കിങ്ങ്‌നെ മോന്തണ്ടറ ചെക്കാ,
വാളങ്ങ്‌ട് വെച്ചാ കിഴി കിട്ടൂട്ടാ,
ഡാക്കില് ഞാന്‍ എറങ്ങ്യാ നീ പോക്കാട്ടാ!

(സ്ഥലം തൃശ്ശൂര്‍ അരിയങ്ങാടിക്കടുത്തുള്ള ബാര്‍. ശേഷിയില്ലാത്ത ഫാസ്റ്റ് ഡ്രിങ്കറെ, നേരാംവണ്ണം കുടിപ്പിക്കാന്‍ പരിചയ സമ്പന്നനായൊരു കുടിയന്‍ ശ്രമിക്കുന്നതാണ് രംഗം.)

സമകാലികം മലയാളം ബ്ലോഗുകളിലേക്കൊരു വഴികാട്ടിയായി നിലകൊള്ളുവാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ ബ്ലോഗുവിശേഷങ്ങള്‍ ഇനിയും ഇവിടെ നിന്നു പ്രതീക്ഷിക്കാം.

Sunday, January 22, 2006

ദേശാഭിമാനി വാരിക

ദേശാഭിമാനിവാരിക ബാഗ്ദാദ് ബ്ലോഗറെ ഉദ്ധരിച്ചിരിക്കുന്നു! അങനെയെങ്കിലും ബ്ലോഗിങ് എന്ന സംഗതിയെപ്പറ്റി കുറച്ചെങ്കിലും ജനങള്‍‌ക്ക്‌ അറിയുമല്ലോ. അടുത്ത സ്റ്റെപ് മലയാളം ബ്ലോഗിങിനെ കുറിച്ച്‌ ആയിരിക്കാം.

Tuesday, January 10, 2006

കേരളപാഠാവലി പത്താംതരം

അക്ഷയ e-കേന്ദ്രത്തില്‍ ലഭ്യമായ കേരളപാഠാവലി മലയാളം ടെക്സ്റ്റ് ബുക്കുകള്‍ ഈയടുത്താണു് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഡി.പി.ഇ.പിയും അനുബന്ധ പഠനപദ്ധതികളും കേരളത്തിലെ വിദ്യഭ്യാസ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ച് ഞാനൊട്ടും ബോധവാനായിരുന്നില്ല. മലയാളം പാഠാവലിയിലെ ആദ്യത്തെ ഭാഗം എനിക്ക് സത്യത്തില്‍ ഒരു ഷോക്ക് തന്നു. കാരണം ഞാന്‍ പ്രതീക്ഷിച്ചിരുന്ന തരത്തില്‍ ലളിതമായ വായനയായിരുന്നില്ല ഓ.എന്‍.വിയുടെ ലേഖനം. രണ്ടാം ഭാഗം കുറച്ചുകൂടി ആഴത്തിലുള്ള ഷോക്കായിരുന്നു. “ഞാനിതൊന്നും പഠിച്ചില്ലല്ലോ” എന്നതായിരുന്നു എന്റെ സങ്കടം. ജോസഫ് മുണ്ടശ്ശേരിയുടെ ലേഖനം എന്റെ ഓര്‍മ്മയിലുള്ള പത്താം തരം വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് മുകളിലൂടെ പറക്കുന്നതാണു്.

ഒരു കാര്യത്തില്‍ സന്തോഷം തോന്നുന്നു, കവിതകളും കഥകളും പാഠ്യവിഷയമാക്കാതെ അവയെ കുറിച്ചുള്ള പഠനങ്ങള്‍ പാഠ്യവിഷയമാക്കുന്ന രീതി നന്നായിരിക്കുന്നു. ഈ പഠനങ്ങളില്‍ പ്രതിപാദനം ചെയ്യപ്പെടുന്ന കൃതികളിലേക്ക് തിരികെ ചെല്ലേണ്ടത് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ആവശ്യവുമായി തീരുന്നു. വായനയുടെ ലോകം വളരുന്നുണ്ടാവണം.

(അങ്ങിനെയെങ്കില്‍ മലയാളം വിക്കിപീടിയ ഇറങ്ങിചെല്ലേണ്ടത് ഹൈസ്കൂള്‍ ക്ലാസുകളിലേക്കാണു് - ആര്യന്‍ ഇന്‍‌വേഷന്‍ തിയറിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവരും, ഇംഗ്ലീഷ് ഗദ്യം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നവരുമായ സ്കൂള്‍ വിദ്യാര്‍ഥികളുള്ളപ്പോള്‍ വിക്കിപീടിയ മത്സരം കോളേജ് വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാവരുത്.)

എനിക്കുള്ള സംശയങ്ങള്‍:

ഇപ്രകാരം പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികളുള്ള സമൂഹത്തില്‍ ആരാണു് “മലയാളം മരിക്കുന്നുവെന്നു്” വിലപിച്ചത്? അതോ പഠിച്ച കാര്യങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ കവാടത്തില്‍ ഉപേക്ഷിച്ച് അവരവരുടെ വീടുകളിലെ സ്വീകരണമുറിയില്‍ കാണുന്ന ടിവിയുടെ മുന്നിലേക്ക് നടന്നുവോ?

Monday, January 09, 2006

പേരിന്റെ വ്യവസായം


ആദ്യം തന്നെ പറയട്ടെ, മലയാള നോവല്‍ ചരിത്രത്തിന്റെ ദിശ തന്നെ മാറ്റിയ ഇതിഹാസ തുല്യമായ ഒരു നാമം മദ്യത്തിനുപയോഗിക്കുന്നതില്‍ ഉള്ള ധാര്‍മിക രോഷമോ, അതു ചെയ്യാന്‍ മലയാളിയേ പ്രേരിപ്പിക്കുന്ന സാംസ്‌കാരിക മൂല്യച്യുതിയോ ചൂണ്ടിക്കാണിക്കാന്‍ അല്ല ഞാന്‍ ഈ news item പോസ്റ്റ്‌ ചെയ്തത്‌. Market economy-യുടെ കൂടപ്പിറപ്പായ കഴുത്തറപ്പന്‍ marketing തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ധാര്‍മിക രോഷവും മൂല്യച്യുതിയും പോലുള്ള വികാരങ്ങള്‍ക്കുള്ള അപ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ, ഈ മത്‌സരത്തില്‍ നമ്മള്‍ എങ്ങിനെയാണ്‌ "അതിവേഗം ബഹുദൂരം" പുറകോട്ട്‌ പോകുന്നത്‌ എന്ന് അവലോകനം ചെയ്യാനുള്ള ഒരു ശ്രമമാണ്‌ എന്റേത്‌.

ഭാഗ്യമോ, നിര്‍ഭാഗ്യമോ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ ആയി നമ്മുടെ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും tourism എന്ന ഒരൊറ്റ വ്യവസായത്തിലൂടെയാണ്‌ ലഭിക്കുന്നത്‌. ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന സ്ലോഗന്‍ പ്രചരിപ്പിക്കുന്നതിലും ലോകത്തിലെ 50 മികച്ച tourist destinations-ഇല്‍ ഒന്നായി കേരളത്തെ മാറ്റുന്നതിലും ഒരു പരിധി വരെ നമ്മുടെ സര്‍ക്കാരുകളും tourism വകുപ്പും വിജയിച്ചിട്ടുണ്ട്‌ എന്നു പറയാതെ വയ്യ. എന്നാല്‍ കുറേ സഞ്ചാരികളെ കേരളത്തിലേക്ക്‌ ആകര്‍ഷിക്കുക എന്നതില്‍ കവിഞ്ഞ്‌ tourism എന്ന മുഖ്യ വ്യവസായത്തോട്‌ അനുബന്ധിപ്പിക്കാവുന്ന മറ്റു products position ചെയ്യുന്നതില്‍ നമ്മള്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട്‌? ചുളിയുന്ന പുരികങ്ങള്‍ എനിക്ക്‌ ഇപ്പോഴെ കാണാമെങ്കിലും സാഹിത്യവും കലയും ഒക്കെ ഇങ്ങനെ promote ചെയ്യാവുന്ന products ആക്കി മാറ്റേണ്ട ആവശ്യകതയാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌.

ഈ ഒരു കാഴ്ച്ചപ്പാടിലാണ്‌ ഖസാക്ക്‌ എന്ന് ഒരു മദ്യത്തെ നാമകരണം ചെയ്യുന്നത്‌ തെറ്റാവുന്നത്‌. കരിമ്പില്‍ നിന്ന് മദ്യം വാറ്റുന്ന CHICOPS എന്ന ഫാക്‍റ്ററി target ചെയ്യുന്ന market segment-ഇല്‍, ഖസാക്ക്‌ എന്ന പേര്‌ ഒരു ചലനം സൃഷ്ടിക്കും എന്ന് വിശ്വസിക്കാന്‍ വയ്യ. എന്നാല്‍ ഓ.വി. വിജയനേയും, വി.കെ.എന്‍.ഇനേയും പോലുള്ള ലോകനിലവാരത്തിലുള്ളവരുടെ സാഹിത്യം ഫലപ്രദമായി market ചെയ്യാന്‍ നമുക്ക്‌ കഴിഞ്ഞാല്‍, ( penguin പോലുള്ള പ്രസാധകരുടെ book marketing അല്ല, സാഹിത്യകാരുടെ ആശയങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു conceptual marketing ആണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌)അത്‌ ബിസിനസ്സ്‌ എന്നതിലുപരി നമ്മുടെ നാടിന്റെ അന്തസ്സ്‌ എല്ലാ തരത്തിലും വളര്‍ത്തുന്ന ഒരു move കൂടി ആയിരിക്കും.

മലയാളി മനസ്സില്‍ അമൂര്‍ത്തമായിരിക്കുന്ന ഖസാക്കിന്‌ ഒരു കള്ളുകുപ്പിയുടെ രൂപം വന്നു കഴിഞ്ഞാല്‍, ഒരു പക്ഷേ നമുക്ക്‌ ഇങ്ങിനെ ഒരു അവസരം ഉപയോഗിക്കാന്‍ പറ്റാതിരുന്നേക്കും.