Saturday, December 31, 2005

മൊഴി - മറുമൊഴി.

കെ.പി. അപ്പന്‍:

മനുഷ്യന്‍ ഒന്നുകില്‍ മാര്‍ക്സിസ്റ്റ് മനോഭാവവുമായി ജനിക്കുന്നു. അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ മനോഭാവവുമായി ജനിക്കുന്നു. എന്റെ ബുദ്ധിയും ബോധവും രണ്ടാമത്തെ വകുപ്പില്‍ പെടുന്നു.
“അപ്പനു് ബുദ്ധിയും ബോധവും ഇല്ലെന്നു എന്തായാലും ഞാന്‍ പറയുന്നില്ല.”


ഇന്ദു മേനോന്‍:
മുരിങ്ങയുടെ കൊമ്പൊടിഞ്ഞതിനെ കുറിച്ചു വിലാപകഥ ചമയ്ക്കുന്ന കഥാകാരന്‍ ചായയ്ക്ക് ചൂടുകുറഞ്ഞതിനു ഭാര്യയുടെ കൈയുടെ അസ്ഥിയൊടിക്കുന്നതാണു് നമ്മുടെ സാഹിത്യലോകത്തിന്റെ വര്‍ത്തമാനം. അത്തരം ഷണ്ഢന്മാരുടെ ഒരു വരി പ്രശംസ കിട്ടാന്‍ വേണ്ടി വേണ്ടി കമിഴ്ന്നു വീഴുന്നതിനേക്കാള്‍ പിച്ചയെടുത്തു് ജീവിക്കുന്നതാണു് ഭേദമെന്നു ഞാന്‍ വിശ്വസിക്കുന്നു.
“ഭിക്ഷാടനം നിരോധിക്കപ്പെട്ടിരിക്കുന്നു. എഴുത്തു തുടര്‍ന്നോള്ളൂ.”


എം. കൃഷ്ണന്‍ നായര്‍:
വയലാര്‍ രാമവര്‍മ ജീവിച്ചിരിക്കുന്നതു വര്‍ഷം തോറുമുള്ള വയലാര്‍ അവാര്‍ഡും അതിനു യോജിച്ച ആഘോഷങ്ങളും കൊണ്ടാണു്. ആ കവിയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിയായ പി.കുഞ്ഞിരാമന്‍ നായര്‍ വിസ്മരിക്കപ്പെട്ടു വരുന്നു. ‘വരുമോ കുങ്കുമം തൊട്ട സാന്ധ്യശോഭ കണക്കവള്‍’ എന്ന പിയുടെ വരി പോലൊരു വരി രാമവര്‍മ എഴുതിയിട്ടില്ല, എഴുതാനൊട്ടു കഴിവുമില്ല.
“വാസ്തവം.”


ബാലചന്ദ്രന്‍ ചുള്ളിക്കാട്:
ഇന്നത്തെ അന്തരീക്ഷത്തില്‍ എഴുത്തുകാരനായിരിക്കാന്‍ എനിക്കു തെല്ലും താല്പര്യമില്ല. ഇന്നു് ആര്‍ക്കും കവിയാകാം. എന്തും എഴുതാം, എന്തും പ്രസിദ്ധീകരിക്കാം. ഞാന്‍ ആനുകാലികങ്ങള്‍ വായിക്കുന്നതു നിര്‍ത്തി.
ഇന്നു് ആര്‍ക്കും സീരിയല്‍ നടനാകാം. എന്തും അഭിനയിച്ചു തകര്‍ക്കാം, എത്ര എപ്പിസോഡിലും നിര്‍ത്താതെ ബോറടിപ്പിക്കാം. ഞാന്‍ ടി.വി സീരിയലുകള്‍ കാണുന്നതു് നിര്‍ത്തി.

Thursday, December 01, 2005

ഗള്‍ഫ് ഡയറി

ഗള്‍ഫ് രാജ്യങ്ങളിലെ ജനാധിപത്യവിശേഷങ്ങള്‍ (ജനാധിപത്യവും അതിന്റെ അഭാവവും ഒരു വിശേഷമാണല്ലോ) കുപ്രസിദ്ധമാണല്ലോ. ഭരണം മുതല്‍ ചവറു വാരുന്നതില്‍ വരെ ഏകാധിപത്യമാണു് മിക്ക ജി.സി.സി കളിലും. അതില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതു് ടെലികോം രംഗത്തെ മോണോപ്പൊളികളും (ഇവ വെറും തല്ലിപ്പൊളിയെന്നു് ചില കടുത്ത വിമര്‍ശകര്‍). ഈ ടെലികോം അതികായരുടെ നിത്യശത്രുവാണു് VoIP ഉപകരണങ്ങള്‍. “ഇന്റര്‍നെറ്റ് ഫോണ്‍കാര്‍ഡുകള്‍” എന്നു് 800 ദിര്‍ഹം ശമ്പളക്കാരന്‍ ഓമനിച്ചു് വിളിച്ചിരുന്ന VoIP സെര്‍വീസുകള്‍ മിക്കതും നിരോധിക്കപ്പെട്ടിരിക്കുന്നു. ഇന്‍സ്റ്റന്റ് മെസഞ്ചറിലെ voice facilities എന്നിരുന്നാലും മിക്ക ആളുകള്‍ക്കും ലഭ്യമായിരുന്നു. ഇപ്പോഴതിനെതിരെയും ടെലികോം കമ്പനികള്‍ രംഗത്തു് വന്നിരിക്കുന്നു. Skype ഇത്യാദി VoIP ഭീമന്‍‌മാരെയാണു് പേരെടുത്തു് പറഞ്ഞിട്ടുള്ളുവെങ്കിലും ഗൂഗിള്‍ ടാക്കും, യാഹൂ മെസഞ്ചറുമെല്ലാം വോയ്സ് ഡിസാബിള്‍ഡ് ആവുമെന്നാണു് സൂചനകള്‍. പകരം കുത്തക മുതലാളി സ്വന്തം VoIP സംവിധാനം ഏര്‍പ്പാടാക്കുന്നു, പൊതുജനം ബുദ്ധിമുട്ടരുതല്ലോ. എന്തൊരു ഉദാത്തമായ ഭരണം; ഭൂമിയിലെ സ്വര്‍ഗ്ഗം ഇതാ ഇവിടെ.

Sunday, November 27, 2005

കാക്കത്തൊള്ളായിരത്തി ഒന്ന്

ഐക്യ അറബിനാടുകള്‍ മലയാളികൂട്ടങ്ങള്‍ക്ക്‌ കുപ്രസിദ്ധമാണെന്ന് ഇനി ഞാന്‍ പറഞ്ഞു നിങ്ങളറിയേണ്ട കാര്യമില്ല. (ഈ നാട്ടിലല്ലാത്തവരേ, ഞങ്ങളുടെ അസ്സോസ്സിയേറ്റല്‍ ഭയങ്കരമാണ്‌. ഒരുത്തന്‍ കൊല്ലം അസ്സോസിയേഷന്‍ ഉണ്ടാക്കും, അതു രണ്ടായി ഒരു കഷണം കൊല്ലം-ചിന്നക്കട അസ്സോസിയേഷണാകും. ഒരു മാസം കഴിയുമ്പോള്‍ കൊല്ലം-ചിന്നക്കട-സിനി വ്യൂവേഴ്സ്‌ ജനിക്കും. അതില്‍ നിന്ന് കൊ-ചി-സിവ്യു-മോഹന്‍ലാല്‍ ഫാന്‍സ്‌. കൊ-ചി-സിവി-മോഫാ- നരസിംഹം ഫാന്‍സ്‌ . മേപ്പടിയില്‍ പോ മോനേ ദിനേശാ ഫാന്‍സ്‌, അങ്ങനെ അങ്ങനെ. കാക്കത്തൊള്ളായിരം തികച്ചു)കാക്കത്തൊള്ളായിരത്തി ഒന്നായിട്ടു UAE ബ്ലോഗര്‍ ഒരിക്കല്‍ ഒത്തുകൂടണോ വേണ്ടയോ എന്ന് ഒന്നു രണ്ട്‌ രഹസ്യ സംഭാഷണങ്ങള്‍ നടക്കുകയും, തല്‍ഫലമായി, ഒരാഹ്വാനം സമ കാലില്‍ പതിക്കാന്‍ ഒരൊളിപ്പോരാളി എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്റെ ജോലി ദാ കഴിഞ്ഞു, നിങ്ങളായിട്ട്‌ എന്താണെന്നു വച്ചാല്‍ തീരുമാനിച്ചോ. സംഭവം നടക്കുകയാണെങ്കില്‍, എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ ആലോചിക്കുക. ഒരു ദശാബ്ദത്തെ ഓണ്‍ലൈന്‍-ഓഫ്ഫ്ലൈനാക്കല്‍ പരിചയം കൊണ്ട്‌ ഞാന്‍ പറയുന്നു..കണ്ടുമുട്ടിയാല്‍ ഓഫ്‌ലൈന്‍ ഇന്റ്ര്ഗ്രേഷന്‍ ഡിസില്ല്യൂഷന്‍ എന്ന അടുപ്പം തോന്നായ്ക വരും കണ്ടില്ലേല്‍ ഓണ്‍ലൈന്‍ ഡിസിന്‍ഹിബിഷന്‍ എന്ന അകല്‍ച്ച വരും പറഞ്ഞില്ലേല്‍ ഇച്ചാച്ചന്‍ പട്ടിയിറച്ചി തിന്നും, പറഞ്ഞാല്‍ അമ്മാമ്മ ഇടി കൊള്ളും എന്ന സ്ഥിതിവിശേഷമാണ്‌ സുഹൃത്തുക്കളേ. 6 മാസത്തിലൊരിക്കല്‍ കണ്ടുമുട്ടുന്നതിനെക്കാള്‍ മോശമാണല്ലോ ഒരിക്കലും കാണാതിരിക്കുന്നതിനെക്കാള്‍ മോശമാണല്ലോ.
കൂലം കഷായമായി ആലൊച്ചു ഒരു പൊട്ടത്തീരുമാനത്തില്‍ എത്തിച്ചേരുക..


എന്റെ പണി കഴിഞ്ഞു, ഞാന്‍ ദേ പോണേണ്‌

Monday, November 14, 2005

ഹരിഹരാത്മജം ദേവമാശ്രയേ

Image hosted by Photobucket.com
മറ്റൊരു മണ്ഡലമാസക്കാലമായി. അയ്യപ്പന്റെ നടയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ തിരക്കെന്നു പതിവുപോലെ പത്രവാര്‍ത്ത പ്രതീക്ഷിക്കാം.. ഈ പോകുന്നവരെല്ലാം അയ്യപ്പ സങ്കല്‍പ്പം മനസ്സിലാക്കി പോകുന്നവരാണോ ദൈവമേ എനിക്കു പ്രമോഷനാകണേ ഒപ്പം അയല്‍ക്കാരനു സസ്പെന്‍ഷനുമാകണേ എന്നു കേണു പ്രാര്‍ദ്ധിച്ച്‌ കാണിക്കയിട്ടു വരികയാണോ എന്നു ഞാനാലോചിക്കാറുണ്ട്‌..

അയ്യപ്പസങ്കല്‍പ്പം പോലെ മറ്റൊന്നില്ല. അയ്യന്‍, അപ്പന്‍ എന്ന രണ്ടു ആദിദ്രാവിഡ വാക്കുകള്‍ കൊണ്ട്‌ വൈഷ്ണവരെയും ശൈവരേയും അതൊന്നിപ്പിച്ചു. പമ്പയില്‍ ജനിച്ച്‌ പന്തളത്തു വളര്‍ന്ന് അത്‌ മനുഷ്യനിലെ ദൈവികതയെ കാണിച്ചുതന്നു.അയ്യപ്പന്റെയും വാവരുടെയും സൌഹൃൗദം നിറയുന്ന സന്നിധാനം പുതുക്കി പ്പണിഞ്ഞത്‌ പോളക്കുളം കൊച്ചുതൊമ്മന്‍ സ്വാമിയായിരുന്നു. തീര്‍ന്നില്ല, അയ്യപ്പ്ന്റെ പടനായകനും ഉറ്റ തോഴരുമെല്ലാം ഗിരിവര്‍ഗ്ഗക്കാരും.. അയ്യപ്പന്‍ സ്വീകരിച്ച ധര്‍മ്മശാസ്താവെന്ന പദവി ബുധഭിക്ഷുവിന്റേതും..അയ്യപ്പഭക്തര്‍ 41 ദിവസം ജൈനഭക്ഷണം കഴിക്കല്‍ ആചരിക്കുന്നു, ബ്രഹ്മചര്യത്തിന്റെ ത്യാഗ സങ്കല്‍പ്പം റമദാന്‍ നൊയമ്പിന്റേത്‌.

കഠിനയാത്ര കര്‍മ്മയോഗം, സമദര്‍ശനം, ഏകനാമവും "യൂണിഫോറവും" ജ്ഞാനയോഗം (അഹം ബ്രഹാസ്‌മി)ശരണം വിളിച്ചുള്ള യാത്ര ഭക്തിയോഗവും- ഹൈന്ദവതത്വശാസ്ത്രങ്ങളെയാകെ പ്രതീകവല്‍ക്കരിക്കുന്നു ശബരിമല തീര്‍ത്ഥാടകന്‍.പടികള്‍ ഗീതാകാരന്റെ ധര്‍മ്മോപദേശത്തിലെ 18 അധ്യായങ്ങളും ചവിട്ടിക്കടന്ന് ഇരുമുടിയെന്ന പുണ്യപാപച്ചുമടുകളില്‍ നിന്ന് സാമഗ്രികല്‍ ഓരോന്നായി ഉപേക്ഷിച്ചുള്ള യാത്രക്കു തുല്യമായി മറ്റൊരു ഹൈന്ദവ തീര്‍ത്ഥാടനവുമുണ്ടാവില്ല.അയ്യപ്പ ഭക്തര്‍ പാടുന്ന പാട്ടുകളും സൌന്ദര്യലഹരിയുടേതുപോലത്തെ ജാടകളില്ലാതെയും വൃത്തവ്യാകരണങ്ങളുടെ നൂലാമാലക്കു പുല്ലുവിലകൊടുത്തിട്ടും "ഭൂമിപ്രപഞ്ചനേ കണ്‍കണ്ട ബ്രഹ്മമേ" എന്നൊക്കെയാകുന്നു പലപ്പോഴും..

കലിയുഗവരദന്റെ കോടിക്കണക്കിനു കലിയുഗഭക്തര്‍ ഇന്നു തൊട്ട്‌ ചില്ലിക്കാശുകള്‍ കൈക്കൂലിയായി വഞ്ച്ചിയിലെറിഞ്ഞു നടക്കു ചുട്ടും കിടന്നുരുണ്ട്‌ കരഞ്ഞും പ്രാര്‍ത്ഥന തുടങ്ങും ഇന്നു മുതല്‍...എനിക്കു പ്രമോഷന്‍, എന്റെ മോന്‌ ജോലി, മോള്‍ക്ക്‌ അഡ്മിഷന്‍, അയല്‍ക്കാരന്‌ കാലന്‍പാമ്പിന്റെ കടി.. സ്വാമി ശരണം..(ചിത്രം ഞാനെടുത്തതല്ല)

Tuesday, November 01, 2005

പ്രൊഫസ്സർ എം കൃഷ്ണൻ നായർ

മലയാളം വാരിക കിട്ടിയാൽ സാധാരണ വാരഫലം കൃഷ്ണൻ നായരുടെ കോളം മുതൽ ആണ്‌ വായിക്കുക പതിവ്‌. ഇപ്പോ കുറച്ചുകാലമായി ആ കോളം കാണാറില്ല. അദ്ദേഹം കിടപ്പിലാണത്രെ.
ഈ അടുത്തകാലത്തായി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക്‌ അനവധി എതിരഭിപ്രായങ്ങൾ വായിച്ചു.
ശ്രീ കൃഷ്ണൻ നായരുടെ അഭിപ്രായങ്ങളോട്‌ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഒരു കാര്യം തീർച്ചയാണ്‌ അദ്ദേഹത്തിന്റെ ഭാഷയുടെ മൂർച്ച ഇപ്പോൾ ഒരുത്തർക്കും കാണത്തതാണ്‌. ഒരുത്തനെ കളിയാക്കിയാൽ സാമന്യം നല്ല തൊലിക്കട്ടിയില്ലെങ്കിൽ തന്റെ "ഹോംവർക്ക്‌" നേരാംവണ്ണം ചെയ്യാതെ ഒരാളും എഴുതുകയില്ല. എന്റെ ഒരു സുഹൃത്തായ ശ്രീ ജോസഫ്‌ അതിരുങ്കലിന്റെ കാര്യം തന്നെ എടുക്കാം. "ബിവേർ ഓഫ്‌ ജോസഫ്‌ അതിരുങ്കൽ" എന്ന ബോർഡ്‌ വെയ്ക്കണം എന്നാണദ്ദേഹം എഴുതിയത്‌. ഹോംവർക്ക്‌ ചെയ്യാത്ത ഒരു കുട്ടിയെ കഠിനമായി ഒരധ്യാപകൻ ശിക്ഷിക്കുന്നതുപോലെ തന്നെ ആണ്‌ ഈ കമന്റ്‌ കണക്കാകേണ്ടത്‌.
ഒരു ചാക്യാരുടെ ശൈലിയാണദ്ദേഹത്തിന്‌. എന്നിരുന്നാലും കുറച്ച്‌ "തെക്കൻ സ്നേഹം" അധികമില്ലേ എന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.
എഴുത്തിൽ ഈ കഠിനമായ ഭാഷ ഉപയോഗിക്കുമെങ്കിലും, പ്രസാധകരംഗത്തെ ചില അടുത്ത സുഹൃത്തുക്കൾ പറയുന്നത്‌ വ്യക്തിപരമായി അദ്ദേഹം ഒരു പഞ്ചപാവമായ സാധാരണ മനുഷ്യൻ ആണെന്നാണ്‌. ആദ്യമായി അവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ വേറെ ചില നമ്മുടെ എഴുത്തുകാരുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ വയ്യാത്തതാണത്രെ. അത്രയും സിമ്പിൾ ആയ മനുഷ്യൻ ആണെന്നാണ്‌ അവരുടെ അനുഭവിവരണത്തിലൂടെ ഞാൻ മനസ്സിലാക്കിയത്‌.
ഏതുതരത്തിലായാലും മലയാളത്തിൽ ഒരു പുതിയ ശൈലിയിലുള്ള എഴുത്ത്‌ അദ്ദേഹം ഉണ്ടാക്കിയെന്ന്‌ പറയാതെ തരമില്ല. അതിനാൽ തന്നെ ബഹുമാന്യനും ആണദ്ദേഹം.
ദീർഘായുഷ്മാൻ ഭവഃ എന്നൊക്കെ പറയുന്നതിൽ അർഥമുണ്ടോ എന്ന നമ്പൂരി ശങ്കയാൽ അങ്ങനെ പറയുന്നതിലും നല്ലത്‌, അദ്ദേഹം കാണിച്ചുതന്ന പാതയിൽ വണ്ടിയോടിക്കാൻ ഇനിയാരുണ്ട്‌ എന്ന്‌ ചോിക്കുകയാണ്‌.
ആരായലും അവർ പുതിയവഴികൾ വെട്ടിത്തെളിക്കട്ടെ. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്‌......

Friday, October 28, 2005

പച്ചമീനിന്റെ പച്ചമലയാളം

കുറച്ചു മാസങ്ങള്‍ക്കുമുമ്പ്‌ ഒരു മീനിന്റെ ഇംഗ്ലീഷ്‌ പേരെന്തെന്ന് മലയാളവേദി ഫോറത്തില്‍ ആരോ തിരക്കി. ഒടുക്കം അതു കൂലംകഷമായ ഗവേഷണത്തിലും ഗവേഷണസ്ഥാപനങ്ങള്‍ക്ക്‌ കത്തയക്കലും വരെ എത്തി.

ഇന്നാണെങ്കിലോ? ചുമ്മാ ഗൂഗിള്‍ തുറന്നിട്ട്‌ നെത്തോലി എന്നു യൂണികോടിയാല്‍ മതി നെത്തോലിയെക്കുറിച്ച്‌ ആധികാരികമായ വിവരങ്ങളും ചിത്രങ്ങളും പൊങ്ങിവരും..

ഫിഷ്ബേസ്‌ എന്ന സൈറ്റില്‍ മീനുകളുടെ മലയാളം പേരുകള്‍ ചേര്‍ക്കുകയെന്ന ശ്രമകരമായ ദൌത്യം സ്വമേധയാ ഏറ്റെടുത്ത ഡോക്റ്റര്‍ എ. ഗോപാലകൃഷ്ണന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

Monday, October 10, 2005

ഛായാഗ്രഹി

മെമ്പറായിട്ട് എന്തേലും പോസ്റ്റിയില്ലേൽ മോശമല്ലേ..

15 ജൂൺ, 2005 ലെ കേരള കൌമുദി ഫ്രണ്ട് പേജിലെ ഫോട്ടൊ..

ഒടുവിൽ പിടിവിട്ട്‌ നിലത്തേക്ക്‌...ഇന്നലെ രാത്രി 10 മണി മുതൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളിൽ കയറി ആത്‌മഹത്യാ ഭീഷണി മുഴക്കിയ യുവാവ്‌ 12 മണിക്കുറിന്‌ ശേഷം പിടിവിട്ട്‌ നിലത്തേക്ക്‌ വീഴുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോട്ടോ: എസ്‌.എസ്‌.റാം




ഇതു കണ്ടപ്പോൾ പണ്ടെപ്പോഴോ ദേശാഭിമാനി വാരികയിൽ വായിച്ചയൊരു ബംഗാളി ചെറുകഥയോർമ്മവന്നു. പത്ത് നില കെട്ടിടത്തിന്റെ മുകളിലത്തെയേതോയൊരു വശം, പഴകിയയൊരു ബെൽറ്റിന്റെ ബലത്തിൽ തന്റെ വിശ്വാസമർപ്പിച്ചുകൊണ്ട് , ഛായം പൂശുന്നതിലേർപ്പെട്ടിരുന്ന അവശനായയൊരു വൃദ്ധന്റെ പതനം ക്യാമറയിൽ പകർത്താൻ കണ്ണിലെണ്ണയൊഴിച്ചു കാത്തുനിൽക്കുന്നയൊരു ഛായാഗ്രഹകന്റെ ആവലാതിയായിരുന്നു കഥയുടെ ഇതിവൃത്തം. ഛായാഗ്രഹകൻ തന്റെ വാർത്തയ്ക്കുവേണ്ടി കാംക്ഷിച്ചതാവൃദ്ധന്റെ വീഴ്ചയായിരുന്നുവെന്ന യാഥാർത്ഥ്യം നമ്മളിലുണ്ടാക്കുന്ന ഞെട്ടലിനെ തിരിച്ചറിയാതെപോകുന്നിടത്താണു വാർത്തയുടേയും, അതുവഴി മാധ്യമങ്ങളുടേയും വിജയം.
അതിശയോക്തിയും, അസാധാരണത്വവും ഒക്കെയുള്ളവാർത്തയ്ക്കുമാത്രമേ ഇന്നു നമ്മുടെ ശ്രദ്ധയെ ആകർഷിക്കാൻ കഴിയുന്നുള്ളൂവെന്ന് നമ്മുടെ മാധ്യമങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഛായാഗ്രഹണം എന്ന മാധ്യമവും ഇതിനൊരുപാധിയായി മാറുന്നതു വേദനാജനകമാണ്. ഒരു പക്ഷെ ഇതു നമ്മുടെ ജനിതക കോഡിലടങ്ങിയിരിക്കുന്ന സ്വാർത്ഥതയുടെ മൂർദ്ധഭാവമായിരിക്കാം, വർങ്ങളിലൂടെ നാം പടുത്തുയർത്തിയ സംസ്കാരത്തെ ഒറ്റനിമിഷം കൊണ്ടു നിഷ്ക്രീയമാക്കുന്ന രാക്ഷസഭാവം, അന്ധതയുടെ ദുഷ്പ്രഭ പരത്തുന്ന സ്വാർത്ഥതയുടെ താണ്ഡവം..

Sunday, May 15, 2005

സിനിമയിലെ അക്ഷരഗുരു

UNICODE MALAYALAM:
(From Mathrubhumi Weekend edition: Converted for the UnicodeMalayalam Readers)
____________________________________________________
"സിനിമയുടെ മായികകവാടത്തിന്‌ മുന്‍പില്‍ അത്ഭുതത്തോടെ അറച്ചുനില്‍ക്കാന്‍ മാത്രം അവസരം കിട്ടിയിട്ടുള്ള എന്റെ സമീപത്ത്‌ മലയാള സിനിമയുടെ 'തലതൊട്ടപ്പന്‍' നിര്‍വികാരനായി, നിസ്സംഗനായി ഇരിപ്പുറപ്പിച്ചിട്ട്‌ നേരം കുറേയായിരിക്കുന്നു. ഏതോ നിയോഗമാവാം എന്റെ മുമ്പില്‍ അദ്ദേഹത്തെ കൊണ്ടുവന്നിരുത്തിയത്‌. സിനിമയുടെ ലോകത്തേക്ക്‌ കടക്കുന്നത്‌ ഈ പൂര്‍വസൂരിയെ കണ്ടുകൊണ്ട്‌ തന്നെയാവുക എന്നത്‌ ഒരപൂര്‍വ അനുഭവമാവും" പ്രശസ്ത സംവിധായകന്‍ കമല്‍ മലയാള ചലച്ചിത്രാചാര്യനായിരുന്ന മുതുകുളം രാഘവന്‍പിള്ളയെ ഓര്‍ക്കുന്നു: _________________________________________________


ജൂണ്‍ മാസത്തിനൊടുവിലെ വേനല്‍ച്ചൂടില്‍ മദിരാശി നഗരം വെന്തുരുകുകയാണ്‌. ആ മധ്യാഹ്നക്കാഴ്ചയില്‍ നഗരം വലിയൊരു വറചട്ടിയില്‍ വീണെരിയുന്നതുപോലെ. 'കത്തിരി' എന്ന്‌ തമിഴ്‌നാട്ടുകാര്‍ പറയുന്ന താപം ഏറ്റവും കൂടുതല്‍ ഉയരുന്ന ആണ്ടിലെ വേനല്‍പ്പകലുകളിലൊന്ന്‌. ഇപ്പോള്‍ നാട്ടില്‍ മഴ തകര്‍ക്കുകയാവും. പെയ്തുനിറഞ്ഞ പാടങ്ങളിലും കുളങ്ങളിലും കുണ്ടനിടവഴികളിലുമിരുന്ന്‌ പോക്കാച്ചിത്തവളകള്‍ പാടുന്നുണ്ടാവും. കുളിരുള്ള പ്രഭാതങ്ങളില്‍ നനഞ്ഞൊട്ടിയ പുത്തനുടുപ്പുകളുമായി കുട്ടികള്‍ സ്കൂളുകളിലേക്ക്‌ ഓടിക്കയറുന്നുണ്ടാവും. കറന്റ്‌ പോയ രാത്രികളില്‍ ജനലിലൂടെ ഇടവിട്ടു വീഴുന്ന ഇടിമിന്നലിന്റെ വെളിച്ചത്തില്‍ എനിക്ക്‌ പ്രിയപ്പെട്ടവരൊക്കെ മൂടിപ്പുതച്ച്‌ കിടന്നുറങ്ങുന്നുണ്ടാവും. എന്റെ പ്രിയപ്പെട്ട മഴ ഉപേക്ഷിച്ച്‌ ഈ മഹാനഗരത്തിന്റെ വറച്ചട്ടിയില്‍ ഒരു കടുകുമണിപോലെ കിടന്ന്‌ തിളയ്ക്കുവാന്‍ എന്തിനാണ്‌ ഞാന്‍ വന്നത്‌...? ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ആദ്യമായാണീ അപരിചിത നഗരത്തില്‍ വരുന്നത്‌. രണ്ടു മൂന്നു മാസങ്ങള്‍ക്ക്‌ മുമ്പൊരു പ്രഭാതത്തില്‍ ഒറ്റയ്ക്ക്‌ തീവണ്ടിയില്‍ വന്നിറങ്ങുമ്പോള്‍ ഒരിരുപതുകാരനുണ്ടാകേണ്ടതിലും കൂടുതല്‍ പക്വതയും ആത്മവിശ്വാസവും സ്വയം ആര്‍ജിച്ചിരുന്നു. ഇപ്പോള്‍ കോടമ്പാക്കം റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഈ പോസ്റ്റോഫീസിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അറിയാതെ ചഞ്ചലപ്പെടുകയാണ്‌ മനസ്സ്‌. എനിക്കൊന്നും സംഭവിച്ചിട്ടില്ലല്ലോയെന്ന്‌ വീണ്ടും വീണ്ടും പറഞ്ഞുനോക്കി. മുമ്പിലെ റോഡിലൂടെ റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള ആളുകളുടെ തിരക്ക്‌. ഒരു പരിചിതമുഖംപോലും എത്ര തിരഞ്ഞിട്ടും അക്കൂട്ടത്തില്‍ കണ്ടില്ല. ആരോടെങ്കിലും ഒന്നു മിണ്ടണമെന്നെനിക്കു തോന്നി. കടന്നുപോയ മുഖങ്ങളിലൊക്കെ എന്തോ ദുരന്തം സംഭവിച്ചതിന്റെ അങ്കലാപ്പുപോലെ. എന്റെ തോന്നലാവും. പിന്നെയും ഞാനോര്‍ത്തു: എനിക്കൊന്നും പറ്റിയിട്ടില്ലല്ലോ. എന്നിട്ടും എന്തിനാണിങ്ങനെ ആകുലപ്പെടാന്‍? ഒരു മണിക്കൂറാകുന്നു ഈ നില്‍പ്‌ തുടങ്ങിയിട്ട്‌. പോക്കറ്റില്‍ അവശേഷിക്കുന്ന അഞ്ചുരൂപ അവിടെത്തന്നെയുണ്ടെന്ന്‌ ഉറപ്പുവരുത്തി. അതുകൊണ്ട്‌ ഉച്ചയൂണ്‌ തരപ്പെടുത്താം. അത്‌ കഴിഞ്ഞാല്‍...? താമസിക്കുന്ന ഉമാലോഡ്ജില്‍ അതിനോടകം പരിചയക്കാരായിക്കഴിഞ്ഞ ചിലരുണ്ട്‌. അവരോട്‌ കടം വാങ്ങാം. പക്ഷേ, അതൊരു കുറച്ചിലാണ്‌. വേണ്ട, അതിന്റെ ആവശ്യം വരില്ല. ഇന്നെന്തായാലും മണിയോര്‍ഡര്‍ വരും. വീട്ടിലേക്കുള്ള കഴിഞ്ഞ കത്തില്‍ പണം തീരാറായി എന്ന കാര്യം സൂചിപ്പിച്ചിരുന്നതാണ്‌. രാവിലെ കറക്കം കഴിഞ്ഞ്‌ ലോഡ്ജില്‍ മടങ്ങിയെത്തുമ്പോള്‍ പോസ്റ്റ്‌മാന്‍ വന്നുപോയെന്ന്‌ പറഞ്ഞു. അതുകൊണ്ട്‌ ഇങ്ങോട്ട്‌ അന്വേഷിച്ചുവന്നതാണ്‌.

പക്ഷേ, അയാള്‍ തിരിച്ചെത്തിയിരുന്നില്ല. എത്തുന്നതുവരെ കാത്തുനില്‍ക്കുകതന്നെ. വന്നിട്ട്‌ രണ്ടുമാസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂവെങ്കിലും മണിയോര്‍ഡര്‍ നാലു പ്രാവശ്യം വന്നുകഴിഞ്ഞു. ഇനി മുതല്‍ ചെലവുകള്‍ അല്‍പം നിയന്ത്രിക്കണം, തിന്നും കുടിച്ചും നടക്കാനല്ല ഇവിടെ വന്നത്‌, ജീവിതം കരുപ്പിടിപ്പിക്കാനാണ്‌ എന്ന ബോധം വേണമെന്ന്‌ സ്വയം പറഞ്ഞു. അന്ന്‌ മദിരാശിയില്‍ ട്രെയിനിറങ്ങി ആദ്യം പോയത്‌ നാട്ടുകാരനും ബന്ധുവുമായ ബഹദൂറിന്റെ വീട്ടിലേക്കാണ്‌. കോളേജ്‌ കഴിഞ്ഞപാടേ (അദ്ദേഹത്തിന്റെ ഭാഷയില്‍ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍) പെട്ടിയും തൂക്കി നേരെ സിനിമയില്‍ ചേരാന്‍ ഇറങ്ങിപ്പുറപ്പെട്ടതില്‍ അദ്ദേഹം ആദ്യം കുറേ ശകാരിച്ചു. എന്റെ അമ്മാവനായ പടിയന്‍ (അഷ്‌റഫ്‌ പടിയത്ത്‌) നിര്‍മിച്ച്‌ സംവിധാനം ചെയ്ത 'ത്രാസം' എന്ന ഒരു സിനിമയ്ക്ക്‌ കഥയെഴുതിയിട്ടുണ്ടെന്നും അതില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതിന്റെ ഷൂട്ടിങ്ങ്‌ കഴിഞ്ഞിട്ടാണ്‌ വരുന്നതെന്നും അപ്പോള്‍ ബഹദൂറിനോട്‌ പറയാന്‍ തോന്നിയില്ല. അന്നത്തെ രാത്രിവണ്ടിക്ക്‌ തന്നെ എന്നെ തിരിച്ച്‌ നാട്ടിലേക്ക്‌ കയറ്റിവിടാന്‍ അദ്ദേഹം അളിയനായ അമീറിനെ ചട്ടംകെട്ടി. പക്ഷേ, ഞാന്‍ വഴങ്ങിയില്ല. സിനിമയില്‍ എന്തെങ്കിലുമായിട്ടേ തിരിച്ചുപോകുന്നുള്ളൂവെന്ന്‌ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നു തണുത്തു. അന്നദ്ദേഹം ഏതോ ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനു പോകാന്‍ പുറപ്പെടുന്ന തിരക്കിലായിരുന്നു. തിരിച്ചുവരുന്നതുവരെ അവിടെ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പറഞ്ഞു. എന്തുകൊണ്ടോ അന്നേരമെന്റെ ആത്മാഭിമാനം ഉണര്‍ന്നു. ലോഡ്ജില്‍ മുറിയെടുത്ത്‌ താമസിക്കാനുള്ള തയ്യാറെടുപ്പോടെയാണ്‌ വന്നിരിക്കുന്നതെന്നും ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനുള്ള ആത്മവിശ്വാസമുണ്ടെന്നും ഞാന്‍ പറഞ്ഞപ്പോള്‍ മലയാളസിനിമയിലെ ആ ചിരിയുടെ സുല്‍ത്താന്‍ എന്നെ ഒന്ന്‌ ഇരുത്തിനോക്കി. ആ മുഖത്ത്‌ അപ്പോള്‍ വിരിഞ്ഞ സ്നേഹമസൃണമായ ഒരു പുഞ്ചിരിയില്‍ പുതിയൊരു ഊര്‍ജം ലഭിച്ചപോലെ എനിക്കു തോന്നി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അളിയന്‍ അമീര്‍ എനിക്ക്‌ ഉമാ ലോഡ്ജില്‍ മുറി ഏര്‍പ്പാടാക്കിത്തന്നു. പിന്നെ മലയാളസിനിമയുടെ സ്വര്‍ഗവാതില്‍ തുറക്കുന്നതും നോക്കി ചൂടിന്റെ രാപ്പകലുകളില്‍ സ്വപ്നംകണ്ട്‌ നടക്കാന്‍ തുടങ്ങി. കൊടുംവെയിലില്‍ തൊണ്ട വരണ്ടുണങ്ങി. വീണ്ടും ഞാന്‍ പോക്കറ്റില്‍ തപ്പിനോക്കി. വിയര്‍പ്പില്‍ അഞ്ചുരൂപയുടെ നോട്ട്‌ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു. ഊണ്‌ കഴിച്ചില്ലെങ്കിലും സാരമില്ല. ദാഹം സഹിക്കാന്‍ വയ്യ. അടുത്തുകണ്ട ജ്യൂസ്‌ കടയില്‍നിന്ന്‌ ലെസ്സി വാങ്ങിക്കുടിച്ചു. ബാക്കി കിട്ടിയ ചില്ലറത്തുട്ടുകള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഭദ്രമായി നിക്ഷേപിച്ച്‌ പോസ്റ്റോഫീസിന്റെ വരാന്തയില്‍ കിടന്ന സിമന്റ്‌ ബെഞ്ചിന്റെ ഒരറ്റത്ത്ചെന്നിരുന്നു. മറ്റേ അറ്റത്ത്‌ ഒരു വൃദ്ധന്‍ കൂനിക്കൂടിയിരിക്കുന്നു. നീണ്ടുമെലിഞ്ഞ്‌, കാഴ്ചയില്‍ അവശനായ ആ മനുഷ്യന്‍ ഇടയ്ക്കിടെ ശക്തിയായി ചുമയ്ക്കുന്നുണ്ട്‌. തളര്‍ന്ന കണ്ണുകളോടെ റോഡിലേക്ക്‌ തന്നെ നോക്കിയിരുന്ന അയാള്‍ ആരെയോ പ്രതീക്ഷിക്കുന്നപോലെ. എവിടെയോ കണ്ട്‌ പരിചയമുള്ളമുഖം. ഞാനാമനുഷ്യനെ സൂക്ഷിച്ചുനോക്കി പെട്ടെന്ന്‌ തന്നെ ആളെ തിരിച്ചറിഞ്ഞു. മലയാളത്തിലെ ആദ്യകാല സിനിമാ നടന്മാരില്‍ പ്രമുഖനായ മുതുകുളം രാഘവന്‍ പിള്ളയായിരുന്നു അത്‌. നൂറിലേറെ സിനിമകളില്‍ ഹാസ്യനടനായും സ്വഭാവനടനായും അഭിനയിച്ചു എന്നതിലുപരി മലയാളത്തിന്റെ ആദ്യശബ്ദചിത്രമായ 'ബാലന്റെ' തിരക്കഥാകൃത്തും ഗാനരചയിതാവും. സിനിമയുടെ മായിക കവാടത്തിന്‌ മുന്‍പില്‍ അത്ഭുതത്തോടെ അറച്ചു നില്‍ക്കാന്‍ മാത്രം അവസരം കിട്ടിയിട്ടുള്ള എന്റെ സമീപത്ത്‌ മലയാള സിനിമയുടെ 'തലതൊട്ടപ്പന്‍' നിര്‍വികാരനായി, നിസ്സംഗനായി ഇരിപ്പുറപ്പിച്ചിട്ട്‌ നേരം കുറേയായിരിക്കുന്നു. ഏതോ നിയോഗമാവാം എന്റെ മുമ്പില്‍ അദ്ദേഹത്തെ കൊണ്ടുവന്നിരുത്തിയത്‌. സിനിമയുടെ ലോകത്തേക്ക്‌ കടക്കുന്നത്‌ ഈ പൂര്‍വസൂരിയെ കണ്ടുകൊണ്ട്‌ തന്നെയാവുക എന്നത്‌ ഒരപൂര്‍വ അനുഭവമാവും. അതുകൊണ്ട്‌ അദ്ദേഹത്തെ ഒന്ന്‌ പരിചയപ്പെടുക തന്നെയെന്ന്‌ ഞാന്‍ തീരുമാനിച്ചു.

ഇടവിട്ടുള്ള ചുമയ്ക്കിടയിലൂടെ ഒന്നെന്നെ നോക്കിയപ്പോള്‍ ഞാന്‍ ചോദിച്ചു "മുതുകുളം സാറല്ലേ?" ഒരുനേര്‍ത്ത ചിരിയിലൂടെ 'അതെ'യെന്നദ്ദേഹം തലയാട്ടി. "എന്താ ഇവിടെയിരിക്കുന്നത്‌?" എന്ന എന്റെ ആകുലതയ്ക്ക്‌ ദീര്‍ഘമായ ഒരു ചുമയായിരുന്നു മറുപടി. പിന്നെ നീണ്ട്‌ ശോഷിച്ച കൈകളില്‍ വിറയ്ക്കുന്ന ദേഹം താങ്ങി പ്രയാസപ്പെട്ട്‌ ശ്വാസമെടുത്തശേഷം പതുക്കെ അദ്ദേഹം പറഞ്ഞു. "അവശകലാകാരന്മാര്‍ക്കുള്ള ഗവണ്മെന്റിന്റെ പെന്‍ഷന്‌ വേണ്ടി കാത്തിരിക്കുവാ.... ഇന്നുവരും, നാളെ വരുമെന്ന്‌ കരുതിയേച്ച്‌ ഇപ്പാം ഒരാഴ്ചയാവുകാ... സര്‍ക്കാര്‌ കാര്യമല്ലിയോ.... ഇന്നു വരുമായിരിക്കും, മണിയോര്‍ഡറ്‌....... ഇരുനൂറ്റമ്പത്‌ രൂപയാണ്‌ കിട്ടുകാ.... മരുന്നു തീര്‍ന്നിട്ട്‌ മൂന്നാല്‌ ദിവസമായി... അതാ ഈ ചൊമേം വലിവും. വാടകയ്ക്കും മരുന്നിനും ഒന്നും തികയത്തില്ല..... എന്നാലും അതെങ്കിലും മുടങ്ങാതെ കിട്ടിയിരുന്നെങ്കി...." ഞാനാ വൃദ്ധനെ അവിശ്വസനീയതയോടെ തുറിച്ചു നോക്കി. വെള്ളിത്തിരയില്‍ മലയാളഭാഷ നാം ആദ്യം കേള്‍ക്കുന്നത്‌ എന്റെ മുമ്പിലിരിക്കുന്ന ഈ മനുഷ്യന്റെ വിറയ്ക്കുന്ന വിരല്‍ത്തുമ്പുകളില്‍ നിന്നുതിര്‍ന്നു വീണ അക്ഷരങ്ങളിലൂടെയാണ്‌. (ബാലന്‍ എന്ന സിനിമയിലെ ആദ്യ സംഭാഷണം ആലേഖനം ചെയ്തത്‌ "Good luck to everybody" എന്ന ഇംഗ്ലീഷ്‌ വാചകമായിരുന്നുവെന്നുള്ളത്‌ വിചിത്രമായൊരു സത്യം) എം.ടി.യും പത്മരാജനും തോപ്പില്‍ഭാസിയും ലോഹിതദാസുമൊക്കെ പിന്‍മുറക്കാരായുള്ള ആ ഗുരുവര്യന്‍ സര്‍ക്കാറിന്റെ പിച്ചക്കാശും കാത്ത്‌ ഈ സിമന്റ്‌ ബെഞ്ചില്‍ തളര്‍ന്നിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഈ അത്ഭുതകലയ്ക്ക്‌ നമ്മുടെ ഭാഷ നല്‍കിയ ആദ്യത്തെ 'ജീവിക്കുന്ന സ്മാരകം'. പ്രിയഗുരോ, അങ്ങേക്കാശ്വസിക്കാം. ഈ അത്ഭുത കല കണ്ടുപിടിച്ച ലൂമിയര്‍ സഹോദരന്മാരുടെ നാട്ടിലെ സിമന്റ്‌ ബെഞ്ചില്‍ ഇതുപോലെ തളര്‍ന്ന്‌ ഇരുന്ന ഒരു മഹാപ്രതിഭ അങ്ങേക്ക്‌ മുന്‍ഗാമിയായുണ്ട്‌. ചലച്ചിത്രമെന്ന ഈ സാങ്കേതിക കലയ്ക്ക്‌ വ്യാകരണം കണ്ടുപിടിച്ച, 'ചലച്ചിത്ര ഭാഷ' എന്ന സങ്കല്‍പത്തിന്റെ ഉപജ്ഞാതാവ്‌, long shot, midshot എന്നു തുടങ്ങിയ വിഭജനങ്ങളിലൂടെ ദൃശ്യങ്ങളെ ക്രമപ്പെടുത്തിയ, , close up എന്ന സങ്കേതം സിനിമയില്‍ ആദ്യമായി പരീക്ഷിച്ച മഹാനായ ചലച്ചിത്രകാരന്‍ ഗ്രിഫിത്ത്‌, തന്റെ ജീവിത സായാഹ്നത്തില്‍ ഹോളിവുഡിന്റെ തെരുവോരത്തെ സിമന്റ്‌ ബെഞ്ചില്‍ , ഇതുപോലെ അശരണനായി ഏകാകിയായി ഇരുന്ന ഒരു കഥകേട്ടിട്ടുണ്ട്‌. പോള്‍ മുനിയേയും മര്‍ലിന്‍ ബ്രാന്‍ഡോയേയും പോലുള്ള ഹോളിവുഡ്ഡിലെ മുടിചൂടാമന്നന്മാര്‍ വിലകൂടിയ കാറുകളില്‍ കടന്നുപോകുമ്പോള്‍ തെരുവുതെണ്ടികള്‍ക്കിടയിലിരുന്ന്‌ നിസ്സംഗതയോടെ, നിരര്‍ഥകമായ ഒരു ചിരി ആ മഹാനുഭാവനും സമ്മാനിച്ചിരിക്കും. അങ്ങയെപ്പോലെ.


ചുമയുടെ താളം മന്ദഗതിയിലായി. ഒരു മയക്കത്തിലേക്ക്‌ അദ്ദേഹം മെല്ലെ ആണ്ടിറങ്ങുമ്പോള്‍, നഗരക്കാഴ്ചയിലേക്ക്‌ ഞാന്‍ കണ്ണുകള്‍ പായിച്ചു. അപ്പോള്‍ 'വറചട്ടി' യില്‍ നിന്ന്‌ പോസ്റ്റ്‌മാന്‍ വരാന്തയിലേക്ക്‌ കയറിവന്നു. പ്രതീക്ഷയോടെ ഞാന്‍ ചാടിയെണീറ്റു. ഒപ്പം ഒച്ചയനക്കം കേട്ട്‌ അദ്ദേഹവും. പോസ്റ്റ്‌ മാന്റെ വരവില്‍ ഞാനദ്ദേഹത്തിന്‌ വഴിമാറിക്കൊടുത്തു. "മണിയോര്‍ഡറുണ്ടോ?" എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ മുമ്പില്‍ പുച്ഛഭാവത്തില്‍ ചിരിച്ചിട്ട്‌ പോസ്റ്റ്‌ മാന്‍ "നാളേയ്ക്ക്‌ വന്ത്‌ പാര്‍ങ്കോ പെരിയവരെ" എന്ന്‌ പ്രതിവചിച്ചു. ആ ദൈന്യമുഖത്തെപ്രതികരണം എന്തെന്ന്‌ ശ്രദ്ധിക്കാതെ, ഒരു നിമിഷം ഞാനദ്ദേഹത്തെ മറന്ന്‌ പോസ്റ്റ്‌ മാന്റെ പിറകെ ചെന്നു. ഞാന്‍ ചോദിച്ചു. "എനിക്കുണ്ടോ മണിയോര്‍ഡര്‍ സാര്‍...?" ഒന്ന്‌ നിന്ന്‌ എന്നെ സംശയഭാവത്തില്‍ നോക്കി അയാള്‍ "ഉന്‍ പേരെന്നാ...?" ഞാന്‍ പേരു പറഞ്ഞു. ഒരു കടലാസെടുത്ത്‌ നീട്ടി, ഒരിടത്തേക്ക്‌ വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു "ഇങ്കെ ഒപ്പ്‌ പോട്‌." എനിക്ക്‌ ആശ്വാസമായി. അയാള്‍ നീട്ടിയ മൂന്ന്‌ നൂറ്‌രൂപ നോട്ടുകള്‍ എണ്ണിവാങ്ങി തിരിച്ചു നടക്കുമ്പോള്‍ എന്റെ മുന്നിലെ സിമന്റ്‌ ബെഞ്ചില്‍ അദ്ദേഹമില്ല. ചുറ്റും നോക്കി ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍, പോസ്റ്റാഫീസിന്റെ മുമ്പിലെ റോഡിന്റെ വെയില്‍ ചൂളയിലേക്ക്‌ ഇറങ്ങാന്‍ തുടങ്ങുകയാണ്‌ ആ വ്രണിത മനുഷ്യന്‍. നടന്ന്‌ ഒപ്പമെത്തി. എന്നെ ഒന്ന്‌ നോക്കി നിശ്ശബ്ദനായി വീണ്ടും നടക്കാന്‍ തുടങ്ങവെ ഞാന്‍ മടിച്ച്‌ മടിച്ചു ചോദിച്ചു. "ഞാന്‍ വാങ്ങിത്തരട്ടെ മരുന്ന്‌? എനിക്ക്‌ മണിയോര്‍ഡര്‍ കിട്ടി." ഒരു നിമിഷം എന്നെത്തന്നെ സൂക്ഷിച്ചുനോക്കി വേണ്ടെന്നര്‍ഥത്തില്‍ അദ്ദേഹം തലയാട്ടി, പിന്നെ വിറയാര്‍ന്ന ശബ്ദത്തില്‍ എന്നോട്‌ "കുഞ്ഞെന്ത്‌ ചെയ്യുകയാ ഈ മദിരാശീല്‌?"- പെട്ടെന്നാ ചോദ്യത്തിന്‌ മുമ്പില്‍ ഉത്തരത്തിന്‌ ഞാനൊന്ന്‌ പതറി. "സിനിമയില്‍ ചേരാന്‍ വന്നതാ" എന്ന എന്റെ ഉത്തരം കേട്ട്‌ അദ്ദേഹം കണ്ണുകള്‍ ഒന്ന്‌ ചിമ്മിത്തുറന്നു. പിന്നെ ആ മുഖത്ത്‌ വിടര്‍ന്ന 'നിരര്‍ഥകമായ ഒരു ചിരി.' ഞാനിപ്പോഴും ഓര്‍ക്കുന്നു. സിനിമയില്‍ നിന്നും എനിക്ക്‌ കിട്ടിയ ഏറ്റവും വിലപ്പെട്ട ആ 'സമ്മാനം' ഇന്നും ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. ഒന്നും പറയാതെ നഗരത്തിന്റെ വറചട്ടിയിലേക്ക്‌ വേച്ചുവേച്ചു നടന്നു പോയ ആ വയോവൃദ്ധനെ, മലയാളസിനിമയുടെ അക്ഷരഗുരുവിനെ കണ്ണില്‍ നിന്ന്‌ മറയുന്നത്‌വരെ അന്ന്‌ ഞാന്‍ നോക്കിനിന്നു. പിന്നെ രണ്ട്‌ മാസങ്ങള്‍ കഴിഞ്ഞ്‌ 1979 ആഗസ്ത്‌ 7-ാ‍ം തിയ്യതി മലയാള സിനിമ മറന്ന ആ ഏകാന്തപഥികന്‍ കാലയവനികയ്ക്കുള്ളിലെ ഏതോ സിമന്റ്‌ ബെഞ്ചില്‍ , മുമ്പേപോയി ഇടം പിടിച്ച ഗ്രിഫ്ത്തിനരികില്‍ ചെന്നിരുന്ന്‌ നിരര്‍ഥകമായ ആ ചിരി വീണ്ടും ചിരിച്ചത്‌ ഇന്നത്തെ മലയാള സിനിമയെ നോക്കിയാവുമോ..?

Saturday, April 23, 2005

രണ്ടു പുസ്തകം വാങ്ങിയ കഥ

ബഹുവര്‍ണ്ണ കവറുകളിലുള്ള മാഗസിനുകള്‍ നിരത്തി പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്ന വഴിയോരത്തെ ബുക്ക്സ്റ്റാള്‍ കം സ്റ്റേഷനറി കടയിലേയ്ക്ക് എത്തിനോക്കിയത് വലിയ മോഹങ്ങളൊന്നുമില്ലാതെയായിരുന്നു. മാതൃഭൂമി ആഴ്‍ചപ്പതിപ്പ് പഴയ ലക്കമെങ്കിലും ലഭിച്ചാല്‍ ഭാഗ്യം. ദക്ഷിണഭാരതത്തിലെ വീരാംഗനമാരുടെ (വീരത്വം എത്രയുണ്ടെന്ന്‍ ഈയുള്ളവനറിഞ്ഞുകൂട, ഈയിടെയായിട്ട് നാണമില്ലാത്തകൂട്ടരെയാണ്‌ വീരരെന്ന്‍ പറയുന്നതെന്ന്‍ കേട്ടു) പല പല പോസിലുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്ത വാരികകള്‍ കണ്ടു. മാതൃഭൂമിയില്ല, മരുഭൂമിയില്‍ മാതൃഭൂമി തേടിയ എന്നെ പറഞ്ഞാല്‍ മതിയല്ലോ!

"ഇനീപ്പൊ എന്താ?" ഒരു വള്ളുവനാടന്‍ കാരണവര്‍ പോസില്‍ നിന്നുകൊണ്ട് ഞാന്‍ പരിസരമൊക്കെയൊന്നു വീക്ഷിച്ചു. സ്വതവേ കാകദൃഷ്ടിയല്ലെങ്കിലും പാളിപ്പോയ ഒരു നോട്ടത്തില്‍ ഞാനൊരു "മദാലസയെ" കണ്ടു, തൊട്ടപ്പുറത്തതാ ഒരു "വഷളനും". ഹസ്തരേഖാശാസ്ത്രവും ഹിപ്‍നോട്ടിസവുമെല്ലാം (ഗള്‍ഫുക്കാര്‍ക്കെവിടെ വേറൊരാളെ ഹിപ്‍നോട്ടൈസ് ചെയ്യാനും, അപരന്റെ ഹസ്തം ഗ്രഹിച്ച് ചുളിവു നിവര്‍ത്തുവാനും നേരം - ഈ രണ്ടു വിദ്യകളും "സെല്‍ഫ് ഡിഫന്‍സിനും പറ്റുമെന്ന്‍ തോന്നുന്നില്ല) നിരത്തി വച്ചിരിയ്ക്കുന്നതിനപ്പുറത്ത് അതാ കാണുന്നു വേറൊരു വിസ്മയലോകം. എന്റെ "ആ വല്ലാത്ത നോട്ടം" കണ്ടിട്ടാകണം പ്രൊപ്രൈറ്റര്‍ വര്‍ദ്ധിച്ച ആഹ്ലാദത്തോടെ, ഒരു ഇരയെ അതും ഒരു ചെറുപ്പക്കാരനെ കിട്ടിയ സന്തോഷമൊട്ടും മറച്ചുവയ്ക്കാതെ എന്നെ ആ മൂലയിലേയ്ക്ക് ക്ഷണിച്ചു.

"ഭ്രാന്തുണ്ടോ?" വേറെയേതൊരു സ്ഥാപനത്തില്‍ ചെന്നു ആ ചോദ്യം ചോദിച്ചാലും അടിയുറപ്പാണ്‍, പുസ്തകശാലകളില്‍ ഒഴികെ. ഈ സ്ഥലത്താകട്ടെ ഭ്രാന്തുമാത്രമേ ഉള്ളുവെന്ന്‍ തോന്നി. മൊത്തം ഒരു "പമ്മന്‍" ഇഫക്റ്റ്, ചിലപ്പോളത് ഞാന്‍ പരിചയക്കാരാരും കാണേണ്ടെന്ന്‍ കരുതി പമ്മിപമ്മി നില്‌ക്കുന്നതുകൊണ്ടുമാവാം. അപ്പോഴാണത് ഞാന്‍ ശ്രദ്ധിച്ചത്, എവിടെയോ കണ്ടുമറന്നൊരു കവര്‍ചിത്രം. മദാലസയെ ഒരു കൈകൊണ്ട് താങ്ങി, വഷളനെ തട്ടിമാറ്റി പതിയെ പരിചയക്കാരനെ വലിച്ചു പുറത്തിട്ടു. തെറ്റിയില്ല, ഗോവര്‍ധന്‍ യാത്ര അവസാനിപ്പിയ്കകുന്നില്ലല്ലോ! ഗോവര്‍ധനെ ആദ്യം വായിച്ചത്, ഒട്ടും പക്വതയില്ലാത്ത പ്രായത്തിലാണെന്ന്‍ ഉറപ്പുള്ളതുകൊണ്ട് അമാന്തിയ്ക്കാതെ ആ ഗ്രന്ഥമെടുത്ത് കൈയില്‍പിടിച്ചു. ആനന്ദിനെ കണ്ട ഉണര്‍വ്വില്‍ നവവ്യാസനോട് വിനയപൂര്‍വ്വം അന്വേഷിച്ചു, "ചേട്ടാ ഖസാക്കുണ്ടോ?" കയ്യില്‍ കിട്ടിയ ഇര ഇമ്മാതിരി ചവറുകളാണല്ലോ വായിക്കുക എന്ന അരിശഭാവത്തോടെ പ്രൊപ്രൈറ്റര്‍ ചങ്ങാതി എന്നെയൊന്ന്‍ തുറിച്ചുനോക്കി, പിന്നെ പറഞ്ഞു: "ഖസാക്കില്ല."

"ഞാനൊന്നു നോക്കട്ടേ?" വെറുതെയൊരു പ്രതീക്ഷ. ഗ്രഹണിപിടിച്ചവന്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെയുള്ള പരാക്രമത്തിനിടയില്‍ മലയാറ്റൂരിന്റെ ബ്രിഗേഡിയറെ കണ്ടു. സക്കറിയ, ബഷീര്‍ , ടി. പത്മനാഭന്‍ , ഖസാക്കൊഴികെയുള്ള വിജയന്‍മാഷ്, എന്നീ മഹാന്മാരെല്ലാം പമ്മനു താഴെ സ്ഥാനം പിടിച്ചുകണ്ടു. മാധവിക്കുട്ടിയുടെ "ചന്ദനമരങ്ങള്‍" മാത്രമാണെന്നു തോന്നുന്നു, ഗള്‍ഫിലെ മലയാളിക്കിഷ്ടം. അവസാനം കൈയില്‍ കിട്ടിയതും പുനര്‍വായനയ്ക്ക് ഉതകുന്നതുമായ രണ്ടു പുസ്തകവുമെടുത്ത്, കാശും കൊടുത്ത് പമ്മനെ സാഷ്ടാഗം നമിച്ച് ഞാന്‍ എന്റെ ലോകത്തിലേയ്ക്ക് വിടകൊണ്ടു.

ഇനിയും എനിക്കവിടേയ്ക്ക് തിരികെ പോകാതിരിക്കുവാന്‍ കഴിയില്ല, കാരണം ഷാര്‍ജ്ജയെന്നു പേരുള്ളതും അനേകായിരം മലയാളികള്‍ വസിയ്ക്കുന്നതുമായ ആ നഗരത്തില്‍ ഞാന്‍ കണ്ട ഏക മലയാളം ബുക്ക്സ്റ്റാളാണത്.

Saturday, March 26, 2005

ഭാഷ മരിയ്ക്കുമ്പോള്‍

ഇവിടെ ദുബായിലൊരു മലയാളം എഫ്‌.എം ചാനലുണ്ട്‌ (ഇവര്‍ക്കറിയുന്ന ഭാഷ മല്യാളമാണ്‌; മലയാളമല്ല.) ഇത്രയും മോശമായി മലയാളം സംസാരിയ്ക്കുന്ന ഒരു കൂട്ടരെ ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഏതൊരു മലയാളം ടിവി ചാനല്‍ നോക്കുമ്പോഴും, "മലയാളം ഇംഗ്ലീഷ്‌ പോലെ" സംസാരിയ്ക്കുന്ന കുറെ അവതാരകരെ കാണുവാനാകും. മലയാളം റേഡിയോ/ചാനല്‍ മലയാളം ഭാഷ മാത്രമേ ഉപയോഗിയ്ക്കാവൂ എന്ന കടുംപിടുത്തമൊന്നും നമുക്കുണ്ടാവേണ്ട കാര്യമില്ല. പക്ഷെ ഉപയോഗിയ്ക്കുന്ന ഭാഷ മലയാളമായാലും ഇംഗ്ലീഷായാലും ശുദ്ധമായിരിയ്ക്കണം.

"ഇഷ്ടമില്ലാത്ത പരിപാടികള്‍ കാണാതിരിയ്ക്കുക/കേള്‍ക്കാതിരിയ്ക്കുക" എന്ന രീതിയിലുള്ളതാണ്‌ പലരുടെയും ഇത്തരക്കാരോടുള്ള പ്രതികരണം. സത്യത്തില്‍ അങ്ങിനെയൊരു സമീപനം മതിയാകുമോ?

ഓഡിയോ-വിഷ്വല്‍ മീഡിയയുടെ ഇന്നത്തെ പ്രചാരം കണക്കിലെടുക്കുമ്പോള്‍, ഭാഷയെ സ്നേഹിയ്ക്കുന്ന ഏതൊരാളും, ഭാഷയോടുള്ള റേഡിയോ/ചാനലുകാരുടെ സമീപനത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട്‌. എം. കൃഷ്ണന്‍ നായരെ പോലെയുള്ള ഒരു "മീഡിയാ വാച്ച്ഡോഗിന്റെ" അസാന്നിദ്ധ്യം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിയ്ക്കേണ്ടതും നമ്മള്‍ തന്നെയാണ്‌.

സ്വന്തം ഭാഷയുടെ, സംസ്കാരത്തിന്റെ, ദേശത്തിന്റെ, ജനതയുടെ "നല്ല" കാവല്‍ക്കാരനായിരിയ്ക്കുകയെന്നതാണ്‌ യഥാര്‍ത്ഥ മാനവികത. മലയാളി മറന്നു പോകുന്നതും അതു തന്നെ.

തുടക്കം

മലയാളിയുടെ ബ്ലോഗ്ഗിംഗ്‌ ശീലങ്ങളെ കുറിച്ച്‌:

സിബുവാണത്‌ പറഞ്ഞത്‌, "ഗള്‍ഫുകാര്‍ സ്വന്തം ജീവിതത്തെ കുറിച്ച്‌ ഒന്നുമെഴുതുന്നില്ലെന്ന്‌." ഞാന്‍ മറിച്ചു ചിന്തിച്ചു, "ഗള്‍ഫുകാരന്‌ എഴുതാനായിട്ടെന്തുണ്ട്‌?"

ദുബായില്‍ നിന്ന്‌ ഒമാനിലെ സലാലയിലേക്ക്‌ കാറോടിച്ച്‌ ഒരു വീക്കെന്റ്‌ ആഘോഷിയ്ക്കുവാന്‍ പോയാല്‍ പോലും ഗള്‍ഫുകാരന്‍ ഒന്നുമെഴുതില്ല. തൊട്ടപ്പുറത്തെ സ്റ്റേറ്റിലേക്ക്‌ ഒന്ന്‌ എത്തി നോക്കിയാല്‍ പോലും അതിനെ കുറിച്ചെഴുതുന്ന അമേരിക്കന്‍ പ്രവാസികളെ കാണാം. ഒരു കുഞ്ഞ്‌ iPOD വാങ്ങിയാല്‍ അമേരിക്കന്‍ മലയാളി ബ്ലോഗ്ഗും, ഒരു കാറ്‌ വാങ്ങിയാലും ഗള്‍ഫുകാരന്‍ വായതുറക്കില്ല.

രാഷ്ട്രീയത്തെ കുറിച്ചും, സിനിമയെ കുറിച്ചും വാചാലരാകുന്ന നൂറുകണക്കിന്‌ മലയാളികളെ (ഗള്‍ഫ്‌) വെബ്‌ഫോറംസിലും ബ്ലോഗുകളിലും കാണാം. എന്നാല്‍ "ഷേക്ക്‌ സയദ്‌ റോഡിലെ ട്രാഫിക്കിനെ കുറിച്ചോ, പെപ്സിയുടെ ഹോര്‍ഡിങ്ങിലെ വളയിട്ട ബ്രിട്ട്നി സ്പിയേഴ്സിനെ കുറിച്ചോ അവന്‍ ബ്ലോഗുകയില്ല." ഒന്നും വേണ്ട, ഒപ്പമിരുത്തുവാന്‍ കൊള്ളാവുന്ന "കള്ളു മഹാസഭയിലെ" മാന്യദേഹങ്ങളുടെ സാന്നിദ്ധ്യത്തില്‍ പാംബീച്ച്‌ തട്ടുകടയിലിരുന്ന്‌ "രണ്ടു ലാര്‍ജ്‌" റെമി മാര്‍ട്ടിന്‍ വിഴുങ്ങി, ലോകം മുഴുവന്‍ കേള്‍ക്കെ "പക്കാ" മലയാളി സ്വരത്തില്‍ വെടി പറഞ്ഞതിനെ കുറിച്ചും അവന്‍ ഒന്നും എഴുതില്ല.

മോഹന്‍ലാല്‍ "കഥയാടി" തകര്‍ത്തതിനെ കുറിച്ചോ, ദിനംപ്രതി നടക്കുന്ന, ഫിലിം ഫെസ്റ്റിവല്‍, ഫുഡ്‌ ഫെസ്റ്റിവല്‍, ആ ഫെസ്റ്റിവല്‍, ഈ ഫെസ്റ്റിവല്‍, ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ എന്നീ "സംഭവങ്ങളെ" കുറിച്ചോ ഗള്‍ഫുകാരന്‍ എഴുതില്ല. ഗള്‍ഫ്‌ മലയാളിക്കെഴുതാന്‍, "ഗൃഹാതുരതയുടെ നൊമ്പരവും", "മണല്‍കാറ്റിന്റെ ചൂടും" മാത്രമാണുള്ളത്‌.

ആഴ്ചയിലെ ഏക ഒഴിവു ദിനം, ഉറക്കത്തിനുമാത്രമായി നീക്കിവയ്ക്കുന്ന എനിക്കും ഒന്നും എഴുതുവാനില്ല.