Wednesday, January 25, 2006

ജനുവരിയിലെ ബ്ലോഗുകള്‍

വര്‍ഷാദ്യത്തില്‍ മലയാളത്തില്‍ പുതിയ ചില ബ്ലോഗുകള്‍ കൂടി പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു.
അക്ഷരശ്ലോകം ഗ്രൂപ്പില്‍ നിന്നുള്ള രാജേഷ് വര്‍മ്മ, ജനുവരി 6 മുതല്‍ മലയാളത്തില്‍ ബ്ലോഗെഴുതി തുടങ്ങിയിരിക്കുന്നു. രാജേഷിന്റെ തന്നെ കഥകള്‍ സ്വയം‌പ്രകാശനം ചെയ്യുന്നതിനുംകൂടിയുള്ള ഒരു വേദിയാണു നെല്ലിക്ക എന്ന ബ്ലോഗ്.

മൈക്രൊസോഫ്റ്റിനു വേണ്ടി ജോലി ചെയ്യുന്ന സന്തോഷ് പിള്ള, ശേഷം ചിന്ത്യം എന്ന പേരില്‍ മലയാളത്തിലൊരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു. സന്തോഷ് എഴുതുന്നു:

മറ്റേമ്മയുടെ ചെരുവെ ചുരുണ്ടുകൂടിയിരുന്ന്, ഭീതിയോടെ, പരമുവാശാന്‍റെ വിറയ്ക്കുന്ന കൈകളിലേയ്ക്കും ജപിക്കുന്ന ചുണ്ടിലേയ്ക്കും നോക്കിയിരിക്കുമായിരുന്ന നാള്‍ മുതലേ ശേഷം ചിന്ത്യം എന്ന അവസാനവാക്കുകള്‍ ഭീതിയുടേയും ഉത്കണ്ഠയുടേയും അനിശ്ചിതത്വത്തിന്‍റേയും പര്യായമായി മനസ്സിലുറച്ചിരുന്നു. പറഞ്ഞാലും എഴുതിയാലും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങള്‍ക്ക് ഇപ്പോഴും ശേഷം ചിന്ത്യം എന്നാണ് പേര്.

സ്വന്തം അനുഭവങ്ങളിലെ ചൂടും ചൂരും ഒപ്പിയെടുത്തുകൊണ്ട് സൂഫി തുടര്‍ക്കഥയെഴുതുന്നു. മലയാളസാഹിത്യത്തിനു ബ്ലോഗുകള്‍ക്ക് (ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിനു പൊതുവായും) നല്‍കാവുന്ന സൌഭാഗ്യങ്ങളാവും ഇത്തരം സാഹിതീയങ്ങള്‍. ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാവുന്ന സൂഫിയുടെ വരികളില്‍ നിന്നു്:
ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു.
"ന്റെ ശുന്നത്ത്‌ കല്യാണാ".

"കണ്ടില്ലേ ചെറുക്കനു പേടിയില്ല". കാര്‍ന്നോന്മാര്‍ ചിരിച്ചു.

എന്തിനാണ്‌ പേടിക്കുന്നതെന്നു സിറാജിനു ഒരു എത്തും പിടിയും കിട്ടിയില്ല.

വെബ്‌ലോകം പോര്‍ട്ടലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ ബെന്നി മിക്കവര്‍ക്കും പരിചിതനായിരിക്കും. തനതായ സാഹിത്യവിചാരങ്ങള്‍ പങ്കുവച്ചുകൊണ്ടു്; നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുകയും, ലഘുവായ ഭാഷയില്‍ ആകര്‍ഷകങ്ങളായ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന ബെന്നി മലയാളം വായനക്കാര്‍ക്ക് വായനയുടെ പുതിയ ലോകം തുറന്നുകൊടുക്കുന്നു. ശുദ്ധഹാസ്യത്തിന്റെ മേമ്പൊടിയോടെ ബെന്നി മലയാളത്തിലെ ആധുനിക കവികളെ പരിഹസിക്കുന്നു:
സമയോചിതം പിള്ളയെയും സഹായികളെയും, പിന്നെ എന്റെ സമകാലിക കവികളെയും മനസ്സില്‍ ധ്യാനിച്ച് ഞാനും ഒരു പുതുക്കവിത എഴുതട്ടെ.

ദ് ന്തൂട്ട്‌ണ് കാട്ട്‌ണെ നീ ക്ടാവെ,*
ഒറ്റവലിക്കിങ്ങ്‌നെ മോന്തണ്ടറ ചെക്കാ,
വാളങ്ങ്‌ട് വെച്ചാ കിഴി കിട്ടൂട്ടാ,
ഡാക്കില് ഞാന്‍ എറങ്ങ്യാ നീ പോക്കാട്ടാ!

(സ്ഥലം തൃശ്ശൂര്‍ അരിയങ്ങാടിക്കടുത്തുള്ള ബാര്‍. ശേഷിയില്ലാത്ത ഫാസ്റ്റ് ഡ്രിങ്കറെ, നേരാംവണ്ണം കുടിപ്പിക്കാന്‍ പരിചയ സമ്പന്നനായൊരു കുടിയന്‍ ശ്രമിക്കുന്നതാണ് രംഗം.)

സമകാലികം മലയാളം ബ്ലോഗുകളിലേക്കൊരു വഴികാട്ടിയായി നിലകൊള്ളുവാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ ബ്ലോഗുവിശേഷങ്ങള്‍ ഇനിയും ഇവിടെ നിന്നു പ്രതീക്ഷിക്കാം.

6 comments:

.::Anil അനില്‍::. said...

:)
അങ്ങനെ ഒളിച്ചിരിക്കുന്ന പുല്‍നാമ്പുകളും വന്മരങ്ങളുടെ മുളകളുമെല്ലാം പുറത്തു വരട്ടെ.
----
‘പ്രകാശിതം‘ പിന്നെ ചെയ്യപ്പെടുക കൂടി ഉണ്ടാവുമോ പെഗിങ്ങോടരേ?

ചില നേരത്ത്.. said...

സൌഹൃദത്തിന്റെ പുതുമഴയില്‍ സര്‍ഗ്ഗശേഷിയുടെ വന്മരങ്ങള്‍ തായ്‌വേരുറപ്പിക്കട്ടെ.
പുതുസൌഹൃദങ്ങളേ, മലയാണ്മയുടെ ഈ ഉണര്‍ത്തുപാട്ട് ചേര്‍ന്ന് പാടാന്‍ നമുക്ക് കൈകോര്‍ക്കാം.
ആവൃത്തി വ്യതിയാനങ്ങളും സ്വരമിടര്‍ച്ചയും നമുക്ക് മറന്നേ പോകാം. നാം ഒരു സംസ്കൃതിയെയാണല്ലോ പാടിയുണര്‍ത്തുന്നത്.
@പെരീ..’തുഷാര’ത്തെ പറ്റി,അരവിന്ദ്,.. പറയാന്‍ മറന്നോ?
സസ്നേഹം
ഇബ്രു-

.::Anil അനില്‍::. said...

ഈ അക്ഷരപ്പിശാചിനോട് ക്ഷമിക്കണേ ‘പെരിങ്ങോടരേ’ :(

സ്വാര്‍ത്ഥന്‍ said...

വളരെ നല്ല ഐഡിയ!
‘പിന്മൊഴി’ക്കെന്താ പറ്റിയേ? അസ്കിത വല്ലതും? പല കമന്റുകളും ഗ്രൂപ്പില്‍ നിന്ന് അവിടം വരെ എത്തിക്കാണുന്നില്ലല്ലോ?

വിശാല മനസ്കന്‍ said...

ഗംഭീര ന്യൂസുകൾ.!

Reshma said...

നന്നായി!