അക്ഷയ e-കേന്ദ്രത്തില്‍ ലഭ്യമായ കേരളപാഠാവലി മലയാളം ടെക്സ്റ്റ് ബുക്കുകള്‍ ഈയടുത്താണു് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഡി.പി.ഇ.പിയും അനുബന്ധ പഠനപദ്ധതികളും കേരളത്തിലെ വിദ്യഭ്യാസ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ച് ഞാനൊട്ടും ബോധവാനായിരുന്നില്ല. മലയാളം പാഠാവലിയിലെ ആദ്യത്തെ ഭാഗം എനിക്ക് സത്യത്തില്‍ ഒരു ഷോക്ക് തന്നു. കാരണം ഞാന്‍ പ്രതീക്ഷിച്ചിരുന്ന തരത്തില്‍ ലളിതമായ വായനയായിരുന്നില്ല ഓ.എന്‍.വിയുടെ ലേഖനം. രണ്ടാം ഭാഗം കുറച്ചുകൂടി ആഴത്തിലുള്ള ഷോക്കായിരുന്നു. “ഞാനിതൊന്നും പഠിച്ചില്ലല്ലോ” എന്നതായിരുന്നു എന്റെ സങ്കടം. ജോസഫ് മുണ്ടശ്ശേരിയുടെ ലേഖനം എന്റെ ഓര്‍മ്മയിലുള്ള പത്താം തരം വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് മുകളിലൂടെ പറക്കുന്നതാണു്.
ഒരു കാര്യത്തില്‍ സന്തോഷം തോന്നുന്നു, കവിതകളും കഥകളും പാഠ്യവിഷയമാക്കാതെ അവയെ കുറിച്ചുള്ള പഠനങ്ങള്‍ പാഠ്യവിഷയമാക്കുന്ന രീതി നന്നായിരിക്കുന്നു. ഈ പഠനങ്ങളില്‍ പ്രതിപാദനം ചെയ്യപ്പെടുന്ന കൃതികളിലേക്ക് തിരികെ ചെല്ലേണ്ടത് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ആവശ്യവുമായി തീരുന്നു. വായനയുടെ ലോകം വളരുന്നുണ്ടാവണം.
(അങ്ങിനെയെങ്കില്‍ മലയാളം വിക്കിപീടിയ ഇറങ്ങിചെല്ലേണ്ടത് ഹൈസ്കൂള്‍ ക്ലാസുകളിലേക്കാണു് - ആര്യന്‍ ഇന്‍വേഷന്‍ തിയറിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവരും, ഇംഗ്ലീഷ് ഗദ്യം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നവരുമായ സ്കൂള്‍ വിദ്യാര്‍ഥികളുള്ളപ്പോള്‍ വിക്കിപീടിയ മത്സരം കോളേജ് വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാവരുത്.)
എനിക്കുള്ള സംശയങ്ങള്‍:
ഇപ്രകാരം പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികളുള്ള സമൂഹത്തില്‍ ആരാണു് “മലയാളം മരിക്കുന്നുവെന്നു്” വിലപിച്ചത്? അതോ പഠിച്ച കാര്യങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ കവാടത്തില്‍ ഉപേക്ഷിച്ച് അവരവരുടെ വീടുകളിലെ സ്വീകരണമുറിയില്‍ കാണുന്ന ടിവിയുടെ മുന്നിലേക്ക് നടന്നുവോ?
Tuesday, January 10, 2006
Subscribe to:
Post Comments (Atom)
5 comments:
പെരിങ്ങോടാ,
കേരളപാഠാവലിയിലേക്കുള്ള “വഴി“ പറഞ്ഞു തന്നതിനു ആദ്യമേ നന്ദി പറയട്ടെ.
"ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃതലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍വെളിച്ചവും
മണവും മമതയും- ഇത്തിരി കൊന്നപ്പൂവും"
വൈലോപ്പിള്ളിയുടെ ഈ വരികളിലേക്കും, മുണ്ടശ്ശേരിയുടെ വിന്ധ്യഹിമാലയങ്ങളിലൂടെ എന്ന ലേഖനത്തിലേക്കും ഒരു തിരിച്ചുപോക്ക് തരമായി.
മലയാളം മരിക്കുന്നു എന്നു വിലപിക്കുന്നതിനെക്കുറിച്ച് ആവലാതിപ്പെടുന്ന പെരിങ്ങോടന്റെ ഈ ചെറിയ കുറിപ്പില്‍ പോലും ആംഗലേയത്തിന്റെ സാന്നിധ്യം (ഒഴിവാക്കാവുന്നതെങ്കിലും) കാണാം. നമ്മുടെയെല്ലാം അബോധതലങ്ങളില്‍ ഈ ഭാഷ പിടിമുറുക്കിയതിന്റെ ചെറിയ ലക്ഷണം മാത്രമാണിത്. പത്തു വാചകമെഴുതിയാല്‍ അതില്‍ പത്തുവാക്കെങ്കിലും ആംഗലേയമായിപ്പോകുന്നു (ചിലത് സ്വാംശീകരിക്കപ്പെട്ടതെങ്കിലും). നാളെ അതു പത്തു വാചകം തന്നെയായി വളരുന്നു. ഇതു കൊണ്ടൊന്നും മലയാളം മരിക്കുന്നില്ല എന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കാം അല്ലേ.
പാഠപുസ്തകത്തിനൊത്ത് പഠിതാക്കളില്ലെങ്കില്‍ പിന്നെ പുസ്തകം കൊണ്ടെന്ത് കാര്യം? എണ്ണിപ്പെറുക്കി മാര്‍ക്കിനുവേണ്ടി പഠിച്ചെഴുതി മറക്കുന്നവരല്ലേ കൂടുതല്‍. പേരിനു അല്ലാതെയും ചിലരുണ്ടായേക്കാം. അവരിലൂടെയും, പിന്നെ ഏണ്ണം പറഞ്ഞ എഴുത്തുകാരിലൂടെയും വായനക്കാരിലൂടെയും, ഈ ബ്ലോഗരിലൂടെയും (ഈ വഴിക്കു നിങ്ങളുടെയെല്ലാം ശ്രമം തികച്ചും അഭിനന്ദനാര്‍ഹമാണു) ഒക്കെയാവാം മലയാളത്തിന്റെ ചെറുത്തുനില്പ്പ്.
എന്റെ ഭാഷയ്ക്ക് ദീര്‍ഘായുസ്സ് നേര്‍ന്ന് കൊണ്ട്...
പഠനം കഴിഞ്ഞിറങ്ങിയിട്ടൂം കാര്യമില്ല..
അതുപയോഗിക്കൻ പലർക്കും മടിയല്ലേ..!
ഉപയോഗിച്ച് രസിയ്ക്കനും രസിപ്പിക്കാനും ആംഗലേയ ഭാഷയില്ലേ..!
ആനന്ദലബ്ധിക്കിനിയെന്ത് വേണം..?
പ്രിയ പെരിങ്ങോറ്റകുമാരാ,
ഈ പുസ്തകം എന്റെ ചിന്നു 10ആം ക്ലാസ്സിൽ പഠിക്കുമ്പൊ, അതായതു, കഴിഞ്ഞ കൊല്ലം ഞാൻ കണ്ടതാ.ഇതിനു പുറകിലെ ആശയം കൊള്ളാം. കൊള്ളാം ന്നല്ല, വളരെ ദീർഘദറശിത്വള്ളാ ആരോ ആണ് ഇതിന്റെ പിന്നിൽ ന്നുള്ളേല് സംശയല്ല്യ. പക്ഷേ ഇതു പ്രായോഗികാക്കുമ്പോ എന്താണ്ടാവണേ ന്നറിയ്‌വോ?
കുട്ടികൾടെ പ്രശ്നത്തിലേക്കു ആദ്യം കടക്കാം.ഇതു വരെ കാണാപ്പാഠം പഠിച്ചു ശീലിച്ച ഒരു കൂട്ടം.അവരടെ മുൻപിൽക്കാ നമ്മൾ ഇതു കൊടുക്കണെ.
പാഠപുസ്തകതിലെ വേരിൽ നിന്നു കൊണ്ടു സാഹിത്യനഭസ്സിലേക്കു എത്തിപ്പിടിക്കാനുള്ള നീളം ഇവർക്കായിോ ന്നു അറീല്യാട്ടൊ. പക്ഷേ ഒരു കാര്യം ഉരപ്പ. ഒരു 3-4 കൊല്ലം കഴിയുമ്പഴക്കും നിലവാരത്തിൽ ഗണ്യ്യമായിട്ടുള്ള വ്യത്യാസണ്ടാവും.
ഇതു വരെ 'പശു' ന്ന് ഉത്തരം വരണ്ട ചോദ്യത്തിന് 'പട്ടി'ന്നെഴുത്യാ അരമാർക്കു കിട്ടി ശീലിച്ചോരല്ലെ ഇപ്പോള്ളേ.
ചിന്നുന്റെം അവൾടെ കൂട്ടുകാരടേമ്മ് അവസ്ഥ എനിക്കറിയാം.അച്ഛൻ എനിക്കു 'കരതലാമലകം'ആ, പക്ഷെ അമ്മ കീറാമുട്ട്യാ...എന്നാണവൾ ഗംഭീരായി ഒരു ദിവസം കാച്ച്യേ. പ്രസ്തുത വാക്കുകൾക്കു പുതിയ പാഠാവലിയൊടു ചിന്നമ്മു കടപ്പെട്റ്റിരിക്കുണു ന്നു് പ്രത്യേകം പറയണ്ടല്ലോ.
എങ്ങന്യാ പഠിക്കണ്ടേന്നു കുട്ട്യോൾക്ക്കും, എന്താ പഠിപ്പിക്കണ്ടേന്നു അധ്യാപകർക്കും ഒരു പിടീം ണ്ടായിരുന്നില്യ.
ബഷീറിന്റെ 'ബാല്യകാലസഖി' പഠിക്കാനുണ്ടായിരുന്നു. അതിന്നും പാവം അധ്യാപകർ കണ്ടു പിടിച്ച ചോദ്യം എന്തായിരുന്നു ന്നറിയ്‌വോ?
"ബഷീറിനു കിട്ടിയ ശംബളം അദ്ദേഹം തന്റെ സഹോദരങ്ങൾക്കു വീതിച്ചു അയക്കുന്നു. മണി ഓർഡറിനോടൊപ്പം അദ്ദേഹം അവർക്കയച്ച കത്ത് അന്നത്തെ സാമൂഹികരാഷ്ട്രീയപശ്ചാത്തലം മനസ്സിൽ വെച്ചു കൊണ്ട് അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ എഴുതുക."
അഥവാ
"ബഷീറിന്റെ കഥകളിലെ പ്രകൃതി വർണ്ണന"
ഇത്രേം ഭാവനാശേഷി അധ്യാപകർക്കില്യാണ്ട്യായാ എന്താ ചെയ്യ?
പക്ഷെ ഇപ്പഴത്തെ കോളേജിലെ പിള്ളെരടെ കാര്യം...എല്ലാ കൊല്ലോമ്മ് ഇംഗ്ലീഷ് ക്ലാസ്സു തുടങ്ങണ സമയത്തു തന്നെ അവരെക്കൊണ്ട് മലയാളം അക്ഷരമാല എഴുതിക്കാൻ ശ്രമിക്കാറുണ്ട് ഞാൻ.പാവങ്ങൾ പിള്ളേർടേ മുട്ടു കൂട്ടി ഇടിക്കണതു കാണാം. സങ്ങ്ജ്കടം അതല്ല.എഴുതാൻ മാത്രല്ല, വായിക്കാൻ പോലും അവർക്ക്ക് ശുധായിട്ട് അറീല്യാ. കക്കഗംഗങ്ങാ.... ന്നാപറേണേ.
പ്രിയ പെരിങ്ങോടരെ,
പതിവു പോലെ നിലവാരം ഉള്ള ബ്ലോഗ്. നന്ദി.
മലയാള ഭാഷയുടെ ഇന്നത്തേ അവസ്ഥ കഷ്ടം ആണെങ്കിലും അതു മരിക്കില്ല. Nature മാസികയില്‍ ഉണ്ടായ ഒരു പഠനം ഉദ്ദരിച്ചു എന്‍.എസ്. മാധവന്‍ ഈ വിഷയം ചെറുതായി സ്പര്‍ശിച്ചതു ഓര്‍ക്കുന്നു (ഭാഷാപോഷിണിയില്‍ ആണെന്നു തൊന്നുന്നു). Classic എന്ന വാക്കിനു മലയാളം തര്‍ജ്ജമ കണ്ടെത്താന്‍ കഴിയാത്തതു മലയാള ഭാഷയുടെ വളര്‍ച ഇല്ലായ്മ ആണു സൂചിപ്പുക്കുന്നതു എന്നും അല്ലാതെ ഒരു മരണം അല്ല എന്നാണു എനിക്കും തോന്നുന്നതു.
സീരിയലുകലും സിനിമകളും നിലവാരം ഇല്ലാത്ത ചാനലുകളൂം മലയാളം വിറ്റു കഞ്ഞി കുടിക്കുന്നടുത്തോളം കാലം മലയാളം ഇങ്ങനെ ജീവിച്ചു പോയി കൊള്ളും. മരണം സംഭിക്കുന്നതു dialects എന്ന ഭാഷാ രൂപങ്ങല്‍ക്കു ആയിരിക്കും. മലബാര്‍ ഭാഷയ്ക്കു ഇനി എത്രയാണോ ആയുസ്സു?
സാംസ്കാരികമായ ഇക്കോസിസ്റ്റങ്ങളുടേയും താന്പോരിമ കാണിക്കുന്ന ഒരളവുകോലാണ് വെറൈറ്റി. കേരളസംസ്കാരത്തിലെ ഈ വെറൈറ്റി കുറഞ്ഞുപോകുന്നതു തടയാന്‍ തുളസി പറഞ്ഞപോലെയുള്ള സംരംഭങ്ങള്‍ കുറച്ചെങ്കിലും സഹായിക്കും. അതിന്റെ സംഘാടകര്‍ പ്രശംസ അര്‍ഹിക്കുന്നു.
Post a Comment