Thursday, December 21, 2006
ഗള്‍ഫുപണവും കേരളവും
ഈയിടെ ബ്ലോഗില്‍ നടന്ന ചില കശപിശകള്‍ കണ്ടപ്പോള്‍ പലര്‍ക്കും എന്താണ് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയും വല്ല നാട്ടിലും കൂലിപ്പണി ചെയ്തിട്ട് കൂളിംഗ് ഗ്ലാസ്സും വച്ച് റോത്ത്മാനും വലിച്ച് നാട്ടില്‍ അഴകിയ രാവണന്‍ ചമയുന്ന ഗള്‍ഫുകാരനും തമ്മില്‍ ബന്ധമെന്ന് ആര്‍ക്കും വലിയ പിടിപാടില്ലെന്ന് തോന്നി.
അമേരിക്കന്‍ യൂണിവേര്‍സിറ്റി ഓഫ് വാഷിങ്ങ്ടണില്‍ റാഡിക്കല്‍ പൊളിറ്റിക്കല്‍ എക്കണോമിക്സിന്റെ ഭീഷ്മാചാര്യന്‍ ഡോക്ടര്‍ ജോണ്‍ വിലോബി ഗള്‍ഫിലെ പുറം നാടന്‍ തൊഴിലാളികളെക്കുറിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പകുതിയോളം കേരളത്തിന്റെ എക്കോണമിയില്‍ ഗള്‍ഫുപണം വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചാണ്. അത്ര ശ്രദ്ധേയമായവും വിചിത്രവുമായൊന്നാണത്.
ഒന്നാം ചുവട്- ഒഴിവ്
തുടങ്ങും മൂന്നേ ഒരു എക്സ്ക്ലൂഷന്‍. എഴുപതുകള്‍ വരെ ഈജിപ്റ്റ് സിറിയ എന്നിവിടങ്ങളില്‍ നിന്നും, ശേഷം പാകിസ്ഥാനില്‍ നിന്നും ആളെ ജോലിക്കെടുത്തിരുന്ന അറേബ്യന്‍ രാജ്യങ്ങള്‍ മലയാളിയെന്ന അല്ലെങ്കില്‍ ഇന്ത്യക്കാരനെ low cost high productivity സാധനത്തിനു ചായക്കടക്കും അപ്പുറത്ത് ഉപയോഗമുണ്ടെന്ന് കണ്ടെത്തിയത് അവനോട് സ്നേഹം മൂത്തിട്ടൊന്നുമല്ല, അവര്‍ക്ക് പ്രയോജനമുള്ളതുകൊണ്ടാണ്. നമുക്കും അതു പ്രയോജനമായെന്നേയുള്ളു.
ഗള്‍ഫുകാരനു ജോലിയുണ്ടെങ്കില്‍ അവന്റെ വീട്ടുകാര്‍ക്ക് കൊള്ളാം
ഇതല്ലേ ആദ്യം മനസ്സില്‍ വന്നത്? തെറ്റ്. ഒരുത്തന്‍ നാട്ടില്‍ എന്തു ചിലവു ചെയ്താലും അത് ഏതെങ്കിലും രീതിയില്‍ സമൂഹത്തിലേക്കൊഴുകുന്നു. അവന്‍ വീടുവയ്ക്കുമ്പോള്‍ ഇക്കാസിനു സിമിന്റ് ചിലവാകുന്നു, സോമന്‍ മേശിരിക്ക് ശമ്പളം കിട്ടുന്നു, സിമിന്റ് കമ്പനിക്ക് കച്ചവടം നടക്കുന്നു, അവിടത്തെ തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കുന്നു, അതിന്റെ മുന്നിലുള്ള പച്ചക്കറിക്കടയില്‍ ചേന കൂടുതല്‍ വില്‍ക്കുന്നു, വണ്ടന്‍ മേട്ടില്‍ ചേനകൃഷി നടത്തുന്ന തൊമ്മിച്ചനു ലാഭമുണ്ടാകുന്നു, അയാള്‍ വളം വാങ്ങുന്ന മോനച്ചനു കച്ചവടം നടക്കുന്നു മോനച്ചന്റെ കടയുടെ മുതലാളിക്ക് വാടക കിട്ടുന്നു. ഒരുത്തന്‍ പട്ടയടിക്കുമ്പോള്‍ സര്‍ക്കാരിനു വന്‍ നികുതി കിട്ടുന്നു, ബാര്‍മാനു ശമ്പളം കിട്ടുന്നു, അവന്‍ അതുകൊണ്ട് മുണ്ടു വാങ്ങിക്കുമ്പോള്‍ ബാലരാമപുരത്ത് കൈത്തറികള്‍ കൂടുതല്‍ ഓടുന്നു അങ്ങനെ എന്തു ചിലവിനും തുടക്കമിട്ടാല്‍ അതൊരു അന്തമില്ലാത്ത പ്രയോജന ശൃഖലയിലൂടെ സമൂഹത്തിനു മൊത്തത്തില്‍ പ്രയോജനം ചെയ്യുന്നു.
വരവു ചെലവ്
തലയെണ്ണി ആളിന്റെ വരുമാനവും ചിലവും എടുക്കുമ്പോള്‍ പ്രതിശീര്‍ഷ വരുമാനത്തിനെക്കാള്‍ പ്രതിശീര്‍ഷ ചിലവ് നടത്തുന്ന
വിചിത്ര സംസ്ഥാനമാണ് കേരളം. (കട. കെ സി സക്കറിയാ സ്റ്റഡി) ഈ മാജിക്കിന്റെ മുഖ്യ കാരണം 299 ലക്ഷം ആളുകള്‍ ചിലവിടുന്നത് 313 ലക്ഷം പേരുടെ വരവാണെന്നതാണ് .14 ലക്ഷം മലയാളികള്‍ പുറത്ത് ജോലിയെടുത്ത് കേരളത്തിലേക്ക് പണമയക്കുന്നവരാണ്. ഇതില്‍ 12 ലക്ഷവും ഗള്‍ഫില്‍ തന്നെ. (അമേരിക്കയില്‍ നിന്നും അരലക്ഷം ആളുകളേ ഇതു ചെയ്യുന്നുള്ളു,അവര്‍ തന്നെ അവിടെ പണം ചെലവിടാനും സ്ഥിരതാമസമാക്കാനും താല്‍പ്പര്യപ്പെടുന്നവരാണ്.) പ്രതിശീര്‍ഷ വരുമാനത്തെക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം കേരളത്തില്‍ ഉള്ളതിനു സാക്ഷരതാദി കാര്യങ്ങളോടൊപ്പം ഇതും തീര്‍ച്ചയായും പങ്കു വഹിക്കുന്നു.
കൈ നനയാതെ കിട്ടുന്ന മീന്‍
മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ ബ്രെയിന്‍ ഡ്രെയിന്‍ ഉണ്ടാക്കുക കൂടി ചെയ്യുമ്പോള്‍ ഗള്‍ഫിലേക്ക് വരുന്നവരില്‍ മൂന്നില്‍ രണ്ടുപേരും വൈദഗ്ദ്ധ്യമുള്ള തൊഴിലോ ബിരുദത്തിനപ്പുറം പഠിപ്പോ ഉള്ളവരല്ല. അതിനാല്‍ തൊഴിലില്ലായ്മ മൂലം നാടിനു ബാദ്ധ്യതയാകുന്നവരില്‍ നല്ലൊരു ശതമാനം പടിയിറങ്ങുന്നെന്നല്ലാതെ വലിയ തോതില്‍ ബ്രെയിന്‍ ഡ്രെയിന്‍ വരുത്തുന്നില്ല ഗള്‍ഫുകാരന്‍.
വന്‍കിട എക്സ്‌പോര്‍ട്ട് ചരക്കായ മാന്‍പവര്‍!
ജില്ലാതലത്തില്‍ മലപ്പുറത്തിന്റെ പ്രതിശീര്‍ഷ ചെലവ് GDPയുടെ 169 ശതമാനമാണ്! ( മേല്‍ പറഞ്ഞവിലോബി പഠനത്തില്‍ നിന്ന്).
പല തുള്ളി പെരുവെള്ളം!
2200 കോടി രൂപാ മേല്‍പ്പറഞ്ഞ 14 ലക്ഷം ഗള്‍ഫ് മലയാളികള്‍ കേരളത്തിലേക്ക് ഒഴുക്കുന്നു (കട. ബാങ്കിംഗ് ഫ്രോണ്ടിയേര്‍സ് മാസിക) ഇത് ആദ്യം വിവരിച്ചതുപോലെ കേരളത്തിന്റെ വാണിജ്യ ചെയിനിന്റെ വലിയൊരു താങ്ങായി വര്‍ത്തിക്കുന്നു.
കാകതാലീയം
ഈ പറഞ്ഞതിനൊന്നും കേരളത്തിന്റെ നല്ല ഭാവിക്കായി എല്ലാം ഉപേക്ഷിച്ച് ആളുകള്‍ ഗള്‍ഫിലോട്ട് തിരിക്കുന്നു എന്ന് വ്യംഗ്യം പോലുമില്ല. പോകുന്നത് അവനവന്റെ ആവശ്യത്തിനു തന്നെ. "കാക്കവന്നു, പനമ്പഴം വീണു" എന്നു പറഞ്ഞാല്‍ നമുക്കൊരു പനം പഴം കുലുക്കിയിട്ടു തരാനായി അത് കൊമ്പു പിടിച്ചു കുലുക്കുന്നെന്നാണിവന്‍ വാദിക്കുന്നതെന്ന് ആരും വായിക്കരുതെന്നപേക്ഷ.
Tuesday, October 03, 2006
ചിക്കണും ചിക്കുന്‍ഗുന്യയും
ഇന്നു രാവിലെ ഗള്‍ഫിലെ ഒരു എഫ്.എം റേഡിയോ സ്റ്റേഷനില്‍ നിന്നുള്ള വാര്‍ത്താബുള്ളറ്റിനില്‍ കേട്ട വരികള്‍: ‘കേരളത്തില്‍ ആദ്യം കോഴിപ്പനി പടര്‍ന്നു, എല്ലാവരും കോഴിയിറച്ചി ഉപേക്ഷിച്ചു മാട്ടിറച്ചി വാങ്ങുവാന്‍ തുടങ്ങി. ആന്ത്രാക്സിനെ കുറിച്ചുള്ള ഭീതി പടര്‍ന്നപ്പോള്‍ മാട്ടിറച്ചി ഉപേക്ഷിച്ചു ജനം കോഴിയിറച്ചിയിലേയ്ക്കു മടങ്ങി. അപ്പോഴതാ ചിക്കണ്‍ ഗുനിയയും!’
ചിക്കണും ചിക്കുന്‍ഗുന്യയും തമ്മിലെന്തു ബന്ധം?
ചിക്കുന്‍ഗുന്യ എന്ന നാമം ആഫ്രിക്കയിലെ മക്കോണ്ടേ വംശജരുടെ മക്കോണ്ടേ ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞതാണു്, ആ ഭാഷയില്‍ ഈ വാക്ക് അര്‍ഥമാക്കുന്നതു് ‘വളഞ്ഞുനിലക്കുന്നതു്’ എന്നാണു്. ചിക്കുന്‍ഗുന്യ വൈറസ് ബാധയാല്‍ മനുഷ്യരില്‍ കണ്ടേയ്ക്കാവുന്ന വാതസമാനമായ രോഗലക്ഷണങ്ങളില്‍ നിന്നാണു് ഈ പേര്‍ ഉത്ഭവിച്ചിരിക്കുന്നതു്. ചിക്കുന്‍ഗുന്യ എന്ന നാമം പലപ്പോഴും ചിക്കണ്‍ ഗുനിയ എന്ന ഉച്ചരിക്കപ്പെടുന്നതു കാരണം കോഴി/കോഴിയിറച്ചി സംബന്ധിയായ ഏതോ രോഗമാണെന്നു പലരും കരുതിപ്പോരുന്നു.
ചിക്കുന്‍ഗുന്യ എന്ന പകര്‍ച്ചവ്യാധി
ആല്‍ഫാവൈറസ് എന്ന ജനുസ്സില്‍ പെടുന്ന ചിക്കുന്‍ഗുന്യ വൈറസ് മനുഷ്യരില്‍ ബാധിക്കുന്നതു മൂലമുണ്ടാകുന്ന ജ്വരവും സന്ധിവേദനയുമാണു (arthralgia) ചിക്കുന്‍ഗുന്യ എന്ന രോഗനാമത്താല്‍ വിശേഷിപ്പിക്കപ്പെടുന്നതു്. ഈ വൈറസ് വാഹകരാകട്ടെ കൊതുകുകളും. Aedes aegypti എന്ന കുപ്രസിദ്ധ കൊതുകുവംശത്തിന്റെ കടിയിലൂടെ പകരാവുന്ന ഒരു രോഗമാണു ചിക്കുന്‍ഗുന്യയും (ഈ കൊതുകു പരത്തുന്ന മറ്റു രോഗങ്ങള്‍ ഡെങ്കിപ്പനി, യെല്ലോഫീവര്‍ എന്നിവയാണു്). ഈയടുത്തു പാരീസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന ചില ഗവേഷണങ്ങള്‍ ചിക്കുന്‍ഗുന്യ വൈറസിനു ചില മ്യൂട്ടേഷനുകള്‍ സംഭവിച്ചെന്നും ഇതുമൂലം ഇവയ്ക്കിപ്പോള്‍ ഏഷ്യയിലെ തീരദേശങ്ങളില്‍ കാണപ്പെടുന്ന ഏഷ്യന്‍ ടൈഗര്‍ കൊതുകുകള്‍ (Aedes Albopictus) എന്ന വംശത്തിലൂടെ പകരാനാകുന്നുണ്ടെന്നും കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരദേശങ്ങളിലും മെഡിറ്ററേനിയന്‍ തീരത്തും ചിക്കുന്‍ഗുന്യ പടരുവാനുള്ള കാരണമായി ശാസ്ത്രജ്ഞര്‍ കരുതുന്നതും പ്രസ്തുത വൈറസ്സിനു സംഭവിച്ചിരിക്കുന്ന ഈ മ്യൂട്ടേഷന്‍ തന്നെയാണു്. ഇതെഴുതുമ്പോള്‍ കേരളതീരത്തു തന്നെ ചിക്കുന്‍ഗുന്യ ബാധിച്ചു മരിച്ചവരുടെ എണ്ണം 61 ആയിരിക്കുന്നു.
രോഗവും രോഗലക്ഷണങ്ങളും
ചിക്കന്‍ഗുന്യ മാരകമായ ഒരു അസുഖമല്ല, എങ്കിലും 2005-06 -ല്‍ ഇന്ത്യയിലെ പലപ്രദേശത്തും ചിക്കുന്‍ഗുന്യ ബാധയാല്‍ മരണം സംഭവിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രാജസ്ഥാനില്‍ സെപ്റ്റംബര്‍ 2006 വെള്ളപ്പൊക്കം ബാധിച്ച ചില ജില്ലകളിലും ചിക്കുന്‍ഗുന്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍: 39 ഡിഗ്രി സെല്‍ഷ്യസ് (102.2 F) വരെ വളര്‍ന്നേക്കാവുന്ന ജ്വരം, മണ്ണന്‍ (അഞ്ചാംപനി) ബാധിക്കുമ്പോള്‍ കണ്ടുവരുന്ന തരത്തിലുള്ള കുരുക്കള്‍ (maculopapular rashes), സന്ധികള്‍ക്കു ബലക്ഷയം വരുത്തുന്ന സന്ധിവേദന, ഫോട്ടോഫോബിയ (പ്രകാശമുള്ള സ്ഥലങ്ങളോടുള്ള പേടി) എന്നിവയാണു്. ഇന്ത്യയില്‍ ഈ അസുഖം പടര്‍ന്നുപിടിച്ച സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം രോഗികളില്‍ കലശലായ തലവേദനയും, നിദ്രാഹാനിയും, തളര്‍ച്ചയും കണ്ടുവരുന്നു.
പ്രതിരോധവിധികള്‍
ചിക്കുന്‍ഗുന്യ വൈറസ് ബാധയ്ക്കു പ്രത്യേകം ചികിത്സകളൊന്നും പ്രതിപാദിക്കപ്പെട്ടിട്ടില്ല. വൈറസ് ബാധ നിര്‍ണ്ണയിക്കുന്നതിനു ബ്ലഡ് സെറം ടെസ്റ്റ് ഉപയോഗിക്കുന്നു. രോഗാവസ്ഥയെ നേരിടുന്നതിനും വൈറസ് ബാധ ചെറുക്കുന്നതിനും Chloroquine (മലേറിയയ്ക്കെതിരെയുള്ള ഔഷധം) ഉപയോഗിക്കുന്നുണ്ടു്, വേദനാസംഹാരിയെന്ന നിലയില്‍ ആസ്പിരിനും ഉപയോഗിക്കപ്പെടുന്നു. രോഗബാധിതര്‍ കൊതുകുകളുടെ കടിയേല്‍ക്കാതെ പരിപാലിക്കപ്പെടുന്നതു വൈറസ് പകര്‍ച്ച നേരിടുന്നതിനു ഫലപ്രദമായേക്കും. രോഗത്തിന്റെ വാതസമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന രോഗപീഡയ്ക്കു ശമനമായി മിതമായ തോതില്‍ സന്ധിബന്ധങ്ങള്‍ ഇളക്കിക്കൊണ്ടുള്ള വ്യായാമങ്ങളും ആരോഗ്യരംഗത്തെ വൈജ്ഞാനികര്‍ നിഷ്കര്‍ക്കുന്നു.
ചിക്കുന്‍ഗുന്യയും ആവാസവ്യവസ്ഥിതിയും
ചിക്കുന്‍ഗുന്യ കൊതുകുകളിലൂടെ പകരുന്ന രോഗമായതിനാല്‍ ആവാസവ്യവസ്ഥിതിയിലെ ശുചിത്വമാണു് രോഗം പടരുന്നതു തടയുവാന്‍ അവശ്യമായ മുന്‍കരുതല്‍. കെട്ടിനില്‍ക്കുന്ന ജലം ഒഴിഞ്ഞുപോകുവാന്‍ അവസരമുണ്ടാക്കുക, കൊതുകുകടിയേല്‍ക്കാത്ത വിധത്തില്‍ വസ്ത്രംധരിക്കുക (കൊച്ചിയില്‍ ഒരു ഹെല്‍മറ്റും ആവാം) എന്നിവ ഗുണം വരുത്തും.
Monday, September 11, 2006
ജനാധിപത്യം?
ഇറാഖ് യുദ്ധത്തിനു മുന്‍പു അതിന് CIAയും ഭരണകൂടവും നിരത്തിയ ന്യായീകരണങ്ങളും. യുദ്ധത്തിനു ശേഷം അതു സംബന്ധമായ തെളിവുകളും വിശകലനം ചെയ്ത US Senate Select Committee of Intelligence-ഇന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള Conclusions ആണ് താഴെയുള്ള ചിത്രങ്ങളില്‍. മുഴുവന്‍ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
ഞാന്‍ അറിയാഞ്ഞിട്ട് ചോദിക്കുകയാണ്. ബുഷ് രാജിവെക്കണം എന്ന് അമേരിക്കയില്‍ ആരും ആവശ്യപ്പെടുന്നില്ലേ? അതോ, ഇനി എന്നെപ്പോലുള്ളവരുടെ ജനാധിപത്യ സങ്കല്‍പ്പങ്ങളിലാണോ തെറ്റ്?
ഫോട്ടോ അപ്‌ലോഡിംഗ് എന്തുകൊണ്ടോ ശരിയാവുന്നില്ല. ഇമേജുകള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാമെന്ന് വിശ്വസിക്കുന്നു.
http://i15.photobucket.com/albums/a380/kannus1/1-2.jpg
http://i15.photobucket.com/albums/a380/kannus1/1-3.jpg
Friday, August 25, 2006
പിച്ചവെക്കുന്ന ബൂലോഗസ്വപ്നങ്ങള്‍
ആ കാലം മാറിക്കൊണ്ടിരിക്കുന്നു. കൊച്ചുകൂട്ടായ്മക്കാരുടെ ചെറിയ സന്തുഷ്ടകുടുംബം വലിയൊരു കൂട്ടുകുടുംബമോ ഗ്രാമമോ ആയിത്തീര്‍ന്നിരിക്കുന്നു.
എല്ലാ ഘടകങ്ങളും ഒത്തുവന്നിരിക്കുന്നു ഇപ്പോള്‍. എന്റെ തോന്നലില്‍ ഇനി കുറച്ചുകാലത്തേക്ക് മലയാളം ബ്ലോഗുകളുടെ എണ്ണത്തില്‍ അതിശയകരമായ വളര്‍ച്ചയുണ്ടാവും. പലവിധത്തിലും തരത്തിലുമുള്ള ഉള്ളടക്കങ്ങള്‍ ഇവിടെയുണ്ടാവും. അതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വയോധികന്മാര്‍ വരെയാവാം. ഏറ്റവും അപ്രാപ്യമായ ഗ്രാമങ്ങളില്‍ നിന്നും പരിഷ്കൃതലോകത്തിന്റെ അങ്ങേയറ്റത്തുള്ള ദന്തഗോപുരങ്ങളില്‍ നിന്നും ഇനി മലയാളത്തില്‍ ബ്ലോഗുന്നവരുണ്ടാവാം.
എങ്കിലും ഇപ്പോള്‍ കാണുന്ന പുതുമഴയത്തെ തളിരുകള്‍ എല്ലാമൊന്നും പന്തലിച്ചുവളരണമെന്നില്ല. വെറുമൊരു കൌതുകത്തിന്റെ പുറത്തു തുടങ്ങിവെക്കുന്ന കുറേയധികം ബ്ലോഗുകള്‍ ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടു പോയെന്നു വരും. എന്നിട്ടും ചിലതൊക്കെ നിലനില്‍ക്കുകയും ചെയ്യും.
കുറച്ചു വര്‍ഷം കൂടി കഴിയുമ്പോള്‍ ബൂലോഗം എങ്ങനെയിരിക്കും എന്ന് ആലോചിക്കാറുണ്ട്.
ചില സാദ്ധ്യതകള്‍:
1. കര്‍മ്മനിരതമായി, പതിവായി പോസ്റ്റുകള്‍ വെക്കുന്ന കുറേ ഒറ്റയാള്‍ ബ്ലോഗുകള്‍ കാണും. ഇരുപതുമുതല്‍ നൂറുവരെയാവാം ഇവയുടെ എണ്ണം.
2. വല്ലപ്പോഴും മാത്രം പോസ്റ്റുകള്‍ ഇടുന്ന, പക്ഷേ വളരെ ഗൌരവമുള്ള വിഷയങ്ങളുമായി മറ്റൊരു രണ്ടോ നാലോ ഡസന്‍ ഒറ്റയാള്‍ബ്ലോഗുകളും ഉണ്ടാവും.
3. സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, മാദ്ധ്യമങ്ങള്‍, രാഷ്ട്രീയ-മത-സാംസ്കാരികസംഘടനകള്‍, ഇവയുടെ ഒക്കെ പ്രതിനിധികള്‍ തുടങ്ങിയവരുടെ ബ്ലോഗുകള്‍ ഉണ്ടാവും. ഇവ മിക്കവാറും ആനുകാലികാടിസ്ഥാനത്തില്‍ പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാം.
4.കവിത, കഥ, സംഗീതം തുടങ്ങിയ മണ്ഡലങ്ങളില്‍ മികവ് പുലര്‍ത്തുക എന്ന ഉത്തരവാദിത്തം എഴുതുന്നവര്‍ക്കു കൂടിക്കൊണ്ടിരിക്കും. അതനുസരിച്ച് ‘കൊള്ളില്ല’ എന്നു സ്വയം ബോദ്ധ്യമുള്ള കൃതികള്‍ സ്വയം പിന്‍വലിഞ്ഞുനില്‍ക്കും. ഒരു പരിധിവരെ ഫോട്ടോബ്ലോഗുകളിലും ഇങ്ങനെയുണ്ടാവും. മൊത്തത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കൃതികള്‍ ഏറും. അച്ചടിമാസികകള്‍ക്കും മറ്റും ഈ കൃതികളേയും എഴുത്തുകാരേയും അവഗണിക്കാനാവാതെ വരും.
5. ബ്ലോഗുകൂട്ടങ്ങള്‍ പല വഴികളായി സ്വയം തിരിഞ്ഞുമാറും. അതില്‍ തമാശക്കൂട്ടങ്ങളും ചര്‍ച്ചാവേദികളും വിജ്ഞാനവേദികളും തനതായ കൂട്ടായ്മകള്‍ കണ്ടെത്തും. സയന്‍സ്, സാങ്കേതികം, ഹോബികള്‍, സിനിമ തുടങ്ങി ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കി ഉണ്ടാകുന്ന ബ്ലോഗുകള്‍ കൂടുതല്‍ ഉരുത്തിരിയും. പ്രത്യേക കൂറുള്ള ഒരു സ്ഥിരം പറ്റം വായനക്കാര്‍ ആ ബ്ലോഗുകളില്‍ പതിവായി ഇടപെടും.
6. ‘ആരെയും മുഷിപ്പിക്കാതെ’ എന്ന ഇപ്പോഴത്തെ അവസ്ഥ മാറി സ്ഥാപിതമായ അഭിപ്രായങ്ങളിലും വാദങ്ങളിലും ഊന്നിക്കൊണ്ടുള്ള ബ്ലോഗുകള്‍ വരും. രാഷ്ട്രീയം, മതം, പ്രദേശം എന്നീ തുറകളില്‍ എഡിറ്റോറിയല്‍ സ്വഭാവമുള്ള ബ്ലോഗുകള്‍ വന്നെന്നു വരാം.
7. തുടക്കത്തില്‍ തന്നെയോ പാതിവഴിയിലോ ഉപേക്ഷിക്കപ്പെട്ടുപോകുന്ന ഒരു വലിയ എണ്ണം ബ്ലോഗുകള്‍ എവിടെയെങ്കിലുമൊക്കെ അവശേഷിച്ചുകിടക്കും.
മാറിവരുന്ന സൌകര്യങ്ങള്‍ (ഉദാഹരണം ബ്ലോഗര്‍ സര്‍വീസ് ഫീച്ചറുകള്‍, പുതിയ തരം യൂസർ ഇന്റർഫേസുകൾ..) ഈ സാദ്ധ്യതകളെ നന്നായോ മോശമായോ വല്ലാതെ ഉലച്ചുകളഞ്ഞെന്നു വരാം.
എങ്കിലും, എല്ലാത്തിനുമൊടുവില്‍ ബ്ലോഗുകളുടേതായ ഈ ചരിത്രഘട്ടം നല്‍കുന്ന കുറച്ചുനേട്ടങ്ങള്‍ ബാക്കി നില്‍ക്കും:
ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ എഴുത്തും വായനയും പ്രയോഗിക്കുന്നവരുടെ എണ്ണം തീരെയൊന്നും കുറഞ്ഞുപോകാതെ (കേരളത്തിലെ നഗരങ്ങളിലും കേരളത്തിനു പുറത്തും) നില്‍ക്കും.
ആശയപ്രകടനത്തിന് ഇങ്ങനെയുമൊരു വേദിയുള്ളത് നമ്മുടെ സമൂഹത്തിലെ ഭരണം,വാണിജ്യം, സാംസ്കാരികം, മാദ്ധ്യമം തുടങ്ങിയ തുറകളെ സ്വല്പമെങ്കിലും ഉത്തരവാദിത്തമുള്ളവരാക്കും.അവര്‍ ചെയ്യുന്ന അരുതായ്കകള്‍ സ്വതന്ത്രമായി വിളിച്ചുപറയാന്‍ ഇരകള്‍ക്ക് ഇതുപോലൊരവസരം മുന്‍പ് കിട്ടിയിട്ടില്ല.
ഇന്റര്‍നെറ്റില്‍ മൊത്തം മലയാളം content വളരെയേറെ വര്‍ദ്ധിക്കും. ബോധപൂര്‍വ്വമോ അല്ലാതെയോ ഒട്ടുമിക്ക മലയാളികളും അവരുടെ കമ്പ്യൂട്ടറുകളില്‍ മലയാളം വാക്കുകളില്‍ ചെന്നു മുട്ടും. കമ്പ്യൂട്ടറുകളില്‍ തന്നെ ഒരു ഭൂരിപക്ഷം ശരിയായ മലയാളം വായിക്കുവാന്‍ സജ്ജമാകും. യുണികോഡില്‍ അധിഷ്ഠിതമായ മലയാളമായിരിക്കും ഇതെന്നു പറയേണ്ടതില്ലല്ലോ.
ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ ശ്രദ്ധ നമ്മുടെ ഭാഷകളിലേക്ക് ഇനിയും വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കും മലയാളവാക്കുകളുടെ ഇത്തരം പ്രസാരണം. അവരെത്തുടര്‍ന്ന് അഡോബ് പോലുള്ള മറ്റു സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍ക്കും ഇന്‍ഡിക് ഭാഷകള്‍ അവഗണിക്കാനാവാത്ത ഒരു മേഖലയായി മാറും.
കൂടുതല്‍ മലയാളികള്‍ യുണികോഡുമായി പരിചയപ്പെട്ടുവരുമ്പോള്‍ ഗവണ്മെന്റിനും ഓണ്‍-ലൈന്‍ മാദ്ധ്യമങ്ങള്‍ക്കും യുണികോഡ് വ്യവസ്ഥയിലേക്കുള്ള പരിണാമം ഒഴിച്ചുകൂടാനാവാത്തതായി വരും. അവരുടെ തന്നെ ആളുകള്‍ search, sort എന്നീ ജോലികളില്‍ യുണികോഡിനുള്ള മെച്ചം തിരിച്ചറിയുകയും ചെയ്യും. മലയാളം യുണികോഡ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡാറ്റാബേസ് സംഹിതകള്‍ക്ക് കൂടുതല്‍ പ്രചാരവും പ്രയുക്തതയും ലഭിക്കും.
ടെലഫോണ്‍ ഡയറക്റ്ററി, എലക്ട്രോറല്‍ പട്ടികകള്‍, സമയവിവരപ്പട്ടികകള്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ യുണികോഡിലേക്കു മാറുകയും അവയുടെ ഉപയുക്തത പതിന്മടങ്ങേറുകയും ചെയ്യും.
OCR, Speech-to-Text, Text-to-Speech തുടങ്ങിയ പുതിയ വിദ്യകളില്‍ മലയാളത്തിനെ കൂട്ടിയിണക്കാന്‍ താരതമ്യേന എളുപ്പമാവും.അതനുസരിച്ച് ഒറ്റയ്ക്കും കൂട്ടായും പുതിയ സോഫ്റ്റ്വെയറുകള്‍/ മോഡ്യൂളുകള്‍ പലയിടങ്ങളില്‍നിന്നുമായി ഉണ്ടാവും.
പ്രാചീനവും ആനുകാലികവുമായ ഒട്ടനവധി മലയാളലിഖിതസമ്പത്ത് ഇന്റര്‍നെറ്റില്‍ ലഭ്യമാവും. OCR പോലുള്ള വിദ്യകള്‍ ഇതു ത്വരിതപ്പെടുത്തും. ആര്‍ജ്ജിതവിദ്യയും അക്കാഡമിക് ജ്ഞാനവും ഒത്തുനോക്കി നെല്ലും പതിരും വേര്‍തിരിക്കാന്‍ കൂടുതല്‍ എളുപ്പമാവും.
മറ്റ് ഇന്‍ഡിക് ഭാഷകളുമായും പ്രത്യേകിച്ച് ദ്രാവിഡഭാഷകളുമായും inter-indic transliteration സൌകര്യമുപയോഗിച്ച് കൂടുതല്‍ എളുപ്പത്തില്‍ സംവദിക്കാന്‍ മലയാളത്തിനാവും. ഉദാഹരണത്തിന് ഹിന്ദി നന്നായി വായിക്കാനറിയുന്ന (എന്നാല്‍ മലയാളം വായിക്കാനറിയാത്ത, സംസാരിക്കാനറിയാവുന്ന) ഒരു വടക്കേ ഇന്ത്യന്‍ മലയാളിപ്രവാസിക്കുട്ടിക്ക് ഒരു മലയാളം ചലച്ചിത്രഗാനം എളുപ്പത്തില്‍ ഹിന്ദിയിലാക്കി വായിക്കാന്‍ പറ്റും.
മൊബൈല്‍ ഫോണ്‍, കൌണ്ടര്‍ ക്യൂ മാനേജ്‌മെന്റ്, ആശുപത്രികള്‍, തെരഞ്ഞെടുപ്പുജോലികള്‍, റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രോണിക് സമയവിവരപ്രദര്‍ശിനികള്‍, ക്യാഷ് രെജിസ്റ്ററുകള്‍ തുടങ്ങി സാധാരണകമ്പ്യൂട്ടറുമായി നേരിട്ടു ബന്ധമില്ലെങ്കിലും ജനങ്ങളുമായി ഇടപഴകുന്ന യന്ത്രസംവിധാനങ്ങളില്‍ മലയാളം ലാഭകരമായിത്തന്നെ പ്രവര്‍ത്തനസജ്ജമാവും.
ID tags, CDDB, searchable video subtitles, RFID തുടങ്ങിയ സൌകര്യങ്ങളില്‍ മലയാളത്തിനു സുഗമമായി പങ്കുപറ്റാനാവും.
പ്രചാരമേറിയും വിലകുറഞ്ഞും വരുന്ന കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും താഴെത്തട്ടിലുള്ള ജനങ്ങളും തമ്മിലുള്ള അകലം ഇനിയുമിനിയും ചുരുങ്ങിവരും. അടിച്ചമര്‍ത്തപ്പെട്ടുപോയ മാനുഷികതയ്ക്ക് സമൂഹവുമായി നേരിട്ട് സംവദിക്കാന്‍ കൂടുതല്‍ അവസരം വരും.
ഈ സ്വപ്നങ്ങളില്‍നിന്നും ഒരു പിടിയെങ്കിലും അക്കാലം കൊണ്ട് സാക്ഷാത്കാരത്തിലേക്കു പിച്ചവെക്കുമെന്നാണെന്റെ പ്രതീക്ഷ!
Monday, July 31, 2006
ശ്രദ്ധിക്കപ്പെടേണ്ട ചില ബ്ലോഗുകള്‍
മുന്‍പാരോ പറഞ്ഞ പോലെ എക്സ്‌പൊണെന്‍ഷ്യലി. ഈ കൊല്ലത്തിന്റെ ആദ്യത്തെ 5 മാസങ്ങളില്‍ ബി.എസ്.ഇ. ഇന്‍ഡക്സ് വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ ബൂലോഗത്തിലെ അംഗങ്ങളും, പുതിയ പോസ്റ്റുകളും പിന്‍മൊഴി വഴിയെത്തുന്ന കമന്റുകളും വളരുന്നത്. ഇടക്ക് നടന്ന കേരളാ, ബാംഗളൂര്‍, യു.എ.ഇ. സംഗമങ്ങളും അവക്കു കിട്ടിയ മാധ്യമ കവറേജും ഈ വളര്‍ച്ചക്ക് ആക്കം കൂട്ടുകയും ചെയ്തു. പല പുതിയ പുലികളും ശിങ്കങ്ങളും നമ്മോടൊപ്പം ചേര്‍ന്നു. ഒരുപാട് പേര്‍ വളരെ ആക്റ്റീവ് ആയി പോസ്റ്റുകയും കമന്റുകയും ചെയ്യുന്നുമുണ്ട്.
ഇതിനിടക്ക് എപ്പോഴോ നമ്മള്‍ ഡയറിക്കുറിപ്പുകള്‍ എന്നതിലുപരി ബ്ലോഗ്ഗിംഗിന് ആശയവിനിമയത്തിലുള്ള സാധ്യതകളെപ്പറ്റിയും, പാരമ്പര്യ മാധ്യമങ്ങള്‍ക്കു മുകളില്‍ വസ്തുതകളെ അവലോകനം ചെയ്യാനുള്ള two-way interaction-ന്റെ മേന്മകളെപ്പറ്റിയും സംസാരിച്ചു. ബൂലോഗത്തിന്റെ ഇപ്പോഴത്തെ ഈ രൂപമാറ്റത്തിനു മുന്‍പേ, പൊതുവേ നമ്മള്‍ കണ്ടിരുന്നത് നര്‍മ്മത്തില്‍ ചാലിച്ച അനുഭവ കഥകളുടേയും, കുറിപ്പുകളുടേയും ആവിഷ്കാരങ്ങളായിരുന്നു. നന്നായിരിക്കുന്നു അല്ലെങ്കില്‍ മെച്ചപ്പെടുത്താമായിരുന്നു എന്നതില്‍ കവിഞ്ഞ് ഒരു ഇടപെടല്‍ വായനക്കാരന്റെ ഭാഗത്തു നിന്ന് സൃഷ്ടികളില്‍ ഉണ്ടായിരുന്നത് വളരെ അപൂര്‍വമായ ഒരു കാര്യമായിരുന്നു. ബൂലോഗം അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് -- ഗൌരവപരമായ ആശയവിനിമയത്തിലേക്ക് - ചുവടു വെക്കുന്ന ഈ ഘട്ടത്തില്‍ അതിനു പ്ലാറ്റ്‌ഫോം ആയേക്കാവുന്ന കുറേ നല്ല ബ്ലോഗുകളിലേക്ക് ബൂലോഗരുടെ ശ്രദ്ധ തിരിക്കാനും, നമ്മുടെ സജീവമായ പങ്കാളിത്തത്തിലൂടെ അത്തരം ബ്ലോഗുകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാനുമുള്ള ഒരു ശ്രമമാണ് എന്റെ ഈ പോസ്റ്റ്. സാഹിത്യത്തില്‍ മാത്രമല്ല, സമകാലിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലും ബ്ലോഗര്‍മാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കേണ്ടതല്ലേ? എങ്കിലല്ലേ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക് ഒരു complementary ആയി ബ്ലോഗുകളെ ഉയര്‍ത്തിക്കാട്ടാനുള്ള നമ്മുടെ ശ്രമം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ എത്തുകയുള്ളൂ?
ഒന്നുകൂടി -- ഓടിച്ചുള്ള വായനയില്‍ കണ്ണില്‍പ്പെട്ട ചില ബ്ലോഗുകളാണ് ഞാന്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. കാണാതെ പോയവ തീര്‍ച്ചയായും ഉണ്ടാവും. മറ്റുള്ളവര്‍ കൂട്ടിച്ചേര്‍ക്കുമല്ലോ.
1. ഈ വിഭാഗത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ബ്ലോഗുകളില്‍ ഒന്നാണ് കല്ലേച്ചിയുടെ ബ്ലോഗ്. ഒരു പഴയ കാല ബ്ലോഗര്‍ ആയതിനാല്‍ കല്ലേച്ചിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. വിഷയങ്ങളിലുള്ള വൈവിധ്യവും, മറ്റാരും കാണാത്ത ഒരു വീക്ഷണകോണില്‍ നിന്നുള്ള നിരീക്ഷണങ്ങളും ആണ് ഈ ബ്ലോഗിനെ പ്രസക്തമാക്കുന്നത്. സമകാലിക സാമൂഹ്യ പ്രശ്നങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന വ്യക്തിപരമായ കാര്യങ്ങളാണ് പലപ്പോഴും കല്ലേച്ചിയുടെ പ്രതിപാദ്യ വിഷയം. എന്തു കൊണ്ടോ, പലപ്പോഴും കല്ലേച്ചി ഉയര്‍ത്തുന്ന വിഷയങ്ങള്‍ ബൂലോഗത്തിന്റെ ശ്രദ്ധ നേടാതെ പോവുന്നു.
2. മറ്റുള്ള ബ്ലോഗുകളിലെ കമന്റുകളും, കൊച്ചി മീറ്റിലെ സാന്നിധ്യവും വഴി പ്രതീഷ് പ്രകാശ് എന്ന ഞാന്‍കുട്ടിയുടെ ബ്ലോഗ് എല്ലാരും കണ്ടിരിക്കുമെങ്കിലും പലപ്പോഴും ഞാന്‍കുട്ടിയുടെ ശാസ്ത്ര-സാങ്കേതിക മേഖലയിലുള്ള ലേഖനങ്ങള്‍ അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോയിട്ടുണ്ട്. ഹൈഡ്രജനേപ്പറ്റിയും ജൈവ ഇന്ധനങ്ങളെപ്പറ്റിയും ഒക്കെ ഞാന്‍കുട്ടിയുടെ വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും, ഈ രംഗങ്ങളില്‍ പ്രഗത്‌ഭര്‍ ആയിട്ടുള്ളവരുടെ ശ്രദ്ധ പതിയേണ്ടതും ആണെന്ന കാര്യത്തില്‍ സംശയമില്ല.
3. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആയ ശ്രീ. എന്‍.പി. രാജേന്ദ്രന്‍, സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകള്‍ അതിന്റെ ഉള്‍ക്കാഴ്ച്ച കൊണ്ടും കാലിക പ്രാധാന്യം കൊണ്ടുമാണ് ശ്രദ്ധേയമാവുന്നത്. ഇവിടെ ബൂലോഗത്തിന്റെ സജീവമായ ഇടപെടലുകള്‍ കുറയുന്നത് നമുക്കോരോരുത്തര്‍ക്കും എന്‍.പി.ആറിന്റെ അനുഭവ സമ്പത്ത് പകര്‍ന്നു തരേണ്ട വിജ്ഞാനം നഷ്ടമാവാനാണ് കാരണമാവുന്നത്.
4. രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങളിലുള്ള വിവാദങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന കിരണ്‍ തോമസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ബ്ലോഗ്, ഈ ബ്ലോഗര്‍ സംവാദത്തിനായി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ കൊണ്ടാണ് വേറിട്ടതാവുന്നത്. മറ്റുള്ള ബ്ലോഗര്‍മാരെ അപേക്ഷിച്ച് സ്വന്തം കാഴ്ച്ചപ്പാടുകള്‍ കിരണ്‍ അധികം ഉയര്‍ത്തിക്കാട്ടുന്നില്ല എന്നത് ഈ ബ്ലോഗിന്റെ ഒരു ന്യൂനതയാണ്. എന്നിരുന്നാലും കിരണ്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങളിലുള്ള സംവാദങ്ങള്‍ പ്രസക്തം തന്നെ.
5. മയ്യഴി എന്ന ബ്ലോഗറുടെ പൊതുയോഗം എന്ന ബ്ലോഗും നാം ചിന്തിക്കേണ്ട കുറേ വിഷയങ്ങള്‍ വരച്ചിടുന്നു. മലയാള ലിപിയുടെ സംരക്ഷണം കൂടി, ബൂലോഗത്തിന്റെ ദൌത്യങ്ങളില്‍ ഒന്നാണെന്നിരിക്കേ, ഈ വിഷയത്തില്‍ മയ്യഴി ചൂണ്ടിക്കാണിച്ച ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
6. സുന്ദരവും ലളിതവുമായ ഭാഷയില്‍ അത്ര മാധ്യമ ശ്രദ്ധ കടന്നു ചെല്ലാത്ത വിഷയങ്ങളില്‍ സ്വന്തം നിരീക്ഷണങ്ങള്‍ കുറിച്ചിടുന്നു കുമാരപുരത്തിന്റെ ആന്ധ്രാക്കത്തില്‍. വളരെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഈ ബ്ലോഗറുടെ രണ്ടു ലേഖനങ്ങള്‍ ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
7. അച്ചടിമാധ്യമങ്ങളില്‍ വരുന്ന, വിവാദങ്ങളല്ലാത്ത എന്നാല്‍ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളുടെ ചക്കാത്തുവായനയാണ് ഓസിന്റെ വേര്‍ഡ്പ്രസ്സ് ബ്ലോഗില്‍ ഉള്ളത്. ഈ ബ്ലോഗര്‍ എല്ലാവര്‍ക്കും സുപരിചിതന്‍ ആണെങ്കിലും അദ്ദേഹത്തിന്റെ ഈ സംരഭം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? ( ഇതേ ആശയത്തില്‍ കലേഷ് ചെയ്യുന്ന സാംസ്കാരികം ബ്ലോഗിനെ മറക്കുന്നില്ല. അവിടേയും ബൂലോഗത്തിന്റെ പാര്‍ട്ടിസിപ്പേഷന്‍ കുറവു തന്നെ.)
8. ഒട്ടും പ്രാധാന്യം കുറയാത്ത ഒരു സേവനമാണ് കവികളേയും കവിതകളേയും പരിചയപ്പെടുത്തുന്ന കാവ്യനര്‍ത്തകിയുടെ ബ്ലോഗില്‍ ഉള്ളത്. എസ്.ജോസഫിനെപ്പോലുള്ള അത്ര പ്രശസ്തരല്ലാത്ത കവികളേയും, കെ.ജി. ശങ്കരപ്പിള്ളയെപ്പോലുള്ള അതികായരുടേയും കവിതകള്‍ യാതൊരു മുന്‍വിധികളും പക്ഷം പിടിക്കലും ഇല്ലാതെ പരിചയപ്പെടുത്തുന്ന ഈ ബ്ലോഗ്, സാഹിത്യകുതുകികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
9. ആരും അധികം ശ്രദ്ധിക്കാത്ത ചെറിയ വലിയ തെറ്റുകളും ശരികളും സരസമായ ഭാഷയില്‍ പറഞ്ഞു തരികയാണ് ഡോ.ശ്രീകാന്ത് തന്റെ നന്‍മയും തിന്‍മയും എന്ന ബ്ലോഗില്‍. തമിഴ് സാഹിത്യത്തിലും പാണ്ഡിത്യമുള്ള ശ്രീകാന്തിന്റെ വിജ്ഞാനം നമുക്കും പകര്‍ന്നു തരാനുള്ള ഒരു ശ്രമമാണ് ഇത്. വെറുതേ ഓരോന്ന് എന്ന ബ്ലോഗിലാവട്ടെ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങള്‍ പങ്കു വെക്കുന്നു.
10. ജിയോ കുര്യന്റെ രചനകളിലൂടെ എന്ന ബ്ലോഗ് യുനീകോഡിലല്ലാത്ത ഇന്റര്‍നെറ്റ് രചനകളുടെ ഒരു സമാഹാരമാണ്. ഇതില്‍ എന്തെങ്കിലും കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഉണ്ടോ എന്നുള്ളത് ആരെങ്കിലും അദ്ദേഹത്തിന് പറഞ്ഞു കൊടുക്കുമല്ലോ
ഇവയില്‍ പല ബ്ലോഗുകളും പിന്‍മൊഴികളില്‍ വരുന്നില്ല എന്നതും ബ്ലോഗര്‍മാര്‍ മറ്റു ബ്ലോഗുകളില്‍ സജീവമല്ല എന്നതുമാണ് ഇവിടങ്ങളിലെ അലസതക്ക് ഒരു കാരണമായി എനിക്ക് തോന്നുന്നത്. ബൂലോഗത്തിലെ അംഗസംഖ്യയുടെ വളര്‍ച്ചക്കൊപ്പം നമ്മുടെയൊക്കെ വ്യക്തിപരമായ വളര്‍ച്ചക്കും ഇടവരുത്തുന്ന സൃഷ്ടിപരമായ സംവാദങ്ങള്‍ കാണാന്‍ ഇടവരുമെന്ന് പ്രതീക്ഷിക്കട്ടെ.
Saturday, June 24, 2006
ബൂലോഗഗ്രന്ഥശാല
ഈയിടെ വിശാലമനസ്കന്റെ “കൊടകര പുരാണ”ത്തിന്റെ ഒരു PDF കോപ്പി നെറ്റില്‍ കിടന്നു കളിക്കുന്നതു കണ്ടിരിക്കുമല്ലോ. കുറച്ചു നാള്‍ മുമ്പു് വിശാലമനസ്കന്റെ അനുവാദത്തോടുകൂടി പുരാണത്തെ PDF ആക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തിയിരുന്നു. അതിനു ശേഷം ശനിയന്റെ സഹായത്തോടെ പെരിങ്ങോടന്റെ തെരഞ്ഞെടുത്ത കഥകളും.
അതുല്യ, ഏവൂരാന്‍, സൂ, തുടങ്ങിയവരുടെ കഥകള്‍, സാക്ഷിയുടെ കഥകളും ചിത്രങ്ങളും, ദേവന്റെ ആയുരാരോഗ്യം, എന്റെ ഗുരുകുലത്തിലെ ചില ലേഖനങ്ങള്‍ എന്നിവയും കൂടി തയ്യാറാക്കാനായിരുന്നു പദ്ധതി. ഇവയെല്ലാം നന്നായി പ്രൂഫ്‌റീഡു ചെയ്തതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുവാനായിരുന്നു ശ്രമം.
ഈ രണ്ടു പുസ്തകങ്ങളുടെ പ്രൂഫ്‌റീഡിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ രൂപം ഇവിടെ ഇട്ടിട്ടുണ്ടു്.
പെരിങ്ങോടന്റെ ഇതുവരെയുള്ള 85 കഥകളില്‍ നിന്നു 35 എണ്ണം മാത്രമേ ഇതില്‍ ചേര്‍ത്തിട്ടുള്ളൂ. എല്ലാ കഥകളും ഞാന്‍ തയ്യാറാക്കിക്കഴിഞ്ഞു. പുരാണത്തിലെ അവസാനത്തെ കുറെ കഥകള്‍ ഉള്‍ക്കൊള്ളിക്കാനുണ്ടു്.
ഇതിനിടെ സിബുവും ഇതുപോലെയൊരു സംരംഭം ആരംഭിച്ചിട്ടുണ്ടു്. അദ്ദേഹം അരവിന്ദന്റെ മൊത്തം ചില്ലറ PDF രൂപത്തിലാക്കിയിട്ടുണ്ടു്. മറ്റൊരു സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്നു മാത്രം. ഏതായാലും നമുക്കു് പരസ്പരം അറിയാതെ ഒന്നു തന്നെ ചെയ്യാതിരിക്കാന്‍ ശ്രമിക്കാം.
ഏതെങ്കിലും പ്രസാധകര്‍ക്കു ഇവ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹം തോന്നിയാല്‍ അതിനു സൌകര്യം ഉണ്ടാക്കിക്കൊടുക്കുകയാണു പ്രധാനലക്ഷ്യം. നമുക്കു പ്രിന്റു ചെയ്തു വായിക്കാനും സഹായകമാകും.
ഇതിലെ കഥകള്‍ക്കു പറ്റിയ ചിത്രങ്ങള്‍ ആരെങ്കിലും വരച്ചുതന്നാല്‍ അതും ഉള്‍ക്കൊള്ളിക്കാം. പഠനങ്ങളും ചേര്‍ക്കാം.
ഇപ്പോള്‍ ഞാന്‍ മലയാള ബ്ലോഗുകളിലെ തെരഞ്ഞെടുത്ത കഥകള്‍ ചേര്‍ത്തു് “ബ്ലോഗുകഥകള്‍” എന്നൊരു പുസ്തകം തയ്യാറാക്കുകയാണു്. ഓരോരുത്തരെയും അനുവാദത്തിനായി ഞാന്‍ ബന്ധപ്പെട്ടുകൊള്ളാം.
അഭിപ്രായങ്ങള്‍ ദയവായി അറിയിക്കുക.
ലിങ്ക് ഇവിടെ.
Thursday, June 22, 2006
ഭാഷാസംക്രമണം
എല്ലാ നാടിനും പല കാലങ്ങളിലായി തദ്ദേശീയ മനുഷ്യഭാഷകള്‍ മെല്ലെ രൂപപ്പെട്ടു വന്നു, തലമുറതോറും പരിഷ്കരിക്കപ്പെട്ടും വന്നു. ഒരു പുതിയ കാഴ്ച കാണുമ്പോള്‍ അതു കാണിച്ചു തന്നവന്‍ പറയുന്ന പേര്‍ കേള്‍ക്കുന്നവന്റെ ഭാഷയിലെ പുതിയൊരു വാക്കാവുന്നത് സ്വാഭാവികം (ഉദാ: കക്കൂസ് എന്ന ഡച്ച് പദം - ലന്തന്‍ ബത്തേരിയില്‍ നിന്ന്. കണ്ട തോട്ടുവരമ്പില്‍ ശോധന നടത്തിക്കൊണ്ടിരുന്ന മലയാളിക്ക് ഡച്ചുകാരന്‍ കാട്ടിക്കൊടുത്ത ശൌചഗേഹത്തിന് ഡച്ച് ഭാഷയിലല്ലേ പേര്‍ വരൂ)
എന്നാല്‍ ശക്തമായി ഒരു ഭാഷ തദ്ദേശീയ ഭാഷയില്‍ കടന്നു കയറണമെങ്കില്‍ മറ്റെന്തെങ്കിലും തരം ഒരധിനിവേശവും കൂടി വേണമെന്ന് തോന്നുന്നു. മറ്റാരു വരുന്നതിലും മുന്നേ ചൈനക്കാര്‍ നമ്മുടെ കേരളത്തില്‍ സ്ഥിരം കച്ചവടക്കാര്‍ ആയിരുന്നെങ്കിലും ഇംഗ്ലീഷ് വാക്കുകളുടെ നൂറിലൊന്ന് ചൈനീസ് വാക്കുകള്‍ നമുക്കില്ല. കാരണം ഭരണം ബ്രിട്ടീഷുകാരന്‍ ഭരണം കയ്യാളി അത് ഇംഗ്ലീഷില്‍ നടത്തി എന്നതാണ്.
കേരളത്തിന്റെ തദ്ദേശീയ ഭാഷ ഏതാണെന്ന് എനിക്കറിവില്ല. ആദി ദ്രാവിഡന്റെ ഭാഷയായ സംഘത്തമിഴ് പോലും എവിടെ നിന്നെങ്കിലും വന്നതായിരിക്കാം. വിവരങ്ങളില്ലാത്തതു മൂലം സംഘത്തമിഴ് ആയിരുന്നു കേരളത്തിന്റെ തനത് ഭാഷ എന്ന് അനുമാനിക്കാം (അതിനു മുന്നേയുള്ള കണ്ണികള്‍ അഥവാ ഉണ്ടെങ്കില്‍ തന്നെ പില്‍ക്കാലത്തെ assimilation നില്‍ അതു പ്രസക്തവുമല്ല.)
ബ്രഹ്മി കോലെഴുത്തും പിന്നെ വട്ടെഴുത്തുമായി നമ്മുടെ സംഘത്തമിഴ് ഭാഷ പുരോഗമിക്കവേ ദൈവത്തിന്റെ കണ്‍സൈന്‍മന്റ് ഏജെന്റ് എന്ന് അവകാശപ്പെട്ട് നമ്പൂരിശ്ശനും ആയുധവ്യാപാരി നായരും ബൌദ്ധധര്‍മ്മ മോക്ഷദായകര്‍ ഈഴവരും പലദിക്കില്‍ നിന്നും പലകാലത്ത് എത്തി. ഈ കടന്നുകയറ്റക്കാര്‍ക്കാര്‍ക്കും സംസ്കൃതത്തിന്റെ വേരിയന്റുകളല്ലാതെ വട്ടെഴുത്തിന്റെ ഭാഷ അറിയില്ലായിരുന്നു. സംസ്കാരത്തിന്റെയും, അറിവിന്റെയും, അവകാശത്തിന്റെയും അടിച്ചേല്‍പ്പിക്കലിനൊപ്പം സംഘത്തമിഴും ബലാത്സംഗം ചെയ്യപ്പെട്ട് മലയാളമെന്ന സങ്കര ശിശുവിന്റെ അമ്മയായി.
[അധിനിവേശം എന്നും ബലാത്സംഗമായിരുന്നു. ഭാഷയൂം , സംസ്കാരത്തിന്റെയും, ജീവിത രീതിയുടെയും, അവകാശങ്ങളുടേയും, തത്വശാസ്ത്രങ്ങളുടേയും, മത/ദൈവ വിശാസങ്ങളുടേയുമൊപ്പം വിസമ്മതാവസ്ഥയില്‍ വഴങ്ങി. രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യം- മംഗോള്‍- നിരന്തര ബലാത്സംഗത്തിലൂടെ നേടിയതാണ്. പതിനാറു മില്ല്യണ്‍ കൊച്ചുമക്കളുമായി ജെങ്കിസ് ഖാന്‍ ലോകം കണ്ട ഏറ്റവും വലിയ ആല്‍ഫാമെയില്‍
ആയിഭവിച്ചു.]
കടന്നു കയറ്റത്തിന്റെ അനുസരിച്ച് ഭാഷാമാറ്റത്തിന്റെയും തോത് മാറുന്നു എന്ന് ഞാന്‍ വിശ്വസിക്കാനിഷ്ടപ്പെടുന്നു. പുത്തന്‍ മതവും, വിദ്യയും ഭരണവുമായി വന്ന ആര്യന്‍ ഹാരപ്പന്‍ ഹാരപ്പന്‍ ഭാഷയെ സംസ്കൃതവും, ഇതേ അജെന്‍ഡയുമായി പിന്നെ വന്ന അറബി/കാബൂളി അധിനിവേശകര്‍ള്‍ സംസ്കൃതത്തെ urdu/ഹിന്ദിയും, ബ്രാഹ്മണന്‍ ഗോത്രങ്ങളില്‍ നടത്തിയ അധിനിവേശം പ്രാദേശിക ഭാഷകളെ വലിയൊരു പരിധിവരെ സംസ്കൃതസമവും ആക്കിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പിന്നീടുള്ള അധിനിവേശങ്ങള്‍ ഭാഗികമായിരുന്നു. അതില്‍ ഏറ്റവും വലിയത്-ബ്രിട്ടീഷ് അധിനിവേശം- പോലും ഭരണാവകാശങ്ങള്‍ പിടിച്ചെടുത്ത് നമ്മെ കോളനികള്‍ ആക്കിയെന്നല്ലാതെ നശിപ്പിച്ച് മറ്റൊന്നാക്കാന്‍ ശ്രമിച്ചിട്ടില്ലാത്തതിനാല്‍ ഇംഗ്ലീഷിന് മറ്റൊരു ഉറുദുവോ സംസ്കൃതമോ ആകാന്‍ കഴിഞ്ഞില്ല.
സ്വാംശീകരണമെന്നും നടന്നിരുന്നു. ഒരു പ്രത്യയശാസ്ത്രം മാറുമ്പോള്‍ കമ്യൂണിസ്റ്റിനേയും ഒരു പ്രതിഷേധമുറ മാറുമ്പോള്‍ അത് ഇങ്ക്വിലാബിനെയും, ഒരു അധികാരി മാറുമ്പോള്‍ മദാമ്മയേയും കാര്‍ഷിക രീതി മാറുമ്പോള്‍ കൊപ്രയും മലയാളത്തിനു ലഭിച്ചു. സാങ്കേതികമായ വാക്കുകള്‍ മലയാളിക്കെനും ആധുനിക ജീവിതം ആദ്യം കാട്ടിത്തന്ന സായിപ്പിന്‍ന്റേതാണ്, മൊബൈലും കാറും കമ്പ്യൂട്ടറും കാല്‍ക്കുലേറ്ററുമെല്ലാം.
(താഴെക്കാണുന്ന കമന്റുമായി ബന്ധപ്പെട്ട ചിത്രം പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടത്)
ഇന്ത്യന്‍ ഭാഷാലിപികളുടെ ഉല്‍പ്പത്തി
(ഓര്‍മ്മയില്‍ നിന്നും വരക്കുന്നത്; പിശകുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക)
Wednesday, June 14, 2006
എയര്‍ബസ്സ് 380 എന്ന പറക്കും ഭീമന്‍.
73 മീറ്റര്‍ മൂക്കു മുതല്‍ വാലു വരെ നീളവും 24 മീറ്റര്‍ ഉയരവും 80 മീറ്റര്‍ ചിറകു വിരിപ്പും ഉള്ള ഈ ഭീമന്‍ പക്ഷിക്ക് ടേക്കോഫ് സമയത്ത് 560 ടണ്ണും ലാന്‍ഡിംഗ് സമയത്ത് 386 ടണ്ണും ഭാരമുണ്ട്. ഈ മുടിഞ്ഞവന്റെ ചിറക് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കൈ പോലെ നീണ്ടതാകയാല്‍ മിക്ക വിമാനത്താവളങ്ങള്‍ക്കും റണ്‍വേയുടെ വീതി കൂട്ടേണ്ടി വന്നു, ഇവനു വരാന്‍. ഒറ്റ കുടിയില്‍ മൂന്നു ലക്ഷം ലിറ്റര്‍ മണ്ണെണ്ണ മോന്തും ഈ തടിയന്‍.ബോയിംഗ് ജംബോയുമായി 747-400 ആയി താരതമ്യം ചെയ്താല്‍ വില ഒഴികെ എല്ലാത്തിലും ഇവന്‍ മുമ്പന്‍ ആണ്.
ഇവനെ ഇവിടെ കൊണ്ടുവന്ന് ഫാഷന്‍ പരേഡ് നടത്തിയിരുന്നു കഴിഞ്ഞ കൊല്ലാവസാനം. പൊന്മുട്ടയിടുന്ന താറാവില്‍ ഹാജ്യാരുടെ ഭാര്യ വന്നതുപോലെ ആളുകള്‍ സകലതും മറന്ന് വാ പൊളിച്ചു നോക്കി നിന്നു. (മുടിഞ്ഞ ജെറ്റ് ബ്ലാസ്റ്റ് ആണപ്പാ ഇവന്റെ എഞ്ചിന്) ഇവന്റെ ജീ പീ 7000 എഞ്ചിന്‍ താഴെക്കാണുന്ന ജീ ഈ എഞ്ചിനെക്കാളും വലുതാണ്.
പരിസ്ഥിതിക്ക് ഏറ്റവും വലിയ നാശം ചെയ്യുന്ന വൃത്തികളില്‍ ഒന്നാണ് വ്യോമയാനം. അതിനാല്‍ ഇവന്‍ 12 ശതമാനം കുറച്ചേ പെര്‍പാസഞ്ചര്‍ ഇന്ധനം കത്തിക്കല്‍ നടത്തൂ എന്നതിനു വലിയ പ്രാധാന്യമുണ്ട്. ക്രൂഡോയില്‍ വില വര്‍ദ്ധനക്കനുസൃതമായ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയുടേയും വിലകൂടിക്കൊണ്ടേയിരിക്കുന്നു എന്നത് ഇന്ധനക്ഷമതയുടെ വാണിജ്യ പ്രാദ്ധ്യാന്യവും വര്‍ദ്ധിപ്പിക്കുന്നു.
ഏവരും കൊതിച്ചതുപോലെ രണ്ടായിരത്തിയാറ് അവസാനം ഈ സുന്ദരനെ വാണിജ്യോപയോഗത്തിന് ഇറക്കുവാന്‍ A380 നിര്‍മ്മാതാവ് എയര്‍ബസ് സൊസൈറ്റീ പാര്‍ ആക്ഷന്‍ സിമ്പ്ലിഫീ (പഴയ പേര്‍ എയര്‍ബസ് ഇന്‍ഡസ്ട്രീ) എന്ന ലോകത്തെ എറ്റവും വലിയ വിമാന നിര്‍മ്മാതാവിന് ( രണ്ടായിരത്തി അഞ്ചില്‍ കൂടുതല്‍ വിമാനങ്ങള്‍ വിറ്റും കൂടുതല്‍ ഓര്‍ഡര്‍ പിടിച്ചും എയര്‍ബസ് എസ് ഏ എസ് ബോയിങ്ങിനെ മറികടന്നു ഒന്നാമനായി) കഴിയില്ല. ഏപ്രില്‍ 2007 ഇല്‍ നമുക്ക് പ്രതീക്ഷിക്കാം- പെരുത്ത പഹയനെ (ക്രെഡിറ്റ് വീക്കേയെന്റെ ഹാജ്യാര്‍ക്ക്)
Wednesday, May 17, 2006
മലയാളം ബ്ലോഗുകള്‍
ബ്ലോഗ് എന്ന പദം ഒരു പക്ഷെ ഇപ്പോള്‍ ഏവര്‍ക്കും സുപരിചിതമായിരിക്കും. ബ്ലോഗുകള്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെക്കുറെ സാര്‍വ്വജനികവുമായിരിക്കുന്നു. വെബ് ലോഗ് എന്നതിന്റെ ചുരുക്കെഴുത്തായ ബ്ലോഗ് ഒരു ഇലക്ട്രോണിക് മാധ്യമമാണു്. ഒരു വ്യക്തിയുടെയോ, ഒരു സംഘം വ്യക്തികളുടെയോ, അല്ലെങ്കില്‍ ഒരു സംഘടനയുടെയോ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാന്‍/പ്രസിദ്ധപ്പെടുത്തുവാന്‍ ഉപകരിക്കുന്ന ഒരു മാധ്യമം എന്ന നിലയിലാണു് ബ്ലോഗുകള്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതു്. ഇപ്രകാരം ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാന്‍ ഒട്ടനവധി മാധ്യമങ്ങള്‍ മുമ്പും ഉണ്ടായിരുന്നു, വെബ് സൈറ്റുകളും, ന്യൂസ് ഗ്രൂപ്പുകളും, ഡിസ്കഷന്‍ ബോര്‍ഡുകളും അവയില്‍ ചിലതാണു്, ഇവയെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടു്. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ബ്ലോഗുകള്‍ ശ്രദ്ധയാകര്‍ഷിക്കുവാന്‍ കാരണം ബ്ലോഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിലുള്ള ലാളിത്യവും, ബ്ലോഗുകള്‍ വായിക്കുവാന്‍ എഴുതുവാനും ലഭ്യമായിട്ടുള്ള സംവിധാനങ്ങളുടെ വെര്‍സാറ്റിലിറ്റിയുമാണു്. ഏതൊരു Web-based മാധ്യമത്തിനും പ്രദര്‍ശിപ്പിക്കുവാന്‍ കഴിയുന്ന Digital Content വളരെ എളുപ്പത്തിലും, സൌകര്യത്തിലും സൃഷ്ടിക്കുവാന്‍ കഴിയുന്ന വിധത്തിലാണു് ബ്ലോഗുകളുടെ നിര്‍മ്മിതി. ഇതിനെല്ലാം പുറമെ ആവിഷ്കാരസ്വാതന്ത്ര്യം, വായനക്കാരുമായി നേരിട്ടു് ഇടപെടുവാനുള്ള സൌകര്യങ്ങള്‍ എന്നിവ ബ്ലോഗുകളെ കൂടുതല്‍ സ്വീകാര്യവുമാക്കുന്നു.
ബ്ലോഗുകള്‍ സര്‍വ്വസാധാരണമാണെന്നു പറഞ്ഞുവല്ലോ, യുദ്ധകാലത്തെ ഇറാഖില്‍ നിന്നുള്ള ബ്ലോഗുകളും അമേരിക്കന്‍ രാഷ്ട്രീയ ബ്ലോഗുകളും ലോകശ്രദ്ധനേടിയതാണു്. വൈവിധ്യമേറിയ ഒരുപാടു വിഷയങ്ങളില്‍ പലഭാഷകളിലായി പരസഹസ്രം ബ്ലോഗുകളുണ്ടു്. മലയാളത്തിലും എകദേശം ഇരുന്നൂറോളം ബ്ലോഗുകളുണ്ടു്. ടീവിയിലും സിനിമയിലും വല്ലപ്പോഴുമുള്ള പത്രം വായനയിലും മാത്രമായി പല മലയാളികളും ഒതുക്കി നിര്‍ത്തുന്ന മലയാളം ഭാഷയെ ഏറെ ക്രിയാത്മകമായി അവതരിപ്പിക്കുന്നു എന്നതാണു് മലയാളം ബ്ലോഗുകളുടെ പ്രസക്തി. പ്രവാസത്തിന്റെയും ഇലക്ട്രോണിക് യുഗത്തിന്റെ കാലഘട്ടത്തില്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുള്ള ഒരു ഭാഷയോടുള്ള അഗാധസ്നേഹം എന്നും ഇതിനെ മറ്റൊരു തരത്തില്‍ വായിക്കാം.
മലയാളം ബ്ലോഗിലെ വിശേഷങ്ങള്‍?
ആരൊക്കെ മലയാളം ബ്ലോഗെഴുതുന്നു എന്നാണു ചോദ്യമെങ്കില്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷകനായ ശ്രീ. ചന്ദ്രശേഖരന്‍ നായര്‍ മുതല്‍ അമേരിക്കയില്‍ മൈക്രോസോഫ്റ്റിനു വേണ്ടി ജോലി ചെയ്യുന്ന സന്തോഷ് പിള്ള വരെ മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുന്നുണ്ടു്. പത്രപ്രവര്‍ത്തകരും, സാഹിത്യകാരന്മാരും, ഐ.ടി മേഖലയിലെ പ്രൊഫഷണലുകളും, ചിത്രകാരന്മാരും, മിതമായ രീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ അറിയുന്ന മറ്റുപല തരക്കാരും മലയാളത്തില്‍ എഴുതുന്നുണ്ടു്. ഭാഷാതല്പരരായ ഏവര്‍ക്കും ഒരു അനുഗ്രഹമെന്നോണം, കഴിഞ്ഞ ചില കൊല്ലങ്ങളില്‍ വികസിച്ചു വന്ന ലാംഗ്വേജ് ടെക്നോളജിയായ യൂണികോഡിനു നന്ദി.
എന്തിനെ കുറിച്ചെഴുതുന്നു എന്നാണു ചോദ്യമെങ്കില്‍, ഒരുപാടു കാര്യങ്ങളെ കുറിച്ചു് എന്നു പറയുകയാവും ഏറ്റവും എളുപ്പം. നേരത്തെ സൂചിപ്പിച്ചതുപോലെ ബ്ലോഗുകള്‍ ഏതെങ്കിലും നിശ്ചിതവിഷയത്തെ കുറിച്ചു മാത്രം എഴുതുവാനുള്ളതല്ല. സ്വകാര്യവും സാമൂഹികവും രാഷ്ട്രീയവും സംഘടനാപരവും ടെക്നിക്കലും ശാസ്ത്രീയവും എന്നിങ്ങനെയെല്ലാം പല വിഷയങ്ങളെ കുറിച്ചും എഴുതാവുന്നതാണു്. നിങ്ങളുടേതായ ഒരു ആശയം അല്ലെങ്കില്‍ അഭിപ്രായം ആരെങ്കിലുമൊത്തു പങ്കുവയ്ക്കുവാനുണ്ടോ? എങ്കില്‍ ബ്ലോഗുകളാവും ഏറ്റവും എളുപ്പമുള്ള മാധ്യമം. മലയാളം ബ്ലോഗുകളുടെ ലോകത്തേയ്ക്കു വരുമ്പോള്‍ (ഞങ്ങള്‍ ബൂലോഗം എന്നു സൌകര്യപൂര്‍വ്വം വിളിച്ചുപോരുന്നു) ഇവിടെ ഒരുപാടു വിഷയങ്ങളുണ്ടു്. ദുബായില്‍ നിന്നുള്ള ദേവന്‍ ആരോഗ്യപരിപാലനത്തിനുള്ള കുറിപ്പുകളാണു് മലയാളത്തില്‍ എഴുതുന്നതു്. സ്വന്തം കഥകള്‍ക്കു ചിത്രങ്ങള്‍ വരച്ചു സ്വയം പ്രസിദ്ധീകരിക്കുന്ന രാജീവും യൂ.ഏ.യീയില്‍ നിന്നു തന്നെ. സചിത്രലേഖനങ്ങള്‍ എഴുതുന്ന തുളസിയും കുമാറും കേരളത്തില്‍ നിന്നുള്ളവരാണു്. അക്ഷരശ്ലോകം, ഭാരതീയഗണിതം, ജ്യോതിശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം എഴുതുന്ന ഉമേഷ് അമേരിക്കയില്‍ ഐ.ടി പ്രൊഫഷനലാണു്. കേരളത്തിന്റെ കാര്‍ഷികപ്രശ്നങ്ങളെ കുറിച്ചു വിദഗ്ദമായ കാഴ്ചപ്പാടുകളുള്ള ചന്ദ്രശേഖരന്‍ നായര്‍ കേരളത്തില്‍ നിന്നാണു്. സ്മാര്‍ട്ട് സിറ്റിയെ കുറിച്ചു ഈയിടെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച സംവാദം ചെന്നൈയില്‍ നിന്നുള്ള ബെന്നി അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്കായി തയ്യാറാക്കിയതായിരുന്നു. ലിനക്സ്, ഭാഷാശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, കാര്‍ട്ടൂണുകള്‍, കവിതകള്‍, കഥകള്‍, നര്‍മ്മം, ഓര്‍മ്മക്കുറിപ്പുകള്‍, ഫോട്ടോഗ്രാഫി, മലയാളം ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വളരെ വൈവിധ്യമേറിയതാണു്. പൊതുവെ മലയാളം ബ്ലോഗുകളെ, സാമൂഹിക ബ്ലോഗുകള്‍ (പ്രവാസികളുടെ Virtual സമൂഹങ്ങള്‍ സൃഷ്ടിക്കുന്നവ), സാംസ്കാരിക ബ്ലോഗുകള്‍ (പോപ്പുലര്‍ കള്‍ച്ചര്‍, സിനിമ, സംഗീതം), ഓഡിയോ ബ്ലോഗുകള്‍, Topical ബ്ലോഗുകള്‍ (ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചുമാത്രം പ്രതിപാദിക്കുന്ന ബ്ലോഗുകള്‍, ആരോഗ്യം, സാമൂഹികം, ചരിത്രം, രാഷ്ട്രീയം, സമകാലികം, സാഹിത്യം, വാര്‍ത്താധിഷ്ഠിതം, മതപരം, വ്യക്തിപരം എന്നിങ്ങനെയെല്ലാം) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവയാണു്.
കമ്പ്യൂട്ടര്‍ പരിജ്ഞാനം?
ഒരു കാലത്തു് ഇ-മെയിലും, ഇന്‍സ്റ്റന്റ് മെസഞ്ചറുമെല്ലാം കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍മാത്രം ഉപയോഗിച്ചു പോന്നിരിന്നു. ഇപ്പോഴത്തെ കാര്യം നോക്കൂ, ജോലി സംബന്ധമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ പോലും വളരെ എളുപ്പം ഇതെല്ലാം ചെയ്തുപോരുന്നു. ബ്ലോഗിങ് വളരെ എളുപ്പമാണു്, മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുന്നതും ആയാസരഹിതം തന്നെ. http://vfaq.blogspot.com എന്ന ബ്ലോഗ്, മലയാളം ഉപയോഗിക്കുന്നതില്‍ താങ്കള്‍ക്കു സഹായകരമായേക്കാവുന്ന ഒരുപാടു വസ്തുതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുണ്ടെങ്കില്‍, അഥവാ സംശയങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണു്, ഇപ്പോള്‍ മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതുന്ന ആരെങ്കിലും താങ്കളുടെ സഹായത്തിനു ലഭ്യമായിരിക്കും.
Wednesday, May 10, 2006
അപരാജിതയായ ശംഖുപുഷ്പച്ചെടി.
തരങ്ങള്‍
നീല ശംഖുപുഷ്പമാണ് എറ്റവും സാധാരണമെങ്കിലും വെള്ള പൂവുള്ളയിനം ഇത്തിരി ഭംഗി കുറഞ്ഞ ശംഖുപുഷ്പവും കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നു. മറ്റു നാടുകളില്‍ പിങ്ക് നിറത്തിലും ഈ പൂവ് പ്രത്യക്ഷപ്പെടാറുണ്ട്.
പേരുകള്
ഇംഗ്ലീഷില്‍ വെണ്ണപ്പയര്‍ (butter pea) എന്നു വിളിക്കുന്ന ഇതിന്റെ ശാസ്ത്ര നാമം Clitoria Ternatea എന്നാണ് . എഷ്യന്‍ വന്‍ കരയി മൊത്തത്തിലും കരീബിയന്‍ പസിഫിക് ദ്വീപുകളിലും ശംഖുപുഷ്പം കണ്ടുവരുന്നു. മലയാളം ഇതിനെ ശംഖിനോടുപമിക്കുമ്പോള്‍ അമരഭാഷ ഈ അമരപ്പയറിനെ അപരാജിത എന്നും വിഷ്ണുക്രാന്ത എന്നു പേര്‍ വിളിക്കുന്നു.
ഉപയോഗം
fabaceae എന്ന പയര്‍ വര്‍ഗ്ഗച്ചെടിയാണ്- എന്നുവച്ചാല്‍ നൈട്രജന്‍ ഫിക്സേഷന്‍ വഴി ഈ നമ്മളൊക്കെ ഈ ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ ചെറുതല്ലാത്ത ഒരു പങ്കു വഹിക്കുന്നു ഈ ചെടി.
ആസ്ത്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ ഈ ദശാബ്ദത്തിന്റെ തുടക്കം മുതല്‍ ശംഖുപുഷ്പത്തെ കന്നുകാലിത്തീറ്റയായി വന്‍ തോതില്‍ കൃഷി ചെയ്തു വരുന്നു. (മറ്റു വള്ളിപ്പയറുകള്‍ പോലെ ശംഖുപുഷ്പവും വളര്‍ത്താവുന്നതാണ്)ഇതിലെ ഫ്ലാവനോയിഡുകളും മറ്റു മരുന്നുകളും കാലികള്‍ക്ക് വര്‍ദ്ധിച്ച പ്രതിരോധശേഷി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആയുവേദികള്‍ അപരാജിത മൂലം മരുന്നായി മലബന്ധം, നേത്രരോഗങ്ങള്‍, വലിവ് എന്നിവക്കു മരുന്നിനും ഇതിന്‍ഫെ പയര്‍മണി രക്താതിസമ്മര്‍ദ്ദത്തിനും ആന്റി ഇന്‍ഫ്ലമന്റ് ആയിട്ടും ഉപയോഗിച്ചുവരുന്നു.
ഔഷധഗുണം
വേരുകളില്‍ അടങ്ങിയിരിക്കുന്ന ഫ്ലവനോയിടുകളും സപോനിന്‍, ട്രൈറ്റെര്‍പിനൊിഡുകളും അതിശക്തമായ ആന്റി ഓക്സിഡന്റുകളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നതിനാല്‍ പ്രമേഹത്തിനെതിരേ ശംഖുപുഷ്പത്തില്‍ നിന്നെടുക്കുന്ന ഡബബെറ്റിക്കുകള്‍ക്കുള്ള മരുന്ന് നിര്‍മ്മിക്കാന്‍ ശ്രമം നടന്നുവരുന്നുണ്ട്. ഹൃദ്രോഗത്തിനും ഒരുപക്ഷേ ഈ ചെടി ആശ്വാസം നല്‍കിയേക്കാം.
ചിത്രത്തിന്റെ സോര്ഴ്സ്: ബ്ലോഗ്ഗര്‍ തുളസി
മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സോര്ഴ്സ്: യശ ശരീരനായ കരുണാകരന്‍ പിള്ള - വേരിഫൈ @ അദ്ദേഹത്തിന്റെ മകന്‍ കുണ്ടറയില്‍ പാരമ്പര്യ ചികിത്സകന്‍ ആണ് വിലാസം അറിയിക്കാം.
ബൊട്ടാണിക്കല്‍ ഇന്‍ഫര്‍മേഷന്‍ സോര്ഴ്സ്: NC A&T State University, NC, USA ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗം ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതും അതുപോലെ തന്നെ ആധികാരികമായ മറ്റു പ്രസിദ്ധീകരണങ്ങളും.
കെമിക്കല്‍ ഇന്‍ഫര്‍മേഷന്‍ സോര്ഴ്സ്: Boominathan R.; B. Parimaladevi & Subhash C. Mandal; Sauris Panda, Department of Pharmaceutical Technology, Jadavpur University, India.
Monday, May 08, 2006
പഴയ കഥകള്‍
വെറുതേ ഓര്‍മ്മിക്കാന്‍...
Thursday, April 27, 2006
പ്രസംഗത്തിനിടെ ‘സുരേഷ് കുറുപ്പിന്റെ അച്ഛന്‍ കറുത്തിട്ടാണെങ്കിലും മകന്‍ എങ്ങനെ വെളുത്തവനായി?’ എന്നൊക്കെ പരാമര്‍ശിച്ചിരുന്നു പോലും. വോട്ടുനേടാന്‍
എന്തു പറയാം, എന്തു പറയാന്‍ പാടില്ല എന്നൊന്നും ഇല്ല എന്നാവണം പ്രമാണം.
ഇന്നലെ പാലക്കാട്ടെ ഒരു സ്ഥാനാര്‍ത്ഥി ശ്രീ.ഓ.രാജഗോപാലിനൊപ്പം നടന്ന ചാനല്‍
കാമറകള്‍ക്കും കിട്ടി ഒരു മൂല്യാധിഷ്ഠിത ഡയലോഗ്. എതിര്‍ സ്ഥാനാര്‍ത്ഥികളിലൊരാളെപ്പറ്റിയാണ്.
“...ബ്രാഹ്മണനെന്നുകരുതി ഇവിടുള്ളവരുടെ വോട്ടു കിട്ടുമെന്നു കരുതണ്ട. അദ്ദേഹം നമ്പൂതിരി
വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവിടുള്ളവരെല്ലാം തമിഴ് ബ്രാഹ്മണരും. പറയാന്‍ ബ്രാഹ്മണനെങ്കിലും ആ വാദം ഇവിടെ വിലപ്പോവില്ല. ഇരു വിഭാഗങ്ങളും തമ്മില്‍ ആജന്മശത്രുതയാണുള്ളത്. ആരും വോട്ടുകൊടുക്കില്ല...”
ഈ വിധത്തില്‍ കത്തിക്കയറിപ്പറഞ്ഞതൊക്കെ നാളെക്കഴിഞ്ഞു മറ്റന്നാള്‍ മാറ്റിപ്പറയാനും പൌരന്മാര്‍ക്കൊക്കെ ജാതിമത പരിഗണന കൂടാതെ നീതി കൊടുക്കുമെന്നു പ്രതിജ്ഞചെയ്യാനും ഇത്തരം നേതാക്കന്മാര്‍ക്കു കഴിയുമെന്നു പ്രത്യാശിക്കാനെങ്കിലും വോട്ടര്‍മാര്‍ക്ക് തല്‍ക്കാലം കഴിയട്ടെ.
Sunday, April 23, 2006
സ്വല്‍പ്പം ഡി.ടി.പി.
കൂടാതെ ഡിസ്റ്റിലര്‍ 4.00 ഉപയോഗിക്ക്നുള്ള നിര്‍ദേശവും ഉണ്ട്.
ഐ.എസ്.എം. പ്രൊഡക്റ്റുകള്‍കുള്ള ചോദ്യോത്തര പംക്തിയിലാണ് ഇന്നലെ ഇതുകണ്ടത്, ഇന്ന് നോക്കിയപ്പോള്‍ കണ്ടില്ല, അതിനാല്‍ ലിങ്കില്ല.
ഡിസ്റ്റില്ലര്‍ 4.00 ഉണ്ടെങ്കില്‍ ഒന്ന് നോക്കിപറയാമോ? എം.എല്‍.ടി.ടി.കാര്‍ത്തികയിലാണ് പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്നത്.
Wednesday, April 05, 2006
നിരുപാധികം
നിരുപാധികമായ പ്രണയം? ഓക്സിമോറോണ്‍ കടന്നുകൂടിയല്ലോ. നിരുപാധികമായ സ്നേഹം എന്നാക്കിയാല്‍ മിക്ക ഉപാധികളും ഒഴിഞ്ഞു കഴിഞ്ഞു. ഉഡുരാജ മുഖിയാവണമെന്നത്, ലതെഴുതി പുസ്തകത്തിലിട്ടു കൊടുക്കാനോ എസ് എം എസ് അയക്കാനോ മാത്രമെങ്കിലും വിദ്യാഭ്യാസം വേണമെന്നത്, ജാതി മതം വംശം കുലം നിറം പ്രായം, ഹോമോ സേപ്പിയന്‍ ആണോ മരം ചാടിയാണോ, ജീവിച്ചിരിക്കുന്ന ഉരുപ്പടിയാണോ അതൊ മീസാന്‍ കല്ലിന്റെ അടിയില്‍ ആയോ.. ഇത്യാദി ഉപാധികളെല്ലാം ആ ഒറ്റ വേഡ് സബ്സ്റ്റിറ്റ്യൂഷനാല്‍ പരിഹരിക്കാം. സ്നേഹം:- പകരമായി സ്നേഹം പോലും ഇച്ഛിക്കാത്ത സ്നേഹം. ചുമ്മാ സ്നേഹം. അതിനങ്ങനെ വകതിരിവൊന്നുമില്ല പ്രേമമെന്നോ കാമമെന്നോ ഭ്രാന്തെന്നോ സൂഫീലിയായെന്നോ പിഗ്മാലിയോണിസമെന്നോ നെക്രോമാനിയായെന്നോ എന്നോ .. ഇതൊക്കെ പ്രണയത്തിന്റെ മാത്രം വൈകൃതങ്ങള്‍..
എറണാകുളത്ത് ജോലി ചെയ്യുന്ന ദിവസങ്ങളിലൊന്നില്‍ ഒരവധി ദിവസം ഓഫീസ് ചാവി വാങ്ങാന്‍ എന്റെ മേലധികാരിയുടെ മറൈന്‍ ഡ്രൈവിലെ ബംഗളാവില്‍ പോയി. മൂപ്പരുടെ ഭാര്യ അസ്സലായി പാടും. അവരു ചലിയേ കുഞ്ജനെമോ എന്നൊക്കെ കീച്ചുമ്പോ പെരിക്കാര്‍ഡിയല്‍ ഇഫ്ലമേഷന്‍ വന്നപോലെ ഹൃദയം നിറഞ്ഞുപോകും.. ചുമ്മാ ഇരിക്കാണ്ടൊരു പാട്ടു പാടെന്നു വെറുതേ പറഞ്ഞതാ.. അവരു പാടി. ഞാനിരുന്നു കേട്ടു. പാട്ടു പകുതി ആയപ്പോ കര്‍ട്ടനിടയില്‍ ഒരു ജോടി നീലക്കണ്ണും അതിനെ മൂടുന്ന സ്വര്‍ണ്ണമുടിച്ചുരുളും. ഞാന്‍ അവളെ നോക്കി, അവളെന്നേയും. എനിക്കവളോട് സ്നേഹം തോന്നി, അവള്‍ക്കെന്നോടും.
ആന്റി പാടിത്തീര്‍ന്നപ്പോള്‍ ഞാന്‍ അവരോട് അവളെക്കുറിച്ച് ചോദിച്ചു. അമ്മാളു എന്നാണവളുടെ പേര്‍. ആരോടും അടുക്കുന്ന പ്രകൃതമല്ല പോലും. പക്ഷേ ഞാനൊന്നു കൈ കാട്ടി വിളിച്ചതേയുള്ളു അവളോടിവന്നു എന്റെ മടിയില്‍ കയറിയിരുന്നു. അവള്‍ക്കെന്നെ അങ്ങു പിടിച്ചു, എന്താന്നറിയില്ല.
അമ്മാളു തിബത്തന്‍ ടെറിയര്‍വംശജയായൊരു കൃശഗാത്രിയാണ്. അതുകൊണ്ട് തന്നെ ശുനകലക്ഷണമായി ഞാന്‍ കാണുന്നതൊന്നുമില്ലെന്നു മാത്രമല്ല എനിക്ക് അസഹ്യമായ പോകറ്റ് ബ്രീഡ് കൊഞ്ചല്‍ ഉണ്ടു താനും. പക്ഷേ എനുക്കും അവളെ അങ്ങു പിടിച്ചു. കാരണമൊന്നുമില്ല.
ഞാന്‍ പോകുമ്പോള്‍ അവള്‍ പടി വരെ വന്നു. ബൈക്കിന്റെ ശബ്ദം പേടിയായിട്ടും അവള്‍ എന്റെ കൂടെ ഗേറ്റ് വരെ ഓടി. ഞാന്‍ പോകുമ്പോള്‍ മോങ്ങി.
വൈകുന്നേരം ഞാന്‍ തിരിച്ചു മറൈന്‍ ഡ്രവിലൂടെ വന്നു. ഗേറ്റില്‍ നിറുത്താന്‍ തോന്നിയില്ല. ചുമ്മാ ഒരു രണ്ടു റൌണ്ട് ചുറ്റിയപ്പോഴേക്ക് അമ്മാളു പരശ്ശതം ഇരുചക്രവാഹനങ്ങളുടെ സന്നിപാതേ നിപഞ്ജമാമെന്‍ ശകടത്തിന്‍ ശബ്ദം തിരിച്ചറിഞ്ഞ് ഓടി പടിക്കലെത്തി. ഞാന്‍ കൈ വീശി കടന്നു പോയി. നിറുത്തിയാല്‍ മോശമാണ്. ഒരു സ്ത്രീ മാത്രമുള്ള വീടിന്നു മുന്നില്‍..
അടുത്ത ദിവസം രാവിലെ ഉണര്‍ന്നത് ആരോ മിഴിച്ചു നോക്കുന്നെന്ന ഒരു തോന്നലോടെയാണ്. കണ്ണു തുറന്നപ്പോള്‍ അമ്മാളുവുണ്ട് എന്റെ കട്ടിലില്‍ കയറി നില്‍പ്പുണ്ട്. മൂന്നു കിലോമീറ്റര്‍ ഇപ്പുറത്തു താമസിക്കുന്ന എന്റെ വീട് അവള്‍ എങ്ങനെ കണ്ടെത്തിയെന്നതിനെക്കാല്‍ ഇത്രയും ദൂരം അല്‍പ്പപ്രാണിയായ ഇവള്‍ ഒരു തെരുവുപട്ടിയും കടിച്ചു കീറാതെ ഇവളെങ്ങനെ എത്തി എന്നായിരുന്നു എന്റെയത്ഭുതം. അവളുടെ പേര്‍ഷ്യന്‍ കാര്‍പറ്റ് പോലത്തെ മുടി നിറഞ്ഞ മൂക്കെന്റെ വീടിന്റെ ഗ്രില്ലില്‍ കൂടി ഞെരുങ്ങി കയറിയതിനാല്‍ മുറിഞ്ഞ് ചോരയിറ്റുന്നുണ്ടായിരുന്നു. ഞാന്‍ ഉണരാതിരിക്കാന്‍ എന്റെ മുഖത്തേക്കു ശ്വാസം വിടാതെ അവള്‍ ശ്വാസം അടക്കി പിടിച്ചിരിക്കുകയായിരുന്നു. ഞാന്‍ കണ്ണു തുറന്നപ്പോള്‍ അവള്‍ സന്തോഷം സഹിക്കവയ്യാതെ നിലത്തു കിടന്നുരുണ്ടു.
കുറേ നേരം അവളോടൊപ്പമിരുന്നിട്ട് ഞാന്‍ വീട്ടില്‍ കൊണ്ടാക്കി. വൈകുന്നേരം അവളെ നടത്തിക്കാന്‍ പെര്‍മിഷനും എടുത്തു. വീണ്ടും ചാടിപ്പുറപ്പെടാതിരിക്കാന്‍ രാത്രി അവളെ കൂട്ടിലിടാന്‍ നിര്‍ദ്ദേശവും കൊടുത്തു.
ഞാന്‍ എറണാകുളത്തു നിന്നും പോരുമ്പോള്‍ അവളെ കാണരുതെന്ന് കര്‍ശനമായും തീരുമാനിച്ചിരുന്നു. മിക്കവാരും നായകള്‍ക്ക് മനസ്സു വായിക്കാന്‍ കഴിയും. ഞാന്‍ പോകുകയാണെന്നറിഞ്ഞാല്‍ അവള്‍ ചങ്കു പൊട്ടി ചത്തു പോകും.
ഒരിക്കലും അമ്മാളു മരിച്ചു പോയെന്ന് എന്നോട് പറയരുതെന്ന് ആന്റിയോട് ചട്ടവും കെട്ടി ഞാന്‍. എന്നാലും എനിക്കറിയാം അവളിപ്പോള്‍ പോയിട്ടുണ്ടാവും. തിബത്തര്‍ ടെറിയറുകള്‍ 10-12 വര്‍ഷമൊക്കേയേ ജീവിക്കൂ.
അമ്മാളുവിനു എന്നോട് സ്നേഹമായിരുന്നു. അതിനു പ്രത്യേകിച്ച് ഒരുപാധിയും ഇല്ല, ഞാന്‍ തിരിച്ചവളെ സ്നേഹിക്കണമെന്നു പോലും. അവള്‍ എന്നെ കല്യാണം കഴിക്കാനോ കൂടെ താമസിക്കാനോ ആഗ്രഹിച്ചല്ല സ്നേഹിച്ചത്.എനിക്കു ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കാനോ എന്നോട് കടം വാങ്ങാനോ അവള്‍ക്കൊരു ജോലി തരപ്പെടുത്താനോ വേന്റിയല്ല അവള്‍ എന്നോറ്റ് സ്നേഹമായി കൂടിയത്. അവള്‍ക്ക് ഞാന്‍ ഒരു നേരം ഭക്ഷണം പോലും വാങ്ങിക്കൊടുത്തിട്ടില്ല. ഒരുദ്ദേശവും അവളുടെ സ്നേഹത്തിനില്ലായിരുന്നു. ഒരുപാധിയും. പിരിയരുതെന്നു പോലും.
Thursday, March 23, 2006
കൂട്ടായ്മ ബ്ലോഗുകളില്‍
കൂട്ടായ്മ
കൂട്ടായ്മയെപ്പറ്റി ഈയിടെ എം മുകുന്ദന്റെ വീക്ഷണം കുറച്ചുനാള്‍ മുന്‍പു ദേശാഭിമാനിയില്‍ വായിച്ചു.ആരോഗ്യത്തെപ്പറ്റി ബോധവാന്മാരായ ചെറുപ്പക്കാര്‍ പുകവലി ഉപേക്ഷിച്ചതുപോലെ വലിയ ചിന്തകളേയും ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നുവെന്നു്. മുകുന്ദന്‍ ഉദ്ദേശിച്ച ഉയര്‍ന്ന ചിന്തകളില്‍ കമ്മ്യൂണിസവും പെടും. കായല്‍ തീരങ്ങളിലും ആലിന്‍ചുവട്ടിലും കൂടിയിരുന്നു
കഥയും കവിതയും രാഷ്ട്രീയവും സാമൂഹികപ്രശ്നങ്ങളും ചര്‍ച്ചചെയ്യുകയും ഒപ്പം പ്രവൃര്‍ത്തനോന്മുഖരാവുകയും ചെയ്തിരുന്നതു് ഒരുപക്ഷെ ആ കൂട്ടായ്മയുടെ സ്വാഭാവിക പരിണാമം മാത്രമായിരിക്കാം. ഈ കൂട്ടായ്മയെങ്ങനെ നഷ്ടമായെന്നതിലേക്കു കടക്കുന്നില്ല.
അതു മറ്റൊരവസരത്തിലേക്കു മാറ്റിവയ്ക്കാം. സായംസന്ധ്യകളില്‍ ഒത്തുചെരുന്നവേളകളില്‍ പലപ്പോഴും ഈ കൂട്ടായ്മയില്‍ വനിതകളുടെ അസാന്നിദ്ധ്യം ഒരു ശ്യൂന്യത സൃഷ്ടിച്ചിരുന്നുവെന്നു ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവണം. സ്ത്രീകള്‍ പുകവലിക്കാത്തതുകൊണ്ടൊന്നുമായിരുന്നില്ലല്ലോ ഇതു്, മറിച്ച് അതിനു സാമൂഹികമായ പല വിലങ്ങുകളും ഉണ്ടായിരുന്നതിലാണല്ലൊ.
ബ്ലോഗിങും കൂട്ടായ്മയും
ഒരിയ്ക്കലെങ്കിലും ഈ കൂട്ടായ്മയുടെ സുഖം അനുഭവിച്ചവര്‍ക്കെങ്കിലും കൂട്ടായ്മയുടെ പുത്തന്‍ മാനങ്ങള്‍ ഇവിടെ ബ്ലോഗുകളില്‍ രചിക്കപ്പെടുന്നതിനു സാക്ഷ്യം വഹിക്കുമ്പോള്‍ നഷ്ടമായെന്നു കരുതിയ ആ പഴയ കൂട്ടായ്മ വീണ്ടുകിട്ടിയ അനുഭവം പകര്‍ന്നിട്ടുണ്ടാവണം. ബ്ലോഗിലെ കൂട്ടായ്മക്കതിന്റേതായ കുറവുകള്‍ ഉണ്ടെങ്കിലും ഇവിടെ കാണുന്ന പ്രത്യേകതകളില്‍ എടുത്തു
പറയത്തക്കതായ ഒന്നു് സ്ത്രീ സാന്നിദ്ധ്യമാണു്. ഇവിടെയാണു ബ്ലോഗുകളിലെ കൂട്ടായ്മയ്ക്കു പ്രസക്തിയേറുന്നതു്. പേരുകള്‍ എടുത്തു പറയാതെതന്നെ വനിതകളുടെ ഒരു നല്ല സാന്നിദ്ധ്യം ഇവിടെ ചൂണ്ടിക്കാണിക്കാനാകും.
സോറ പറയുകയും, അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതിനോടൊപ്പം സാമൂഹിക പ്രശ്നങ്ങളും (ഇതു വേണ്ടത്ര കാര്യമായിട്ടുണ്ടായിട്ടില്ലെന്നു സമ്മതിക്കുന്നു) ഇവിടെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ഈ കൂട്ടായ്മയ്ക്കു പുതിയ മാനങ്ങള്‍ കൈവരുന്നു. ഇവിടെ ബ്ലോഗുകളില്‍ ആവിഷ്കരിക്കപ്പെടുന്നത് കൂട്ടായ്മമാത്രമല്ല, സ്വാതന്ത്ര്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും അണിനിരക്കുകയാണു്. വിവേചനത്തിന്റെ സ്വഭാവം ഒരിക്കലും ബ്ലോഗുകളില്‍ കടന്നു വരുവാനിടയില്ലായെന്നു തീര്‍ത്തും പറയുവാന്‍ കഴിയും.
ജനറേഷന്‍ ഗ്യാപ്പ്
ബ്ലോഗുകളുടെ അനന്തസാധ്യതകളിലൊന്നീ വനിതകളുടെ പങ്കാളിത്തമാണെങ്കില്‍ മറ്റൊന്ന് ജനറേഷന്‍ ഗ്യാപ്പെന്ന ദുര്‍ഭൂതത്തെ കുപ്പിയിലടച്ചുപൂട്ടാന്‍ സാധിച്ചുവെന്നതാണു്. ഞാന്‍കൂടി പങ്കാളിയായിരുന്ന കൂട്ടായ്മകളില്‍ ജനറേഷന്‍ ഗ്യാപ്പോരു പ്രശ്നമായിരുന്നില്ലെങ്കിലും പൊതുവായിപ്പറഞ്ഞാല്‍ അങ്ങനെയായിരുന്നില്ലെന്നാണു് മനസ്സിലാക്കുന്നത്. പക്ഷെ ഇവിടെ
വരുമ്പോള്‍ ബ്ലോഗുകളില്‍ ജനറേഷന്‍ ഗ്യാപ്പിനു പ്രത്യേകിച്ചൊരു സ്ഥാനവും ഇല്ലെന്നാണു മനസ്സിലാക്കുന്നത്.
മറ്റൊന്നു് വായന!. വായനയിലേക്കൊരു തിരിച്ചുവരവിനു ചിലര്‍ക്കെങ്കിലും ബ്ലോഗൊരു നിമിത്തമായി വന്നിട്ടുണ്ടാവണം.
ബ്ലോഗിംങ്ങിന്റെ മറ്റു പല ക്രീയാത്മക വശങ്ങളെപ്പറ്റിയും പോരായ്മകളെപ്പറ്റിയും (കൂട്ടായ്മയുടെ തന്നെയും) മറ്റൊരവസരത്തിലാവാം.
ആശംസകളോടെ!
Sunday, March 19, 2006
പിതൃദര്‍ശനം.
സിംഗിള്‍ പേരന്റ്‌ഹുഡ് (മിക്കവാറും ഇതിനു അപ്പനില്ലാതെ വളരല്‍ എന്നു തന്നെ അര്‍ത്ഥം) പാശ്ചാത്യര്‍ക്ക് സാമൂഹ്യമായ പ്രശ്നങ്ങളില്‍ നിന്നുരുത്തിരിയുന്നതാണെങ്കില്‍ തെക്കേ ഏഷ്യക്കാര്‍ക്കത് സാമ്പത്തികമായപരാധീനതയാലെ ഗൃഹനായകന്‍ വന്‍ നഗരങ്ങളിലേക്ക് ഒറ്റക്കു ജോലി തിരക്കിപ്പോകേണ്ടിവരുന്നതിനാല്‍ സംജാതമാകുന്നതുമാണ്. കുറഞ്ഞപക്ഷം തെക്കേയിന്ത്യയിലെങ്കിലും. ഇതൊരു പുതിയ പ്രശ്നമല്ലെന്നാണ് എന്റെ വിശ്വാസം .സംഘത്തമിഴ് കവിതകളില്‍ കുറിഞ്ഞി, പാലൈ മുതലായ ചിട്ടകളിലെ വിപ്രലംഭം മിക്കതും തൊഴില്‍ തേടി നഗരത്തിലും കടല്‍ കടന്നും പോയ നായകനും അവനെ കാത്തിരിക്കുന്ന നായികയും അനുഭവിക്കുന്ന വിരഹമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് (രാക്ഷസ്സനും യക്ഷനും ആശ്ചര്യകിണുങ്ങാമണിയുമൊക്കെയുള്ള രാജകീയ വിരഹത്തെക്കാള്‍ എന്റെ ഹൃദയമുരുക്കാന്‍ ഈ കൊച്ചു പാലൈവനങ്ങള്‍ക്ക് കഴിയാറുമുണ്ട്- എതോ കാലത്തെ യക്ഷന്‍ പിരിച്ച യോദ്ധാവിനെക്കാള്‍ എനിക്കു താദാദ്മ്യം പ്രാപിക്കാനെളുപ്പം നഗരത്തില്‍ കോട്ട കെട്ടിനു വേല ചെയ്ത് കൂലി വാങ്ങി കുഞ്ഞിനു തള വാങ്ങാമെന്നു മോഹിച്ച് യാത്ര പുറപ്പെടുന്ന ദരിദ്രദ്രാവിഡനോടല്ലേ)
തന്തയില്ലായ്മയെ പക്ഷേ ഞാന്‍ തന്തയെന്നതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ (പഞ്ചപിതാക്കന്മാരെന്നാല്‍ സൃഷ്ടിച്ചവന്‍, വളര്‍ത്തിയവന്‍, വിദ്യ പറഞ്ഞു കൊടുത്തവന്‍, ഭയപ്പാടില്‍ നിന്നു രക്ഷിക്കുന്നവന്‍, സ്നേഹം കൊണ്ട് മകനെപ്പോലെ കാണുന്ന മുതിര്‍ന്നവന്‍ എന്നിവരത്രേ)കാണാനിഷ്ടപ്പെടുന്നു. "തന്തയില്ലാത്തവന്‍" എന്നു പറയുന്നതിനു സ്വയംഭൂവായവനെന്നര്‍ത്ഥം വരില്ലല്ലോ, അരക്ഷിതനായവന്‍, വിദ്യയഭ്യസിക്കാത്തവന്‍ ആരാലും സ്നേഹിക്കപ്പെടാതെ സമൂഹത്തിലൊറ്റപ്പെട്ടവന്‍ എന്നൊക്കെയല്ലേ അതിനര്ത്ഥം വരൂ. പഞ്ചപിതൃത്വവും ജൈവപിതാവിലൊതുങ്ങുന്ന ആധുനികലോകത്ത് തന്തയില്ലായ്മ എളുപ്പം സംഭവിക്കുന്നുവെന്നു പറയാം.
കുട്ടി ജനിക്കുന്നത് മാതാവിന്റെയൊരു ഭാഗമായിട്ടാണെന്നതിനാല്‍ മാതൃത്വത്തെ പ്രത്യേകിച്ചനുഭവിച്ചറിയേണ്ടതില്ല. എന്നാല്‍ പിതാവിനെ അവനു കണ്ടെത്തേണ്ടതായിട്ടു വരുമെന്ന കല്ലേച്ചിയുടെ നിരീക്ഷണം 100 ശതമാനം ശരിവയ്ക്കുന്നു എങ്കിലും ശാരീരികമായി വീട്ടിലില്ലാതിരിക്കുന്ന പിതാവിനെക്കാള്‍ കുട്ടിക്കു ദോഷം ചെയ്യും മാനസികമായി വീട്ടിലില്ലാതെ ഇരിക്കുന്ന അച്ഛനമ്മമാരാല്‍ വളര്‍ത്തപ്പെടുന്നത് എന്നെനിക്കു തോന്നാറുണ്ട്. അതിനെക്കാള്‍ ദയനീയമല്ലേ അനുകരിക്കാന്‍ മാത്രം ആകര്‍ഷകമായി യാതൊന്നുമില്ലാത്ത ഒരു പിതാവുണ്ടായിരിക്കുന്നത്?
എന്നും ഞാന്‍ അമ്മയുടെ ഭാഗമായിരിക്കുന്നെന്നതിനാല്‍ അമ്മയോടടുക്കാനോ അമ്മയില്‍ നിന്നകലാനോ കഴിയില്ല- ഞാന്‍ അമ്മ തന്നെ. എന്റെ പതിനാലു വയസ്സില്‍ അച്ഛന് ഇഹലോകജീവിതം മതിയാക്കേണ്ടി വന്നു. പക്ഷേ അച്ഛനെ ഞാന്‍ പിരിഞ്ഞെന്നു തോന്നിയിട്ടില്ല. ഭയപ്പാടില്‍ എനിക്കു പിടിക്കാവുന്ന ഒരു വിരല്‍ത്തുമ്പായി, അഗമ്യവീഥികളെയൊഴിവാക്കുന്ന ചൂണ്ടുപലകയായി, അനാശ്യാസ്യതയൊഴിവാക്കാനുതകുന്ന സദാചാരാവലിയായി, പ്രതിസന്ധികളിലുണരുന്ന അതീന്ദ്രിയബോധശോഭയായി, എനിക്കുനേരേയുയര്‍ന്ന പാതകശ്രമങ്ങളെ പൊറുക്കാനുള്ള മനശ്ശക്തിദാതാവായി, ഞാന്‍ സ്വയം കൽപ്പിക്കുന്ന വിലയെ നിരന്തരമുയര്‍ത്തുന്ന ആത്മബോധത്തിന്റെ നിത്യസ്രോതസ്സായി അച്ഛനെയോര്‍മ്മകള്‍ എന്നും എന്നോടൊപ്പം സഞ്ചരിക്കുന്നു. അച്ഛനില്‍ നിന്നും ഈശ്വരനിലേക്കുള്ള ദൂരം എനിക്കു വളരെ ചെറുതായതിനാല്‍ അച്ഛന്റെ ദേഹവിയോയം ഒരു വേര്‍പാടായി തോന്നിയിട്ടുമില്ല- ഈശ്വര സാന്നിധ്യവും ഞാന്‍ കൈകൊണ്ട് തൊട്ടല്ലല്ലോ അറിഞ്ഞത്.
Monday, March 13, 2006
മഹാകാവ്യരചനാമഹാമഹം
ഒരു മഹാകാവ്യമാകാന്‍ എറ്റവും കുറഞ്ഞത് താഴെപ്പറയുന്ന വിഷയങ്ങളുടെ വര്‍ണ്ണനകളാണ് വേണ്ടത്.
നഗരം
സാഗരം
പര്‍വ്വതം
സൂര്യോദയം
ചന്ദ്രോദയം
ഋതു ( വെവ്വേറേ ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം)
ഉദ്യാനവിഹാരം
വനവിഹാരം
ജലക്രീഡ
മദ്യപാനം
സുരതം
വിവാഹം
വിപ്രലംഭം
പുത്രലാഭം
രാജ്യരക്ഷാമന്ത്രം
ദൂത്
ജൈത്രയാത്ര
യുദ്ധം
പുരഞ്ജയം
(അശ്ലീലം, വയലന്‍സ്, കോപ്പിറൈറ്റാദി നിയമലംഘനം എന്നിവ സെന്‍സര്‍ബോര്‍ഡ് നിരോധിച്ചിരിക്കുന്നു)
ഇതിലേതെങ്കിലും വര്‍ണ്ണിക്കുന്ന ഫോട്ടങ്ങള്‍ പ്രസിദ്ധീകരിക്കാവുന്നവ (അതായത് പ്രൈവസി വേണ്ടാത്തകാര്യങ്ങള്‍ മാത്രം- അവനവന്‍റെയും വീട്ടുകാരുടെയും പടം, കൊച്ചുങ്ങള്‍, ആപ്പീസ്, വീട്ടിലെ സേഫ്, ക്രെഡിറ്റ് കാര്‍ഡ് നമ്പ്ര ആദിയായവ ഒഴിവാക്കി)അയച്ചു തരിക, മിനിമം ഓരോ എന്‍റ്രി എല്ലാത്തിലുമാകുമ്പോ നമുക്ക് ഈ പോസ്റ്റ് എഡിറ്റ് ചെയ്തു ഇവിടെത്തന്നെ ഇടാമല്ലോ.
എന്തു പറയുന്നു കൂട്ടുകാരേ? ഏഡിയ കൊള്ളാമോ അതോ എനിക്കും പനി മൂത്ത് പ്രാന്തായിട്ടു ഓരോന്നു തോന്നുന്നതാണോ?
Sunday, March 12, 2006
Sunday, January 29, 2006
ജനുവരിയിലെ ബ്ലോഗുകള്‍ (തുടര്‍ച്ച)
പ്രത്യേകതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചില പുതിയ ബ്ലോഗുകള്‍:
സമൂഹജീവിയെന്ന നിലയില്‍ നേരിടുന്ന അസ്യാസ്ഥങ്ങളെ കുറിച്ചുള്ള സാധാരണ പരിവേദനങ്ങളാണു് മരീചിക എന്ന ബ്ലോഗില്‍. ഈ സാധാരണത്വമാണു ഈ ബ്ലോഗിനെ പ്രത്യേകതയുള്ളതാക്കുന്നതും. ലേഖകന്റെ നാമം ബ്ലോഗിലെ യൂസര്‍നെയിമില്‍ നിന്നു് ഊഹിക്കാന്‍ കഴിഞ്ഞില്ല (അത് തികച്ചും സാധാരണമായ ഒരു കാര്യവുമാണു്) എങ്കിലും അദ്ദേഹം സിനിമയെന്ന മാധ്യമത്തെ അവലോകനം ചെയ്തുകൊണ്ടു് എഴുതുന്നു:
സാഹചര്യങ്ങളല്ല സ്വര്‍ത്ഥയാണ് യതാര്‍ത്ഥ പ്രതിയെന്ന മറക്കാന്‍ ശ്രമിക്കുന്ന സത്യം സിനിമ ആസ്വദിക്കാന്‍ വേണ്ടി തിയേറ്ററില്‍ വരുന്ന ഞങ്ങളെ ഒാര്‍മ്മിപ്പിക്കുന്നതൊക്കെ മോശമല്ലെ? നമുക്ക് ബണ്‌ടി ഓര്‍ ബബ്‌ലിയും, സലാം നമസ്തേയും ഒക്കെ മതി. രാജ് കിരണെ പോലെയുള്ള നടന്മാരെ നമുക്ക് സൌകര്യപൂര്‍വ്വം മറന്ന് നമുക്ക് സൈഫ് അലി ഖാന്മാരെ ആദരിക്കാം.അടുത്തത് കുറേകൂടി രസകരമായ ബ്ലോഗാണു്. ഇവിടെയും ലേഖകന്റെ പേര് ഊഹിക്കുക എന്ന പരിപാടി ഞാന്‍ റദ്ദാക്കി. ആമുഖത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഈയടത്തു വായിച്ചതില്‍ ഏറ്റവും വ്യത്യസ്തതയുള്ള ബ്ലോഗാണു് http://marapatti.blogspot.com/
എന്റെ പുണ്യാളച്ചോ എന്നു കുറിക്കുകൊള്ളുന്ന തലക്കെട്ടുള്ള ലേഖനത്തില്‍ നിന്നു്:
എറണാകുളത്തു നിന്നും കളമശ്ശേരി ഭാഗത്തേക്കു പോകുമ്പോള്‍ കലൂരും ഇടപ്പള്ളിയിലും രണ്ടു പള്ളികളുണ്ട്. കലൂരുള്ളത് സെബസ്ത്യാനോസ് പുണ്യാളന്റേയും, ഇടപ്പള്ളിയില്‍ ഉള്ളതു ഗീവര്‍ഗ്ഗിസ് പുണ്യാളന്റേയും. ഭക്തരുടെ എണ്ണത്തില്‍ രണ്ടു പേരും അത്ര മോശമല്ല.രസകരങ്ങളായ nickname/username മലയാളികളുടെ ഇന്റര്‍നെറ്റ് ലോകത്ത് സര്‍വ്വസാധാരണമാണു്. ഈയടുത്ത കാലത്തു സമയക്കുറവുമൂലം എഴുതാതെയിരിക്കുന്നുവെങ്കിലും ഒരേ സമയം രസകരവും കാര്യഗൌരവമേറിയതുമായ ലേഖനങ്ങള്‍ ‘പാപ്പാന്‍’ എന്ന പേരില്‍ എഴുതിയിരുന്ന മലയാളം ബ്ലോഗറെ ഇപ്പോഴും മിക്കവരും ഓര്‍ക്കുന്നുണ്ടാവണം. ‘നക്സല്‍വാസു’ അതേ ഗണത്തില്‍ പെടുത്താവുന്ന മറ്റൊരു മലയാളം ബ്ലോഗറാണു്. “നക്സലിസം ബൂലോഗത്തില്‍” എന്ന നയം വ്യക്തമാക്കുന്ന പോസ്റ്റില്‍ വാസു ഇപ്രകാരം എഴുതുന്നു:
കഴുത്തറുപ്പന്‍ തൊഴിലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും പാവപ്പെട്ട മുതലാളിമാരെ രക്ഷിക്കുവാന്‍ ഇതാ ഞങ്ങള്‍ വരുന്നു. സംഘടിക്കുവിന്‍ മുതലാളിമാരെ! നഷ്ടപ്പെടാന്‍ ഒന്നുമില്ല നമുക്ക്, കുറെ കൈമടക്കുകളല്ലാതെ! ശ്ശെ! തെറ്റിപ്പോയി! ഓ പോട്ട്! അല്ലെങ്കിലും ഇതും ശരി തന്ന്! അല്ലടെ അപ്പി! നിങ്ങളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ...!കവിതയില്‍ തുടങ്ങി, ഓര്‍മ്മക്കുറിപ്പുകളിലൂടെ, ജീവിത നിരീക്ഷണങ്ങളിലേക്ക് തൂലിക ചലിപ്പിക്കുന്നതു “ശനിയന്‍” എന്ന തൂലികനാമത്തില്‍ എഴുതുന്ന മറ്റൊരു മലയാളം ബ്ലോഗറാണു്. അദ്ദേഹത്തിന്റെ കവിത തുളുമ്പുന്ന വരികളില്‍ നിന്നു്:
വെറുതേയിരുന്നു ചിരിക്കുന്ന രാത്രി..മലയാളം ബ്ലോഗുകളില്‍ പുതുമകള്‍ കാഴ്ച വയ്ക്കുന്നവരാണു് മേല്‍പ്പറഞ്ഞ എഴുത്തുകാരെല്ലാം തന്നെ. സത്യത്തില്‍ മലയാളം ബ്ലോഗുകളിലൂടെ ഒന്നു സഞ്ചരിച്ചാല്‍ പെട്ടെന്നു മനസിലാവുന്ന ഒരു വസ്തുതയുണ്ടു്, ഒരു എഴുത്തുകാരനെയും ഒരു പ്രത്യേക വിഭാഗത്തില്‍ തളച്ചിടുവാന്‍ കഴിയില്ലെന്നു്. അവരുടെ ചിന്താമണ്ഡലങ്ങള്‍ മാറിയും മറഞ്ഞും കാണപ്പെടുന്നു, ഒരേ സമയം ആര്‍ദ്രമായും തീഷ്ണമായും അവരുടെ വരികള്‍ മലയാളത്തില്‍ പിറന്നുവീഴുന്നു. തോഴരെ, നിങ്ങള്‍ക്ക് സര്‍വ്വമംഗളങ്ങളും നേരുന്നു.
ഉറക്കമൊഴിക്കുന്ന വഴിവിളക്കുകള്‍..
ഞാനിവിടെ എന്താണു ചെയ്യുന്നത്?
ഞാന്‍ എവിടേക്കാണു പോവുന്നത്?
ലക്ഷ്യമില്ലാത്ത എന്റെ മനോരഥത്തിന്റെ
ചക്രമുരുളുന്ന വഴിനോക്കി നില്‍ക്കുന്നതാരാണ്?
എന്തിനാണു ഞാനിവിടെ വന്നത്?
Wednesday, January 25, 2006
ജനുവരിയിലെ ബ്ലോഗുകള്‍
അക്ഷരശ്ലോകം ഗ്രൂപ്പില്‍ നിന്നുള്ള രാജേഷ് വര്‍മ്മ, ജനുവരി 6 മുതല്‍ മലയാളത്തില്‍ ബ്ലോഗെഴുതി തുടങ്ങിയിരിക്കുന്നു. രാജേഷിന്റെ തന്നെ കഥകള്‍ സ്വയംപ്രകാശനം ചെയ്യുന്നതിനുംകൂടിയുള്ള ഒരു വേദിയാണു നെല്ലിക്ക എന്ന ബ്ലോഗ്.
മൈക്രൊസോഫ്റ്റിനു വേണ്ടി ജോലി ചെയ്യുന്ന സന്തോഷ് പിള്ള, ശേഷം ചിന്ത്യം എന്ന പേരില്‍ മലയാളത്തിലൊരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു. സന്തോഷ് എഴുതുന്നു:
മറ്റേമ്മയുടെ ചെരുവെ ചുരുണ്ടുകൂടിയിരുന്ന്, ഭീതിയോടെ, പരമുവാശാന്‍റെ വിറയ്ക്കുന്ന കൈകളിലേയ്ക്കും ജപിക്കുന്ന ചുണ്ടിലേയ്ക്കും നോക്കിയിരിക്കുമായിരുന്ന നാള്‍ മുതലേ ശേഷം ചിന്ത്യം എന്ന അവസാനവാക്കുകള്‍ ഭീതിയുടേയും ഉത്കണ്ഠയുടേയും അനിശ്ചിതത്വത്തിന്‍റേയും പര്യായമായി മനസ്സിലുറച്ചിരുന്നു. പറഞ്ഞാലും എഴുതിയാലും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങള്‍ക്ക് ഇപ്പോഴും ശേഷം ചിന്ത്യം എന്നാണ് പേര്.
സ്വന്തം അനുഭവങ്ങളിലെ ചൂടും ചൂരും ഒപ്പിയെടുത്തുകൊണ്ട് സൂഫി തുടര്‍ക്കഥയെഴുതുന്നു. മലയാളസാഹിത്യത്തിനു ബ്ലോഗുകള്‍ക്ക് (ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിനു പൊതുവായും) നല്‍കാവുന്ന സൌഭാഗ്യങ്ങളാവും ഇത്തരം സാഹിതീയങ്ങള്‍. ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാവുന്ന സൂഫിയുടെ വരികളില്‍ നിന്നു്:
ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു.
"ന്റെ ശുന്നത്ത് കല്യാണാ".
"കണ്ടില്ലേ ചെറുക്കനു പേടിയില്ല". കാര്‍ന്നോന്മാര്‍ ചിരിച്ചു.
എന്തിനാണ് പേടിക്കുന്നതെന്നു സിറാജിനു ഒരു എത്തും പിടിയും കിട്ടിയില്ല.
വെബ്‌ലോകം പോര്‍ട്ടലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ ബെന്നി മിക്കവര്‍ക്കും പരിചിതനായിരിക്കും. തനതായ സാഹിത്യവിചാരങ്ങള്‍ പങ്കുവച്ചുകൊണ്ടു്; നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുകയും, ലഘുവായ ഭാഷയില്‍ ആകര്‍ഷകങ്ങളായ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന ബെന്നി മലയാളം വായനക്കാര്‍ക്ക് വായനയുടെ പുതിയ ലോകം തുറന്നുകൊടുക്കുന്നു. ശുദ്ധഹാസ്യത്തിന്റെ മേമ്പൊടിയോടെ ബെന്നി മലയാളത്തിലെ ആധുനിക കവികളെ പരിഹസിക്കുന്നു:
സമയോചിതം പിള്ളയെയും സഹായികളെയും, പിന്നെ എന്റെ സമകാലിക കവികളെയും മനസ്സില്‍ ധ്യാനിച്ച് ഞാനും ഒരു പുതുക്കവിത എഴുതട്ടെ.
ദ് ന്തൂട്ട്‌ണ് കാട്ട്‌ണെ നീ ക്ടാവെ,*
ഒറ്റവലിക്കിങ്ങ്‌നെ മോന്തണ്ടറ ചെക്കാ,
വാളങ്ങ്‌ട് വെച്ചാ കിഴി കിട്ടൂട്ടാ,
ഡാക്കില് ഞാന്‍ എറങ്ങ്യാ നീ പോക്കാട്ടാ!
(സ്ഥലം തൃശ്ശൂര്‍ അരിയങ്ങാടിക്കടുത്തുള്ള ബാര്‍. ശേഷിയില്ലാത്ത ഫാസ്റ്റ് ഡ്രിങ്കറെ, നേരാംവണ്ണം കുടിപ്പിക്കാന്‍ പരിചയ സമ്പന്നനായൊരു കുടിയന്‍ ശ്രമിക്കുന്നതാണ് രംഗം.)
സമകാലികം മലയാളം ബ്ലോഗുകളിലേക്കൊരു വഴികാട്ടിയായി നിലകൊള്ളുവാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ ബ്ലോഗുവിശേഷങ്ങള്‍ ഇനിയും ഇവിടെ നിന്നു പ്രതീക്ഷിക്കാം.
Sunday, January 22, 2006
ദേശാഭിമാനി വാരിക
Tuesday, January 10, 2006
കേരളപാഠാവലി പത്താംതരം
ഒരു കാര്യത്തില്‍ സന്തോഷം തോന്നുന്നു, കവിതകളും കഥകളും പാഠ്യവിഷയമാക്കാതെ അവയെ കുറിച്ചുള്ള പഠനങ്ങള്‍ പാഠ്യവിഷയമാക്കുന്ന രീതി നന്നായിരിക്കുന്നു. ഈ പഠനങ്ങളില്‍ പ്രതിപാദനം ചെയ്യപ്പെടുന്ന കൃതികളിലേക്ക് തിരികെ ചെല്ലേണ്ടത് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ആവശ്യവുമായി തീരുന്നു. വായനയുടെ ലോകം വളരുന്നുണ്ടാവണം.
(അങ്ങിനെയെങ്കില്‍ മലയാളം വിക്കിപീടിയ ഇറങ്ങിചെല്ലേണ്ടത് ഹൈസ്കൂള്‍ ക്ലാസുകളിലേക്കാണു് - ആര്യന്‍ ഇന്‍വേഷന്‍ തിയറിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവരും, ഇംഗ്ലീഷ് ഗദ്യം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നവരുമായ സ്കൂള്‍ വിദ്യാര്‍ഥികളുള്ളപ്പോള്‍ വിക്കിപീടിയ മത്സരം കോളേജ് വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാവരുത്.)
എനിക്കുള്ള സംശയങ്ങള്‍:
ഇപ്രകാരം പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികളുള്ള സമൂഹത്തില്‍ ആരാണു് “മലയാളം മരിക്കുന്നുവെന്നു്” വിലപിച്ചത്? അതോ പഠിച്ച കാര്യങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ കവാടത്തില്‍ ഉപേക്ഷിച്ച് അവരവരുടെ വീടുകളിലെ സ്വീകരണമുറിയില്‍ കാണുന്ന ടിവിയുടെ മുന്നിലേക്ക് നടന്നുവോ?
Monday, January 09, 2006
പേരിന്റെ വ്യവസായം
ആദ്യം തന്നെ പറയട്ടെ, മലയാള നോവല്‍ ചരിത്രത്തിന്റെ ദിശ തന്നെ മാറ്റിയ ഇതിഹാസ തുല്യമായ ഒരു നാമം മദ്യത്തിനുപയോഗിക്കുന്നതില്‍ ഉള്ള ധാര്‍മിക രോഷമോ, അതു ചെയ്യാന്‍ മലയാളിയേ പ്രേരിപ്പിക്കുന്ന സാംസ്‌കാരിക മൂല്യച്യുതിയോ ചൂണ്ടിക്കാണിക്കാന്‍ അല്ല ഞാന്‍ ഈ news item പോസ്റ്റ് ചെയ്തത്. Market economy-യുടെ കൂടപ്പിറപ്പായ കഴുത്തറപ്പന്‍ marketing തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ധാര്‍മിക രോഷവും മൂല്യച്യുതിയും പോലുള്ള വികാരങ്ങള്‍ക്കുള്ള അപ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ, ഈ മത്‌സരത്തില്‍ നമ്മള്‍ എങ്ങിനെയാണ് "അതിവേഗം ബഹുദൂരം" പുറകോട്ട് പോകുന്നത് എന്ന് അവലോകനം ചെയ്യാനുള്ള ഒരു ശ്രമമാണ് എന്റേത്.
ഭാഗ്യമോ, നിര്‍ഭാഗ്യമോ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ ആയി നമ്മുടെ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും tourism എന്ന ഒരൊറ്റ വ്യവസായത്തിലൂടെയാണ് ലഭിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന സ്ലോഗന്‍ പ്രചരിപ്പിക്കുന്നതിലും ലോകത്തിലെ 50 മികച്ച tourist destinations-ഇല്‍ ഒന്നായി കേരളത്തെ മാറ്റുന്നതിലും ഒരു പരിധി വരെ നമ്മുടെ സര്‍ക്കാരുകളും tourism വകുപ്പും വിജയിച്ചിട്ടുണ്ട് എന്നു പറയാതെ വയ്യ. എന്നാല്‍ കുറേ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്നതില്‍ കവിഞ്ഞ് tourism എന്ന മുഖ്യ വ്യവസായത്തോട് അനുബന്ധിപ്പിക്കാവുന്ന മറ്റു products position ചെയ്യുന്നതില്‍ നമ്മള്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട്? ചുളിയുന്ന പുരികങ്ങള്‍ എനിക്ക് ഇപ്പോഴെ കാണാമെങ്കിലും സാഹിത്യവും കലയും ഒക്കെ ഇങ്ങനെ promote ചെയ്യാവുന്ന products ആക്കി മാറ്റേണ്ട ആവശ്യകതയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ഈ ഒരു കാഴ്ച്ചപ്പാടിലാണ് ഖസാക്ക് എന്ന് ഒരു മദ്യത്തെ നാമകരണം ചെയ്യുന്നത് തെറ്റാവുന്നത്. കരിമ്പില്‍ നിന്ന് മദ്യം വാറ്റുന്ന CHICOPS എന്ന ഫാക്‍റ്ററി target ചെയ്യുന്ന market segment-ഇല്‍, ഖസാക്ക് എന്ന പേര് ഒരു ചലനം സൃഷ്ടിക്കും എന്ന് വിശ്വസിക്കാന്‍ വയ്യ. എന്നാല്‍ ഓ.വി. വിജയനേയും, വി.കെ.എന്‍.ഇനേയും പോലുള്ള ലോകനിലവാരത്തിലുള്ളവരുടെ സാഹിത്യം ഫലപ്രദമായി market ചെയ്യാന്‍ നമുക്ക് കഴിഞ്ഞാല്‍, ( penguin പോലുള്ള പ്രസാധകരുടെ book marketing അല്ല, സാഹിത്യകാരുടെ ആശയങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു conceptual marketing ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്)അത് ബിസിനസ്സ് എന്നതിലുപരി നമ്മുടെ നാടിന്റെ അന്തസ്സ് എല്ലാ തരത്തിലും വളര്‍ത്തുന്ന ഒരു move കൂടി ആയിരിക്കും.
മലയാളി മനസ്സില്‍ അമൂര്‍ത്തമായിരിക്കുന്ന ഖസാക്കിന് ഒരു കള്ളുകുപ്പിയുടെ രൂപം വന്നു കഴിഞ്ഞാല്‍, ഒരു പക്ഷേ നമുക്ക് ഇങ്ങിനെ ഒരു അവസരം ഉപയോഗിക്കാന്‍ പറ്റാതിരുന്നേക്കും.